ലിബിയ, ഇറാഖ്, അഫ്ഗാനിസ്ഥാൻ ഉൾപ്പടെയുള്ള രാജ്യങ്ങളെ മുച്ചൂടും മുടിപ്പിച്ച ശേഷം യു.എസ്. ഖത്തറിലേക്ക് അവരുടെ പതിനൊന്നാമത് ലോകകപ്പ് കളിക്കാൻ വരും. യെമനെ ശിലായുഗത്തിലേക്ക് എത്തിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച സൗദി അറേബ്യ ആറാമത് ലോകകപ്പ് കളിക്കാൻ ഒരു കാലത്ത് അവരുടെ ഏറ്റവും വലിയ ശത്രുവായിരുന്ന ഖത്തറിലേക്ക് വരുന്നു. എഡ്വിൻ ജോയ് എഴുതുന്നു
ലോകവും ലോകകപ്പും
2022ലെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ അവകാശവാദം ഉന്നയിച്ച ഒരേയൊരു ഗൾഫ് രാഷ്ട്രം ഖത്തർ ആയിരുന്നു. യു എസ്, ഓസ്ട്രേലിയ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവയാണ് അവകാശവാദം ഉന്നയിച്ച മറ്റു രാജ്യങ്ങൾ. ഒടുവിൽ 14 വോട്ടുകൾ നേടി 2022 ലോകകപ്പ് ആതിഥേയത്വം ഖത്തർ സ്വന്തമാക്കി. എട്ടു വോട്ടുകൾ നേടി യുഎസ് പിന്നിലെത്തി.
2022ലെ ഫുട്ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഖത്തറിനെ 2010ൽ ഫിഫ നിയോഗിച്ചപ്പോൾ മുതലുള്ള 12 വർഷക്കാലം വിവാദങ്ങൾ കൊണ്ട് നിറഞ്ഞതായിരുന്നു. ഒരുപക്ഷേ ഡിസംബർ പതിനെട്ടാം തിയതി ലുസൈൽ സ്റ്റേഡിയത്തിൽ റഫറി ഫൈനൽ വിസിൽ മുഴക്കി കഴിഞ്ഞാലും ഖത്തർ ലോകപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ഒരു കുറവും ഉണ്ടാകില്ല. ഒരു കായികമേളയുമായി ബന്ധപ്പെട്ട് ഇത്രമാത്രം വിവാദങ്ങൾ മുൻപുണ്ടായിട്ടുണ്ടോ എന്നുള്ളത് സംശയമാണ്. അതിനു പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന് ഖത്തറിന്റെ ഫുട്ബോൾ പാരമ്പര്യമാണ്.
ഒരുപക്ഷേ ഫുട്ബോൾ ലോകകപ്പ് സൗദി അറേബ്യയിലോ, ഈജിപ്തിലോ, എന്തിന് ഇറാനിൽ പോലുമോ സംഘടിപ്പിച്ചിരുന്നെങ്കിൽ ഇത്രമാത്രം വിവാദം ഉണ്ടാകുമായിരുന്നില്ല. ഒന്നല്ലെങ്കിൽ ഫിഫയ്ക്കു തങ്ങൾക്കെതിരെയുള്ള അഴിമതി ആരോപണം എങ്കിലും ഒഴിവാക്കാമായിരുന്നു. ഖത്തറിനെ അപേക്ഷിച്ചു മേൽപ്പറഞ്ഞ രാഷ്ട്രങ്ങൾ ലോകകപ്പിൽ മത്സരിച്ചിട്ടുണ്ട്. AFC ഏഷ്യൻ കപ്പിലും CAF ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിലും മികച്ച പ്രകടനം പുറത്തെടുക്കുന്നതോടൊപ്പം തന്നെ അനവധി പ്രഗൽഭരായ ഫുട്ബോൾ പ്ലയർസിനെയും സംഭാവന ചെയ്തിട്ടുള്ള രാജ്യങ്ങളാണ് ഇവ.
