അംബേദ്കറെ ഓർക്കുമ്പോൾ

അംബേദ്കറെ ഓർക്കുമ്പോൾ
Published on

ജയന്തി ദിനത്തില്‍ മാത്രം സ്മരിക്കപ്പെടേണ്ട ആളല്ല ബാബാ സാഹബ് അംബേദ്ക്കര്‍. വര്‍ണ്ണ വെറി സോഫ്റ്റ് വെയര്‍ വല്‍ക്കരിക്കപ്പെട്ട അത്യന്താധുനിക യുഗത്തിലെ ഓരോ നിമിഷവും അദ്ദേഹത്തിന്റെ ആലോചനകള്‍ പ്രസക്തമാണ്.

അംബേദ്ക്കര്‍ ദളിത് പ്രാതിനിധ്യത്തെ കുറിച്ച് ശക്തിയുക്തം വാദിച്ചത് ഗാന്ധിജിയെ അസ്വസ്ഥനാക്കി. അതിരുവിട്ട ജാതി ചിന്ത മാത്യരാജ്യത്തിന്റെ സ്വാതന്ത്ര്യത്തെ വൈകിപ്പിക്കുമെന്ന് മഹാത്മജി പരിഭവിച്ചു. അതിന് മറുപടിയായി ബാബാ സാഹിബ് മൊഴിഞ്ഞത് ഇപ്രകാരമാണ്: 'ഗാന്ധിജീ, അതിന് എനിക്കൊരു മാതൃരാജ്യമില്ല. ആത്മാഭിമാനമുള്ള ഒരു തൊട്ടുകൂടാത്തവനും ഈ രാജ്യത്തെ പറ്റി അഭിമാനിക്കുകയില്ല'

ജീവിക്കാനുള്ള സുരക്ഷിതത്വവും സംരക്ഷണവും ആനുകൂല്യങ്ങളും മാത്രമല്ല വിവിധ ജന സമൂഹങ്ങള്‍ക്ക് ജനാധിപത്യ രാജ്യത്തും സാമൂഹ്യ ഘടനയിലും ലഭിക്കേണ്ടത്. അധികാര പങ്കാളിത്തവും സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന ബോഡികളിലെ സ്ഥാനങ്ങളും ആനുപാതികമായി പങ്കുവെക്കേണ്ടത് സമൂഹത്തിന്റെ ഭാഗമായ ഓരോ ജനവിഭാഗത്തിനും ആത്മവിശ്വാസം പകര്‍ന്ന് കിട്ടാന്‍ അത്യന്താപേക്ഷിതമാണ്.

ദളിത്-പിന്നോക്ക-ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സ്വാതന്ത്ര്യാനന്തരം അധികാര-ഉദ്യോഗ മണ്ഡലങ്ങളില്‍ മതിയായ പ്രാതിനിധ്യം കിട്ടിയിട്ടുണ്ടോ എന്നത് സംശയമാണ്. ലഭിച്ചിരുന്ന നാമമാത്ര പങ്കാളിത്തം പോലും നിഷ്‌കരുണം എടുത്തു മാറ്റപ്പെടുന്നതാണ് വര്‍ത്തമാന കാലത്ത് നാം കാണുന്നത്.

മല്‍സരപ്പരീക്ഷകളിലൂടെ എത്തേണ്ടിടങ്ങളില്‍ അവര്‍ ഒരു പരിധിവരെ സംവരണത്തിന്റെ പിന്‍ബലത്തിലാണെങ്കിലും എത്തുന്നുണ്ട്. എന്നാല്‍ സര്‍ക്കാരിനാല്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന വിവിധ അക്കാദമികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍, ആസൂത്രണ സമിതികള്‍ എന്നിവയുടെ ചെയര്‍മാന്‍ സ്ഥാനങ്ങള്‍, ഡയറക്ടര്‍ പദവികള്‍, ഗവ: പ്ലീഡര്‍മാരുടെ തസ്തികകള്‍, സര്‍വകലാശാലാ വി.സി, പി.വി.സി, റജിസ്ട്രാര്‍, കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍, ഫിനാന്‍സ് ഓഫീസര്‍ പോസ്റ്റുകള്‍, എംപ്ലോയ്‌മെന്റ്‌റ് എക്‌സ്‌ചേഞ്ചുകള്‍ മുഖേനയല്ലാത്ത ദിവസ വേതനത്തിനും കോണ്‍ട്രാക്ട് അടിസ്ഥാനത്തിലുമുള്ള പൊതുമേഖലകളിലേയും അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും നിയമനങ്ങള്‍, സര്‍ക്കാര്‍ കമ്പനി കളുടെ എം.ഡി, ജി.എം പോസ്റ്റുകള്‍ ഇവയിലൊന്നും പലപ്പോഴും ദളിത്-പിന്നോക്ക- ന്യൂനപക്ഷ പ്രാതിനിധ്യം ഉറപ്പ് വരുത്താന്‍ ജാഗ്രതാ പൂര്‍ണ്ണമായ സമീപനം ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്ന് ഉണ്ടാകാറില്ല. സമത്വാധിഷ്ഠിത സമൂഹത്തിന്റെ പിറവിക്ക് എല്ലാ രംഗത്തും എല്ലാവരുടെയും പങ്കാളിത്തം അനിവാര്യമാണ്.

