കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിത്തറ കെട്ടിപ്പൊക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച, കേരളത്തില്‍ ഇഎംഎസ് സര്‍ക്കാര്‍ അധികാരത്തില്‍ കറയറുമ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന എംഎന്‍ ഗോവിന്ദന്‍ നായരുടെ ചരമവാര്‍ഷിക വേളയില്‍ മാധ്യമപ്രവര്‍ത്തകനായ ബൈജു ചന്ദ്രന്‍ എഴുതുന്നു.
'അകലെയാ ചൈനയില്‍, അഴകുള്ള ചൈനയില്‍, മധുര മനോഹര മനോജ്ഞ ചൈന'യില്‍ മാവോ സെ തൂങ്ങിന്റെയും സഖാക്കളുടെയും നേതൃത്വത്തില്‍, ചുകപ്പു സേന അധികാരം പിടിച്ചെടുത്തപ്പോള്‍ ഏറ്റവുമധികം ആവേശം കൊണ്ടത്, ഇങ്ങ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാരാണ്. വിപ്ലവം ഏതാണ്ട് തൊട്ടടുത്തെത്തിയതുപോലെയുള്ള തോന്നലായിരുന്നു,അന്ന് സഖാക്കള്‍ക്ക്. പക്ഷെ ആ ആഹ്ലാദം കൊണ്ടാടാന്‍ പറ്റുന്ന സാഹചര്യങ്ങളിലായിരുന്നില്ല പാര്‍ട്ടി. ബി ടി രണദിവെയുടെ കല്‍ക്കത്താ തിസീസിന്റെ ആഹ്വാനമനുസരിച്ച്, 'സാമ്രാജ്യത്വത്തിന്റെ പാവ'യായ നെഹ്റു ഗവണ്മെന്റിനെതിരെ സായുധ വിപ്ലവം നടത്താനുള്ള ഉത്സാഹത്തിലായിരുന്നു.
പാര്‍ട്ടി നിരോധിക്കപ്പെടുകയും ഒട്ടനവധി സഖാക്കള്‍ തടങ്കലിലാകുകയും ഒട്ടേറെ പ്പേര്‍ ഒളിവിലാകുകയും ഒരുപാടു പേര്‍ കമ്മ്യൂണിസത്തോടു തന്നെ വിടപറഞ്ഞു പോകുകയും ചെയ്തുകഴിഞ്ഞപ്പോള്‍ ഉള്‍പാര്‍ട്ടി സമരം ശക്തമായി. അതിന്റെയൊക്കെയൊടുവില്‍,യാഥാര്‍ത്ഥ്യത്തിനു നിരക്കാത്ത തത്വവാദങ്ങളും സിദ്ധാന്തങ്ങളും കൈവെടിഞ്ഞ്,പുതിയൊരു നയപരിപാടിയുമായി ജനങ്ങളുടെ ഇടയിലേക്ക് തിരികെച്ചെല്ലാന്‍ കമ്മ്യൂണിസ്റ്റ്പാര്‍ട്ടി തയ്യാറെടുത്തു. എന്നാല്‍ പാര്‍ട്ടി അപ്പോഴും നിയമവിധേയമായിരുന്നില്ല. അതുകൊണ്ട് ജനാധിപത്യ യുവജന സംഘടനയും ജനകീയ കലാസമിതികളും സമാധാനപ്രസ്ഥാനവുമൊക്കെ സംഘടിപ്പിച്ചുകൊണ്ടാണ് ജനമദ്ധ്യത്തിലേയ്ക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇറങ്ങിച്ചെന്നത്. ജനകീയ ചൈനയുടെ ഒന്നാം വാര്‍ഷികം ലോകമെങ്ങുമുള്ള വിപ്ലവപ്രസ്ഥാനങ്ങള്‍ കൊണ്ടാടുന്നത്,ആ നാളുകളിലാണ്. ചൈനീസ് വിപ്ലവം കൊളുത്തിയ ആവേശം, സഖാക്കളുടെ കെട്ടുപോയ വീര്യം ജ്വലിപ്പിക്കാനുള്ള ഇന്ധനമായി ഉപയോഗിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. ചൈനയുടെ ആകാശത്ത് ചുവപ്പു താരകം വിരിയുന്ന കാഴ്ചക്ക് നേരിട്ടു സാക്ഷ്യം വഹിച്ച അനുഭവങ്ങളുമായി ഒരു മലയാളി യുവതി ആയിടെയാണ് നാട്ടില്‍ തിരിച്ചെത്തിയത്. പ്രശസ്ത ചരിത്ര കാരനും, എഴുത്തുകാരനും, രാജ്യതന്ത്രജ്ഞനുമെല്ലാമായ സര്‍ദാര്‍ കെ എം പണിക്കരുടെ മകള്‍ ദേവകി പണിക്കര്‍.
'പുതിയ ചീന എങ്ങോട്ട് ?
