പാവാടയിൽ ആണ് ഗോപാലൻ ഒഴികെയുള്ളവരോടുള്ള കടം വീട്ടുന്നത്. പാവാടയിലെ ആദ്യ ഡയലോഗ് തന്നെ അനിലിന്റെതായിരുന്നു. തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്‍ എഴുതിയത്
എൻറെ ജീവിതത്തിലെ ഏറ്റവും ഓഞ്ഞ ക്രിസ്മസ് ആയിരുന്നു ഇക്കൊല്ലത്തെത്. സന്തോഷിക്കാൻ പ്രത്യേകിച്ച് ഒന്നും ഇല്ലാത്ത, നരച്ചു പോയൊരു ക്രിസ്മസ്. വൈകുന്നേരമായപ്പോൾ അത് ഏറ്റവും കെട്ട ഒരു ക്രിസ്മസ് കൂടെയായി. അക്ഷരാർത്ഥത്തിൽ ഒരു മുടിഞ്ഞ ക്രിസ്മസ്.
അനിൽ നെടുമങ്ങാട് മരിച്ചെന്ന് കേട്ടപ്പോൾ തലയിൽ ആരോ കൂടം കൊണ്ട് അടിച്ചത് പോലെയാണ് ആദ്യം തോന്നിയത്. നേരം കുറച്ചെടുത്തു ആ തരിപ്പൊന്ന് കുറയാൻ. അനിൽ എൻറെ അടുത്ത ചങ്ങാതി ഒന്നുമായിരുന്നില്ല.ഞാൻ എഴുതിയ പാവാട എന്ന സിനിമയിലെ ഒരു കഥാപാത്രം എന്നതിനപ്പുറം ഞങ്ങൾ തമ്മിൽ അങ്ങനെ കാര്യമായ ബന്ധമൊന്നുമില്ല.
കൈരളി ടി.വി. യിലെ ജുറാസിക് വേൾഡ് എന്ന പരിപാടിയുടെ അവതാരകനായാണ് അനിലിനെ ആദ്യം കാണുന്നത്. പിന്നെ കണ്ടത് ദീപൻ ശിവരാമന്റെ സ്പൈനൽ കോഡ് നാടകത്തിലെ നടനായിട്ടാണ്. മാർക്വേസിൻറെ "ക്രോണിക്കിൾ ഓഫ് എ ഡെത്ത് ഫോർടോൾഡ്" സ്പൈനൽ കോഡ് എന്ന നാടകം ആക്കുന്നതിനെക്കുറിച്ചുള്ള വിശദമായ പ്ലാൻ ദീപൻ ആദ്യമായി സംസാരിക്കുന്നത് എൻറെ മഹാരാജാസ് ഹോസ്റ്റൽ മുറിയിൽ ഇരുന്നായിരുന്നു.വർഷങ്ങൾക്കുശേഷം ബെസ്റ്റ് ആക്ടർ സിനിമയുടെ എഴുത്തു നടക്കുന്ന സമയത്താണ് എറണാകുളത്തെ ഭാരതീയ വിദ്യാഭവൻ ഹാളിൽ ആ നാടകം അവതരിപ്പിക്കപ്പെട്ടത്. മാർട്ടിൻ പ്രക്കാട്ടും ഞാനും അത് കണ്ട ശേഷമാണ് സുനിൽ സുഖദയേയും പ്രതാപനെയും ആദ്യമായി സിനിമയിൽ അവതരിപ്പിക്കാൻ തീരുമാനിക്കുന്നത്.അത്യുഗ്രൻ നടന്മാരായ ഗോപാലനും ജയിംസ് ഏലിയക്കും അനിൽ നെടുമങ്ങാടിനും കൊടുക്കാൻ ബെസ്റ്റ് ആക്ടർ സിനിമയിൽ പറ്റിയ വേഷങ്ങൾ ഇല്ലായിരുന്നു. പാവാടയിൽ ആണ് ഗോപാലൻ ഒഴികെയുള്ളവരോടുള്ള കടം വീട്ടുന്നത്. പാവാടയിലെ ആദ്യ ഡയലോഗ് തന്നെ അനിലിന്റെതായിരുന്നു.
" നമസ്കാരമുണ്ട്. ഞാൻ ഈ സിനിമയ്ക്കകത്തെ കഥാപാത്രം ഒന്നുമല്ല കേട്ടോ. സിനിമാ തുടങ്ങുന്നേന് മുമ്പും സിനിമായ്ക്കിടക്കുമൊക്കെ കഥ പറയുന്ന ഒരു പരിപാടി ഇല്ലേ.വല്യ വല്യ സിനിമേലൊക്കെ ശ്രീനിവാസൻ സാറും രഞ്ജിത്ത് സാറും ഒക്കെയാ ഈ കഥ പറച്ചിലിന്റെ പരിപാടി ചെയ്യാറ്. ഇപ്പം ഉദാഹരണം പറയുകാണേല് മീശ മാധവൻ സിനിമ തുടങ്ങുമ്പം രഞ്ജിത്ത് സാറ് പറയുന്നത് കേട്ടിട്ടില്ലേ.... കേൾക്കുമ്പം തന്നെ ഒരു പ്രത്യേക ഇതാ... ഞാനാ കേട്ടോ ഈ സിനിമാപ്പടത്തിന്റെ കഥാപ്രസംഗം നടത്തുന്നത്. അതിനു നീ ആരാടാ ഉവ്വേ?... നിനക്ക് അതിനുള്ള യോഗ്യത എന്നതാടാന്നൊക്കെ ചോദിച്ചാ.... വെള്ളക്കല്ല് ഷാപ്പിലെ പറ്റുപടിക്കാരന് എന്നതാ യോഗ്യത...? എരന്നിട്ടായാലും കടം പറഞ്ഞിട്ടായാലും എന്നും കള്ളടിക്കും . പാമ്പിന്റെയും പാവാടേടേം കഥ പറയാനേ...... അതു തന്നാ ഏറ്റവും വല്യ യോഗ്യത."
