തെളിവുകള്‍ക്കൊന്നും യാതൊരു പ്രസക്തിയുമില്ല. ഈ വിധി നേരത്തെ തന്നെ എഴുതിവെച്ചതാണ്

തെളിവുകള്‍ക്കൊന്നും യാതൊരു പ്രസക്തിയുമില്ല. ഈ വിധി നേരത്തെ തന്നെ എഴുതിവെച്ചതാണ്
Published on

കഴിഞ്ഞ ആറു വര്‍ഷമായി നമ്മുടെ ജനാധിപത്യത്തിന്റെ നെടുംതൂണുകള്‍ ഒന്നൊന്നായി തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ആ തകര്‍ച്ചയുടെ ഏറ്റവും ബീഭത്സവും ഞെട്ടിപ്പിക്കുന്നതുമായ ഒന്നാണ് ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ അദ്വാനിയടക്കം സംഘപരിവാര്‍ നേതാക്കളെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ട ലക്‌നൗവിലെ പ്രത്യേക സി.ബി.ഐ കോടതി വിധി. ഈ കേസില്‍ ഞാന്‍ മൊഴിനല്‍കിയ സാക്ഷിയാണ്. ഫ്രണ്ട്‌ലൈനില്‍ ഞാനെഴുതിയ ലേഖനം കോടതിയില്‍ തെളിവായി നല്‍കപ്പെട്ടിട്ടുണ്ട്. 1992 ഡിസംബര്‍ 19ന് പ്രസിദ്ധീകരിച്ച ഫ്രണ്ട്‌ലൈനിലെ ലേഖനമാണത്. 1992 ഡിസംബര്‍ 5നും ആറിനും അയോധ്യയില്‍ ഉണ്ടായ ഓരോ സംഭവങ്ങളുടെയും ടൈംലൈന്‍ അതില്‍ നല്‍കിയിരുന്നു. അതിനെക്കുറിച്ച് അന്വേഷകസംഘം എന്നില്‍ നിന്ന് മൊഴി എടുത്തിരുന്നു. എങ്ങനെയാണ് ഇത്ര കൃത്യമായി ഇക്കാര്യങ്ങള്‍ താങ്കള്‍ അറിഞ്ഞത് എന്ന് അവര്‍ അന്വേഷിച്ചിരുന്നു. ഈ ദിവസങ്ങളില്‍ ഞാന്‍ അയോധ്യയില്‍ കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ക്കുന്നതിന് കോപ്പ് കൂട്ടുന്നതിന്റെ ഓരോ ദൃശ്യത്തിനും സാക്ഷിയായിരുന്നു. അത് തകര്‍ക്കുന്നതിന് നടത്തിയ ഗൂഢാലോചനയുടെ ഓരോ സ്റ്റെപ്പും ടൈംലൈനില്‍ അന്ന് എഴുതി. കൃത്യമായ പ്ലാനിങ്ങോടെയാണ് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത്. അതല്ലാതെ കുറേ പേര്‍ക്ക് തോന്നിയ വെറും വികാരത്തിന്റെ പ്രതിഫലനമായിരുന്നില്ല. എന്നാല്‍ ഈ തെളിവുകളൊന്നുമായിരുന്നില്ല കോടതിക്ക് വേണ്ടിയിരുന്നത്. സംഭവസ്ഥലത്ത് എത്തിയ എല്‍.കെ അദ്വാനി രണ്ട് മണിയായപ്പോള്‍ ഒരു അനൗണ്‍സ്‌മെന്റ് നടത്തി. ''മസ്ജിദിന്റെ മുകളില്‍ കയറിയവര്‍ എല്ലാവരും ഉടന്‍ താഴെ ഇറങ്ങണം. ബോംബെയില്‍ നിന്ന് പള്ളി പൊളിക്കാന്‍ ഒരു പ്രത്യേക സംഘം എത്തിയിട്ടുണ്ട്. അവര്‍ അവരുടെ സംവിധാനങ്ങളുമായി താഴെയുണ്ട്. നിങ്ങള്‍ ആരെങ്കിലും മുകളിലുണ്ടെങ്കില്‍ അത് അപകടമായേക്കാം.'' ആ കെട്ടിടം ബോംബ് വെച്ച് തകര്‍ക്കാന്‍ ആവശ്യമായ എല്ലാ സന്നാഹവുമായി ഒരു സംഘത്തെ പ്രത്യേകം സജ്ജമാക്കി സംഘപരിവാര്‍ അവിടെ എത്തിച്ചതിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു അദ്വാനിയുടെ അറിയിപ്പ്. ഇത്രയും വലിയ കെട്ടിടം കൈക്കോട്ടും പിക്കാസും ഇരുമ്പ് ദണ്ഡും കൊണ്ട് തകര്‍ക്കാന്‍ കഴിയില്ലെന്ന സത്യം അവര്‍ക്ക് അറിയാമായിരുന്നു. ആ കെട്ടിടം തകര്‍ക്കുന്നതിന്റെ ഉത്തരവാദിത്വം മുഴുവന്‍ ഏല്‍പ്പിച്ചിരുന്നത് സമ്പത്ത് റായ് എന്ന ഒരാളെയായിരുന്നു. ഇപ്പോള്‍ രാമക്ഷേത്രം പണിയുന്നതിന് വേണ്ടി എല്ലാ ഉത്തരവാദിത്വവും ഏല്‍പ്പിച്ചിരിക്കുന്നതും ഇദ്ദേഹത്തെ തന്നെയാണ്.