ഓക്‌സ്‌ഫോര്‍ഡില്‍ നിന്ന് ഉന്നത ബിരുദം നേടിയ ശേഷം,അന്ന് ചൈനയുടെ അംബാസിഡര്‍ ആയിരുന്ന അച്ഛനോടൊപ്പം താമസിക്കാന്‍ പീക്കിങ്ങിലെത്തിയ ദേവകി പണിക്കര്‍,വിപ്ലവാനന്തര ചൈനയില്‍ അങ്ങോളമിങ്ങോളം ചുറ്റി സഞ്ചരിച്ചു. മാവോയുടെ ഭരണത്തിന്‍ കീഴില്‍ സോഷ്യലിസ്റ്റു സമുദായം കെട്ടിപ്പടുക്കുന്നതു നേരിട്ടു കണ്ട് ആ ചെറുപ്പക്കാരി ആവേശഭരിതയായി. ഇന്ത്യയില്‍ തിരിച്ചെത്തിയ ഉടനെതന്നെ അവര്‍ ആദ്യം ചെയ്ത കാര്യം,അന്ന് ഇടതുപക്ഷത്തോട് ഹൃദയാഭിമുഖ്യം പ്രകടിപ്പിച്ചിരുന്ന ആര്‍ കെ കരഞ്ചിയയുടെ ബ്ലിറ്റ്‌സ് വാരികയില്‍ ജനകീയ ചൈനയെ കുറിച്ച് ഒരു പരമ്പര എഴുതി പ്രസിദ്ധീകരിക്കുകയായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതൃത്വം ദേവകി പണിക്കരുമായി ബന്ധപ്പെട്ടു. ചൈനയില്‍ നടന്ന ജനകീയ വിപ്ലവത്തെക്കുറിച്ചും, അവിടെ അടിത്തറ പണിയുന്ന സോഷ്യലിസ്റ്റ് സാമൂഹിക വ്യവസ്ഥിതിയെക്കുറിച്ചും ഒരു പ്രഭാഷണ പരമ്പര നടത്താനായി ദേവകി പണിക്കരെ കേരളത്തിലേക്ക് അയക്കാന്‍ തീരുമാനിച്ചു. ജനകീയചൈനയെ കുറിച്ച്, ജന്മനാട്ടില്‍ ചെന്ന് പ്രസംഗിക്കണമെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കണമെന്നും വാശി പിടിച്ച മകള്‍ക്ക് സര്‍ദാര്‍ പണിക്കര്‍ അനുവാദം കൊടുത്തത് മനസില്ലാമനസ്സോടെയായിരുന്നു. ദേവകി പണിക്കരുടെ പ്രസംഗപര്യടനത്തിന്റെ ചുമതല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഏല്‍പ്പിച്ചത് എ കെ ഗോപാലനെയാണ്. മകളെ കേരളത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ ഏ.കെ.ജി യെ നേരിട്ടു വിളിച്ചേല്പിച്ചത് സര്‍ദാര്‍ പണിക്കര്‍ തന്നെയായിരുന്നു.
കേരളത്തിലെ പാര്‍ട്ടി സഖാക്കള്‍ ദേവകി പണിക്കരെ അത്യാവേശത്തോടെയാണ് സ്വീകരിച്ചത്. തിരുവിതാംകൂറിലെ ഏറ്റവും വലിയ ഫ്യൂഡല്‍ തറവാടുകളിലൊന്നായ,കുട്ടനാട്ട് കാവാലത്തുള്ള ചാലയില്‍ കുടുംബത്തിലെ ഏറ്റവും ഇളയ സന്തതി... ചാലയില്‍ രാമകൃഷ്ണപ്പണിക്കരുടെയും ഡോ. കെ പി പണിക്കരുടെയും കൊച്ചനന്തരവള്‍.... അങ്ങനെയൊരു വ്യക്തി സമാധാന പ്രസ്ഥാനത്തിന്റെ പ്ലാറ്റ്‌ഫോമിലാണെങ്കില്‍പ്പോലും കമ്മ്യൂണിസ്റ്റ് ചൈനയെ കുറിച്ച് സംസാരിക്കാനായി പാര്‍ട്ടി വേദിയിലെത്തുന്നത് ആ കാലത്ത് വളരെ വലിയ ഒരു കാര്യമായിരുന്നു. നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും സഞ്ചരിച്ച്, ദേവകി പണിക്കര്‍ വിപ്ലവാനന്തര ചൈനയെ കുറിച്ച് സംസാരിച്ചു. കോളേജു ക്യാമ്പസുകളിലും യുവജനവേദികളിലും ചെറുപ്പക്കാര്‍ അവര്‍ക്ക് ഗംഭീരസ്വീകരണം നല്‍കി. മലയാളത്തില്‍ നന്നായി സംസാരിക്കാന്‍ അറിയാന്‍ വയ്യാത്ത ദേവകി പണിക്കരുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത് പി ഗോവിന്ദപ്പിള്ളയും പവനനുമാണ്.
