തൊഴില്‍രഹിതരായ ചെറുപ്പക്കാരില്‍ നിന്ന് എം.ജി യൂണിവേഴ്‌സിറ്റിയുടെ പിടിച്ചുപറിയെന്ന് ബി.ഉണ്ണിക്കൃഷ്ണന്‍

തൊഴില്‍രഹിതരായ ചെറുപ്പക്കാരില്‍ നിന്ന് എം.ജി യൂണിവേഴ്‌സിറ്റിയുടെ പിടിച്ചുപറിയെന്ന് ബി.ഉണ്ണിക്കൃഷ്ണന്‍
Published on

എം.ജി യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയിലേക്ക് അയ്യായിരം രൂപ അപേക്ഷ ഫീസ് ഈടാക്കുന്നത് പിടിച്ചുപറിയെന്ന് സംവിധായകന്‍ ബി.ഉണ്ണിക്കൃഷ്ണന്‍. എം.ജി സര്‍വകലാശാലയില്‍ നിന്ന് എം.ഫില്‍ ഒന്നാം റാങ്കോടെ പാസായ ശേഷം മാനേജ്‌മെന്റ് കോളജില്‍ ജോലിക്ക് ഒന്നരലക്ഷം രൂപ ആവശ്യപ്പെട്ട പഴയകാല അനുഭവം പങ്കുവച്ചാണ് പൊതുമേഖലയിലുള്ള സ്ഥാപനം നടത്തുന്ന അധാര്‍മ്മികതയെക്കുറിച്ച് ബി.ഉണ്ണിക്കൃഷ്ണന്‍ പ്രതികരിച്ചത്. അന്നത്തെ ഒന്നരലക്ഷവുമായി തട്ടിച്ചു നോക്കുമ്പോള്‍ ഈ സംഖ്യ ചെറുതായി തോന്നുമെങ്കിലും ഒരു മഹാമാരിയുടെ പശ്ചാത്തലത്തില്‍ നില്ക്കുന്ന കേരളത്തിലെ തൊഴിലന്വേഷകരില്‍ നിന്ന് 5000/ രൂപാ ( ഒരു പക്ഷേ കയ്യിലുണ്ടായിരുന്ന പാരലല്‍ കോളേജ് അദ്ധ്യാപനം പോലും നിന്നു പോയ കാലമാണെന്നോര്‍ക്കണം)അതും ഒരു പബ്ലിക് ഉടമസ്ഥയിലുളള യൂണിവേഴ്‌സിറ്റി വാങ്ങുന്നു എന്നു പറഞ്ഞാല്‍ അധാര്‍മ്മികതയാണെന്നും ഫേസ്ബുക്ക് കുറിപ്പില്‍ ബി.ഉണ്ണിക്കൃഷ്ണന്‍.

ഇന്ത്യയിലെ പേരെടുത്ത മറ്റ് പല സർവ്വകലാശാലകളും ഇപ്പോഴും 500 ഉം 1000/വും മാത്രം അപേക്ഷാ ഫീസായി വാങ്ങുന്നിടത്താണ് MG യൂണിവേഴ്സിറ്റി തൊഴിൽ രഹിതരായ ചെറുപ്പക്കാരിൽ നിന്നും ഈ പിടിച്ചു പറിനടത്തുന്നത്.

ബി.ഉണ്ണിക്കൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പ്

ആത്മകഥാംശം പരമാവധി പറച്ചിലുകളിൽ ഒഴിവാക്കുന്ന ഒരാളാണ് ഞാൻ. പക്ഷേ ഇതു പറയാതെ വയ്യ. 94-ൽ എനിക്കൊരു ജോലി അത്യന്ത്യാ പേക്ഷിതമായൊരു സാഹചര്യമുണ്ടായി. മറ്റാരെയും ആശ്രയിക്കാതെ ജീവിക്കാൻ നിർബന്ധിതമായ ഒരു സാഹചര്യം. അന്ന് UGC മാനദണ്ഡങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ലക് ചറർ ഒഴിവുകൾ വരാറില്ലാതിരുന്ന ആ കാലത്ത്, അത്യപൂർവ്വമായി വന്ന രണ്ട് ഒഴിവുകളിൽ ഒന്ന് എറണാകുളത്തേയും കോട്ടയത്തേയും സ്വകാര്യ കോളേജുകളിലേതായിരുന്നു. അവിടെ ഇംഗ്ലീഷ് അദ്ധ്യാപകനായി അപേക്ഷ കൊടുത്തു. ആ സമയത്ത് എന്റെ കയ്യിലാകെയുള്ളത് ഒരു ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റും എം ജി യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ഫിൽ ഒന്നാം റാങ്കോടെ പാസായ സർട്ടിഫിക്കറ്റുമാണ്. ഇന്റർവ്യൂവിന് പോകാൻ തയ്യാറായിരിക്കേ കോട്ടയത്തെ കോളേജ് മാനേജ്മെന്റ് പ്രതിനിധി നേരിട്ട്‌ അറിയിച്ചു, അവർക്ക് താല്പര്യമുളള ഒരാൾക്കായിരിക്കും ആ പോസ്റ്റ് കൊടുക്കുന്നുണ്ടാവുക എന്ന്. എന്തായാലും അത് പറയാനുളള മനസ് അവർ കാണിച്ചല്ലോ എന്ന് സമാധാനിച്ചു. എറണാകുളത്തെ കോളേജ് മാനേജ്മെന്റ് പ്രതിനിധി എന്നെ ഒരു കൂടിക്കാഴ്ചക്കു വിളിച്ചു. നേരിൽ കണ്ടപ്പോൾ ഒന്നര ലക്ഷം രൂപ അടയ്ക്കണമെന്നാണ്‌ അദ്ദേഹമെന്നോട് ആവശ്യപ്പെട്ടത്. ഞാനദ്ദേഹത്തോട് ഉള്ള കാര്യം പറഞ്ഞു ' എന്റെ കയ്യിൽ പതിനായിരം രൂപ തികച്ചെടുക്കാൻ ഉണ്ടായിരുന്നെങ്കിൽ ഞാൻ Phd പൂർത്തിയാക്കിയേനെ. ഈ ജോലി അന്വേഷിച്ച് വരില്ലായിരുന്നു."