1992 ഡിസംബര്‍ ആറിനും ഒന്നര വര്‍ഷം മുമ്പ് തന്നെ സമ്പത്ത് റായ് ഒരു സംഘം സ്‌ഫോടക വിദഗ്ധരെയും ഒരു സംഘം എഞ്ചിനീയര്‍മാരെയും പള്ളിക്കകത്ത് കയറ്റി അതിന്റെ മുക്കും മൂലയും കൃത്യമായി പഠിച്ചിരുന്നു. ഏതാണ് വള്‍നറബ്ള്‍ സ്‌പോട്ട് എന്ന് അവര്‍ മനസ്സിലാക്കി. തകര്‍ക്കാന്‍ എത്ര ശക്തിയേറിയ ബോംബ് വെയ്ക്കണമെന്നും എങ്ങനെ അത് തകര്‍ക്കാന്‍ കഴിയുമെന്നുമൊക്കെ ശാസ്ത്രീയമായി പഠിച്ചുറപ്പിച്ചു അന്നവര്‍. എത്രയാളുകള്‍ ഒരുമിച്ചു ചേര്‍ന്നാല്‍ ഏതൊക്കെ ഭാഗം എങ്ങനെയൊക്കെ പൊളിക്കാം എന്നതടക്കം മുഴുവന്‍ കാര്യങ്ങളും മനസ്സിലാക്കിയാണവര്‍ അയോധ്യയില്‍ നിന്ന് തിരിച്ചുപോയത്. ഇതൊക്കെ ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് എനിക്ക് മനസ്സിലാവുമെങ്കില്‍ ഇന്ത്യയിലെ ഏറ്റവും വലിയ കുറ്റാന്വേഷണ ഏജന്‍സിയായ സി.ബി.ഐക്ക് ഇതൊന്നും മനസ്സിലാക്കാനായില്ല എന്ന് കരുതാന്‍ വിഡ്ഢിയല്ല ഞാന്‍. ഇതിനെ പ്രത്യയശാസ്ത്രപരമായി വിലയിരുത്താനാണ് എനിക്ക് താല്‍പര്യം. ബി.ജെ.പി നിരന്തരമായി ജനാധിപത്യത്തിന്റെ നെടുംതൂണുകല്‍ തകര്‍ക്കുകയായിരുന്നു. ഈ അജണ്ട അവര്‍ക്ക് ആര്‍.എസ്.എസിന്റെ രൂപീകരണ കാലത്തിനും മുമ്പുതന്നെ ഉണ്ടായിരുന്നു. ആ ശ്രമം 2019ല്‍ അവര്‍ വീണ്ടും ഭരണത്തില്‍ വന്നതിനുശേഷവും തുടര്‍ന്നു. അതിന്റെ ഭാഗമായാണ് ജുഡീഷ്യറി എന്ന സംവിധാനത്തെ അതിഭീകരമായി അടിമുടി മാറ്റിമറിക്കുക എന്നത്. അതിന്റെ ഭാഗമായി ഉണ്ടായതാണ് 2019ലെ അയോധ്യാ ഭൂമിതകര്‍ക്ക വിധി. അത് കഴിഞ്ഞ് ഉണ്ടായതാണ് ഒരേസമയം അത്യന്തം പരിഹാസ്യവും ഭീതിജനകവുമായ ഈ വിധിയും. നാം കോടതിയില്‍ പോയാല്‍ കിട്ടാന്‍ പോന്ന 'നീതി' ഇതാണ്. ഒരു മെജോറിറ്റേറിയനിസത്തിലും ഹിന്ദുത്വയിലും അടിസ്ഥാനപ്പെടുത്തിയ ഒരു വിധിന്യായം മാത്രമേ സാധാരണക്കാരന് ഇനി ഇന്ത്യന്‍ ജുഡീഷ്യറിയില്‍ നിന്നും പ്രതീക്ഷിക്കാന്‍ കഴിയൂ. അതാണ് ലക്‌നൗവിലെ സി.ബി.ഐ കോടതി വിധി നമ്മെ പഠിപ്പിക്കുന്നത്.

