ട്രാന്‍സ്‌മെന്‍ സഹദിന്റെ പ്രസവവും ട്രാന്‍സ് വുമണ്‍ സിയയുടെ പരിചരണവും ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുകയാണല്ലോ. നമ്മുടെ പരമ്പരാഗത കുടുംബഘടനയേയും അതിന്റെ ചിട്ടവട്ടങ്ങളെയും അട്ടിമറിക്കുന്നുണ്ട് ഇവരുടെ ജീവിതം. അച്ഛന്‍, അമ്മ എന്നീ ജെന്‍ഡര്‍ റോള്‍ മാറുന്നു. സമൂഹത്തില്‍ ഏത് രീതിയിലുള്ള മാറ്റമുണ്ടാക്കും സഹദിന്റെയും സിയയുടെയും ഈ തിരിച്ചിടല്‍?
വളരെയധികം സ്റ്റീരിയോ ടൈപ്പായിട്ടുള്ള വിശ്വാസങ്ങളുടെ മുകളിലാണ് നമ്മുടെ സമൂഹം കെട്ടിപ്പടുത്തിരിക്കുന്നത്. ആണ്‍-പെണ്‍ ബന്ധം മാത്രമാണ് നമ്മുടെ മുന്നിലുണ്ടായിരുന്നത്. പ്രത്യുല്‍പ്പാദനത്തെ മുന്‍നിര്‍ത്തിയാണ് ഇതിനെ ന്യായീകരിച്ചിരുന്നത്. ആ കാഴ്ചപ്പാടുകളെ കൂടി അട്ടിമറിക്കുകയാണ് സഹദിന്റെ പ്രസവം. നമ്മുടെ സമൂഹത്തില്‍ ആദ്യം ഇതൊരു ഷോക്കായിരിക്കും. ഇത്രയും ആഴത്തില്‍ ഇതിനെയൊന്നും നമ്മുടെ സമൂഹം ഉള്‍ക്കൊണ്ടിട്ടില്ല. ലിംഗാധികാര വ്യവസ്ഥയെയും പാട്രിയാര്‍ക്കിയേയും ആഴത്തില്‍ ചോദ്യം ചെയ്യുന്ന ഒന്നായി ലിംഗ വൈവിധ്യത്തെ (ജെന്‍ഡര്‍ ഡൈവേഴ്‌സിറ്റി) മനസിലാക്കിയിട്ടുണ്ടാകില്ല. പുതിയയൊരു ചോദ്യമായി നമ്മുടെ സമൂഹത്തിന് മുന്നില്‍ ഇത് വന്നേക്കും. പതുക്കെ അത് അംഗീകരിച്ചേ മതിയാകൂ. അച്ഛന്‍, അമ്മ എന്നീ റോളുകള്‍ തന്നെ മാറുകയാണ്. കുട്ടികളുള്ള ട്രാന്‍സ്‌മെന്‍മാരെ കണ്ടിട്ടുണ്ടായിരുന്നു. കുട്ടി ജനിക്കുമ്പോള്‍ അവര്‍ സ്ത്രീകളായിരിക്കും. പിന്നീട് അവര്‍ അച്ഛനായി മാറിയിട്ടുണ്ടാകും. ട്രാന്‍സ്‌മെനായിരിക്കുമ്പോള്‍ തന്നെ പ്രസവം നടന്നു എന്നതാണ് സഹദിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ലഭിക്കാന്‍ കാരണം. തീര്‍ച്ചയായിട്ടും നിലനില്‍ക്കുന്ന അച്ഛന്‍, അമ്മ ജെന്‍ഡര്‍ സ്റ്റീരിയോ ടൈപ്പും റോളും ചോദ്യം ചെയ്യപ്പെടുകയും അതുകൊണ്ട് നമ്മുടെ സമൂഹത്തില്‍ ചര്‍ച്ചയാവുകയും ചെയ്യും. പരമ്പരാഗത വ്യവസ്ഥകളെ അട്ടിമറിക്കാനും ഒരു പരിധി വരെ കഴിയും.
