സിപിഎമ്മില്‍ ഇനി ആര്?

സിപിഎമ്മില്‍ ഇനി ആര്?
Published on

സീതാറാം യെച്ചൂരിയുടെ നിര്യാണം മൂലം സിപിഎമ്മിന് ഉണ്ടാവുന്ന ഏറ്റവും വലിയ നഷ്ടം ദേശീയ രാഷ്ട്രീയത്തിലെ ദൃശ്യതയിലും സ്വാധീനത്തിലും ഉണ്ടാവുന്ന വലിയ ശോഷണമാണ്. ദേശീയ തലത്തില്‍ താരതമ്യേന ദുര്‍ബലമായ സിപിഎം എന്ന പാര്‍ട്ടിയുടെ ശക്തിക്ക് ആനുപാതികമായ മാധ്യമ ശ്രദ്ധയോ രാഷ്ട്രീയ സ്വാധീനമോ ആയിരുന്നില്ല സീതാറാം യെച്ചൂരിക്ക് ലഭിച്ചിരുന്നത്. പാര്‍ട്ടിക്ക് അതീതമായ പ്രാമുഖ്യവും പ്രസക്തിയും യെച്ചൂരിക്ക് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ബുദ്ധിപരമായ ഔന്നത്യമായിരുന്നു അതിന്റെ പ്രധാന കാരണം. ഇംഗ്ലീഷിലും ഹിന്ദിയിലും അനര്‍ഗളമായി സംസാരിക്കാനുള്ള പാടവം, ധാര്‍ഷ്ട്യമോ പ്രത്യയശാസ്ത്ര ശാഠ്യങ്ങളോ വരട്ടുതത്വവാദ ജാര്‍ഗണുകളോ ഇല്ലാത്ത സംസാരം, അസാമാന്യമായ രാഷ്ട്രീയ വിശകലന പാടവം, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുമായി ഉണ്ടാക്കിയ വ്യക്തിപരമായ ഊഷ്മളമായ സൗഹൃദം, മാധ്യമങ്ങളോട് പുലര്‍ത്തിയിരുന്ന നിന്താന്ത സൗഹൃദം എന്നിവയെല്ലാം സീതാറാം യെച്ചൂരിക്ക് പൊതുമണ്ഡലത്തില്‍ വലിയ ദൃശ്യതയും സ്വീകാര്യതയും നേടിക്കൊടുത്തു. അങ്ങനെയൊരാള്‍ സെക്രട്ടറി സ്ഥാനത്ത് ഉണ്ട് എന്നത് സിപിഎം എന്ന പാര്‍ട്ടിയെയും ദേശീയ തലത്തില്‍ പ്രസക്തമാക്കി.

സിപിഎമ്മില്‍ ഇനി ആര്?
പ്രിയ സഖാവ് സീതാറാം

പാര്‍ട്ടിയുടെ പ്രസക്തി ദേശീയ തലത്തില്‍ നിലനിര്‍ത്താന്‍ കഴിയുന്ന ഒരു പുതിയ സെക്രട്ടറിയെ കണ്ടെത്തുക എന്നതാണ് സിപിഎം നേരിടുന്ന വെല്ലുവിളി. സിപിഎമ്മിനും ഇടതുപക്ഷ പ്രസ്ഥാനത്തിനും ദേശീയ രാഷ്ട്രീയത്തില്‍ അവരുടെ ശക്തിക്ക് അതീതമായ പ്രാമുഖ്യം ലഭിച്ചിരുന്നു. അവരുടെ ധാര്‍മിക ശക്തിയായിരുന്നു ഈ പ്രത്യേക പരിഗണനയുടെ അടിസ്ഥാനം. സമൂഹത്തിലെ പിന്നാക്കം നില്‍ക്കുന്നവരുടെ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന, താരതമ്യേന അഴിമതി രഹിതരായ നേതാക്കള്‍ എന്നിവയൊക്കെ സൃഷ്ടിച്ചതായിരുന്നു ഈ ധാര്‍മിക ശക്തി. എന്നാല്‍ നന്ദിഗ്രാം സംഭവവും അതിന് ശേഷം ബംഗാളിലെ സിപിഎം സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളും ഈ ധാര്‍മിക ശക്തികളെ വലിയ തോതില്‍ ചോര്‍ത്തിക്കളഞ്ഞിരുന്നു. ഭരണം നഷ്ടപ്പെട്ട ശേഷം ബംഗാളില്‍നിന്നും പുറത്തുന്ന വാര്‍ത്തകളും കേരളത്തിലെ ലാവ്‌ലിന്‍ കേസുമെല്ലാം അഴിമതി രഹിതരന്നെ പ്രതിച്ഛായയെയും ഇല്ലാതാക്കി. ആണവ കരാറിന്റെ പേരില്‍ യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത് വലിയ തിരിച്ചടികള്‍ക്ക് കാരണമായി. പ്രകാശ് കാരാട്ട് സെക്രട്ടറിയായ അവസാന കാലഘട്ടങ്ങളില്‍ പാര്‍ട്ടി വലിയ തോതില്‍ ഒറ്റപ്പെടലിനെ നേരിടുകയായിരുന്നു. അവിടെ നിന്നും പാര്‍ട്ടിയെ പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലെത്തിക്കാന്‍ സീതാറാം യെച്ചൂരിക്ക് കഴിഞ്ഞിരുന്നു.

