വെനീസില്‍ മലയാളത്തിന് അഭിമാനമായി ‘ചോല’  

വെനീസില്‍ മലയാളത്തിന് അഭിമാനമായി ‘ചോല’  

Published on

സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ‘ചോല’, വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചു. പ്രധാന മത്സരവിഭാഗത്തിന് സമാന്തരമായി നടക്കുന്ന ഒറിസോണ്ടി(ഹൊറൈസണ്‍) കാറ്റഗറിയിലാണ് പ്രദര്‍ശിപ്പിച്ചത്. ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ട ഏക ഇന്ത്യന്‍ സിനിമ കൂടിയാണ് ‘ചോല’. അടൂര്‍ ഗോപാലകൃഷ്ണന്റെ ‘മതിലുകള്‍’, ‘നിഴല്‍ കൂത്ത്’ എന്നിവയാണ് ഇതിനു മുന്‍പ് വെനീസ് ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള മലയാള ചിത്രങ്ങള്‍.

വിവിധ രാജ്യങ്ങളില്‍ നിന്നായി 19 ചിത്രങ്ങളാണ് ഹൊറൈസണ്‍ വിഭാഗത്തില്‍ നാല് പ്രധാന പുരസ്‌കാരങ്ങള്‍ക്കായി മത്സരിക്കുന്നത്. മികച്ച ചിത്രത്തിനുള്‍പ്പെടെയാണ് മത്സരം. ‘ചോല’യെ പ്രതിനിധീകരിച്ച് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍, ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ജോജു ജോര്‍ജ് , നിമിഷ സജയന്‍, അഖില്‍ വിശ്വനാഥ്, സഹനിര്‍മ്മാതാവയ സിജോ വടക്കന്‍ എന്നിവര്‍ റെഡ് കാര്‍പറ്റിലെത്തി.

ചിത്രത്തിലെ പ്രകടനം കൂടി കണക്കിലെടുത്തായിരുന്നു നിമിഷ സജയന് ഈ വര്‍ഷത്തെ മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. നിമിഷയെയും ജോജുവിനെയും കൂടാതെ പ്രധാന കഥാപാത്രം അവതരിപ്പിക്കുന്ന അഖിലിനെ ഓഡിഷന്‍ നടത്തി 700 ഓളം പേര്‍ക്കിടയില്‍ നിന്നാണ് കണ്ടെത്തിയത്.

logo
The Cue
www.thecue.in