നമ്മള്‍ ഓര്‍മ്മിക്കണം, ആധുനിക ഇന്ത്യ കണ്ട ഏറ്റവും ധാര്‍മ്മികനായ ഹിന്ദുവും, അടിയുറച്ച രാമഭക്തനും ആയിരുന്നു മഹാത്മാഗാന്ധി. അദ്ദേഹത്തെ ക്രൂരമായി ഇല്ലാതാക്കിയവർ ആണ് രാമനെക്കുറിച്ച് അഭിമാനം കൊള്ളുന്നത്!.
“നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു. ഉപ്പിന് അതിന്റെ ഉപ്പുരസം നഷ്ടപെട്ടാല്‍ പിന്നീട് ഒരിക്കലും അത് തിരിച്ചുകിട്ടില്ല. പുറത്തേക്കുഎറിഞ്ഞുകളഞ്ഞിട്ട്,മനുഷ്യരുടെ കാലടികള്‍ക്ക് ചവിട്ടിമെതിക്കാന്‍ അല്ലാതെ മറ്റൊന്നിനും അത് കൊള്ളില്ല”.
വിശുദ്ധബൈബിളിലെ, മത്തായിയുടെ സുവിശേഷം അഞ്ചാം അദ്ധ്യായത്തിലെ ഈ വരികള്‍ അങ്ങേയറ്റം ഹൃദയവേദനയോടെ കുറിച്ച്കൊണ്ടാണ്, 1950 ഏപ്രില്‍ 17ന്,പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു, അന്നത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആയ ഗോവിന്ദവല്ലഭ പന്തിനു നീണ്ട കത്തെഴുതിയത്. അന്ന്, ഇന്ത്യ ഒരു പരമാധികാര ജനായത്ത റിപബ്ലിക് ആയിട്ടു മൂന്നു മാസം കഴിഞ്ഞിരുന്നില്ല. കത്തിലെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ ആയിരുന്നു, “എന്നില്‍ നിന്നും അന്യവല്‍ക്കരിക്കപ്പെട്ട നാടായി ഉത്തര്‍പ്രദേശ് മാറിയിരിക്കുന്നു.കഴിഞ്ഞ 35 വര്‍ഷമായി എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന യുപിയിലെ കോണ്‍ഗ്രസ്സ് എന്നെ അന്ധാളിപ്പിക്കുന്നു”.
1949 ഡിസംബര്‍ 22 നു അര്‍ദ്ധരാത്രി അയോധ്യയിലെ ബാബറി മസ്ജിദിനു ഉള്ളില്‍ രാമവിഗ്രഹങ്ങള്‍ ‘പ്രത്യക്ഷപ്പെട്ട’ സംഭവത്തില്‍ മുഖ്യമന്ത്രി ആയ പന്ത് ഒരു നടപടിയും എടുക്കാത്തതില്‍ വേദനിച്ചുകൊണ്ടായിരുന്നു നെഹ്‌റു ഈ കത്ത് എഴുതിയത്. അതിന് തൊട്ടുമുന്‍പാണ് അഖിലഭാരതീയ രാമായണസഭ, ആ പള്ളിക്ക് മുന്നില്‍ 9 ദിവസം തുടര്‍ച്ചായി രാമചരിതമാനസം ചൊല്ലിയത്.ഗോരഖ്നാഥ് മഠത്തിലെ മുഖ്യപൂജാരിയും ഹിന്ദു മഹാസഭ നേതാവുമായിരുന്ന മഹന്ത് ദിഗ്വിജയനാഥ് ആയിരുന്നു മുഖ്യസംഘാടകന്‍. ഗാന്ധിജിയുടെ വധവുമായി ബന്ധപ്പെട്ടു പ്രകോപനമായ പ്രസംഗം നടത്തിയതിന്റെ പേരില്‍ അറസ്റ്റില്‍ ആയിരുന്ന മഹന്ത് പുറത്തിറങ്ങിയ ഉടന്‍ ആണ് അയോധ്യാ വിഷയത്തിലേക്ക് ഇറങ്ങിച്ചെന്നത്.അതിശക്തമായ നടപടികള്‍ എടുക്കാന്‍ ആവശ്യപ്പെട്ട നെഹ്രുവിനെ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിലെ അധികാരസ്വരൂപമായിരുന്ന ഗോവിന്ദവല്ലഭ പന്ത് പൂര്‍ണ്ണമായും അവഗണിച്ചു. ആയുധം നഷ്ടപ്പെട്ട നിസ്സഹായനായ അവസ്ഥയിലാണ് അദ്ദേഹം വികാരനിര്‍ഭരമായ ആ കത്ത് പന്തിനു എഴുതിയത്. പക്ഷെ, ഒന്നും സംഭവിച്ചില്ല. യുപികോണ്‍ഗ്രസിന്റെ മൂല്യബോധം ഒരുകാലത്തും ഗാന്ധിജിയുടെയും, നെഹ്രുവിന്റെതും ആയിരുന്നില്ല. മറിച്ച്, മദന്‍ മോഹന്‍ മാളവിയയും, പുരുഷോത്തം ദാസ് ഠണ്ടനും, സമ്പൂര്‍ണ്ണാനന്ദും, ബാബാ രാഘവദാസും ഒക്കെചേര്‍ന്ന് നയിച്ച മൃദുഹിന്ദു വഴിത്താരകള്‍ ആയിരുന്നു അവര്‍ക്ക് നെഹ്രുവിയന്‍ ആധുനികമതേതര ലോകബോധത്തെക്കാള്‍ ഏറെ പ്രിയതരം.