'പുതിയ ചീന എങ്ങോട്ട് ' എന്ന പ്രഭാഷണപര്യടനത്തിന്റെ ഭാഗമായി ദേവകി പണിക്കര്‍ തിരുകൊച്ചിയിലെത്തുമ്പോഴാണ് കഥയില്‍ നാടകീയമായ ഒരു റൊമാന്റിക് വഴിത്തിരിവുണ്ടാകുന്നത്. അന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തിരുകൊച്ചി കമ്മിറ്റിയുടെ സെക്രട്ടറി എം എന്‍ ഗോവിന്ദന്‍ നായരാണ്. എമ്മെന്‍ എന്ന മൂന്നക്ഷരങ്ങള്‍ക്ക് ഒരു വീരപരിവേഷമുണ്ടായിരുന്ന കാലം.
വാര്‍ദ്ധയില്‍ നിന്ന് വര്‍ഗസമരത്തിലേക്ക്
വാര്‍ദ്ധാ ആശ്രമത്തിലെ അന്തേവാസിയായി തികഞ്ഞ ഗാന്ധിയന്‍ പാതയിലൂടെ മുന്നോട്ടു പോയ ഒരാള്‍, മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ ജ്ഞാനസ്‌നാനം ചെയ്ത് കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയായി തീര്‍ന്ന സാഹസിക കഥയാണ് എമ്മെന്റേത്. കൊടുംദുരിതം മാത്രം കൊയ്യുന്ന ഹരിജനങ്ങള്‍ക്കും ( അന്നവര്‍ അറിയപ്പെട്ടിരുന്ന പേര് തന്നെ ഉപയോഗിക്കുന്നു ) കൊല്ലത്തെ കശുവണ്ടി തൊഴിലാളികള്‍ക്കും നെയ്ത്തു തൊഴിലാളികള്‍ക്കും സംഘടിതശക്തിയുടെ വിലയെന്തെന്ന് ബോദ്ധ്യപ്പെടുത്തിക്കൊടുത്തത് എമ്മെനാണ്. കെ സി ജോര്‍ജ്ജിനോടും പി റ്റി പുന്നൂസിനോടും ടി വി തോമസിനോടും എന്‍ ശ്രീകണ്ഠന്‍ നായരോടുമൊപ്പം ചേര്‍ന്ന് സ്റ്റേറ്റ് കോണ്‍ഗ്രസിലെ റാഡിക്കല്‍ ഗ്രൂപ്പിന് നേതൃത്വം നല്‍കിയ എമ്മെന്‍, തിരുവിതാം കൂറിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റുകാരില്‍ ഒരാളായി. പുന്നപ്ര വയലാര്‍ കേസില്‍ ടി വി തോമസിനോടൊപ്പം പ്രതിയായി. എത്രയോ തവണ ജയിലിലായി. അതിലു മേറെക്കാലം ഒളിവുജീവിതം നയിച്ചു. എമ്മെന്‍ ഒളിവിലിരിക്കാത്ത മധ്യതിരുവിതാംകൂറിലെ പുലയമാടങ്ങള്‍ ചുരുക്കം. ആ വീടുകളിലെയൊക്കെ അമ്മമാരുടെ പ്രിയപ്പെട്ട 'ചെല്ലപ്പന്‍ 'ആയിരുന്നു എമ്മെന്.
കല്‍ക്കത്താ തിസീസിനെ തുടര്‍ന്ന് വീണ്ടും അറസ്റ്റിലായ എമ്മെന് അക്കാലത്ത് ഏറ്റവും മാരകമായിരുന്ന ക്ഷയരോഗം പിടിപെട്ടു. നാഗര്‍കോവിലില്‍ ടി ബി സാനട്ടോ റിയത്തില്‍ കിടക്കുമ്പോഴാണ്,എമ്മെന്റെ ഐതിഹാസികമായ ജയില്‍ ചാട്ടം. അപ്പോഴും പൂര്‍ണമായും വിട്ടുമാറിയിട്ടില്ലാത്ത അസുഖവുമായി മൈലുകള്‍ ഓടിയാണ് എമ്മെന്‍ അന്ന് പോലീസ് വലയത്തില്‍ നിന്നു രക്ഷപെട്ടത്.
'എം എന്‍ ഗോവിന്ദന്‍ നായര്‍ 'തടവ് ചാടി' 'എന്ന വാര്‍ത്തയുമായി പുറത്തുവന്ന കേരളകൗമുദി പത്രം, പറവൂര്‍ ടി കെ നാരായണ പിള്ളയുടെ ഭരണകൂടത്തിന്റെ ഉറക്കം കെടുത്തിയെങ്കിലും എമ്മെനെ സ്‌നേഹിച്ചിരുന്ന ഒട്ടേറെപ്പേര്‍ക്കും കമ്മ്യൂണിസ്റ്റ്പാര്‍ട്ടിക്കും അത് ആശ്വാസവും ആഹ്ലാദവും പകര്‍ന്നു.
ജയില്‍ ചാടിയ എമ്മെന്‍ കുറേക്കാലം ഒളിവില്‍ കഴിഞ്ഞത്,കൊട്ടാരക്കരയ്ക്കടുത്തുള്ള ജോര്‍ജ് കാക്കനാടന്‍ എന്ന ഉപദേശിയുടെ വീട്ടിലാണ്. ഉപദേശിയുടെ മക്കളുടെ പ്രിയപ്പെട്ട 'അച്ചായനാ'യി എമ്മെന്‍ ആ വീട്ടില്‍ താമസിച്ചു. എമ്മെന്റെ അന്നത്തെ പ്രധാന സവിശേഷത ആയിരുന്ന, തെക്കോട്ടും വടക്കോട്ടു മൊക്കെയായി ചാടിനിന്ന കോന്ത്രന്‍ പല്ലുകള്‍,അപ്പോഴേക്കും എടുത്തുകളഞ്ഞിരുന്നു. തിരുവനന്തപുരത്തെ പ്രസിദ്ധ ദന്തരോഗ വിദഗ്ധനായ ഡോ ജി ഓ പാല്‍ തയ്യാറാക്കിയ കൃത്രിമ സെറ്റു പല്ലുകള്‍ ,എമ്മെന്റെ മുഖഛായ തന്നെ മാറ്റിക്കളഞ്ഞു.
ഒളിവിലിരുന്നു കൊണ്ടു തന്നെയാണ് എമ്മെന്‍ 1952ലെ തിരുകൊച്ചി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണിക്കാവില്‍ നിന്ന് മത്സരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അന്നത്തെ മുഖ്യ രാഷ്ട്രീയ എതിരാളിയായ ആര്‍ എസ് പിയുമായും കെ എസ് പിയുമായും എമ്മെന്‍ മുന്‍കൈയെടുത്ത് രൂപീകരിച്ച ഐക്യമുന്നണിയും, പട്ടം താണുപിള്ളയുടെ സോഷ്യലിസ്റ്റ് കക്ഷിയും തമ്മില്‍ ധാരണയുണ്ടാക്കാനുള്ള സാധ്യതകളെ കുറിച്ചാലോചിക്കാന്‍ വേണ്ടി, ഒരു രാത്രിയില്‍ പട്ടത്തിന്റെ വീട്ടില്‍ എമ്മെന്‍ എത്തി. എന്നാല്‍ ചര്‍ച്ച നടത്തുന്നതില്‍ പട്ടത്തിന് വലിയ ഉത്സാഹമൊന്നും കണ്ടില്ല.കുറച്ചുനേരം മിണ്ടാതെയിരുന്നശേഷം പട്ടം പറഞ്ഞു :
'അല്ല ഗോവിന്ദന്‍ നായരേ,ഞാനാലോചിക്കുന്നത് ഇവിടുത്തെ പൊലീസുകാരെ കൊണ്ട് എന്തിന് കൊള്ളാമെന്നാണ്. ഇപ്പോള്‍ ഈ നാട് മുഴുവന്‍ നിങ്ങളൊരാളെ തെരഞ്ഞുനടക്കുകയാണ്. നിങ്ങളാണെങ്കില്‍ ഒരു കൂസലുമില്ലാതെ എന്റെ മുന്‍പില്‍ വന്നിരുന്ന് തെരഞ്ഞെടുപ്പ് ചര്‍ച്ച നടത്തുന്നു. ഈ കേശവനൊക്കെ (മുഖ്യമന്ത്രി സി കേശവന്‍ )എന്തു ചെയ്യുകയാണ് എന്നാണ് എന്റെ അതിശയം.... '
അന്ന് പ്രതിപക്ഷത്തെ പ്രധാന നേതാവായിരുന്നിട്ടു പോലും പട്ടത്തിന്റെ ഭരണകാര്യങ്ങളിലുള്ള ജാഗ്രത കണ്ട് എമ്മെന്‍ പൊട്ടിച്ചിരിച്ചു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിരോധനം അപ്പോഴും നീക്കിയിട്ടില്ലാത്തത് കൊണ്ട് എമ്മെന്‍ ആ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് 'ആന' ചിഹ്നത്തിലാണ്. എണ്‍പതു ശതമാനം വോട്ടു നേടിക്കൊണ്ട് എമ്മെന്‍ വിജയിച്ചു. ഒപ്പം ടി വി തോമസ്,സി അച്യുത മേനോന്‍,ആര്‍ സുഗതന്‍,കെ ആര്‍ ഗൗരി,സി കെ കുമാരപ്പണിക്കര്‍,സി കെ വിശ്വനാഥന്‍,കെ പി പ്രഭാകരന്‍,കാമ്പിശ്ശേരി കരുണാകരന്‍, പുനലൂര്‍ രാജഗോപാലന്‍ നായര്‍,പി ഗോവിന്ദ പിള്ള,സി ജി സദാശിവന്‍,കാട്ടായിക്കോണം വി ശ്രീധര്‍,കോട്ടയം ഭാസി തുടങ്ങി ഒരു വലിയ സംഘം കമ്മ്യുണിസ്റ്റുകാരും നിയമസഭയിലേക്ക് ആദ്യമായി കടന്നുചെന്നു.