ഇപ്പോഴിതോർക്കാൻ കാരണം എന്റെയൊരു സുഹൃത്ത് MG യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രഫസർ തസ്തികയിലേക്കുളള നോട്ടിഫിക്കേഷൻ അയച്ചു തന്നപ്പോഴാണ്. 5000 രൂപയാണ് തൊഴിൽ രഹിതനായ ഒരു അപേക്ഷകനിൽ നിന്നും ഈ യൂണിവേഴ്സിറ്റി അപേക്ഷാ ഫീസായി ഇടാക്കുന്നത്. SC/ST വിഭാഗത്തിന് 2500 ഉം . അന്നത്തെ ഒന്നരലക്ഷവുമായി തട്ടിച്ചു നോക്കുമ്പോൾ ഈ സംഖ്യ ചെറുതായി തോന്നുമെങ്കിലും ഒരു മഹാമാരിയുടെ പശ്ചാത്തലത്തിൽ നില്ക്കുന്ന കേരളത്തിലെ തൊഴിലന്വേഷകരിൽ നിന്ന് 5000/ രൂപാ ( ഒരു പക്ഷേ കയ്യിലുണ്ടായിരുന്ന പാരലൽ കോളേജ് അദ്ധ്യാപനം പോലും നിന്നു പോയ കാലമാണെന്നോർക്കണം)അതും ഒരു പബ്ലിക് ഉടമസ്ഥയിലുളള യൂണിവേഴ്സിറ്റി വാങ്ങുന്നു എന്നു പറഞ്ഞാൽ എന്താണ് നമ്മൾ മനസിലാക്കേണ്ടത്.? ധാർമ്മികമായി, ഞാൻ സൂചിപ്പിച്ച സ്വകാര്യ മാനേജ്മെന്റുകളിൽ നിന്ന് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലേക്ക് വലിയ ദൂരമില്ല എന്നല്ലേ? അന്ന് കാശ് ചോദിച്ച കൊച്ചിയിലെ കോളേജ് മാനേജ്മെന്റ് പ്രതിനിധിയുടെ മുന്നിൽ നിന്ന് നിരാശനായി ഇറങ്ങിപ്പോരുമ്പോൾ ഞാൻ കടന്നുപോയ ഒരു വൈകാരിക വിക്ഷുബ്ധത ഓർമ്മവരുന്നു. ഈ 5000/ രൂപാ അടക്കാൻ കയ്യിലില്ലാത്ത എത്രയോ യോഗ്യതയുളള അപേക്ഷകർ ഇപ്പോ ഈ അപേക്ഷാ ഫോറം നോക്കി അതേ വിക്ഷുബ്ധത അനുഭവിക്കുന്നുണ്ടാകുമെന്നുളളതിൽ എനിക്ക് ഒരു സംശയവുമില്ല.

ഇന്ത്യയിലെ പേരെടുത്ത മറ്റ് പല സർവ്വകലാശാലകളും ഇപ്പോഴും 500 ഉം 1000/വും മാത്രം അപേക്ഷാ ഫീസായി വാങ്ങുന്നിടത്താണ് MG യൂണിവേഴ്സിറ്റി തൊഴിൽ രഹിതരായ ചെറുപ്പക്കാരിൽ നിന്നും ഈ പിടിച്ചു പറിനടത്തുന്നത്. 2019-ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി പുറത്തിറക്കിയ നോട്ടിഫിക്കേഷനിൽ 2000 രൂപയും 2017-ൽ കേരള യൂണിവേഴ്സിറ്റി ഇതേ തസ്തികയിലേക്ക് വിളിച്ചപ്പോൾ 1000 രൂപയുമായിരുന്നു. പല ചെറുപ്പക്കാരുടെയും വീട്ടിലുളളവരുടെ പോലും വരുമാനം നഷ്ടപ്പെട്ടിരിക്കുന്ന ഈ കാലത്ത് യൂണിവേഴ്സിറ്റി നടത്തുന്ന ഈ ' കൊള്ളയടി' അധികാരപ്പെട്ടവർ ശ്രദ്ധിക്കണമെന്ന് താല്പര്യപ്പെടുന്നു.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തൊഴില്‍രഹിതരായ ചെറുപ്പക്കാരില്‍ നിന്ന് എം.ജി യൂണിവേഴ്‌സിറ്റിയുടെ പിടിച്ചുപറിയെന്ന് ബി.ഉണ്ണിക്കൃഷ്ണന്‍
ഹലാല്‍ ലവ് സ്‌റ്റോറി: മലപ്പുറത്തിന്റെ സിനിമാ പാരഡിസോ

Related Stories

No stories found.
logo
The Cue
www.thecue.in