"നോക്കൂ നിങ്ങൾ.. ഞാൻ വായിക്കുന്ന പുസ്തകങ്ങളാണിത്. വളരെ ഗൗരവമായി ഈ ലോകത്തെക്കുറിച്ച് ഞാൻ ചിന്തിക്കാറുണ്ട്. ലോകം ചിന്തിക്കേണ്ട പലവിധ വിഷയങ്ങളെക്കുറിച്ചാണ് ഞാൻ പറയുന്നത്. പക്ഷേ പറഞ്ഞു വരുമ്പോൾ അത് കോമഡിയാവുകയാണ്. "
സിനിമകളിൽ താൻ ഇംപ്രവൈസ് ചെയ്യുന്ന കോമഡി രംഗങ്ങളെക്കുറിച്ച് വിവേക് ഒരു ഇൻ്റർവ്യൂവിൽ പറഞ്ഞതാണ്. ഇത് കേൾക്കുമ്പോൾ ഞാനോർത്തത് വിക്രമിൻ്റെ തട്ടുപൊളിപ്പൻ ആക്ഷൻ സിനിമ 'സാമി' യിൽ വിവേക് ചെയ്ത വെങ്കിട്ടരാമ അയ്യങ്കാർ എന്ന ക്യാരക്ടറാണ്. എത്ര ഭംഗീരമായാണ് അയാൾ ജാതി ദുരഭിമാനത്തെയും അന്ധവിശ്വാസങ്ങളെയും കൊന്നുകൊലവിളിച്ച് രാഷ്ട്രീയ ഹാസ്യത്തിൻ്റെ കൊടിനാട്ടിയത്. ബലാൽക്കാരത്തിൻ്റെ പാപം ഇരയെ കെട്ടിയാൽ തീരുമെന്ന ആണഹന്തയുടെ മുഖത്ത് ഫലിതം കൊണ്ട് തുപ്പുന്നുണ്ട് വിവേകിൻ്റെ സൂപ്പർ സുബ്ബു.
നിരക്ഷരരും പാവപ്പെട്ടവരുമായ പ്രേക്ഷകരെ മയക്കുന്ന മുഖ്യധാരാ സിനിമയിൽ തനിക്ക് കിട്ടുന്ന ഇത്തിരിയിടങ്ങളിൽ ജനപ്രിയ പൊതുബോധ മൂല്യങ്ങളെ വിചാരണ ചെയ്യുന്ന ഫലിതങ്ങൾ അക്കാഡമിക് പ്രഭാഷണ സദസ്സുകളിൽ ഒരിക്കലും എത്താൻ സാദ്ധ്യതയില്ലാത്ത ഒരു സമൂഹത്തോടാണ് സംവദിച്ചത്. അതിന് വലിയ മാനങ്ങളുണ്ട്.
വിവേക് വിവിധ പ്രതിഭകളുമായി നടത്തിയ അഭിമുഖങ്ങൾ കാണണം. അതുപോലെ അദ്ദേഹം അവതാരകനാവുന്ന ചടങ്ങുകളും. എന്തൊരു ഊർജ്ജസ്വല സാന്നിദ്ധ്യമാണത്.!
എ.പി.ജെ അബ്ദുൾ കലാമിൻ്റെ ഓർമ്മയിൽ അദ്ദേഹമാരംഭിച്ച ഗ്രീൻ കലാം ഇനീഷിയേറ്റീവ് തമിഴകത്തിൻ്റെ ഊഷരമായ ഇടങ്ങൾ ഹരിതാഭമാക്കാനുള്ള പരിശ്രമത്തിലാണ്. മനുഷ്യർക്കുള്ള സ്മാരകങ്ങൾ സൗധങ്ങളും സ്തൂപങ്ങളുമല്ല ,തണലും തണുപ്പുമേകുന്ന വൃക്ഷങ്ങളാണെന്ന വിവേകമേ അഭിവാദ്യങ്ങൾ.
എൺപതുകളിൽ ചെന്നൈയിലെ മദ്രാസ് ഹ്യൂമർക്ലബ്ബിൽ സ്റ്റാൻഡ് അപ്പ് കോമഡി അവതരിപ്പിച്ച് ശ്രദ്ധേയനായ യുവാവ്. സെക്രട്ടറിയറ്റ് ജീവനക്കാരനായ വിവേകാനന്ദൻ. ക്ലബിൻ്റെ സ്ഥാപകനായ പി.ആർ ഗോവിന്ദരാജാണ് കെ.ബാലചന്ദ്രർക്ക് വിവേകാനന്ദനെ പരിചയപ്പെടുത്തിയത്. ആ പരിചയമാണ് വിവേകാനന്ദനെ ഇന്നു നാമറിയുന്ന വിവേക് ആക്കിയത്. ബാലചന്ദ്രറിൻ്റെ തിരക്കഥകളിലെ ഹാസ്യരംഗങ്ങളിൽ ഇടപെട്ടുകൊണ്ടാണ് വിവേക് തൻ്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. സിറ്റുവേഷനും ആർടിസ്റ്റും തമ്മിലുള്ള കോമ്പിനേഷനും ആ അതുല്യപ്രതിഭയുടെ ഇംപ്രവൈസേഷനുമാണ് നാം കാണുന്ന വിവേക് തമാശകൾ.കോമാളിയുടെ കൈപിടിച്ച് വിവേക് യാത്രയായി. വിട..
ഹാസ്യതാരം മാത്രമായിരുന്നോ വിവേക്? 'വെള്ളൈപ്പൂക്കൾ ' ലെ ഡി.ഐ.ജി രുദ്രൻ അതിന് മറുപടി തരും.
ആഴമുള്ള ചിരികളെ ഓർമ്മയാക്കി, രംഗബോധമില്ലാത്ത