അനുരാഗത്തിന്റെ ദിനങ്ങള്‍
എമ്മെന്‍ കൊല്ലത്തും പരിസര പ്രദേശങ്ങളിലുമായി ഒളിവില്‍ കഴിയുന്ന കാലത്താണ് ദേവകി പണിക്കര്‍ പ്രഭാഷണപരമ്പരയുമായി തിരുകൊച്ചിയിലെത്തുന്നത് വളര്‍ന്നതും പഠിച്ചതുമൊക്കെ യൂറോപ്പിലും മറ്റ് വിദേശരാഷ്ട്രങ്ങളിലുമൊക്കെയായിരുന്നതുകൊണ്ട്, നാട്ടിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാകാതെ വിമ്മിഷ്ടപ്പെടുകയായിരുന്നു ദേവകി പണിക്കര്‍. തോപ്പില്‍ ഭാസിയുടെ ഭാഷയില്‍ പറഞ്ഞാല്‍, നാട്ടിന്‍പുറത്തെ സ്ത്രീകളുടെ 'കിളിച്ചതും മുളച്ചതും' ചോദിക്കുന്ന സമ്പ്രദായമൊന്നും അന്ന് അവര്‍ക്ക് തീരെ പരിചയമുണ്ടായിരുന്നില്ല. ദേവകി പണിക്കരുടെ ദുരവസ്ഥ നല്ലതുപോലെ മനസ്സിലാക്കിയ ഒരാള്‍,അപ്പോഴേക്കും അവരുടെ ഏറ്റവും നല്ല സുഹൃത്തായി മാറിക്കഴിഞ്ഞിരുന്ന എമ്മെനാണ്. എമ്മെന്‍ തന്നോട് അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന കൊല്ലത്തെ സഖാക്കളായ പാഞ്ചേട്ടന്‍ എന്ന് എല്ലാവരും വിളിക്കുന്ന കെ എന്‍ പങ്കജാക്ഷന്‍ പിള്ള (പി എന്‍ കൃഷ്ണപിള്ള യുടെ ഇളയ സഹോദരന്‍), ജനയുഗം ഗോപി എന്ന എന്‍ ഗോപിനാഥന്‍ നായര്‍ എന്നിവരുടെ സഹായം തേടി. പാഞ്ചേട്ടന്റെയും ജനയുഗം ഗോപിയുടെ ഭാര്യ ശാരദാമണിയുടെ ( ഈയിടെ അന്തരിച്ച പ്രശസ്തയായ സാമൂഹ്യ ശാസ്ത്രജ്ഞ ) മാതാവിന്റെയും ജോര്‍ജ്ജ് കാക്കനാടന്റെയും വീടുകളിലൊക്കെയായി ദേവകി പണിക്കര്‍ക്ക് താമസമൊരുക്കി.
മറ്റു പലരെയും പോലെ ഒരു 'അന്യഗ്രഹജീവി' യെ മാതിരി തന്നെ കാണാന്‍ ഒരുമ്പെടാതെ, മനസ്സു കണ്ടറിഞ്ഞു പെരുമാറിയ എമ്മെന്റെ മനോഭാവമാണ് ദേവകി പണിക്കരെ ആകര്‍ഷിച്ചത്. എമ്മെന് അന്നുണ്ടായിരുന്ന അസാമാന്യമായ ജനസമ്മതിയും,വളരെ പെട്ടെന്ന് ആളുകളെ ഒരു കാന്തത്തെപ്പോലെ തന്നിലേക്ക് വലിച്ചടുപ്പിക്കാനുള്ള അസാധാരണമായ സിദ്ധിയുമെല്ലാം ചേര്‍ന്ന് ദേവകിയുടെ ഉള്ളില്‍ കൊളുത്തിയ ആരാധന അധികം വൈകാതെ പ്രണയമായി മാറി. അക്കാലത്ത് എമ്മെനോടൊപ്പം ഒളിവില്‍ കഴിയുകയായിരുന്ന തോപ്പില്‍ ഭാസി ഓര്‍മ്മിക്കുന്നതുപോലെ 'നെടുവീര്‍പ്പുകള്‍ തേങ്ങലുകളായി വളര്‍ന്നു'. ഒടുവില്‍ പാര്‍ട്ടി ആ വിവാഹം നടത്താന്‍ തീരുമാനിച്ചു.
പുത്രിയുടെ ഭാവിയെക്കുറിച്ച് വളരെ വ്യത്യസ്തമായ കാഴ്ചപ്പാടും ഒരുപാട് പ്രതീക്ഷകളും വെച്ചുപുലര്‍ത്തിയിരുന്ന,ദേവകി പണിക്കരുടെ അച്ഛനമ്മാര്‍ക്ക് സ്വാഭാവികമായും ഈ ബന്ധത്തില്‍ ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. കേരളത്തില്‍ പോയി പാര്‍ട്ടിക്ക് വേണ്ടി പ്രസംഗിക്കാന്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ സര്‍ദാര്‍ പണിക്കര്‍ അനുവാദം കൊടുത്തത് മകളോടുള്ള സ്‌നേഹത്തിന് മുന്‍പില്‍ ദുര്‍ബലനായതു കൊണ്ടുമാത്രമായിരുന്നു. കേരളത്തിലെ ഏറ്റവും ഉന്നത രാഷ്ട്രീയ നേതാക്കളില്‍ ഒരാളായിരുന്നിട്ടുപോലും, എമ്മെനുമായുള്ള ദേവകിയുടെ ബന്ധത്തെ പണിക്കര്‍ ശക്തിയായി എതിര്‍ത്തു. എങ്കിലുമൊ ടുവില്‍ ഒരിക്കല്‍ കൂടി അദ്ദേഹത്തിന് പുത്രീവാത്സല്യത്തിനു മുന്നില്‍ കീഴടങ്ങേണ്ടി വന്നു.
