സര്‍ക്കാരില്‍ ജനത്തിന് വിശ്വാസമുണ്ടാകണമെങ്കില്‍ മരടിനും പാലാരിവട്ടത്തിനും കാരണക്കാരായവരെ ശിക്ഷിക്കണം’
മരട് ഫ്‌ളാറ്റ് സമുച്ചയം പൊളിക്കുന്നത് ആഘോഷിക്കുന്നവരെ വിമര്‍ശിച്ച് സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്‍. നിലം പൊത്തുന്നത് വെറും കമ്പിയും കല്ലുമല്ല , മറിച്ചു എത്രയോ മനുഷ്യരുടെ സ്വപ്നങ്ങളാണ് എന്ന പരമമായ സത്യം ആരും തിരിച്ചറിയുന്നില്ലെന്ന് ബാലചന്ദ്രമേനോന്‍. സര്‍ക്കാരില്‍ പൊതുജനത്തിന് വിശ്വാസം ഉണ്ടാക്കുക എന്നതാണ് ഇപ്പോഴത്തെ ആവശ്യം എങ്കില്‍ മാത്രമേ ഭരണഘടന അര്‍ഥവത്താവുകയുള്ളൂ . അതുണ്ടാകണമെങ്കില്‍ മരട് ഫ്ളാറ്റിന്റെയും പാലാരിവട്ടം പാലത്തിന്റെയും ദുര്‍വിധിക്കുകാരണക്കാരായ ,സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെ മുഖം നോക്കാതെ ശിക്ഷിക്കണം .അത് ജനങ്ങള്‍ക്ക് ബോധ്യപ്പെടുകയും വേണമെന്ന് ബാലചന്ദ്രമേനോന്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.
ബാലചന്ദ്രമേനോന്‍ എഴുതിയ കുറിപ്പ് വായിക്കാം
രണ്ടു ദിവസമായി നമ്മള്‍ മലയാളികള്‍ വലിയ ആഹ്ലാദത്തിലാണ്. 'അടിച്ചു പൊളിക്കുക എന്ന ന്യൂ ജെന്‍ പ്രയോഗത്തിന്റെ ശരിയായ അര്‍ഥം ഇപ്പോഴാണ് മനസ്സിലാകുന്നത് . മാസങ്ങളുടെയോ ഒരുപക്ഷെ വര്‍ഷങ്ങളുടെയോ കഠിനാദ്ധ്വാനം കൊണ്ടും 'കരക്കാരുടെ' കഷ്ട്ടപ്പെട്ടുണ്ടാക്കിയ കാശുകൊണ്ടും നൂറു കണക്കിന് മനുഷ്യരുടെ അദ്ധ്വാനം കൊണ്ടും നാം പടുത്തുയര്‍ത്തിയ ഏതാനും രമ്യ ഹര്‍മ്യങ്ങള്‍ നാം നിഷ്‌ക്കരുണം നിമിഷങ്ങള്‍ക്കുള്ളില്‍ നിലം പരിശാക്കുകയാണ് . ആര്‍ക്കും ഒരു മനഃപ്രയാസവുമില്ല എന്ന് മാത്രമല്ല 'സുപ്രീം കോടതിയുടെ ' കല്‍പ്പന അതേപടി പ്രവൃത്തികമാക്കുമെന്നുള്ള തൃപ്തിയാണ് മനസ്സില്‍ .
