കലാപത്തിന് ശ്രമം നടക്കുന്നെന്ന് യാക്കോബായ സഭ; അച്ചന്‍മാരുടെ പണിപോകുമെന്ന പേടിയാണ് യഥാര്‍ത്ഥ പ്രശ്‌നമെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം

കലാപത്തിന് ശ്രമം നടക്കുന്നെന്ന് യാക്കോബായ സഭ; അച്ചന്‍മാരുടെ പണിപോകുമെന്ന പേടിയാണ് യഥാര്‍ത്ഥ പ്രശ്‌നമെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം

Published on

മലങ്കരസഭാ തര്‍ക്കത്തിലെ സുപ്രീം കോടതിവിധി സമവായത്തോടെ നടപ്പിലാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭാ പ്രസ്താവനയേത്തുടര്‍ന്ന് വാദപ്രതിവാദങ്ങളുമായി ഇരുവിഭാഗങ്ങള്‍ വീണ്ടും രംഗത്ത്. സര്‍ക്കാര്‍ നിലപാടിനെ സ്വാഗതം ചെയ്യുകയാണെന്ന് യാക്കോബായസഭാ വക്താവും മെത്രാപ്പൊലീത്തയുമായ (ബിഷപ്പ്) കുര്യാക്കോസ് മാര്‍ തിയോഫിലോസ് വ്യക്തമാക്കി. സുപ്രീം കോടതി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അടങ്ങുന്ന ബെഞ്ചിന്റെ നിര്‍ദ്ദേശം അനുസരിച്ചുള്ളതാണ് സര്‍ക്കാരിന്റെ നടപടിക്രമമെന്നും ഓര്‍ത്തഡോക്‌സ് സഭ കലാപം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും തിയോഫിലോസ് മെത്രാപ്പൊലീത്ത 'ദ ക്യൂ'വിനോട് പറഞ്ഞു.

ആക്രമണോത്സുക പ്രതികരണമാണ് ഓര്‍ത്തഡോക്‌സ് സഭയുടെ ഭാഗത്ത് നിന്നുണ്ടായത്. സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി സര്‍ക്കാരിനെ തേജോവധം ചെയ്ത് പ്രശ്‌നമുണ്ടാക്കിച്ച് മനപ്പൂര്‍വ്വം വലിയൊരു കലാപം സൃഷ്ടിക്കാനുള്ള ഗൂഢതന്ത്രങ്ങളുടെ ഭാഗമാണിത്.

തിയോഫിലോസ് മെത്രാപ്പൊലീത്ത

ഇതിന് മുന്‍പും അവര്‍ ചെയ്തിട്ടുള്ളത് അതാണ്. പ്രശ്‌നം തീര്‍ക്കാനായിട്ട് ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകളുടെ തലവന്‍മാര്‍ കഴിഞ്ഞ സെപ്റ്റംബര്‍ 18-ാം തീയതി ദയറയിലേക്ക് വിളിച്ചെങ്കിലും അവര്‍ തയ്യാറായില്ല. സര്‍ക്കാര്‍ ആദ്യത്തെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടും അവര്‍ തയ്യാറായില്ല. ഞങ്ങളുടെ കൈയിലുള്ള പള്ളികളെല്ലാം പിടിച്ചെടുക്കും എന്നൊരു ശൈലിയിലാണ് അവരുടെ പ്രവൃത്തി. ഭൂരിഭാഗം ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ക്കും അതിനോട് യോജിപ്പല്ലെന്നും യാക്കോബായ സഭ ആരോപിച്ചു.

20 ലക്ഷം വരുന്ന വിശ്വാസികള്‍ എവിടെപ്പോകും? ഞങ്ങളുടെ മൃതദേഹങ്ങള്‍ എവിടെ സംസ്‌കരിക്കും? ഞങ്ങളുണ്ടാക്കിയ പള്ളികളില്‍ നിന്ന് ഞങ്ങള്‍ എവിടേക്ക് ഇറങ്ങിപ്പോകും? ഇതിനൊക്കെ മറുപടി പറയണം.

