എന്തായിരിക്കും നമ്മളിൽ പലരും കടുത്ത അർജൻ്റീനൻ ആരാധകരായി തീർന്നത് ? തങ്ങളുടെ നാട്ടിൽ കളിക്കാൻ വന്ന ബ്രസീൽ താരങ്ങളെ വംശീയമായി അധിക്ഷേപിച്ച ഒരു ചരിത്രം പോലുമുണ്ട് അർജൻ്റീനയുടെ പോയ കാലങ്ങളിൽ !
എന്നിട്ടും അർജൻ്റീന നമ്മുടെ ഫുട്‌ബോള്‍ ഭ്രമങ്ങളിൽ ലഹരി നിറച്ചതെന്തുകൊണ്ടായിരിക്കും ? അതിന് പ്രധാന കാരണം 1986 ലെ ലോകകപ്പും മറഡോണ എന്ന ഇതിഹാസ താരവും തന്നെയാണ് എന്നാണ് തോന്നുന്നത് . 86 ലെ ജയം അർജൻ്റീനക്ക് വെറും ഒരു ലോകകപ്പ് വിജയം മാത്രമായിരുന്നില്ലല്ലോ .
പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ തന്നെ സ്പെയിനിൽ നിന്നും സ്വാതന്ത്ര്യം നേടുന്നുണ്ട് എങ്കിലും നിരവധി രാഷ്ട്രീയ അട്ടിമറികൾക്ക് വേദിയാകുന്നുണ്ട് അർജൻ്റീന. പോസ്റ്റ് വേൾഡ് വാർ കാലത്ത് അത് കുറേകൂടി രൂക്ഷമാകുന്നുണ്ട് . സോഷ്യലിസ്റ്റ് ഭരണകൂടത്തെ അട്ടിമറിച്ചാണ് സൈനിക തലവനും വലതുപക്ഷ ഏകാധിപതിയുമായ ജനറൽ ജോർജ് വിദേലയുടെ പട്ടാള ഭരണം 1976 മുതൽ ഏതാണ്ട് 84 വരെ അർജൻ്റീനയിൽ സ്ഥാപിതമാകുന്നത് .സമാനതകൾ ഇല്ലാത്ത മനുഷ്യാവകാശ ലംഘനങ്ങളും ഭരണകൂട അടിച്ചമർത്തലുകളുമായിരുന്നു അർജൻ്റീനക്ക് വിദേല ഭരണം. ഭരണകൂടത്തെ എതിർക്കുന്ന ചെറുപ്പക്കാരും ഇടതുപക്ഷ പ്രവർത്തകരുമായവരെ കൂട്ടത്തോടെ കാണാതാവുകയായിരുന്നു. ആയിരകണക്കിന് അർജൻ്റീനൻ ചെറുപ്പക്കാർ അങ്ങനെ അപ്രത്യക്ഷരായി. ഈ രാഷ്ട്രീയ കാലാവസ്ഥയിലാണ് 1978ൽ അർജൻ്റീന ആദ്യ ഫുട്‌ബോൾ ലോക കിരീടം സ്വന്തമാക്കുന്നത് . പെറുവുമായി വലിയ മാർജിനിൽ ജയിച്ചെങ്കിൽ മാത്രമേ അർജൻ്റീനക്ക് ഫൈനലിലേക്ക് കടക്കാൻ കഴിയുമായിരുന്നുള്ളൂ . ക്വാർട്ടർ ഫൈനലിൽ വലിയ മാർജിനിൽ പെറുവിനെ പരാജയപ്പെടുത്തി അർജൻ്റീന ഫൈനലിൽ എത്തിയതിന് വരെ അന്ന് ഗൗരവമായ ചില വിമർശനങ്ങൾ ഉയർന്നിരുന്നു . അർജൻ്റീന പെറുവിൻ്റെ കടങ്ങൾ എഴുതി തള്ളിയതും , പെറു താരങ്ങൾക്ക് അർജൻ്റീന വലിയ പണം നൽകിയെന്നും ആരോപിക്കപ്പെട്ടു.
