കാടടച്ച് വെടിവെക്കുന്ന ശ്രീനിവാസന്‍മാര്‍ സ്വാതന്ത്ര്യസമര കാലത്തും ഉണ്ടായിരുന്നുവെന്ന് മറക്കരുത്: അശോകന്‍ ചരുവില്‍
രാഷ്ട്രീയവും ശ്രീനിവാസനും
എനിക്ക് ഏറ്റവും പ്രിയപ്പെട്ട ചലച്ചിത്രപ്രവർത്തകനാണ് ശ്രീനിവാസൻ. സമൂഹത്തെ തനിക്കു മാത്രം കഴിയുന്ന രീതിയിൽ സസൂക്ഷ്മം വീക്ഷിച്ചുകൊണ്ട് തൻ്റെ മാധ്യമത്തിലൂടെ അദ്ദേഹം നടത്തുന്ന സാമൂഹ്യവിമർശനങ്ങൾ കേരളീയ ജീവിതത്തിനും അതിൻ്റെ പുരോഗതിക്കും വലിയ മുതൽക്കൂട്ടാണ്.
പക്ഷേ സമൂഹത്തിൽ കൊടികുത്തി വാഴുന്ന അഴിമതി, സ്വജനപക്ഷപാതം, രാഷ്ട്രീയ നേതൃത്തങ്ങളുടെ സ്വാർത്ഥത എന്നിവയോടുള്ള എതിർപ്പ് വഴിതെറ്റി അദ്ദേഹം "അരാഷ്ട്രീയം" എന്ന രോഗാവസ്ഥയിലേക്കാണ് എത്തിയിരിക്കുന്നത് എന്നു തോന്നുന്നു. ഈയിടെ മാതൃഭൂമി ലിറ്ററേച്ചർ ഫെസ്റ്റിവെലിൽ സംവിധായകൻ സത്യൻ അന്തിക്കാടുമായി നടത്തിയ സംവാദത്തിൽ അദ്ദേഹം ഉന്നയിച്ച നിഗമനങ്ങൾ അതു സൂചിപ്പിക്കുന്നുണ്ട്. സിനിക്കുകൾക്ക് സ്വഭാവികമായി സംഭവിക്കാവുന്ന സംഗതിയാണിത്. നിലവിലുള്ള രാഷ്ട്രീയ നേതൃത്തങ്ങളുടെ അപചയത്തിനുള്ള പ്രതിവിധി അരാഷ്ട്രീയം ആണെന്ന് അദ്ദേഹം കരുതുന്നുണ്ടെങ്കിൽ അതു മഹാ അബദ്ധമാണ്. ഒന്നും ശരിയല്ല; ശരി എന്ന സംഗതിയേയില്ല; എല്ലാവരും കള്ളന്മാരാണ് എന്നു സ്ഥാപിക്കുക വഴി രക്ഷപ്പെടുന്നത് യഥാർത്ഥ കള്ളന്മാരാണ്.