ആ കത്തെഴുതി എഴുപതു കൊല്ലം കഴിഞ്ഞു. ഒടുവില്‍, ഇന്ന്, അതേ ഗോരഖ്നാഥ് മഠത്തിലെ മഹന്ത് ആയിരുന്ന ആദിത്യനാഥ്, യുപി മുഖ്യമന്ത്രി ആയി.തന്റെ പൂര്‍വികന്‍ കൊളുത്തിവച്ച തീപ്പൊരി, ഇന്ത്യ ഒട്ടാകെ അലയടിച്ച തീനാളമായി മാറി,
മതനിരപേക്ഷത എന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ അന്തസത്തയായിരിക്കണം എന്നും, അത് സമുദ്രജലത്തിലെ ഉപ്പു പോലെ ഓരോ കോണ്‍ഗ്രസ്സ് പ്രവർത്തകനിലും അന്തര്‍ലീനമായിരിക്കണം എന്നുമുള്ള നിര്‍ബന്ധമായിരുന്നു നെഹ്രുവിനെക്കൊണ്ട് ആ കത്ത് എഴുതിപ്പിച്ചത്. മതനിരപേക്ഷതയുടെ, ബഹുസ്വരതയുടെ, ഉദാത്തമായ ജനാധിപത്യമൂല്യങ്ങളുടെ, ഉപ്പ് രസം നഷ്ടപ്പെട്ടാല്‍ കോണ്‍ഗ്രസ്സ്, അതിന്റെ അസ്ഥിത്വം നഷ്ടപ്പെട്ടു പതുക്കെ ജനമനസ്സില്‍ നിന്നും വലിച്ചെറിയപ്പെടും എന്ന് തന്നെയാണ് മത്തായിയുടെ സുവിശേഷത്തിലൂടെ ദീര്‍ഘദര്ശിയായ പണ്ഡിറ്റ് ജി അന്നത്തെ മുതിര്‍ന്ന നേതാക്കളോട് പറയാന്‍ ശ്രമിച്ചത്.
ആ കത്തെഴുതി എഴുപതു കൊല്ലം കഴിഞ്ഞു. ഒടുവില്‍, ഇന്ന്, അതേ ഗോരഖ്നാഥ് മഠത്തിലെ മഹന്ത് ആയിരുന്ന ആദിത്യനാഥ്, യുപി മുഖ്യമന്ത്രി ആയി.തന്റെ പൂര്‍വികന്‍ കൊളുത്തിവച്ച തീപ്പൊരി, ഇന്ത്യ ഒട്ടാകെ അലയടിച്ച തീനാളമായി മാറി, ഒടുവില്‍ തങ്ങളുടെ ആഗ്രഹം പോലെ ആ ഭൂമിയില്‍ തന്നെ രാമക്ഷേത്രത്തിനു ശിലാസ്ഥാപനം ചെയ്യുമ്പോള്‍, രാമന്റെ പേരില്‍ നടന്ന ഭഗല്‍പൂര്‍ അടക്കമുള്ള നിരവധി കലാപങ്ങളുടെയും, ജീവന്‍ നഷ്ടപ്പെട്ട നിരവധി സാധുക്കളായ ഹിന്ദുക്കളുടെയും, മുസ്ലിങ്ങളുടെയും ചരിത്രം കൂടി പറഞ്ഞു കൊണ്ട് അല്ലാതെ കോണ്‍ഗ്രസ്സ് ആശംസകളും, പരിഭവങ്ങളും നിരത്തി അതിനോട് ചേര്‍ന്ന് നില്‍ക്കുന്നത് രാഷ്ട്രീയമായി എത്രമാത്രം നീതിയുക്തമാണ്? രാമന്‍ എല്ലാവരുടെതുമാണ് എന്ന് പറയുമ്പോഴും, ആരാണ് മഹാത്മാ ഗാന്ധിയുടെ രാമനെ അസ്ത്രായുധനായ സംഹാരമൂര്‍ത്തിയാക്കി മാറ്റി ഇന്ത്യയെ വൈകാരികമായി വിഭജിച്ചത് എന്ന് പറയേണ്ട ചരിത്രബാധ്യത കൂടി പ്രിയങ്കാ ഗാന്ധി മുതല്‍ കമല്‍നാഥ് വരെയുള്ള നേതാക്കന്‍മാര്‍ക്ക് ഉണ്ട്. ഇനി, സംഘപരിവാര്‍ രാമനെ വൈകാരികമായി ഉപയോഗിക്കും എന്ന ന്യായം ആണെങ്കില്‍, അത് ഇന്നോ ഇന്നലെയോ തുടങ്ങിയതാണോ? വൈകാരികമായി ധ്രുവീകരിക്കപ്പെട്ട ഹിന്ദുക്കള്‍ അവരുടെ ‘ഹൃദയസാമ്രാട്ടിനെ’ എപ്പോഴേ കണ്ടെത്തിക്കഴിഞ്ഞു. ഒരിക്കലും ആ ഇടം കോണ്‍ഗ്രസ്സിനു കിട്ടില്ല..