1978 ലെ ലോകകപ്പ് നടക്കുമ്പോൾ അർജൻ്റീനൻ സമൂഹം സമരമുഖരിതമായിരുന്നു. മക്കളേയും ഭർത്താക്കൻമാരെയും നഷ്ടപ്പെട്ട സ്ത്രീകൾ അവരുടെ ചിത്രങ്ങളുയർത്തിപ്പിടിച്ച് ജനറൽ ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങി . അർജൻ്റീനയുമായുള്ള ഫൈനൽ കളിക്കുന്നതിൽ നിന്ന് ലോക ഫുട്‌ബോളിലെ ഏക്കാലത്തേയും വലിയ താരങ്ങളിൽ ഒരാളായ നെതർലാൻ്റ് സൂപ്പർ സ്റ്റാർ യൊഹാൻ ക്രൈഫ് പിൻവാങ്ങി. വിദേല ഭരണകൂടത്തിനെതിരായ ക്രയിഫിൻ്റെ എതിർപ്പാണ് ഈ പിൻമാറ്റത്തിന് പിന്നിലെന്ന് വിലയിരുത്തപ്പെട്ടു . എന്നാൽ അത് ക്രയിഫിൻ്റെ ഒരു ഫാഷിസ്റ്റ് വിരുദ്ധ നിപാടായിരുന്നു എന്ന് വിലയിരുത്താൻ കഴിയില്ല , കാരണം സ്പെയിൻ കളിക്കുന്നതിന് ക്രയിഫിന് ഫാഷിസ്റ്റ് ഫ്രാങ്കോ ഭരണകൂടം ഒരു പ്രശ്നമായിരുന്നില്ലല്ലോ . വർഷങ്ങൾക്ക് ശേഷം തനിക്കും കുടുംബത്തിനും എതിരെ അന്ന് വധഭീഷണി ഉണ്ടായിരുന്നു എന്ന് ക്രയിഫ് വെളുപ്പെടുത്തിയിട്ടുണ്ട് . ഓർക്കണം 1974 ലെ ലോകകപ്പിൽ ടോട്ടൽ ഫുട്‌ബോൾ എന്ന ഫുട്‌ബോൾ ബ്രില്യൻസ് ലോകത്തിന് മുന്നിൽ കാഴ്ചവെക്കുകയും സീസൺ മുഴുവൻ നിറഞ്ഞാടി ഫൈനലിൽ വെസ്റ്റ് ജർമ്മനിയോട് പരാജയപ്പെട്ട് കിരീടം നഷ്ടമാവുകയും ചെയ്ത ക്രയിഫാണ് ഫൈനലിൽ കളിക്കാൻ അർജൻ്റീനയിൽ വരുന്നില്ല എന്ന് പറഞ്ഞത് .
നെതർലാൻ്റിനോട് 3 - 1 ന് ജയിച്ച് അർജൻ്റീന ആദ്യ കപ്പ് നേടി . ക്രയിഫ് ഓറഞ്ചു പടക്കായി ബൂട്ടണിഞ്ഞിരുന്നെങ്കിൽ കപ്പ് നമുക്ക് സ്വന്തമായേനേ എന്ന് ഡച്ചുകാർ വിലപിച്ചു. അർജൻ്റീനയുടെ ലോകകപ്പ് വിജയം വലതുപക്ഷ തീവ്ര ദേശീയതയുടെ ഇന്ധനമാക്കാൻ വിദേല ശ്രമിച്ചു . 1982ൽ തെക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലുള്ള ഫോക്ക്ലാൻഡ്സ് ദ്വീപ് സ്വന്തമാക്കുന്നതിന് വേണ്ടി അർജൻ്റീനൻ പട്ടാളം ദ്വീപ് ഇൻവേഡ് ചെയ്തു താവളമുറപ്പിച്ചു . ദ്വീപ് തിരിച്ചുപിടിക്കാൻ ബ്രിട്ടൺ വ്യോമ നാവിക സൈനിക നീക്കം നടത്തി . യുദ്ധത്തിൽ അർജൻ്റീനക്ക് വലിയ തിരിച്ചടിയുണ്ടാവുകയും വിദേലയുടെ പട്ടാള ഭരണം നിലംപൊത്തുകയും ചെയ്തു . തുടർന്നു വന്ന പൊതുതിരഞ്ഞെടുപ്പിൽ ജനാധിപത്യ ഗവൺമെൻ്റ് അധികാരത്തിൽ വന്നു .1982 ലെ ബ്രിട്ടനോടുള്ള നാണം കെട്ട തോൽവിക്ക് സമാന്തരമായി 1982 ലെ ലോകകപ്പിലും കാര്യമായി ഒന്നും ചെയ്യാനാകാതെ നിലവിലെ ചാമ്പ്യൻമാരായ അർജൻ്റീന സ്പെയിനിൽ നിന്ന് മടങ്ങി .മാന്ത്രികൻ ഡീഗോക്കും അത്ഭുതങ്ങൾ ഒന്നും പുറത്തെടുക്കാനായില്ല .
