രാഹുല്‍ ഗാന്ധിയിലെ ആരും പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍

രാഹുല്‍ ഗാന്ധിയിലെ ആരും പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍
Published on
Summary

രാജീവ് ഗാന്ധി വധിക്കപ്പെട്ട 1991-ല്‍ വേനലില്‍ എനിക്ക് ഏഴ് വയസ്സ് തികഞ്ഞിരുന്നില്ല. മരണവുമായുള്ള എന്റെ ആദ്യത്തെ അഭിമുഖമായിരുന്നു അത്. നമുക്ക് തിരിച്ചറിയാന്‍ സാധിക്കുന്ന ഒരാളുടെ മരണം. ഭാവനയ്ക്കായി ഒന്നും ദിനപത്രങ്ങളിലെ വാര്‍ത്തകള്‍ അവശേഷിപ്പിച്ചിരുന്നില്ല. ചിതറിത്തെറിച്ച ശരീരാവശിഷ്ടങ്ങള്‍, ബോംബ് സ്ഫോടനം നടന്ന സ്ഥലം, എന്നിവയുടെ ചിത്രങ്ങളാണ് അച്ചടിച്ച് വന്നത്. എല്ലാം വളരെ വിശദമായി കാണിച്ചിരുന്നു. എന്റെ കൈപ്പിടിയില്‍ ലഭിച്ച എല്ലാം ഞാന്‍ വായിച്ചിരുന്നു. പിന്നീട് ഭക്ഷണം കഴിക്കുന്നത് തന്നെ അസാധ്യമായി തീര്‍ന്നു, എനിക്ക്. എന്റെ അമ്മ ഭക്ഷണം തരാന്‍ ശ്രമിക്കുമ്പോള്‍, രൂക്ഷമായി ഞാന്‍ ശര്‍ദ്ദിച്ചുകൊണ്ടേയിരുന്നു. ഇത് രണ്ടാഴ്ചയോളം തുടര്‍ന്നു.

ഒക്ടോബര്‍ 2021

എന്റെ ജീവിതപങ്കാളി, സെഡ്രിക്കിനോട് ഞാന്‍ രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിക്കാന്‍ പോവുകയാണ് എന്ന വിവരം അറിയിക്കാനായി ആവേശപൂര്‍വം ചെന്നപ്പോള്‍, തന്റെ നിരാശ മറച്ചുവെക്കാന്‍ ഒട്ടും തന്നെ അദ്ദേഹം ശ്രമിക്കുകയുണ്ടായില്ല. ''കോണ്‍ഗ്രസ് ഒരു ബൂര്‍ഷ്വാ പാര്‍ട്ടിയാണ്.'' അദ്ദേഹം വാദിച്ചു. ''അവരുമായി ഇപ്പോള്‍ നിനക്ക് എന്താണ് ഇടപാട്?'' സെഡ്രിക് ഒരിടതുപക്ഷക്കാരനാണ്. പാശ്ചാത്യ യൂറോപ്പില്‍ നിന്നുള്ള ഒരു ട്രോട്സ്‌കിയിസ്റ്റ് ആണ് അദ്ദേഹം. തീവ്രമായി ആഭിമുഖ്യം പുലര്‍ത്തുന്ന, വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇനത്തിലെ ഒരാള്‍. പ്രതിപക്ഷ നേതാക്കളില്‍ ഒരാളെ സന്ദര്‍ശിക്കുന്നതിന്റെ അസൂയാവഹമായ സാഹചര്യം, അദ്ദേഹത്തെ ഒട്ടും തന്നെ ആകര്‍ഷിക്കുകയുണ്ടായില്ല. ''എന്റെ സുഹൃത്തുക്കള്‍ ജയിലിലാണ്. എന്റെ സുഹൃത്തുക്കളുടെ മാതാപിതാക്കള്‍ ജയിലിലാണ്.'' അദ്ദേഹത്തിന്റെ രാഷ്ട്രീയ വാദങ്ങളെ പ്രതിരോധിക്കുന്നതിനായി വൈകാരികമായ തലമാണ് ഉപയോഗിക്കുന്നത് എന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെ ഞാന്‍ പ്രതികരിച്ചു. ''ഞങ്ങള്‍ എല്ലാ വാതിലുകളും മുട്ടിനോക്കി. ഈ മനുഷ്യന്(രാഹുലിന്)ഞങ്ങളെ സഹായിക്കാന്‍ കഴിയും.'' ഭീമാ കൊറേഗാവ് സംഭവവുമായി ബന്ധപ്പെട്ടു കെട്ടിച്ചമച്ച കുറ്റകൃത്യങ്ങളെ ആധാരമാക്കി, തീവ്രവാദ പ്രവര്‍ത്തനം നടത്തിയെന്ന കുറ്റാരോപണത്തിന്റെ പേരില്‍ രാജ്യത്തെ ധീരരായ സാമൂഹിക പ്രവര്‍ത്തകരും ബുദ്ധിജീവികളുമായ 16 പേരെ തുറുങ്കില്‍ അടച്ചതുമായി ബന്ധപ്പെട്ട കാര്യമാണ് ഞാന്‍ സൂചിപ്പിച്ചത്.

image courtesy / freepressjournal.in
രാഹുല്‍ ഗാന്ധിയിലെ ആരും പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍
നടന്ന് തെളിയുന്ന രാഹുല്‍ ഗാന്ധി

