‘അഭിനേതാക്കള്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണം’; വിജയ് ദേവരെക്കൊണ്ടെയെ മുന്നിലിരുത്തി ‘അര്‍ജുന്‍ റെഡ്ഡി’യെ വിമര്‍ശിച്ച് പാര്‍വ്വതി

‘അഭിനേതാക്കള്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണം’; വിജയ് ദേവരെക്കൊണ്ടെയെ മുന്നിലിരുത്തി ‘അര്‍ജുന്‍ റെഡ്ഡി’യെ വിമര്‍ശിച്ച് പാര്‍വ്വതി

Published on

വിജയ് ദേവരെക്കൊണ്ടെ പങ്കെടുത്ത ചര്‍ച്ചയ്ക്കിടെ അര്‍ജുന്‍ റെഡ്ഡി ചിത്രത്തേയും സംവിധായകന്‍ സന്ദീപ് വെങ്ങയേയും രൂക്ഷമായി വിമര്‍ശിച്ച് പാര്‍വ്വതി. മോശം കഥാപാത്രങ്ങളെ മഹത്വല്‍കരിക്കുന്ന വിഷയത്തില്‍ അര്‍ജുന്‍ റെഡ്ഡി/കബീര്‍ സിങ്ങും ഹോളിവുഡ് ചിത്രം ജോക്കറും താരതമ്യം ചെയ്യാനാകില്ലെന്ന് പാര്‍വ്വതി ചൂണ്ടിക്കാട്ടി. മോശമായതിനെ ദൃശ്യഭാഷയിലൂടെ മഹത്വവല്‍കരിക്കുമ്പോഴാണ് പ്രശ്‌നം. ജോക്കര്‍ ഒരിക്കലും കഥാപാത്രത്തിന്റെ ചെയ്തികളെ മഹത്വവല്‍ക്കരിക്കുന്നില്ല. 'പരസ്പരം തല്ലുന്നില്ലെങ്കില്‍ പാഷനില്ല' എന്ന് പറയുന്നത് അങ്ങനെയല്ല. ആള്‍ക്കൂട്ട ആക്രമണത്തിന് സമാനമായ ഇടപെടലുകളും പ്രതികരണങ്ങളും ആ വിഷയത്തില്‍ കമന്റുകളായി വന്നെന്നും പാര്‍വ്വതി പറഞ്ഞു. ബോളിവുഡ് താരങ്ങളായ രണ്‍വീര്‍ സിങ്, അലിയ ഭട്ട്, ദീപിക പദുക്കോണ്‍, മനോജ് ബജ്‌പെയ്, ആയുഷ് മാന്‍ ഖുറാന, ദക്ഷിണേന്ത്യന്‍ അഭിനേതാക്കളായ വിജയ് സേതുപതി, വിജയ് ദേവരക്കൊണ്ടെ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് ഫിലിം കംപാനിയന്‍ നടത്തിയ ടോക് ഷോയ്ക്കിടെയാണ് മലയാളി നടിയുടെ പ്രതികരണം. ഒരു അഭിനേതാവ് തെരഞ്ഞെടുപ്പ് നടത്തുമ്പോള്‍ ധാര്‍മ്മികമായ ഉത്തരവാദിത്തം കാണിക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്നും താന്‍ അത് പ്രകടിപ്പിക്കാത്ത ചിത്രങ്ങളുടെ ഭാഗമാകില്ലെന്നും പാര്‍വ്വതി നിലപാട് വ്യക്തമാക്കി.

നമ്മള്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമെന്നാണ് എനിക്ക് തോന്നുന്നത്. ഒരു അഭിനേതാവ് എന്ന നിലയില്‍ എനിക്ക് എനിക്ക് അത് ചെയ്യുന്ന സംവിധായകനെ തടയാന്‍ കഴിയില്ല. പക്ഷെ, ആ സിനിമയുടെ ഭാഗമാകാതിരിക്കാന്‍ എനിക്ക് കഴിയും.

പാര്‍വ്വതി തിരുവോത്ത്

പാര്‍വ്വതി പറഞ്ഞത്

“സിനിമയെ ഇന്റലക്ച്വലൈസ് ചെയ്യണമെന്ന് അഭിപ്രായമില്ല. സിനിമയില്‍ രസം വേണം. അത് കൊമേഴ്‌സ്യല്‍ ആയിത്തന്നെയിരിക്കണം. ജെന്‍ഡറിനെ അവഹേളിക്കാതെ, നിങ്ങളുടെ ആസക്തിയ്ക്ക് വേണ്ടിയുള്ള ഒരു ഉപഭോഗവസ്തുവാക്കാതെ, ബഹുമാനിച്ചുകൊണ്ട് തന്നെ അത് ചെയ്യാം. മോശം കഥാപാത്രങ്ങളെ മഹത്വല്‍ക്കരിക്കുന്നതിനോട് ഇത്ര എതിര്‍പ്പുണ്ടാകാന്‍ കാരണം വ്യക്തിപരമായി ഞാന്‍ അതിന്റെ ഇരയായതുകൊണ്ട് കൂടിയാണ്. മോശം കഥാപാത്രങ്ങളെ ചെയ്യുമ്പോഴാണ് സംവിധായകന്റെ ദൃശ്യഭാഷ പുറത്തേക്ക് വരിക.

