അഫ്ഗാനിസ്താനിലെ കാബൂളിൽ നിന്നു പേരു വെളിപ്പെടുത്താതെ ഒരു സ്ത്രീ ഇന്നലെ 'ദ ഗാർഡിയനി'ൽ എഴുതിയതാണ്. തർജമ ചെയ്യാതിരിക്കാൻ കഴിഞ്ഞില്ല. പുരുഷന്മാർ തുടങ്ങിവെച്ച യുദ്ധത്തിൽ ഇരകളാക്കപ്പെടുന്ന അഫ്ഗാൻ സ്ത്രീകളെക്കുറിച്ചാണ്. താലിബാൻ കാബൂളിൽ ഭരണം പിടിക്കുന്നതിനു തൊട്ടുമുൻപ് അവർ എഴുതിയതാണ്. ഇന്നു പുലർച്ചെ മുതൽ കാബൂളും താലിബാൻ നിയന്ത്രണത്തിലായിക്കഴിഞ്ഞിരിക്കുന്നു. ഇതെഴുതിയ സ്ത്രീയടക്കം ഒരുപാട് അഫ്ഗാൻ സ്ത്രീകളുടെ സ്വപ്‌നങ്ങൾ തകർന്നടിയുന്നു, ഭയം യഥാർഥ്യമാകുന്നു.
എ.എന്‍.ഐ പ്രതിനിധി ഹരി മോഹന്‍ നടത്തിയ സ്വതന്ത്ര പരിഭാഷ
"ഞായറാഴ്ച രാവിലെ ക്ലാസ്സിനായി ഞാൻ യൂണിവേഴ്സിറ്റിയിലേക്കു പോയപ്പോഴാണ് ഡോർമിറ്ററിയിൽ നിന്ന് ഒരുകൂട്ടം സ്ത്രീകൾ പുറത്തേക്ക് ഓടിവരുന്നതു കണ്ടത്. ഞാൻ കാര്യമെന്താണെന്നു ചോദിച്ചു. അപ്പോഴാണ് താലിബാൻ കാബൂളിൽ എത്തിയെന്നറിഞ്ഞത്. ബുർഖ ധരിക്കാത്ത സ്ത്രീകളെ അവർ ഉപദ്രവിക്കുന്നതുകൊണ്ട് പോലീസ് എല്ലായിടവും ഒഴിപ്പിക്കുകയാണ്.
ഞങ്ങൾക്കെല്ലാവർക്കും വീടുകളിലേക്കു പോകണം. പക്ഷേ, പൊതുഗതാഗതം ഉപയോഗിക്കാൻ പറ്റില്ല. ഡ്രൈവർമാർ ഞങ്ങളെ കാറുകളിൽ കയറ്റില്ല. ഒരു സ്ത്രീയെ വാഹനത്തിൽ കയറ്റുന്നതിന്റെ ഉത്തരവാദിത്തമെടുക്കാൻ അവരെക്കൊണ്ടാവില്ല എന്നതുതന്നെ. ഡോർമിറ്ററിയിലുള്ള സ്ത്രീകളിൽ കാബൂളിനു പുറത്തുനിന്നുള്ളവർ എന്തു ചെയ്യണമെന്നറിയാതെ നിൽക്കുകയാണ്. അവർ വല്ലാത്ത ഭയത്തിലാണ്. ഈസമയം ഞങ്ങൾക്കു ചുറ്റുമുള്ള പുരുഷന്മാർ പെൺകുട്ടികളെയും സ്ത്രീകളെയും പരിഹസിക്കുകയായിരുന്നു. ഞങ്ങളുടെ ഭയം കണ്ടിട്ടാണത്. "പോ, പോയി നിങ്ങളുടെ ബുർഖയിടൂ", എന്നാണ് ഒരാൾ പറഞ്ഞത്. "നിങ്ങൾ തെരുവുകളിൽ ഇറങ്ങുന്ന അവസാന ദിവസങ്ങളാണിത്", എന്നായിരുന്നു മറ്റൊരാളുടെ പരിഹാസം. മൂന്നാമതൊരാൾ പറഞ്ഞത് ഇങ്ങനെയാണ് - "ഒറ്റദിവസം കൊണ്ടു നിങ്ങളിൽ നാലുപേരെ ഞാൻ വിവാഹം ചെയ്യാൻ പോവുകയാണ്."
