കൊറോണാനന്തര ലോകത്തെ ആരാണ് നിർമ്മിക്കേണ്ടത് ?
മരണത്തില്‍ നിന്നു രക്ഷ നേടാനുള്ള പുതിയൊരു നേട്ടോട്ടത്തിലാണ് മാനവരാശി. ലക്ഷക്കണക്കിന് മനുഷ്യരെ നഷ്ടപ്പെട്ടുകൊണ്ടാണെങ്കിലും ഈ പ്രതിസന്ധിയെ നമ്മള്‍ അതിജീവിക്കും എന്ന കാര്യത്തില്‍ തീര്‍ച്ചയായിട്ടുണ്ട്. അതോടൊപ്പം നമ്മള്‍ പുതിയ പലതിനും തുടക്കം കുറിക്കാന്‍ നിര്‍ബന്ധിതരായിത്തീരും എന്നതും മറ്റൊരു തീര്‍ച്ചയാണ്. നഷ്ടങ്ങള്‍ ഭീതിപ്പെടുത്തുന്നുണ്ടെങ്കിലും ഇപ്പോഴത്തെ മരണത്തിന്റെ കണക്കുകള്‍ താരതമ്യേന കുറവു തന്നെയാണ്. ചരിത്രത്തില്‍ നിന്നുള്ള പാഠങ്ങള്‍ നമുക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. കൊറോണ പ്രതിസന്ധിയെ നേരിടുന്നതില്‍ മനുഷ്യന്‍ വിജയം കൈവരിക്കും എന്നതില്‍ ഇപ്പോഴാര്‍ക്കും സംശയമില്ല.
പകര്‍ച്ചവ്യാധിയുമായുള്ള മനുഷ്യന്റെ യുദ്ധത്തിന് ചരിത്രത്തോളം തന്നെ പഴക്കം കാണും. പകര്‍ച്ചവ്യാധികള്‍ പലപ്പോഴും നമ്മളെ ആക്രമിച്ചിട്ടുണ്ട്. മാനവചരിത്രത്തിലെ വലിയൊരു ഭാഗം ഈ ഏറ്റുമുട്ടലിന്റെ കഥയാണ് വിവരിക്കുന്നത്. ഓരോ വലിയ ഏറ്റുമുട്ടലിലും നമുക്ക് വലിയ നഷ്ടങ്ങള്‍ സംഭവിച്ചിട്ടുമുണ്ട്. പകര്‍ച്ചവ്യാധികള്‍ ലോകജനതയുടെ അമ്പത് ശതമാനത്തെ കവര്‍ന്നെടുത്ത സന്ദര്‍ഭങ്ങള്‍ പോലും ചരിത്രത്തിലുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ മരണകാരണവും അതുതന്നെയാണ്. അങ്ങനെ നോക്കുമ്പോള്‍ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി അത്ര ഭയാനകമല്ല. എന്നാലും കാലത്തിന്റെ യാത്രയ്ക്കിടയില്‍ സംഭവിച്ച എല്ലാ മാറ്റങ്ങളെയും സമഗ്രമായി നോക്കിക്കൊണ്ടു വേണം വിലയിരുത്തലുകള്‍ നടത്താനും അനുമാനങ്ങളിലെത്താനും. അത് കുറെക്കൂടി സമയടുത്ത് ചെയ്യേണ്ട ഒന്നാണ്. മനുഷ്യരെ കൊന്നൊടുക്കിയതുപോലെ മറ്റ് പല മാറ്റങ്ങള്‍ക്കും പകര്‍ച്ചവ്യാധി കാരണമായിട്ടുണ്ട്. സമൂഹത്തിന്റെ ഘടനയെ അത് പലപ്പോഴും മാറ്റിമറിച്ചിട്ടുണ്ട്. സാമ്പത്തിക ഘടനയെ പുതുക്കിപ്പണിതിട്ടുണ്ട്. മതത്തിനെയും വിശ്വാസസംഹിതകളേയും കലയേയും അത് വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. അതിനേക്കാളധികം അത് ശാസ്ത്രത്തെ മുന്നോട്ടു നയിച്ചിട്ടുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തിന് ദിശാബോധം നല്‍കിയതിനു പിന്നില്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്തുണ്ടായ പ്ലേഗ് ബാധ കാരണമായിട്ടുണ്ട്. ഇന്ന് നമ്മളെ സംരക്ഷിക്കുന്ന മോഡേണ്‍ മെഡിസിന്‍ മോഡേണായത് ആ പ്ലേഗ് ബാധയോടെയാണ്. വൈദ്യശാസ്ത്ര ദര്‍ശനത്തില്‍ പോലും അതോടെ മാറ്റങ്ങള്‍ സംഭവിച്ചു എന്നാണ് ഇതുമായി നടന്ന പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ John M. Berry രചിച്ച 'The Great Influenza - The Epic Story of the Deadliest Plague in History '(2004) എന്ന പുസ്തകത്തിലുണ്ട്.
