2 മണിക്കൂര്‍ 50 മിനുട്ട്, അഞ്ച് പാട്ടുകള്‍, ട്രാന്‍സ് പ്രത്യേകതകള്‍ 

2 മണിക്കൂര്‍ 50 മിനുട്ട്, അഞ്ച് പാട്ടുകള്‍, ട്രാന്‍സ് പ്രത്യേകതകള്‍ 

Published on
ട്രാന്‍സിന് കാത്തിരിക്കാനുള്ള ആദ്യകാരണം അന്‍വര്‍ റഷീദ് തന്നെ

അന്‍വര്‍ റഷീദ് നിര്‍മ്മാണവും സംവിധാനവും നിര്‍വഹിച്ച 'ട്രാന്‍സ് ഫെബ്രുവരി 20ന് തിയറ്ററുകളില്‍ എത്തുകയാണ്. ഏഴ് വര്‍ഷത്തിന് ശേഷമാണ് അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രമെത്തുന്നത്. ഉസ്താദ് ഹോട്ടല്‍ എന്ന ഫീച്ചര്‍ സിനിമയും അഞ്ച് സുന്ദരികള്‍ എന്ന ആന്തോളജിയില്‍ ആമി എന്ന ചെറുസിനിമയുമാണ് അന്‍വര്‍ റഷീദ് ഒടുവില്‍ സംവിധാനം ചെയ്തിരുന്നത്. ട്രാന്‍സ് തിയറ്ററുകളിലെത്തുമ്പോള്‍ പ്രേക്ഷകര്‍ ചിത്രം 'മോസ്റ്റ് എവെയിറ്റിംഗ്' ആയി നിര്‍ത്തിയതിന് നിരവധിയാണ് കാരണങ്ങള്‍.

ഒറ്റപ്പേര് അന്‍വര്‍ റഷീദ്

പതിനഞ്ച് വര്‍ഷത്തെ കരിയറില്‍ നാല്് സിനിമകളും രണ്ട് ചെറുചിത്രങ്ങളും മാത്രമാണ് അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ പ്രേക്ഷകരിലെത്തിയത്. മാസ് എന്റര്‍ടെയിനറുകളുടെ ശൈലിയെ തന്നെ മാറ്റിയെഴുതിയ രാജമാണിക്യം എന്ന സിനിമയിലൂടെ തുടക്കം. മമ്മൂട്ടിക്ക് പിന്നാലെ മോഹന്‍ലാലിനെ നായകനാക്കി ഛോട്ടാമുംബൈ. പിന്നെ മമ്മൂട്ടി ഇരട്ട റോളിലെത്തിയ അണ്ണന്‍ തമ്പി. മാസ് മസാലാ സ്വഭാവത്തിലുളള മൂന്ന് ചിത്രങ്ങള്‍ക്ക് ശേഷം കേരളാ കഫേ എന്ന ആന്തോളജിയില്‍ ബ്രിഡ്ജ് എന്ന ഹൃദ്യമാര്‍ന്ന ചെറുസിനിമ. മൂന്ന് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് ഉസ്താദ് ഹോട്ടലുമായി എത്തി. ആദ്യം ചെയ്ത മൂന്ന് ചിത്രത്തേക്കാള്‍ ബ്രിഡ്ജ് എന്ന ചെറുസിനിമയുടെ ശൈലിയോടായിരുന്നു ഉസ്താദ് ഹോട്ടലിന് സാമ്യം. 2013ല്‍ ഫഹദ് ഫാസിലിനെ നായകനാക്കി ആമി എന്ന ചെറുചിത്രമൊരുക്കിയ അന്‍വര്‍ റഷീദ് പിന്നീടൊരു ഫീച്ചര്‍ സിനിമയുമായി എത്തുന്നത് ഏഴ് വര്‍ഷത്തിന് ശേഷം. സംവിധായകനെന്ന നിലയിലും നിര്‍മ്മാതാവ് എന്ന നിലയിലും മലയാളി പ്രേക്ഷകര്‍ പരിഗണിക്കുന്ന ആദ്യപേരുകളിലൊന്നാണ് അന്‍വര്‍ റഷീദ്. ഫഹദ് ഫാസില്‍ എന്ന നവനിരയുടെ ബ്രാന്‍ഡ് അംബാസിഡര്‍ നായകനായ ചിത്രമായിരുന്നിട്ടും ട്രാന്‍സിന് കാത്തിരിക്കാനുള്ള ആദ്യകാരണം അന്‍വര്‍ റഷീദ് തന്നെ.

ഒമ്പത് മാസത്തിനിപ്പുറം ഫഹദ് ഫാസില്‍

'കുമ്പളങ്ങി നൈറ്റ്‌സി'ലെ ഷമ്മി എന്ന സൈക്കോ ഇപ്പോഴും പ്രേക്ഷകരുടെ ചര്‍ച്ചാവട്ടത്തുണ്ട്. 2019 ഏപ്രിലില്‍ എത്തിയ 'അതിരന്‍' ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും സിനിമകളുടെ തെരഞ്ഞെടുപ്പിലും പെര്‍ഫോര്‍മന്‍സിലും പകരക്കാരില്ലാത്ത നടന്‍ ഫഹദ് ഫാസില്‍ ആണ്. നാല് സിനിമകള്‍ ട്രാന്‍സ് എന്ന സിനിമയുടെ ഷൂട്ടിംഗ് ഇടവേളയില്‍ ഫഹദ് ഫാസില്‍ പൂര്‍ത്തിയാക്കിയിരുന്നു. കുമ്പളങ്ങി നൈറ്റ്‌സ്, അതിരന്‍, ഞാന്‍ പ്രകാശന്‍, വരത്തന്‍. വിന്‍സന്റ് വടക്കന്‍ എന്ന നവാഗതന്റെ തിരക്കഥയില്‍ ട്രാന്‍സ് ചെയ്യാന്‍ അന്‍വറിന് ആദ്യപിന്തുണ നല്‍കിയതും ഫഹദ് ഫാസില്‍ ആണ്. നിര്‍മ്മാണച്ചെലവ് കൂടുതല്‍ ആയതിനാല്‍ ചിത്രം മാറ്റിവച്ച അന്‍വര്‍ റഷീദിനോട് ഈ സിനിമ ചെയ്യാമെന്ന് പറഞ്ഞതും ഫഹദ് ഫാസില്‍. ആദ്യപകുതി മാത്രം പൂര്‍ത്തിയായ തിരക്കഥയിലാണ് ട്രാന്‍സ് ചെയ്യുന്നത്.

ക്യാമറയ്ക്ക് പിന്നില്‍ അമല്‍ നീരദ്

പുതിയ മാറ്റങ്ങള്‍ക്കൊപ്പമുള്ള യാത്രയില്‍ മലയാള സിനിമയിലെ മാറ്റിനിര്‍ത്താനാകാത്ത പേരുകളാണ് അമല്‍ നീരദും ബിഗ് ബിയും. സ്റ്റൈലിഷ് മാസ് എന്റര്‍ടെയിനര്‍ എന്ന നിലയ്ക്കും, നെടുങ്കന്‍ സംഭാഷണങ്ങളില്‍ നിന്ന് പഞ്ച് ലൈന്‍ വണ്‍ ലൈനറിലേക്കുള്ള ഉള്ള ഷിഫ്റ്റ് ആയും ബിഗ് ബി മലയാളസിനിമയിലെ എടുത്തുപറയേണ്ട സിനിമയാണ്. ഇയ്യോബിന്റെ പുസ്തകത്തിലും ആമിയിലും അമല്‍ നീരദ് എന്ന ഗംഭീര ഛായാഗ്രാഹകനെയും മലയാളം കണ്ടു. അന്‍വര്‍ റഷീദ് ചിത്രം ആമിയുടെ കഥ പറച്ചില്‍ ആശ്രയിച്ചിരിക്കുന്നതും അമലിന്റെ സിനിമാട്ടോഗ്രഫിയെ ആയിരുന്നു. ട്രാന്‍സ് എന്ന ചിത്രത്തിനായി അമല്‍ നീരദ് അന്‍വര്‍ റഷീദിനൊപ്പം കൈകോര്‍ക്കുമ്പോള്‍ കാത്തിരിപ്പിന് അതുമൊരു പ്രധാന കാരണമാകുന്നു. കന്യാകുമാരി മുതല്‍ ആംസ്റ്റര്‍ ഡാം വരെ ലൊക്കേഷനുകളായിരുന്ന സിനിമയില്‍ അമല്‍ നീരദിന്റെ ഫ്രെയിമുകളിലെ മാജിക് കാണാമെന്ന് തന്നെയാണ് പ്രതീക്ഷ. റോബോട്ടിക്‌സ് നിയന്ത്രണമുള്ള ബോള്‍ട്ട് ഹൈ സ്പീഡ് സിനിബോട്ട് ക്യാമറ ഉള്‍പ്പെടെ ഛായാഗ്രഹണത്തിലും പരീക്ഷണങ്ങള്‍ നടത്തിയ സിനിമയാണ് ട്രാന്‍സ്. അമലിന്റെ മികച്ച വര്‍ക്കുകള്‍ കണ്ടിട്ടുള്ള ആളെന്ന നിലയില്‍ സ്റ്റൈലിഷ് ഫ്രെയിമുകള്‍ക്ക് അപ്പുറം ചര്‍ച്ച ചെയ്യപ്പെടേണ്ട അമല്‍ നീരദിനെയാണ് ട്രാന്‍സില്‍ കാണാനാകുകയെന്ന് അന്‍വര്‍ റഷീദ് പറയുന്നു.