തിയോഫിലോസ് മെത്രാപ്പൊലീത്ത

സര്‍ക്കാരിന് ഇത് വലിയൊരു സാമൂഹിക വിഷയം കൂടിയാണ്. 2017ലെ വിധിയുടെ അവസാനഭാഗത്ത് ഇരുവിഭാഗങ്ങളും ഒരു പൊതുവേദിയില്‍ ഈ വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നാണ്. അതിന് ശേഷം ഇതുവരേയും ഒരു ചര്‍ച്ചയ്ക്കും അവര്‍ തയ്യാറായിട്ടില്ല. മനപൂര്‍വ്വം പ്രശ്‌നമുണ്ടാക്കുകയാണ് എന്നല്ലേ അതിന്റെ അര്‍ത്ഥം? ഒരാള്‍ മാത്രം പറയുന്നതാണ് സുപ്രീം കോടതിവിധിയെന്ന് വ്യാഖ്യാനിക്കാന്‍ കഴിയില്ല. ഒരു ജഡ്ജി മാത്രമല്ല അവിടെയുള്ളത്. മൂന്നംഗബെഞ്ചും രണ്ടംഗബെഞ്ചും സമവായചര്‍ച്ച നിര്‍ദേശിച്ചതിനേത്തുടര്‍ന്നാണ് മന്ത്രിസഭാ ഉപസമിതി രൂപീകരിച്ച് സിറ്റിങ് നടന്നത്. സമവായചര്‍ച്ച തുടരുമെന്ന് തന്നെയാണ് ഞങ്ങള്‍ മനസിലാക്കുന്നത്. സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതും അത് തന്നെയാണ്. സുപ്രീം കോടതിയുടെ ജസ്റ്റിസ് ചന്ദ്രചൂഢ് ഉള്‍പ്പെടുന്നതായ മൂന്നംഗബെഞ്ചും രണ്ടംഗബെഞ്ചും ഇത് സമവായത്തിലൂടെ നടപ്പാക്കാന്‍ ആഗസ്റ്റ് ആറ് വരെയാണ് സര്‍ക്കാരിന് സമയം കൊടുത്തിരിക്കുന്നത്. സുപ്രീം കോടതിയിലെ തന്നെ ജഡ്ജിമാരാണ് മദന്‍ ലോക്കൂറും ഡി വൈ ചന്ദ്രചൂഡും. ഈ യാഥാര്‍ത്ഥ്യങ്ങള്‍ പൊതു സമൂഹം അറിയണമെന്നും യാക്കാബോയ സഭാ വക്താവ് കൂട്ടിച്ചേര്‍ത്തു.

കലാപത്തിന് ശ്രമം നടക്കുന്നെന്ന് യാക്കോബായ സഭ; അച്ചന്‍മാരുടെ പണിപോകുമെന്ന പേടിയാണ് യഥാര്‍ത്ഥ പ്രശ്‌നമെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം
സഭാതര്‍ക്കം: സുപ്രീം കോടതിവിധി സമവായത്തിലൂടെ നടപ്പാക്കും; ശ്രമിക്കുന്നത് സംഘര്‍ഷം ഒഴിവാക്കാനെന്ന് മുഖ്യമന്ത്രി
1934ലെ ഭരണഘടനപ്രകാരം പള്ളികള്‍ ഭരിക്കപ്പെടണമെന്നാണ് സുപ്രീം കോടതിവിധി.  

സുപ്രീം കോടതി വിധി നടപ്പാക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യവുമായി മുന്നോട്ട് പോകുമെന്നായിരുന്നു ഓര്‍ത്തഡോക്‌സ് സഭാദ്ധ്യക്ഷന്‍ പൗലോസ് ദിത്വീയന്‍ കാതോലിക്ക ബാവ മാധ്യമങ്ങളോട് പ്രതികരിച്ചത്.