ഇത്തരം പഠനങ്ങള്‍ ഈയവസരത്തില്‍ മനുഷ്യരോട് ചോദിക്കുന്ന പല ചോദ്യങ്ങളുണ്ട്. മുന്‍കാല അനുഭവങ്ങളില്‍ നിന്ന് എന്തൊക്കെയാണ് നമ്മള്‍ പഠിച്ചത് ?
അപ്രതീക്ഷിതമായി സംഭവിക്കാവുന്ന ഇത്തരം വൈറസ് അറ്റാക്കുകളെ നേരിടുന്നതില്‍ മാനവരാശി എന്ത് തയ്യാറെടുപ്പാണ് നടത്തിയിരുന്നത്? എപ്പോള്‍ എന്ന കാര്യത്തിലേ കൃത്യതയില്ലാതെയുള്ളൂ. ഇവയുടെ തിരിച്ചു വരവുണ്ടാവും എന്നത് തീര്‍ച്ചയായിരുന്നു. സാര്‍സും, ഏവിയന്‍ ഫ്‌ളൂവും, എബോളയും,എയ്ഡ്‌സും ഒക്കെ മുന്‍ഗാമികളായിരുന്നു. പൊതുജനാരോഗ്യ പ്രതിസന്ധികള്‍ എല്ലാ സമൂഹവും കാത്തിരിക്കേണ്ട ഒന്നാണെന്ന് വലിയ ഗവേഷണ സ്ഥാപനങ്ങള്‍ എത്രയോ മുന്‍പ് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വൈദ്യശാസ്ത്ര രംഗത്തും സാമൂഹ്യ ശാസ്ത്ര രംഗത്തുമുള്ള പണ്ഡിതന്മാര്‍ ഇതേക്കുറിച്ച് നിരന്തരം ആലോചിച്ചു കൊണ്ടിരുന്നു.