പക്ഷേ 2019ൽ AFC ഏഷ്യൻ കപ്പ് ചാമ്പ്യന്മാരായി കൊണ്ട് ഖത്തർ ചരിത്രമെഴുതി . മറ്റൊരു വാക്കിൽ പറഞ്ഞാൽ ഇത്തവണ ലോകകപ്പിന് പങ്കെടുക്കുന്ന രാജ്യങ്ങളിൽ ഏഷ്യൻ ചാമ്പ്യന്മാർ ആയിട്ടാണ് ആതിഥേയരായ ഖത്തറിന്റെ വരവ്. ഏഷ്യൻ കപ്പിൽ പുറത്തെടുത്ത പ്രകടനം സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പിലും ആവർത്തിക്കാൻ കഴിയുമെന്ന് ഖത്തർ വിശ്വസിക്കുന്നുണ്ട്.
ചരിത്രത്തിലെ ഏറ്റവും ചിലവേറിയ ഫുട്ബോൾ ലോകകപ്പാണ് ഖത്തറിൽ നടക്കാൻ പോകുന്നത്. 220 ബില്യൺ ഡോളറാണ് ഖത്തർ ലോകകപ്പിന്റെ ചിലവ്. ഇതിനു മുൻപ് ഏറ്റവും ചിലവേറിയ ലോകകപ്പ് 2014 ബ്രസീൽ ലോകകപ്പ് ആയിരുന്നു. 19.7 ബില്യൺ ആയിരുന്നു ബ്രസീൽ ലോകകപ്പിന്റെ ചിലവ്. ലോകകപ്പ് സംഘടിപ്പിച്ച മറ്റു രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഖത്തറിന് ഒരു വലിയ ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിക്കാൻ മാത്രം സ്റ്റേഡിയങ്ങളോ മറ്റ് അനുബന്ധ സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. വെറും 30 ലക്ഷത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള ഒരു രാജ്യത്ത് അതിനും മാത്രം സ്റ്റേഡിയങ്ങളുടെ ആവശ്യവുമില്ല. പക്ഷേ ലോകകപ്പ് പോലെയുള്ള ഒരു ടൂർണ്ണമെന്റ് സംഘടിപ്പിക്കാനും അത് വിജയകരമായി നടപ്പാക്കാനും ഒന്നുമില്ലായ്മയിൽ നിന്ന് പടുത്തുയർത്തുമ്പോൾ ചിലവ് ഭീമമായി വർദ്ധിക്കുക സ്വാഭാവികമാണ്. ആർക്കിടെക്ചർ, അർബൻ ഡെവലപ്മെന്റ്, ഹോട്ടൽ മാനേജ്മെന്റ്, എൻജിനീയറിങ് മുതലായ അക്കാദമിക-പ്രൊഫഷണൽ രംഗത്തുള്ളവർക്ക് ഖത്തർ ലോകകപ്പ് ഒരു അത്ഭുതമായിരിക്കും എന്നതിൽ തർക്കമില്ല.
ലോകകപ്പിന് ഏതാനും ദിവസങ്ങൾ മുമ്പാണ് ഫിഫയുടെ പ്രസിഡന്റായിരുന്ന സെപ്പ് ബ്ലാറ്റർ ഖത്തറിന് ലോകകപ്പ് ആതിഥേയത്വം നൽകിയത് തെറ്റായി പോയെന്ന 'കുറ്റസമ്മതവുമായി' മുന്നോട്ട് വന്നത്.
