ഇങ്ങനെയല്ലായിരുന്നു സെന്റ് തോമസ്, ഇതല്ലായിരുന്നു ക്യാമ്പസ്. ഒരുപാട് പ്രണയങ്ങള്‍ക്കും സൗഹൃദങ്ങള്‍ക്കും യൂണിറ്റ് കമ്മിറ്റികള്‍ക്കും വേദിയായിരുന്ന പപ്പുമര ചുവടിനടുത്ത് ഒരു കൊലപാതകം നടന്നുവെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. ക്യാമ്പസില്‍ പ്രണയങ്ങളും, പ്രണയാഭ്യര്‍ത്ഥനകളും സാധാരണമായിരുന്നു, ഒരു കൊലപാതകം നടക്കുന്നത് വരെ. കാലത്ത് എട്ട് മണി മുതല്‍ ക്യാമ്പസില്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ പ്രതിനിധികള്‍ ഉണ്ടായിരുന്ന സമയം ഉണ്ടായിരുന്നു. പലരും ക്ലാസ്സില്‍ കയറാതെ ക്യാമ്പസിന്റെ പല ഭാഗങ്ങളിലായി കോളേജിന്റെ ഗേറ്റ് അടക്കുന്നത് വരെ ക്യാമ്പസില്‍ ഉണ്ടായിരുന്നു. ഒരുപക്ഷേ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇല്ലാത്ത, ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ ജീവിച്ചിരുന്ന ആ സമയമായിരുന്നുവെങ്കില്‍ ഇങ്ങനെയൊരു കൊലപാതകം അവിടെ സംഭവിക്കില്ലായിരുന്നു.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിനെതിരെ രാജ്യത്ത് ആദ്യമായി കേസ് കൊടുത്ത ക്യാമ്പസ് ആയിരുന്നു പാലാ സെന്റ് തോമസ്. പക്ഷെ ക്യാമ്പസില്‍ വിദ്യാര്‍ത്ഥികളെയോ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളെയോ തളച്ചിടാന്‍ മാനേജ്മെന്റിന് സാധിച്ചിരുന്നില്ല. കൂട്ടായ്മകളെ എതിര്‍ത്ത, വിദ്യാര്‍ത്ഥികളുടെ അഭിപ്രായങ്ങള്‍ക്ക് പലപ്പോഴും ചെവി കൊടുക്കാതെ ഇരുന്ന കോളേജ് മാനേജ്മന്റ് ഇന്ന് തലകുനിച്ച് ഇരിക്കണം. സമാധാനം സ്ഥാപിക്കാന്‍ വേണ്ടി കസര്‍ത്തുകള്‍ പലതും നടത്തിയ ക്യാമ്പസില്‍ തന്നെയാണ് ക്രൂരമായ കൊലപാതകവും സംഭവിച്ചിരിക്കുന്നത്.
2019ല്‍ ഡിഗ്രി കഴിഞ്ഞു ക്യാമ്പസില്‍ നിന്നും ഇറങ്ങുമ്പോള്‍ ഒരിക്കലും പിരിയാന്‍ സാധിക്കാത്തവണ്ണം അടുത്തിരുന്നു ക്യാമ്പസും, പപ്പുമര ചുവടുമായി. പൊതിച്ചോറുമായി വീട്ടില്‍ നിന്നും വരുന്നവന്റെ കൂടെയിരുന്ന്, അവന്റെ ഇലയില്‍ നിന്നും ചോറുണ്ടതും, എസ്.എഫ്. ഐ പ്രവര്‍ത്തനങ്ങളുടെ സമയത്ത് യൂണിറ്റ് കമ്മിറ്റികള്‍ കൂടിയിരുന്നതും, ക്ലാസ് കട്ട് ചെയ്ത് പോയി കിടന്ന് ഉറങ്ങിയിരുന്നതും, ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരുന്നതും, ആദ്യമായി പ്രണയിച്ചതും അവിടെ ഇരുന്ന് കൊണ്ടായിരുന്നു. ഒരുപക്ഷെ ക്യാമ്പുസുമായി ഒരു തരത്തിലുള്ള വൈകാരിക ബന്ധവും ഇല്ലാത്ത പൂര്‍വ വിദ്യാര്‍ത്ഥികള്‍ പോലും ഇന്ന് അസ്വസ്ഥരായിരിക്കും.