ഗുജറാത്തില്‍ നരേന്ദ്ര മോദിയുടെ ശക്തനായ വിമര്‍ശകനും തിരഞ്ഞെടുക്കപ്പെട്ട നിയമസഭാ സമാജികനും ആയിരുന്ന ജിഗ്നേഷ് മേവാനിയാണ് ഈ കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയത്. അവരുടെ വിമോചനത്തിന് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഞങ്ങളുടേതായ രീതിയില്‍ ജിഗ്നേഷും ഞാനും സഹകരിച്ചിരുന്നു. ഞങ്ങള്‍ പത്രങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് ഒരുമിച്ച് ലേഖനങ്ങള്‍ എഴുതുകയും ട്വീറ്റ് ചെയ്യുകയും അഭിമുഖങ്ങള്‍ ചെയ്യുകയും തുറന്ന കത്തുകളില്‍ രാഷ്ട്രീയക്കാരുടെ ഒപ്പ് ശേഖരിക്കാന്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഈ പോരാട്ടത്തിന്റെ സ്വാഭാവികമായ മുന്നോട്ടുപോക്ക് ആയിരുന്നു രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച. ഞങ്ങളുടെ കൂടിക്കാഴ്ചയ്ക്ക് കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ്, അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വളരെ സ്ഫോടനാത്മകമായ ഒരു റിപ്പോര്‍ട്ട് വരികയുണ്ടായി: ആര്‍സനല്‍ കണ്‍സള്‍ട്ടിംഗ് എന്ന ഒരു സാങ്കേതിക ഫോറന്‍സിക് സ്ഥാപനം നടത്തിയ കണ്ടെത്തലുമായി ബന്ധപ്പെട്ടതായിരുന്നു അത്. തടവിലാക്കപ്പെട്ട ഈ സാമൂഹിക പ്രവര്‍ത്തകരെ കുടുക്കുന്നതിനായി ഉപയോഗിച്ച ഇലക്ട്രോണിക് തെളിവുകള്‍ അവരുടെ കമ്പ്യൂട്ടറുകളില്‍ വിദൂര കമ്പ്യൂട്ടര്‍ ശൃംഖലയില്‍ നിന്ന് നിക്ഷേപിക്കപ്പെട്ടതാണ് എന്നതായിരുന്നു ആ കണ്ടെത്തല്‍. അവര്‍ക്കെതിരെ കേസുകള്‍ ഫയല്‍ ചെയ്യുന്നതിന് വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ഇത് ചെയ്തിരുന്നതായി കണ്ടെത്തപ്പെട്ടു. സാമൂഹിക പ്രവര്‍ത്തകര്‍ക്കു മേല്‍ ചാരപ്രവര്‍ത്തനം നടത്തുന്നതിന് ഇസ്രാഈലി സോഫ്റ്റ്വെയര്‍ ആയ പെഗാസിസ് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിനൊപ്പം, രാഹുല്‍ഗാന്ധി ഈ പ്രശ്നത്തില്‍ ഇടപെട്ട് ശബ്ദമുയര്‍ത്തിയാല്‍, അത് തടവിലാക്കപ്പെട്ടവരെ വിടുതല്‍ ചെയ്യുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുമെന്ന് ഞങ്ങള്‍ വിശ്വസിച്ചു.

Rahul Gandhi holding up the Constitution of India and a picture of Dr B.R. Ambedkar. Photo: X/@RahulGandhi
Rahul Gandhi holding up the Constitution of India and a picture of Dr B.R. Ambedkar. Photo: X/@RahulGandhi
രാഹുല്‍ ഗാന്ധിയിലെ ആരും പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍
രാഹുലിന്റെ ശബ്ദം മോദി ഭയക്കുന്നത് എന്തുകൊണ്ട് ?

രാഗായെ (അദ്ദേഹവുമായി അടുത്ത വൃത്തങ്ങളില്‍ രാഹുല്‍ ഗാന്ധിയെ അങ്ങനെയാണ് വിളിക്കുന്നത്) സന്ദര്‍ശിക്കുന്നതിന്പോകാന്‍ ഒരുങ്ങവെ വികാരങ്ങളുടെ ചുഴികളില്‍ ഞാന്‍ പെട്ടുപോയി. നീല നിറത്തിലുള്ള കോട്ട കോട്ടന്‍സാരിയാണ് ഉടുത്തതെന്ന് ഞാന്‍ ഓര്‍ക്കുന്നു. സാരി ഒതുക്കത്തില്‍ ഞൊറികളിട്ട് മടക്കി ആ ഞൊറികള്‍ പാവാടയിലേക്ക് തിരുകിക്കയറ്റുമ്പോള്‍, അനിയന്ത്രിതമായി എന്റെ മൊത്തം ശരീരവും വിറയ്ക്കുന്നുണ്ടായിരുന്നു. എന്റെ തന്നെ വയറില്‍ തൊട്ടുകൊണ്ട്, രാഹുലിനെ കാണാനാണ് ഞാന്‍ പോകുന്നത് എന്ന ചിന്ത തന്നെ അദ്ദേഹത്തിന്റെ പിതാവിനെ കൊന്ന ആത്മഹത്യാബോംബര്‍ ഒരു ബെല്‍റ്റ്ബോംബാണ് ധരിച്ചിരുന്നത് എന്ന ഓര്‍മ എന്നിലുണര്‍ത്തി. എവിടെയോ ഉള്ള ചില തമിഴ് സ്ത്രീകള്‍ ഇതുപോലെ അന്നും ഒരുങ്ങിയിട്ടുണ്ടാകുമല്ലോ എന്ന് ഞാന്‍ ഓര്‍ത്തു. അവര്‍ അദ്ദേഹത്തിന്റെ ജീവന്‍ എടുക്കുകയും ചെയ്തു.

ശ്രീലങ്കയില്‍ പ്രത്യേകമായി ഒരു ജന്മനാടിനുവേണ്ടി പോരടിച്ചിരുന്ന തമിഴ് സംഘങ്ങളുടെ സൈനിക പ്രവര്‍ത്തനങ്ങളോട് മാനസിക ഐക്യം പ്രകടിപ്പിച്ചിരുന്ന ഒരു കുടുംബത്തില്‍ ആണ് ഞാന്‍ വളര്‍ന്നത് എന്ന ഓര്‍മയാണ് എന്റെ വിറയലിന്റെയും സംഘര്‍ഷഭരിതമായ വികാരങ്ങളുടെയും അടിത്തറ. ഈ തമിഴ് സൈനിക സംഘങ്ങളില്‍ തമിഴ് പുലികളും ഉള്‍പ്പെട്ടിരുന്നു. അവര്‍ നേരിട്ടിരുന്ന അടിച്ചമര്‍ത്തലുകളുടെ വെളിച്ചത്തില്‍ ഞങ്ങള്‍ അവരുടെ സായുധ പോരാട്ടങ്ങളെ പിന്തുണച്ചിരുന്നു. വിമോചനപോരാട്ടത്തിന്റെ ഏറ്റവും അവശ്യമായ ഭാഗം എന്ന നിലയില്‍ ഞങ്ങള്‍ അവരുടെ ഹിംസാ ത്മകമായ നടപടികളെ ന്യായീകരിച്ചിരുന്നു.