ദീഗോയെ ദൈവമെന്നും മന്ത്രികനെന്നും വിളിച്ചത് ഏതെങ്കിലും പരസ്യ കമ്പനി ആയിരുന്നില്ല . അയാൾ സാമ്രാജ്യത്വ ശക്തികളുടെ തോഴനുമായിരുന്നില്ല . മറഡോണയുടെ കിരീടങ്ങൾ എല്ലാം ലോകത്തെ പൊരുതുന്ന സാധാരണ മനുഷ്യർ, ഉപക്ഷിക്കപ്പെട്ടവരും പുറം തള്ളപ്പെട്ടവരും തങ്ങളുടെ കിനാവു കൊണ്ട് നെയ്ത് കൊടുത്ത കിരീടമായിരുന്നു
ബ്രിട്ടൺ ഫോക്ക്ലാൻ്റ് ദ്വീപ് തിരിച്ചുപിടിച്ച ശേഷം ദീപിൽ ചിതറിക്കിടക്കുന്ന അർജൻ്റീനൻ പട്ടാളത്തിൻ്റെ ഹെൽമെറ്റുകളുടെ ഒരു ചിത്രമുണ്ട് . ഒരു ജനതയുടെ ആത്മാഭിമാനവും അസ്തിത്വവും അജ്ഞാതമായ ഏതോ ഒരു സ്ഥലരാശിയിൽ ഉപേക്ഷിക്കപെട്ടതിനെ ആ ഫോട്ടോഗ്രാഫ് പ്രതീകവൽക്കരിച്ചു . പ്രതാപിയായ സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ ഡീഗോ മറഡോണയെ ഇറ്റലിയിലെ തൊഴിലാളികളുടെ ക്ലബ്ബായ നാപോളിക്ക് വിറ്റു.
ഇങ്ങനെ എല്ലാ അർത്ഥത്തിലും തകർന്ന അർജൻ്റീനയാണ് 1986 ലെ വേൾഡ് കപ്പ് മത്സരങ്ങൾക്കായി മെക്സിക്കോയിൽ എത്തുന്നത്. അത് വെറും ഒരു കാൽപ്പന്ത് കളിക്കുള്ള വരവു മാത്രമായിരുന്നില്ല ഡീഗോ മെക്സിക്കോയിലേക്ക് വരുന്നത് തെക്കൻ ഇറ്റലിയിലെ നാപ്പോളിയിൽ നിന്നാണ്. അപ്പോഴേക്കും ഒന്നുമല്ലാതിരുന്ന നാപ്പോളിയെ ഡീഗോ കാൽപ്പന്തുകളിയിലെ ഉയരങ്ങളിൽ എത്തിച്ചു കഴിഞ്ഞിരുന്നു. നേപ്പിൾസിലെ മനുഷ്യരെ വടക്കൻ ഇറ്റലിയിലെ പ്രഭുക്കൾക്കെതിരേയും വമ്പൻ കോർപ്പറേറ്റ് ഉടമസ്ഥതലിലുള്ള ക്ലബ്ബുകൾക്കെതിരെയും നിവർന്നു നിൽക്കാൻ ഡീഗോ പ്രാപ്തമാക്കിയിരുന്നു.
നേപ്പിൾസിലെ തൊഴിലാളികളുടേയും യാചകരുടേയും ദൈവമായി അയാൾ മാറികഴിഞ്ഞിരുന്നു. ആ ഡീഗോയാണ് അർജൻ്റീനയെ നയിക്കുന്നത് . 1986 ലെ ലോകകപ്പിൽ ഒന്നിനും പിടിച്ചുകെട്ടാൻ കഴിയാത്ത അപ്രതിരോധ്യമായ മുന്നേറ്റമായിരുന്നു അർജൻ്റീനയുടേത് . ഒരുപക്ഷെ ജർമ്മനിയോടുള്ള ഫൈനലിനേക്കാൾ അർജൻ്റീനൻ ജനതക്ക് പ്രധാനമായിരുന്നു ഇംഗ്ലണ്ടിനോടുള്ള ക്വാർട്ടർ ഫൈനൽ . 1982 ൽ ഫോക്ക്ലാൻ്റ്സ് ദീപിൽ നിന്നും അർജൻ്റീനയെ ഓടിച്ച മാർഗരറ്റ് താച്ചർ തന്നെയാണ് അപ്പോഴും ബ്രിട്ടീഷ് പ്രധാനമന്ത്രി . ഇംഗ്ലണ്ടിനോടുള്ള അർജൻ്റീനയുടെ ഗെയിം ഒരു കാൽപ്പനിക കാവ്യം പോലെ സുന്ദരമാണ് . ഇംഗ്ലണ്ടിൻ്റെ പ്രതിരോധ നിരയെ സ്വപ്ന വേഗങ്ങളിൽ അനായാസം മറികടന്ന് ലോകത്തെ അന്നത്തെ ഏറ്റവും മികച്ച ഗോളിയായ പീറ്റർ ഷെർട്ടൻ്റെ സകല ബാലൻസും തകർത്ത് തരിപ്പണമാക്കി ഡീഗോ മറഡോണ തൊടുത്ത ആ ഗോൾ, നൂറ്റാണ്ടിൻ്റെ ഗോളെന്ന് ലോകം പിന്നീട് വിലയിരുത്തിയ ഗോൾ, മന്ത്രിക ഫുട്‌ബോളിൻ്റെ സകല സൗന്ദര്യവും കളിക്കളത്തിൽ നിറഞ്ഞാടിയ ഒരു