പക്ഷേ ഓരോ തവണ നമ്മൾ താജ് മഹലിന്റെ മനോഹാരിതയെ വർണ്ണിക്കുമ്പോഴും, ഈജിപ്തിലെ പിരമിഡുകളുടെ കൃത്യതയെ പ്രശംസിക്കുമ്പോഴും, റോമിലെ കൊളോസിയത്തിന്റെ വാസ്തുശാസ്ത്രത്തെ അത്ഭുതത്തോടെ നോക്കി കാണുമ്പോഴും പലപ്പോഴും മറന്നു പോകുന്ന ഒരു കാര്യമാണ് അത് പണിത തൊഴിലാളികളുടെ അല്ലെങ്കിൽ അടിമകളുടെ അവസ്ഥ എന്തായിരുന്നു എന്ന്. ഇതെല്ലാം പണിതവർ എവിടെ നിന്നാണ് വന്നിരുന്നത് എന്ന്. പിന്നീട് അവർക്ക് തിരിച്ച് അവരുടെ കുടുംബങ്ങളിലേക്ക് പോകാൻ സാധിച്ചോ എന്ന്. കഠിനാധ്വാനത്തിനും വിശ്രമത്തിനും ഇടയിൽ തൊഴിലാളികൾക്ക് തങ്ങളുടെ ചരിത്രം പാപ്പിറസ് താളുകളിൽ എഴുതാൻ സമയം കിട്ടിയില്ല എന്നതാണ് സത്യം.
ഖത്തറിലെ ജനസംഖ്യ ഏതാണ്ട് 29 ലക്ഷമാണ്. ഇതിൽ ഏതാണ്ട് 21 ലക്ഷവും കുടിയേറ്റ തൊഴിലാളികളും. കുടിയേറ്റ തൊഴിലാളികൾക്ക് സംഘടിക്കാൻ സ്വാതന്ത്ര്യം ഇല്ലാത്ത ഒരു രാജ്യത്ത് തൊഴിലാളികളുടെ അവകാശം ഹനിക്കപ്പെടുമെന്നും, 50 ഡിഗ്രി ചൂടിൽ വരെ തൊഴിലാളികൾക്ക് പണിയെടുക്കേണ്ടി വരുമെന്നും, കഫാല സമ്പ്രദായം എന്ന ആധുനിക-അടിമത്ത-വ്യവസ്ഥിതിയിൽ ഇന്ത്യയിൽ നിന്നും നേപ്പാളിൽ നിന്നും ബംഗ്ലാദേശിൽ നിന്നും ഉൾപ്പെടെയുള്ള ആയിരക്കണക്കിനു കുടിയേറ്റ തൊഴിലാളികൾ വരിഞ്ഞുമുറുകുമെന്നും ഫിഫയ്ക്ക് അറിയാഞ്ഞിട്ടല്ല; പക്ഷെ മറഡോണ പറഞ്ഞപോലെ "ഞാൻ നാലു വേൾഡ് കപ്പ് കളിച്ചു പന്തിന്റെ പിന്നാലെ പോയപ്പോൾ, ബ്ലാറ്റർ (മുൻ ഫിഫ പ്രസിഡന്റ്) ഷാംപെയിന്റെ പിന്നാലെയാണ് പോയത്... "
ഫിഫയുടെ ഇരട്ടത്താപ്പ്
കഴിഞ്ഞ ലോകകപ്പിൽ സ്പെയിനിനെ പ്രീക്വാർട്ടറിൽ പരാജയപ്പടുത്തിയ റഷ്യയ്ക്ക് ഇത്തവണ ലോകകപ്പ് യോഗ്യത മത്സരം പോലും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. റഷ്യ-യുക്രൈൻ സംഘർഷത്തിന്റെ ഭാഗമായാണ് ഫിഫ റഷ്യയ്ക്ക് വിലക്കേർപ്പെടുത്തിയത്. റഷ്യയെ അപലപിച്ചു കൊണ്ടുള്ള പത്രകുറിപ്പും ഫിഫ പുറത്തിറക്കിയിരുന്നു.
