രാഹുല്‍ ഗാന്ധി പ്രതിപക്ഷനേതാവാകുമ്പോള്‍

രാഹുല്‍ ഗാന്ധി പ്രതിപക്ഷനേതാവാകുമ്പോള്‍
Published on
Summary

പ്രതിപക്ഷനേതാവ് എന്ന നിലയിലുള്ള പ്രകടനമാവും രാഹുല്‍ ഗാന്ധി എന്ന നേതാവിന്റെ ഭാവി നിര്‍ണ്ണയിക്കുക. ആ വെല്ലുവിളിക്കൊത്തുയരാനുള്ള ക്ഷമയും പക്വതയും വിനയവും രാഹുല്‍ ഇതിനോടകം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റൈ ആ ഗുണങ്ങളാണ് ഇന്ത്യയുടെ ഭാവിയെ പ്രത്യാശാപൂര്‍ണ്ണമാക്കുന്നത്.

നിസാം സെയ്ദ് എഴുതുന്നു

പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷനേതാവ് എന്ന പദവി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. പതിനെട്ടാം ലോക്‌സഭയുടെ പ്രതിപക്ഷനേതാവായി രാഹുല്‍ ഗാന്ധി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. പതിനാറാം ലോക്‌സഭയിലും പതിനേഴാം ലോക്‌സഭയിലും ഔദ്യോഗികമായി പ്രതിപക്ഷനേതാവുണ്ടായിരുന്നില്ല. ഒരു പാര്‍ട്ടിയായി അംഗീകരിക്കാന്‍ സഭയുടെ മൊത്തം അംഗസംഖ്യയുടെ പത്തു ശതമാനം അംഗങ്ങളെങ്കിലും ഉണ്ടായിരിക്കണം എന്ന 1950 മുതലുള്ള കീഴ്വഴക്കം അനുസരിച്ചാണ് അത്രയും അംഗസംഖ്യയുള്ള ഒരു പാര്‍ട്ടിയും ഈ സഭകളില്‍ ഇല്ലാതിരുന്നതു മൂലം ഔദ്യോഗികമായി പ്രതിപക്ഷ നേതൃസ്ഥാനം ഇല്ലാതിരുന്നത്. അതില്‍ താഴെ അംഗസംഖ്യയുള്ളവരെ പാര്‍ട്ടികളായല്ല, ഗ്രൂപ്പുകളായാണ് പരിഗണിക്കുക എന്നതായിരുന്നു കീഴ്വഴക്കം. അങ്ങനെ ഇന്ത്യന്‍ ലോക്‌സഭയില്‍ ആദ്യമായി ഔദ്യോഗികമായ പ്രതിപക്ഷനേതാവ് ഉണ്ടാകുന്നത് 1969ല്‍ കോണ്‍ഗ്രസ് പിളര്‍പ്പിനെ തുടര്‍ന്നാണ്. അന്ന് കോണ്‍ഗ്രസ് (ഒ)യുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായിരുന്ന റാം സുഭഗ് സിങ് പ്രതിപക്ഷനേതാവായി. ആ പദവിക്ക് കാബിനറ്റ് റാങ്ക് ലഭിക്കുന്നത് 1977ല്‍ ജനതാ പാര്‍ട്ടിയുടെ ഭരണകാലത്താണ്. അന്ന് വൈ.ബി.ചവാനും പിന്നീട് സി.എം.സ്റ്റീഫനും ഔദ്യോഗികമായി പ്രതിപക്ഷ നേതൃസ്ഥാനം വഹിച്ചു.