കാഴ്ചയാണത്. ഒരു ഗോൾ വല കാക്കുന്നയാളെ എത്രമാത്രം പരാജിതനാക്കാൻ കഴിയുമോ അത്രയും തകർത്തതിന് ശേഷമാണ് ഡീഗോ ആ ഗോൾ നേടുന്നത് എന്ന് കാണാം . പ്രതിഭയും കണക്കുകൂട്ടലും വിമോചനവും അളന്നെടുത്ത ഒരു ക്ലാസിക്ക് ഫിനിഷിങ്ങ് . എന്തൊരു മായിക സൗന്ദര്യമാണതിന് , ഉയർത്തെഴുന്നേൽപ്പിൻ്റെ എന്തൊരു കരുത്താണതിന് . മലയാളി ആദ്യം കണ്ട ലോക കപ്പ് ഫുട്‌ബോളിലെ ഇതിഹാസ നായകൻ നമ്മുടെ ഫുട്‌ബോൾ വികാരത്തിൻ്റെ പ്രതിപുരുഷനായി മാറി . 1986 ലോകകപ്പിൽ ഡീഗോ ഒറ്റയ്‌ക്ക് അർജന്റീനയെ കിരീടത്തിലേക്ക് നയിച്ചു എന്നു തന്നെ പറയാം . ലോകകപ്പിൻ്റെ ചരിത്രത്തിൽ അങ്ങനെ ഏതെങ്കിലും ഒരു താരം ഒരു സീസൺ മുഴുവൻ തൻ്റെതാക്കി മാറ്റിയിട്ടുണ്ടോ എന്ന് സംശയമാണ് . എന്നാൽ മറഡോണ എന്ന താരത്തിൻ്റെ പ്രതിഭയുടെ പ്രദർശനത്തിനും അപ്പുറം രാഷ്ട്രീയ മാനമുള്ള ജീവിത ഗന്ധമുള്ള ഒരു നേട്ടമായിരുന്നു അത് . അത് ലോകത്തെ മുഴുവൻ സാമ്രാജ്യത്വ വിരുദ്ധ ശക്തികൾക്കും ആവേശം പകരുന്നതായിരുന്നു . സെർബിയൻ സംവിധായകൻ എമിർ കുസ്തൂറിക്ക തൻ്റെ മറഡോണ എന്ന ഡോക്യുമെൻ്റെറിയിൽ ഡീഗോയോട് 86 ലെ ഇംഗ്ലണ്ടിനെതിരായ കളിയെ പറ്റി ചോദിക്കുന്നുണ്ട് . അതൊരു ഫുട്‌ബോൾ യുദ്ധമായിരുന്നു എന്നാണ് ഡീഗോ മറുപടി പറയുന്നത് , പക്ഷെ 82 പോലെ ആയിരുന്നില്ല വിജയം അർജൻ്റീനക്ക് ഒപ്പം ആയിരുന്നു എന്നു കൂടി അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട് . 90 ൽ മറഡോണയുടെ അർജൻ്റീന ഫൈനലിൽ എത്തിയെങ്കിലും ജമ്മനിയോട് പരാജയപ്പെട്ടു , 84 മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലാണ് ജർമ്മനി കിരീട ഗോൾ നേടിയത് . 94ൽ ലോകത്തെ ഫുട്‌ബോൾ ആരാധകരെ മുഴുവൻ ദു:ഖത്തിലാഴ്ത്തി ഡീഗോ വിതുമ്പിക്കൊണ്ട് കളികളം വിട്ടു . ദീഗോ ഇല്ലാത്ത 94 ലെ അർജൻ്റീന ഒരു മരണവീടിനെ ഓർമ്മിപ്പിച്ചു . 80 കളുടെ ആദ്യ പകുതിയിൽ തുടങ്ങി 90 കളുടെ ആദ്യ പകുതിവരെ ലോകഫുട്‌ബോളിൻ്റെ നെറുകയിൽ നിന്ന് മാന്ത്രിക നീക്കങ്ങൾ നടത്തി അടിസ്ഥാന ജനവിഭാഗങ്ങളെ മോഹിപ്പിച്ച് ഇതിഹാസ പരിവേഷത്തോളം ഉയർന്ന ആ മഹാപ്രതിഭയുടെ മൈതാനങ്ങളിലെ കഥ അവസാനിച്ചു . ഒരു ലാറ്റിനമേരിക്കൻ ഫുട്‌ബോൾ കാവ്യമായി അത് പരിണമിച്ചു . ദീഗോയെ ദൈവമെന്നും മന്ത്രികനെന്നും വിളിച്ചത് ഏതെങ്കിലും പരസ്യ കമ്പനി ആയിരുന്നില്ല . അയാൾ സാമ്രാജ്യത്വ ശക്തികളുടെ തോഴനുമായിരുന്നില്ല . മറഡോണയുടെ കിരീടങ്ങൾ എല്ലാം ലോകത്തെ പൊരുതുന്ന സാധാരണ മനുഷ്യർ, ഉപക്ഷിക്കപ്പെട്ടവരും പുറം തള്ളപ്പെട്ടവരും തങ്ങളുടെ കിനാവു കൊണ്ട് നെയ്ത് കൊടുത്ത കിരീടമായിരുന്നു .