കേന്ദ്ര സര്‍ക്കാരും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകളും രാജ്യവ്യാപകമായിത്തന്നെ ദളിത്-ന്യൂനപക്ഷ- പിന്നോക്ക വിഭാഗങ്ങളെ അവഗണിക്കുന്നത് ഇന്നൊരു വാര്‍ത്തയല്ല. കേന്ദ്ര കേബിനറ്റിലെ ന്യൂനപക്ഷ-ദളിത് പ്രാതിനിധ്യം തന്നെ നോക്കുക. ഗവര്‍ണ്ണര്‍മാരുടെ പട്ടിക പരിശോധിക്കുക. കേന്ദ്ര-സംസ്ഥാന പ്ലാനിംഗ് ബോര്‍ഡുകള്‍ നിരീക്ഷിക്കുക. ഇന്ത്യയുടെ മൊത്തം ജനസംഖ്യയിലെ ഓരോ വിഭാഗങ്ങള്‍ക്കും അവരവരുടെ ജനസംഖ്യാനുപാതിക പ്രാതിനിദ്ധ്യം പോയിട്ട് നാമമാത്ര പങ്കാളിത്തം പോലും ഇല്ലെന്ന് കാണാനാകും.

ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലേയും ജഡ്ജിമാരുടെ കൂട്ടത്തിലും അധ:സ്ഥിത-ന്യൂനപക്ഷ ഗണത്തിലുള്ളവര്‍ ഇല്ലെന്നുള്ളത് ചിരിച്ച് തള്ളേണ്ട കാര്യമല്ല. ഒരു മല്‍സരപ്പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവരല്ല ജഡ്ജിമാര്‍. ജഡ്ജിമാര്‍ തന്നെയാണ് ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നത്. അത്തരമൊരു സിസ്റ്റം ലോകത്ത് ഇന്ത്യയില്‍ മാത്രമാണുള്ളത് എന്ന് ജോണ്‍ ബ്രിട്ടാസ് എം.പി രാജ്യസഭയില്‍ തന്നെ പറഞ്ഞത് ആരും മറന്നു കാണില്ല. അത് കൊണ്ടാണ് ഉന്നതകുലജാതരും സ്വാധീന ശക്തിയുള്ളവരും മാത്രം പരമോന്നത നീതിപീഠങ്ങളില്‍ ജഡ്ജിമാരായി നിയമിതരാകുന്നത്.

കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള മുഴുവന്‍ ഭൂപ്രദേശങ്ങളിലും അധിവസിക്കുന്ന എല്ലാ വിഭാഗം ജനങ്ങളുടേതുമാണ് ഇന്ത്യ. ബ്രാന്മണനും, ക്ഷത്രിയനും, വൈശ്യനും, ശൂദ്രനും, മുസ്ലിമും, ക്രൈസ്തവരും, സിക്കുകാരും, ബൗദ്ധരും, ജൈനരും, പാര്‍സികളും, നാസ്തികരും, ഭൗതിക വാദികളും, ഗോത്ര വര്‍ഗ്ഗങ്ങളും എല്ലാം ഉള്‍കൊള്ളുന്നതാണ് ഭാരതം. അവരുടെയെല്ലാം അധ്വാനവും വിയര്‍പ്പും നികുതിപ്പണവും വരുമാനവും സംഭാവനകളും സേവനങ്ങളും നിറഞ്ഞതാണ് ഇന്ത്യയുടെ വിഭവ സ്രോതസ്സ്. അതുപയോഗിച്ച് ഒരുക്കുന്ന ഭരണ-ഉദ്യോഗസ്ഥ സംവിധാനങ്ങളില്‍ സര്‍വ്വരുടെയും പരിഛേദങ്ങള്‍ നിര്‍ബന്ധമായും ഉണ്ടാകണം.

ബഹുസ്വര പ്രാതിനിധ്യ ജീവിതത്തിന്റെ നിഖില മേഖലകളിലും ഉറപ്പ് വരുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യ ഒരു ബഹുസ്വര രാഷ്ട്രമാണെന്ന അവകാശ വാദം കേവലം മേനിപറച്ചിലാണെന്ന് മാലോകര്‍ പറയും. ഓരോ ജനവിഭാഗത്തിനും സദ്യ ഉണ്ണുന്നവരുടെ കൂട്ടത്തില്‍ മാത്രമല്ല വിളമ്പിക്കൊടുക്കുന്നവരുടെ കൂട്ടത്തിലും പങ്കാളിത്തം ഉറപ്പാക്കാന്‍ ജനായത്ത ഭരണകൂടങ്ങള്‍ ശ്രദ്ധിക്കണം. വിളമ്പലില്‍ വിവേചനമുണ്ടാകാതിരിക്കാന്‍ അത്തരമൊരു സൂക്ഷ്മത അനിവാര്യമാണ്. അതല്ലെങ്കില്‍ അവഗണിക്കപ്പെടുന്നവരില്‍ അന്യതാബോധം പതുക്കെപ്പതുക്കെ പുകഞ്ഞ് നീറിപ്പടരും.

ഞങ്ങളെ ഗൗനിക്കാത്തവരെ ഞങ്ങളെന്തിന് ഗൗനിക്കണമെന്ന് പാര്‍ശ്വവല്‍കൃതര്‍ ചിന്തിച്ച് തുടങ്ങും. മനസ്സ് കൊണ്ട് ഒന്നാകാന്‍ കഴിയാത്ത രാജ്യം പൂതല്‍ ബാധിച്ച വന്മരം പോലെയാകും. നല്ലൊരു കാറ്റടിച്ചാല്‍ ഏതുസമയത്തും നിലം പൊത്താന്‍ പാകത്തില്‍.

Related Stories

No stories found.
logo
The Cue
www.thecue.in