നിലം പൊത്തുന്നത് വെറും കമ്പിയും കല്ലുമല്ല , മറിച്ചു എത്രയോ മനുഷ്യരുടെ സ്വപ്നങ്ങളാണ് എന്ന പരമമായ സത്യം ആരും തിരിച്ചറിയുന്നില്ല . ജീവനും സ്വത്തിനും സംരക്ഷണം നല്കുമെന്ന ഭരണഘടനയിലെ വകുപ്പ് ആരും ഓര്‍ക്കുന്നില്ല എന്നാണോ ? പരീക്ഷക്ക് പഠിക്കുന്ന കുഞ്ഞുങ്ങള്‍ , ദിനവും ഡയാലിസിസ് നടത്തുന്ന വാര്‍ധക്യം ബാധിച്ചവര്‍, ഇന്നോ നാളെയോ സ്വന്തം വീട്ടില്‍ കിടന്നു പ്രസവിക്കുവാന്‍ തയ്യാറെടുക്കുന്നവര്‍...അവരൊക്കെ എന്ത് തെറ്റാണ് ചെയ്തത് എന്ന് ചോദിക്കുന്നത് ഭരണാഘടനാലംഘനമാവില്ലല്ലോ .... നമ്മുടെ നാട്ടില്‍ ഒരു കെട്ടിടം കെട്ടിപ്പൊക്കുന്നതിനു ചില നിയമങ്ങള്‍ ഉള്ളത് സര്‍ക്കാര്‍ ആഫീസിലെ ഏതു ബന്ധപ്പെട്ട മണ്ടനാണ് അറിയാന്‍ വയ്യാത്തത് ? അതോ തീരദേശ നിയമം ഇന്നലെ പാതിരക്കാണോ നിലവില്‍ വന്നത് ? ഒരു പ്രവാസിയാണെങ്കിലും നാട്ടില്‍ വരുമ്പോള്‍ ജീവിതത്തിലെ ഗൃഹാതുരത്വത്തിന്റെ പ്രേരണയില്‍ ഒരു ഫ്‌ലാറ്റ് വാങ്ങുമ്പോള്‍ നികുതി ഞങ്ങളില്‍ നിന്നും പതിവായി വാങ്ങുന്ന സര്‍ക്കാര്‍ 'ഞങ്ങളുടെ താല്‍പ്പര്യം കാത്തു സൂക്ഷിക്കുമെന്ന'വിശ്വാസമാണ് അവന്റെ മനസ്സിലുള്ളത് .ഒരു സുപ്രഭാതത്തില്‍ അവന്‍ കാണുന്നത് വീട് നിലം പരിശാക്കാന്‍ വന്നു നില്‍ക്കുന്ന സര്‍ക്കാരുദ്യോഗസ്ഥനാണ് . ഇതിനിടയില്‍ രാഷ്ട്രീയമേലാളന്മാര്‍ വന്നു അവര്‍ക്ക് മോഹങ്ങള്‍ വില്‍ക്കുന്നു . ഒരു സര്‍ക്കാരും ഒരു ചുക്കും ചെയ്യില്ലെന്നും അങ്ങിനെ ചെയ്താല്‍ അവരുടെ നെഞ്ചില്‍ കൂടി കേറിയേ പോകൂ എന്ന് പറയാന്‍ അവര്‍ക്കു ഒരു ഉളിപ്പുമില്ല .ഒടുവില്‍ നിയമം നിയമത്തിന്റെ വഴിക്കു പോകുമ്പോള്‍ ആരെയും കണ്ടില്ല
ഒടുവില്‍ അനുഭവിക്കുന്നത് പാവം പൗരന്‍ ! അവന്‍ എന്ത് തെറ്റ് ചെയ്തു ? ഈ ദുര്‍വിധിക്കു കാരണക്കാരായ സര്‍ക്കാര്‍ മേലാളന്മാര്‍ നെഞ്ചും വിരിച്ചു നടക്കുന്നു ...എന്താ ഇവിടെ ചോദിക്കാനുംപറയാനും ആരുമില്ലേ എന്ന് ചോദിച്ചുപോയാല്‍ ആരെയും കുറ്റംപറയാനാവില്ല ...