അര്‍ജുന്‍ റെഡ്ഡിയുടേയും കബീര്‍സിങ്ങിന്റേയും ദൃശ്യഭാഷ വാഴ്ത്തലിന്റേതായിരുന്നു. ജോക്കറിന്റേത് അങ്ങനെയല്ല. ജോക്കര്‍ യഥാര്‍ത്ഥത്തില്‍ നമ്മളെ കാണിച്ചു തരുകയാണ് ചെയ്തത്. വസ്തുതകള്‍ പോലെ, ഇങ്ങനെയൊക്കെ സംഭവിക്കുന്നു എന്ന്. വാക്വിന്‍ ഫീനീക്‌സ് കഥാപാത്രത്തെ കണ്ടപ്പോള്‍ ഒരുഘട്ടത്തില്‍ പോലും 'അടിപൊളി, ഞാന്‍ നിങ്ങളുടെ ഒപ്പമാണ്. നിങ്ങള്‍ എല്ലാവരേയും കൊല്ലുക തന്നെ വേണം' എന്ന് എനിക്ക് തോന്നിയിട്ടില്ല. 'നിങ്ങളെ എനിക്ക് മനസിലാവുന്നുണ്ട്. ഞാന്‍ നിങ്ങളുടെ ഒപ്പമല്ലെങ്കില്‍ പോലും അതൊരു ഭീകര ട്രാജഡിയാണ്' എന്ന് കരുതിക്കൊണ്ട് നമുക്കതിനെ വിടാന്‍ കഴിയും. അതിനെ പിന്തുടരാനുള്ള ഒരു പ്രേരണ ഇല്ലാതെ തന്നെ.

‘അഭിനേതാക്കള്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണം’; വിജയ് ദേവരെക്കൊണ്ടെയെ മുന്നിലിരുത്തി ‘അര്‍ജുന്‍ റെഡ്ഡി’യെ വിമര്‍ശിച്ച് പാര്‍വ്വതി
‘ഇത് ജനങ്ങളോടുള്ള ധിക്കാരം’; മലയാളത്തിനായി ഇങ്ങനെ സമരം ചെയ്യേണ്ടി വരുന്നത് എന്തൊരു നാണക്കേടാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ 

കൂടുതല്‍ വീഡിയോകള്‍ക്കും വാര്‍ത്തകള്‍ക്കും 'ദ ക്യു' യുട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പക്ഷെ, പരസ്പരം അടിക്കുന്നില്ലെങ്കില്‍ ബന്ധങ്ങളില്‍ പാഷനില്ല എന്ന് പറയുന്നത് അങ്ങനല്ല. ആ വിഷയത്തിലെ യുട്യൂബ് കമന്റുകള്‍ ഞാന്‍ കണ്ടിരുന്നു. ഒരു മോശം സംഗതിയെ പിന്തുണച്ച് ആള്‍ക്കൂട്ട ആക്രമണത്തിന് സമാനമായ രീതിയിലാണ് ഇടപെടലുണ്ടായത്, വയലന്‍സിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍. അത് ഒരു ഇരുണ്ട ഇടമാണ്. അതെങ്ങനെയാണ് പരിഹരിക്കേണ്ടതെന്ന് ജഡ്ജ് ചെയ്യാന്‍ എനിക്ക് കഴിയില്ല. വ്യത്യസ്ഥ ധ്രുവത്തിലുള്ള ഒരു പെരുമാറ്റരീതിയാണത്. എന്നെ അത് ഭയപ്പെടുത്തുന്നു. കാരണം അത് ആളുകളെ ഓരോ ദിവസവും ബാധിക്കുന്നുണ്ട്. നമ്മള്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമെന്നാണ് എനിക്ക് തോന്നുന്നത്. ഒരു അഭിനേതാവ് എന്ന നിലയില്‍ എനിക്ക് എനിക്ക് അത് ചെയ്യുന്ന സംവിധായകനെ തടയാന്‍ കഴിയില്ല. പക്ഷെ, ആ സിനിമയുടെ ഭാഗമാകാതിരിക്കാന്‍ എനിക്ക് കഴിയും.”

‘അഭിനേതാക്കള്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണം’; വിജയ് ദേവരെക്കൊണ്ടെയെ മുന്നിലിരുത്തി ‘അര്‍ജുന്‍ റെഡ്ഡി’യെ വിമര്‍ശിച്ച് പാര്‍വ്വതി
‘ടീമേ, നമ്മുടെ ചേച്ചിയെ കൈവിടരുത്’; മോളി കണ്ണമാലിയ്ക്ക്‌ സഹായം അഭ്യര്‍ത്ഥിച്ച് ബിനീഷ് ബാസ്റ്റിന്‍; ചികിത്സയേറ്റെടുത്ത് മമ്മൂട്ടി 

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in