സീതാറാം യെച്ചൂരി മൂന്ന് ടേം പൂര്‍ത്തിയാക്കുമ്പോള്‍ അടുത്ത സെക്രട്ടറിയായി എം.എ. ബേബി വന്നേക്കും എന്നായിരുന്നു പൊതുവെയുള്ള വിശ്വാസം. ഇപ്പോഴത്തെ പൊളിറ്റ് ബ്യൂറോ അംഗങ്ങളില്‍ ഏറ്റവും കൂടുതല്‍ കാലം ദേശീയ തലത്തില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ളയാളാണ് ബേബി. എസ്എഫ്‌ഐ പ്രസിഡന്റ് ആയ കാലം മുതല്‍ രാജ്യസഭാംഗമായപ്പോഴും പിന്നീട് പിബിയില്‍ അംഗത്വം നേടിയപ്പോഴുമെല്ലാം ഡല്‍ഹി കേന്ദ്രമാക്കിയാണ് ബേബി പ്രവര്‍ത്തിച്ചത്. സീതാറാം യെച്ചൂരി ജീവിച്ചിരുന്നുവെങ്കില്‍ ബേബിയിലേക്കുള്ള സ്ഥാനമാറ്റം സുഗമമായിരുന്നേനെ. കേരളത്തിലെ ഇപ്പോഴത്തെ പ്രബലമായ ശക്തികള്‍ക്ക് അഭിമതനായ വ്യക്തിയല്ല ബേബി എന്നത് പരസ്യമായ വസ്തുതയാണ്. ബേബി സെക്രട്ടറിയായാല്‍ കേരളത്തില്‍ സിപിഎം രാഷ്ട്രീയത്തില്‍ വലിയ ഇടപെടലുകള്‍ നടത്താന്‍ അദ്ദേഹത്തിന് കഴിയും.

സിപിഎമ്മില്‍ ഇനി ആര്?
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

പിണറായി വിജയന് ശേഷമുള്ള കേരളത്തിലെ സിപിഎമ്മിന്റെ നേതൃത്വത്തെ തീരുമാനിക്കേണ്ട ഘട്ടത്തില്‍ ബേബി സെക്രട്ടറി സ്ഥാനത്ത് എത്തുന്നത് അപകടകരമാണെന്ന് പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്ക് അറിയാം. ബേബി സെക്രട്ടറിയാകുന്നത് തടയാന്‍ അവര്‍ ശ്രമിക്കുമെന്നത് ഉറപ്പാണ്. 2015ല്‍ വിശാഖപട്ടണത്ത് നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ സീതാറാം യെച്ചൂരി സെക്രട്ടറിയാകുന്നത് തടയാന്‍ അന്നത്തെ കേരള ഘടകം ഏതാണ്ടൊറ്റക്കെട്ടായി ശ്രമിച്ചതാണ്. യെച്ചൂരിക്ക് വിഎസ് അച്യുതാനന്ദനുമായുള്ള അടുപ്പമായിരുന്നു അതിന് കാരണം. എസ്. രാമചന്ദ്രന്‍ പിള്ളയെ സെക്രട്ടറിയാക്കണം എന്നായിരുന്നു അവരുടെ ആഗ്രഹം. ഒരുഘട്ടത്തില്‍ സെക്രട്ടറി സ്ഥാനത്തേക്ക് താന്‍ മത്സരത്തിന് തയ്യാറാണെന്ന് യെച്ചൂരിക്ക് പരസ്യമാക്കേണ്ടിവന്നു. കേരളമൊഴികെയുള്ള സംസ്ഥാനങ്ങള്‍ ഏതാണ്ട് ഒരുമിച്ചു നിന്നാണ് കേരളത്തിന്റെ നീക്കങ്ങളെ പരാജയപ്പെടുത്തിയത്. ബേബിയെ സെക്രട്ടറിയാക്കാതിരിക്കാന്‍ ഒരു നീക്കം കേരളത്തില്‍ നിന്നുണ്ടാകുമോ ഉണ്ടായാല്‍ തന്നെ കേരളഘടകം അന്നത്തെ പോലെ ഒറ്റക്കെട്ടായി നില്‍ക്കുമോ എന്നതാണ് അറിയേണ്ടത്. പിണറായി വിജയന്റെ നേതൃത്വത്തെ ചോദ്യം ചെയ്യാന്‍ കേരളത്തില്‍നിന്ന് ആരെങ്കിലും ഈ സന്ദര്‍ഭം ഉപയോഗിക്കുമോ എന്നതും കാത്തിരുന്ന് കാണേണ്ട കാര്യമാണ്.