2019 -ല്‍ അമേരിക്കയിലെ പ്രസിദ്ധമായ യേല്‍ യൂണിവേഴ്‌സിറ്റി അവരുടെ ബിരുദ കോഴ്‌സുകളില്‍ Epidemics and Society എന്നതിനെ ഒരു പഠന വിഷയമാക്കി. പുതിയ തലമുറ ഈ വിഷയം ഗൗരവത്തോടെ പഠിക്കണം എന്ന തിരിച്ചറിവായിരുന്നു ഈ തീരുമാനത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്. Frank M. Snowden എഴുതിയ 'Epidemics and Society - From the Black Death to the Present ' (2019) എന്ന കൃതി ഈ ബിരുദ വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ച് എഴുതിയതാണ്. സാംക്രമിക രോഗങ്ങളും സമൂഹവും തമ്മിലുള്ള ബന്ധത്തെ ചരിത്രപരമായി വിലയിരുത്തുന്ന ഒന്നാണ് ഈ പുസ്തകം. അതോടൊപ്പം കരുതലോടെ മുന്നേറാനുള്ള ആഹ്വാനവും. എന്നാല്‍ ഭരണകൂടങ്ങള്‍ ഇതൊന്നും കണ്ടതായി നടിച്ചില്ല. പൊതുജനാരോഗ്യം അവരുടെ അജണ്ടയില്‍ ഇടം നേടിയില്ല. ഇത്തരം ഉത്തരവാദിത്തങ്ങളില്‍ നിന്ന് മിക്കവാറും ഗവണ്‍മെന്റുകള്‍ മാറി നിന്നു. സമൂഹത്തിനെ വേണ്ട രീതിയില്‍ സജ്ജമാക്കാന്‍ അധികാരികള്‍ തയ്യാറായില്ല. വൈറസ് വെല്ലുവിളിയെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ ഒന്നും തന്നെ നടത്തിയില്ല. മറിച്ച് ആധുനിക പരിഷ്‌കൃത സമൂഹം കൂടുതല്‍ മോശപ്പെട്ട പരിതസ്ഥിതികള്‍ സൃഷ്ടിക്കുകയും ചെയ്തു. ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ നിന്നും സ്‌പെയിനില്‍ നിന്നും ഇറ്റലിയില്‍ നിന്നും ലണ്ടനില്‍ നിന്നും വരുന്ന ദുരന്ത വാര്‍ത്തകള്‍ ഈ ശ്രദ്ധക്കുറവുമൂലം സംഭവിച്ചതാണ്. പകര്‍ച്ചവ്യാധികള്‍ക്ക് എളുപ്പത്തില്‍ രാഷ്ട്ര അതിര്‍ത്തികളെ ഭേദിക്കുവാനുള്ള അവസരങ്ങള്‍ ഒരുക്കി കൊടുക്കുകയും ചെയ്തു. ശാസ്ത്രത്തെ സജ്ജമാക്കുന്നതിലും നമ്മള്‍ പരാജയപ്പെട്ടു. ഈ പശ്ചാത്തലത്തില്‍ നിന്നു വേണം കൊറോണാനന്തര ലോകത്തെപ്പറ്റി ചിന്തിക്കാന്‍.
ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്ന് പുറത്തു കടക്കുേമ്പാള്‍ മാനവരാശി നേരിടുന്ന വെല്ലുവിളികള്‍ എന്തെല്ലാം? മറ്റൊന്ന് ആരാണ് കൊറോണാനന്തര ലോകത്തെ നിര്‍മ്മിക്കുക എന്നതാണ്. ജീവനെക്കാള്‍ ലാഭത്തേയും ആനന്ദത്തേയും ചേര്‍ത്തു പിടിച്ച കാലം അവസാനിക്കുകയാണ്. പ്രാണന്‍ കഴിഞ്ഞേ മറ്റെന്തുമുള്ളൂ എന്ന അടിസ്ഥാന അറിവിലേക്ക് മടങ്ങിപ്പോരാന്‍ നമ്മള്‍ നിര്‍ബന്ധിതരായിരിക്കുന്നു. ഈ ചിന്തയിലേക്ക് വരാന്‍ അമാന്തിച്ച സമൂഹങ്ങളെല്ലാം കൊറോണയെന്ന ബൃഹദ്മാരിക്കു മുന്നില്‍ അന്ധം വിട്ടു നില്‍ക്കുകയാണ്. ഇതിനെ രണ്ടായി വേണം വേര്‍തിരിച്ചു കാണാന്‍. ഒന്ന് കൊറോണ വൈറസ് സൃഷ്ടിച്ച പ്രതിസന്ധി. മറ്റൊന്ന് കൊറോണാനന്തര ലോകത്തിന്റെ പ്രതിസന്ധി. ഈ രണ്ട് പ്രതിസന്ധികളെയും സമഗ്രമായി ഉള്‍ക്കൊണ്ട് ഇടപെടാന്‍ സാധാരണ ബുദ്ധി മതിയാവുമെന്ന് കരുതുക വയ്യ. ടെലിവിഷന്‍ മാധ്യമങ്ങളും മറ്റ് ഇന്റര്‍നെറ്റ് സംവിധാനങ്ങളും ഇപ്പോഴത്തെ പ്രതിസന്ധിയുടെ ലോകക്കാഴ്ച നമുക്ക് മുന്നില്‍ നിറച്ചുവെക്കുന്നുണ്ടെങ്കിലും പൂര്‍ണ്ണാര്‍ത്ഥത്തില്‍ അതിനെ ഉള്‍ക്കൊള്ളാന്‍ വര്‍ത്തമാനകാല മനുഷ്യന് സാധിക്കില്ല. മൂന്നില്‍ രണ്ടു ലോകം നിശ്ചലാവസ്ഥയിലാണ്. നിശ്ചലമാവാന്‍ മടിച്ചവര്‍ കൊറോണയുടെ പിടിയിലും.
