'ഈ മോളെ തന്നില്ലേല്‍ വോട്ടില്ല', പൊട്ടിക്കരഞ്ഞ് ബിന്ദുകൃഷ്ണ; കണ്ണീരോടെ പ്രവര്‍ത്തകരും

'ഈ മോളെ തന്നില്ലേല്‍ വോട്ടില്ല', പൊട്ടിക്കരഞ്ഞ് ബിന്ദുകൃഷ്ണ; കണ്ണീരോടെ പ്രവര്‍ത്തകരും
Published on

കൊല്ലത്ത് ബിന്ദു കൃഷ്ണ സീറ്റ് നിഷേധിക്കുന്നതില്‍ കോണ്‍ഗ്രസിനകത്ത് പ്രതിഷേധം തുടരുന്നു. ബിന്ദു കൃഷ്ണയെ കൊല്ലത്ത് നിന്ന് മാറ്റിയാല്‍ വോട്ട് ചെയ്യില്ലെന്നാണ് ഒരു വിഭാഗം പറയുന്നത്. മല്‍സ്യത്തൊഴിലാളി മേഖലയില്‍ നിന്നുള്ള വനിതാ പ്രവര്‍ത്തകര്‍ ബിന്ദു കൃഷ്ണയെ കാണാനെത്തിയത് വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്ക് വഴിയൊരുക്കി. കണ്ണീരണിഞ്ഞാണ് ഇവരുടെ പ്രതികരണം.

'ബിന്ദു കൃഷ്ണയെ ഞങ്ങള്‍ക്ക് തന്നേ തീരൂ. ഇല്ലെങ്കില്‍ ഞങ്ങള്‍ വോട്ട് ചെയ്യില്ല. ബിന്ദു കൃഷ്ണയെ തീരദേശത്തിന്റെ പ്രതിനിധിയായി തന്നില്ലെങ്കില്‍, ഞങ്ങളുടെ സഹോദരിയായി തന്നില്ലെങ്കില്‍, ഞങ്ങളുടെ മകളായി തന്നില്ലെങ്കില്‍ ഞങ്ങള്‍ പിന്നോട്ടല്ല, മുന്നോട്ടാണ്'

ഞങ്ങളുടെ കണ്ണീരൊപ്പാനിരുന്ന വ്യക്തിയാണ് ബിന്ദു കൃഷ്ണ. അവരെ കവിഞ്ഞ് ഇവിടെ ആര് നിന്നാലും തോല്‍പ്പിക്കും", മത്സ്യത്തൊഴിലാളികളുടെ പൂര്‍ണ്ണപിന്തുണ ബിന്ദുവിനുണ്ടെന്നും പ്രവര്‍ത്തകര്‍

ബിന്ദു കൃഷ്ണക്ക് സീറ്റ് നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് രണ്ട് ബ്ലോക്ക് കമ്മറ്റി പ്രസിഡന്റുമാരും മുഴുവന്‍ മണ്ഡലം പ്രസിഡന്റുമാരും രാജിവെച്ചിരുന്നു. ബിന്ദു കൃഷ്ണയും പൊട്ടിക്കരഞ്ഞാണ് പ്രവര്‍ത്തകരോട് പ്രതികരിച്ചത്. പരസ്യ പ്രതിഷേധം ഒഴിവാക്കണമെന്ന് ബിന്ദു കൃഷ്ണ ഇവരോട് അഭ്യര്‍ത്ഥിച്ചു.

കൊല്ലത്ത് ഉമ്മന്‍ചാണ്ടിയുടെ പിന്തുണയുള്ള എ വിഭാഗം നേതാവ് പി സി വിഷ്ണുനാഥിനെയാണ് നിലവില്‍ പരിഗണിക്കുന്നത്. കൊല്ലത്തിന് പകരം കുണ്ടറയില്‍ മല്‍സരിക്കാനാണ് ബിന്ദു കൃഷ്ണയോട് നേതൃത്വം ആവശ്യപ്പെട്ടതെന്നറിയുന്നു. പിണറായി വിജയനെതിരെ ധര്‍മ്മടത്ത് മല്‍സരിക്കുന്നതിലും ഭയമില്ല. കൊല്ലം കേന്ദ്രമായി നാലര വര്‍ഷമായി താന്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ കൊല്ലം സീറ്റിലാണ് മത്സരിക്കേണ്ടതെന്നാണ് ബിന്ദുവിന്റെ നിലപാട്.

Related Stories

No stories found.
logo
The Cue
www.thecue.in