നിങ്ങള്‍ക്ക് കശ്മീരാണ് വേണ്ടത്, കശ്മീരികളെയല്ല
എന്റെ പേര് സാജിദ് ഖതായ്, കൊച്ചി കശ്മീരി ട്രേഡേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ പ്രസിഡന്റാണ്. ശ്രീനഗറാണ് എന്റെ സ്വദേശം. കഴിഞ്ഞ 21 വര്‍ഷമായി കൊച്ചിയില്‍ ജീവിക്കുന്നു. കശ്മീരികള്‍ അവിടെയുള്ളതിനേക്കാള്‍ സുരക്ഷിതരാണ് കേരളത്തില്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നു. അതാണ് കശ്മീരികള്‍ കടന്നുപോയ്‌ക്കൊണ്ടിരിക്കുന്ന അവസ്ഥ.
എഴുപത് വര്‍ഷത്തോളം ആര്‍ട്ടിക്കിള്‍ 370 നിലനിന്നു. ഭരണഘടനാ അനുഛേദത്തിന് പല ഉപവ്യവസ്ഥകളും ഉണ്ടായിരുന്നു. കാലക്രമേണ ആര്‍ട്ടിക്കിള്‍ 370ന്റെ പല പ്രസക്തഭാഗങ്ങളും നേര്‍പ്പിക്കപ്പെട്ടു. കോണ്‍ഗ്രസിന്റേയും ജനതാ ദളിന്റേയും മറ്റ് പാര്‍ട്ടികളുടേയും കീഴിലുള്ള ഇന്ത്യന്‍ സര്‍ക്കാരുകള്‍ സാവധാനം ആര്‍ട്ടിക്കിള്‍ 370 ദുര്‍ബലമാക്കിക്കൊണ്ടിരുന്നു. കശ്മീരികള്‍ ചേര്‍ത്തുപിടിച്ചിരുന്ന അനുഛേദത്തില്‍ ഏതാനും ചില വ്യവസ്ഥകള്‍ മാത്രമാണ് അവശേഷിച്ചിരുന്നത്.
ആര്‍ട്ടിക്കിള്‍ 370 ഒരു അനുഛേദം മാത്രമായിരുന്നില്ല, കശ്മീരികളുടെ ഐഡന്റിറ്റിയായിരുന്നു. 370ല്‍ ബാക്കിയുണ്ടായിരുന്ന ഭാഗങ്ങളിലായിരുന്നു കശ്മീരികളുടെ സ്വത്വം അവശേഷിച്ചിരുന്നത് എന്ന് തന്നെ പറയണം.
ജമ്മു കശ്മീരില്‍ മാത്രമല്ല, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ മണിപ്പൂര്‍, നാഗാലാന്‍ഡ്, അസം, അരുണാചല്‍ പ്രദേശ് എന്നിവയുള്‍പ്പെടെ പത്തോളം ഇടങ്ങളില്‍ ഭൂമി വാങ്ങുന്നതിന് വിലക്കുണ്ട്. രാഷ്ട്രീയ പ്രേരിതമായി, നിങ്ങളുടെ മാനിഫെസ്റ്റോ നടപ്പാക്കുന്നതിന് വേണ്ടിയാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്തത്, കശ്മീരികളുടെ വീക്ഷണവും ഇച്ഛയും പരിഗണിക്കുക പോലും ചെയ്യാതെ.
