അലനും താഹയും കോണ്‍സന്‍ട്രേഷന്‍ ക്യാംപിലേക്ക് നല്‍കപ്പെട്ട ആദ്യ സാംപിളുകള്‍
(സംസ്ഥാന സര്‍ക്കാര്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത് എന്‍ഐഎയ്ക്ക് വിട്ടുകൊടുത്ത അലന്‍, താഹ എന്നീ വിദ്യാര്‍ത്ഥികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് നടന്ന പ്രതിഷേധത്തില്‍ എഴുത്തുകാരന്‍ കല്‍പറ്റ നാരായണന്‍ നടത്തിയ പ്രസംഗം.)
പൗരത്വഭേദഗതി ബില്ലില്‍ പ്രതിഷേധിച്ചുകൊണ്ട്, ഭാവി മതഭാരതത്തെ ഭയപ്പെട്ടുകൊണ്ട് മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യ മുഴുവന്‍ പ്രതിഷേധിച്ചു. എല്ലാ പ്രതിഷേധങ്ങളിലേയും ഏറ്റവും ശക്തമായ സാന്നിധ്യം മലയാളികളുടേതായിരുന്നു, ജാമിയ മിലിയയിലും ജെഎന്‍യുവിലും എല്ലാം. പക്ഷെ അതേ മലയാളികളുടെ മാതൃദേശത്ത്, അതേ മലയാളികളുടെ പ്രിയങ്കരമായ സര്‍ക്കാര്‍ ഇതാ രണ്ട് കുട്ടികളെ അനാഥരാക്കിയിരിക്കുന്നു. അവരെ എന്‍ഐഎക്ക് കൈമാറുന്ന ഒരു റിക്രൂട്ടിങ് ഏജന്‍സിയായി ഭരണത്തെ മാറ്റുകയും ചെയ്യുന്നു. അങ്ങനെ ചെയ്തപ്പോള്‍ വാസ്തവത്തില്‍ ഭയപ്പെടേണ്ടത് നമ്മളാണ്.
ഇത് യുഡിഎഫ് ഭരിക്കുമ്പോഴാണ് സംഭവിച്ചിരുന്നതെങ്കില്‍ ഇവിടെ ജനസഹസ്രമുണ്ടാകുമായിരുന്നു. പക്ഷെ, എല്‍ഡിഎഫ് ഭരിക്കുമ്പോഴാണ് എന്നതിനാല്‍ ഏതാനും പേരേ ഇവിടെ ഉള്ളൂ എന്നത് നീതിക്ക് എത്ര ഭയപ്പെടേണ്ട കാലമാണ് ഇത് എന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. താഹയും അലനും നിരപരാധികളാണ് എന്നതില്‍ നമുക്ക് ഒരു സംശയവും ഇല്ല. ഒരാള്‍ക്ക് 20 വയസാണ്. അഞ്ച് കൊല്ലമായത്രെ പൊലീസ് അലനെ നിരീക്ഷിക്കാന്‍ തുടങ്ങിയിട്ട്. 15-ാം വയസില്‍ എന്ത് രാജ്യദ്രോഹമാണ് അദ്ദേഹം നിര്‍വ്വഹിക്കാന്‍ ഇടയുള്ളത്. കൃത്യമായ എന്ത് കുറ്റകൃത്യമാണ് അവന്റെ മേല്‍ ആരോപിക്കപ്പെട്ടിട്ടുള്ളത്. എന്തെങ്കിലും കുറ്റകൃത്യം ചെയ്തിട്ടല്ല, പക്ഷെ ഭാരത സര്‍ക്കാര്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന ഒരുപാട് കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളിലേക്ക് എങ്ങനെ നിരപരാധികളെ കൊടുക്കും എന്നതിന്റെ ആദ്യ സാംപിളുകളാണ് നാം കാണുന്നത്. അത് ഏറ്റവും നിരപരാധികളായ രണ്ട് കുട്ടികളായിരിക്കണം എന്നത് അവരുടെ ആവശ്യമായിരിക്കാം.
ഭാരത സര്‍ക്കാരിന് കേരളത്തിലെ ഗവണ്‍മെന്റിനെ ഏറ്റവും ഇഷ്ടപ്പെട്ടത് രണ്ട് സമയത്താണ്. അവരെ മുക്തകണ്ഠം അഭിനന്ദിച്ചത് രണ്ട് തവണയാണ്. മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടപ്പോഴും മാവോയിസ്റ്റുകളാണ് എന്ന ആരോപണത്തെ മുന്‍നിര്‍ത്തി രണ്ടുപേരെ അറസ്റ്റ് ചെയ്തപ്പോഴും. അവരെ ഇങ്ങനെ എന്‍ഐഎയ്ക്ക് ഏല്‍പിച്ചുകൊടുക്കുന്ന ജോലി നമ്മള്‍ ചെയ്യുകയാണെന്ന് നമ്മള്‍ ഓര്‍മ്മിക്കണം. പൗരത്വനിയമത്തിനെതിരെ ഇപ്പോള്‍ നാം നടത്തിക്കൊണ്ടിരിക്കുന്ന മഹാസമരങ്ങളില്‍, വാസ്തവത്തില്‍ മലയാളികള്‍ക്ക് അര്‍ഹതയുണ്ടോയെന്ന് ഈ രണ്ട് നിഷ്‌കളങ്കരായ കുട്ടികള്‍ നമ്മോട് ചോദിച്ചുകൊണ്ടിരിക്കുന്നു. പൗരത്വഭേദഗതി ബില്ലിനേക്കാള്‍ എത്രയോ പരമപ്രധാനമാണ് ഈ വിഷയം. അങ്ങനെ ഏറ്റവും ചോദ്യം ചെയ്യപ്പെടേണ്ടത് ഇവിടെ നടന്നിട്ടും നമ്മളിതാ ഇവിടെ കുറച്ചുപേരേയുള്ളൂ. കേരളത്തില്‍ നീതിക്ക് വേണ്ടി സംസാരിക്കുന്നവര്‍ ഇത്ര കുറച്ചുപേരേയുള്ളൂവെന്ന, ഭയം നിറഞ്ഞ അന്തരീക്ഷത്തിലാണ് നമ്മള്‍. പ്രസംഗിക്കേണ്ട സമയമല്ല, പക്ഷെ ഈ സമരം നമ്മള്‍ വിജയിപ്പിക്കേണ്ടതാണ്. എല്ലാ നിമിഷവും നമ്മള്‍ ഇവര്‍ക്കൊപ്പം ഉണ്ടാകേണ്ടതാണ്. അലനേയും താഹയേയും സ്വതന്ത്രരാക്കുന്നതുവരെ നമ്മള്‍ ഈ സമരം തുടരേണ്ടതാണ്.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം