സ്വകാര്യസ്ഥാപനങ്ങളിലെ മാലിന്യ സംസ്കരണം എന്തിന് സർക്കാർ വഹിക്കണം?

സ്വകാര്യസ്ഥാപനങ്ങളിലെ മാലിന്യ സംസ്കരണം എന്തിന് സർക്കാർ  വഹിക്കണം?
Published on
Summary

വലിയ സ്ഥാപനങ്ങളിലെ മാലിന്യപരിപാലനത്തിനായി പൊതുജനത്തിന്റെ നികുതിപ്പണം ഉപയോഗിക്കേണ്ട ആവശ്യമില്ല. ശ്രീരാഗ് കുറുവാട്ട് എഴുതുന്നു.

കേരളത്തിൻറെ വാണിജ്യ വ്യവസായ തലസ്ഥാനമായ കൊച്ചിയിലെ ബ്രഹ്മപുരം മാലിന്യ കേന്ദ്രത്തിൽ ഉണ്ടായ തീപിടുത്തം കാരണം ശുദ്ധവായു കിട്ടാതെ ദുരവസ്ഥയിലാണ് നാം. കെടുകാര്യസ്ഥതയും ദീർഘവീക്ഷണമില്ലാത്തതും ആശാസ്ത്രീയമായി മാലിന്യം കൈകാര്യം ചെയ്തതിൻറെയും പരിണിതഫലമാണ് കൊച്ചി നിവാസികൾ ഇന്ന് അനുഭവിക്കുന്നത്. അശാസ്ത്രീയമായി ശേഖരിക്കുന്ന ടൺ കണക്കിന് മാലിന്യമാണ് ഓരോ ദിവസവും തൊട്ടടുത്ത നഗരസഭകളിൽ നിന്നും ഗ്രാമപഞ്ചായത്തുകളിൽ നിന്നും ബ്രഹ്മപുരത്തെത്തുന്നത്. നിലവിലുള്ള മാലിന്യ ശേഖരണത്തിന് തന്നെ കോടികൾ ചിലവാണ്. ഈ മാലിന്യം ലഗസിമാലിന്യമായി പരിണമിക്കുമ്പോൾ ശാസ്ത്രീയ സംസ്കരണ രീതിയായ ബയോ മൈനിങ് ചെയ്യുന്നതിന് വീണ്ടും കോടികൾ ചിലവഴിക്കേണ്ടിവരും. ഇതിനായി നിലവിൽ ടെൻഡർ നൽകിയത് തന്നെ 50 കോടിയിൽ പരം രൂപയ്ക്കാണ്. എന്നാൽ ബ്രഹ്മപുരത്ത് എവിടെ നിന്നൊക്കെയാണ് മാലിന്യം എത്തുന്നത് എന്ന് നാം ചിന്തിച്ചിട്ടുണ്ടോ? അത് കേവലം വീടുകളിൽ നിന്ന് മാത്രമല്ല മാലിന്യ സംസ്കരണം സ്വയം നിർവഹിക്കാമെന്ന് ഉറപ്പുകൊടുത്തതുകൊണ്ട് നഗരസഭകളിൽ നിന്ന് പ്രവർത്തനാനുമതി കരസ്ഥമാക്കിയ വൻകിട പൊതു സ്വകാര്യ സ്ഥാപനങ്ങളിലെ അടക്കം മാലിന്യം നിലവിൽ നഗരസഭയുടെ ഫണ്ട് ഉപയോഗിച്ച് സംസ്കരിക്കുന്നു!

ആരാണ് ബൾക്ക് വേസ്റ്റ് ഉത്പാദകർ

2016ലെ ഖരമാലിന്യ പരിപാലന ചട്ട പ്രകാരം പ്രതിദിനം 100 കിലോയിൽ കൂടുതൽ മാലിന്യം ഉത്പാദിപ്പിക്കുന്ന പൊതു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം ബൾക്ക് വേസ്റ്റ് വിഭാഗത്തിൽ ഉൾപ്പെടുന്നതാണ്. ഇത്തരം സ്ഥാപനങ്ങൾ ബഹുഭൂരിപക്ഷവും സ്വയം മാലിന്യ പരിപാലനം നടത്തതാണ് ബാധ്യസ്ഥരായവരാണ്. അങ്ങനെയിരിക്കെ കേരളത്തിലെ ബഹുഭൂരിപക്ഷം ബൾക്ക് വേസ്റ്റ് ഉത്പാദകരുടെയും മാലിന്യം ചെറിയ യൂസർ ഫീഡ് ഈടാക്കി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുത്ത് മാലിന്യ ശേഖരണത്തിനും സംസ്കരണത്തിനുമായി കോടികൾ ചിലവഴിക്കുന്നത് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കി തീർക്കുന്നത്.