എന്നാൽ ലിബിയ, ഇറാഖ്, അഫ്ഗാനിസ്ഥാൻ ഉൾപ്പടെയുള്ള രാജ്യങ്ങളെ മുച്ചൂടും മുടിപ്പിച്ച ശേഷം യു.എസ്. ഖത്തറിലേക്ക് അവരുടെ പതിനൊന്നാമത് ലോകകപ്പ് കളിക്കാൻ വരും. യെമനെ ശിലായുഗത്തിലേക്ക് എത്തിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച സൗദി അറേബ്യ ആറാമത് ലോകകപ്പ് കളിക്കാൻ ഒരു കാലത്ത് അവരുടെ ഏറ്റവും വലിയ ശത്രുവായിരുന്ന ഖത്തറിലേക്ക് വരുന്നു. ജനാധിപത്യം ഹോൾസെയിലായി കയറ്റുമതി ചെയ്യാൻ ഒരുമ്പെട്ടിറങ്ങി പിന്നീട് ആ രാജ്യങ്ങളെ തകർത്ത, അവിടുത്തെ ജനങ്ങളെ പട്ടിണിയിലേക്ക് തള്ളി വിട്ട നാറ്റോ രാജ്യങ്ങളിലെ ഫുട്ബോൾ ടീമുകളില്ലാതെ എന്ത് ലോകകപ്പ്? ഫിഫയുടെ മനുഷ്യാവകാശ സംരക്ഷണ യജ്ഞം ഇങ്ങനൊക്കെയാണ്. ഒരുപക്ഷേ ഇന്ന് ജീവിച്ചിരുന്നെങ്കിൽ ഫിഫയുടെ ഇരട്ടത്താപ്പിനെതിരെ ഏറ്റവും മൂർച്ചയേറിയ വാക്കുകൾ വരുന്നത് മറഡോണയിൽ നിന്നും സോക്രട്ടീസിൽ നിന്നും ആയിരിക്കും.
യു.എസ്. ഫുട്ബോൾ ടീമിന് സ്റ്റേഡിയത്തിൽ കിട്ടാൻ പോകുന്ന 'ഫാൻസ് ട്രീറ്റ്മെന്റിനെ' കുറിച്ച് ആകാംക്ഷയുമുണ്ട്. മാത്രമല്ല, ഇറാൻ കളിക്കുമ്പോൾ കളിയുടെ 22-ാം മിനിറ്റിൽ മഹ്സ അമിനിയുടെ പേര് ഏറ്റ് വിളിക്കാൻ ചില ആക്ടിവിസ്റ്റ് സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്.
ലോകകപ്പിന് ഏതാനും ദിവസങ്ങൾ മുമ്പാണ് ഫിഫയുടെ പ്രസിഡന്റായിരുന്ന സെപ്പ് ബ്ലാറ്റർ ഖത്തറിന് ലോകകപ്പ് ആതിഥേയത്വം നൽകിയത് തെറ്റായി പോയെന്ന 'കുറ്റസമ്മതവുമായി' മുന്നോട്ട് വന്നത്. 2010ൽ ഖത്തറിനെ 2022 ലോകകപ്പിന് ആതിഥ്യമരുളാൻ ഫിഫ നിയോഗിച്ചപ്പോൾ മുതൽ ഖത്തറിന്റെ രാഷ്ട്രീയ വ്യവസ്ഥിതിയെ സംബന്ധിച്ചും, അടിസ്ഥാന മനുഷ്യാവകാശങ്ങളോടുള്ള ഖത്തറിന്റെ സമീപനത്തെ സംബന്ധിച്ചുള്ള ചോദ്യങ്ങളും സംശയങ്ങളും പൊതുമണ്ഡലത്തിൽ ഉയർന്ന് വന്നിരുന്നു. LGBTQ+നോടുള്ള ഖത്തറിന്റെ സമീപനം, തൊഴിലാളികൾ അനുഭവിക്കുന്ന ചൂഷണങ്ങൾ, ലോകകപ്പിന് ആതിഥ്യം വഹിക്കാൻ നടത്തിയ നീക്കങ്ങളുടെ ഭാഗമായി ഉയർന്നുവന്ന ഫിഫയും ഖത്തറും ഉൾപ്പെടുന്ന അഴിമതിയാരോപണങ്ങൾ എന്നിവ അതിൽ ചിലതാണ്.
