ആദരാഞ്ജലി എന്ന പ്രഹസനം കൊണ്ട് ആരും വരരുത്; ആക്രമിക്കാൻ ആഹ്വാനം ചെയ്യുന്നവരും അതിന് കയ്യടിക്കുന്നവരും മാപ്പ് പറയണം

ആദരാഞ്ജലി എന്ന പ്രഹസനം കൊണ്ട് ആരും വരരുത്; ആക്രമിക്കാൻ ആഹ്വാനം ചെയ്യുന്നവരും അതിന് കയ്യടിക്കുന്നവരും മാപ്പ് പറയണം
Published on

യുദ്ധഭൂമിയിൽ പോലും ആരോഗ്യപ്രവർത്തകരെയും ആശുപത്രികളെയും ആക്രമിക്കാൻ പാടില്ലാ എന്നുണ്ട്. എന്നാൽ കേരളത്തിൽ അത്തരം ആക്രമണങ്ങൾ വളരെ സ്വാഭാവികമായ ഒന്നാണ്. അർദ്ധരാത്രിയിൽ ICU ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടർക്ക് തിരുവനന്തപുരം മെഡിക്കൽ കോളജിൽ വയറിന് ചവിട്ട് കിട്ടിയിട്ട് 5 മാസമായതേയുളളു. സംഗതി വാർത്തയാവുമ്പോൾ മാത്രം, അത് ആ സമയത്തെ വൈകാരിക പ്രതികരണമെന്ന ഉഡായിപ്പുമായി കുറേപേർ വരും. ഈ വാർത്തകൾക്ക് താഴെ വരുന്ന പ്രതികരണം മാത്രം നോക്കിയാൽ മതി അറിയാം, ഇതൊന്നും പെട്ടെന്നുള്ള വൈകാരിക വിക്ഷോഭം അല്ലായെന്ന്. തരം കിട്ടിയാൽ കൈകാര്യം ചെയ്യാൻ കാത്തിരിക്കുന്നവരെയും ആരാണെന്നോ എന്താണെന്നോ അറിയാത്ത ഏതോ ഒരു ഡോക്ടർക്ക് അടി കിട്ടിയതിൽ ആഹ്ലാദിക്കുന്നവരെയും ഒക്കെ ധാരാളം കാണാം.

ഇന്നിപ്പൊ ഒരു വനിതാ ഡോക്ടർ ഡ്യൂട്ടിക്കിടയിൽ രോഗിയുടെ കുത്തേറ്റ് മരിച്ചിരിക്കുന്നു. ലോകത്തൊരിടത്തും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്. അങ്ങനൊരു സംഭവം ചിന്തിക്കാൻ കൂടി പ്രയാസമായത്. അതും ഇവിടെ സംഭവിച്ചു.

കൊല്ലപ്പെട്ട ഡോക്ടർ വന്ദന ദാസ്
കൊല്ലപ്പെട്ട ഡോക്ടർ വന്ദന ദാസ്

2021 മുതൽ 136 രേഖപ്പെടുത്തപ്പെട്ട ആശുപത്രി ആക്രമണങ്ങൾ നടന്ന സംസ്ഥാനമാണ് കേരളം. ഹൈക്കോടതി പോലും ആശങ്ക അറിയിച്ച ആ ഗൗരവമേറിയ വിഷയം മുന്നിലുള്ളപ്പോഴാണ് ചില ഡോക്ടർമാർ തല്ലു കൊള്ളേണ്ടവരാണെന്ന് ഒരു മുൻമന്ത്രിയും MLA യുമായ വ്യക്തി നിയമസഭയിൽ പറയുന്നത്. നിയമസഭയ്ക്ക് അകത്തോ പുറത്തോ ഡോക്ടർമാരുടേതൊഴികെ ഏതെങ്കിലും രാഷ്ട്രീയ കക്ഷികളോ സംഘടനകളോ അതിനെതിരെ ഒരക്ഷരം പോലും മിണ്ടിയില്ല. കാരണം അയാൾ പറഞ്ഞത് പൊതുവേ അംഗീകരിക്കപ്പെട്ട കാര്യമാണല്ലോ.

ജോലി സ്ഥലത്ത് വേണ്ടത്ര സുരക്ഷ ഒരുക്കേണ്ടത് അധികാരികളുടെ കടമയാണ്. ജീവനക്കാർക്ക് സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെങ്കിൽ ഈ സ്ഥാപനങ്ങൾ അടച്ചിടണം. ഇത്രയധികം സംഭവങ്ങളും പ്രതിഷേധങ്ങളും സമരങ്ങളും നിവേദനങ്ങളും ഒക്കെ കൊടുത്തിട്ടും വീണ്ടും വീണ്ടു വീണ്ടും ആശുപത്രികളും ആരോഗ്യ പ്രവർത്തകരും ആക്രമിക്കപ്പെടുകയാണെങ്കിൽ അതിന് ഉത്തരവാദികൾ അധികാരികൾ തന്നെയാണ്. അധികൃതരുടെ നിസംഗതയുടെയും ഉദാസീനതയുടെയും ഒടുവിലത്തെ രക്തസാക്ഷിയാണ് ഡോ. വന്ദനദാസ്. ആദരാഞ്ജലി അർപ്പിക്കുന്ന വെറും പ്രഹസനവും കൊണ്ട് ആരും വരരുത്. ആക്രമിക്കാൻ ആഹ്വാനം ചെയ്ത MLA യും മൗനപൂർവ്വം അത് കേട്ടിരുന്ന കേരള നിയമസഭയും കേരള സമൂഹം ഒന്നാകെയും പൊതുവിടത്തിൽ ഇതിന് മാപ്പ് പറയണം.

Related Stories

No stories found.
logo
The Cue
www.thecue.in