ഒരു ജനകീയ വിവാഹം
കൊല്ലം പട്ടണത്തിലെ ഓലയില്‍ എന്ന സ്ഥലത്തുള്ള മലയാളി സഭാ മന്ദിരത്തില്‍ വെച്ചു വിവാഹം നടത്താനാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ കല്യാണം നടത്താനായി സ്‌കൂള്‍ കെട്ടിടം വിട്ടുകൊടുക്കാന്‍ സമാജത്തിന്റെ ഭരണസമിതി തയ്യാറായില്ല. അന്നത്തെ കൊല്ലം പട്ടണത്തില്‍ ഇങ്ങനെയുള്ള പൊതുചടങ്ങുകള്‍ നടത്താനുള്ള വലിയ ഹാളുകളോ മണ്ഡപങ്ങളോ ഒന്നുമുണ്ടായിരുന്നില്ല. ജനയുഗത്തിന്റെ പ്രധാന സാരഥികളില്‍ ഒരാളായിരുന്ന ആര്‍ ഗോപിനാഥന്‍ നായര്‍ (കൊച്ചുഗോപി) അവസാനം ഒരു വഴി കണ്ടുപിടിച്ചു. കൊച്ചുഗോപിയുടെ ഭാര്യ ശകുന്തളയുടെ തറവാടു വീട്, പുത്തന്‍ മഠമാണ് വിവാഹവേദിയായി നിശ്ചയിച്ചത്. കൊല്ലം കളക്ടറേറ്റിന് വടക്കുവശത്തുള്ള ആ എട്ടേക്കര്‍ പുരയിടവും ഒത്തനടുക്കുള്ള വലിയ നാലുകെട്ടും ഒരിക്കല്‍ എമ്മെന്റെയും മറ്റു കമ്മ്യൂണിസ്റ്റ് നേതാക്കളുടെയും സ്ഥിരം ഒളിവുസങ്കേതമായിരുന്നു. കൊല്ലം ബാറിലെ പ്രമുഖ അഭിഭാഷകനായിരുന്ന എസ് രാമവാര്യരുടെ നേതൃത്വത്തില്‍ കൊല്ലത്തെ പാര്‍ട്ടി സഖാക്കളായ ഉള്ളുരുപ്പില്‍ കരുണാകരനും കെ എസ് ശ്രീധരനും കടപ്പാക്കട ചന്ദ്രനും വി ലക്ഷ്മണനും പങ്കജാക്ഷന്‍ പിള്ളയും ജനയുഗം ഗോപിമാരുമാണ് ചടങ്ങിന്റെ ചുക്കാന്‍ പിടിച്ചത്.
1952 ഫെബ്രുവരി 29. കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയുടെ സമ്മേളനത്തിലേതു പോലെ സോവിയറ്റ് മാതൃകയിലുള്ള കൂറ്റന്‍ ചെങ്കൊടികളും മാര്‍ക്‌സ്, ഏംഗല്‍സ്, ലെനിന്‍, സ്റ്റാലിന്‍, മാവോ, പി കൃഷ്ണ പിള്ള, പാര്‍ട്ടി ജനറല്‍ സെക്രട്ടറി അജയഘോഷ് തുടങ്ങിയവരുടെ വലിയ ചിത്രങ്ങളും ചുവപ്പുതോരണങ്ങളും ലൈറ്റുകളും കൊണ്ട് അലങ്കരിച്ച ആ വലിയ പുരയിടം ചെങ്കടല്‍ പോലെ തോന്നിച്ചിരുന്നു. വൈകിട്ട് നാല് മണിക്ക് നടത്താന്‍ തീരുമാനിച്ച ചടങ്ങില്‍ പങ്കെടുക്കാനായി,ഉച്ച തിരിഞ്ഞപ്പോള്‍ മുതല്‍ക്കുതന്നെ അവിടേക്ക് ജനപ്രവാഹം ആരംഭിച്ചു. കെ സി ജോര്‍ജ്, ഇ.എം.എസ്, എ.കെ.ജി, സി അച്യുത മേനോന്‍, ടി.വി തോമസ്, ആര്‍ സുഗതന്‍, പി ടി പുന്നൂസ്,റോസമ്മ പുന്നൂസ്, കെ ആര്‍ ഗൗരി.... തുടങ്ങിയ നേതാക്കള്‍ എമ്മെന്റെ കുടുംബാംഗങ്ങളോടൊപ്പം വരന്റെ ബന്ധുക്കളായി ഉണ്ടായിരുന്നു.