ഇനി, സമുച്ചയം അടിച്ചുപൊളിക്കുന്നതു ആരെങ്കിലും കാണാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഒരു നിമിഷം പോലും നഷ്ട്ടമാകരുതു എന്ന നിര്‍ബന്ധത്തോടെ മത്സരബുദ്ധിയോടെ ചാനലുകള്‍ രംഗത്തുണ്ട് . ഫ്ളാറ്റുകള്‍ തകര്‍ന്നു തരിപ്പണമാകുമ്പോള്‍ അത് കണ്ടാസ്വദിക്കാന്‍ മാലോകര്‍ കൂട്ടം കൂടി നില്‍ക്കുന്നത് കണ്ടപ്പോള്‍ വിഷമം തോന്നി . സമുച്ചയം നിലം പരിശാകുംപോള്‍ മാലോകര്‍ കയ്യടിക്കുന്നു... ...ആര്‍പ്പു വിളിക്കുന്നു ....ഇവര്‍ക്കു മനുഷ്യത്വവും ഇല്ലാതായോ ? അതോ , ആരാന്റ അമ്മക്ക് ഭ്രാന്ത് വന്നാല്‍ കാണാന്‍ നല്ല ചേലെന്നോ ? കഷ്ടം !
ഫ്‌ലാറ്റിന്റെ കാര്യത്തിന് മുന്‍പ് പൗരനെ ചതിച്ച പാലാരിവട്ടം പാലം അടുത്ത ക്രൂരമായ അനുഭവമാണ് .പാലം പണിഞ്ഞത് ഇവിടുത്തെ പൗരന്മാരല്ല ..റോഡില്‍ കുഴികള്‍ സുലഭമായി വിതരണം ചെയ്തതും പൗരന്മാരല്ല .ഇതൊക്കെ പരിഹരിക്കാന്‍ ഉത്തരവാദിത്വമുള്ള സര്‍ക്കാര്‍ ഏമാന്മാര്‍ ഇവിടെയില്ലേ ?ബന്ധപ്പെട്ട മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ സമ്മതത്തിനായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളായി ..കുഴികളില്‍ ജീവിതങ്ങള്‍ ദിനവും കെട്ടടങുമ്പോഴും ഇരു ചക്രവാഹങ്ങളില്‍ സഞ്ചരിക്കുന്നവര്‍ ' എന്തിനു ഗതാഗത മന്ത്രി പറയുന്നതുപോലെ വില കുറഞ്ഞ ഹെല്‍മെറ്റുകള്‍ ധരിക്കണം?' എന്ന് നികുതി കൊടുക്കുന്ന പൗരന്‍ തിരിച്ചു ചോദിച്ചാല്‍ അവനെ കുറ്റംപറയാനാവില്ല .
സര്‍ക്കാരില്‍ പൊതുജനത്തിന് വിശ്വാസം ഉണ്ടാക്കുക എന്നതാണ് ഇപ്പോഴത്തെ ആവശ്യം എങ്കില്‍ മാത്രമേ ഭരണഘടന അര്‍ഥവത്താവുകയുള്ളൂ . അതുണ്ടാകണമെങ്കില്‍ മരട് ഫ്ളാറ്റിന്റെയും പാലാരിവട്ടം പാലത്തിന്റെയും ദുര്‍വിധിക്കുകാരണക്കാരായ ,സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെ മുഖം നോക്കാതെ ശിക്ഷിക്കണം .അത് ജനങള്‍ക്ക് ബോധ്യപ്പെടുകയും വേണം . ആ നിലപാട് എടുക്കുമ്പോള്‍ അതില്‍ രാഷ്ട്രീയം കലര്‍ത്തരുത് .ഇവിടുത്തെ പൗരന്മാരും നിങ്ങള്‍ നാഴികക്ക് നാല്‍പ്പതു വട്ടം പറയുന്നത് പോലെ 'അരിയാഹാരം തന്നെയാണ് കഴിക്കുന്നത്' എന്നോര്‍ക്കുക അവരുടെ ക്ഷമയെ ഇനിയും പരീക്ഷിക്കരുത് ... that's all your honour !