കണ്‍സെന്റിന് ശേഷം എന്തിന് ഇരവാദം എന്ന് ചോദിക്കുന്നവരോട്; വിജയ് ബാബു കേസും തൊഴിലിടത്തെ ലൈംഗികാതിക്രമങ്ങളും

കണ്‍സെന്റിന് ശേഷം എന്തിന് ഇരവാദം എന്ന് ചോദിക്കുന്നവരോട്;  വിജയ് ബാബു കേസും തൊഴിലിടത്തെ ലൈംഗികാതിക്രമങ്ങളും
Published on

ഈ വര്‍ഷം ഏപ്രിലില്‍ മലയാള സിനിമാമേഖലയിലെ ഒരു യുവനടി, തന്നെ, നിര്‍മ്മാതാവും നടനുമായ വിജയ് ബാബു നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കുകയും, മര്‍ദ്ദിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാരോപിച്ച് കേസ് കൊടുക്കുകയുണ്ടായി. അധികം വൈകാതെ നിയമത്തിന്റെ കണ്ണില്‍ പൊടിയിട്ട് കൊണ്ട് വിജയ് ബാബു ഒരു ഫേസ്ബുക്ക് ലൈവിലൂടെ അതിജീവിതയുടെ പേര് വെളിപ്പെടുത്തുകയും അവരുടെ ബന്ധം പരസ്പരസമ്മതത്തോടെ ആയിരുന്നു എന്ന് പറഞ്ഞ് രംഗത്തെത്തി.

അറസ്റ്റ് ഭയന്ന് ദുബായിലേക്ക് കടന്ന അദ്ദേഹത്തിന് കേരള ഹൈക്കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് ഉത്തരവിറക്കി. പരാതിക്കാരില്‍ നിന്നും സമൂഹം ' ഐഡിയല്‍ വിക്ടിം' ബിഹേവിയര്‍ പ്രതീക്ഷിക്കരുത് എന്ന് ഉത്തരവില്‍ പറയുന്നുണ്ട് എങ്കിലും പരസ്പരസ്പര സമ്മതത്തോടെ ഉണ്ടാകുന്ന ലൈംഗികബന്ധം പിന്നീട് റേപ്പ് ആയി ഉന്നയിക്കരുത് എന്നുകൂടി കോടതി കൂട്ടിചേര്‍ക്കുകയുണ്ടായി.

''അവസരങ്ങള്‍ക്ക് വേണ്ടി കോംപ്രമൈസ് ചെയ്യാന്‍ തയ്യാറായിട്ട് പിന്നീട് എന്തിനാണ് പീഡനം എന്ന് മുറവിളി കൂട്ടുന്നത്'' എന്നതാണ് പൊതുവില്‍ സമൂഹത്തില്‍ നിന്നും ഉയരുന്നചോദ്യം. ഇതേ ചോദ്യം തന്നെയാണ് കോടതിയുടെ നിരീക്ഷണത്തിലും കാണാന്‍ സാധിക്കുന്നത്.

വിജയ് ബാബുവുമായുള്ള തന്റെ ബന്ധം സിനിമയില്‍ അവസരങ്ങളും വിവാഹ വാഗ്ദാനവും നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഉണ്ടായതാണെന്ന് മലയാള സിനിമാ മേഖലയിലെ ഒരു പുതുമുഖമായ അതിജീവിത വെളിപ്പെടുത്തിയിരുന്നു.

''അവസരങ്ങള്‍ക്ക് വേണ്ടി കോംപ്രമൈസ് ചെയ്യാന്‍ തയ്യാറായിട്ട് പിന്നീട് എന്തിനാണ് പീഡനം എന്ന് മുറവിളി കൂട്ടുന്നത്'' എന്നതാണ് പൊതുവില്‍ സമൂഹത്തില്‍ നിന്നും ഉയരുന്നചോദ്യം. ഇതേ ചോദ്യം തന്നെയാണ് കോടതിയുടെ നിരീക്ഷണത്തിലും കാണാന്‍ സാധിക്കുന്നത്. ഈ കേസും കോടതിയുടെ മേല്‍പ്പറഞ്ഞ നിരീക്ഷണങ്ങളും സമൂഹത്തിന്റെ പ്രതികരണങ്ങളും, കണ്‍സെന്റ് (സമ്മതം), തൊഴിലിടത്തെ ലൈംഗിക പീഡനം എന്നിവയെ പറ്റിയുള്ള പൊതുബോധം എന്താണ് എന്നറിയാനുള്ള പഠനത്തിനുതകുന്ന നല്ലൊരു ഉപാധിയാണ്.