രാജീവ് ഗാന്ധി വധിക്കപ്പെട്ട 1991-ല്‍ വേനലില്‍ എനിക്ക് ഏഴ് വയസ്സ് തികഞ്ഞിരുന്നില്ല. മരണവുമായുള്ള എന്റെ ആദ്യത്തെ അഭിമുഖമായിരുന്നു അത്. നമുക്ക് തിരിച്ചറിയാന്‍ സാധിക്കുന്ന ഒരാളുടെ മരണം. ഭാവനയ്ക്കായി ഒന്നും ദിനപത്രങ്ങളിലെ വാര്‍ത്തകള്‍ അവശേഷിപ്പിച്ചിരുന്നില്ല. ചിതറിത്തെറിച്ച ശരീരാവശിഷ്ടങ്ങള്‍, ബോംബ് സ്ഫോടനം നടന്ന സ്ഥലം, എന്നിവയുടെ ചിത്രങ്ങളാണ് അച്ചടിച്ച് വന്നത്. എല്ലാം വളരെ വിശദമായി കാണിച്ചിരുന്നു. എന്റെ കൈപ്പിടിയില്‍ ലഭിച്ച എല്ലാം ഞാന്‍ വായിച്ചിരുന്നു. പിന്നീട് ഭക്ഷണം കഴിക്കുന്നത് തന്നെ അസാധ്യമായി തീര്‍ന്നു, എനിക്ക്. എന്റെ അമ്മ ഭക്ഷണം തരാന്‍ ശ്രമിക്കുമ്പോള്‍, രൂക്ഷമായി ഞാന്‍ ശര്‍ദ്ദിച്ചുകൊണ്ടേയിരുന്നു. ഇത് രണ്ടാഴ്ചയോളം തുടര്‍ന്നു. ഈ കാലയളവില്‍ എന്നെ ഡോക്ടര്‍മാര്‍ക്കരികിലേക്ക് അമ്മ കൊണ്ടുപോയിരുന്നു. എനിക്ക് ദ്രവരൂപത്തിലെ ഭക്ഷണം നല്‍കാനാണ് ക്യാമ്പസ് ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്‍ ഉപദേശിച്ചത്. ഭക്ഷണം കഴിക്കാന്‍ എന്നെ നിര്‍ബന്ധിക്കരുത് എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഞാന്‍ വൈകാരികമായ ആഘാദത്തിന് വിധേയമായിരിക്കുന്നു എന്ന് ഡോക്ടര്‍ അമ്മയോട് പറഞ്ഞു. ആ മരണത്തിന്റെ ഭീകരതയോട് ഒരു കുഞ്ഞ് എന്ന നിലയ്ക്ക് പൊരുത്തപ്പെടാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

ഒരു ഏഴ് വയസ്സുകാരി എന്ന നിലയില്‍, രാഹുലിനും സഹോദരിക്കും അവരുടെ അമ്മയ്ക്കുമായി ഹൃദയം നുറുങ്ങിയിരുന്നു. ഇതൊന്നും അവര്‍ അര്‍ഹിക്കുന്ന കാര്യമല്ല. അത്രയും ആഴമുള്ളതാണ് അവരുടെ നിഷ്‌കളങ്കത. ഈ ലോകം അത്രയും വികൃതമായ രീതിയില്‍ അനീതി പൂര്‍ണമാണ്.

ആ ദിവസം, മയമുള്ള സാരിയുടുത്ത്, ഞാന്‍ രാഹുലിന്റെ വാതിലില്‍ മുട്ടാന്‍ തുനിയുകയാണ്. നീതി ലഭിക്കുന്നതിനായി അദ്ദേഹത്തിന്റെ സഹായം ആവശ്യപ്പെട്ടുകൊണ്ട്.

ഞങ്ങളെ അദ്ദേഹത്തിന്റെ സ്വീകരണ മുറിയിലേക്ക് കൂട്ടിക്കൊണ്ട് ചെന്നപ്പോള്‍, അദ്ദേഹത്തിന്റെ വലതുവശത്തായാണ് എന്നെ ഇരുത്തിയത്. 5 നിമിഷങ്ങള്‍ കൊണ്ട് അദ്ദേഹം എന്നെ ഒഴിവാക്കും എന്നാണ് ഞാന്‍ കരുതിയത്. ഇന്ത്യയിലെ രാഷ്ട്രീയക്കാരുടെ ശീലം അതാണ്. എന്നാല്‍ ഒരു മണിക്കൂറിലേറെ അദ്ദേഹം ജോലി ചെയ്യുന്നത് ശ്രദ്ധിച്ചുകൊണ്ട് ഞാന്‍ അവിടെ ഇരുന്നു. അദ്ദേഹം ഞങ്ങളെ ക്ഷമയോടെ കേട്ടു. ഞങ്ങള്‍ (ഉച്ചത്തില്‍ തന്നെ) വിയോജിപ്പുകള്‍ അറിയിച്ചു. അദ്ദേഹം മറ്റ് സന്ദര്‍ശകരോടും സംസാരിച്ചു. അദ്ദേഹം തന്റെ പാര്‍ട്ടിയിലെ മറ്റ് അംഗങ്ങളോട് ആശയവിനിമയം നടത്തി. അനുകമ്പയുള്ളവനായിരുന്നു അദ്ദേഹം. അത്യന്തം യാഥാര്‍ത്ഥ്യബോധം ഉള്ളയാളും ആയിരുന്നു. ഒരു ബദല്‍ വീക്ഷണം കേള്‍ക്കാന്‍ മനസ്സുള്ളവനും ആയിരുന്നു.

