പിതാവിന്റെ മൂല്യത്തില്‍ അനില്‍ ആന്റണി വിലപേശി, ബിജെപിയുടെ ലക്ഷ്യം എന്നും 'ന്യൂനപക്ഷ ബാലികേറാമല' തന്നെ

പിതാവിന്റെ മൂല്യത്തില്‍ അനില്‍ ആന്റണി വിലപേശി, ബിജെപിയുടെ ലക്ഷ്യം എന്നും 'ന്യൂനപക്ഷ ബാലികേറാമല' തന്നെ
Published on

ജനാധിപത്യ സംവിധാനം ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ഇന്ത്യയില്‍ പ്രായപൂര്‍ത്തിയായ പൗരന് എല്ലാ അവകാശങ്ങളും ഇപ്പോഴുള്ള ഭരണഘടന നല്‍കുന്നുണ്ട്. അതിലൊന്നായി മാത്രം കാണേണ്ട കാര്യമല്ല അനില്‍ ആന്റണിയുടെ ബി.ജെ.പി പ്രവേശം. 2014ല്‍ ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ അധികാരത്തില്‍ വന്നത് മുതല്‍ ജനാധിപത്യത്തെ വികലമാക്കുന്ന പല പ്രവണതകളും പല സംസ്ഥാനങ്ങളിലും ആവര്‍ത്തിക്കപ്പെട്ടു. അത് അവസരമാക്കിയ പലരും ഈ പ്രക്രിയയുടെ ഗുണഭോക്താക്കളുമായി. ഒരു തരത്തില്‍ ഇതിന്റെ പ്രതിഫലനമാണ് അനിലിന്റെ നീക്കമെന്ന് പറയേണ്ടി വരും.

സംഘപരിവാറിന്റെ ചരിത്ര നിഷേധം പോലെ, രാജ്യത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ പാരമ്പര്യത്തെ ജനാധിപത്യ രീതില്‍ കൃത്യമായി നവീകരിക്കാനല്ല സംഘപരിവാറിന്റെ രാഷ്ട്രീയ മുഖമായ ബി.ജെ.പി ്രശമിക്കുന്നത്. അതിനു പകരം ജനാധിപത്യത്തിലെ പഴുതുകളെ സമര്‍ത്ഥമായി ഉപയോഗിച്ച് അതേ ആശയത്തിന്റെ വികലമായ നവീകരണത്തിലൂടെ ഇന്നത്തെ വെറുപ്പിന്റെ രാഷ്ട്രീയം ഉറപ്പിച്ച് നിര്‍ത്താനാണ് നോക്കുന്നത്. ഏതൊരു ആശയവും നവീകരിക്കപ്പെടുമ്പോള്‍ ചില അവസരങ്ങള്‍ ഉണ്ടാകുമെന്നത് വസ്തുതയാണ്. അത്തരം അവസരങ്ങള്‍ മുതലാക്കാന്‍ ചിലയാളുകള്‍ മുന്നോട്ടു വരികയും അവര്‍ക്കൊപ്പം ചേര്‍ന്ന് നില്‍ക്കുകയും അത് പുതിയ കാലത്തിന്റെ ആവശ്യമാണെന്ന അവസരവാദിത്വം പുറത്തെടുക്കുകയും ചെയ്യും. ഇങ്ങനെ ഭരണപക്ഷത്തിനൊപ്പം ചേക്കേറുന്നവര്‍ക്ക് പ്രത്യയശാസ്ത്ര വ്യക്തത വേണമെന്നോ രാജ്യത്തിന്റെ മുന്നോട്ടുള്ള പോക്കിനെപ്പറ്റി നയപരമായ കാഴ്ച്ചപ്പാട് വേണമെന്നോ നിലവിലെ ഭരണപക്ഷത്തിന് യാതൊരുവിധ ശാഠ്യവുമില്ല. അതു കൊണ്ട് തന്നെ പദവിയും പണവും മറ്റ് സൗകര്യങ്ങളും പിന്‍പറ്റി ഭരണത്തിന്റെ തണലില്‍ കയറാന്‍ വരുന്നവര്‍ക്ക് വളരെ എളുപ്പവുമാണ് കാര്യങ്ങള്‍. അതില്‍ വിസ്മയിക്കത്തക്കതായി ഒന്നുമില്ല. എന്നാല്‍ ഇത്തരം പുത്തന്‍ കൂറ്റ് രാഷ്ട്രീയത്തില്‍ നിന്ന് ഇന്ത്യന്‍ ജനാധിപത്യത്തിന് കുറെയേറെ പഠിക്കാനുണ്ട്.