ഒരു മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഭീതിജനകമായ മറ്റൊരു അവസ്ഥയും ചൂണ്ടിക്കാണിക്കാനുണ്ട്. ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ നാലാം തൂണാവുന്നത് പ്രതിപക്ഷത്തിന്റെ റോള്‍ വഹിക്കുന്ന സങ്കല്‍പനത്തിന്റെ കൂടി ഭാഗമായാണ്.

അധികാരത്തില്‍ ആരുമായിക്കോട്ടെ, നിരന്തരമായി അധികാരത്തെ ചോദ്യം ചെയ്യുകയാണ് മാധ്യമങ്ങളുടെ കടമയും ഉത്തരവാദിത്വവും. അപ്പോഴെ നാലാം തൂണായി നില്‍ക്കാനാവൂ. എന്നാല്‍ ഇതിന് കടകവിരുദ്ധമായ നിലപാടാണ് ഇന്ന് പല മാധ്യമങ്ങളും കൈക്കൊള്ളുന്നത്. ബാബരി മസ്ജിദ് പൊളിച്ചപ്പോള്‍ ഇന്ത്യാ ടുഡേയുടെ കവര്‍ സ്റ്റോറി അച്ചടിച്ചത് നേഷണല്‍ ഷെയിം എന്നാണ്. പക്ഷേ വര്‍ഷങ്ങള്‍ക്കിപ്പുറം ലക്‌നൗ കോടതി വിധി വന്നപ്പോള്‍ ഇന്ത്യാ ടുഡേയുടെ ലേഖകന്മാര്‍ അവിടെയുണ്ടായിരുന്നു. രാമജന്മഭൂമിന്യാസിന്റെ തലവന്മാരോട് മൈക്ക് വെച്ച് അവര്‍ അങ്ങോട്ടു പോയി ചോദിച്ചത്, ''ഈ വിധിയെ ഭഗവാന്‍ ശ്രീരാമന്റെ അനുഗ്രഹത്തിന്റെ ലക്ഷണമായിട്ടാണോ നിങ്ങള്‍ കാണുന്നത്'' എന്നാണ്.

നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങളുടെയെല്ലാം പതനം പരിശോധിച്ചാല്‍ അതിലെല്ലാം നിങ്ങള്‍ക്ക് ഒരു അയോധ്യാപര്‍വം കാണാന്‍ കഴിയും. കഴിഞ്ഞ മുപ്പത്തെട്ടു വര്‍ഷത്തെ മാധ്യമ ചരിത്രവും ജുഡീഷ്യറിയുടെ ചരിത്രവും പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. ഭരണഘടനാ സ്ഥാപനങ്ങളെ ഓരോന്നോരോന്നായി തകര്‍ക്കുകയെന്ന സംഘ് അജണ്ടയുടെ ഭാഗമാണ് മസ്ജിദ് തകര്‍ത്തവരെ വെറുതെ വിട്ട വിധിയും. ഭൂമി തര്‍ക്ക വിധിയുടെ അവസാന ഭാഗത്താണ് ഒരുപക്ഷേ പ്രശ്‌നങ്ങള്‍ കാണാനാവുക.