ഞങ്ങള്‍ പോരാന്‍ ഇറങ്ങുമ്പോള്‍, രാഗാ ഞങ്ങള്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഞങ്ങള്‍ ഇരുവരും മാസ്‌ക് ധരിച്ചിരുന്നു. (അത് കോവിഡ് കാലമായിരുന്നു). ഞങ്ങള്‍ക്ക് അരികില്‍ നിന്നിരുന്ന ആരോ തമാശരൂപേണ പറഞ്ഞു ''അവള്‍ LTTE ആണ്.'' ഞാന്‍ വിറങ്ങലിച്ചു പോയി. തുറിച്ച കണ്ണോടെ അവിടെ നിന്നു. രാഹുല്‍ വിടര്‍ന്ന കണ്ണുകളോടെ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അതോടെ എന്റെ സംഭ്രമം കുറയുകയും, ഇല്ലാതാവുകയും ചെയ്തു.

A photo of the Bharat Jodo Yatra. Photo: X/@srinivasiyc
A photo of the Bharat Jodo Yatra. Photo: X/@srinivasiyc

സെപ്റ്റംബര്‍ 2022

ഭാരത് ജോഡോ യാത്രയുടെ ആദ്യ രണ്ടു ദിനങ്ങളില്‍ അതില്‍ പങ്കെടുക്കാമോ എന്ന് എന്നോട് ചോദിച്ചു. ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള കന്യാകുമാരി നഗരത്തില്‍ നിന്നും രാഹുല്‍ ഗാന്ധി കശ്മീരിലേക്ക് നടക്കുകയാണ്. മൂവായിരത്തിലധികം മൈലുകള്‍ താണ്ടിക്കൊണ്ടുള്ള യാത്ര. ഉടന്‍തന്നെ ഞാന്‍ സമ്മതിച്ചു. രാഹുലിന്റെ വേഗതയ്ക്കൊപ്പം എത്തിച്ചേരുക എന്നത് ഏതാണ്ട് അസാധ്യമാണ്. അദ്ദേഹം അതിവേഗം പായുകയായിരുന്നു. ഞാന്‍ നടന്നു. പിന്നീട് ഒരു ഓബി വാനില്‍ കയറി. ആരെങ്കിലും കൈകള്‍ നീട്ടി പിടിച്ചാല്‍ ആ കൈകള്‍ കൂട്ടിപ്പിടിക്കുന്നതിന് അദ്ദേഹം അവര്‍ക്ക് അരികിലേക്ക് പോകുമായിരുന്നു. ചിലപ്പോള്‍ കുട്ടികളെ എടുത്ത് നടക്കുമായിരുന്നു. അദ്ദേഹത്തിന് നല്‍കേണ്ടതായ സുരക്ഷയുടെ വലയം ഒരുക്കുന്നതിന്, പലപ്പോഴും സുരക്ഷാ ഉദ്യോഗസ്ഥര്‍ കുഴങ്ങിയിരുന്നു. അദ്ദേഹത്തെ ആ രീതിയില്‍ കാണുന്നത് എന്നില്‍ ഭയസംഭ്രമങ്ങള്‍ ഉണ്ടാക്കി. നൈസര്‍ഗികതയുള്ളതായിരുന്നു അദ്ദേഹത്തിന്റെ പ്രവൃത്തികള്‍. നിര്‍ഭയനായിരുന്നു രാഹുല്‍. എന്റെ ഹൃദയത്തില്‍, അദ്ദേഹം സുരക്ഷിതനായിരിക്കണമെന്ന് ഞാന്‍പ്രാര്‍ത്ഥിക്കുകയുണ്ടായി. പ്രതികൂലമായ ഒന്നും തന്നെ അദ്ദേഹത്തിന് സംഭവിക്കരുത് എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു. മാതൃഭാവം മനസ്സില്‍ നിറയുമ്പോള്‍, നിങ്ങള്‍ക്ക് വിമര്‍ശക നിരീക്ഷകനായി നില്‍ക്കാന്‍ കഴിയുകയില്ല. അദ്ദേഹം ജീവനോടെ ഇരിക്കണം എന്നത് പ്രധാനമാണ് എനിക്ക്.

അദ്ദേഹം സുരക്ഷിതനായി ഇരുന്നെങ്കില്‍ മാത്രമേ, നമ്മളെ ഇന്ത്യക്കാര്‍ എന്ന നിലയില്‍ ഏകോപിപ്പിക്കുക എന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ പദ്ധതി ലക്ഷ്യം കാണുകയുള്ളൂ. ഉഷ്ണം തിളയ്ക്കുന്ന നട്ടുച്ചകളില്‍ യാത്ര താല്ക്കാലികമായി നിര്‍ത്തിവെയ്ക്കുമ്പോള്‍, അദ്ദേഹത്തെ കാണാന്‍ വരുന്നവരുമായി കൂടിക്കാഴ്ചകള്‍ നടത്തുമായിരുന്നു. മൂന്നോളം തവണ ഞാന്‍ അത്തരം കൂടിക്കാഴ്ചകള്‍ നടക്കുന്ന സ്ഥലത്തു ചെന്നിരിക്കുകയുണ്ടായി. സാമൂഹികപ്രവര്‍ത്തകരായ സ്ത്രീകളും ദളിത് പ്രവര്‍ത്തകരും പരിസ്ഥിതി പ്രവര്‍ത്തകരും പങ്കെടുത്ത കൂടിക്കാഴ്ചകളായിരുന്നു അവ. അദ്ദേഹത്തിന്റെ സംഘത്തിലെ അംഗങ്ങള്‍ എന്നെ അദ്ദേഹത്തെ പരിചയപ്പെടുത്തട്ടെ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ അത് വിലക്കി. സ്വാധീനമുള്ളവരുടെ പാദസേവകരാല്‍ മലീമസമായതാണ് ഇന്ത്യയിലെ രാഷ്ട്രീയം. രാഷ്ട്രീയക്കാരുമായി തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നവര്‍. ഞാനിവിടെ എഴുതാനാണ് വന്നിരിക്കുന്നത്. അവരോട് പറഞ്ഞു. എനിക്ക് ആ അകലം ആവശ്യമാണ്. ആ അപരിചിതത്വം ഞാന്‍ ആഗ്രഹിക്കുന്നു.'' ചുവരിലെ ഒരു ഷഡ്പദമായി ഇരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസിനെ ജനങ്ങള്‍ അദ്ദേഹത്തിന്റെ മുഖത്തുനോക്കി വിമര്‍ശിക്കുകയുണ്ടായി. അദ്ദേഹം ഒരു സന്ദര്‍ഭത്തിലും പ്രതിരോധത്തില്‍ ആയിരുന്നില്ല. വളരെ തുറന്ന മനസ്സോടെയാണ് വിമര്‍ശനങ്ങളെ എതിരേറ്റത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉണ്ടായിരുന്ന കാലയളവില്‍ സ്ഥാപിതമായ ആണവോര്‍ജ നിലയങ്ങളെക്കുറിച്ചും അദാനിക്ക് അനുവദിച്ച വിവാദപരമായ വിഴിഞ്ഞം തുറമുഖ പദ്ധതിയെക്കുറിച്ചും പരിസ്ഥിതി പ്രവര്‍ത്തകര്‍ ഓര്‍ത്തെടുത്ത് പറയുകയുണ്ടായി. അദ്ദേഹം ആ വിമര്‍ശനങ്ങളോട് അനുഭാവപൂര്‍ണമാണ് പ്രതികരിച്ചത്. പരിസ്ഥിതി പ്രവര്‍ത്തകരുടെ പക്ഷത്തുനിന്ന് തന്നെയാണ് അദ്ദേഹം കാര്യങ്ങള്‍ കണ്ടത്. തൃണമൂലതലത്തിലേക്ക്, പ്രശ്നത്തിന്റെ കാതലായ ഇടത്തിലേക്ക് അദ്ദേഹം കടന്നു വരികയായിരുന്നു. ഒരുതരം അരിപ്പകളും ഇല്ലാതെ, ഏറ്റവും അടിത്തട്ടില്‍ ഭൂമിയില്‍ നിന്നുകൊണ്ട് അദ്ദേഹം ജനങ്ങളെ ശ്രദ്ധിക്കുകയായിരുന്നു.