ജനാധിപത്യത്തെ പാര്‍ലമെന്ററി അധികാരങ്ങളില്‍ മാ്രതമായി ഒതുക്കുകയും അത് എക്കാലത്തും നിലനിര്‍ത്താന്‍ കുതിരക്കച്ചവടം നടത്തുകയും അതിന് നിയമസാധുത നല്‍കി പൊതുസമൂഹത്തെ കൊണ്ട് അംഗീകരിപ്പിക്കുകയും ചെയ്യുക എന്നതാണ് പുതിയ കാലത്തെ വേറിട്ട രാഷ്ട്രീയം. നാനാത്വത്തിലെ ഏകത്വത്തെ ഉള്‍ക്കൊള്ളുന്നതിന് പകരം ഏകശിലാ രൂപമെന്ന തത്വത്തിന് അംഗീകാരം നല്‍കുന്ന പ്രക്രിയ കൂടിയാണിത്. ഇതിന് വേണ്ടി അധികാരം, പദവി, പണം, ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ട രാജ്യത്തെ ഏജന്‍സികള്‍ എന്നിവയെ ഉപയോഗിച്ച് ഭീഷണിയും പ്രലോഭനവും ഒരു പോലെ നടപ്പാക്കി നവജനാധിപത്യം പുലര്‍ത്താമെന്ന് വര്‍ത്തമാന കാല രാഷ്ട്രീയം സ്ഥിരീകരിക്കുന്നുണ്ട്. ജനാധിപത്യത്തിന്റെ നെടുംതൂണെന്ന് വിശേഷിപ്പിക്കാവുന്ന വിയോജിക്കാനുള്ള അവസരത്തെയും അതുവഴി പ്രതിപക്ഷത്തെയും ഇല്ലാതാക്കി ഭരണപക്ഷമെന്നത് രാജ്യപക്ഷമാണെന്ന് ഉറപ്പിച്ച് നിര്‍ത്തുകയുമാണ് ഇന്നത്തെ ഇന്ത്യയില്‍ പുലരുന്ന നവജനാധിപത്യം ജനങ്ങള്‍ക്ക് കാട്ടിക്കൊടുക്കുന്നത്.

ഇതിനെ എതിര്‍ക്കാന്‍ നൂറ്റാണ്ടുകള്‍ പാരമ്പര്യമുള്ള, ഇന്ത്യന്‍ സ്വാതന്ത്രസമരത്തിന്റെ നടുനായകത്വം വഹിച്ച കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കഴിയുന്നില്ല. അനില്‍ ബി.ജെ.പിയില്‍ ചേക്കേറിയതിന് അദ്ദേഹത്തിന്റെ പിതാവായ എ.കെ ആന്റണിയെ കുറ്റപ്പെടുത്തിയിട്ടും കാര്യമുണ്ടെന്ന് തോന്നുന്നില്ല. സ്വതവേ ദുര്‍ബലമായ സംഘടനാ സംവിധാനവും പാര്‍ട്ടിക്കുള്ളിലെ ആശയവിനിമയത്തിന്റെ കുറവും പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ഏകോപിപ്പിക്കാന്‍ കഴിയാത്തതിന്റെ കുറവും കോണ്‍ഗ്രസിനെ തളര്‍ത്തിയിട്ടുണ്ട്. എങ്കിലും വിയോജിപ്പിന്റെ ബഹിര്‍സ്ഫുരണങ്ങള്‍ തങ്ങള്‍ക്കാവും വിധം പ്രസരിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്നതും ആശാവഹമാണ്. അതിനിടെയാണ് നിലവിലെ നവജനാധിപത്യ വ്യവസ്ഥയില്‍ നിന്നു കൊണ്ട് കേരളത്തെ പാര്‍ലമെന്ററി അധികാരത്തിലൂടെ വരുതിയിലാക്കാന്‍ സംഘപരിവാര്‍ ഏറെ നാളായി ശ്രമിക്കുന്നത്. ഇത് ഫലപ്രാപ്തിയിലെത്താതെ പോവുന്നത് സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസ് പകര്‍ന്ന് നല്‍കിയ നാനാത്വത്തിലെ ഏകത്വമെന്ന സന്ദേശവും മതനിരപേക്ഷതയില്‍ അധിഷ്ഠിതമായ ജനാധിപത്യവിശാസവും കൊണ്ട് കൂടിയാണെന്നത് വിസ്മരിക്കാനാവില്ല.