ഭൂമി തര്‍ക്ക വിധി പ്രസ്താവത്തിന്റെ വിധിയിലൂടെ കണ്ണോടിച്ചാല്‍ രണ്ട് കാര്യങ്ങളാണവര്‍ ചുണ്ടിക്കാണിക്കുന്നത്. 1949 ഡിസംബറില്‍ പള്ളിക്കകത്ത് കൊണ്ടുവെച്ചത് കുട്ടികളായ ശ്രീരാമന്റെയും ലക്ഷ്മണന്റെയും സീതയുടെയും ചിത്രങ്ങളാണ്- രാം ലല്ല, ലക്ഷ്മണന്‍ ലല്ല, സീതാ ലല്ല. ഞാനീ ചിത്രങ്ങള്‍ കണ്ടതാണ്. ഇത് ഒളിച്ചുകടത്തി സ്ഥാപിക്കുകയായിരുന്നു. ഇത് ക്രിമിനല്‍ കുറ്റമാണെന്ന് 2019 നവംബറിലെ വിധിയില്‍ വ്യക്തമാക്കുന്നുണ്ട്. 1992 ഡിസംബറില്‍ ബാബരി മസ്ജിദ് തകര്‍ത്തതും കുറ്റമാണെന്ന് ആ വിധിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊക്കെ പറഞ്ഞിട്ടും അവസാനം ക്രിമിനല്‍ കുറ്റം ചെയ്തവര്‍ക്ക് തന്നെ ഭൂമിയുടെ അവകാശം വിട്ടുകൊടുക്കുന്ന അത്ഭുതപ്പെടുത്തുന്ന നിലപാടാണ് ആ വിധിയുടെ അവസാന ഭാഗത്ത് സുപ്രീംകോടതി സ്വീകരിച്ചത്. എന്നാല്‍ ലക്‌നൗ കോടതി ഒരു പരിധി കൂടി കടന്നാണ് വിധി പ്രസ്താവിച്ചത്. മസ്ജിദ് പൊളിച്ചത് ആരാണെന്ന് യാതൊരു പിടിയുമില്ല, ഏതോ സാമൂഹ്യവിരുദ്ധന്മാര്‍ പ്രകോപിതരായി പള്ളി പൊളിച്ചു എന്നാണ് കോടതി വിധിയില്‍ പറഞ്ഞത്!

1992 നവംബര്‍ 28-ാം തീയതി വിനയ് കത്യാര്‍ എന്ന ബജ്‌രംഗ്ദള്‍ നേതാവ് എന്നോട് പറഞ്ഞതാണ് പള്ളി പൊളിക്കുന്നതിന് ബലിദാന്‍ സേന തയ്യാറായിട്ടുണ്ട് എന്ന കാര്യം. ഞാനിത് വാര്‍ത്തയാക്കി ഡിസംബര്‍ 5-ാം തീയതി പുറത്തിറങ്ങിയ ഫ്രണ്ട്‌ലൈനില്‍ എഴുതിയിട്ടുണ്ട്. അന്നത്തെ അതിന്റെ എഡിറ്റര്‍ എന്‍.റാം എന്നെ വിളിച്ചു പറഞ്ഞത്. ഇത് എക്‌സ്ട്രീം ആയ ഒരു സ്റ്റോറിയാണെന്നാണ്. ഡിസംബര്‍ 5ന് പുറത്തിറങ്ങിയ ഫ്രണ്ട്‌ലൈനിലെ ആ ലേഖനത്തിന്റെ തുടക്കം How far can one believe the words of Hindutva combine? എന്നായിരുന്നു.