ഇന്ന് ഇക്കാണുന്ന ഞാനാകാൻ എത്ര പകലുകളും രാത്രികളും ഞാൻ കഷ്ടപ്പെട്ടതാണ്. പക്ഷേ, ഇന്നു രാവിലെ ഞാൻ വീട്ടിലെത്തിയപ്പോൾ ഏറ്റവുമാദ്യം ചെയ്തത്, എന്റെയും എന്റെ സഹോദരിമാരുടെയും ഐഡികളും ഡിപ്ലോമകളും സർട്ടിഫിക്കറ്റുകളും ഒളിപ്പിച്ചുവെയ്ക്കുക എന്നതാണ്. വല്ലാതെ തകർന്നുപോയി. ഞങ്ങൾ ഞങ്ങളെക്കുറിച്ചോർത്ത് അഭിമാനിക്കുന്ന എല്ലാറ്റിനെയും ഒളിച്ചുവെക്കുന്നത് എന്തിനാണ്? ഞങ്ങൾ ഞങ്ങളായിത്തന്നെ ജീവിക്കാൻ ഇന്ന് അഫ്ഗാനിസ്താനിൽ കഴിയില്ല.
എല്ലാ സർക്കാർ ഓഫീസുകളും അടച്ചുകഴിഞ്ഞു. അവിടെ ജോലി ചെയ്തിരുന്ന എന്റെ സഹോദരി മൈലുകൾ താണ്ടിയാണു വീട്ടിൽ തിരികെയെത്തിയത്. അവൾ പറയുകയാണ്- "നാലുവർഷം ജനങ്ങളെ സേവിക്കാൻ വേണ്ടി ഞാൻ ഉപയോഗിച്ച എന്റെ കമ്പ്യൂട്ടർ വേദനയോടെ ഞാൻ ഷട്ട് ഡൗൺ ചെയ്തു. കണ്ണീരോടെയാണു ഞാനെന്റെ ഡെസ്ക് വിട്ടത്, സഹപ്രവർത്തകരോടു യാത്ര പറഞ്ഞത്. എനിക്കറിയാം, ഇതെന്റെ ജോലിയുടെ അവസാന ദിവസമാണെന്ന്."
അഫ്‌ഗാനിലെ ഏറ്റവും മികച്ച രണ്ടു യൂണിവേഴ്സിറ്റികളിൽ നിന്നായി ഞാൻ ഒരേസമയം ഡിഗ്രികൾ നേടേണ്ടതായിരുന്നു. നവംബറിൽ അഫ്‌ഗാനിലെ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്നും കാബൂൾ യൂണിവേഴ്സിറ്റിയിൽ നിന്നും എനിക്കതു കിട്ടുമായിരുന്നു. പക്ഷേ, ഇന്നു രാവിലെ അതെല്ലാം എന്റെ കൺമുന്നിൽ വെച്ച് ഒലിച്ചുപോയി.
ഇന്ന് ഇക്കാണുന്ന ഞാനാകാൻ എത്ര പകലുകളും രാത്രികളും ഞാൻ കഷ്ടപ്പെട്ടതാണ്. പക്ഷേ, ഇന്നു രാവിലെ ഞാൻ വീട്ടിലെത്തിയപ്പോൾ ഏറ്റവുമാദ്യം ചെയ്തത്, എന്റെയും എന്റെ സഹോദരിമാരുടെയും ഐഡികളും ഡിപ്ലോമകളും സർട്ടിഫിക്കറ്റുകളും ഒളിപ്പിച്ചുവെയ്ക്കുക എന്നതാണ്. വല്ലാതെ തകർന്നുപോയി. ഞങ്ങൾ ഞങ്ങളെക്കുറിച്ചോർത്ത് അഭിമാനിക്കുന്ന എല്ലാറ്റിനെയും ഒളിച്ചുവെക്കുന്നത് എന്തിനാണ്? ഞങ്ങൾ ഞങ്ങളായിത്തന്നെ ജീവിക്കാൻ ഇന്ന് അഫ്ഗാനിസ്താനിൽ കഴിയില്ല.
ഭയപ്പെട്ട, പേടിച്ചരണ്ട സ്ത്രീകളുടെ മുഖമാണ് എനിക്കു ചുറ്റുമിപ്പോൾ. അവർ പഠിക്കുന്നതിനെ, ജോലി ചെയ്യുന്നതിനെ സ്വതന്ത്രരായി നടക്കുന്നതിനെ എതിർക്കുന്ന പുരുഷന്മാരുടെ നാണംകെട്ട മുഖങ്ങളും എനിക്കു ചുറ്റുമുണ്ട്
പുരുഷന്മാർ തുടങ്ങിവെച്ച ഈ രാഷ്ട്രീയ യുദ്ധത്തിന്റെ ഇരയാണ് ഒരു സ്ത്രീയായ ഞാൻ. എനിക്കിനി ഉറക്കെ ചിരിക്കാൻ കഴിഞ്ഞേക്കില്ല. എനിക്കെന്റെ പ്രിയപ്പെട്ട പാട്ടുകൾ ഇനി കേൾക്കാനായേക്കില്ല. എന്റെ സുഹൃത്തുക്കളെ എനിക്കിനി ഞങ്ങളുടെ ഏറ്റവും ഇഷ്ടമുള്ള കഫേയിൽ വെച്ചു കാണാനായേക്കില്ല. എനിക്കെന്റെ പ്രിയപ്പെട്ട മഞ്ഞ വസ്ത്രവും പിങ്ക് ലിപ്സ്റ്റിക്കും ഇനി ഉപയോഗിക്കാനായേക്കില്ല. എനിക്കെന്റെ ജോലിക്കു പോകാനോ വർഷങ്ങളോളം ഞാൻ അധ്വാനിച്ച എന്റെ യൂണിവേഴ്സിറ്റി ഡിഗ്രി പൂർത്തിയാക്കാനോ ആയേക്കില്ല.