റിക്വൽമി എന്ന പ്ലേമേക്കറുടെ ചിറകിൽ മെസിയുടേയും സംഘത്തിൻ്റെയും ഒരു അർജൻ്റീനൻ മുന്നേറ്റം കാണാനുള്ള ഭാഗ്യം ഫുട്‌ബോൾ ആരാധകർക്കുണ്ടായില്ല . റിക്വൽമിയും കാമ്പിയാസോയും ഇല്ലാത്ത 2010 ലെ അർജൻ്റീനയുടെ മധ്യനിര എത്ര ദുർബ്ബലമായെന്ന് ആ ലോകകപ്പ് കാണിച്ചു തന്നതാണ്
1986 ന് രണ്ട് പതിറ്റാണ്ടിന് ശേഷം വീണ്ടും അർജൻ്റീനൻ മണ്ണിൽ ലോക കിരീടം എത്തുമെന്ന് ആരാധകർ കരുതി . 2006 ലെ അർജൻ്റീനൻ ടീം അങ്ങനെ തോന്നാൻ മാത്രം ശേഷിയുള്ളതായിരുന്നു . മറഡോണയോളം മിശ്വാസമർപ്പിക്കാൻ പോന്ന ഒരു ബോക്ക ജൂനിയേഴ്സ് താരമാണ് അന്ന് അർജൻ്റീനയുടെ പത്താംനമ്പർ ജേഴ്സി അണിഞ്ഞിരുന്നത് . ജർമ്മൻ സ്ട്രൈക്കറും ബയേൺ മ്യൂണിക്ക് താരവുമായ തോമസ് മുള്ളർ താൻ കുട്ടിക്കാലം മുതലേ ആരാധിച്ചയാൾ എന്ന് പറഞ്ഞത് ഈ ലാറ്റിനമേരിക്കൻ ഫുട്‌ബോളറെ കുറിച്ചായിരുന്നു. വിസ്മൃതിയിലേക്ക് വേഗം വഴുതിപ്പോയ അർജൻ്റീനയുടേയും ലോക ഫുട്‌ബോളിൻ്റെയും അത്യപൂർവ്വ ജനുസിൽ പെട്ട പ്ലേ മേക്കർ ജുവാൻ റോമൻ റിക്വൽമി. 2006 ഫുട്‌ബോൾ ലോകകപ്പിൽഫുട്‌ബോൾ ആരാധകർ മുഴുവൻ കണ്ണുനട്ടിരുന്നത് ഈ അർജൻ്റീൻ മിഡ്ഫീൽഡറിലായിരുന്നു . കളിയുടെ ഗതിയും താളവും എത്രയും കൃത്യമായി നിർണ്ണയിക്കാനും നിയന്ത്രിക്കാനും കഴിഞ്ഞിരുന്ന മിഡ് ഫീൽഡർമാർ അപൂർവ്വമത്രേ. പ്രതിഭകളുടെ ധാരാളിത്തവുമായാണ് 2006 ലെ ലോകകപ്പിലേക്ക് അർജൻ്റീന വരുന്നത് . ടീമിൽ മുഴുവൻ പേരെടുത്ത പ്രതിഭകൾ . കാമ്പിയാസോയും സാവിയോളയും മുതൽ മെസിയും ടെവസും വരെയുള്ള എണ്ണംപറഞ്ഞ ടീം . അന്ന് സെർബിയക്ക് എതിരെയുള്ള മാച്ചിൽ 26 പാസുകൾക്ക് ശേഷം അർജൻ്റീന നേടിയ രണ്ടാമത്തെ ഗോൾ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹരമായ ഗോളായി വിലയിരുത്തിയിട്ടുണ്ട് . സാവിയോളയുടെ ബാക്ക് പാസിൽ കാംബിസോയായിരുന്നു മനോഹരമായ ആ ഫിനിഷിങ്ങ് നടത്തിയതെങ്കിലും ആ ഫുട്‌ബോൾ സിംഫണിയുടെ ആർക്കിടെക്ട് സാക്ഷാൽ റിക്വൽമി ആയിരുന്നു .