ഫഹദ് ഫാസില്‍-നസ്രിയാ നസിം

വിവാഹത്തിന് ശേഷം ഫഹദ് ഫാസിലും നസ്രിയാ നസിമും ഒന്നിച്ചഭിനയിച്ചിട്ടില്ല. അന്‍വര്‍ റഷീദിന്റെ തന്നെ 'മണിയറയിലെ ജിന്ന്' എന്ന സിനിമയില്‍ ഇരുവരും കേന്ദ്രകഥാപാത്രങ്ങളാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ബാംഗ്ലൂര്‍ ഡേയ്‌സിലാണ് നസ്രിയാ-ഫഹദ് ജോഡികളെ പ്രേക്ഷകര്‍ മുമ്പ് കണ്ടത്. മുമ്പ് കണ്ട കെമിസ്ട്രിയില്‍ ആയിരിക്കില്ല ട്രാന്‍സിലെ നസ്രിയയും ഫഹദും. പുറത്തിറങ്ങിയ വീഡിയോ സോംഗിലും ഇത് വ്യക്തമാണ്. എസ്തര്‍ ലോപ്പസ് എന്ന കഥാപാത്രത്തെയാണ് നസ്രിയാ നസിം അവതരിപ്പിക്കുന്നത്. വിജു പ്രസാദ് എന്ന മോട്ടിവേഷണല്‍ ട്രെയിനറാണ് ഫഹദ് ഫാസില്‍ കഥാപാത്രം. കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കഥാപാത്രമെന്നാണ് വിജു പ്രസാദിനെക്കുറിച്ച് ഫഹദ് പറഞ്ഞിരിക്കുന്നത്. വിവാഹശേഷം രണ്ട് പേരും ഒന്നിച്ചുള്ള ചിത്രത്തിനായി വിളിക്കുന്നത് ട്രാന്‍സിലാണെന്നും ഒന്നിച്ച് ചെയ്യാമെന്ന് തോന്നിയ ചിത്രം ട്രാന്‍സാണെന്നും ഫഹദ് ഫാസിലും നസ്രിയയും പറഞ്ഞിരുന്നു. അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഫഹദ്-നസ്രിയ ജോഡികളുടെ സിനിമ.