"തൂണുപോലും കൈക്കൂലി വാങ്ങുന്ന"തായി കരുതപ്പെടുന്ന ഒരു സർക്കാർ വകുപ്പിൽ കാൽനൂറ്റാണ്ട് ജോലി ചെയ്ത ഒരാളാണ് ഞാൻ. അവിടത്തെ ഗുമസ്തന്മാർ തങ്ങളുടെ നടപടികളെ ന്യായീകരിക്കാൻ ആത്മഗതം പോലെ പറഞ്ഞിരുന്നത് അഴിമതിക്കാരല്ലാത്തവർ ആരുമില്ല എന്നാണ്. "ശർക്കരക്കുടത്തിൽ കയ്യിട്ടാൽ നക്കാത്തവർ ആരുണ്ട്?" എന്നും ചോദിക്കും. കേൾക്കുന്ന പൊതുജനവും അതു ശരിവെക്കും. പക്ഷേ കൈക്കൂലിയിൽ പങ്കുപറ്റാത്തതിൻ്റെ പേരിൽ ഏകാന്തഭീകരജീവിതം അനുഭവിച്ചിരുന്ന ഞങ്ങൾ ചുരുക്കം വരുന്ന ഹതഭാഗ്യർക്ക് അത് കേൾക്കുമ്പോൾ വലിയ വേദന തോന്നിയിരുന്നു. ' ("പുല്ലുകൂട്ടിലെ പട്ടി" എന്നാണ് ഞങ്ങൾ അവിടെ വിശേഷിപ്പിക്കപ്പെട്ടിരുന്നത്.) എല്ലാ രാഷ്ട്രീയകക്ഷികളും എല്ലാ രാഷ്ട്രീയപ്രവർത്തകരും അഴിമതിക്കാരും കട്ടുമുടിക്കുന്നവരുമാണ് എന്ന് ആദരണീയനായ ഒരു സാംസ്‌കാരിക പ്രതിഭ പ്രഖ്യാപിക്കുമ്പോൾ ആ രംഗത്തെ നിസ്വാർത്ഥരും ത്യാഗികളുമായവർക്ക് ഉണ്ടാവുന്ന ദു:ഖവും ഹൃദയവേദനയും വളരെ വലുതായിരിക്കും. തന്നെയും കുടുംബത്തേയും മറന്നുകൊണ്ട് എത്രയോ മനുഷ്യർ നടത്തിയ പൊതുപ്രവർത്തനം കൊണ്ടാണ് നമ്മൾ ഇവിടെ വരെ എത്തിയത് എന്ന സംഗതി മറന്നു പോകരുത്. അത്തരക്കാർ സ്വാതന്ത്ര്യ സമരകാലത്തു മാത്രമേ ഉണ്ടായിരുന്നുള്ളു എന്നു പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കലാണ്. കാടടച്ച് വെടിവെക്കുന്ന ശ്രീനിവാസൻമാർ സ്വാതന്ത്ര്യസമരത്തിൻ്റെ കാലത്തും ഉണ്ടായിരുന്നു എന്നതും മറക്കരുത്.
പൊതുപ്രവർത്തകർ എം.എൽ.എ.മാരും മന്ത്രിമാരും ആകുമ്പോൾ ശമ്പളവും പെൻഷനും വാങ്ങിക്കുന്നതിനെയാണ് മാതൃഭൂമി ചർച്ചയിൽ ശ്രീനിവാസൻ വിമർശിച്ചത്. രാഷ്ട്രീയപാർട്ടികളിൽ മുഴുവൻ സമയം പ്രവർത്തിക്കുന്നവരിൽ സർക്കാർ ഔദ്യോഗിക സ്ഥാനങ്ങൾ ഇല്ലാത്തവരും ഉണ്ടല്ലാ. അവരും വേതനം പറ്റുന്നുണ്ട് എന്നാണ് എൻ്റെ അറിവ്. അല്ലാതെ വായു ഭക്ഷണമായി ആർക്കും ജീവിക്കാനാവില്ലല്ലോ. അവർക്കുള്ള ശമ്പളം പാർട്ടികൾ സംഭാവന പിരിച്ച് ഫണ്ടുണ്ടാക്കി അതിൽ നിന്നു നൽകുന്നു. ഇടതുപാർട്ടികളിലെ എം.എൽ.എ.മാരും മന്ത്രിമാരും തങ്ങൾക്കു കിട്ടുന്ന ശമ്പളത്തിൻ നിന്നും ജീവിക്കാനുള്ളത് കഴിച്ച് ബാക്കി തുക ഈ പാർടിഫണ്ടിലേക്ക് നൽകുന്നതായിട്ടാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. അങ്ങനെ വരുമ്പോൾ ഔദ്യോഗിക സ്ഥാനമുള്ളവർക്കും ഇല്ലാത്തവർക്കും ഏതാണ്ട് ഒരേ നിരക്കിൽ വേതനം ലഭിക്കുന്നു.