ജനങ്ങളെ വീടുകളില്‍ അടച്ചിടുക. ചെറിയ ഇടവേളകളില്‍ കൈ കഴുകുക എന്നീ രണ്ടു കാര്യങ്ങളാണ് ലോകത്തെമ്പാടും കൈക്കൊണ്ട പ്രധാന നടപടികള്‍. ഇതിലപ്പുറം ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഇതിനവര്‍ക്ക് അധികാരമുണ്ടായിരുന്നോ? ചര്‍ച്ച ചെയ്യാതെ, സമ്മതം ചോദിക്കാതെ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ചു കൊണ്ട് ജനതയെ അപ്പാടെ വീടിനകത്ത് ക്വാറന്റൈിന്‍ ചെയ്യുക. ഭരണകൂടാധികാരത്തിന്റെ ഏറ്റവും വലിയ ഇടപെടലാണ് സംഭവിച്ചിരിക്കുന്നത്. നേരത്തെ സൂചിപ്പിച്ച തയ്യാറെടുപ്പുകളുടെ അഭാവം മൂലമാണ് ഇതാവശ്യമായി വന്നത്. മനുഷ്യരുടെ എല്ലാ തൊഴില്‍പരമായ പ്രവര്‍ത്തനങ്ങളും മന്ദീഭവിച്ചു. സമ്പദ് പ്രക്രിയ നിശ്ചലമായി. ഉല്പാദനവും വിതരണവും ഇല്ലാതെയായി. ആരോഗ്യരംഗത്തുള്ളവരും നിയമപാലകരും മാത്രമാണ് ദൈനംദിന പ്രവൃത്തിയില്‍ തുടരുന്നത്. ഇങ്ങനെ എത്രകാലം തുടരാന്‍ കഴിയും? കൊറോണയ്ക്ക് പ്രതിരോധ വാക്‌സിന്‍ എന്ന് കണ്ടെത്താനാവും? ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ നിരവധിയാണ്. ഇത്തരമൊരു സാഹചര്യത്തിന്റെ തുടര്‍ച്ചയ്ക്ക് നമ്മള്‍ കൊടുക്കേണ്ടി വരാനിടയുള്ള വിലയെന്ത്?
ആത്മീയതയെക്കാള്‍ സുരക്ഷിതമായ മറ്റൊരു വ്യവസായം ഇന്ന് ലോകത്തില്ല. മതങ്ങളാണ് ഇതിനു കൂട്ടുനിന്നത്. ഭീകരവാദത്തെ വളര്‍ത്തിയതും മതങ്ങള്‍ തന്നെ. വിശ്വാസത്തെ കച്ചവടച്ചരക്കാക്കി മാറ്റിയതോടെയാണ് ഭീകരവാദം നിലവില്‍ വന്നത്. ഈ ദുരന്തകാലത്ത് അവരൊക്കെ എവിടെയാണ്? ഞാനിപ്പോഴും ചിന്തിക്കുന്നത് ഭീകരവാദികളെ ആരാണ് കൊറോണയില്‍ നിന്ന് സംരക്ഷിക്കുന്നത് എന്നാണ്.