തൊഴിലിടത്തെ ലൈംഗികാതിക്രമത്തെ കോടതി എങ്ങനെ നിര്‍വചിക്കുന്നു?

തൊഴിലിടത്തെ സ്ത്രീകള്‍ക്കെതിരായ ലൈംഗികപീഡന നിരോധന നിയമം (prevention, prohibition, redressal) 2013 ആക്ട് അനുസരിച്ച് താഴെ പറയുന്ന അനുചിതമായ ഏതെങ്കിലും പ്രവര്‍ത്തികള്‍ (നേരിട്ടോ അല്ലാതെയോ) ചെയ്യുന്നയാള്‍ കുറ്റവാളിയാണ്.

1.ശാരീരിക അതിക്രമമോ അതിനുള്ള ശ്രമങ്ങളോ

2.ലൈംഗിക ആവശ്യങ്ങള്‍ക്ക് നിര്‍ബന്ധിക്കുകയോ അപേക്ഷിക്കുകയോ ചെയ്യുക

3.ലൈംഗിക ചുവയോടെ സംസാരിക്കുക

4.നീലചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക

5.ലൈംഗികമായി അനുചിതമായ ഏതെങ്കിലും ശാരീരിക പ്രവര്‍ത്തി, ആംഗ്യങ്ങള്‍, സംസാരം തുടങ്ങിയവ.

ഈ നിയമവും അത് നിര്‍ബന്ധമായി അനുശാസിക്കുന്ന ഇന്റേണല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനവും തങ്ങള്‍ക്ക് പ്രാവര്‍ത്തികമാക്കാന്‍ സാധിക്കില്ല എന്നാണ് ഭൂരിഭാഗം സിനിമാപ്രവര്‍ത്തകരും വിശ്വസിക്കുന്നത്.

ഒരു സിനിമ പൂര്‍ത്തിയാകും വരെ മാത്രം ആയുസ്സുള്ള സെറ്റുകള്‍, സ്ഥിരതയില്ലാത്ത തൊഴിലിടങ്ങള്‍ മാത്രമായതിനാല്‍ ഇത്തരത്തിലുള്ള കമ്മിറ്റികള്‍ക്ക് അവിടെ പ്രസക്തിയില്ല എന്നാണ് അവരുടെ വാദം.

എന്നാല്‍ ഈ വര്‍ഷം മാര്‍ച്ചില്‍ കേരള ഹൈക്കോടതി സിനിമാ വ്യവസായവും ഒരു തൊഴിലിടമാണെന്നും, ആക്ട് 2013ന്റെ കീഴില്‍, സ്ഥിരമായോ താാല്‍ക്കാലികമായോ ദിവസ വേതനത്തിനോ മണിക്കൂര്‍ കണക്കിനോ ഏതെങ്കിലും ഏജെന്റിന്റെ കീഴിലോ നേരിട്ടോ തൊഴിലെടുക്കുന്ന ഏതൊരു വ്യക്തിയും ഉള്‍പ്പെടുമെന്നും വ്യക്തമാക്കിയിരുന്നു.

സിനിമയില്‍ മേല്‍പറഞ്ഞ ആക്ട് നടപ്പിലാക്കാന്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ച് സ്ത്രീകളുടെ സംഘടനയായ ഡബ്ല്യു.സി.സി കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കോടതി ഈ നിലപാട് സ്വീകരിച്ചതെന്നതും നിര്‍ണായകമാണ്.

ഇപ്പോഴും സംസ്ഥാന സര്‍ക്കാര്‍ ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ കാണിക്കുന്ന അലക്ഷ്യതയില്‍ നിന്നും, വലിയ മാനസിക സംഘര്‍ഷങ്ങളെ പൊരുതി തോല്‍പ്പിച്ച് തങ്ങള്‍ക്ക് സംഭവിച്ച അനീതി വീണ്ടും കമ്മീഷന്‍ മുമ്പാകെ തുറന്ന് പറഞ്ഞ സ്ത്രീകളോടുള്ള സ്ഥാപിത താല്‍പര്യം വ്യക്തമാണ്.

തൊഴിലിടത്തെ നിയമങ്ങളും പ്രത്യേക സാഹചര്യങ്ങളും കണക്കിലെടുക്കേ അവിടെ നടക്കുന്ന ലെംഗിക പീഡനത്തിനെതിരെ വേറിട്ട ഒരു നിയമം തന്നെ നിലവിലുണ്ടെന്നത് മനസിലാക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരം ഇടങ്ങളില്‍ ഉള്ള അധികാര വികേന്ദ്രീകരണം മൂലം ഇവിടെ നടക്കുന്ന പീഡനങ്ങള്‍ക്ക് തീവ്രത കൂടുതലായിരിക്കും. വേട്ടക്കാരന്‍, തന്റെ മുകളില്‍ അധികാരം ഉള്ള ആള്‍ ആയിരിക്കെ തങ്ങള്‍ക്ക് സംഭവിച്ച പീഡനങ്ങള്‍ തുറന്നു പറഞ്ഞാല്‍, ഒരുപക്ഷേ തങ്ങളുടെ തൊഴിലും മുന്നോട്ടുളള ജീവിതവും തന്നെ ഇല്ലാതാകും എന്ന് ഇരകളാക്കപ്പെടുന്ന സ്ത്രീകള്‍ ഭയപ്പെടുന്നു.

2018 ഒക്ടോബറില്‍ മാത്രമാണ് 'മീ ടൂ' പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്ത്യന്‍ സിനിമാ വ്യവസായത്തില്‍ ഇത്തരം പീഡനങ്ങള്‍ നിലവില്‍ ഉണ്ടെന്നത് പുറത്തു വന്നത്. എന്നാല്‍ സിനിമയുടെ ഗ്ലാമര്‍ പരിവേഷവും 'കാസ്റ്റിങ് കൗച്ചിന് സമൂഹം നല്‍കുന്ന മോശം ആഖ്യാനവും കാരണം ഈ പ്രക്ഷോഭത്തിന് അതര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കുകയുണ്ടായില്ല. അവസരങ്ങള്‍ക്ക് വേണ്ടി ലൈംഗിക ചൂഷണങ്ങള്‍ നടക്കുന്നുണ്ട് എന്നത്

സിനിമയിലും പുറത്തും ഉള്ള ആളുകള്‍ സ്ഥിരമായി പറയുന്ന ഒരു പഴങ്കഥ മാത്രമായി, ഗുരുതരമായ ലൈംഗിക കുറ്റകൃത്യം എന്ന നിലയില്‍ പരിഗണന അര്‍ഹിക്കുന്ന വിഷയം കേവലം രണ്ടു കോളം ഗോസിപ്പ് മാത്രമായി ചുരുങ്ങി.

ഉഭയസമ്മതം ഉണ്ടെങ്കില്‍ എന്തിന് 'പീഡനവാദം'?

2021 ല്‍ പുറത്തിറങ്ങിയ സാറാസ് എന്ന ചിത്രത്തില്‍ യുവസംവിധായികയായ നായിക തന്റെ ചിത്രം നിര്‍മ്മിക്കുന്നതിന് പകരമായി ലൈംഗികത ആവശ്യപ്പെട്ട നിര്‍മ്മാതാവിനെ മുഖമടച്ചു തല്ലുന്ന ഒരു രംഗമുണ്ട്. ഇത്തരം ഒരു രംഗം സിനിമയില്‍ വന്നാല്‍ അതിനു മറുപടി തല്ല് തന്നെയാണ് എന്നതാണ് പൊതുവികാരം. ഇത്തരം സംഭവങ്ങളെ ഇത്രയും ചെറുതാക്കി കാണിക്കുന്നവര്‍ മറന്നു പോകുന്ന ചില

സത്യങ്ങളുണ്ട്. സിനിമാവ്യവസായം ചില പ്രമുഖരായ താരങ്ങളുടെയും നിര്‍മ്മാതാക്കളുടെയും, സംവിധായകരുടെയും അധീനതയില്‍ പ്രവര്‍ത്തിക്കുന്ന തീര്‍ത്തും ജനാധിപത്യരഹിതമായൊരു തൊഴിലിടമാണ്. വളരെ ചുരുക്കം ചില പ്രൊഡക്ഷന്‍ ഹൗസുകള്‍ ഓഡിഷനുകള്‍ നടത്തി അഭിനേതാക്കളെ

തിരഞ്ഞെടുക്കാറുണ്ട്. എന്നിരുന്നാലും ഭൂരിഭാഗം അവസരങ്ങളും മേല്‍പറഞ്ഞ ആളുകളുമായുള്ള ബന്ധത്തിന് പുറത്താണ് നല്‍കപ്പെടുന്നത്.

അതിനാല്‍ തന്നെ ഇത്തരം അടികള്‍ നല്‍കാന്‍ ഒന്നുകില്‍ അവള്‍ കുറച്ചെങ്കിലും അധികാരം കൈയ്യാളുന്ന പദവിയില്‍ ഇരിക്കുന്നവളാകണം, അല്ലെങ്കില്‍ തനിക്കിനി ഈ മേഖലയില്‍ നിന്നും തൊഴില്‍ വേണ്ട എന്ന

പൊതുബോധത്തിന്റെ ചോദ്യങ്ങള്‍ അതിജീവിത എന്തിനാണ് വിജയ് ബാബുവിന്റെ ആവശ്യങ്ങള്‍ അംഗികരിച്ചത് എന്നാണ്, അതേസമയം എന്തിനാണ് വിജയ് ബാബു ഇത്തരം ആവശ്യങ്ങള്‍ മുന്നോട്ട് വെച്ചത് എന്ന ചോദ്യം ആരും ചോദിച്ചു കണ്ടില്ല, പ്രത്യേകിച്ചും തൊഴിലിടത്തെ ഇത്തരം ലൈംഗികാനൂകൂല്യങ്ങള്‍ ആവശ്യപ്പെടുക എന്നത് നിയമപരമായി കുറ്റകരമാണ് എന്നിരിക്കെ.

കര്‍ക്കശനിലപാട് സ്വീകരിക്കാന്‍ സാധിക്കുന്നവളാകണം. അതേസമയം ഇത്തരം ലൈംഗികാനുകൂല്യങ്ങള്‍ ആവശ്യപ്പെടുന്ന പുരുഷന്മാരെ ശിക്ഷിക്കാനോ താക്കീത് ചെയ്യാനോ യാതൊരു സമിതിയും ഇവിടെ നിലവിലില്ല. എപ്പോഴും അയാള്‍ മാന്യനും അവള്‍ ആക്ഷേപിക്കപ്പെടേണ്ടവളും ആയി ചിത്രീകരിക്കപ്പെടുന്ന സിനിമാവ്യവസായത്തില്‍ വീണ്ടും ഇത്തരം അതിക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ യാതൊരു ന്യായവുമില്ല താനും. ഇത്തരം ഒരു സാഹചര്യത്തില്‍ കണ്‍സെന്റ് അഥവാ സമ്മതം നല്‍കുകയോ വാങ്ങുകയോ ചെയ്യുന്നതിന് പിന്നില്‍ പല കെട്ടുപാടുകളും ഉണ്ടാകാം, അങ്ങനെ മാത്രമേ ഈ സമ്മതത്തെ കാണാവൂ. അതൊരിക്കലും ഏതെങ്കിലും ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട് പരസ്പര സമ്മതത്തോടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നപോലെ സമാനമല്ല.

വിജയ് ബാബുവിന്റെ കാര്യത്തില്‍ അതിജീവിതയുടെ ആരോപണങ്ങളെ രണ്ടായി വിഭജിക്കാം:

1.വിവാഹ, സിനിമ അവസര വാഗ്ദാനങ്ങള്‍ നല്‍കി വിജയ് ബാബു ലൈംഗികാനുകൂല്യങ്ങള്‍ ആവശ്യപ്പെടുകയും അവര്‍ സമ്മതിക്കുകയും ചെയ്തു എന്നത്.