ലാറ്റിനമേരിക്കൻ സൗന്ദര്യാത്മക ഫുട്‌ബോളിൻ്റെ ത്രസിപ്പിക്കുന്ന ഒരു കാഴ്ചയായിരുന്നു അത് . പന്തടക്കത്തോടെ 26 പാസുകൾക്കൊടുവിലെ ഗോൾ .ഇത് ലോകം മുഴുവനുമുള്ള ഫുട്‌ബോൾ അക്കാദമികളുടെ ട്രയിനിങ്ങ് സെഷനുകളിൽ കാണിക്കപ്പെടും എന്ന് കമൻട്രി പറയുന്ന ആൾ ഒട്ടും അതിശയോക്തിയില്ലാതെ വിളിച്ചു പറഞ്ഞു . ഗോൾ നേടിയതിനു ശേഷമുള്ള അമിതാഹ്ലാദങ്ങളിലൊന്നും മുഴുകാതെ സ്വതവേ വളരെ കുറച്ച് മാത്രം ചിരിക്കുന്ന ഗൗരവക്കാരനായ അയാൾ 2006 വേൾഡ് കപ്പിൽ അർജൻ്റീനൻ ടീമിൻ്റെ കാൽപ്പന്ത് സൗന്ദര്യങ്ങൾ മനസ്സിൽ വരച്ചുകൊണ്ടേയിരുന്നു .ദുരന്തങ്ങൾ കാൽപ്പനികവൽക്കരിക്കപ്പെട്ട ഒരു പരിവേഷമായി അർജൻ്റീനൻ ടീമിനെ ചൂഴ്ന്നു നിൽക്കാറുണ്ടല്ലോ . ക്വാർട്ടർ ഫൈനലിൽ ജർമ്മനിയോട് പെനാൽറ്റി ഷൂട്ട് ഔട്ടിൽ പരാജയപെട്ട് അർജൻ്റീനയുടെ ലോകകപ്പ് മോഹങ്ങൾ പൊലിഞ്ഞു . മറ്റൊരർത്ഥത്തിൽ ജർമ്മനിയോടുള്ള പരാജയം അർജൻ്റീന ചോദിച്ചു വാങ്ങിയതാണ് എന്ന് പറയാം . കാമ്പിയാസോ എന്ന പകരക്കാരൻ ഷൂട്ട് ഔട്ടിൽ പനാൽറ്റി നഷ്ടപ്പെടുത്തുമ്പോൾ എഴുപത്തിരണ്ടാം മിനിറ്റിൽ കോച്ച് പിൻവലിച്ച റിക്വൽമി സബ്സ്റ്റിറ്റ്യൂട്ട് ബഞ്ചിലെ മൂകസാക്ഷിയായിരുന്നു . റിക്വൽമിയെ പിൻവലിച്ച കോച്ച് ഹോസെ പെക്കർമാൻ്റ് ടാക്ടിസ് പരാജയമായിരുന്നെന്ന് വിലയിരുത്തപ്പെട്ടു . ആ സീസണിലെ ഏറ്റവും ഗംഭീര ടീമായിരുന്നു അർജൻ്റീനയുടേത് .അർജൻ്റീന ഏറ്റവും നന്നായി കിളിച്ച ലോകകപ്പും .86 ന് ശേഷം അർജൻ്റീന കണ്ട ഏറ്റവും ജനുവിനായ കിരീട സ്വപ്നം അതോടെ കെട്ടടങ്ങി. 2010 ലെ ലോകകപ്പിൽ കോച്ച് ദീഗോയുടുള്ള വിയോജിപ്പിനെ തുടർന്ന് റിക്വൽമി ടീമിൽ നിന്ന് വിരമിച്ചു .റിക്വൽമി എന്ന പ്ലേമേക്കറുടെ ചിറകിൽ മെസിയുടേയും സംഘത്തിത്തിൻ്റെയും ഒരു അർജൻ്റീനൻ മുന്നേറ്റം കാണാനുള്ള ഭാഗ്യം ഫുട്‌ബോൾ ആരാധകർക്കുണ്ടായില്ല . റിക്വൽമിയും കാമ്പിയാസോയും ഇല്ലാത്ത 2010 ലെ അർജൻ്റീനയുടെ മധ്യനിര എത്ര ദുർബ്ബലമായെന്ന് ആ ലോകകപ്പ് കാണിച്ചു തന്നതാണ് .