കശ്മീരികള്‍ക്കെതിരെ ഇന്ത്യയൊട്ടാകെ വലിയ പ്രചാരണമാണ് മാധ്യമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. 'ആര്‍ട്ടിക്കിള്‍ 370 കാരണമാണ് കശ്മീര്‍ വികസിക്കാത്തത്', 'കശ്മീരില്‍ തീവ്രവാദം ശക്തമാകാനുള്ള കാരണം ആള്‍ട്ടിക്കിള്‍ 370 ആണ്'. അതുകൊണ്ട് '370 റദ്ദ് ചെയ്താല്‍ പിന്നെ എല്ലാം ശരിയാകും' എന്നെല്ലാം. പക്ഷെ ചോദ്യം ഇതാണ്, ഈ റദ്ദ് ചെയ്യല്‍ ഏതെങ്കിലും തരത്തില്‍ ഫലം ചെയ്യുമോ? ഇത് തന്നെയാണ് നിങ്ങള്‍ നോട്ട് നിരോധനത്തേക്കുറിച്ചും പറഞ്ഞത്. കള്ളപ്പണമാണ് തീവ്രവാദത്തിന്റെ മൂലകാരണമെന്ന് നിങ്ങള്‍ പറഞ്ഞു. പക്ഷെ നോട്ട് നിരോധിച്ച് അധികം വൈകാതെ തന്നെ ഈ പറയുന്ന ഭീകരവാദികളുടെ കൈകളില്‍ 2,000 രൂപയുടെ കറന്‍സികളുള്ളതായി വിവരം ലഭിച്ചു. നോട്ട് നിരോധനം ഭീകരവാദത്തെ ഇല്ലാതാക്കുന്നതിന് ഉപകാരപ്രദമായോ?
കശ്മീരിലെ ഭീകരാക്രമണസംഭവങ്ങളുടെ ഗ്രാഫ് പരിശോധിക്കൂ,1990 മുതല്‍ 2014 വരെയുള്ള ഗ്രാഫ് നോക്കിയാല്‍ ഭീകരവാദം 90 ശതമാനം കുറഞ്ഞായി കാണാം. പക്ഷെ 2014 മുതല്‍ 2019നും ഇടയില്‍ അത് ഇരുന്നൂറ് മടങ്ങായി ഇരട്ടിച്ചു. ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്താല്‍ ഭീകരവാദം ഇല്ലാതാകുമെന്നും കശ്മീരിലെ അവസ്ഥയില്‍ മാറ്റം വരുമെന്നും ജനം വിശ്വസിക്കുമെന്നാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നതെങ്കില്‍, അത് നമ്മള്‍ കണ്ട് തന്നെ അറിയണം, ഭാവിയില്‍ എങ്ങനെയെല്ലാമാണ് കാര്യങ്ങള്‍ മാറാന്‍ പോകുന്നതെന്ന്.
കശ്മീരികളുടെ സമ്മതമില്ലാതെ, കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ ജനാധിപത്യം കൊലചെയ്യപ്പെടുകയാണുണ്ടായതെന്ന് ഞാന്‍ കരുതുന്നു. ‘അത് കശ്മീരികള്‍ക്ക് സഹായകരമാകും’ എന്നെല്ലാമുള്ള പ്രയോഗങ്ങള്‍ നിങ്ങള്‍ നടത്തുന്നുണ്ട്. ആര്‍ട്ടിക്കിള്‍ 370 ഇല്ലാതാക്കിയതില്‍ കശ്മീരികള്‍ സന്തുഷ്ടരാണെന്നാണോ നിങ്ങള്‍ കരുതുന്നത്? കശ്മീരികളുടെ നല്ലതിന് വേണ്ടിയായിരുന്നോ അത്?
ഇന്നേക്ക് രണ്ട് ദിവസമായി കശ്മീര്‍ ഒരു ജയിലാണ്. എല്ലാ കശ്മീരികളും, അവിടെയുള്ള എല്ലാ നേതാക്കളും വീട്ടുതടങ്കലില്‍ അടയ്ക്കപ്പെട്ടിരിക്കുന്നു. അവിടെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനേക്കുറിച്ച് സംസാരിക്കാന്‍ പോലും നിങ്ങള്‍ ജനത്തെ അനുവദിക്കുന്നില്ല. പിന്നെ എങ്ങനെ ആ സ്റ്റേറ്റ് നടത്തിക്കൊണ്ടുപോകാമെന്നാണ് നിങ്ങള്‍ കരുതുന്നത്? ഇപ്പോള്‍ ഒരു സര്‍ക്കാര്‍ പോലുമില്ല. നിങ്ങളുടെ ജനാധിപത്യത്തിന്റെ തൂണുകളായ നേതാക്കളെ നിങ്ങള്‍ തന്നെ തടവിലാക്കി. ഇനി എന്ത്? ഇനി എന്ത് എന്നത് ഒരു വലിയ ചോദ്യമാണ്.