Hansraj

കോണ്‍ഗ്രസിന് എന്തോ സംഭവിക്കുകയായിരുന്നു. അതൊരു കടഞ്ഞെടുക്കല്‍ പ്രക്രിയയായിരുന്നു. അക്ഷത്തിന്റെ സമ്പൂര്‍ണമായ ഒരു മാറ്റം. എനിക്ക് അക്കാര്യത്തില്‍ നല്ല നിശ്ചയം ഉണ്ടായിരുന്നു. എന്റെ ആദ്യ പ്രതികരണങ്ങള്‍ ഒരു ലേഖനമായി ഞാന്‍ ദ വയറിൽ പ്രസിദ്ധീകരിച്ചിരുന്നു. സെന്‍ട്രിസത്തിനും മൃദുസ്വരത്തിനും രാഷ്ട്രീയ നിലപാടുകളില്‍ പേരുകേട്ട കോണ്‍ഗ്രസിന് ഒരു രാവ് ഇരുട്ടി വെളുക്കുമ്പോഴേക്കും വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വിധേയമാകാന്‍ സാധിക്കുമോ? അത് നിശ്ചിതമായി പറയാന്‍

ബുദ്ധിമുട്ടാണ് പക്ഷേ രാഹുലിന്റെ വഴികള്‍ അത്തരത്തിലാണ് എന്നാണ് തോന്നിപ്പിച്ചത്. അവര്‍ ആര്‍ജിച്ചിരിക്കുന്ന ഈ പ്രത്യയശാസ്ത്രപരമായ വ്യക്തത 2024ലെ പൊതു തിരഞ്ഞെടുപ്പില്‍ അവരെ വിജയത്തിലേക്ക് നയിച്ചേക്കുമോ? എനിക്ക് അക്കാര്യത്തെക്കുറിച്ച് പറയാനാവില്ല. അവര്‍ വിജയിച്ചാല്‍ തന്നെ ബിജെപി തോല്‍വി സമ്മതിക്കുമോ? അത്തരത്തില്‍ എന്തെങ്കിലും സംഭവിക്കാനുള്ള സാധ്യത ഞാന്‍ കാണുന്നില്ല. കോണ്‍ഗ്രസ് ഒരു രാഷ്ട്രീയപാര്‍ട്ടി എന്നതിലുമുപരിയായി മാറേണ്ടതുണ്ട്.

അതിനായി അത് ഒരു സാമൂഹിക പ്രസ്ഥാനം ആയി തീരേണ്ടതുണ്ട്.എന്റെ ട്രോട്സ്‌കിയിസ്റ്റ് പങ്കാളിയോട് സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ അസാധാരണമാണ് എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞത് ജനങ്ങളുടെ ആവേശങ്ങളെ പങ്കുവയ്ക്കുന്നത് നല്ലതാണ്, പക്ഷേ അവരുടെ മിഥ്യാധാരണകളെ പങ്കുവയ്ക്കുന്നത് നല്ലതല്ല എന്നാണ്. ഞാന്‍ 'ശ്രദ്ധാപൂര്‍വം ശുഭാപ്തിവിശ്വാസി' ആയിരിക്കുമെന്ന് അദ്ദേഹത്തോട് വാഗ്ദാനം ചെയ്തു. ഈ ആവേശത്തിന്റെ ഒഴുക്കില്‍ പെട്ടു എന്നുപോലും പറഞ്ഞു. അതിനോട് അദ്ദേഹം പ്രതികരിച്ചത് ഇപ്രകാരമാണ്: 'കോണ്‍ഗ്രസ്സിനെക്കുറിച്ച് ആണെങ്കില്‍, ശ്രദ്ധാപൂര്‍വം പോലും ഞാന്‍ ശുഭാപ്തി വിശ്വാസിയായിരിക്കുകയില്ല.'