ഇംഗ്ലണ്ട്, ജർമ്മനി, ഓസ്ട്രേലിയ, ഡെന്മാർക്ക് ഉൾപ്പടെയുള്ള ടീമുകൾ ഖത്തറിലെ മനുഷ്യാവകാശ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. ഓസ്ട്രേലിയൻ ഫുട്ബോൾ സ്ക്വാഡ് ഖത്തറിന്റെ കുടിയേറ്റ തൊഴിലാളികളോടുള്ള സമീപനത്തെ വിമർശിച്ച് വീഡിയോ പുറത്തിറക്കിയിരുന്നു. എന്നാൽ "ഇപ്പോൾ നിങ്ങൾ ഫുട്ബോളിൽ ശ്രദ്ധിക്കൂ; ഫുട്ബോളിനെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കരുത്..." എന്ന് ലോകകപ്പിൽ പങ്കെടുക്കുന്ന 32 ടീമുകൾക്കും കത്തെഴുതി ഫിഫ വീണ്ടും മാതൃകയായി..!
ഗ്രൂപ്പ് ബി
മറ്റേതൊരു അന്താരാഷ്ട്ര ടൂർണ്ണമെന്റും പോലെ, ഫിഫ ലോകകപ്പിലും പങ്കെടുക്കുന്ന ടീമുകൾ അതാത് രാജ്യങ്ങളെ പ്രതിനിധീകരിച്ചാണ് വരുന്നത്. അതു കൊണ്ട് തന്നെ സ്വാഭാവികമായും അതിന് രാഷ്ട്രീയമാനവും ഉണ്ടാകും. ലോകത്തിലെ ഏറ്റവും ജനകീയമായ കായികയിനം എന്ന നിലയിലും, നടക്കുന്നത് ഫിഫ ലോകകപ്പ് ആണെന്നതിലും, അതിന്റെ രാഷ്ട്രീയ പ്രസക്തി വർധിക്കും. ക്ലബ് ഫുട്ബോളിൽ പോലും വ്യക്തമായ രാഷ്ട്രീയ നിലപാടുകളുള്ള (ഇടതും വലതും) ടീമുകൾ ഉണ്ട്. അപ്പോൾ പിന്നെ രാഷ്ട്രങ്ങളുടെ കാര്യത്തിലേക്കു വരുമ്പോൾ പറയേണ്ടതില്ലല്ലോ...
ഇത്തവണത്തെ ലോകകപ്പിലെ ഗ്രൂപ്പ് B തന്നെ എടുക്കാം. ഇറാൻ ഉൾപ്പെടുന്ന ഗ്രൂപ്പ് Bയിൽ തന്നെയാണ് ഇറാന്റെ ഒന്നാം നമ്പർ ശത്രുവായ യു.എസും. ഉള്ളത്. ഇതിനു മുമ്പ് 1998 ഫ്രാൻസ് ലോകകപ്പിലാണ് ഇറാനും യു.എസും. ഏറ്റുമുട്ടിയത്. അന്ന് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇറാൻ യു.എസിനെ തോൽപ്പിച്ചിരുന്നു. മുമ്പെങ്ങുമില്ലാത്ത വിധത്തിൽ രണ്ട് രാജ്യങ്ങളും തമ്മിലുള്ള ശത്രുത വർധിച്ച് വരുന്ന സാഹചര്യത്തിൽ ഖത്തറിൽ യു.എസ്. ഫുട്ബോൾ ടീമിന് സ്റ്റേഡിയത്തിൽ കിട്ടാൻ പോകുന്ന 'ഫാൻസ് ട്രീറ്റ്മെന്റിനെ' കുറിച്ച് ആകാംക്ഷയുമുണ്ട്. മാത്രമല്ല, ഇറാൻ കളിക്കുമ്പോൾ കളിയുടെ 22-ാം മിനിറ്റിൽ മഹ്സ അമിനിയുടെ പേര് ഏറ്റ് വിളിക്കാൻ ചില ആക്ടിവിസ്റ്റ് സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇറാനിൽ മത പോലീസിന്റെ അക്രമത്തിൽ മാരകമായി പരിക്കേറ്റ് പിന്നീട് മരണപ്പെട്ടപ്പോൾ മഹ്സ അമിനിയുടെ പ്രായം 22 ആയിരുന്നു. ഇംഗ്ലണ്ടും, യു.എസും., വേയ്ൽസും അടങ്ങുന്ന പാശ്ചാത്യ രാജ്യങ്ങളുമായി ഇറാൻ ഏറ്റ്മുട്ടുമ്പോൾ അത് കേവലം 90 മിനിറ്റുകൾ നീണ്ട് നിൽക്കുന്ന ഒരു മത്സരം മാത്രമാകില്ല എന്ന് ഉറപ്പ്.