കശ്മീരിലെ ജനങ്ങളോട് സംസാരിക്കാന്‍ നിങ്ങള്‍ ഇനി ആരെയാണ് അയക്കാന്‍ പോകുന്നത്? ദിവസങ്ങള്‍ക്കോ, മാസങ്ങള്‍ക്കോ ശേഷം, അല്ലെങ്കില്‍ എപ്പോഴെങ്കിലും നിങ്ങള്‍ക്ക് കര്‍ഫ്യൂ പിന്‍വലിക്കേണ്ടതായി വരും. ആളുകളെ പുറത്തിറങ്ങാന്‍ അനുവദിക്കേണ്ടതായി വരും. നിങ്ങള്‍ക്ക് ഒരു സംസ്ഥാനത്തിന്റെ നടത്തിപ്പ് നിര്‍വ്വഹിക്കണമെങ്കില്‍ കശ്മീരികളുമായി സംസാരിക്കേണ്ടതില്ലേ? അപ്പോള്‍ നിങ്ങള്‍ ആരെയാണ് കശ്മീരിലേക്ക് അയക്കുന്നത്? നിലവില്‍, ഇന്ത്യന്‍ ഗവണ്‍മെന്റിനും കശ്മീര്‍ ജനതയ്ക്കും ഇടയില്‍ വലിയ അവിശ്വാസം നിലനില്‍ക്കുന്നു. നിങ്ങള്‍ ഇനിയെങ്ങനെയാണ് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്നത്?, 'ഞങ്ങളിതാ കശ്മീരിനേക്കുറിച്ച് നല്ലത് പറഞ്ഞിരിക്കുന്നു' എന്ന് പറയാനിടവരുത്തുന്ന ആ സന്ദര്‍ഭത്തിന് വേണ്ടി. നിങ്ങള്‍ ഇന്ത്യയുടെ മറുവശത്താണെങ്കില്‍, പത്രങ്ങളില്‍ ഇതെല്ലാം വളരെ നല്ലതാണ്. 'നിങ്ങള്‍ക്ക് ഒരു സിംഗിള്‍ ഫ്‌ളാറ്റ് ലഭിക്കും', 'നിങ്ങള്‍ക്ക് കശ്മീരിലെത്താന്‍ എളുപ്പമാകും', 'അവിടെ ഭൂമി വാങ്ങാം', 'കശ്മീരില്‍ ഇനി എന്തും ചെയ്യാം' അങ്ങനെയങ്ങനെ... പക്ഷെ ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള്‍ ആരെയാണ് സഹായിക്കുന്നത്? ഇന്ത്യയിലെ ആരെങ്കിലും കശ്മീരില്‍ പോയി സ്ഥിരതാമസമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ? ഇതിനുവേണ്ടിയാണോ നിങ്ങള്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്തത്?
അപ്പോള്‍ കശ്മീരികളുടെ അഭിലാഷങ്ങളോ ? നിങ്ങള്‍ക്ക് കശ്മീരാണ് വേണ്ടത്, നിങ്ങള്‍ക്ക് കശ്മീരികളെ വേണ്ട.