രാഹുല്‍ ഗാന്ധി പ്രതിപക്ഷനേതാവാകുമ്പോള്‍
നടന്ന് തെളിയുന്ന രാഹുല്‍ ഗാന്ധി
രാഹുല്‍ ഗാന്ധി പ്രതിപക്ഷനേതാവാകുമ്പോള്‍
രാഹുല്‍ ഗാന്ധിയിലെ ആരും പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍

1985ല്‍ കൂറുമാറ്റ നിരോധന നിയമം പ്രാബല്യത്തില്‍ വന്നതോടെ പാര്‍ട്ടിയായി പരിഗണിക്കാന്‍ സഭയുടെ അംഗസംഖ്യയുടെ പത്തു ശതമാനം ശക്തി വേണമെന്ന കീഴ് വഴക്കം അപ്രസസക്തമായി. അതിനു ശേഷം എല്ലാ അംഗീകൃത രാഷ്ട്രീയ കക്ഷികളെയും രാഷ്ട്രീയ പാര്‍ട്ടികളായാണ് കണക്കാക്കുന്നത്. അതുസരിച്ച് പ്രതിപക്ഷത്തെ ഏറ്റവും അംഗസംഖ്യയുള്ള കക്ഷിയുടെ നേതാവിനെ പ്രതിപക്ഷനേതാവായി അംഗീകരിക്കേണ്ടതായിരുന്നെങ്കിലും 2014ലും 2019ലും അതുണ്ടായില്ല. ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 99 സീറ്റുകള്‍ നേടിയതോടെ പ്രതിപക്ഷ നേതൃസ്ഥാനം കോണ്‍ഗ്രസിന് നിഷേധിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായി.

പ്രതിപക്ഷ നേതൃസ്ഥാനം എന്നത് പാര്‍ലമെന്റില്‍ സ്പീക്കറും പ്രധാനമന്ത്രിയും കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനമാണ്. ഇന്ത്യ പിന്തുടരുന്ന വെസ്റ്റ്മിനിസ്റ്റര്‍ മാതൃക പ്രകാരം പ്രതിപക്ഷനേതാവ് പ്രൈം മിനിസ്റ്റര്‍-ഇന്‍-വെയിറ്റിംഗോ ഷാഡോ പ്രധാനമന്ത്രിയോ ആണ്. സഭയ്ക്കുള്ളില്‍ പ്രതിപക്ഷനേതാവിന്റെ അവകാശങ്ങളെ സ്പീക്കര്‍ക്ക് പോലും നിഷേധിക്കാന്‍ കഴിയില്ല. അദ്ദേഹം ഉയര്‍ത്തുന്ന വിഷയങ്ങളെ അവഗണിക്കാന്‍ സര്‍ക്കാരുകള്‍ക്കും കഴിയില്ല. രാഹുല്‍ ഗാന്ധിയെ സംബന്ധിച്ചിടത്തോളം പ്രതിപക്ഷ നേതൃസ്ഥാനം ഒരു വലിയ അവസരവും അതിനേക്കാള്‍ വലിയ വെല്ലുവിളിയുമാണ്. സ്ഥാനമാനങ്ങള്‍ ഏറ്റെടുക്കാന്‍ വിമുഖതയുള്ള, ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന ആളാണ് എന്ന വിമര്‍ശനമാണ് സ്വന്തം പാര്‍ട്ടിയില്‍ നിന്നും എതിര്‍ പാര്‍ട്ടിക്കാരില്‍ നിന്നും അദ്ദേഹം നേരിടേണ്ടി വന്നിട്ടുള്ളത്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് മന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ പലവട്ടം നിര്‍ബന്ധിക്കപ്പെട്ടിട്ടും അദ്ദേഹം വിസമ്മതിച്ചു. 2019ലെ തെരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച അദ്ദേഹം വീണ്ടും ആ പദവി ഏറ്റെടുക്കാനുള്ള എല്ലാ സമ്മര്‍ദ്ദങ്ങളെയും നിരസിച്ചു. ഉത്തരവാദിത്തങ്ങളില്ലാത്ത അധികാരമാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്ന് നിരീക്ഷകര്‍ വിമര്‍ശിച്ചു.

ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ പരിവര്‍ത്തനത്തിന്റെയും ഉയിര്‍ത്തെഴുന്നേല്‍പ്പുകളുടെയും അധ്യായമാണ് രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതം. ലോകചരിത്രത്തില്‍ തന്നെ ഇത്രയേറെ അപഹസിക്കപ്പെട്ട മറ്റൊരു രാഷ്ട്രീയ നേതാവുണ്ടാകാനിടയില്ല. അദ്ദേഹത്തെ 'പപ്പു'വായി ചിത്രീകരിക്കാനായി ശതകോടികളാണ് ബിജെപി ചെലവഴിച്ചത്. ലക്ഷക്കണക്കിന് വാട്‌സാപ്പ് സന്ദേശങ്ങളിലൂടെ, ട്വീറ്റുകളിലൂടെ, ഫേസ്ബുക്ക് പേജുകളിലൂടെ, പോസ്റ്റുകളിലൂടെ, കമന്റുകളിലൂടെ അവരുടെ ഐടി സെല്‍ അത് ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. ഈ വ്യാജ പ്രചാരണത്തിന്റെ പ്രളയത്തില്‍ രാഹുലിന് വലിയൊരു വിഭാഗം ജനങ്ങളുടെ ഇടയില്‍ പപ്പു എന്ന പ്രതിച്ഛായ സൃഷ്ടിക്കാന്‍ ബിജെപിയുടെ അധികാരത്തിനും വിഭവശേഷിക്കും കഴിഞ്ഞു. സാധാരണക്കാരനായ ഏതു മനുഷ്യനും തകര്‍ന്നു പോകാമായിരുന്ന അധിക്ഷേപ വര്‍ഷമാണ് ബിജെപി സംഘടിതമായി രാഹുല്‍ ഗാന്ധിക്കു മേല്‍ നടത്തിയത്. പക്ഷേ, അദ്ദേഹം തകര്‍ന്നു പോയില്ല. സ്ഥിരതയോടെ, ക്ഷമയോടെ, വിദ്വേഷത്തിന്റെ കാലുഷ്യമേല്‍ക്കാതെ അദ്ദേഹം വെറുപ്പിന്റെ രാഷ്ട്രീയത്തെ ചെറുത്തുകൊണ്ടേയിരുന്നു. നരേന്ദ്രമോദി പ്രതിനിധാനം ചെയ്യുന്ന വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെയും ചങ്ങാത്ത മുതലാളിത്തത്തെയും വിമര്‍ശിക്കുമ്പോഴും അത് നരേന്ദ്രമോദി എന്ന വ്യക്തിക്കെതിരെയുള്ള ആക്രമണമാകാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി പരാജയപ്പെട്ട കോണ്‍ഗ്രസിന്റെ ചരമഗീതം പലരും എഴുതിയെങ്കിലും രാഹുല്‍ നിരാശനായില്ല. രാഹുല്‍ ഗാന്ധി താല്‍ക്കാലികമായെങ്കിലും രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കണമെന്ന് പ്രശാന്ത് കിഷോറിനെപ്പോലെയുള്ള തെരഞ്ഞെടുപ്പ് പണ്ഡിതന്‍മാരുടെ പുച്ഛം നിറഞ്ഞ ഉപദേശങ്ങള്‍ക്കും അദ്ദേഹത്തെ തളര്‍ത്താനായില്ല. കോണ്‍ഗ്രസ് നേരിടുന്ന എല്ലാ തിരിച്ചടികളുടെയും ഏക ഉത്തരവാദിയായി രാഹുല്‍ ഗാന്ധി ചിത്രീകരിക്കപ്പെട്ടു.