ലോകകപ്പാണ് ഖത്തറിൽ; ലോകമല്ല..!
'ഖത്തറിൽ തൊഴിലാളികൾ ചൂഷണത്തിന് ഇരയാകുന്നു; അതിനാൽ ഖത്തർ ലോകകപ്പ് ബഹിഷ്കരിക്കണം' എന്ന ക്യാമ്പയിനുകൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ സജീവമാണ്. ലോകകപ്പിൽ പങ്കെടുക്കുന്ന ഇഷ്ട ടീമിനെ പിന്തുണയ്ക്കുമ്പോൾ അപ്പോൾ തന്നെ തൊഴിലാളിവിരുദ്ധ-ഫോമോഫോബിക് ചാപ്പയടിച്ച് അവരെ ക്യാൻസൽ ചെയ്യുന്ന ഒരു പ്രവണത നിലവിലുണ്ട്.
തൊഴിലാളികളോടുള്ള ചൂഷണം കേരളത്തിന്റെ പകുതി വലുപ്പം പോലും ഇല്ലാത്ത ഖത്തറിൽ മാത്രം നടക്കുന്ന ഒന്നല്ല.
ടാക്സ് കട്ടിന്റെ രൂപത്തിലും, സ്വകാര്യവൽക്കരണത്തിന്റെ രൂപത്തിലും നിലവിലെ നവ ലിബറൽ-മുതലാളിത്ത വ്യവസ്ഥിതി തൊഴിലാളികളെ പിഴിയുകയാണ്. നമ്മളൊക്കെ ദിവസേന ഉപയോഗിക്കുന്ന ഉപ്പുണ്ടല്ലോ, ആ ഉപ്പുണ്ടാക്കുന്നവർക്ക് പോലും ഉപ്പിന്റെ വില കിട്ടാത്ത ഈ വ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്നതിനും എതിർക്കുന്നതിനും പകരം എല്ലാം ഖത്തറിന്റെയും ഫുട്ബോളിന്റെയും മീതെ പഴിക്കുന്നത് ഒരു തരത്തിൽ തൊഴിലാളികളോടും തൊഴിലാളി മുന്നേറ്റങ്ങളോടും ചെയ്യുന്ന വഞ്ചനയാണ്.
ഈ ലോകകപ്പോടെ ഖത്തർ അപ്പാടെ മാറും, അല്ലെങ്കിൽ ഗൾഫ് രാജ്യങ്ങൾ ഉടനടി പുരോഗമനപാതയിലേക്ക് നീങ്ങും എന്ന അഭിപ്രായമൊന്നുമില്ല; പക്ഷേ, ഭാവിയിൽ അവിടെ സംഭവിക്കുന്ന മാറ്റങ്ങൾക്ക് 2022ലെ ഖത്തർ ലോകകപ്പും ഒരു ഘടകമായി മാറി എന്ന് ചരിത്രം രേഖപ്പെടുത്തും എന്നതിൽ സംശയമില്ല.
