വിവാഹ മോചനം സാമൂഹിക വിപത്താണ് എന്ന തരത്തിലാണ് ചിത്രീകരണങ്ങള്‍ നടക്കുന്നത്. എത്ര മാനസിക-ശാരീരിക പീഡനങ്ങള്‍ അനുഭവിച്ചാലും പുറത്തു കടക്കാന്‍ അനുവദിക്കാത്ത വിധം സമൂഹത്തിന്റെ നിരീക്ഷണത്തിലൂടെയാണ് പല സ്ത്രീകളും കടന്നു പോകുന്നത്.
പെണ്ണായാല്‍ പൊന്നു വേണമെന്ന പരസ്യങ്ങളൊക്കെ നമുക്ക് വളരെ സ്വാഭാവികമാണ്. അത്തരം പരസ്യങ്ങള്‍ ടിവിയിലൂടെയും പത്രങ്ങളിലൂടെയുമൊക്കെ നിരന്തരം പ്രദര്‍ശിക്കപ്പെടുന്നതിലും നമുക്ക് ഒരു അസ്വഭാവികതയും തോന്നാറില്ല.
ഒരു നിയമം എന്‍ഫോഴ്‌സ് ചെയ്യുക എന്നുള്ളത് ഒരു സമൂഹത്തിന്റെ ഒന്നാകെ ഉത്തരവാദിത്തമാണെന്ന് നെഹ്‌റു പറഞ്ഞിട്ടുണ്ട്. സ്ത്രീധന നിരോധന നിയമം വരുന്നത് 1961ലാണ്. ആ ആക്ടില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട് സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും ശിക്ഷാര്‍ഹമായ കുറ്റമാണ് എന്നുള്ളത്. എന്നിട്ടും നമ്മളെന്താണ് ചെയ്യുന്നത്, നിയമത്തിലെ ലൂപ് ഹോള്‍ ഉപയോഗിച്ച് പെണ്‍കുട്ടിക്ക് സ്ത്രീധനം കൊടുക്കുന്നു.
സമ്മാനമെന്ന പേരില്‍ അച്ഛന്‍ മകള്‍ക്ക് കൊടുക്കുന്നതിനെയോ സഹോദരന്‍ കൊടുക്കുന്നതിനേയോ സഹോദരി കൊടുക്കുന്നതിനേയോ ഒരുകാലത്തും ഈ നിയമം ഉപയോഗിച്ച് തടയാന്‍ കഴിയില്ല.
സ്ത്രീധന നിരോധന നിയമം നടപ്പിലാക്കണമെങ്കില്‍ ആദ്യം വിചാരിക്കേണ്ടത് സമൂഹമാണ്. സ്ത്രീധനം ഞാന്‍ കൊടുക്കില്ലെന്നും ഞാന്‍ വാങ്ങിക്കില്ലെന്നും തീരുമാനിച്ചു തന്നെ മുന്നോട്ട് പോകണം. അല്ലാത്തപക്ഷം ഇതൊരിക്കലും അവസാനിക്കില്ല.
നമ്മള്‍ പങ്കെടുക്കുന്ന കല്യാണങ്ങളുടെ കാര്യം തന്നെയെടുത്ത് നോക്കൂ, പെണ്‍കുട്ടി നിറയെ സ്വര്‍ണമിട്ട് നില്‍ക്കും, അപ്പോഴൊന്നും നിയമപ്രകാരം ഇത് തെറ്റാണല്ലോ എന്നത് നമ്മുടെ സ്വാഭാവിക ചിന്തയില്‍ പോലും വരുന്നില്ല. തിരിച്ചാലോചിച്ചൂ നോക്കു, പുരുഷന്റെ കഴുത്തില്‍ സ്വര്‍ണമില്ലാത്തതില്‍ നമുക്ക് ഒരു പ്രശ്‌നവും തോന്നില്ല. പിന്നെന്തുകൊണ്ടാണ് സ്ത്രീയുടെ കഴുത്തില്‍ സ്വര്‍ണമില്ലാതാകുമ്പോള്‍ മാത്രം മോശം തോന്നുന്നത്. ഇത്തരം കല്യാണങ്ങളില്‍ പങ്കെടുക്കുന്ന നമുക്ക് ഇത് കാണുമ്പോള്‍ അയ്യേ എന്ന് തോന്നാത്തിടത്തോളം കാലം ഇതൊന്നും മാറാന്‍ പോകുന്നില്ല.
