ബിഗ് ബോസ്സ് അതിക്രമം, രജിത് കുമാറിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയെന്ന് വാര്‍ത്താ ഏജന്‍സി
ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോ ബിഗ് ബോസ്സ് മലയാളം സീസണ്‍ സെക്കന്‍ഡ് മത്സരാര്‍ത്ഥി ഡോ രജത്കുമാറിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയെന്ന് വാര്‍ത്താ ഏജന്‍സി ഐ എ എന്‍ എസിനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍. സഹമത്സരാര്‍ത്ഥിയായ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതിനെ തുടര്‍ന്ന് ഡോ.രജിത് കുമാറിനെ ബിഗ് ബോസ് ഹൗസില്‍ നിന്ന് താല്‍ക്കാലികമായി പുറത്താക്കിയിരുന്നു. ബിഗ് ബോസ് നിയമങ്ങള്‍ ലംഘിച്ചെന്ന് കാട്ടിയാണ് മാറ്റിയത്. ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 324, സെക്ഷന്‍ 323, സെക്ഷന്‍ 325 എന്നിവ പ്രകാരം ഗുരുതര കുറ്റകൃത്യമാണ് രജിത്കുമാര്‍ ചെയ്തതെന്നും ഷോ നടക്കുന്നത് ചെന്നൈ ഇവിപി ഫിലിം സിറ്റിയില്‍ ആയതിനാല്‍ ചെന്നൈ പൊലീസിന് സ്വമേധയാ കേസെടുക്കാനാകുമെന്നും ഐബി ടൈംസ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്തയെ ആധാരമാക്കിയാണ ന്യൂസ് ഏജന്‍സിയും ഔട്ട്‌ലുക്ക്, ന്യൂസ് 18 പിങ്ക് വില്ല തുടങ്ങിയ വെബ് സൈറ്റുകളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മാര്‍ച്ച് 10ന് സംപ്രേഷണം ചെയ്ത ബിഗ് ബോസ്സ് സീസണ്‍ ടുവിലെ 66ാം എപ്പിസോഡിലായിരുന്നു് ഡോ.രജിത്കുമാറിന്റെ അക്രമം. സ്‌കൂള്‍ ടാസ്‌ക് എന്ന പേരില്‍ മത്സരാര്‍ത്ഥികളെ വിദ്യാര്‍ത്ഥികളായും അധ്യാപകരായും തരംതിരിച്ചുള്ള ഗെയിമില്‍ വിദ്യാര്‍ത്ഥിയായെത്തിയ ഡോ.രജിത്കുമാര്‍ രേഷ്മയ്ക്ക് പിറന്നാള്‍ സമ്മാനം നല്‍കുന്നുവെന്ന പേരില്‍ രണ്ട് കണ്ണിലും മുളക് തേക്കുകയായിരുന്നു. ഇതിന് പിന്നാലെ രേഷ്മ കണ്ണിന് ചികിത്സ തേടി. ബിഗ് ബോസ്സ് സീസണ്‍ ടുവിലെ ഏറ്റവും ആരാധകരുള്ള മത്സരാര്‍ത്ഥിയാണ് ഡോ.രജിത് കുമാര്‍.
അശാസ്ത്രീയ പ്രചരണങ്ങളിലൂടെയും സ്ത്രീവിരുദ്ധ പ്രഭാഷണങ്ങളിലൂടെയും ചര്‍ച്ചയായ ഡോ.രജിത്കുമാറിനെ ബിഗ് ബോസ്സ് മത്സരാര്‍ത്ഥിയാക്കിയതിന് എതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഡോ.രജിത്കുമാറിനെ ബിഗ് ബോസ്സ് ഹൗസില്‍ എതിര്‍ക്കുന്നതോ, വിമര്‍ശിക്കുന്നതോ ആയ മത്സരാര്‍ത്ഥികള്‍ക്കെതിരെ രജിത് കുമാര്‍ ഫാന്‍ സൈബര്‍ ആക്രമണം നടത്തുന്നതും വിവാദമായിരുന്നു. നേരത്തെ ഹൗസില്‍ നിന്ന് പുറത്തായ നടി മഞ്ജു പത്രോസിന്റെ കുടുംബം രജിത്കുമാര്‍ ആരാധകര്‍ വ്യക്തിയധിക്ഷേപം നടത്തുകയും മഞ്ജുവിനെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നുവെന്നും കാട്ടി രംഗത്ത് വന്നിരുന്നു. ടിവി അവതാരകയും അഭിനേത്രിയുമായ ആര്യ, വീണാ നായര്‍, ജസ്ല മാടശേരി എന്നിവര്‍ക്കെതിരെയും രജത് ആരാധകര്‍ സൈബര്‍ ആക്രമണവുമായി സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായിരുന്നു.
ബിഗ് ബോസ്സ് സീസണ്‍ സെക്കന്‍ഡിലെ ഏറ്റവും ആരാധകരുള്ള മത്സരാര്‍ത്ഥിയായ രജിത്കുമാറിനെ പുറത്താക്കി പരിപാടിയുടെ നിര്‍മ്മാതാക്കളായ എന്‍ഡമോള്‍ ഷൈന്‍ ഇന്ത്യ മുന്നോട്ട് പോകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡോ.രജിത്കുമാറിനെ അറസ്റ്റ് ചെയ്യുമെന്ന മാധ്യമ വാര്‍ത്തകള്‍ സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. ബിഗ് ബോസ്സ് സീസണ്‍ ടു അവതാരകന്‍ മോഹന്‍ലാല്‍ എത്തുന്ന വാരാന്ത്യ എപ്പിസോഡുകള്‍ ശനിയാഴ്ചയും, ഞായറാഴ്ചയുമാണ്. രജിത്കുമാര്‍ തുടരുമോ, മടങ്ങുമോ എന്ന കാര്യത്തില്‍ ഈ എപ്പിസോഡുകളിലാവും തീരുമാനം.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ശാസ്ത്രത്തെ ഉദ്ധരിച്ച് വ്യാജപ്രചരണങ്ങള്‍ നടത്തിയും മോട്ടിവേഷണല്‍ ക്ലാസുകളില്‍ തുടര്‍ച്ചയായി സ്ത്രീവിരുദ്ധത പ്രസംഗിച്ചും വിമര്‍ശനങ്ങള്‍ നേരിട്ട് കോളജ് അധ്യാപകനാണ് ഡോ.രജിത് കുമാര്‍. കാലടി ശ്രീശങ്കരാ കോളജിലെ ബോട്ടണി അധ്യാപകനാണ് ഡോ.രജിത് കുമാര്‍. 2013 ഫെബ്രുവരി 9ന് വിദ്യാഭ്യാസവകുപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ തിരുവനന്തപുരം വനിതാ കോളജില്‍ വച്ച് രജിത്കുമാര്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ സദസ്സില്‍ നിന്ന് ആര്യ സുരേഷ് എന്ന പെണ്‍കുട്ടി പ്രതിഷേധം അറിയിച്ച് കൂവിയിരുന്നു. ഈ കുട്ടിയെ അധിക്ഷേപിച്ചായിരുന്നു ഡോ. രജിത്കുമാറിന്റെ പ്രതികരണം.