തികച്ചും അസാധാരണമായ തീരുമാനങ്ങളാണ് നമ്മളെ കാത്തിരിക്കുന്നത്. ഞെട്ടിക്കുന്ന രാഷ്ട്രീയ ഇടപെടലുകള്‍ വരാനിരിക്കുന്നതേയുള്ളൂ. 'ഷോക്ക് ഡോക്ട്രിന്‍' എന്ന നിയോമി ക്‌ളൈനിന്റെ പുസ്തകം ഓര്‍മ്മ വരുന്നു. നൂറ്റാണ്ടുകളുടെ പോരാട്ടത്തിലൂടെ മാനവരാശി നേടിയെടുത്ത പല അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും നമ്മള്‍ക്ക് തിരിച്ചു കിട്ടുമോ? ഈ അടിയന്തിര സാഹചര്യത്തിന്റെ ആനുകൂല്യത്തിന്റെ മറവിലൂടെ നമ്മുടെയെല്ലാം ഭരണകൂടങ്ങള്‍ അവയെ കവര്‍ന്നെടുത്തു കളയുമോ? പ്രാണനെ സംരക്ഷിക്കണം എന്ന ആവശ്യവുമായി എല്ലാ അവകാശങ്ങളും നമ്മളിപ്പോള്‍ സ്റ്റേറ്റിന് അടിയറവ് വെച്ചിരിക്കുകയാണ്. അതുമായി ബന്ധപ്പെട്ട ആശങ്കകള്‍ പലതാണ്. അതുപോലെ തകര്‍ന്നടിയപ്പെട്ട മ്പമ്പദ് വ്യവസ്ഥയെ, അതുമൂലം താളം തെറ്റിയ സാമൂഹ്യ സംവിധാനങ്ങളെ തിരിച്ചുപിടിക്കാന്‍ കഴിയുമോ? അതിനേക്കാള്‍ വലിയ ചോദ്യം ഈ അവസ്ഥയ്ക്ക് കാരണമൊരുക്കിയ സാമൂഹ്യ സംവിധാനങ്ങള്‍ അതേപടി തുടരേണ്ടതുണ്ടോ? നേരത്തെ നിലനിന്നിരുന്ന സാധാരണ നിലയിലേക്കാണോ നമ്മള്‍ മടങ്ങേണ്ടത് ? അതൊരു സുരക്ഷിതമായ സാധാരണത്വമായിരുന്നുവോ? പലതും പുതുക്കിപ്പണിയേണ്ടതുണ്ട്. പുതിയൊരു സാമൂഹ്യക്രമത്തെ നിര്‍മ്മിച്ചെടുക്കേണ്ടതുണ്ട്. സംശയമില്ലാത്ത കാര്യമാണ്. ആരായിരിക്കും അതിന് നേതൃത്വം കൊടുക്കുക എന്നതാണ് മുഖ്യമായ പ്രശ്‌നം. കൊറോണ മാരിയെ വികലമായി കൈകാര്യം ചെയ്ത് പതിനായിരങ്ങളെ മരണത്തിനു വിട്ടുകൊടുത്ത അതേ നേതാക്കളോ ? അവരാല്‍ പുനര്‍നിര്‍മ്മിച്ച ലോകം...അത് മറ്റൊരു നരകമാവില്ലേ ...