2.വിജയ് ബാബു അവരെ ആക്രമിക്കുകയും, ശാരീരിക പീഡനത്തിന് വിധേയയാക്കുകയും ബന്ധം വസാനിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നത്.

ഈ പരാതി അന്വേഷിക്കുകയും തെളിവുകള്‍ പരിശോധിക്കുകയും സത്യം തെളിയിക്കുകയും ചെയ്യേണ്ടത് പൊലീസിന്റെയും കോടതിയുടെയും ജോലിയാണ്. എന്നാല്‍ പൊതുബോധത്തിന്റെ ചോദ്യങ്ങള്‍ അതിജീവിത എന്തിനാണ് വിജയ് ബാബുവിന്റെ ആവശ്യങ്ങള്‍ അംഗികരിച്ചത് എന്നാണ്, അതേസമയം എന്തിനാണ് വിജയ് ബാബു ഇത്തരം ആവശ്യങ്ങള്‍ മുന്നോട്ട് വെച്ചത് എന്ന ചോദ്യം ആരും ചോദിച്ചു കണ്ടില്ല, പ്രത്യേകിച്ചും തൊഴിലിടത്തെ ഇത്തരം ലൈംഗികാനൂകൂല്യങ്ങള്‍ ആവശ്യപ്പെടുക എന്നത് നിയമപരമായി കുറ്റകരമാണ് എന്നിരിക്കെ.

ഇതിന് മുമ്പേ അദ്ദേഹത്തിനെതിരെ സഹനിര്‍മ്മാതാവായ സാന്ദ്ര തോമസും ഭാര്യയും നല്‍കിയ പരാതികളിലും വിജയ് ബാബുവിന്റെ ബഹുമാന്യതയെ പൊതുബോധത്തിന്റെ മുന്നില്‍ താറടിച്ച് കാണിച്ചിട്ടില്ല എന്നതുംശ്രദ്ധേയമാണ്. ഇതില്‍ നിന്നും വ്യക്തമാകുന്നത് എന്തെന്നാല്‍ പുരുഷഷന്മാര്‍ ഇത്തരം ആവശ്യങ്ങള്‍ ഉയര്‍ത്തി കാണിച്ചെന്നിരിക്കും, പക്ഷേ സ്ത്രീകള്‍ ഇത്തരം ആവശ്യങ്ങള്‍ നിരസിക്കണം, അതുമൂലം തങ്ങള്‍ക്ക് എന്തെല്ലാം പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വന്നാലും.

മുന്‍പെ പറഞ്ഞ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു കൊണ്ടുള്ള വിധിയില്‍ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് പറയുന്നത്, അവര്‍ തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് അതിജീവിത അവരുടെ ഉഭയസമ്മതപ്രകാരം നടന്ന ബന്ധത്തെ പീഡനമായി ഫ്രയിം ചെയ്യുന്നത് എന്നാണ്. പിന്നീട്

തുടര്‍വാദം കേള്‍ക്കുന്ന സമയത്ത് അദ്ദേഹം പറയുകയുണ്ടായി ''ഇപ്പോള്‍ സ്ത്രീകള്‍ തങ്ങളുടെ 'ലൈംഗിക സാഹസങ്ങളെ' പറ്റി പൊതുയിടങ്ങളില്‍ തുറന്നു പറയാന്‍ ആരംഭിച്ചിരിക്കുന്നു. എല്ലാ ദിവസവും ഇത്തരം കഥകള്‍ നമ്മള്‍ കേള്‍ക്കുന്നു. അവര്‍ വളരെയധികം പുരോഗമിച്ചിരിക്കുന്നു. ഇത്തരം കാര്യങ്ങളില്‍ അവര്‍ ശക്തി ഉള്ളവരായി കഴിഞ്ഞിരിക്കുന്നു''.

'സാഹസം' എന്ന വാക്കുപയോഗിക്കുക വഴി ഗുരുതരമായ ഒരു കുറ്റത്തെയും അതിജീവിത അനുഭവിച്ച വെല്ലുവിളികളെയും ലഘൂകരിക്കുകയാണിവിടെ അദ്ദേഹം.

സമ്മതം ഒരിക്കലും പിന്‍വലിക്കാനാവാത്തതോ?