നിങ്ങള്‍ക്കെത്രമാത്രം ഹിന്ദുത്വയുടെ വാക്കുകളെ വിശ്വസിക്കാനാവും? അതേസമയം സുപ്രീംകോടതിയിലും ദേശീയോദ്ഗ്രഥന സമിതിയിലും അന്നത്തെ യു.പി മുഖ്യമന്ത്രി കല്യാണ്‍സിംഗ് നല്‍കിയ സത്യവാങ്മൂലം പള്ളിക്ക് ഒരു പോറല്‍പോലും ഏല്‍പ്പിക്കാതെ ഭജനയും കീര്‍ത്തനങ്ങളും ആലപിക്കുമെന്നാണ്. എന്നാല്‍ എന്റെ ലേഖനത്തില്‍ വിനയ് കത്യാര്‍ പറഞ്ഞ കാര്യം ചൂണ്ടിക്കാട്ടി ബാബരി മസ്ജിദിന്റെ തകര്‍ച്ച പ്രവചിച്ചപ്പോള്‍ അത് വിശ്വസിക്കാനാവാതെയാണ് ഇത് എക്‌സ്ട്രിമിസമാണ് എന്ന് എന്‍.റാമിന് പറയേണ്ടിവന്നത്. വിനയ് കത്യാര്‍ പറഞ്ഞതിനു പുറമെ മിലിട്ടറി ഇന്‍ലിജന്‍സില്‍ നിന്ന് എനിക്ക് ചോര്‍ന്നുകിട്ടിയ വിവരവും ചേര്‍ത്താണ് ബാബ്‌രി മസ്ജിദ് തകര്‍ക്കപ്പെടുമെന്ന് ഉറപ്പിച്ച് അന്ന് ആ ലേഖനം എഴുതിയത്. പള്ളി തകര്‍ക്കന്നതിന് ഒരു വര്‍ഷം മുമ്പ് മിലിട്ടറി ഇന്റലിജന്‍സ് ഓഫീസര്‍ രണ്ടുപേരെ കര്‍സേവകരുടെ കൂട്ടത്തില്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ നിയോഗിച്ചിരുന്നു. അവര്‍ രണ്ടുപേരും കര്‍സേവകരില്‍ നുഴഞ്ഞുകയറി അവരുടെ വിശ്വാസം പിടിച്ചുപറ്റി. അവര്‍ ഡിസംബര്‍ 5നും ആറിനും ഏഴിനും ഓരോ അര മണിക്കൂറിലും തങ്ങളെ നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്ക് വിവരങ്ങള്‍ കൈമാറിയിരുന്നു. ഇക്കാര്യം എനിക്ക് മാത്രമല്ല, അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ ഓഫീസിനും അറിയാമായിരുന്നു.

എഡിറ്റര്‍, റാം വിശ്വാസം വരാതെ എന്റെ സ്റ്റോറി നാലഞ്ച് ദിവസം തീരുമാനമെടുക്കാതെ മാറ്റിവെച്ചിരുന്നു. മാത്രമല്ല അദ്ദേഹം എന്നോട് പറഞ്ഞത് നിങ്ങളുടെ ന്യൂസ് സ്റ്റോറി ഈ ദിവസങ്ങള്‍ക്കിടയില്‍ മാറ്റാന്‍ തോന്നുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് മാറ്റാം എന്നായിരുന്നു. എന്നാല്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. നിങ്ങള്‍ ഈ സ്ഥാപനത്തിന്റെ മുതലാളിയാണ്, ഞാന്‍ വെറും തൊഴിലാളിയായ റിപ്പോര്‍ട്ടര്‍. താങ്കള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാം. പക്ഷേ ആ സ്റ്റോറിയില്‍ നിന്ന് ഏതെങ്കിലും ഭാഗം അടര്‍ത്തി മാറ്റിയിട്ട് അത് കൊടുക്കുകയാണെങ്കില്‍ എന്റെ ബൈലൈന്‍ അതില്‍ കൊടുക്കരുതെന്ന്. അതും പറഞ്ഞാണ് ഞാന്‍ അയോധ്യയിലേക്ക് യാത്ര തിരിച്ചത്. പക്ഷേ റാം അതിന് തയ്യാറായില്ല. ഞാന്‍ കൊടുത്ത അതേ രീതിയില്‍ മാറ്റമൊന്നും വരുത്താതെ തന്നെ അത് പ്രസിദ്ധീകരിച്ചു. കവര്‍ സ്റ്റോറിയില്‍ തന്നെ. ടാക്റ്റിക്കല്‍ റിട്രീറ്റ് എന്നായിരുന്നു അതിന് നല്‍കിയ പേര്.