എനിക്കെന്റെ നഖങ്ങൾ മിനുക്കുന്നത് ഇഷ്ടമായിരുന്നു. ഇന്നു വീട്ടിലേക്കു തിരികെപ്പോകുന്ന വഴി ഞാൻ സ്ഥിരമായി പോകാറുണ്ടായിരുന്ന ബ്യൂട്ടി സലൂണിലേക്കൊന്നു നോക്കി. സുന്ദരികളായ സ്ത്രീകളുടെ ചിത്രങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്ന സലൂണിന്റെ മുൻഭാഗം ഇന്നലെ ഒരൊറ്റ രാത്രി കൊണ്ട് വൈറ്റ് വാഷ് ചെയ്യപ്പെട്ടിരിക്കുന്നു.
ഭയപ്പെട്ട, പേടിച്ചരണ്ട സ്ത്രീകളുടെ മുഖമാണ് എനിക്കു ചുറ്റുമിപ്പോൾ. അവർ പഠിക്കുന്നതിനെ, ജോലി ചെയ്യുന്നതിനെ സ്വതന്ത്രരായി നടക്കുന്നതിനെ എതിർക്കുന്ന പുരുഷന്മാരുടെ നാണംകെട്ട മുഖങ്ങളും എനിക്കു ചുറ്റുമുണ്ട്. സ്ത്രീകളെ പരിഹസിക്കുന്ന, അതിൽ സന്തോഷിക്കുന്ന മുഖങ്ങളാണ് എന്നെ ഏറ്റവും ഭയപ്പെടുത്തുന്നത്. ഞങ്ങൾക്കൊപ്പം നിൽക്കുന്നതിനുപകരം അവർ താലിബാനൊപ്പം നിൽക്കുന്നു. അവർക്കു കൂടുതൽ കരുത്തു നൽകുന്നു.
തങ്ങൾക്കു ലഭിച്ച ചെറിയ സ്വാതന്ത്ര്യത്തിനു വേണ്ടിപ്പോലും അഫ്ഗാൻ സ്ത്രീകൾ ഏറെ ത്യാഗം ചെയ്തിട്ടുണ്ട്. പഠിക്കാൻ വേണ്ടി അനാഥയായ ഞാൻ വിരിപ്പുകൾ നെയ്തു. ഒരുപാട് സാമ്പത്തിക പ്രശ്നങ്ങൾ നേരിട്ടെങ്കിലും എനിക്കെന്റെ ഭാവിക്കുവേണ്ടി ഒരുപാടു പദ്ധതികൾ ഉണ്ടായിരുന്നു. ഇതുപോലെ എല്ലാം അവസാനിക്കുമെന്നു ഞാൻ ഒരിക്കലും കരുതിയിരുന്നില്ല.
ഇംഗ്ലീഷ് പഠിപ്പിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ ഞാൻ ടീച്ചറായി ജോലി ചെയ്തിരുന്നു. ഇനി ക്ലാസ്സുകളിൽ ചെന്നുനിന്ന്, അവരെ എബിസികൾ പാടിപഠിപ്പിക്കാൻ എനിക്കിനി കഴിയില്ല എന്നോർക്കുമ്പോൾ സഹിക്കാൻ കഴിയുന്നില്ല.
എന്റെ 24 വർഷത്തെ ജീവിതത്തിൽ ഞാൻ നേടിയ നേട്ടങ്ങളൊക്കെ സ്വയം അഗ്നിക്കിരയാക്കേണ്ടി വരുന്നതുപോലെ തോന്നുന്നു. അമേരിക്കൻ യൂണിവേഴ്സിറ്റിയിലെ ഐഡി കാർഡോ അവാർഡുകളോ ഇനി കൈയിൽ വെക്കുന്നത് അപകടമാണ്. ഇനി സൂക്ഷിച്ചുവെച്ചാൽപ്പോലും അതുപയോഗിക്കാൻ കഴിയില്ല. ഞങ്ങൾക്കിനി അഫ്ഗാനിസ്താനിൽ ജോലിയുണ്ടാവില്ല.