ഏപ്രില്‍/ മെയ് 2024

പശ്ചിമ തമിഴ്നാട്ടിലെ പാര്‍ലമെന്റ് മണ്ഡലമായ കോയമ്പത്തൂരില്‍ ആയിരുന്നു ഞാന്‍. അവിടെ ബിജെപി സ്ഥാനാര്‍ത്ഥി മത്സരിക്കുന്നുണ്ട്. തെറ്റായ ആവേശം പടര്‍ത്തുവാന്‍ എല്ലാ മാധ്യമങ്ങളും മത്സരിക്കുകയായിരുന്നു. സാന്ദര്‍ഭികമായി, രാഗാ ഞങ്ങള്‍ അവിടെ എത്തിയ ഏപ്രില്‍ 12ന് സഖ്യകക്ഷി നേതാക്കള്‍ക്കൊപ്പം ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ അവിടേക്ക് പോയി. 10 ഏക്കറോളം വരുന്ന ഒരു മൈതാനത്ത് നാലു ലക്ഷത്തിലധികം ആള്‍ക്കാര്‍ തിങ്ങിനിറഞ്ഞു നിന്നിരുന്നു. അവിടെ പ്രസരിച്ച ഊര്‍ജം ആവേശം ജ്വലിപ്പിക്കുന്നതായിരുന്നു. രാഹുല്‍ ഗാന്ധി ജ്വലിച്ചുകൊണ്ടിരിക്കുകയായിരുന്നു. തമിഴ് നാട്ടിലേക്ക് വരുന്നത് അദ്ദേഹത്തില്‍ പുത്തന്‍ ഊര്‍ജത്തെ ഉള്‍ച്ചേര്‍ക്കുന്ന കാര്യമാണ് അദ്ദേഹം പറഞ്ഞത്. മറ്റേതൊരു രാഷ്ട്രീയ നേതാവ് അത്തരത്തില്‍ പറഞ്ഞാലും അതില്‍ കപടത്വം അനുഭവപ്പെടും. പക്ഷേ, അദ്ദേഹം അത് പറയുമ്പോള്‍ അങ്ങനെ ഒരു തോന്നല്‍ ഉളവാകില്ല. മാസങ്ങള്‍ക്കു മുമ്പ്, അദ്ദേഹം മോദിയെ വെല്ലുവിളിക്കുകയുണ്ടായി. അധികൃതമായ ഒരു സംസ്‌കാരത്തിന്റെ ഉടമകള്‍ എന്ന നിലയില്‍ തമിഴ് ജനത ബിജെപിയെ പ്രതിരോധിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്.

താന്‍ ഒരു തമിഴനാണ് എന്നാണ് രാഗാ പറഞ്ഞത്. താന്‍ പറഞ്ഞതിനെ അദ്ദേഹം പിന്നീട് വിശദീകരിക്കുകയുണ്ടായി ''എന്റെ രക്തം തമിഴ് മണ്ണില്‍ കലര്‍ന്നിരിക്കുന്നു.''

വൈകാരികമായ ഒരു പ്രവേശനദ്വാരമായിരുന്നു അത്. ഒരു വാതില്‍പടി താണ്ടി പോകല്‍. ഞങ്ങള്‍ക്ക്, ഒരു പിന്നോട്ട് പോക്ക് ഇല്ലായിരുന്നു. ചങ്ങാത്ത മുതലാളിത്ത നയങ്ങളിലൂടെ ഇന്ത്യയെ തന്റെ സുഹൃത്തുക്കള്‍ക്ക് പതിച്ചുകൊടുക്കുന്നതിന് മോദിയെ അദ്ദേഹം വിമര്‍ശിക്കുകയുണ്ടായി. ജനങ്ങളുടെ പ്രശ്നത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു കൊണ്ടിരുന്നു : വിലക്കയറ്റവും തൊഴിലില്ലായ്മയും അദ്ദേഹത്തിന്റെ നിരന്തര സംഭാഷണ വിഷയങ്ങളായി. സാമുദായിക സംഘര്‍ഷങ്ങള്‍ ഉളവാക്കുന്നതിന് അദ്ദേഹം മോദിയെ കുറ്റപ്പെടുത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍, രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങള്‍ ഒരു ഇടതുപക്ഷ ജനകീയ നേതാവിന്റെ സ്വരമാര്‍ജിക്കുന്നുണ്ടായിരുന്നു.

കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക നിര്‍ധനരായ സ്ത്രീകള്‍ക്ക് ഒരു വര്‍ഷം ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യമായി, സ്ത്രീകള്‍ ചെയ്യുന്ന വേതനരഹിത വീട്ടുജോലികള്‍ക്കുള്ള അംഗീകാരം എന്ന നിലയിലാണ് രാഹുല്‍ ഇതിനെ മുന്നോട്ടുവെയ്ക്കുന്നത് (വീട്ടുജോലി കള്‍ക്കുള്ള വേതനം)!

ഓരോ സമ്മേളനങ്ങളിലും സംവരണത്തിനുള്ള 50% നിബന്ധന എന്നത് ഒഴിവാക്കുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു കൊണ്ടിരുന്നു. 85% വരുന്ന ജനവിഭാഗങ്ങളുടെ ജാതികളും ഗോത്രങ്ങളും പിന്നാക്കമെന്നും അടിച്ചമര്‍ത്തപ്പെട്ടതെന്നും കരുതപ്പെടുന്ന ഒരു രാഷ്ട്രത്തില്‍ സംവരണം നിയന്ത്രിതമാക്കുന്നതിന്റെ ആവശ്യകത എന്താണ്.

-

നീതിയുക്തമായി വിഭവങ്ങളും അധികാരവും വിതരണം ചെയ്യുന്നതിനായി ജാതി സെന്‍സസ് നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക ഒരു ന്യായ പത്രം ആയിരുന്നു (നീതി പ്രമാണം). അതിന്റെ ഹൃദയവും കേന്ദ്രവും സാമൂഹിക നീതിയായിരുന്നു. ഈ രാജ്യത്ത് നിലനില്‍ക്കുന്ന വിപുലമായ അസമത്വത്തിന്റെ പ്രശ്നങ്ങളെ അദ്ദേഹം നിരന്തരം അഭിസംബോധന ചെയ്തിരുന്നു. സമ്പന്നര്‍ അതിസമ്പന്നര്‍ ആകുന്നു എന്നും ദരിദ്രര്‍ അതീവ ദരിദ്രരായി ത്തീരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചുകൊണ്ടേയിരുന്നു.