സ്ത്രീതന്നെയാണ് ധനമെന്ന് കഴിഞ്ഞ ദിവസം കേരള പൊലീസ് പറഞ്ഞത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഒരു വിവാഹത്തില്‍ എന്തിനാണ് സ്ത്രീകള്‍ക്ക് മാത്രമായി പ്രതീക്ഷയുടെ അമിത ഭാരം ഏല്‍പ്പിക്കുന്നത്. കുടുംബത്തിന്റെ അന്തസായി മാറണമെന്നും, ധനമായി മാറണമെന്നും പറഞ്ഞുള്ള അധിക ഭാരമാണ് അവരുടെ മേലുയര്‍ത്തുന്നത്.
കുടുംബം മുന്നോട്ട് കൊണ്ടു പോകേണ്ട ഉത്തരവാദിത്തം, കുഞ്ഞുങ്ങളെ നോക്കേണ്ട ഉത്തരവാദിത്തം തുടങ്ങി സകലതും സ്ത്രീകളുടെ മുകളിലാണ്. രണ്ട് പേര്‍ തമ്മില്‍ ഒരു റിലേഷന്‍ഷിപ്പില്‍ മുന്നോട്ട് പോകുമ്പോള്‍ അവിടെ സ്ത്രീക്ക് മാത്രം എന്ത് ഉത്തരവാദിത്തമാണുള്ളത്.
പുതിയ കാലത്ത് വിവാഹ മോചനവുമായി ബന്ധപ്പെട്ട് വരുന്ന കേസുകളില്‍ മാറുന്ന കാലത്തിനനുസരിച്ച് ഭരണഘടനയെക്കുറിച്ചും അടിസ്ഥാന അവകാശങ്ങളെക്കുറിച്ചും ധാരണയുള്ള പെണ്‍കുട്ടികളോടൊപ്പം ജീവിക്കാന്‍ പുരുഷന്മാര്‍ക്ക് വലിയ പരിമിതിയുള്ളതായിട്ടാണ് തോന്നിയിട്ടുള്ളത്.
യുവതലമുറയിലെ പെണ്‍കുട്ടികളില്‍ പലരും സ്വന്തമായി ജോലിയുള്ളവരാണ്, വരുമാനമുള്ളവരാണ്. അവര്‍ക്ക് കുറേ കൂടി സ്വാതന്ത്ര്യബോധമുണ്ട്. ഈയടുത്ത് ഡിവോഴ്‌സ് വേണമെന്ന് പറഞ്ഞ ഒരു കുട്ടി എന്നോട് പറഞ്ഞത് അവളുടെ സ്വപ്‌നങ്ങളെ ചെയ്‌സ് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും എനിക്ക് എന്നെ നഷ്ടപ്പെട്ടിട്ട് എന്താണ് കാര്യം എന്നുമാണ്.
ഇവിടെ അത്തരം സ്വാതന്ത്ര്യത്തെക്കുറിച്ചോ അത് തടസപെടുത്തുന്നത് അന്തസിനെ ഹനിക്കലാണെന്ന് മനസിലാക്കാനുള്ള ശേഷിയോ ഇല്ലാത്ത ഒരു പുരുഷ സമൂഹത്തിലാണ് നമ്മള്‍ ശരിക്കും ബോധവത്കരണം നടത്തേണ്ടത്. പാട്രിയാര്‍ക്കല്‍ വ്യവസ്ഥിതിയുടെ എല്ലാ ലാളനങ്ങളും ഏറ്റുവളര്‍ന്നവര്‍ക്ക് അത് തടസപ്പെടുമ്പോള്‍ അസ്വസ്ഥതയുണ്ടാകുന്നുണ്ട്.
ഒരു വിവാഹ ബന്ധം ഉപേക്ഷിച്ചു എന്നത് സമൂഹം അറിഞ്ഞാല്‍ എന്തോ മോശമാണ് എന്ന സ്റ്റിഗ്മയാണ് പലരെയും അബ്യൂസീവ് റിലേഷനുകളില്‍ തളച്ചിടുന്നത്. വിവാഹമോചനവുമായി ബന്ധപ്പെട്ട കേസുകളില്‍ പുരുഷന്മാര്‍ പറയുന്ന പല കാരണങ്ങളും നമ്മളെ അത്ഭുതപ്പെടുത്താറുണ്ട്.