ഡൊണാള്‍ഡ് ട്രംപും വ്‌ലാഡിമിര്‍ പുതിനും ബോറിസ് ജോണ്‍സും ഷി ജിന്‍പിങ്ങും ഒക്കെയാണ് പുതിയ ലോക നിര്‍മ്മാതാക്കളായി കച്ചകെട്ടിയിറങ്ങേണ്ടവര്‍. അവരുടെ നിഷ്‌ക്രിയമായ ആരോഗ്യ സംവിധാനങ്ങള്‍ കൊലയ്ക്കു കൊടുത്തത് ലക്ഷക്കണക്കിനു മനുഷ്യരെയാണ്. മുന്നറിയിപ്പുകള്‍ക്കുമേല്‍ ലാഭക്കൊതിയെ ഉയര്‍ത്തിപ്പിടിച്ചവര്‍.അമ്പരിപ്പിക്കുന്ന വൈറസ് വ്യാപനത്തിന് കുട പിടിച്ചു കാവല്‍ നിന്നവര്‍. പ്രതിസന്ധിയില്‍ നിന്നു കൊണ്ട് അധികാരത്തെ വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ചവര്‍. ആഗോളവല്‍ക്കരണത്തെ ലാഭത്തിന്റെ തോത് ഉയര്‍ത്താനുള്ള ഇടനാഴിയാക്കി മാറ്റിയവര്‍. ഓര്‍ക്കുക, ഇവരിലാണ് ലോകം പ്രതീക്ഷയര്‍പ്പിക്കേണ്ടത്. വര്‍ത്തമാനകാലത്തിന്റെ ഏറ്റവും വലിയ ദുരന്തം ഇതു തന്നെയാണ്. ആരിലൂടെ നവലോകക്രമം നിര്‍മ്മിക്കപ്പെടും എന്ന ചോദ്യത്തിന്റെ ഉത്തരങ്ങളാണ് ഈ രാഷ്ടീയ ദുരന്തങ്ങള്‍. ഇതിനേക്കാള്‍ ഭീകരരായ വെറൊരു കൂട്ടം കൂടിയുണ്ട്. അവരുടെ സ്വാധീനം താരതമ്യേന കുറവായതിനാല്‍ പേരെടുത്തു പറയുന്നില്ല എന്നു മാത്രം.
സ്റ്റേറ്റ് ആരെയാണ് സംരക്ഷിക്കേണ്ടത്? എന്തിനൊക്കെയായിരിക്കണം മുന്‍ഗണന നല്‍കേണ്ടത്? ആരുടെ നിര്‍ദ്ദേശങ്ങള്‍ക്കാണ് സ്റ്റേറ്റ് ചെവി കൊടുക്കേണ്ടത്? അതിജീവനത്തിന്റെ രാഷ്ട്രീയം അടിയന്തരമായി ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങളാണ് ഇവയൊക്കെ. ഈ ഉത്തരങ്ങളില്‍ നിന്നാണ് പുതിയ രാഷ്ട്രീയം ഉരുത്തിരിഞ്ഞു വരേണ്ടത്. ശരിയായ ദിശാബോധത്തോടെ മുന്നേറുന്ന അത്തരമൊരു രാഷ്ട്രീയത്തിനു മാത്രമെ കൊറോണാനന്തര സമൂഹത്തെ നയിക്കാനാവൂ. മാനവരാശിയെ സുരക്ഷിതമാക്കാനൊക്കൂ. സംഭവിച്ചേക്കാവുന്ന യുദ്ധങ്ങള്‍ക്കു വേണ്ടി എത്ര വലിയ സൈനിക ഒരുക്കങ്ങള്‍ക്കാണ് ഓരോ രാജ്യവും തയ്യാറെടുക്കുന്നത്. ആ ഒറ്റക്കാര്യത്തിലാണ് നമ്മുടെ മത്സരങ്ങളെല്ലാം കെട്ടിപ്പടുത്തിരിക്കുന്നത്. അവയിലാണ് നമ്മുടെ സമ്പത്ത് കുന്നുകൂടി കിടക്കുന്നത്. സര്‍ക്കാര്‍ ബഡ്ജറ്റിന്റെ സിംഹഭാഗവും അതിലേക്കാണ് നീക്കി വെക്കുന്നത് . ഇതാണ് കഴിഞ്ഞ നൂറ്റാണ്ടിലെ ലോകയുദ്ധപാഠങ്ങളില്‍ നിന്നും നമ്മള്‍ കണ്ടെത്തിയ സുരക്ഷാ മാര്‍ഗ്ഗം. സൈനിക വല്‍ക്കരണം ഇന്നൊരു വ്യവസായമാണ്. എന്തു വില കൊടുത്തും സമാധാനത്തെ ഇല്ലാതാക്കുന്ന ആഗോള വ്യവസായം. ഇതിന്റെ പത്തിലൊന്ന് ഭാഗം പൊതുജനാരോഗ്യരംഗത്തിന് വിട്ടുകൊടുത്തിരുന്നെങ്കില്‍ കൊറോണയെ ഇതിനകം തന്നെ നമ്മള്‍ക്ക് ചെറുത്തു തോല്പിക്കാന്‍ കഴിയുമായിരുന്നു. യുദ്ധ സന്നാഹങ്ങള്‍ക്കു പകരം സമാധാനത്തിനു വേണ്ടി ശ്രമിച്ചിരുന്നുവെങ്കില്‍ ഒരാഗോള ആരോഗ്യ സംവിധാനം നിലവിലുണ്ടായേനെ. ഇതിനെക്കാള്‍ മെച്ചപ്പെട്ട ഒരു വൈദ്യശാസ്ത്രലോകം നമുക്കുണ്ടായേനെ.