ഒരു പക്ഷെ പ്രതിഭയിൽ ഡീഗോയിൽ നിന്ന് ഒട്ടും കുറവില്ലാത്ത യൂറോപ്യൻ ജനുസിൽപെട്ട അർജൻ്റീനൻ സൂപ്പർ സ്റ്റാർ മെസിക്ക് പോലും ഡീഗോയുടെ കിരീടം നൽകാൻ നമ്മൾ വിസമ്മതിക്കും .ഡീഗോയുടെ അർജൻ്റീനയുടെ തിളക്കം മങ്ങുന്നില്ല എന്നു മാത്രമല്ല , അത് കേട്ടും വായിച്ചും അറിഞ്ഞവർ പോലും അതിൻ്റെ ഉന്മാദാത്മകമായ ഫുട്‌ബോൾ ലഹരി നുകരുന്നു എന്നതാണ് യാഥാർത്ഥ്യം .
റിക്വൽമിയെ നമ്മൾ വേഗം വിസ്മരിച്ചതെന്തിയിരിക്കും ? തൻ്റെ സമകാലികരോളം അയാൾ ആഘോഷിക്കപ്പെടാഞ്ഞത് എന്താകും ? അത് യൂറോപ്യൻ മണ്ണിലയാൾ പേരെടുക്കാൻ നിക്കാഞ്ഞതുകൊണ്ടായിരിക്കണം. അയാൾക്ക് അതിന് താൽപ്പര്യമുണ്ടായിരുന്നില്ല എന്നു പറയുന്നതാകും കൂടുതൽ ശരി. ബാഴ്സലോണ വലിയ തുകക്ക് റിക്വൽമിയെ വാങ്ങുന്നുണ്ടെങ്കിലും റിക്വൽമിയെ വേണ്ടവിധം പ്രയോജനപ്പെടുത്താനാകാതെ 'മെരുങ്ങാത്ത ആ ഒറ്റയാനെ' ബാഴ്സ വിയ്യറിയലിന് കൈമാററി. ആ അവസരത്തിലാണ് സാവിയും ഡീഞ്ഞോയും ഒക്കെ റൊണാൾഡീഞ്ഞോ ബാഴ്സയിലെത്തുന്നത്. ചാമ്പ്യൻസ് ലീഗിൽ വിയ്യറിയലിനെ റിക്വൽമി ഫൈനലിൽ എത്തിച്ചെങ്കിലും ആഴ്സലിനോട് പരാജയപ്പെട്ടു . വിയ്യ റിയലിൻ്റെ എട്ടാം നമ്പർ മഞ്ഞ ജേഴ്സിയിലെ റിക്വൽമിയുടെ ഡ്രിബ്ലിങ്ങുകൾ കോരിത്തരിപ്പുണ്ടാക്കുന്ന കാഴ്ചയാണ് .ബാഴ്സലോണ നാപോളിക്ക് വിറ്റ ദീഗോയുടെ ചരിത്രത്തോട് വല്ലാത്ത ഒരു സാമ്യമുണ്ട് റിക്വൽമിയുടെ വിയ്യറിയൽ പ്രവേശനത്തിന് . സ്പാനിഷ് ക്ലബ്ബയ വിയ്യറിയലിൽ നിന്നും റിക്വൽമി മടങ്ങിയത് അർജൻ്റീനയിലേക്ക് തന്നെയാണ് , റിക്വൽമിയുടെ സ്വന്തം ബോക്ക ജൂനിയേഴ്സിലേക്ക് .റിക്കിയെ റിക്വൽമിയാക്കിയ ബോക്ക ജൂനിയേഴ്സിലേക്ക് . അപ്പോൾ അയാൾക്ക് 29 വയസ്സെ പ്രായമുണ്ടായിരുന്നുള്ളൂ . വേണമെങ്കിൽ യൂറോപ്പിലെ ക്ലബ്ബുകളിൽ പയറ്റാൻ ഇനിയും ബാല്യം ബാക്കിയുണ്ട് . എന്നിട്ടും അയാൾ ബോക്ക ജൂനിയേസിലേക്ക് വന്നു . റിക്വൽമി ബോക്കയുടെ എല്ലാമെല്ലാമായി , അർജൻ്റീനക്കാർക്ക് ഡൊമസ്റ്റിക് ഫുട്‌ബോളിൻ്റെ എക്കാലത്തേയും ഹീറോയായി റിക്വൽമി . അർജൻ്റീനൻ നാഷണൽ ടീമിന് ദീഗോ മറഡോണ എന്തായിരുന്നോ അതായിരുന്നു ബോക്ക ജൂനിയേഴ്സിന് റിക്വൽമി . അർജൻ്റീനൻ മണ്ണു തന്നെ തൻ്റെ തനതു ശൈലിയുടെ പരീക്ഷണ കളങ്ങളാക്കാൻ റിക്വൽമി തീരുമാനിച്ചുറപ്പിച്ചതു തന്നെയായിരുന്നു . ശരീരത്തിൽ ടാറ്റൂ അടിച്ചും കൗതുകങ്ങൾ ഉണ്ടാക്കിയും അയാൾ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയില്ല . യൂറോ ക്ലബ്ബുകളുടെ കച്ചവട ലോകത്തതെ പകിട്ടിലേക്ക് പ്രവേശിച്ചതുമില്ല , ബ്രാൻ്റ് അംബാസിഡറായില്ല, കളിയുടെ ഇടവേളകളിലെ പരസ്യചിത്രങ്ങളുടെ മുഖമായില്ല.