അന്തിമമായ തീര്‍പ്പ് എന്ന നിലയില്‍ ബഹുമാനപ്പെട്ട സുപ്രീം കോടതി ഒരു വിധി പുറപ്പെടുവിച്ചിരുന്നു. അത് അനുസരിക്കാന്‍ സാധ്യമല്ലാന്ന് പറയുമ്പോള്‍ പിന്നെന്തിനാണ് ഇവിടെയൊരു ഗവണ്‍മെന്റ്?

പൗലോസ് ദിത്വീയന്‍ കാതോലിക്ക ബാവ

'ഇടതുപക്ഷത്തെ സപ്പോര്‍ട്ട് ചെയ്യത്തക്ക വിധമുള്ള ഒരു നിലപാട് എടുക്കുമെങ്കില്‍ ഞങ്ങള്‍ കോടതിവിധി നടപ്പില്‍ വരുത്തും' എന്ന് ഇടതുപക്ഷം വാഗ്ദാനം നല്‍കിയിരുന്നെന്നും കാതോലിക്കാ ബാവ ആരോപിച്ചു.

പൊതുസമൂഹത്തിന്റെ മുന്നില്‍ യാക്കോബായ സഭ സമാധാനപ്രേമികളായി വേഷം കെട്ടുകയാണെന്നും പ്രവൃത്തി നേര്‍വിപരീതമാണെന്നും ഓര്‍ത്തഡോക്‌സ് സഭാ വൈദികന്‍ തോമസ് പോള്‍ റമ്പാന്‍ 'ദ ക്യൂ'വിനോട് പ്രതികരിച്ചു.

ആരാണ് കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നത്. കോതമംഗലത്ത് ആരാണ് പ്രശ്‌നമുണ്ടാക്കിയത്. ഞാന്‍ ഒറ്റയ്ക്കാണ് പോയത്. ഞാന്‍ കോതമംഗലം ചെറിയ പള്ളി ഇടവകക്കാരനാണ്. എന്റെ അപ്പന്റെ മൃതദേഹം എത്ര ദിവസം ഫ്രീസറില്‍ വെയ്‌ക്കേണ്ടി വന്നു. എന്റെ അമ്മയുടെ മൃതദേഹം അടക്കാനാകാതെ എത്ര ദിവസം ഫ്രീസറില്‍ വെച്ചു.?

തോമസ് പോള്‍ റമ്പാന്‍

സമവായത്തിലായാലും സമാധാനത്തിലായാലും വിധി നടപ്പാക്കി കിട്ടിയാല്‍ മതി. നിലവില്‍ കുറച്ച് അച്ചന്‍മാര്‍ക്കും മെത്രാന്‍മാര്‍ക്കും പണിയില്ലാതാകും. അതാണ് അവരുടെ പ്രശ്‌നം. ഒരു വിശ്വാസിക്ക് പോലും ഒരു പ്രശ്‌നവും ഉണ്ടാകില്ല. വിശ്വാസികള്‍ ആരും എങ്ങോടും പോകേണ്ടി വരില്ല. ഒരു വിശ്വാസിയേയും ഒരു പള്ളിയില്‍ നിന്നും ഇറക്കിവിടില്ല. ആരുടേയും മൃതദേഹം അടക്കുന്നതിന് പ്രശ്‌നമുണ്ടാകില്ല. ഭരണഘടനാപ്രകാരം നിയോഗിക്കപ്പെടുന്ന വികാരി തന്നെ ശുശ്രൂഷ നടത്തും എന്നതുമാത്രമാണ് നിബന്ധനയെന്നും ഓര്‍ത്തഡോക്‌സ് വൈദികന്‍ കൂട്ടിച്ചേര്‍ത്തു.

logo
The Cue
www.thecue.in