എമ്മെന്‍ ദീര്‍ഘനാളുകള്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം നടത്തിയ കൊല്ലം പട്ടണത്തിലെ തൊഴിലാളി കള്‍, കൃഷിക്കാര്‍,സര്‍ക്കാര്‍ ജീവനക്കാര്‍,വക്കീലന്മാര്‍ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളില്‍ പെട്ട ആളുകള്‍ കൂട്ടം കൂട്ടമായി വിവാഹത്തില്‍ പങ്കെടുക്കാനെത്തി. വധുവിന്റെ പിതാവ് ചടങ്ങില്‍ പങ്കെടുത്തില്ലെങ്കിലും മാതാവും സഹോദരന്‍ മധു പണിക്കരും (അന്ന് കോഴിക്കോട് റേഡിയോ നിലയത്തിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍) സംബന്ധിച്ചു. അവര്‍ അകന്നു മാറി ഒരു മാവിന്‍ ചുവട്ടില്‍ ഒരു 'മരണമന്വേഷിച്ചു വന്നവരെ പോലെ ഇരിപ്പുണ്ടായിരുന്നു' എന്നു ശകുന്തള നായര്‍ ഓര്‍ക്കുന്നു. വധു ശുഭ്രവസ്ത്രം ധരിച്ച് 'ഒരുങ്ങിയിറങ്ങിയത്' കാക്കനാടന്‍ ഉപദേശിയുടെ വീട്ടില്‍ നിന്നാണ്.
കെ സി ജോര്‍ജ് ആയിരുന്നു പതിവുപോലെ ഈ വിവാഹത്തിന്റെയും കാര്‍മ്മികന്‍. ഒരു ചെറിയ പ്രസംഗത്തിന് ശേഷം കെ സി എടുത്തുകൊടുത്ത ഹാരങ്ങള്‍ വധൂവരന്മാര്‍ പരസ്പരം ചാര്‍ത്തി. അനുമോദനപ്രസംഗങ്ങള്‍ക്ക് എമ്മെനും ദേവകിയും നന്ദി പറഞ്ഞതോടെ ചടങ്ങുകള്‍ക്ക് വിരാമമായി. അന്ന് തിരുകൊച്ചിയുടെ ഭാഗമായിരുന്ന ചെങ്കോട്ടയിലെ എം എല്‍ എ ആയിരുന്ന ചട്ടനാഥ കരയാളര്‍ കൊടുത്തയച്ച രണ്ടു മൂന്നു ചാക്ക് നാരങ്ങ പിഴിഞ്ഞ് വലിയ പാത്രങ്ങളില്‍ വെച്ചിരുന്നു. അതിഥികള്‍ അതെടുത്തു കുടിച്ചുകൊണ്ട് സ്വയം സല്‍ക്കരിച്ചു. ആവശ്യക്കാര്‍ക്ക് വേണ്ടി ഇഷ്ടം പോലെ ബീഡിയും മുറുക്കാനും ഒരുഭാഗത്ത് ഒരുക്കിവെച്ചിരുന്നു. എല്ലാ അര്‍ത്ഥത്തിലും ജനകീയമായ,ഒരു കമ്മ്യൂണിസ്റ്റ് കല്യാണം.
അനാഡംബരമായ കുടുംബ ജീവിതം
സര്‍ദാര്‍ പണിക്കരുടെ മകളായി സമൃദ്ധിയുടെയും ആര്‍ഭാടത്തിന്റെയും നിറവില്‍ ആഡംബരത്തോടെ ജീവിച്ചതുപോലെയുള്ള ഒരു ആഘോഷജീവിതമായിരുന്നില്ല പിന്നീട് ദേവകി പണിക്കര്‍ക്കുണ്ടായത്. എമ്മെന്റെ രക്തത്തിലലിഞ്ഞു ചേര്‍ന്ന, നാട്ടിന്‍പുറത്തെ ജീവിതസമ്പ്രദായങ്ങളുമായി പൊരുത്തപ്പെടാന്‍ പാശ്ചാത്യ ജീവിതരീതി ശീലിച്ച അവര്‍ക്ക് ആദ്യമൊക്കെ ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നു എന്നത് സത്യമാണ്.
അതുകൊണ്ട് എമ്മെന്റെ ഉറ്റവരായ സഖാക്കളും സുഹൃത്തുക്കളും ബന്ധുക്കളുമായിട്ടൊന്നും ഇടപഴകാനും അടുത്തു പെരുമാറാനും പലപ്പോഴും അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇത് പല തെറ്റിദ്ധാരണകള്‍ക്കും വഴി തെളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഭര്‍ത്താവിന്റെ പരിമിതമായ ജീവിതസാഹചര്യങ്ങളും സൗകര്യങ്ങളും -- ഇല്ലായ്മകളാണ് അതില്‍ എല്ലായ്‌പ്പോഴും ഏറി നിന്നിരുന്നത് -- അതിവേഗം ഉള്‍ക്കൊണ്ടു കൊണ്ട് ഒരു നല്ല പങ്കാളിയായി തന്നെ അവര്‍ എമ്മെനോടൊപ്പം കഴിഞ്ഞു. ആദ്യത്തെ കുഞ്ഞ് ജനനം മുതല്‍ അനുഭവിച്ച കഠിനമായ രോഗാവസ്ഥ ഒടുക്കം അതിന്റെ മൂന്നാമത്തെ വയസ്സില്‍ മരണത്തില്‍ അവസാനിച്ചപ്പോഴും, അവര്‍ തളരാതെ ഒരുവിധം പിടിച്ചു നില്കുകയായിരുന്നു. അവസാനശ്വാസം വരെ കമ്മ്യൂണിസ്റ്റ് വിശ്വാസിയായിരുന്നെങ്കിലും സജീവ രാഷ്രീയത്തില്‍ ഒരിക്കലും പ്രവേശിച്ചില്ല. ഭര്‍ത്താവിന്റെയും മക്കളുടെയും സുഖസൗകര്യങ്ങള്‍ അന്വേഷിക്കുന്നത് മാത്രമായി ദേവകി ഗോവിന്ദന്‍ നായരുടെ ജീവിതചര്യ ഒതുങ്ങി.
