ഈ പെരുന്നാളിന് മുസ്തഫയ്ക്ക് ഭാര്യയുടെയും മക്കളുടെയും അടുത്തെത്താനായിട്ടുണ്ടാകുമോ ?

ഈ പെരുന്നാളിന് മുസ്തഫയ്ക്ക് ഭാര്യയുടെയും മക്കളുടെയും അടുത്തെത്താനായിട്ടുണ്ടാകുമോ ?
Published on

ഇരുനൂറു മീറ്റർ അകലത്ത് ഇസ്രായേൽ കെട്ടിത്തിരിച്ച മതിലുകൾക്കും മുള്ളുവേലികൾക്കുമപ്പുറം താമസിക്കുന്ന കുടുംബത്തിനടുത്തെത്താൻ മുസ്തഫ നടത്തുന്ന സാഹസങ്ങളുടെയും ഏറ്റുവാങ്ങുന്ന അപമാനങ്ങളുടെയും ഒരു ദിവസത്തിലേറെ നീണ്ടു നിൽക്കുന്ന ഭീതി ജനകമായ യാത്രയുടെയും കഥയാണ് കഴിഞ്ഞ IFFK യിൽ പ്രദർശിപ്പിച്ച 200 meters എന്ന സിനിമ.

ഇസ്രായേൽ കയ്യേറി കൈവശം വച്ച് മതിലു കെട്ടി തിരിക്കുന്ന ഇടങ്ങളിലേക്ക് കുടുംബക്കാരെ കാണാനോ ആശുപത്രിയിൽ പോവാനോ ജോലി ചെയ്യാനോ പോകേണ്ടി വരുമ്പോൾ പ്രവേശന പാസ് കിട്ടുന്നതു മുതൽ ബാഗ് പരിശോധനയും ദേഹപരിശോധനയും വിദ്വേഷവും പരിഹാസവും കലർന്ന വാക്കുകളുമടക്കം ഒരു പലസ്തീനിയൻ പൗരൻ ഏറ്റുവാങ്ങേണ്ടി വരുന്ന അപമാനങ്ങൾ ആ സിനിമയിൽ സൂക്ഷ്മമായി കാണാനാവും.

ഒരു ജനത അവരെ നയിക്കാൻ തെരെഞ്ഞെടുത്ത ഹമാസ് നമുക്ക് ഇപ്പോഴും ഒരു ഭീകര സംഘടനയാണ്. ന്യായീകരിക്കാനാവാത്ത അധിനിവേശങ്ങളും സമാനതകളില്ലാത്ത ക്രൂരതകൾ പലസ്തീനിയൻ ജനതയോട് കാണിക്കുന്ന ഇസ്രായേൽ ഒരു ആധികാരിക രാഷ്ട്ര രൂപവും.
200 Meters movie still
200 Meters movie still

രാജ്യാന്തര മാദ്ധ്യമങ്ങൾ മുതൽ പ്രാദേശിക മാദ്ധ്യമങ്ങൾ വരെ റിപ്പോർട്ട് ചെയ്യുമ്പോലെ ഇസ്രായേലിനും പലസ്തീനും ഇടയിലുള്ളത് രണ്ട് രാഷ്ട്രങ്ങൾ തമ്മിലുള്ള സംഘർഷമല്ല. ഈ രക്തച്ചൊരിച്ചിലുകൾ ഒരു യുദ്ധത്തിന്റെ സൃഷ്ടിയുമല്ല. ഇസ്രായേലിന്റെ ഏകപക്ഷീയമായ കടന്നാക്രമണങ്ങളാണ്.

" ഇസ്രായേൽ ഒക്യുപ്പെഡ് പലസ്തീൻ" പ്രദേശങ്ങളുടെ ഭൂവിസ്തൃതി വർഷാവർഷങ്ങളിൽ വർദ്ധിച്ചു വരുന്നതിന്റെ ഭൂപട ചിത്രങ്ങൾ പരിശോധിച്ചാൽ അതറിയാൻ സാധിക്കും. ഒരു ജനത അവരെ നയിക്കാൻ തെരെഞ്ഞെടുത്ത ഹമാസ് നമുക്ക് ഇപ്പോഴും ഒരു ഭീകര സംഘടനയാണ്. ന്യായീകരിക്കാനാവാത്ത അധിനിവേശങ്ങളും സമാനതകളില്ലാത്ത ക്രൂരതകൾ പലസ്തീനിയൻ ജനതയോട് കാണിക്കുന്ന ഇസ്രായേൽ ഒരു ആധികാരിക രാഷ്ട്ര രൂപവും. മുഖ്യധാര മാദ്ധ്യമങ്ങൾ സൃഷ്ടിക്കുന്ന നരേറ്റീവുകളുടെയും പൊതുബോധത്തിന്റെയും അറബ് വിരുദ്ധ / മുസ്ലിം വിരുദ്ധ മനോഭാവത്തിന്റെ സൃഷ്ടിയാണത്.