എ ബ്ലോക്കില്‍ നിന്നും ക്യാന്റീനിലോട്ട് പോകുന്ന സ്റ്റെപ്പുകളും, ജി ബ്ലോക്കിന്റെ താഴത്തെ നിലയുമെല്ലാം ആളുകള്‍ അധികം വരാത്ത സ്ഥലങ്ങള്‍ ആയിരുന്നു. എന്നിട്ടും ആ കൊലപാതകം നടന്നത് കോളേജിന്റെ ഹൃദയമായ പപ്പുമര ചുവടിനടുത്താണ് എന്നത് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല.
പഠിച്ചിരുന്ന കാലത്തെല്ലാം ഒരുപാട് പ്രണയങ്ങള്‍ കണ്ടിട്ടുണ്ട്, പ്രണയാഭ്യര്‍ത്ഥനകള്‍ കണ്ടിട്ടുണ്ട്. പ്രണയം നിഷേധിക്കപ്പെട്ടപ്പോള്‍ നിരാശരായവരെയും കണ്ടിട്ടുണ്ട്. അവരാരും കത്തിയുമെടുത്ത് ഇറങ്ങിയില്ല. വൈകുന്നേരം നാഷണല്‍ ഹോട്ടലില്‍ ഒരു കട്ടന്‍ചായ കുടിച്ച് അവര്‍ നിരാശയെ അകറ്റി. അവരോട് സംസാരിക്കാന്‍ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. കൂടെ നില്‍ക്കാന്‍ അധ്യാപകരും ഉണ്ടായിരുന്നു.
ഇനിയുള്ള ചര്‍ച്ചകളിലെല്ലാം പാലാ സെന്റ് തോമസ് കൊലപാതക ക്യാമ്പസ് ആയിരിക്കും. കുട്ടികളെ അവിടേക്ക് പറഞ്ഞയക്കാന്‍ ഭയപ്പെടുന്ന രക്ഷിതാക്കളും, ക്ലാസ്സില്‍ ഇരിക്കുന്ന കുട്ടികളെ മനസിലാക്കാന്‍ കഴിയാത്തതിന്റെ കുറ്റബോധം നേരിടുന്ന അധ്യാപകരും, സഹപാഠികളെ ഭയത്തോടെ നോക്കുന്ന വിദ്യാര്‍ത്ഥികളും, ഒന്ന് പ്രണയിക്കാന്‍ വരെ മടിക്കുന്നവരും ഇനി രൂപപ്പെടും. ക്യാമ്പസില്‍ ബോധവത്കരണ ക്ലാസ്സുകളുടെ അകമ്പടിയോട് കൂടി കുട്ടികള്‍ക്ക് മേല്‍ ഡിസിപ്ലിന്‍ അടിച്ചേല്‍പ്പിക്കാന്‍ മാനേജ്മന്റ് പരിശ്രമിക്കും.
ഒരുപക്ഷെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ ക്യാമ്പസില്‍ സംസാരിക്കരുത് എന്ന രീതിയിലോട്ട് വരെ കാര്യങ്ങള്‍ മാറിയേക്കാം. പരീക്ഷ എഴുതി കഴിഞ്ഞാലും പുറത്ത് ഇറക്കാതെ വിദ്യാര്‍ത്ഥികളെ മൂന്ന് മണിക്കൂറും എക്‌സാം ഹാളില്‍ പിടിച്ച് ഇരുത്തുവാനും മാനേജ്മന്റ് തയ്യാറായെന്ന് വരാം. അതുകൊണ്ട് മാറ്റങ്ങളെക്കാള്‍ കൂടുതല്‍ കോട്ടങ്ങള്‍ക്ക് ആയിരിക്കും നമ്മള്‍ സാക്ഷിയാകാന്‍ പോകുന്നത്.
കുട്ടികള്‍ക്ക് കൂടുതല്‍ ചട്ടങ്ങള്‍ നല്‍കി അവരെ തളച്ചിട്ടുകൊണ്ട് പെട്ടെന്ന് ഇത്തരം പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷപെടാം എന്ന് ചിന്തിക്കുന്ന ചെറിയൊരു വിഭാഗം ക്യാമ്പസുകള്‍ എങ്കിലും ഉണ്ടാകും. ആണ്‍കുട്ടി പെണ്‍കുട്ടി എന്ന വേര്‍തിരിവുകള്‍ കൂടി വന്നേക്കാം. രണ്ടുപേര്‍ സംസാരിക്കുമ്പോള്‍ പോലും അവരെ വിളിച്ച് ഉപദേശിക്കുന്ന അധ്യാപകരും പ്രിന്‍സിപ്പാള്‍മാരും പെരുകിയേക്കാം കേരളത്തില്‍. ക്യാമ്പസ് എന്നത് ഭയപ്പെടേണ്ട ഇടമാണെന്ന ഭീതി ഇനി ക്യാമ്പസുകളിലോട്ട് പോകുന്ന വിദ്യാര്‍ത്ഥികളില്‍ ഉണ്ടായേക്കാം. കൂടുതല്‍ അപകടകരമായ അത്തരമൊരു അവസ്ഥയില്‍ നിന്നും വിദ്യാര്‍ത്ഥികളെയും ക്യാമ്പസുകളെയും രക്ഷിക്കേണ്ടത് ഇപ്പോഴാണ്. വിദ്യാര്‍ത്ഥികള്‍ക്ക് സംസാരിക്കാനുള്ള കൂടുതല്‍ അവസരങ്ങള്‍ നല്‍കേണ്ടതും, അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കേണ്ടതും ഇപ്പോഴാണ്.