ആത്മീയതയെക്കാള്‍ സുരക്ഷിതമായ മറ്റൊരു വ്യവസായം ഇന്ന് ലോകത്തില്ല. മതങ്ങളാണ് ഇതിനു കൂട്ടുനിന്നത്. ഭീകരവാദത്തെ വളര്‍ത്തിയതും മതങ്ങള്‍ തന്നെ. വിശ്വാസത്തെ കച്ചവടച്ചരക്കാക്കി മാറ്റിയതോടെയാണ് ഭീകരവാദം നിലവില്‍ വന്നത്. ഈ ദുരന്തകാലത്ത് അവരൊക്കെ എവിടെയാണ്? ഞാനിപ്പോഴും ചിന്തിക്കുന്നത് ഭീകരവാദികളെ ആരാണ് കൊറോണയില്‍ നിന്ന് സംരക്ഷിക്കുന്നത് എന്നാണ്. അവര്‍ സുരക്ഷിതരാണോ? എന്തായിരിക്കും ഈ പ്രതിസന്ധിയില്‍ നിന്നും മതഭീകരവാദികള്‍ പഠിക്കുക എന്നത് പുതിയ ലോകത്തിന്റെ നിര്‍മ്മാണത്തില്‍ ഏറെ പ്രാധാന്യമുള്ളതാണ്. ഭീകരവാദ നിര്‍മ്മാര്‍ജ്ജനത്തിനാണ് വലിയൊരു തുക വന്‍കിട രാഷ്ട്രങ്ങള്‍ ഇപ്പോള്‍ ചിലവഴിച്ചു കൊണ്ടിരിക്കുന്നത്. അതിനും മാറ്റം വരേണ്ടതുണ്ട്.
പഴയ സോവിയറ്റ് യൂണിയന്റെ മുന്‍ പ്രസിഡണ്ട് മിഖായേല്‍ ഗോര്‍ബച്ചേവ് എഴുതിയ ഒരു ലേഖനം കഴിഞ്ഞ ദിവസം വായിക്കുകയുണ്ടായി (TIME Weekly, April 15, 2020). ഈ കൊറോണ മാരി അവസാനിക്കുമ്പോള്‍ ലോകം ഒരുമിച്ചു ചേരണം എന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. അദ്ദേഹം തുടര്‍ന്നു: 'നമ്മള്‍ ഇത്രയും കാലം കൊണ്ടു നടന്ന ലോകം എത്ര ദുര്‍ബ്ബലമാണെന്ന് തിരിച്ചറിഞ്ഞു കൊണ്ട് വരാനാരിക്കുന്ന അപകടങ്ങളെപ്പറ്റി ചിന്തിക്കണം. ലോകം പഴയതുപോലെ ആയിരിക്കില്ല എന്നു പലരും പറയുന്നുണ്ട് . എന്നാല്‍ അതെങ്ങനെയായിരിക്കും? നമ്മള്‍ ഇപ്പോള്‍ പഠിച്ച പാഠങ്ങള്‍ക്കനുസരിച്ചായിരിക്കും അത്. ദാരിദ്ര്യവും അസമത്വവും നമ്മള്‍ നേരിടേണ്ടി വരും. അതുപോലെ അഭയാര്‍ത്ഥി പ്രവാഹവും. ഇതൊന്നും ദേശീയ സ്വഭാവമുള്ളവയായിരിക്കില്ല; എല്ലാം ആഗോള പ്രശ്‌നങ്ങളാണ്. അതു കൊണ്ടു തന്നെ ലോക സമൂഹമാണ് പോംവഴി കണ്ടെത്തേണ്ടത്. മനുഷ്യരാശിക്ക് പൊതുവായി വേണ്ട പൊതു ലക്ഷ്യങ്ങള്‍ കണ്ടെത്തുന്നതില്‍ നമ്മള്‍ ഇതുവരെ പരാജയപ്പെട്ടു. ലോക നേതാക്കള്‍ ഒത്തുകൂടണം. ഐക്യരാഷ്ട്രസഭയുടെ പ്രത്യേക സമ്മേളനം അടിയന്തരമായി വിളിച്ചു കൂട്ടണം. ലോകത്തിന്റെ പുതിയ അജണ്ട തീരുമാനിക്കണം. സൈനികച്ചിലവുകള്‍ പത്തു പതിനഞ്ചു ശതമാനം വെട്ടിക്കുറക്കണം. ഒരു പുതിയ ബോധത്തിലേക്ക്, ഒരു പുതിയ സംസ്‌കാരത്തിലേക്ക് കടക്കണം.' ഇങ്ങനെ ചിന്തിക്കുന്ന നേതാക്കളുണ്ടാവണം. എങ്കിലേ പുതിയ ആശയങ്ങളും പുതിയ തയ്യാറെടുപ്പുകളും ഉണ്ടാവുകയുള്ളൂ.
വൈറസ്സുകള്‍ ഇല്ലാതാവുന്നില്ല. വൈറസ്സുകളില്‍ നിന്നും പ്രതിരോധശേഷി നേടിയ മനുഷ്യരാണുണ്ടാവേണ്ടത്. അതിനാവശ്യമായ പ്രകൃതിയാണ് സംരക്ഷിയ്ക്കപ്പെടേണ്ടത്. ഇവിടെയെല്ലാം പൊതുവായ ശത്രു ലാഭക്കൊതിയാണ്. കമ്പോള സംസ്‌കാരമാണ്.
കമ്പോളത്തിന്റെ നിയമങ്ങളെ മാറ്റിയെടുക്കണം. പുതിയൊരു വ്യാപാര സംസ്‌കാരം ഉണ്ടാവേണ്ടതുണ്ട്. ശാസ്ത്രത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് വില കല്പിക്കുന്ന ഒരു ലോകം.
വൈറസ് നല്‍കുന്ന പാഠങ്ങള്‍ പലതാണ്. അതിജീവനത്തിന്റെ പുതിയ പാഠങ്ങള്‍.
അത് ചരിത്രഗതിയെ മാറ്റി മറിക്കുന്നവയായിരിക്കും. ഭയാശങ്കകളില്ലാതെ മനുഷ്യര്‍ക്ക് ഭൂമിയില്‍ ജീവിക്കുവാനാവുമോ? എന്നാണ് അതിനു കഴിയുക ? നമ്മുടെ മുന്നില്‍ എളുപ്പവഴികളൊന്നുമില്ല. കരുതലോടെ മുന്നേറണം.
അമേരിക്കന്‍ ചിന്തകനായ നോം ചോംസ്‌കി പറഞ്ഞതുപോലെ ഇന്നലെകളിലെ സാധാരണത്വത്തിലേക്കല്ല നമ്മള്‍ തിരിച്ചു ചെല്ലേണ്ടത് . പുതിയൊരു നാളെയിലേക്ക്. കൊറോണാനന്തര ലോകം നമുക്കു വേണ്ടി നമ്മളാല്‍ നിര്‍മ്മിക്കപ്പെട്ടതായിരിക്കണം.