ന്യൂനപക്ഷങ്ങള്‍ എന്ന ബാലികേറാമല

കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തന്നെ സാമുദായിക പ്രീണനം നടത്തി തെരെഞ്ഞെടുപ്പ് ഫലം അനുകൂലമാക്കുമ്പോഴും ബി.ജെ.പിക്ക് ന്യൂനപക്ഷങ്ങള്‍ ഒരു ബാലികേറാമല തന്നെയാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ഗോവയിലും ക്രിസ്ത്യന്‍ സഭകളെ കൂടി വിശ്വാസത്തിലെടുത്താണ് ബി.ജെ.പിയോ അവര്‍ പിന്തുണയ്ക്കുന്ന കക്ഷികളോ ഭരണത്തില്‍ വന്നിട്ടുള്ളത്. കേരളത്തില്‍ അവ നടപ്പാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ ബി.ജെ.പിയും സംഘപരിവാറും തുടങ്ങിക്കഴിഞ്ഞു. മുസ്ലീം -ക്രിസ്ത്യന്‍ വിഭാഗങ്ങളെയും അവരുടെ മതമേലധ്യക്ഷന്‍മാരെയും വിരട്ടിയും പ്രലോഭിപ്പിച്ചും ഇരുസമുദായങ്ങള്‍ തമ്മിലുള്ള സ്പര്‍ധ മുതലെടുത്തും, അധികാരത്തില്‍ പദവി വാഗ്ദാനം ചെയ്തും കൂടെ നിര്‍ത്താനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടെങ്കിലും ഇത് വരെ അത് ലക്ഷ്യപ്രാപ്തിയില്‍ എത്തിയിട്ടില്ല. ജമാ അത്തെ ഇസ്ലാമിയടക്കമുളള മുസ്ലീം സംഘടനകളുമായി ബി.ജെ.പി - സംഘപരിവാര്‍ നേതൃത്വങ്ങള്‍ ആശയവിനിമയം നടത്തിയെങ്കിലും ഇത് എങ്ങുമെത്തിയതിന്റെ സൂചനകള്‍ ഇപ്പോള്‍ കാണുന്നില്ല. ക്രിസ്ത്യന്‍ മതമേലധ്യക്ഷന്‍മാരില്‍ ചിലരെങ്കിലും ബി.ജെ.പിയോട് കുറച്ച് അനുഭാവം പ്രകടിപ്പിക്കുന്ന നില വന്നെങ്കിലും ഭൂരിപക്ഷത്തിനും ബി.ജെ.പിയും സംഘപരിവാറും മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രീയത്തോട് മമതയില്ല.

ഇവരുമായി നിരന്തര ആശയവിനിമയത്തിനുള്ള വഴിയാണ് ബി.ജെ.പി ഇപ്പോള്‍ തുറക്കാന്‍ ആഗ്രഹിക്കുന്നത്. മുമ്പ് ജോര്‍ജ്ജ് കുര്യനെയും അല്‍ഫോണ്‍സ് കണ്ണന്താനത്തെയും പരീക്ഷിച്ചെങ്കിലും അവയൊന്നും കൃത്യമായി വിജയിച്ചില്ല. പാര്‍ട്ടിയുടെ കേന്ദ്ര - സംസ്ഥാന തേൃത്വങ്ങളുടെ ഏകോപനമില്ലായ്മയായിരുന്നു അതിന് കാരണം. നിലവില്‍ അനില്‍ ആന്റണിയെന്ന വിദ്യാസമ്പന്നനായ ചെറുപ്പക്കാരനെ ഇരു നേതൃത്വങ്ങളുടെയും അനുഗ്രഹാശിസുകളോടെ കളത്തിലിറക്കാനാണ് ഇപ്പോഴുള്ള നീക്കം. ഇതിനു പുറമേ ക്രിസ്ത്യന്‍ സമുദായത്തിലെ പല രാഷ്ട്രീയ നേതാക്കളുമായുമുള്ള സംഘപരിവാറിന്റെ ചര്‍ച്ച പുരോഗമിക്കുകയാണ്. 2024ലെ തെരെഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും സീറ്റ് നേടണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ ആഗ്രഹം. തെക്കന്‍-മധ്യ കേരളത്തില്‍ നിന്നും സീറ്റ് നേടാന്‍ ക്രിസ്ത്യന്‍ സഭകളുടെ പിന്തുണ അവശ്യമാണെന്ന തിരിച്ചറിവാണ് ബി.ജെ.പിക്കുള്ളത്. എന്നാല്‍ അനിലിന്റെ കടന്നുവരവ് പാര്‍ട്ടിക്ക് ഗുണകരമാവുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്.