ക്യാമ്പസുകളെ വിശ്വസിച്ചു കുട്ടികളെ വിട്ടിരുന്ന രക്ഷിതാക്കള്‍ കേരളത്തിലുണ്ട്. കഴുത്തില്‍ നിന്ന് ചോര വാര്‍ന്ന് വീഴുമ്പോള്‍ നിതിനയുടെ ഫോണിന്റെ മറുപുറത്ത് അമ്മയുണ്ടായിരുന്നു. ഒരുപക്ഷേ പ്രാണന്‍ പോകുന്ന പിടച്ചില്‍ ആ 'അമ്മ കേട്ടിരിക്കാം. ഇനിയെത്ര രക്ഷിതാക്കള്‍ ആശങ്ക കൂടാതെ മക്കളെ ക്യാമ്പസുകളിലോട്ട് വിടും? എത്ര കുട്ടികള്‍ സൗഹൃദങ്ങളെ പറ്റിയും, പ്രണയത്തെ പറ്റിയും രക്ഷിതാക്കളോട് സംസാരിക്കും? പരീക്ഷകളില്‍ കോപ്പി അടിച്ചും, സഹപാഠികളില്‍ നിന്നും പൈസ വാങ്ങി ചായ കുടിച്ചും, ക്ലാസ് കട്ട് ചെയ്ത് സിനിമക്ക് പോവുകയും ചെയ്തിരുന്ന അതേ വിദ്യാര്‍ത്ഥി സമൂഹത്തില്‍ തന്നെയാണ് പ്രണയം നിഷേധിച്ചു എന്നതിന്റെ പേരില്‍ അരുംകൊലയും സംഭവിച്ചിരിക്കുന്നത്.
പ്രണയത്തില്‍ അകല്‍ച്ച കാണിച്ചതാണ് കൊലപാതക കാരണം എന്ന് വീണ്ടും വീണ്ടും പറയുന്നത് ന്യായീകരണമാകുന്നില്ല. അടച്ചിട്ട മുറികളും, സംസാരിക്കാന്‍ സുഹൃത്തുക്കളും സഹപാഠികളും ഇല്ലാത്ത കോവിഡ് സാഹചര്യങ്ങളും ഒരു കൊലപാതകിയെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കാത്ത, കൂട്ടായ്മകളെ പിന്തുണക്കാത്ത ക്യാമ്പസ് പൊളിച്ചു പണിയേണ്ടത് അതിന്റെ ആശയങ്ങളില്‍ നിന്നും, സ്വാര്‍ത്ഥ താല്‍പര്യങ്ങളില്‍ നിന്നുമാണ്. ഇതൊരു അവസരമായി കണ്ട് ഓട്ടോണമസ് ആക്കുവാനുള്ള നടപടികള്‍ മുന്നോട്ട് കൊണ്ട് പോയി സെന്റ് തോമസിനെ മാനേജ്മന്റ് തളച്ചിടില്ല എന്ന് പ്രതീക്ഷിക്കുന്നു. ക്യാമ്പസുകള്‍ വീണ്ടും തുറക്കുന്നു, ആദ്യമായി ക്യാമ്പസിലോട്ട് വരുന്നവരും, ഒന്നര വര്‍ഷത്തോളം ക്യാമ്പസില്‍ നിന്ന് അകന്നു നിന്നവരും വീണ്ടും തിരിച്ച് വരുമ്പോള്‍ പുതിയ മാറ്റങ്ങള്‍ ഉണ്ടാകട്ടെ, പഴയ ക്യാമ്പസുകള്‍ പുനര്‍ജനിക്കട്ടെ.
ചിത്രങ്ങള്‍ക്ക് കടപ്പാട്; ജോര്‍ജ് സിറിയക്, ജ്യോതിഷ് കുമാര്‍