സിപിഎമ്മില്‍ ഇനി ആര്?
യെച്ചൂരിയുടെ വിയോഗം ഇന്ത്യയിലെ മതനിരപേക്ഷ ജനാധിപത്യ മുന്നേറ്റങ്ങള്‍ക്കാകെ കനത്ത നഷ്ടം; പിണറായി വിജയന്‍

ബേബിയല്ലെങ്കില്‍ പരിഗണിക്കാവുന്ന പേര് ബൃന്ദാ കാരാട്ടിന്റേതാണ്. ഭാഷാ സ്വാധീനവും സ്മാര്‍ട്ട് ആയി പ്രവര്‍ത്തിക്കാനുള്ള കഴിവും ആക്ടിവിസ്റ്റ് എന്ന പരിവേഷവും ബൃന്ദയുടെ ശക്തിയാണ്. പക്ഷെ, സിപിഎം പാര്‍ട്ടി ഭാരവാഹിത്വത്തിന് പ്രഖ്യാപിച്ചിട്ടുള്ള പ്രായപരിധിയായ 75 എന്നത് ബൃന്ദയുടെ സാധ്യതകളെ ഇല്ലാതാക്കുന്നു. അവര്‍ക്ക് ഇപ്പോള്‍ തന്നെ 76 വയസ്സ് ആയിരിക്കുന്നു. പക്ഷെ ഒരു ഇടക്കാല സെക്രട്ടറിയോ, അടുത്ത പാര്‍ട്ടി കോണ്‍ഗ്രസുവരെ കണ്‍വീനര്‍ സ്ഥാനമോ ഏറ്റെടുക്കാന്‍ ഈ മാനദണ്ഡം തടസ്സമാകില്ല എന്ന് വാദിക്കാന്‍ കഴിയും. അങ്ങനെ സംഭവിച്ചാല്‍ ലോകത്ത് തന്നെ ആദ്യമായി ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പരമോന്നത പദവിയിലെത്തുന്ന ആദ്യ സ്ത്രീയാകും. ബൃന്ദയുടെ പ്രായ പരിധിയാണ് സിപിഎം നേരിടുന്ന പ്രധാന വെല്ലുവിളി.

മുതിര്‍ന്ന പൊളിറ്റ് ബ്യൂറോ അംഗങ്ങളില്‍ എം എ ബേബി ഒഴിച്ചുള്ളവരെല്ലാം 75 വയസ്സ് പിന്നിട്ടിരിക്കുന്നു. ബാക്കിയുള്ളവരെല്ലാം താരതമ്യേന ജൂനിയര്‍ ആണ്. പിന്നെ പരിഗണിക്കാവുന്ന ഒരാള്‍ ബംഗാളില്‍നിന്നുള്ള മുഹമ്മദ് സലീം ആണ്. ബംഗാളിലെ പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥ വച്ച് അവിടെനിന്നുള്ള ഒരാളെ സെക്രട്ടറിയാക്കുന്നതിനെ മറ്റ് സംസ്ഥാന ഘടകങ്ങള്‍ അംഗീകരിക്കാന്‍ സാധ്യതയില്ല. പക്ഷെ, ഇടക്കാല സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നത് കേന്ദ്ര കമ്മിറ്റിയായിരിക്കും എന്നുള്ളതുകൊണ്ട് അവരുടെ നിലപാടിന് എത്രമേല്‍ സ്വാധീനം ഉണ്ടാകും എന്ന് പറയാന്‍ കഴിയില്ല.

എന്തായാലും സീതാറം യെച്ചൂരിയുടെ വിടവാങ്ങല്‍ അസ്തിത്വപരമായ പ്രതിസന്ധിയിലേക്കാണ് സിപിഎമ്മിനെ എത്തിച്ചിരിക്കുന്നത്. അദ്ദേഹത്തിന് പകരം ആര് സെക്രട്ടറിയായാലും പ്രതിപക്ഷ രാഷ്ട്രീയത്തില്‍ സിപിഎമ്മിന് പഴയ പ്രാധാന്യം ഉണ്ടാകില്ല.

Related Stories

No stories found.
logo
The Cue
www.thecue.in