വാസ്തവത്തില്‍ കോണ്‍ഗ്രസിന്റെ പതനത്തിന് രാഹുല്‍ ഗാന്ധി ഉത്തരവാദിയായിരുന്നില്ല. 2014ല്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തേക്ക് എത്തുമ്പോള്‍ കോണ്‍ഗ്രസ് അതിന്റെ ഏറ്റവും ദുര്‍ബലാവസ്ഥയിലായിരുന്നു. അഴിമതി നിറഞ്ഞ പാര്‍ട്ടിയെന്ന പ്രതിച്ഛായയും തകര്‍ന്നു തരിപ്പണമായ സംഘടനാ സംവിധാനവുമാണ് രാഹുലിന് കൈമാറ്റം ചെയ്തു കിട്ടിയത്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ പാപഭാരങ്ങള്‍ ചുമക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായിത്തീരുകയായിരുന്നു. അതോടൊപ്പം നരേന്ദ്രമോദിയെ 'വികാസ് പുരുഷ്' എന്ന നിലയില്‍ ഉയര്‍ത്തിക്കാട്ടിയുള്ള ശതകോടികള്‍ വലിച്ചെറിഞ്ഞുള്ള പ്രചാരണക്കൊടുങ്കാറ്റില്‍ പിടിച്ചുനില്‍ക്കാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല. കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതോടെ ബിജെപി സമ്പത്തും അധികാരവും സംവിധാനങ്ങളും കൈപ്പിടിയിലുള്ള, നൈതികത തൊട്ടുതീണ്ടിയിട്ടില്ലാത്ത, തെരഞ്ഞെടുപ്പുകള്‍ വിജയിക്കാന്‍ എന്തു മാര്‍ഗ്ഗവും ഉപയോഗിക്കുന്ന 24X7 പ്രവര്‍ത്തിക്കുന്ന ഒരു ഭീകര തെരഞ്ഞെടുപ്പ് യന്ത്രമായി മാറി. എന്തെങ്കിലും കാരണവശാല്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ എല്ലാ കുതന്ത്രങ്ങളും ഉപയോഗിച്ച് ആ സര്‍ക്കാരുകളെ അട്ടിമറിച്ചു. മോദിയുടെയും അമിത് ഷായുടെയും എല്ലാ അധാര്‍മികതകളും 'ചാണക്യ തന്ത്രങ്ങളായി' വിശേഷിപ്പിക്കുന്ന, അടിമത്ത മനോഭാവം പുലര്‍ത്തിയ മുഖ്യധാരാ മാധ്യമങ്ങളും കൂടിയായപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പൊതുമണ്ഡലത്തില്‍ പ്രതിപക്ഷത്തിന്റെ ഇടം ഏതാണ്ട് അപ്രത്യക്ഷമാകുന്ന അവസ്ഥയിലെത്തി. ഈ ഘട്ടത്തിലാണ് രാഹുല്‍ ഗാന്ധി ഇന്ത്യയുടെ ചരിത്രത്തില്‍ സമാനതകളില്ലാത്ത രണ്ട് യാത്രകള്‍ നടത്തിയത്. ആ യാത്രകളിലൂടെ ഇന്ത്യയിലെ സാധാരണക്കാരുടെ ഹൃദയത്തിലേക്കാണ് അദ്ദേഹം നടന്നു കയറിയത്.

2024ലെ തെരഞ്ഞെടുപ്പില്‍ അന്യാദൃശമായ നേതൃപാടവമാണ് രാഹുല്‍ ഗാന്ധി പ്രകടിപ്പിച്ചത്. ഇന്ത്യാ മുന്നണിയെ സജീവമാക്കുന്നതില്‍ അദ്ദേഹം കനപ്പെട്ട സംഭാവനകള്‍ നല്‍കി. ഘടകകക്ഷികളോട് സീറ്റ് വിതരണത്തില്‍ ഉദാരമായ സമീപനം സ്വീകരിക്കുന്നതില്‍ നിര്‍ണ്ണായകമായ ഇടപെടലുകള്‍ നടത്തി. അവയുടെ നേതാക്കളുമായി ജൈവികവും ഊഷ്മളവുമായ ബന്ധം സൃഷ്ടിക്കാനും ആ ഊര്‍ജ്ജം പ്രചാരണ രംഗത്ത് ഫലപ്രദമായി ഉപയോഗിക്കാനും രാഹുലിന് കഴിഞ്ഞു. ശ്രദ്ധേയമായ പ്രഖ്യാപനങ്ങള്‍ നിറഞ്ഞ ഒരു മാനിഫെസ്റ്റോ പുറത്തിറക്കാനും അതിനെ മുന്‍നിര്‍ത്തി പ്രചാരണത്തിന് നേതൃത്വം നല്‍കാനും സാധിച്ചു. വര്‍ഗ്ഗീയ ധ്രുവീകരണം ലക്ഷ്യമാക്കി നരേന്ദ്രമോദി ഉയര്‍ത്തിയ വിഷയങ്ങളെ പിന്‍പറ്റി, അദ്ദേഹം ഉയര്‍ത്തിയ കെണികളില്‍ വീഴാതെ ജനങ്ങളുടെ ദൈനംദിന ജീവിത പ്രശ്‌നങ്ങളിലേക്ക് പ്രചാരണ വിഷയങ്ങളെ പിടിച്ചു നിര്‍ത്താനും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിന് കഴിഞ്ഞു.