കോണ്‍ഗ്രസ് നേരിടുന്നത് ആശയവിനിമയത്തിന്റെ അപര്യാപ്തത

പാര്‍ട്ടിയെന്ന നിലയില്‍ ദുര്‍ബലപ്പെട്ട് നില്‍ക്കുന്ന കോണ്‍ഗ്രസ് ഉയര്‍ത്തെഴുന്നേല്‍പ്പിന് ആവത് ശ്രമിക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ ആശയവിനിമയത്തിന്റെ അപര്യാപ്തതയാണ് പാര്‍ട്ടിയെ പിന്നോട്ടടിക്കുന്നത്. മുമ്പ് മിക്ക സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും അധികാരത്തിലിരുന്ന പാര്‍ട്ടി ഇപ്പോള്‍ മൂന്ന് സംസ്ഥാനങ്ങളിലേക്ക് ചുരുങ്ങുമ്പോള്‍ ദുര്‍ബലപ്പെട്ടത് പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വമെന്ന ഹൈക്കമാന്റാണ്. കുടുംബാധിപത്യമെന്ന ആരോപണത്തില്‍ നിന്ന് തലയൂരാന്‍ സംഘടനാ തെരെഞ്ഞെടുപ്പ് നടത്തി പുതിയ അധ്യക്ഷനെ കണ്ടെത്തിയിട്ടും പാര്‍ട്ടിക്കുള്ളില്‍ ആശയവിനിമയത്തിന്റെ അപര്യാപ്തത ഉണ്ടെന്ന് അടിവരയിടുന്നതാണ് അനില്‍ ആന്റണിയുടെ ബി.ജെ.പിയിലേക്കുള്ള ചേക്കേറല്‍. കോണ്‍ഗ്രസില്‍ വലുതായൊന്നും അവകാശപ്പെടാനില്ലാത്ത അനില്‍ പക്ഷേ പ്രവര്‍ത്തകസമിതിയംഗവും മുതിര്‍ന്ന നേതാവുമായിരുന്ന എ.കെ ആന്റണിയെന്ന പിതാവിന്റെ രാഷ്ട്രീയ മൂല്യം എടുത്തുപയോഗിച്ചാണ് ബി.ജെ.പിയോട് വിലപേശിയത്. അനില്‍ ആന്റണിയെന്ന ചെറുപ്പക്കാരന്‍ കാര്യമായൊന്നും കോണ്‍ഗ്രസിന് സംഭാവന ചെയ്തില്ലെങ്കില്‍ കൂടി പാര്‍ട്ടിക്ക് അദ്ദേഹത്തിന്റെ കൊഴിഞ്ഞ് പോക്ക് ആഴത്തില്‍ മുറിവേല്‍പ്പിച്ചതിന് കാരണവും ആന്റണിയുടെ രാഷ്ട്രീയ മൂല്യമാണ്.

അനിലിനും മുമ്പേ മുതിര്‍ന്ന നേതാക്കളും ഊര്‍ജ്ജസ്വലരായ ചെറുപ്പക്കാരും കോണ്‍ഗ്രസില്‍ നിന്ന് പോയപ്പോഴും കോണ്‍ഗ്രസിനുള്ളില്‍ ഒരു ഗൗരവമേറിയ ചര്‍ച്ചകളും ഉണ്ടായില്ല. ഇവരുടെയൊക്കെ കൊഴിഞ്ഞു പോക്കിന് കാരണം കൃത്യമായ ആശയവിനിമയം നേതൃത്വത്തില്‍ നിന്ന് ഉണ്ടാകാത്തതാണെന്ന് വിലയിരുത്തേണ്ടി വരും. ഒരു വശത്ത് ഏതുവിധേനയും അധികാരത്തില്‍ തുടരാന്‍ സംഘപരിവാര്‍ ശ്രമിക്കുമ്പോള്‍ മറുവശത്ത് പാര്‍ട്ടിയെന്ന നിലയില്‍ ആശയവിനിമയ സംവിധാനങ്ങളും ഏകോപനവും നഷ്ടപ്പെട്ട കോണ്‍ഗ്രസാണ് ഇവരെ നേരിടാന്‍ കച്ചമുറുക്കുന്നത്. രാജ്യത്താകെമാനമുള്ള പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ചു നിന്ന് നേരിട്ടാലും ബി.ജെ.പിയെ ഭരണത്തില്‍ നിന്നും താഴെയിറക്കാനുള്ള പോരിന് നേതൃത്വം നല്‍കേണ്ട ദൗത്യം കോണ്‍ഗ്രസിനാണെന്നത് രാഷ്ട്രീയ യാഥാര്‍ത്ഥ്യമാണ്. പുതിയ കാലത്തെ രാഷ്ട്രീയം മനസിലാക്കി കൃത്യമായ പദ്ധതിയും പരിപാടിയും തയ്യാറാക്കി കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിച്ചില്ലെങ്കില്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നായ ഇന്ത്യ സ്വേച്ഛാധിപത്യത്തിലേക്ക് മാറുന്ന ദയനീയ കാഴ്ച്ചയും ഈ നൂറ്റാണ്ടില്‍ തന്നെ ദര്‍ശിക്കേണ്ടി വരും.

Related Stories

No stories found.
logo
The Cue
www.thecue.in