വിനായകന്റെ ടൈറ്റില്‍ സോംഗ്, സൗബിന്റെ പാട്ട്

കമ്മട്ടിപ്പാടം എന്ന സിനിമയില്‍ പുഴുപുലികള്‍ എന്ന ഗാനത്തില്‍ വിനായകന്‍ എന്ന സംഗീത സംവിധായകനെ പ്രേക്ഷകര്‍ കണ്ടതാണ്. അന്‍വര്‍ റഷീദ് ഏഴ് വര്‍ഷത്തിന് ശേഷം തിരിച്ചെത്തുന്ന, ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന ബജറ്റ് ചിത്രമായ ട്രാന്‍സ് ടൈറ്റില്‍ സോംഗ് വിനായകന്റെ സംഗീതത്തിലാണ്, പാടിയിരിക്കുന്നതും വിനായകന്‍. 'എന്നാലും മത്തായിച്ചാ' എന്ന് തുടങ്ങുന്ന പാട്ട് പാടിയിരിക്കുന്നത് സൗബിന്‍ ഷാഹിര്‍.

സിങ്ക് സൗണ്ടില്‍ റസൂല്‍ പൂക്കുട്ടി

സൗണ്ട് ഡിസൈനിന് ഏറെ പ്രാധാന്യമുള്ള സിനിമയാണ് ട്രാന്‍സ്. സിനിമ നീണ്ട ഷെഡ്യൂളിലേക്ക് പോയതും സിങ്ക് സൗണ്ടില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ്. വിജു പ്രസാദ് എന്ന കഥാപാത്രത്തിന്റെ ജീവിതത്തിന്റെയും മനസിന്റെയും വിവിത തലങ്ങളിലേക്കുള്ള യാത്രയെ സൗണ്ട് ഡിസൈനിലൂന്നിയ നരേറ്റീവിലും സിനിമ അവതരിപ്പിക്കുന്നുണ്ടെന്നാണ് സൂചന. ഇത്ര വലിയ ബജറ്റില്‍, ആയിരക്കണക്കിന് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ ഉള്‍ക്കൊള്ളിച്ചുള്ള സിനിമ സിങ്ക് സൗണ്ടില്‍ പൂര്‍ത്തിയാക്കുന്നതും അപൂര്‍വതയാണ്.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നെഗറ്റീവ് റോളില്‍ ഗൗതം വാസുദേവ മേനോന്‍

സംവിധായകന്‍ ഗൗതം വാസുദേവ മേനോന്‍ നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായി ട്രാന്‍സില്‍ ഉണ്ട്. വിജു പ്രസാദിന്റെ മുംബൈ ജീവിതത്തിലാണ് ഗൗതം വാസുദേവ മേനോനും ചെമ്പന്‍ വിനോദ് ജോസും ദിലീഷ് പോത്തനും കടന്നുവരുന്നത്. കഥ കൊച്ചിയില്‍ പുരോഗമിക്കുമ്പോള്‍ സൗബിന്‍ ഷാഹിറും വിനായകനും നസ്രിയയും. ഇവരെ കൂടാതെ ശ്രീനാഥ് ഭാസി, അര്‍ജുന്‍ അശോകന്‍, ജോജു ജോര്‍ജ്ജ്, ബൈജു സന്തോഷ്, ജിനു ജോസഫ്, , ശ്രിന്‍ഡ, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ആഷിക് അബു, അമല്‍ഡ ലിസ് നീളുന്നു താരനിര.

അഞ്ച് പാട്ടുകള്‍, പശ്ചാത്തലമൊരുക്കി ജാക്‌സണും സുഷിന്‍ ശ്യാമും

ജാക്‌സണ്‍ വിജയന്‍ ഈണമൊരുക്കിയ അഞ്ച് പാട്ടുകള്‍. ഒരു വീഡിയോ സോംഗും മറ്റൊരു ട്രാക്കും പുറത്തുവന്നു. നാല്‍പ്പത്തിയഞ്ച് ലക്ഷത്തിലേറെ പേരാണ് 'നൂല് പോയ' എന്ന് തുടങ്ങുന്ന പാട്ട് ഇതുവരെ യൂട്യൂബില്‍ കണ്ടത്. സിനിമയുടെ ബാക്ക് ഗ്രൗണ്ട് സ്‌കോര്‍ ജാക്‌സണ്‍ വിജയനും സുഷിന്‍ ശ്യാമുമാണ്. വിനായക് ശശികുമാറാണ് ഗാനരചന. പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിംഗ്.

logo
The Cue
www.thecue.in