സ്വയം നിർണ്ണയാവകാശമുള്ള ഒരു രാഷ്ട്രമെന്ന പലസ്തീനിയൻ ജനതയുടെ അഭിലാഷങ്ങൾക്ക് അവർ തുർക്കിക്ക് കീഴിലായിരുന്ന കാലത്തോളം പഴക്കമുണ്ട്. ഒന്നാം ലോക മഹായുദ്ധാനന്തരം നടന്ന രാജ്യാന്തര സമാധാന വിനിമയങ്ങളിൽ ബ്രിട്ടൺ, ഫ്രാൻസ് തുടങ്ങിയ രാഷ്ട്രങ്ങളടക്കം സ്വതന്ത്ര പലസ്തീനെ പിന്തുണയ്ക്കുന്നുണ്ട്.

പക്ഷേ ഔപചാരിക വേദികളിൽ പലസ്തീനു വേണ്ടി സംസാരിച്ച ബ്രിട്ടൺ ആ ദേശത്തിന്റെ ആധിപത്യമേറ്റെടുത്തതോടെയാണ് സയണിസ്റ്റ് വികാരമുയർത്തിപ്പിടിച്ച ജൂതരുടെ ഒഴുക്ക് അവിടേക്കുണ്ടായത്. ഭാഷയെയും ഭൂമിശാസ്ത്ര സവിശേഷതകളെയും മുൻ നിർത്തി ആധുനിക ജനാധിപത്യ ദേശരാഷ്ട്രങ്ങൾ രൂപീകൃതമാവുന്ന ചരിത്ര സന്ദർഭത്തിൽ മതത്തെ മുന്നിൽ നിർത്തിയുള്ള ഒരു രാഷ്ട്ര രൂപീകരണത്തിന്റെ ഗൂഢാലോചനയും നിർവഹണവുമാണ് പിന്നീട് ഘട്ടം ഘട്ടമായി നടന്നത്.

രണ്ടാം ലോകയുദ്ധ സന്ദർഭത്തിൽ ഹിറ്റ്ലറുടെ ജർമ്മനിയിൽ നടന്ന ജൂത ഹോളോകാസ്റ്റ് പലസ്തീനിലേക്കുള്ള ജൂത പ്രവാഹത്തിന്റെ തോതുകൂട്ടി. 1930 കളുടെ പകുതി കഴിയുമ്പോഴേക്കും പലസ്തീന്റെ ജനസംഖ്യയിൽ പകുതിയോളം ജൂതരാവുന്നുണ്ട്.

ലോകത്തെ വിവിധ ഭാഷ സംസാരിക്കുന്ന, പല തലമുറകളിൽ പല ദേശ സംസ്കൃതികളിൽ ഇഴുകിച്ചേർന്ന ജൂതർ ഒത്തൊരുമിച്ചൊരു ദേശവും ഒരു ഭാഷയുമാവുന്നത് കണ്ണഞ്ചിക്കുന്ന വേഗത്തിലാണ്. പക്ഷേ , ഹിറ്റ്ലറുടെ കാലത്ത് ഏറ്റവും വലിയ പീഢാനുഭവങ്ങൾ ഏറ്റുവാങ്ങിയവർ അതിലേറെ ക്രൂരമായി പലസ്തീനിലെ അറബികളോട് പെരുമാറുന്നതാണ് പിന്നീട് ലോകം കണ്ടത്.

മതപ്രമാണങ്ങളല്ലാതെ , കൃസ്തുവിന്റെ പിറവി തൊട്ടിങ്ങോട്ടുള്ള ഒരു കാലത്തും ജൂതരുടേതാണ് ഈ ഭൂമി എന്നതിന് തെളിവുകളൊന്നുമില്ല. ബഹുമത / ബഹുഭാഷാ ദേശീയതകളിലേക്ക് ലോകം വികസിക്കുന്ന ഒരു കാലത്താണ് ജൂതരുടെ വാഗ്ദത്ത രാഷ്ട്രം എന്ന മിത്തിനെ മുൻനിർത്തി ഒരു ദേശത്തെ നിലക്കാത്ത രക്തപ്രവാഹത്തിലേക്ക് തള്ളിവിട്ടത്.

കാലഹരണപ്പെട്ട മിസൈലുകളേക്കാളും അതി തീവ്ര വൈകാരികതയ്ക്കുമപ്പുറം രാജ്യാന്തര സമൂഹത്തോട് കുറെക്കൂടി ക്രിയാത്മകമായി സംവദിച്ച യാസർ അറാഫത്തിന്റെ രീതികളെ ഹമാസ് അടക്കമുളള സംഘടനകൾ അംഗീകരിക്കുമോ ?
200 Meters movie still
200 Meters movie still

ചരിത്രം ഒരിക്കലും വന്ന വഴികളിലൂടെ തിരികെപ്പോവുകയില്ല. എല്ലായ്പോഴും ശരികളും നീതിയും വിജയിച്ച ഒരു മുത്തശ്ശിക്കഥയുമല്ല. ഏത് ഗൂഢാലോചനയുടെയും നീതികേടിന്റെയും ചരിത്രമുണ്ടായാലും ഇസ്രായേൽ ഒരു രാഷ്ട്രമാണ്. അതൊരു യാഥാർത്ഥ്യമാണ്. വെസ്റ്റ് ബാങ്കിലും ഗാസയിലും പിന്നെ ഇസ്രായേൽ ഇപ്പോഴും ഒക്യുപൈ ചെയ്ത് മുള്ളുവേലികൾ കെട്ടിക്കൊണ്ടിരിക്കുന്നുവെന്നതും യാഥാർത്ഥ്യമാണ്. ഈ മുള്ളുവേലികൾക്കിടയിൽ മനുഷ്യരനുഭവിക്കുന്ന അപമാനവും വേദനയും യാഥാർത്ഥ്യമാണ്. ഓരോ സൈനിക നീക്കങ്ങളിലും ദൂരദേശങ്ങളിലേക്ക് ഓടിപ്പോവേണ്ടി വരുന്ന പലസ്തീനിയൻ മനുഷ്യരും യാഥാർത്ഥ്യമാണ്. വേദനാജനകമെങ്കിലും ഈ യാഥാർത്ഥ്യങ്ങൾ തമ്മിലംഗീകരിക്കുക എന്നത് മാത്രമാവും പോംവഴി എന്ന് തോന്നുന്നു. പില്ക്കാല അധിനിവേശ ഭൂമിയെങ്കിലും അറബ് ജനതയ്ക്ക് വിട്ടു നൽകാനും അവരെ മുള്ളുവേലികളിൽ നിന്ന് സ്വതന്ത്രരാക്കാനും ഇസ്രായേലിന് കഴിയുമോ ?

കാലഹരണപ്പെട്ട മിസൈലുകളേക്കാളും അതി തീവ്ര വൈകാരികതയ്ക്കുമപ്പുറം രാജ്യാന്തര സമൂഹത്തോട് കുറെക്കൂടി ക്രിയാത്മകമായി സംവദിച്ച യാസർ അറാഫത്തിന്റെ രീതികളെ ഹമാസ് അടക്കമുളള സംഘടനകൾ അംഗീകരിക്കുമോ ?

ഇരുനൂറ് മീറ്റർ അകലെ നിന്ന് ബാൽക്കണിയിലെ വർണ്ണ വിളക്കുകൾ തെളിച്ചും കെടുത്തിയും സൽവയും കുഞ്ഞുങ്ങളും ഇന്ന് മുസ്തഫയ്ക്ക് പെരുന്നാൾ സന്ദേശങ്ങൾ കൈ മാറുന്നുണ്ടാവും. വീൽ ചെയറിൽ കൊണ്ടുവന്ന് ഇരുത്തിയ ഉമ്മൂമ്മായുടെ കണ്ണീർ കുഞ്ഞുങ്ങൾ വീഡിയോ കോളിൽ തുടയ്ക്കുന്നുണ്ടാവും. പൊടുന്നനെ പതിക്കുന്ന മിസൈലുകളും ഷെല്ലകളും അവരുടെ തലയിൽ പതിക്കാതെ പോവട്ടെ, ഇടുക്കി സ്വദേശി സൗമ്യയുടെ ജീവിത മോഹങ്ങളിലെന്ന പോലെ.

Related Stories

No stories found.
logo
The Cue
www.thecue.in