എത്ര പെട്ടെന്നാണ് 'അവള്‍' അവള്‍ക്കൊപ്പം എന്ന പ്രചാരണ പരിപാടിയില്‍ നിന്നും 'ദുരൂഹത'യിലേക്ക് മാറ്റിനിര്‍ത്തപ്പെട്ടത്! കത്തുള്ള എല്ലാ കാര്യങ്ങളും തങ്ങളുടെ ക്ഷുദ്രമായ ചക്കളത്തിപ്പോരാട്ടങ്ങളുടെ ചുറ്റിനുമാണ് നടക്കുന്നത് എന്ന് ധരിക്കുന്ന അസാമാന്യമായ ഔദ്ധത്യത്തിനു മാത്രമാണ് ദിലീപ് പ്രതിയായ കേസില്‍ ആണ്‍വേഷം ശരിയായ രീതിയാലല്ലെന്നും കേസ് പല ഘട്ടങ്ങളിലായി അട്ടിമറിക്കപ്പെടുകയാണെന്നും അതിനു ഭരണസ്വാധീനമുള്ളവരും ഇടപെടുന്നു എന്നും പറഞ്ഞു നല്‍കിയ ഹര്‍ജിക്ക് പിന്നില്‍ തൃക്കാക്കാര ഉപതെരഞ്ഞെടുപ്പിലെ രാഷ്ട്രീയ അടവായി അതിനെ വിശേഷിപ്പിക്കാന്‍ കഴിയൂ.
ലൈംഗികാതിക്രമണത്തിനു ഇരയായ സ്ത്രീകള്‍ മുഖവും പേരും മറച്ചുവെച്ചുകൊണ്ട് ജീവിതം മുഴുവന്‍ മാഞ്ഞുപോകുമ്പോള്‍ അനീതി നേരിട്ട താനെന്തിനാണ് മുഖം മറയ്ക്കേണ്ടതെന്നു അതിധീരമായി പറഞ്ഞുകൊണ്ട് പൊതുസമൂഹത്തിനു മുന്നിലേക്ക് വന്നൊരു സ്ത്രീയെയാണ് ഒരു ഉപതെരഞ്ഞെടുപ്പിലെ രാഷ്ട്രീയക്കരുവായി കളിക്കാന്‍ തയ്യാറായി എന്ന് കോടിയേരി ബാലകൃഷ്ണനും ഈ മന്ത്രിസഭയിലെ നിര്‍ഗുണന്മാരില്‍ അഗ്രസേനനായ ആന്റണി രാജുവും ആക്ഷേപിക്കുന്നത്.
കഴിഞ്ഞ അഞ്ചു വര്‍ഷമായി നീതിക്കുവേണ്ടി നടത്തുന്നൊരു പോരാട്ടത്തില്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടൊരു ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു എന്നൊരു ആക്ഷേപം ഉന്നയിക്കണമെങ്കില്‍ എന്തുമാത്രം സങ്കുചിതമായിരിക്കണം ഈ രാഷ്ട്രീയ മേലാളന്മാരുടെ ചിന്ത. വിചാരണക്കോടതി ജഡ്ജിയെ മാറ്റുന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച ഹര്‍ജി തൃക്കാക്കരക്ക് വേണ്ടി പാകപ്പെടുത്തിയ രാഷ്ട്രീയ ഗൂഢാലോചനയാക്കി അവതരിപ്പിക്കുന്നത് ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീയെ വീണ്ടും ആക്രമിക്കിക്കുന്നതിനു തുല്യമാണ്.
സര്‍ക്കാരിനെതിരെ എന്തെങ്കിലും തരത്തില്‍ വിമര്‍ശനം ഉന്നയിച്ചാല്‍ ഉടനെത്തന്നെ അതൊക്കെ ഗൂഢാലോചനയാണെന്ന് കരുതുന്നത് സര്‍ക്കാരിനും അതിന്റെ കാരണഭൂത തമ്പ്രാന്മാര്‍ക്കും തെറ്റൊന്നും പറ്റില്ലെന്ന് ജനത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമവും അപ്രമാദിത്തത്തിന്റെ ഹുങ്കാരവുമാണ്. തന്റെ കുട്ടിയെ തന്റെ സമ്മതമില്ലാതെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയടക്കം ഒത്താശയോടെ കൈമാറ്റം ചെയ്തു എന്ന് ആരോപിക്കുകയും അതിനു പരിഹാരം തെറ്റി മുഖ്യമന്ത്രിയെ അടക്കം ബന്ധപ്പെട്ടെങ്കിലും സഹായം ലഭിച്ചില്ല എന്ന് പറയുകയും ചെയ്തതോടെ ആ സ്ത്രീക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലും അല്ലാതെയും പുല്ലും പുലയാട്ടും വിളിച്ചുപറയാന്‍ നേതൃഭക്തി തെളിയിക്കാന്‍ ഏറ്റെടുക്കുകയായിരുന്നു ഒരു വിഭാഗം.
ആ പ്രശ്‌നത്തിലെ നിയമലംഘനവും നീതിരാഹിത്യവും പരിശോധിക്കാതെ അത്തരത്തിലൊരു പ്രതികരണം അവര്‍ നടത്തിയത് ഒറ്റക്കാരണം കൊണ്ടാണ്; മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തി. ഇതേ മാതൃകയിലാണ് ഇപ്പോള്‍ ആക്രമിക്കപ്പെട്ട നടിയെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ 'ദുരൂഹതയിലേക്ക്' പാര്‍ട്ടി സെക്രട്ടറി തള്ളിയിടുന്നത്. അതിജീവിതക്കൊപ്പം നില്‍ക്കുമെന്നല്ല, തങ്ങള്‍ക്കു ചുറ്റും സമ്പൂര്‍ണ്ണ വിധേയത്വവുമായി നില്‍ക്കുന്നവര്‍ക്കൊപ്പം മാത്രം നില്‍ക്കുമെന്നാണ് സര്‍ക്കാരും പാര്‍ട്ടിയും പറയുന്നത്. രൂപം കൊണ്ടിട്ട് ഒരു നൂറ്റാണ്ടോളമായിട്ടും സംസ്ഥാന സെക്രട്ടേറിയറ്റല്‍ തങ്ങള്‍ക്കൊപ്പമിരിക്കാന്‍ ഒരു സ്ത്രീ മാത്രമേ പാകമായിട്ടുള്ളു എന്ന് തീരുമാനിച്ച ഒരു ആണധികാര സംഘത്തിന് തന്റെ ജീവിതംതന്നെ ആണധികാരവ്യവസ്ഥയോടും അതിന്റെ ആക്രമണത്തോടുമുള്ള ഒരു പോരാട്ടമാകേണ്ടിവന്ന ഒരു സ്ത്രീയെ, അതുപോലുള്ള സ്ത്രീകളെ തിരിച്ചറിയാന്‍ കഴിയാതെപ്പോയത് അത്ഭുതമുണ്ടാക്കുന്നില്ല. പക്ഷെ ചരിത്രത്തില്‍ നിങ്ങളോര്‍മ്മിക്കപ്പെടുന്നത് എത്രമാത്രം പരിതാപകരമായ ഒരു രാഷ്ട്രീയ-സാമൂഹ്യബോധത്തിന്റെ വഷളന്‍ പ്രതിനിധികളായിട്ടായിരിക്കുമെന്ന് നിങ്ങള്‍ക്ക് മനസിലാക്കാനും ഇടയില്ല.