സിയയും സഹദും കുഞ്ഞിന്റെ ജെന്‍ഡര്‍ പറയാന്‍ തയ്യാറായിട്ടില്ല. കുഞ്ഞ് വളര്‍ന്ന് കഴിയുമ്പോള്‍ സ്വയം വെളിപ്പെടുത്തട്ടെയെന്നാണ് തീരുമാനം. ജാതി-മതം രേഖപ്പെടുത്തുന്നതിലൊക്കെ സര്‍ക്കാര്‍ രേഖകളില്‍ മാറ്റം വന്നിട്ടുണ്ടല്ലോ. രേഖപ്പെടുത്താതിരിക്കാനും സ്വാതന്ത്ര്യമുണ്ടല്ലോ. അതേ മാതൃകയില്‍ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ജെന്‍ഡറിന്റെ കാര്യങ്ങളിലും മാറ്റം ആവശ്യമല്ലേ?
അതെ. ഇപ്പോഴുള്ള സംവിധാനങ്ങള്‍ മാറ്റുന്നത് പലര്‍ക്കും പ്രയാസമായിരിക്കും. കാലക്രമേണ അത് മാറും. ജെന്‍ഡറിന് അത്ര വലിയ പ്രാധാന്യമില്ല. നിങ്ങള്‍ മാധ്യമപ്രവര്‍ത്തകയായും ഞാന്‍ ഡോക്ടറായും ജോലി ചെയ്യുന്നു. ആ സമയത്ത് ജെന്‍ഡറിന് പ്രസക്തിയുള്ളത് എപ്പോഴാണ്. പ്രസക്തമായിട്ട് വരുന്നത് തന്നെ വളരെ അപൂര്‍വമായിട്ടാണ്. പക്ഷേ നമ്മള്‍ എപ്പോഴും ജെന്റേഡായിട്ടാണ് നില്‍ക്കുന്നത്. അത് പാട്രിയാര്‍ക്കിയുമായി ബന്ധപ്പെട്ട് കിടക്കുന്നത് കൊണ്ടാണ്. സ്ത്രീകളും പുരുഷന്‍മാരല്ലാത്തവരും രണ്ടാംതരം പൗരന്‍മാരാണെന്ന് നമ്മളെ എപ്പോഴും ഓര്‍മ്മിപ്പിക്കുന്നതിന് വേണ്ടിയാണ് ജെന്റേഡായി നില്‍ക്കുന്നത്. ജെന്‍ഡറിന്റെ ആവശ്യമെന്താണ്. ഡോക്ടറായി ജോലി ചെയ്യാന്‍ ഏത് ജെന്‍ഡറിലുള്ള ആള്‍ക്കും പറ്റും. ചില ജോലികള്‍ ചെയ്യുമ്പോള്‍ വരുമായിരിക്കാം. അപൂര്‍വമായിട്ട് മാത്രമാണ് ജോലിയുമായി ബന്ധപ്പെട്ട് ജെന്‍ഡര്‍ വരുന്നത്. എല്ലായിടത്തും ഇങ്ങനെ വേര്‍തിരിച്ച് ഇരുത്തേണ്ടതില്ല. തുല്യതയുള്ള സമൂഹത്തില്‍ ഇത്തരം വേര്‍തിരിവ് ഉണ്ടാകില്ല.
കുഞ്ഞിന് മുലപ്പാല്‍ നിഷേധിച്ചുവെന്നതാണ് ഇവര്‍ക്കെതിരെയുള്ള ഒരു വിഭാഗത്തിന്റെ വിമര്‍ശനം. മുലയൂട്ടുകയെന്നത് കടമയാണോ. മില്‍ക്ക് ബാങ്ക് പോലുള്ള സംവിധാനങ്ങള്‍ എല്ലാ ആശുപത്രികളിലും വരുന്ന ഇക്കാലത്ത്?