'നാഷണല്‍ ഷെയിം' എന്നെഴുതിയ ഇന്ത്യാ ടുഡേയുടെ മലക്കം മറിച്ചില്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ വിശ്വാസ്യതയെപ്പോലും തകര്‍ത്തുകളയുന്നതായാണ് എനിക്ക് തോന്നിയത്. അവരുടെ ലേഖകന്മാര്‍ക്കടക്കം ഒട്ടേറെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഡിസംബര്‍ 6ന് അയോധ്യയില്‍ നിന്ന് ക്രൂരമായ മര്‍ദ്ദനങ്ങളാണ് ഏറ്റത്. മലയാളി മാധ്യമപ്രവര്‍ത്തകരായ ജോണ്‍ ബ്രിട്ടാസ്, ഇ.എസ് സുഭാഷ്, ഫോട്ടോഗ്രാഫര്‍ മുസ്തഫ തുടങ്ങിയവരെല്ലാം എന്നോടൊപ്പം ഉണ്ടായിരുന്നു. എന്റെ ഇടപെടലും ബന്ധവും കാരണം അവരെ മര്‍ദനത്തില്‍ നിന്ന് രക്ഷപ്പെടുത്താനായി. കണ്ണില്‍ കണ്ട പത്രക്കാരെ മുഴുവന്‍ സംഘപരിവാറുകാര്‍ ആക്രമിക്കുകയാണ്. ഗാന്ധിയന്‍ സ്റ്റൈല്‍ കണ്ണടയായിരുന്നു അന്നെനിക്കുണ്ടായിരുന്നത്. എന്നെ തിരിച്ചറിയാന്‍ അത് ധാരാളമാണെന്നും അതുകൊണ്ട് വേഗം കണ്ണട മാറ്റാനും എന്റെ ഡ്രൈവര്‍ ആവശ്യപ്പെട്ടു. അയാളാണ് 1989 മുതല്‍ ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലുമെല്ലാം എനിക്കൊപ്പം ഡ്രൈവറായി യാത്ര ചെയ്യാറ്. ഡിസംബര്‍ 6ന് മൂന്നരക്കാണ് ഞങ്ങള്‍ അവിടെ നിന്ന് രക്ഷപ്പെട്ടത്. തലയില്‍ കാവി ചുറ്റിക്കെട്ടി ജയ്ശ്രീറാം വിളിച്ചാണ് ഏതൊക്കെയോ വിധത്തില്‍ ഹോട്ടലില്‍ എത്തിയത്. പിറ്റേ ദിവസം രാവിലെ പതിനൊന്ന് മണിക്ക് മിലിട്ടറി ഉദ്യോഗസ്ഥനായ ജയ്പാല്‍ സന്ധാനം ഞാന്‍ താമസിക്കുന്ന ഹോട്ടലിലെത്തി. ഇന്ത്യന്‍ എക്‌സ്പ്രസിലെ രാകേഷ് സിന്‍ഹയും ഞാനുമാണ് അയോധ്യാ സംഭവം സംബന്ധിച്ച് അന്ന് സംഘപരിവാറിനെതിരെ നിരന്തരം എഴുതിക്കൊണ്ടിരുന്നത്. മാത്രമല്ല; രാകേഷ് സിന്‍ഹയും ഞാനും ആ ചരിത്ര സ്മാരകത്തിന്റെ താഴികക്കുടം തകര്‍ന്നു വീഴുന്നതിന് ദൃക്‌സാക്ഷികളായിരുന്നു. മാനസഭവന്റെ ഏറ്റവും മുകളിലത്തെ നിലയിലായിരുന്നു ഞങ്ങള്‍ ഉള്‍പ്പെടുന്ന കുറച്ച് പത്രപ്രവര്‍ത്തകര്‍. ആദ്യത്തെ താഴികക്കുടം തകര്‍ന്നുവീണത് ഉച്ചയ്ക്ക് ശേഷം കൃത്യം 2.55നാണ്. ആ അക്രമ പ്രവൃത്തി കണ്ടിട്ട് രാകേഷ് സിന്‍ഹ ഏറെ വൈകാരികമായാണ് പ്രതികരിച്ചത്. എനിക്ക് നേരെ നീട്ടിയ ഒരു ചെറിയ കടലാസില്‍ രാകേഷ് ഇങ്ങനെ എഴുതി: ''ഞാനൊരു ഇന്ത്യക്കാരനാണ്. പക്ഷേ ഇത് തകര്‍ത്തെറിയുന്ന വൃത്തികെട്ട ക്രൂരത ഞാനംഗീകരിക്കില്ല. ഒരു ഹിന്ദു എന്ന നിലയില്‍ നിഷ്ഠൂരമായ ഈ ചെയ്തി കണ്ട് ജീവിക്കാനാവില്ല.''