ഓരോ പ്രവിശ്യകളും തകർന്നടിയുമ്പോൾ ഞാൻ എന്നിലെ പെൺകുട്ടിയുടെ മനോഹരമായ സ്വപ്നങ്ങളെക്കുറിച്ച് ആലോചിക്കുകയായിരുന്നു. എനിക്കും എന്റെ സഹോദരിമാർക്കും രാത്രി ഒരുപോള കണ്ണടയ്ക്കാൻ കഴിഞ്ഞിട്ടില്ല. താലിബാൻ കാലത്തേക്കുറിച്ചും അവർ എങ്ങനെയാണു സ്ത്രീകളെ കണ്ടിരുന്നതെന്നും ഉമ്മ ഞങ്ങളോടു പറഞ്ഞ കഥകൾ ഓർക്കുകയായിരുന്നു രാത്രി മുഴുവൻ.
ഒരിക്കൽക്കൂടി ഞങ്ങളുടെ അടിസ്ഥാന അവകാശങ്ങൾ പോലും നഷ്ടപ്പെടുമെന്നോ 20 വർഷം പുറകോട്ടു പോകേണ്ടി വരുമെന്നോ ഒരിക്കൽപ്പോലും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും വേണ്ടി ഞങ്ങൾ 20 വർഷത്തോളം പോരാടിയിട്ട് ഒടുവിൽ ബുർഖകളുടെ പേരിലിപ്പോൾ ഞങ്ങൾ വേട്ടയാടപ്പെടുകയാണ്, ഐഡന്റിറ്റി മറച്ചുപിടിക്കേണ്ടി വരികയാണ്.
കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടെ പ്രവിശ്യകളുടെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തപ്പോൾ നൂറുകണക്കിനു പേരാണു വീടുപേക്ഷിച്ചു പെൺമക്കളെയും ഭാര്യമാരെയും രക്ഷിക്കാൻ വേണ്ടി കാബൂളിലേക്കെത്തിയത്. അവരിവിടെ പാർക്കുകളിൽ, തുറസ്സായ സ്ഥലത്തു കഴിയുകയാണ്. അവർക്കു പണം കണ്ടെത്തി നൽകുന്ന, ഭക്ഷണവും മറ്റു കാര്യങ്ങളും വിതരണം ചെയ്യുന്ന അമേരിക്കൻ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളിൽ ഒരാളായിരുന്നു ഞാനും.
ചില കുടുംബങ്ങളുടെ കഥകൾ കേൾക്കുമ്പോൾ എനിക്കു കരച്ചിലടക്കാൻ കഴിയുന്നില്ല. ഒരാൾക്ക് അവരുടെ മകനെ യുദ്ധത്തിൽ നഷ്ടപ്പെട്ടു. അതോടെ കാബൂളിലേക്കു പോരാൻ ടാക്സിക്കു പണമില്ലാതെ വന്നപ്പോൾ മരുമകളെ അതിനു പകരം നൽകേണ്ടി വന്നു. ഒരു സ്ത്രീ, ഒരു യാത്രയ്ക്കു വരുന്ന ചിലവിനു പകരമാകുന്നത് എങ്ങനെയാണ്?
ഇന്നിപ്പോൾ ഞാൻ കേട്ടു, താലിബാൻ കാബൂളിലെത്തിയെന്ന്. ഞാൻ ഇനിയൊരു അടിമയായേക്കും. അവർക്കിഷ്ടമുള്ള രീതിയിൽ എന്റെ ജീവിതം വെച്ച് അവർക്കിനി എന്തു വേണമെങ്കിലും ചെയ്യാം.
ഇംഗ്ലീഷ് പഠിപ്പിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ ഞാൻ ടീച്ചറായി ജോലി ചെയ്തിരുന്നു. ഇനി ക്ലാസ്സുകളിൽ ചെന്നുനിന്ന്, അവരെ എബിസികൾ പാടിപഠിപ്പിക്കാൻ എനിക്കിനി കഴിയില്ല എന്നോർക്കുമ്പോൾ സഹിക്കാൻ കഴിയുന്നില്ല. എന്റെ ക്ലാസ്സിലെ പെൺകുട്ടികൾ ഇനിമുതൽ പഠനം നിർത്തി വീട്ടിൽത്തന്നെ കഴിയണമെന്നോർക്കുമ്പോൾ കരയാതിരിക്കാനാവുന്നില്ല."