എന്നാല്‍ കോൺഗ്രസ്സിന് എല്ലാകാലത്തും സ്വന്തമാക്കാന്‍ കഴിയുന്ന ഒരിടം ഇപ്പോഴും ഗോരഖ്പുരിലും, ഫൈസാബാദിലും, സുല്‍ത്താന്‍പൂരിലും, മിര്സാപൂരിലും, സീതാപൂരിലും, വാരാണസിയിലും മാത്രമല്ല, ഇങ്ങു ദൂരെ, ചമ്പാരനിലും,മധുബനിയിലും, ഭഗല്പൂരിലും ഒക്കെയുണ്ട്.അത്, ഇന്ത്യയിലെ വന്‍കിടനഗരങ്ങളിലും നിന്നും കാല്‍നടയായി പലായനം ചെയ്തതിന്റെ ഓര്‍മകള്‍ വേദനയോടെ നെഞ്ഞിലേറ്റുന്ന കുടിയേറ്റ തൊഴിലാളികളുടെ മനസ്സാണ്. ഒരിക്കല്‍ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ തന്നെ നടപ്പിലാക്കിയ NREGA മാത്രമാണ് ഇന്ന് അവരുടെ ആശ്വാസം. അവര്‍ ഇന്ന് പഴയ രാഷ്ട്രീയബോധമില്ലാത്ത തൊഴിലാളികള്‍ അല്ല, മറിച്ച്, മുറിവേല്‍ക്കപ്പെട്ട സംഘടിതമനസ്സാണ്.അവര്‍ക്കറിയാം, തൊഴിലും, ജീവനും, സുരക്ഷയും ആണ് മറ്റെല്ലാറ്റിനെക്കാളും ആവശ്യം എന്ന്. ലക്ഷക്കണക്കിനു വരുന്ന തൊഴിലാളികളുടെ ആ തിരിച്ചറിവിനെ എത്രയും പെട്ടെന്ന് സംഘടിതരാഷ്ട്രീയശക്തിയാക്കി മാറ്റാന്‍ ആണ് പ്രിയങ്കാഗാന്ധിയും കൊണ്ഗ്രസ്സും ശ്രമിക്കേണ്ടത്. തിരികെ വരാന്‍ എന്തെങ്കിലും വിദൂര സാധ്യത കോണ്‍ഗ്രസ്സിനു ഇന്നുണ്ടെങ്കില്‍ അതിനു ഈ ഒരു വഴിയാണ് അഭികാമ്യം. അല്ലാതെ മൃദുഹിന്ദുത്വത്തിന്റെ വഴിയല്ല. ഗാന്ധിയുടെ രാമൻ അവരുടെ കൂടെയാണ്.
നമ്മള്‍ ഓര്‍മ്മിക്കണം, ആധുനിക ഇന്ത്യ കണ്ട ഏറ്റവും ധാര്‍മ്മികനായ ഹിന്ദുവും, അടിയുറച്ച രാമഭക്തനും ആയിരുന്നു മഹാത്മാഗാന്ധി. അദ്ദേഹത്തെ ക്രൂരമായി ഇല്ലാതാക്കിയവർ ആണ് രാമനെക്കുറിച്ച് അഭിമാനം കൊള്ളുന്നത്!
അതുകൊണ്ട്, നെഹ്രുവിനെ ഓര്‍മിച്ചുകൊണ്ട് വേദനയോടെ കോണ്‍ഗ്രസ്സിനോട് പറയട്ടെ, മതനിരപേക്ഷതയുടെ ഇത്തിരി ഉപ്പ് രസമെങ്കിലും നിലനിര്‍ത്തൂ..