ഖരമാലിന്യ പരിപാലന ചട്ടം 2016

2016ലെ ഖരമാലിന്യ പരിപാലന ചട്ടത്തിന്റെ ഭാഗമായി 2017 നവംബറിൽ നഗരസഭകൾക്കായി ബൾക്ക് വേസ്റ്റ് ഉത്പാദക പരിപാലന മാർഗ്ഗനിർദ്ദേശനത്തിൽ ഇത്തരത്തിലുള്ള മാലിന്യ ഉത്പാദകരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കൃത്യമായി നിർദ്ദേശിക്കുന്നുണ്ട്. കൊച്ചിൻ കോർപ്പറേഷന് ഇത് നടപ്പിലാക്കാൻ സാധിക്കുമെങ്കിൽ മാലിന്യ സംസ്കരണ പ്രശ്നം എന്ന കീറാമുട്ടി ഒഴിവാക്കുവാൻ കഴിയും. വലിയ സ്ഥാപനങ്ങളിലെ മാലിന്യപരിപാലനത്തിനായി പൊതുജനത്തിന്റെ നികുതിപ്പണം ഉപയോഗിക്കേണ്ട ആവശ്യവുമില്ല.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് എന്ത് ചെയ്യാൻ സാധിക്കും?

1. നഗരസഭ കോർപ്പറേഷൻ പരിധിയിലെ ബൾക്ക് വേസ്റ്റ് ഉത്പാദകരെ നിരീക്ഷിക്കാൻ ഒരു സെല്ലും ഒരു ഉദ്യോഗസ്ഥനെയും നിയോഗിക്കുക.

2. 2016 ലെ ഖരമാലിന്യ പരിപാലന ചട്ടത്തിന്റെ ചുവടുപിടിച്ച് ബൾക്ക് വേസ്റ്റ് പരിപാലന ചട്ടം ഉണ്ടാക്കുക. മാലിന്യ പരിപാലന യൂസർ പിഴയും ഇതിൽ ഉൾക്കൊള്ളിക്കുക.

3. നഗരസഭ പരിധിയിൽ സർവ്വേ വഴി ബൾക്ക് വേസ്റ്റ് ഉത്പാദകരുടെ പട്ടിക തയ്യാറാക്കുക.

4. പട്ടികയിലുള്ളവരിൽ നിന്ന് മാലിന്യ ഉത്പാദനത്തിനോ കെട്ടിട വിസ്തൃതിക്കനുസരിച്ചോ യൂസർ ഫീ ഈടാക്കുക.

5. പ്രസ്തുത യൂസർ ഫീയിൽ നിന്നു തന്നെ മാലിന്യ സംസ്കരണ ചിലവുകൾ നഗരസഭയ്ക്ക് ഉൾക്കൊള്ളാൻ ആകുമെന്ന് ഉറപ്പുവരുത്തുക.

6. മാലിന്യം ശേഖരിച്ച് സംഭരിക്കാനും തരംതിരിച്ച് സംസ്കരിക്കാനും ഉള്ള അടിസ്ഥാന സൗകര്യങ്ങൾ ക്ലസ്റ്റർ അടിസ്ഥാനത്തിൽ ഒരുക്കി വികേന്ദ്രീകരിക്കുക.

7. അടിസ്ഥാന സൗകര്യങ്ങൾ പൊതു സ്വകാര്യ പങ്കാളിത്തത്തോടുകൂടിയും ഒരുക്കാവുന്നതാണ്.

8. കൃത്യമായ ഇടവേളകളിൽ മാലിന്യ ശേഖരണവും പ്രവർത്തി നിരീക്ഷണവും പദ്ധതി വിലയിരുത്തലുകളും ചെയ്യുക.