ആഖ്യാതാവായി വന്ന അനിൽ ആദ്യ രംഗത്തു തന്നെ അമിത മദ്യപാനികളുടെ പാവാടക്കഥയിലേക്ക് അനായാസമായി ആൾക്കാരെ അടുപ്പിച്ചു. പറയാൻ പോകുന്നതിലേക്ക് പ്രേക്ഷകശ്രദ്ധയെ പിടിച്ചിട്ടു. സംസ്കൃത നാടകങ്ങളിലെ സൂത്രധാരന് സമാനമായി സിനിമയിൽ കഥയുടെ ചരട് പിടിച്ച അനിലിനെ മരണം വല്ലാത്തൊരു ഇരുളാഴത്തിലേക്ക് വലിച്ചുകൊണ്ടുപോയിരിക്കുന്നു. അനിലിന് കരിയറിലെ ഏറ്റവും മികച്ച വേഷം കൊടുത്ത സച്ചിയേട്ടൻറെ ജന്മദിനം കൂടിയായിരുന്നു ഇന്ന്.
ഞാൻ താമസിച്ചിരുന്ന വാടക മുറികളിലെ ആഘോഷരാത്രികൾക്ക് പിറ്റേന്ന് വാതിൽപ്പാളികൾക്ക് പിന്നിലേക്ക് നോക്കുമ്പോൾ സ്ഥിരം കാണുന്ന ഒരു കാഴ്ച ഉണ്ടായിരുന്നു. തലേന്നു രാത്രിയിൽ പുകഞ്ഞു കത്തിയ ബീഡിക്കുറ്റികളുടെ കരിഞ്ഞെരിഞ്ഞ തലപ്പുകളുടെ കൂമ്പാരം . 2020 എന്ന് പറയുന്ന കോപ്പിലെ വർഷത്തിന്റെ അവസാനത്തെ ചൂട്ടും കത്തിത്തീരാൻ പോവുകാണ്. തിരിഞ്ഞുനോക്കുമ്പോൾ ഓർമ്മകളുടെ വാതിലരികിൽ ഒരുപാട് പ്രിയപ്പെട്ടവരുടെ ഉയിരിന്റെ കനൽ കെട്ട് കുമിഞ്ഞു കിടക്കുന്നു. വിരലിടയിലും ചുണ്ടിണയിലും ഗമയിൽ ഇരുന്നുള്ള കനൽക്കത്തലിൽ നിന്ന് ആഷ് ട്രേയുടെ ചാരപ്പറമ്പിലേക്കുള്ള മൂക്കു കുത്തി വീഴലിലേക്ക് കരുതുന്നത്ര കാലദൈർഘ്യം ഒന്നുമില്ലെന്ന തിരിച്ചറിവിൽ ഞാൻ വീണ്ടും കിടുങ്ങിപ്പോകുന്നു.
പുല്ലും വൈക്കോലും ആസ്വദിച്ച് തിന്നുകൊണ്ടിരിക്കുന്ന ആടുമാടുകളെ അല്പം പോലും കരുണയില്ലാതെ മരണത്തിലേക്ക് ആട്ടിത്തെളിക്കുന്ന അറവുകാരുടെ നിസ്സംഗത കണ്ടിട്ടില്ലേ. തട്ട് തകർത്തുവാരി ആടിത്തിമിർത്ത് നിൽക്കുന്ന ആർട്ടിസ്റ്റുകളെ അത്തരത്തിൽ അപ്രതീക്ഷിതമായി സ്റ്റേജിൽ നിന്ന് വലിച്ചിറക്കിക്കൊണ്ടുപോകുന്ന, സാഡിസ്റ്റ് നിസ്സംഗത പുലർത്തുന്ന, സംവിധായകനാണ് മരണം. അല്ലാതെ പലരും വെറുതെ പറയുന്നതുപോലെ ചുമ്മാതൊരു രംഗബോധമില്ലാക്കോമാളി ഒന്നുമല്ല.
സംവിധാനം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്ന ചലച്ചിത്രത്തിൽ അനിലിന് ഒരു വേഷം കരുതിയിരുന്നു . അതിനു മുൻപേ നിങ്ങൾ അങ്ങ് പോയി. ആ സിനിമ നടക്കുന്ന കാലം വരെ ഇത് എഴുതുന്നവൻ തന്നെ കാണുമോ എന്ന് ഉറപ്പില്ല. പ്രിയപ്പെട്ട അനിൽ, നിങ്ങൾ സമാധാനമായി പൊയ്ക്കോളൂ.എത്രകാലം കണ്ടിന്യൂ ചെയ്യാനാകുമെന്ന് യാതൊരു ഗ്യാരണ്ടിയുമില്ലാത്ത ഈ തിയേറ്റർ ഓഫ് ക്രൂവൽറ്റിയിലെ കളി തൽക്കാലം തുടരട്ടെ. ആരു പോയാലും വന്നാലും ചില ഷോകൾ തുടർന്നുകൊണ്ടേയിരിക്കുമല്ലോ.