രാഷ്ട്രം എന്ന നിലയില്‍ ഇന്ത്യക്ക് ആവശ്യമുള്ള നേതാവാണ് അദ്ദേഹം. ഇടതുപക്ഷ പാളയങ്ങളില്‍ നിന്ന് ഉയരേണ്ടിയിരുന്ന ഒരു നേതാവായിരുന്നു അദ്ദേഹം. എന്നാല്‍, രാഹുല്‍ ഗാന്ധിയെ പോലെ കുടുംബാധികാര പാരമ്പര്യമുള്ള ഒരാള്‍ വിപ്ലവകരമായ രീതിയില്‍ പ്രകോപനപരമായി പ്രസംഗം നടത്തുന്ന ഒരാളായിത്തീരുന്ന തരത്തില്‍ അപായ സാധ്യതയുള്ള ഒരു പ്രവര്‍ത്തനത്തിന് ഇറങ്ങുമെന്ന് ആരും പ്രതീക്ഷിച്ചിട്ടില്ല. ബിജെപി ഒട്ടുംതന്നെ പ്രതീക്ഷിച്ചിട്ടില്ലാത്ത രാഗായുടെ ഒരു അവതാരം ആണിത്. അവര്‍ മുന്‍കാലങ്ങളില്‍ പണം കൊടുത്ത് നടത്തിയ പ്രചാരണങ്ങളിലെ പപ്പു (വിഡ്ഢി) എന്ന വിശേഷണം അവര്‍ക്ക് നേരെ തിരിഞ്ഞു കൊത്തുന്ന അവസ്ഥ രൂപപ്പെട്ടു.

ജനങ്ങളെ തൃപ്തിപ്പെടുത്തുക എന്നത് രാഹുലിന്റെ ഒരു കാര്യം മാത്രമാണ്. മോദിയെ പരിഭ്രമാവസ്ഥയിലേക്ക് തള്ളി വിടാന്‍ ആയി എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടം. ഹിന്ദിയിലെ ഒരു വലിയ പ്രസംഗകന്‍ എന്ന പേരുള്ള മോദി, ഓരോ പ്രസംഗത്തിന് ശേഷവും പൊതുജനങ്ങളുടെ ദൃഷ്ടിയില്‍ പരിതാപകരമായ രീതിയില്‍ വായിട്ടലക്കുന്ന വെറുമൊരു വിഡ്ഢിയായി തരംതാണ് തകര്‍ന്നടിയുന്നത് കാണുകയുണ്ടായി. മുസ്ലിം മതസ്ഥരെ നുഴഞ്ഞു കയറ്റക്കാര്‍ എന്ന് വിളിക്കാനും 'കൂടുതല്‍ കുട്ടികളുള്ളവര്‍' എന്ന് മുദ്രകുത്താനും മോദി തുനിഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തില്‍ എത്തിയാല്‍ അവര്‍ സ്ത്രീകളുടെ കെട്ടുതാലി പിടിച്ചെടുക്കുമെന്നും അത് മുസ്ലിംകള്‍ക്ക് കൊടുക്കും എന്നും മോദി പറഞ്ഞു.

നിങ്ങള്‍ക്ക് രണ്ട് എരുമകള്‍ ഉണ്ടെങ്കില്‍, കോണ്‍ഗ്രസ് അതിലൊന്നിനെ പിടിച്ചെടുത്ത് മുസ്ലിംകള്‍ക്ക് കൊടുക്കും എന്ന് വരെ മോദി പറയുകയുണ്ടായി. കോണ്‍ഗ്രസ് നിങ്ങളുടെ വൈദ്യുതി വിച്ഛേദിക്കും; കോണ്‍ഗ്രസ് നിങ്ങളുടെ കുടിവെള്ളം അപഹരിക്കും; മോദി പറഞ്ഞുകൊണ്ടിരുന്നു. നില്‍ക്കക്കള്ളിയില്ലാതായ സന്ദര്‍ഭത്തില്‍ അദാനിയും അംബാനിയും രാഹുല്‍ഗാന്ധിക്ക് ടെമ്പുകളില്‍ കള്ളപ്പണം എത്തിച്ചുകൊടുത്തു എന്നുവരെ മോദി ഒരു പൊതു പ്രസംഗത്തില്‍ പറയുകയുണ്ടായി. ഒരു വീഡിയോയിലൂടെയാണ് രാഗാ അതിനോട് പ്രതികരിച്ചത് ''മോദിജീ, കള്ളപ്പണം ടെമ്പുകളില്‍ ആണ് കൊണ്ടുവരിക എന്ന് നിങ്ങള്‍ക്ക് എങ്ങനെയാണ് അറിയുക നിങ്ങളുടെ അനുഭവത്തില്‍ നിന്നാണോ അത് പറഞ്ഞത്?''

മോദിയുടെ ഏറ്റവും വലിയ പിന്തുണക്കാരെ കുറിച്ച് ഒരക്ഷരം പോലും സംസാരിക്കാന്‍ കൂട്ടാക്കാതിരുന്ന പ്രധാനമന്ത്രി അവരെ ദുഷിക്കാന്‍ തുടങ്ങി. സ്വയം സംരക്ഷിച്ചെടുക്കാനും സാധാരണ ജീവിതത്തേക്കാള്‍ ഉയര്‍ന്ന ഒരു വ്യക്തിത്വം അപായമേതുമില്ലാതെ കാത്തുസൂക്ഷിക്കാനും മറ്റൊരു അഭിമുഖത്തില്‍ മോദി പറഞ്ഞത് തന്റെ ജന്മം ജീവശാസ്ത്രപരമായി അല്ല എന്നാണ്. മറിച്ച് ദൈവം അയച്ചതാണ് തന്നെയെന്ന് മോദിക്ക് പൂര്‍ണ ബോധ്യമുണ്ടെന്നും പറയുകയുണ്ടായി. ഇത്തരം എല്ലാ കാര്യങ്ങളിലും രാഹുല്‍ഗാന്ധി മോദിയെ കളിയാക്കിക്കൊണ്ടേയിരുന്നു

രാ ഗായുടെ പ്രക്ഷുബ്ധമായ ഈ വിപ്ലവരൂപാന്തരം അത് വി.പി സിംഗിന്റെ ആവര്‍ത്തനമാണ് എന്ന് അദ്ദേഹത്തിന്റെ വിമര്‍ശകര്‍ മുദ്രകുത്തിയിട്ടുണ്ട്. സമൂഹത്തിന്റെ ആഴങ്ങളിലേക്ക് ഇടതു ബോധത്തിന്റെ വിപുലീകൃതമായ ഒരു പാതയെ നിര്‍മിക്കാനും പ്രതിഫലിപ്പിക്കാനും സഹായിച്ചിട്ടുണ്ട്.