അതായത് നിങ്ങളുടെ പക്കല്‍ ഭൂമിയുണ്ടെങ്കില്‍, ആ മണ്ണിലെ ജനം നിങ്ങള്‍ക്കൊപ്പം വരും. ജനങ്ങള്‍ക്ക് സഹായകമായിരുക്കുകയും അവരെ സന്തുഷ്ടരാക്കുകയും ചെയ്യുക എന്നത് ഒരു രാജ്യത്തെ സര്‍ക്കാരിന്റെ കര്‍ത്തവ്യമാണ്. എത്ര തലമുറകള്‍ കഴിഞ്ഞാലും ഭൂമി എപ്പോഴും അവിടെ തന്നെയുണ്ടാവും, ഒന്നും സംഭവിക്കില്ല. പക്ഷേ നിങ്ങളുടെ ജനതയോ ? കശ്മീരിലെ ജനങ്ങളെ നിങ്ങള്‍ എന്ത് ചെയ്യും ? നിങ്ങള്‍ അവരെ എങ്ങനെ സന്തുഷ്ടരാക്കും ? ഇന്ത്യയ്ക്കും കശ്മീരിലെ ജനങ്ങള്‍ക്കും ഇടയില്‍ നിങ്ങള്‍ അകല്‍ച്ച സൃഷ്ടിക്കുമ്പോള്‍ തുറന്ന ഹൃദയത്തോടെ അവര്‍ ഇന്ത്യയുടെ ഭാഗമായി തീരുമെന്നാണോ കരുതുന്നത് ? ഇന്ത്യയുടെ ഭാഗമാകാന്‍ കശ്മീരികളെ സഹായിക്കുന്ന ഒരു പദ്ധതി നിങ്ങള്‍ക്ക് ഉണ്ടായിരുന്നിരിക്കാം. പക്ഷേ ഇപ്പോള്‍ കശ്മീര്‍ ജനതയും ഇന്ത്യന്‍ ഭരണകൂടവും തമ്മില്‍ അവിശ്വാസം നിലനില്‍ക്കുന്നു. ഈ കര്‍ഫ്യൂ നിങ്ങള്‍ പിന്‍വലിക്കുന്ന നിമിഷം തന്നെ ആ സംഭവിച്ചതിന്റെയെല്ലാം അനന്തരഫലങ്ങള്‍ നാം അറിഞ്ഞേക്കാം, നിങ്ങളുടെ ആ തീരുമാനം നല്ലതായിരുന്നോ അതോ തെറ്റായിരുന്നോ എന്നതും.
ഈ ഘട്ടത്തില്‍ ഒരു കാര്യം മാത്രമേ പറയാനാവു, നിങ്ങളുടെ ചെയ്തികളില്‍ ഞങ്ങള്‍ അങ്ങേയറ്റം ആശങ്കയിലാണ്. കശ്മീരിലെ ജനം ദുരിതം അനുഭവിക്കുകയാണ്. ഞങ്ങളുടെയെല്ലാം കുടുംബങ്ങള്‍ കശ്മീരിലാണ്. രണ്ട് ദിവസമായി അവരോട് സംസാരിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. കശ്മീരിലെ ജനത്തേക്കാള്‍ കൂടുതല്‍ പട്ടാളക്കാര്‍ ഇപ്പോള്‍ അവിടെ തെരുവുകളിലുണ്ട്. ശ്രീനഗറിലെ ആകെ ജനസംഖ്യയേക്കാള്‍ കൂടുതല്‍ സേനയെ നിങ്ങള്‍ അവിടെ വിന്യസിച്ചിരിക്കുകയാണ്. ചെറുതായി പോലും എന്തെങ്കിലും സംഭവിച്ചാല്‍ (അങ്ങനെ ഉണ്ടാകാതിരിക്കട്ടെ), ഒരു ഭീകരവാഴ്ചയായിരിക്കും നിങ്ങള്‍ അവിടെ കെട്ടഴിച്ചു വിടുക. അതീവ സൂക്ഷ്മതയോടെയാണ് നിങ്ങളത് പരിശോധിക്കേണ്ടതും കൈകാര്യം ചെയ്യേണ്ടതും. കശ്മീരിലെ ജനത ഇല്ലാതെ കശ്മീരിന്റെ ഭൂമി മാത്രമായി സ്വന്തമാക്കാന്‍ നിങ്ങള്‍ക്കാവില്ല. അത് സാധ്യമല്ലെന്നാണ് ഞാന്‍ കരുതുന്നത്. ഇങ്ങനെയൊന്നുമായിരുന്നില്ല കശ്മീരില്‍ നടക്കേണ്ടിയിരുന്നത്.