മുലപ്പാല്‍ കൊടുക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ എത്ര സ്ത്രീകള്‍ക്ക് അതിനുള്ള സൗകര്യം നമ്മള്‍ ചെയ്ത് കൊടുക്കുന്നുണ്ട്. ആറുമാസം പ്രസവാവധി കിട്ടുന്നത് വളരെ ചുരുക്കം സ്ത്രീകള്‍ക്കാണ്. അസംഘടിത മേഖലയിലെ സ്ത്രീകള്‍ക്ക് മുലയൂട്ടാനുള്ള സൗകര്യമോ ലീവോ കൊടുക്കില്ലല്ലോ. മുലപ്പാല്‍ കൊടുക്കണമെന്ന കുറ്റബോധം സ്ത്രീകളില്‍ ഉണ്ടാക്കിക്കൊണ്ടിരിക്കും. മുലയൂട്ടല്‍ വാരത്തിന്റെ ഭാഗമായിട്ടൊക്കെ സംസാരിക്കുമ്പോള്‍ ഞാന്‍ ഇക്കാര്യം പറയാറുണ്ട്. മുലപ്പാലില്ലാത്ത സ്ത്രീകളുണ്ടല്ലോ. എല്ലാവര്‍ക്കും ഒരുപോലെ വരണമെന്നില്ലല്ലോ. ആര്‍ട്ടിഫിഷ്യലായിട്ടുള്ള പാല്‍ ലഭ്യമാണ്. അതിന്റെ ഗുണനിലവാരം നോക്കി പോഷകമൂല്യമുള്ളത് കൊടുക്കുകയെന്നേയുള്ളു. ചില സ്ത്രീകള്‍ക്ക് മുലയൂട്ടാന്‍ താല്‍പര്യമുണ്ടാകില്ല. അതൊക്കെ അവരുടെ ചോയ്‌സാണ്. കുട്ടിക്ക് മുലപ്പാല്‍ നല്ലതാണെന്ന് പറയാം. മുലയൂട്ടാനുള്ള സൗകര്യവും ചെയ്ത് കൊടുക്കാം. അല്ലാതെ അവരില്‍ കുറ്റബോധമുണ്ടാക്കേണ്ട കാര്യമില്ല.
മുടിയും സ്തനവും നീക്കം ചെയ്ത് ആണ്‍വേഷം കെട്ടി ട്രാന്‍സ്‌ജെന്ററെന്ന് അവകാശപ്പെട്ട യുവതി പ്രസവിച്ചു എന്ന പരിഹാസവുമുണ്ട്. സര്‍ക്കാരും സമൂഹത്തിലെ വലിയൊരു വിഭാഗവും ഇവര്‍ക്കൊപ്പം നില്‍ക്കുമ്പോഴാണ് മതാധിഷ്ഠിതമായ പാര്‍ട്ടികളും അവരുടെ മാധ്യമങ്ങളും ഇതിനെ പരിഹസിക്കുന്നത്. ഇതില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യമുണ്ടോ?
സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഈ പ്രസവത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. അത് വളരെ നല്ല കാര്യമാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ തന്നെ പിന്തുണ അറിയിക്കുന്നത് കൂടുതല്‍ ആളുകളിലേക്ക് എത്താന്‍ സഹായിക്കും. ജെന്‍ഡര്‍ ഐഡന്റിറ്റിയെക്കുറിച്ചാണ് ആളുകള്‍ക്ക് സംശയമുള്ളത്. അതിനെക്കുറിച്ച് അവബോധം കുറവാണ്. ശരീരത്തെ അടിസ്ഥാനമാക്കിയല്ല ജെന്‍ഡര്‍ ഐഡന്റിറ്റി തീരുമാനിക്കുന്നത്. ബയോളജിക്കലായ ഘടകങ്ങളുമുണ്ട്. സങ്കീര്‍ണമാണത്. ഗര്‍ഭ കാലത്ത് തന്നെ പലവിധ ഹോര്‍മോണുകളുടെയും ജീനുകളുടെയുമെല്ലാം പ്രവര്‍ത്തനത്തിന്റെ ഫലമായിട്ടാണ് ജെന്‍ഡര്‍ ഐഡന്റിറ്റി രൂപപ്പെടുന്നതെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കുട്ടി വളര്‍ന്ന് വരുന്ന സമയത്ത് ഉള്ളില്‍ നിന്ന് വരുന്ന ഫീലിംഗാണ് ആണിന്റെതാണോ പെണ്ണിന്റെതാണോ ട്രാന്‍സ്‌ജെന്‍ഡറിന്റെതാണോ ജെന്‍ഡര്‍ നോണ്‍ കണ്‍ഫോമിംഗാണോയെന്നതെല്ലാം. അത് ഉള്‍ക്കൊള്ളാന്‍ പറ്റുന്ന തരത്തില്‍ നമ്മുടെ സമൂഹം ഇപ്പോഴും വളര്‍ന്നിട്ടില്ലാത്തത് കൊണ്ടാണ് പല ആളുകളും വേഷം മാറ്റിയാല്‍ ആണ് പെണ്ണാകില്ലെന്ന് പറയുന്നത്. ഒരു ദിവസം ഒരാള്‍ പെട്ടെന്ന് പെണ്ണാകാന്‍ തീരുമാനിച്ച് പ്രഖ്യാപിക്കുന്നതല്ല. അത് ഉള്ളില്‍ ഉള്ളത് കൊണ്ടാണ് ചിലര്‍ക്ക് ശരീരം മാറ്റമെന്ന് തോന്നുന്നത്. എല്ലാവര്‍ക്കും ഉണ്ടാവണമെന്നുമില്ല. അവര്‍ക്ക് ഗര്‍ഭപാത്രമുണ്ടോ, യോനിയാണോ ലിംഗമാണോ എന്നതെന്നും നോക്കിയല്ല ഇത് തീരുമാനിക്കുക. കുട്ടി ജനിക്കുമ്പോള്‍ ജനനേന്ദ്രിയം നോക്കിയാണ് ആണാണോ പെണ്ണാണോയെന്ന് നിശ്ചയിക്കുന്നത്. ജനനേന്ദ്രീയം നോക്കുമ്പോള്‍ സാധാരണ പോലെ കാണുന്നില്ലെങ്കില്‍ അപ്പോള്‍ തന്നെ ശസ്ത്രക്രിയ ചെയ്ത് ആണോ പെണ്ണോ ആക്കി മാറ്റിയാല്‍ മാത്രമേ സമാധാനമാകുമായിരുന്നുള്ളു. ഇപ്പോള്‍ ആ രീതിയൊക്കെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. കുട്ടിക്ക് ആരോഗ്യകരമായ പ്രശ്‌നങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ മാത്രം ആ സമയത്ത് ശസ്ത്രക്രിയ ചെയ്താല്‍ മതിയെന്നും അല്ലാതെ ജനിച്ച ഉടന്‍ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യേണ്ടതില്ലെന്നുമാണ് ഇപ്പോഴത്തെ കണ്‍സെപ്റ്റ്.
കുഞ്ഞ് ജനിക്കുമ്പോള്‍ തന്നെ പ്രസവിച്ച സ്ത്രീയെ 'അമ്മ' എന്ന് നിയമപരമായി രേഖപ്പെടുത്തും. പ്രസവിച്ചത് സഹദാണെങ്കിലും അച്ഛനാണെന്നാണ് അവര്‍ പറയുന്നത്. നിയമപരമായ പ്രശ്‌നങ്ങളുണ്ടാകുമോ?
നിയമപരമായി പഴയത് പോലെയുള്ള പ്രശ്‌നങ്ങളില്ല. സ്ത്രീകളുടെ ശ്രമഫലമായിട്ടാണ് അത്തരമൊരു മാറ്റം ഉണ്ടായിട്ടുള്ളത്. അമ്മയ്ക്കും രക്ഷകര്‍ത്താവാകാം. പലപ്പോഴും സാമൂഹ്യമായിട്ട് അത് ചോദ്യം ചെയ്യപ്പെടാറുണ്ട്. ചില റോളുകളില്‍ അമ്മയ്ക്ക് പ്രധാന്യം നല്‍കുമ്പോള്‍ ചിലയിടത്ത് അത് അച്ഛനാണ് ലഭിക്കുന്നത്. നിയമപരമായി നോക്കുമ്പോള്‍ പ്രശ്‌നമുണ്ടാകാന്‍ സാധ്യതയില്ല.