തന്റെ കൈകളില്‍ ഇന്ത്യയുടെ ഭരണഘടനയുടെ ചുവപ്പ് ചട്ടയുള്ള ഒരു കോപ്പി എടുത്തുകൊണ്ട്, ഡോക്ടര്‍ ബി.ആര്‍ അംബേദ്കര്‍ സ്വപ്നം കണ്ട ഇന്ത്യയെ സാമൂഹിക

നീതിയോട് പ്രതിബദ്ധതയുള്ള, സമത്വമുള്ള, സാഹോദര്യമുള്ള, സ്വാതന്ത്ര്യമുള്ള ഒരു രാഷ്ട്രത്തെ പ്രതീകാത്മകമായി ആവിഷ്‌കരിക്കാന്‍ അദ്ദേഹം ശ്രമിക്കുകയുണ്ടായി.ഇതെല്ലാം ഏതു തരത്തിലാണ് ആവിഷ്കൃതമാവുക എന്ന് നമുക്ക് അറിയില്ല. രാഹുല്‍ സ്വയം സദുദ്ദേശ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, അഴിമതി, പദവിമോഹം, ജാതീയത, മൃദുഹൈന്ദവത, ചങ്ങാത്തമുതലാളിത്ത അനുഭാവം എന്നീ ദുഷിപ്പുകളുടെ ഭൂതകാലത്തെ കുടഞ്ഞ് എറിയേണ്ട ഒരുപാര്‍ട്ടിയുടെ നേതൃത്വത്തിലാണ് അദ്ദേഹം ഇരിക്കുന്നത്.

വിപ്ലവകരമായ ഈ വഴിയെ ആഴമുള്ളതാക്കാനും അതില്‍ ഉറച്ചുനില്‍ക്കാനും രാഹുല്‍ ശ്രമിക്കുന്ന ഒരു അവസ്ഥയുണ്ടായാല്‍, ജെറീമി കോര്‍ബൈനിന്റെ അവസ്ഥ അദ്ദേഹത്തിന് ഉണ്ടായേക്കും. ഒറ്റപ്പെടുത്തപ്പെട്ട്, പുറന്തള്ളപ്പെട്ട്, ഗുണമില്ലാത്തതായി മുദ്രകുത്തപ്പെട്ട് പാര്‍ട്ടി സംവിധാനത്തില്‍ നിന്ന് തന്റെ കുടുംബ പാരമ്പര്യത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത ഒന്നാണ് കോണ്‍ഗ്രസിന്റെ പാരമ്പര്യം. അതുകൊണ്ടുതന്നെ മുന്‍കാലങ്ങളില്‍ പാര്‍ട്ടിയില്‍

പടര്‍ന്നുപിടിച്ചിരുന്ന ദുഷിപ്പുകളില്‍ നിന്ന് ഒരു മുന്നോട്ടുപോക്ക് സാധ്യമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞേക്കും. അദ്ദേഹത്തില്‍ നമ്മള്‍ പ്രതീക്ഷയര്‍പ്പിക്കുമ്പോള്‍, നമ്മള്‍ പ്രതീക്ഷിക്കുന്നത്, ഇത്രയും ഉദാത്തമായി അദ്ദേഹം തുടങ്ങിവെച്ച പൊതുസംവാദങ്ങള്‍ ഇടത് രാഷ്ട്രീയത്തിനും പ്രസ്ഥാനങ്ങള്‍ക്കും കൂടുതല്‍ ഇടം തുറന്നു കൊടുക്കും എന്നാണ്.

ബാലറ്റ് പെട്ടി തുറക്കുമ്പോള്‍ എന്താണ് യഥാര്‍ത്ഥത്തില്‍ പ്രത്യക്ഷമാകുക എന്ന് പ്രവചിക്കുന്നത് വളരെ ബാലിശമാണെങ്കിലും, എല്ലാത്തിനെയും കൈപ്പിടിയില്‍ അമര്‍ത്തുന്ന തരത്തിലുള്ള ബിജെപിയുടെ ആധിപത്യം അവസാനിച്ചിരിക്കുന്നു. അവര്‍ക്ക് വിജയിക്കാന്‍ സാധിച്ചാലും ഇനി വരാനുള്ളത് കടുപ്പമുള്ള വര്‍ഷങ്ങളായിരിക്കും. ഈയൊരു വേഗതയ്ക്കുമേല്‍ ഇടതുപക്ഷ വ്യതിയാനത്തിനു വേണ്ടി പ്രവര്‍ത്തിക്കാനും അതിനെ കെട്ടിപ്പടുക്കാനും ജനങ്ങള്‍ ശ്രമിക്കുകയാണെങ്കില്‍, കഴിഞ്ഞ ഒരു ദശക കാലയളവില്‍ നമ്മുടെ രാഷ്ട്രത്തെ ബാധിച്ച, ചങ്ങാത്ത മുതലാളിത്തത്താല്‍ പിന്തുണയ്ക്കപ്പെട്ട, സംഘി ഫാഷിസ്റ്റ് അതിക്രമങ്ങള്‍ തീര്‍ച്ചയായും പ്രത്യയശാസ്ത്രപരമായി തകര്‍ക്കപ്പെടുമെന്നും കാലക്രമത്തില്‍ തിരഞ്ഞെടുപ്പിലും അവര്‍ തോല്‍ക്കും എന്നും നമുക്ക് ഉറപ്പിക്കാം.

വിവർത്തനം : പി എസ് മനോജ്‌ കുമാർ

Courtesy: thewire, chandrika weekly

Related Stories

No stories found.
logo
The Cue
www.thecue.in