മുകളിൽ സൂചിപ്പിച്ച കാര്യങ്ങൾ കൊച്ചിൻ കോപ്പറേഷന് സാധിക്കുന്നതാണ്. കൃത്യമായി മാലിന്യ ശേഖരണവും ശാസ്ത്രീയ സംസ്കരണവും കാലാകാലങ്ങളായി നടക്കുന്നില്ല എന്നത് യാഥാർത്ഥ്യമാണ്. അതുകൊണ്ടുതന്നെ ഈ പ്രവർത്തനം പൊതു സ്വകാര്യപങ്കാളിത്തത്തോടുകൂടി നടപ്പാക്കാവുന്നതാണ്. ഇതിനായി സ്വകാര്യ സ്ഥാപനങ്ങളെയോ കോപ്പറേറ്റ് സൊസൈറ്റി കളയോ സന്നദ്ധ സംഘടനകളെയോ യോഗ്യതയുടെ അടിസ്ഥാനത്തിൽ എംപാനൽ ചെയ്യുകയും ഓരോ ക്ലസ്റ്ററിനായി നിയോഗിക്കുകയും ചെയ്താൽ ബൾക്ക് വേസ്റ്റ് ഉത്പാദകരെ കൃത്യമായി പരിപാലിക്കുകയും നഗരസഭയുടെ സാമ്പത്തിക ബാധ്യത കുറയുകയും പുതിയ തൊഴിൽ സാധ്യതകൾ ഉണ്ടാവുകയും ചെയ്യും. ഇങ്ങനെ ശേഖരിക്കപ്പെടുന്ന മാലിന്യം ഗ്രീൻ ട്രിബ്യൂണൽ വിധിപ്രകാരമുള്ള ഉണ്ടായിട്ടുള്ള ഗവൺമെൻറ് ഓർഡർ(GO:(Rt)No1673/2021 പ്രകാരം സംസ്കരിക്കപ്പെടുന്നുണ്ട് എന്നതും തദ്ദേശസ്വയംഭരണ സ്ഥാപനം ഉറപ്പുവരുത്തേണ്ടതാണ്.

ഈ മോഡൽ പ്രായോഗികമാണോ?

2016 ലെ കേന്ദ്ര ഖരമാലിന്യ പരിപാലന ചട്ടത്തിൽ നിർദ്ദേശിച്ച ഈ കാര്യം ഇന്ത്യയിലെ പല നഗരങ്ങളിലും നടപ്പിലാക്കി വരുന്നുണ്ട്. ബാംഗ്ലൂർ നഗരസഭയിൽ ഇത്തരത്തിൽ സ്ഥാപനങ്ങളെ എംപാനൽ ചെയ്ത് വികേന്ദ്രീകരിച്ച് മാലിന്യ പരിപാലനം നടത്തുന്നുണ്ട്. മാത്രമല്ല അനുദിനം വളരുന്ന നഗരങ്ങൾ ഉള്ള ഒരിടത്ത് കാലാകാലങ്ങളോളം നികുതിപ്പണമുപയോഗിച്ച് വലിയ സ്വകാര്യ പൊതുസ്ഥാപനങ്ങളിലെ മാലിന്യ പരിപാലനം ഏറ്റെടുക്കേണ്ടതില്ല.

കേരളത്തിലെ ഓരോ കോർപ്പറേഷൻ പരിധിയിലും പതിനായിരക്കണക്കിന് ബൾക്ക് വേസ്റ്റ് ഉത്പാദകരും അതുപോലെതന്നെ വലിയ അളവിൽ മാലിന്യം ഉത്പാദിപ്പിക്കുന്ന പൊതു പരിപാടികളുമുണ്ട്. ഇവിടെയൊക്കെ ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യം ശേഖരിക്കപ്പെടേണ്ടതും സംസ്കരിക്കപ്പെടേണ്ടതും നമ്മുടെ കൂടെ ആവശ്യകതയാണ്, എന്നാൽ അതിനു നമ്മുടെ നികുതിപ്പണം ഉപയോഗിക്കുന്നത് ദീർഘകാലത്തേക്ക് പ്രായോഗികമല്ല.

Related Stories

No stories found.
logo
The Cue
www.thecue.in