ഈ നേതൃപാടവത്തിന്റെ ഫലങ്ങളാണ് കോണ്‍ഗ്രസിന് ഈ തെരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റത്തിന് കാരണമായത്. പ്രതിപക്ഷ നേതൃത്വ സ്ഥാനം ഏറ്റെടുക്കുന്നതിലൂടെ രാഹുല്‍ ഗാന്ധി, നരേന്ദ്രമോദിയുടെ ബദലായി ആധികാരികതയോടെ, ഔദ്യോഗികമായി പ്രതിഷ്ഠിക്കപ്പെടുകയാണ്. നരേന്ദ്ര മോദിക്ക് പകരം വെയ്ക്കാന്‍ പ്രതിപക്ഷത്ത് ആളില്ല എന്ന പ്രചാരണത്തിന്റെ മുനയൊടിക്കാന്‍ ഈ നീക്കത്തിന് കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ തന്നെ ജനപ്രീതിയില്‍ രാഹുല്‍ ഗാന്ധി പല സംസ്ഥാനങ്ങളിലും നരേന്ദ്രമോദിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള ഏജന്‍സിയായ സിഎസ്ഡിഎസ് തെരഞ്ഞെടുപ്പിന് ശേഷം നടത്തിയ സര്‍വേയില്‍ ഉത്തര്‍പ്രദേശില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള പിന്തുണയില്‍ രാഹുല്‍ ഗാന്ധിയെ 36 ശതമാനം പേര്‍ അനുകൂലിച്ചപ്പോള്‍ മോദിയെ 32 ശതമാനം പേര്‍ മാത്രമേ അനുകൂലിച്ചുള്ളു. എതിരളികളില്ലാത്ത നേതാവ് എന്ന മോദിയുടെ പ്രഭാവത്തെ തകര്‍ക്കാന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാഹുല്‍ ഗാന്ധിയെ പ്രാപ്തനാക്കും.

പാര്‍ലമെന്റിന് പുറത്ത് നരേന്ദ്രമോദി സര്‍ക്കാരിന് എതിരെയുള്ള പോരാട്ടത്തിന്റെ മുഖമായി മാറാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞിരുന്നു. ആ പ്രകടനം പാര്‍ലമെന്റിനുള്ളിലേക്ക് പടര്‍ത്തുകയെന്നതാണ് രാഹുല്‍ ഗാന്ധി നേരിടുന്ന ആദ്യത്തെ വെല്ലുവിളി. ഭരണപക്ഷത്തോട് അടുത്തു നില്‍ക്കുന്ന അംഗസംഖ്യയാണ് ലോക്‌സഭയില്‍ പ്രതിപക്ഷത്തിനുള്ളത്. പ്രതിപക്ഷത്തെ എല്ലാ കക്ഷികളെയും വിശ്വാസത്തിലെടുത്ത് സമന്വയത്തോടെ മുന്‍പോട്ട് നയിക്കുകയെന്നതാണ് രാഹുലിന്റെ ചുമതല. തെരഞ്ഞെടുപ്പു കാലത്ത് പ്രദര്‍ശിപ്പിച്ച, എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള കഴിവ് ഉദാരമായി തുടര്‍ന്നാല്‍ മാത്രമേ അദ്ദേഹത്തിന് വിജയിക്കാന്‍ കഴിയൂ.