നിയമാനുസൃതമായി ലഭിക്കുന്ന കൂലി വാങ്ങുന്നത് ഒരു കുറ്റമായി കണക്കാക്കുന്നവർ ഫലത്തിൽ കൈക്കൂലി സമ്പ്രദായത്തെ മഹത്വവൽക്കരിക്കുകയാണ് ചെയ്യുന്നത്. സത്യത്തിൽ ന്യായമായ കൂലിക്കുവേണ്ടി മനുഷ്യർ നടത്തുന്ന സമരങ്ങൾ കൈക്കൂലിക്ക് എതിരായിട്ടുള്ള നീക്കമായി കണക്കാക്കണം. സ്ഥാനവും പദവിയും ഉപയോഗിച്ച് അഴിമതിയും വെട്ടിപ്പും കൊള്ളയും നടത്തുന്നവർക്ക് നിയമാനുസൃതമായ കൂലി ഒരു പ്രശ്നമേയല്ല. അതിൻ്റെ കാലാനുസൃതമായ വർദ്ധനവും അവർ ആഗ്രഹിക്കുന്നില്ല. മന്ത്രിമാരുടെ കാര്യത്തിലും ഉദ്യോഗസ്ഥരുടെ കാര്യത്തിലും ഇത് ഒരുപോലെ ബാധകമാണ്. തിരയെണ്ണാൻ ചുമതലയേറ്റ ജോലിക്കാരനേപ്പോലെ ഒരു പൈസപോലും കൂലി വാങ്ങാതെ "സർക്കാർ സേവനം" നടത്താൻ ഇവിടെ ആളുകൾ റെഡിയാണ്.
മന്ത്രിമാരും എം.എൽ.എ.മാരും മറ്റ് രാഷ്ട്രീയപ്രവർത്തകരും വാങ്ങുന്ന വേതനത്തെ വിമർശിക്കുമ്പോൾ രാഷ്ട്രീയ രംഗത്തേക്ക് പുതുതായി കടന്നു വന്നുകൊണ്ടിരിക്കുന്ന ഒരു പ്രത്യേക വിഭാഗത്തെ ശ്രീനിവാസൻ കാണുന്നില്ല എന്നത് ദു:ഖമുണ്ടാക്കുന്നു. രാഷ്ട്രീയ പാർടികളെ വരുതിയിലാക്കി പോക്കറ്റിൽ നിന്നും പണം വാരിയെറിഞ്ഞ് തെരഞ്ഞെടുപ്പു പ്രചരണം നടത്തി എം.പി.മാരും എം.എൽ.എ.മാരും മന്ത്രിമാരുമായി മാറുന്ന കോർപ്പറേറ്റ് കോടീശരൻമാരാണത്. ഇന്ത്യൻ പാർലിമെൻ്റിൻ്റെ വലിയൊരു പങ്ക് അവർ കീഴടക്കി കഴിഞ്ഞു. നേരത്തേ സൂചിപ്പിച്ചതു പോലെ അവർക്കും റെവന്യു സ്റ്റാമ്പിൽ ഒപ്പിട്ടു വാങ്ങുന്ന നക്കാപ്പിച്ച പണം ആവശ്യമില്ല. ശ്രീനിവാസന് വേണമെങ്കിൽ അവരെ നിസ്വാർത്ഥമതികളായ ജനസേവകർ എന്നു വിളിക്കാം.
എന്തിനാണ് അക്കൂട്ടർ പാർലിമെൻ്റിലും അസംബ്ലികളിലും എത്തുന്നത് എന്നത് ഈ ചെറുകുറിപ്പിൽ വിശദീകരിക്കുന്നില്ല. എന്തായാലും ശ്രീനിവാസൻ്റെ "അരാഷ്ട്രീയം" അവരെയാണ് സഹായിക്കുന്നത്.