എന്നാൽ ഫുട്‌ബോൾ ആരാധകരുടെ ഉള്ളിൽ എന്നും ഈ അർജൻ്റീനൻ പ്ലേ മേക്കർ ഉണ്ടാകും ,വരികൾ മാഞ്ഞു പോയ ഒരു വിലാപകാവ്യമായി, ബോക്ക ജൂനിയേഴ്സിൻ്റെ റിക്വൽമി. ഫുട്‌ബോളിന് അടിസ്ഥാനപരമായി വിമോചനപരമായ ഒരു ഉള്ളടക്കമുണ്ട് . അതായിരിക്കാം ഫുട്‌ബോളിൻ്റെ രാഷ്ട്രീയവും. ആദ്യ ലോക കിരീടം നേടുമ്പോൾ 1978 ൽ അർജൻ്റീനക്ക് ഒരു ജനത എന്ന നിലയിൽ ലോകത്തിന് മുന്നിൽ തലയുയർത്തി നിൽക്കാൻ കഴിയുന്ന ഒരു രാഷ്ട്രീയ കാലാവസ്ഥ ഇല്ലായിരുന്നു .ആ നേട്ടം തന്നെ അട്ടിമറികളുടെ നിഴലിൽ നിറം മങ്ങിപോയതുമാണ് . അത് കുറേ കൂടി രൂക്ഷമാകുന്നുണ്ട് 1982 ആവുമ്പോഴേക്കും . അതിൽ നിന്നും വീരോചിതമായ ഒരു ഉയർത്തെഴുന്നേൽപ്പ് സാധ്യമാക്കിയത് 1986 ലെ വേൾഡ് കപ്പും തനി ലാറ്റിൻ അമേരിക്കൻ പോരാളിയായ ഡീഗോ മറഡോനെയുടെ സോക്കർ സൈന്യവുമാണ് . ബാറ്റിസ്റ്റ്യൂട്ട മുതൽ റിക്വൽമിയും ടെവസും വരെ എത്രയോ എണ്ണം പറഞ്ഞ പ്രതിഭകൾ ലാറ്റിനമേരിക്കൻ ശൈലിയുടെ കരുത്തും കാന്തിയും കാണിച്ചു തന്നു . ഒരു പക്ഷെ പ്രതിഭയിൽ ഡീഗോയിൽ നിന്ന് ഒട്ടും കുറവില്ലാത്ത യൂറോപ്യൻ ജനുസിൽപെട്ട അർജൻ്റീനൻ സൂപ്പർ സ്റ്റാർ മെസിക്ക് പോലും ഡീഗോയുടെ കിരീടം നൽകാൻ നമ്മൾ വിസമ്മതിക്കും .ഡീഗോയുടെ അർജൻ്റീനയുടെ തിളക്കം മങ്ങുന്നില്ല എന്നു മാത്രമല്ല , അത് കേട്ടും വായിച്ചും അറിഞ്ഞവർ പോലും അതിൻ്റെ ഉന്മാദാത്മകമായ ഫുട്‌ബോൾ ലഹരി നുകരുന്നു എന്നതാണ് യാഥാർത്ഥ്യം .ഒരു പക്ഷെ വർഗപരമായി ബ്രസീലിനോട് ചേർന്നു നിൽക്കേണ്ട നമ്മളിൽ പലരും കടുത്ത അർജൻ്റീനൻ ആരാധകരായി തീർന്ന് കളിക്കും കളിക്കളത്തിനുമപ്പുറം അർജൻ്റീനയുടെ ദുരന്തനായകന്മാർ നമ്മളോട് പറയുന്ന രാഷ്ട്രീയത്തിൻ്റെ പൊള്ളലും നീറ്റലും കൊണ്ടാകാം . കൂടുതൽ മൂലധനത്തെ ആകർഷിച്ച് യൂറോ കേന്ദ്രിതമായിക്കൊണ്ടിരിക്കുന്ന ഫുട്‌ബോളിൽ ലാറ്റിനമേരിക്ക ഒരു രാഷ്ട്രീയ പ്രതിപക്ഷമാണ് . അവർ വരക്കുന്ന കാൽപ്പന്തിൻ്റെ മഴവില്ലിൽ മൂന്നാം ലോകരാജ്യങ്ങളുടെ ജീവിതത്തിൻ്റെ നിറങ്ങളുണ്ട് , അതിജീവനത്തിൻ്റെ കാന്തിയുണ്ട് .