ആ നിഷ്ഠൂരമായ ചെയ്തി റെക്കോഡ് ചെയ്ത ക്യാമറാമാന്മാരെയും പത്രപ്രവര്‍ത്തകരെയും ശാരീരികമായി ആക്രമിക്കുന്നതിന് ഒരു മടിയും സംഘപരിവാറുകാര്‍ കാട്ടിയില്ല; കാരണം അന്ന് പകര്‍ത്തപ്പെട്ടത് എക്കാലവും ജീവിക്കുന്ന തെളിവുകളായിരുന്നു. 3.15ഓടെയാണ് രണ്ടാമത്തെ താഴികക്കുടം തകര്‍ത്ത് താഴെയിട്ടത്. 4.50ന് അവസാനത്തേതും തകര്‍ത്തു. ഏതാണ്ട് നൂറോളം മുസ്‌ലിം വീടുകളും അയോധ്യയില്‍ കര്‍സേവകര്‍ ഇതിനോടൊപ്പം തകര്‍ത്തു.

സംഘപരിവാറിന്റെ കണ്ണില്‍ കൊടും ദ്രോഹികളായ രണ്ടു പേരുടെയും ജീവന്‍ അപകടത്തിലാണെന്നും രണ്ട് ഗുണ്ടാ സംഘങ്ങളെ ഞങ്ങളുടെ കാലുകള്‍ അടിച്ചു തകര്‍ക്കാന്‍ നിയോഗിച്ചിട്ടുണ്ടെന്ന രഹസ്യ വിവരം ഗുണ്ടാസംഘങ്ങള്‍ വഴി സന്ധാനത്തിന് ലഭിച്ചിരുന്നു. അദ്ദേഹം എന്നെ കന്റോണ്‍മെന്റിലേക്ക് മാറ്റുകയാണെന്ന് അറിയിച്ചു. രാകേഷ് സിന്‍ഹ അപ്പോഴേക്കും അയോധ്യയില്‍ നിന്നും ലക്‌നൗ വഴി ഡല്‍ഹിക്ക് മടങ്ങിയിരുന്നു. വിനയ് കത്യാറും രാമചന്ദ്ര പരമഹംസും നൃത്യഗോപാല്‍ ദാസും ഉള്‍പ്പെട്ട ആസൂത്രക രഹസ്യസംഘമാണ് ഞങ്ങളുടെ കാലുകള്‍, പിന്നീട് എഴുന്നേറ്റ് നടക്കാന്‍ പറ്റാത്തവിധം അടിച്ചു തകര്‍ക്കാന്‍ നിര്‍ദേശം നല്‍കിയത്. ആ വിവരമാണ് കര്‍സേവകരുടെ കൂട്ടത്തില്‍ കയറി രഹസ്യങ്ങള്‍ ചോര്‍ത്താന്‍ നിയോഗിക്കപ്പെട്ട പട്ടാളക്കാര്‍ വഴി കിട്ടിയത്. കന്റോണ്‍മെന്റില്‍ ആ മിലിട്ടറി ഉദ്യോഗസ്ഥന്റെ സുരക്ഷയില്‍ ഞാന്‍ മൂന്നു ദിവസം കഴിഞ്ഞതിനു ശേഷമാണ് സംഘപരിവാറുകാരുടെ കയ്യില്‍പ്പെടാതെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്താല്‍ ലക്‌നൗവിലേക്ക് പോയത്.

ഡിസംബര്‍ ആറിന് തന്നെ വിനയ് കത്യാരെയും സംഘത്തെയും അറസ്റ്റ് ചെയ്തിരുന്നു. ഒന്നര മാസത്തിനുശേഷം എല്‍.കെ അദ്വാനിയും വിനയ് കത്യാരും ആഗ്രയില്‍ നിന്ന് തിരിച്ചുവരുമ്പോള്‍ എന്നെ വിനയ് കത്യാര്‍ ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ വെച്ചു കണ്ടു. അവിടെ അവര്‍ക്ക് വലിയ സ്വീകരണമുണ്ടായിരുന്നു. കണ്ടപാടെ അടുത്തുവന്ന് കെട്ടിപ്പിടിച്ചു. അയാള്‍ അങ്ങനെയാണ്; വലിയ അടുപ്പമെന്ന മട്ടിലാണ് പെരുമാറുക. പക്ഷേ ആ ആശ്ലേഷത്തിനിടെ എന്റെ ചെവിയില്‍ വിനയ് കത്യാര്‍ അന്ന് മന്ത്രിച്ചത് ഞാനിന്നും ഓര്‍ക്കുന്നു; ''രക്ഷപ്പെട്ടു അല്ലേടാ''