രാഹുല്‍ ഗാന്ധിക്കും ഇന്ത്യാ മുന്നണിക്കും നേരിടാനുള്ളത് ഈ തെരഞ്ഞെടുപ്പിന്റെ സന്ദേശത്തെ ഒരു വിധത്തിലും ഉള്‍ക്കൊള്ളാനോ അതനുസരിച്ച് പ്രവര്‍ത്തിക്കാനോ തയ്യാറല്ലെന്ന് വിളിച്ചുപറയുന്ന നരേന്ദ്രമോദിയെയും ബിജെപിയെയുമാണ് സമഗ്രാധിപത്യ പ്രവണതകള്‍ക്കും, വിരുദ്ധ ശബ്ദങ്ങളെ അവഗണിക്കുന്ന പ്രവര്‍ത്തനശൈലിക്കും എതിരെയുള്ള ഒരു വിധിയെഴുത്തായിരുന്നു ഉണ്ടായതെന്ന് അംഗീകരിക്കാന്‍ വിമുഖത കാണിക്കുന്ന നരേന്ദ്രമോദിയെയാണ് രാഹുലിന് നേരിടാനുള്ളത്. തനിക്ക് മൃഗീയമായ ആധിപത്യം ഉണ്ടായിരുന്ന കഴിഞ്ഞ രണ്ട് ടേമുകളുടെ തുടര്‍ച്ചയാണ് ഈ മന്ത്രിസഭയും എന്ന സന്ദേശം നല്‍കാനാണ് മോദി ശ്രമിക്കുന്നത്. മുന്‍ മന്ത്രിസഭയിലെ പ്രധാനപ്പെട്ട മന്ത്രിമാരെയെല്ലാം അതേ വകുപ്പോടുകൂടി നിലനിര്‍ത്തി ഒന്നും മാറിയിട്ടില്ല എന്ന് വരുത്തുകയാണ് മോദി. ഒരു നീതിബോധവുമില്ലാതെ 145 പ്രതിപക്ഷ മെമ്പര്‍മാരെ കഴിഞ്ഞ സഭയില്‍ നിന്ന് പുറത്താക്കിയ ഓം ബിര്‍ളയെത്തന്നെ വീണ്ടും സ്പീക്കറാക്കി പ്രതിപക്ഷത്തോടുള്ള സമീപനം എന്തായിരിക്കുമെന്ന് മോദി വ്യക്തമാക്കുന്നുണ്ട്. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷത്തിന് നല്‍കുന്നതിനുള്ള വൈമുഖ്യവും ഇതേ സമീപനത്തിന്റെ ഭാഗമാണ്.

പക്ഷേ സഭയ്ക്കുള്ളില്‍ യാഥാര്‍ത്ഥ്യങ്ങളെ അംഗീകരിക്കാതെ സര്‍ക്കാരിന് മുന്നോട്ടു പോകാന്‍ കഴിയില്ല. 'ഏത് രാഹുല്‍' എന്ന് ചോദിച്ച മോദിക്ക് പ്രതിപക്ഷനേതാവായ രാഹുലിനൊപ്പം സ്പീക്കറെ അനുഗമിക്കേണ്ടി വരുമ്പോള്‍ നേരിടുന്ന അസ്വസ്ഥത പ്രകടമായിരുന്നു. ശക്തമായ പ്രതിപക്ഷത്തെ നേരിടുമ്പോള്‍ സ്വന്തമായി ഭൂരിപക്ഷമില്ലാത്ത പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ അത്തരം ഒട്ടേറെ അസ്വസ്ഥമായ സന്ദര്‍ഭങ്ങള്‍ മോദിക്ക് ഇനിയും നേരിടേണ്ടി വരും.

പ്രതിപക്ഷനേതാവ് എന്ന നിലയിലുള്ള പ്രകടനമാവും രാഹുല്‍ ഗാന്ധി എന്ന നേതാവിന്റെ ഭാവി നിര്‍ണ്ണയിക്കുക. ആ വെല്ലുവിളിക്കൊത്തുയരാനുള്ള ക്ഷമയും പക്വതയും വിനയവും രാഹുല്‍ ഇതിനോടകം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റൈ ആ ഗുണങ്ങളാണ് ഇന്ത്യയുടെ ഭാവിയെ പ്രത്യാശാപൂര്‍ണ്ണമാക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in