ദിനംപ്രതി വിലക്കയറ്റവും തൊഴില്ലില്ലായ്മയും വർധിക്കുമ്പോൾ, ടാർഗറ്റ് മുട്ടിക്കാൻ പെടാപ്പാട് പെടുമ്പോൾ, തൊഴിലാളികൾ ഓവർടൈം ജോലി ചെയ്യാൻ നിർബന്ധിതരാകുമ്പോൾ അവർക്ക് ഈ നാല് വർഷത്തിൽ ഒരിക്കൽ മാത്രം വരുന്ന ലോകകപ്പ് ആസ്വദിക്കാനോ ഇഷ്ട ടീമിനും ഇഷ്ട താരങ്ങൾക്കും വേണ്ടി ആർപ്പ് വിളിക്കാനോ സമയം കിട്ടാതെ പോകുന്നു. നവലിബറൽ സാമ്പത്തിക വ്യവസ്ഥ നമ്മുടെ വിനോദത്തിനുള്ള സമയം കവർന്നെടുക്കുന്നത് ഇങ്ങനൊക്കെയാണ്. പണിയെടുക്കുക, അതിനു ശേഷം പോയി കിടന്ന് ഉറങ്ങുക. വീണ്ടും പണിയെടുക്കുക, പോയി കിടന്നുറങ്ങുക (റിപ്പീറ്റ്).
ഖത്തർ ലോകകപ്പ് ഫിഫയ്ക്ക് ഉണ്ടാക്കാൻ പോകുന്നത് ഏതാണ്ട് 6 ബില്യൺ ഡോളറിന്റെ വരുമാനമാണ്. കുടിയേറ്റ തൊഴിലാളികൾക്ക് അവർ ഇക്കാലമത്രയും അനുഭവിച്ച പീഡനങ്ങൾക്ക് 440 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകണം എന്ന് തൊഴിലാളി സംഘടനകളും, മനുഷ്യാവകാശ സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട് (ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകൾക്കുള്ള മൊത്തം സമ്മാനത്തുകയാണ് 440 മില്യൺ ഡോളർ.) ഫിഫ ഇതേ സംബന്ധിച്ച് ഒന്നും മിണ്ടിയിട്ടില്ല. ഖത്തർ ഈ നിർദ്ദേശത്തോട് നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. പക്ഷേ, മുൻ ഇംഗ്ലണ്ട് ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനും ഇതിഹാസവുമായ ഡേവിഡ് ബെക്കാമിനെ ഖത്തറിന്റെ കൾച്ചറൽ അംബാസിഡർ ആക്കാൻ ഖത്തർ ബെക്കാമിന് നൽകിയത് 206.5 മില്യൺ ഡോളർ..!
മാറാത്തത് മാറ്റം മാത്രം...
ഇനിയൊരു മാസത്തേക്ക് ലോകം ഒരു കാൽപ്പന്തിലേക്ക് ചുരുങ്ങുമ്പോൾ അത് അറബ് മേഖലയിൽ ഭാവിയിൽ ഉണ്ടാക്കാൻ പോകുന്ന മാറ്റങ്ങൾ വലുതായിരിക്കും. മാറുന്ന ആഗോള സാഹചര്യത്തിൽ അറബ് രാഷ്ട്രങ്ങൾ ഒന്നിച്ച് നിൽക്കേണ്ടത് അറബ് മേഖലയിലെ സുസ്ഥിരതയ്ക്കും വികസനത്തിനും അനിവാര്യമാണ്.
ലോകകപ്പ് പോലെയുള്ള ഒരു സംഭവവികാസത്തിന് ആതിഥ്യമരുളുമ്പോൾ അത് പല ആശയങ്ങൾക്കും സംസ്കാരങ്ങൾക്കും ഒന്നിച്ച് കൂടാനുള്ള വേദിയായി മാറുന്നു. ഈ ലോകകപ്പോടെ ഖത്തർ അപ്പാടെ മാറും, അല്ലെങ്കിൽ ഗൾഫ് രാജ്യങ്ങൾ ഉടനടി പുരോഗമനപാതയിലേക്ക് നീങ്ങും എന്ന അഭിപ്രായമൊന്നുമില്ല; പക്ഷേ, ഭാവിയിൽ അവിടെ സംഭവിക്കുന്ന മാറ്റങ്ങൾക്ക് 2022ലെ ഖത്തർ ലോകകപ്പും ഒരു ഘടകമായി മാറി എന്ന് ചരിത്രം രേഖപ്പെടുത്തും എന്നതിൽ സംശയമില്ല.