പരാതിയുടെ രണ്ടാം ഭാഗത്ത് അതിജീവിത ഈ ബന്ധം അവസാനിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ വിജയ് ബാബു അവരെ ശാരീരികമായി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന് പറഞ്ഞിരിക്കുന്നു. മേല്‍പറഞ്ഞ സാഹചര്യത്തെ ഒരു ലൈംഗിക പീഡനമായി അംഗീകരിക്കാന്‍ സാധിക്കില്ല, അത് ഉഭയകക്ഷി സമ്മതത്തോടെ നടന്ന ബന്ധമാണെന്നു വാദിച്ചാലും, തീരെ മനസിലാക്കാന്‍ സാധിക്കാത്തത് ഒരു ബന്ധത്തില്‍ നിന്നും എന്തു കാരണം കൊണ്ടായാലും ഒരു സ്ത്രീക്ക് ഇറങ്ങിപ്പോകാന്‍ സാധിക്കില്ല എന്ന ചില ആളുകളുടെ മനോഭാവമാണ്.

ഒരു ബന്ധത്തില്‍ എപ്പോള്‍ വേണമെങ്കിലും സമ്മതം നല്‍കുകയും പിന്‍വലിക്കുകയും ചെയ്യാം. ഒരു വ്യക്തിയുടെ മനസ്സിന്‍മേലും ശരീരത്തിന്‍ മേലും അയാള്‍ക്കുള്ള പരിപൂര്‍ണ്ണ അവകാശം അംഗീകരിക്കുക എന്നതാണ് മറ്റൊരു വ്യക്തി ചെയ്യേണ്ടത്. എപ്പോള്‍ വേണമെങ്കിലും ഈ സമ്മതം പിന്‍വലിക്കാന്‍ ഒരാള്‍ക്ക് അവകാശമുണ്ട് എന്ന് മനസിലാക്കാന്‍ സാധിച്ചില്ലെങ്കില്‍ സമ്മതം നല്‍കല്‍ (consent) അര്‍ത്ഥശൂന്യമാകും. മുന്‍പൊരിക്കല്‍ സമ്മതം നല്‍കി എന്നുവെച്ച് പിന്നീട് ആ ബന്ധം വേണ്ടെന്ന് വെക്കാന്‍ അനുവദിക്കാതെ പീഡിപ്പിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും നിശ്ചയമായും ലെംഗികാതിക്രമത്തിന്റെ പരിധിയില്‍പ്പെടുന്ന കാര്യമാണ്.

അതിജീവിതയ്ക്ക് ഭാവിയില്‍ വളരെ വലിയൊരു നിയമയുദ്ധം തന്നെ ചെയ്യേണ്ടി വരും. വിജയ് ബാബു കുറ്റക്കാരനാണെന്ന് സംശയലേശമന്യേ തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ സകല തെളിവുകളും നിരത്തിയ പഴുതുകള്‍ അടച്ച കുറ്റപത്രം ഹാജരാക്കേണ്ടി വരും. പക്ഷേ കേസ് അതിന്റെ നാള്‍വഴികളിലൂടെ മുന്നോട്ട് പോകുമ്പോള്‍ സമൂഹം ചര്‍ച്ച ചെയ്യേണ്ടത് എന്താണ് സമ്മതം (കോണ്‍സെന്റ്), അതെപ്പോഴാണ് ദുരുപയോഗം

ചെയ്യപ്പെടുന്നത്, തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങള്‍ എങ്ങനെയാണ് വ്യത്യസ്തമാകുന്നത്, മറച്ചു വെക്കപ്പെടുന്നത് തുടങ്ങിയ കാര്യങ്ങളാണ്. ഇത്തരം ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നാലെ എന്തുകൊണ്ടാണ് ഭൂരിഭാഗം സ്ത്രീകളും 'അടി' ഒരു പരിഹാരമല്ല എന്ന് കരുതുന്നതെന്ന് സമൂഹത്തിന്ബോധ്യമാകൂ.

Sowmya Rajendran writes on gender, culture and cinema. She has written over 25 books, including a nonfiction book on gender for adolescents. She was awarded the Sahitya Akademi’s Bal Sahitya Puraskar for her novel Mayil Will Not Be Quiet in 2015.

Related Stories

No stories found.
logo
The Cue
www.thecue.in