ഒരു സുഹൃത്തിനെ പതിനൊന്ന് മണിക്ക് ഫോണ്‍ വിളിച്ചിട്ടുണ്ടെങ്കില്‍ എന്തിനാണ് ആ സമയത്ത് വിളിച്ചത് എന്നു പോലും കോടതികളില്‍ വ്യാഖ്യാനിക്കപ്പടുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. പെണ്‍കുട്ടിക്ക് മാനസിക രോഗമാണെന്ന് പറയുക, അവര്‍ വേറെ റിലേഷനിലാണ് എന്ന് പറയുക അങ്ങനെ അനേകം പ്രവണതകളുണ്ട്.
കുട്ടികളെ പലപ്പോഴും ഒരു ബാര്‍ഗയിനിനുള്ള മാര്‍ഗമായാണ് ഇത്തരം വിവാഹ ബന്ധങ്ങളില്‍ ഉപയോഗിക്കുന്നത് കുട്ടിയെ അങ്ങ് പിടിച്ചുവെക്കും, വൈഫിനോട് ചിലപ്പോള്‍ മോശമായി പെരുമാറുന്ന ആള്‍ കുട്ടിയോട് കുറച്ചുകൂടെ കംഫര്‍ട്ടബിളായിട്ടായിരിക്കും പെരുമാറുക. അത്തരം സാഹചര്യങ്ങളില്‍ കുട്ടി ചിലപ്പോള്‍ അച്ഛന്റെ കൂടെ നില്‍ക്കണമെന്ന് പറയുമായിരിക്കും.
എത്രതന്നെ വലിയ പീഡനം സ്ത്രീകള്‍ക്ക് നേരെയുണ്ടെങ്കിലും കുട്ടിയുണ്ടെങ്കില്‍ അതെല്ലാം സഹിക്കണമെന്നാണ് സമൂഹം പഠിപ്പിക്കുന്നത്. അമ്മയാണോ, എങ്കില്‍ എത്ര വലിയ പ്രശ്‌നമുണ്ടെങ്കിലും അതെല്ലാം ഉപേക്ഷിച്ച് ആ ബന്ധത്തില്‍ തുടരൂ എന്നാകും ഉപദേശം. മാതൃത്വത്തെ മഹത്വവത്കരിക്കുന്നതിനോട് കൂടിച്ചേര്‍ന്നാണ് ഈ പ്രശ്‌നങ്ങളും കിടക്കുന്നത്.
സ്ത്രീധനത്തിന്റെ പേരില്‍ ഇപ്പോള്‍ ഫേസ്ബുക്കില്‍ പോസ്റ്റിടുന്നവരൊക്കെ സ്വന്തം ജീവിതത്തിലേക്കും തിരിഞ്ഞു നോക്കണം. ശൈലജ ടീച്ചറുണ്ടായിരുന്ന സമയത്ത് വനിതാ ശിശുക്ഷേമ വകുപ്പിന്റെ മീറ്റിംഗിനു പോകുമ്പോള്‍ ഷെല്‍റ്റര്‍ ഹോമുകളുണ്ടാകേണ്ടതിനെ പറ്റി നമ്മള്‍ ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു. ഡൊമസ്റ്റിക്ക് വയലന്‍സ് റൂള്‍സ് പ്രകാരം ഷെല്‍റ്റര്‍ ഹോമുകള്‍ ഉണ്ട്. പക്ഷേ കുറച്ചുകൂടി വുമണ്‍ ഫ്രണ്ട്‌ലി ആയിട്ടുള്ള ഷെല്‍ട്ടര്‍ ഹോമുകള്‍ സാമൂഹിക ഉത്തരവാദിത്തത്തില്‍ വരേണ്ടത്തിന്റെ ആവശ്യകതയെ പറ്റിയാണ് സംസാരിക്കാറുള്ളത്.സ്വര്‍ണമിട്ട് മൂടിയ കല്യാണങ്ങള്‍ക്ക് പോകുമ്പോള്‍ അയ്യേ എന്ന് സമൂഹത്തിന് തോന്നാത്തിടത്തോളം ഇതെല്ലാം ഇങ്ങനെ തന്നെ തുടരും.