നമ്മുടെ ജനാധിപത്യത്തിന്റെ നെടുംതൂണുകള്‍ എന്ന് ഇന്ന് നാം വിശേഷിപ്പിക്കുന്ന എല്ലാ സ്ഥാപനങ്ങളും ഒന്നൊന്നായി തകരുകയാണെന്നതിന്റെ ദൃഷ്ടാന്തമായാണ് നാം സി.ബി.ഐ കോടതിയുടെ വിധിയെ വിലയിരുത്തേണ്ടത്.

ജസ്റ്റിസ് ചെലമേശ്വറും തരുണ്‍ ഗോഗോയും കുര്യന്‍ ജോസഫും, മദന്‍ ലോക്കൂറുമടക്കം നാല് സുപ്രീം കോടതി ജഡ്ജിമാര്‍ ജുഡീഷ്യറിയിലെ ഭരണകൂട ഇടപെടലുകളെക്കുറിച്ച് പരസ്യമായി പത്രസമ്മേളനം വിളിച്ചു ചേര്‍ത്ത സംഭവം നാം ഇതിനോടൊപ്പം ചേര്‍ത്തുവായിക്കണം. ആ പത്രസമ്മേളനത്തിന്റെ ഭാഗമായിരുന്ന ഗോഗോയിയെയടക്കം അദ്ദേഹം എന്താണോ പറഞ്ഞിരുന്നത് അതിനെതിരായി പ്രവര്‍ത്തിക്കുന്ന അവസ്ഥയിലെത്തിക്കാന്‍ സംഘപരിവാറിന് കഴിഞ്ഞതും നാമോര്‍ക്കണം. ലൈംഗികാപവാദ കാര്യം ചൂണ്ടിക്കാണിച്ചാണ് അദ്ദേഹത്തെ സംഘപരിവാര്‍ വരുതിയിലാക്കിയത്. ഇങ്ങനെ സംഘപരിവാര്‍ അവരുടെ അജണ്ട നടപ്പാക്കാന്‍ സാമ-ദാന-ഭേദ-ദണ്ഡമേതും ഉപയോഗിക്കാന്‍ മടിയില്ലാത്തവരാണ്. പത്രങ്ങളോടും സ്വീകരിക്കുന്നതും ഇതേ നിലപാടാണ്.

ഭരണഘടന ഉണ്ടായപ്പോള്‍ തന്നെ ആര്‍.എസ്.എസിന്റെ സര്‍ സംഘചാലക് ആയിരുന്ന ഗുരുജി ഗോള്‍വള്‍ക്കര്‍ പറഞ്ഞത് ''നമുക്ക് വേണ്ടത് പുതുതായി ഉണ്ടാക്കിയ ഭരണഘടനയല്ല; ഇത് പാശ്ചാത്യരുടെ ആശയങ്ങള്‍ സ്വരൂപിച്ചു നിര്‍മിച്ച ഭരണഘടനയാണ്. ഭാരതത്തിന് ആവശ്യം മനുസ്മൃതിയില്‍ അധിഷ്ഠിതമായ ഭരണഘടനയാണ്'' എന്നാണ്.

ഗോള്‍വാള്‍ക്കര്‍ പറഞ്ഞ ഭരണഘടന ഇന്ത്യയില്‍ നിലവില്‍ വന്നിട്ടില്ലെങ്കില്‍ പോലും അതിനവര്‍ സാഹചര്യമൊരുക്കിയിരിക്കുന്നു. അതുകൊണ്ട് തെളിവുകള്‍ക്കൊന്നും നമ്മുടെ നാട്ടില്‍ യാതൊരു പ്രസക്തിയുമില്ല. കാരണം ഈ വിധി നേരത്തെ തന്നെ എഴുതിവെച്ചതാണ്.

വെങ്കിടേഷ് രാമകൃഷ്ണന്‍ വി.കെ സുരേഷുമായി സംസാരിച്ചത്

(കടപ്പാട്-ചന്ദ്രിക ആഴ്ചപ്പതിപ്പ്)

Related Stories

No stories found.
logo
The Cue
www.thecue.in