രാജ്യസഭാംഗമെന്ന നിലയില്‍ എമ്മെന്‍ ഡല്‍ഹിയില്‍ കഴിഞ്ഞ, 1956 മുതലുള്ള പത്തു വര്‍ഷക്കാലമായിരുന്നു ദേവകി ഗോവിന്ദന്‍ നായരുടെ ജീവിതത്തിലെ ഏറ്റവും നല്ല കാലഘട്ടം. മക്കള്‍ നാരായണനും അംബികക്കും താന്‍ ആഗ്രഹിച്ചതുപോലെയുള്ള വിദ്യാഭ്യാസം നല്കാനാകുമല്ലോ എന്നതായിരുന്നിരിക്കണം അവരുടെ ഏറ്റവും വലിയ സന്തോഷം. വിവിധ രാജ്യങ്ങളില്‍ അംബാസഡര്‍ പദവി അനുഷ്ഠിച്ച ശേഷം മടങ്ങിയെത്തിയ സര്‍ദാര്‍ പണിക്കരും അക്കാലത്തു ഡല്‍ഹിയില്‍ ഉണ്ടായിരുന്നു. അച്ഛന്റെ ഇഷ്ടത്തിന് വിപരീതമായി വിവാഹം കഴിച്ചതിന്റെ വിഷമം തീര്‍ക്കാന്‍ ആ നാളുകള്‍,അവര്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടാകാം.
ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ പുനഃനിര്‍ണ്ണയിക്കാന്‍ രൂപീകരിച്ച കമ്മിറ്റിയില്‍ അംഗമായിരുന്നു സര്‍ദാര്‍ പണിക്കര്‍. മകളുടെ ആഗ്രഹപ്രകാരം മരുമകന് 'മുഖ്യമന്ത്രിയാകാന്‍ വേണ്ടി' കമ്മ്യൂണിസ്റ്റ് കാര്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട്, ഐക്യ കേരള സംസ്ഥാനം രൂപീകരിക്കാന്‍ മുന്‍കയ്യെടുത്തത് സര്‍ദാര്‍ പണിക്കരാണെന്ന് ആരോപണം ഉന്നയിച്ചുകൊണ്ട് അന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ മുന്നോട്ടു വന്നിരുന്നു. ദേവകി ഗോവിന്ദന്‍ നായരുടെ മരണത്തിന് ശേഷം സമൂഹമാദ്ധ്യമങ്ങളില്‍ ആ അസംബന്ധം ഏതോ വിവരദോഷി ആവര്‍ത്തിച്ചിരുന്നു.
1957 ന്റെ മുഖ്യശില്പി
ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ തലപ്പത്തേക്ക് ഇ.എം എസ് നമ്പൂതിരിപ്പാടിനെ കൊണ്ടുവരാന്‍ മുന്‍കയ്യെടുത്തത് എമ്മെനാണെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. പാര്‍ട്ടി,ആരുമായും കൂട്ടുചേരാതെ ഒറ്റയ്ക്ക് മത്സരിക്കാനും ഓരോ നിയോജകമണ്ഡലത്തിലും ഏറ്റവും അനുയോജ്യരായ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തി മത്സരിക്കാനും, പാര്‍ട്ടിക്ക് പറയത്തക്ക സ്വാധീനമില്ലാത്ത സ്ഥലങ്ങളില്‍ പോലും വിജയിക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനും മുന്നില്‍ നിന്ന എമ്മെന്‍ തന്നെയായിരുന്നു 1957ലെ വിജയത്തിന്റെ മുഖ്യശില്പി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരള സംസ്ഥാന കമ്മിറ്റിയുടെ ആദ്യത്തെ സെക്രട്ടറി ആയിരുന്ന അച്യുത മേനോന്‍, മന്ത്രിസഭയില്‍ ചേര്‍ന്നപ്പോള്‍ എമ്മെനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു.
'കേരള ക്രൂഷ്ചോവ് 'എന്ന് പത്രങ്ങള്‍ വിളിപ്പേര് നല്‍കിയ എമ്മെന്റെ, നയതന്ത്രജ്ഞതയും അതേസമയം കര്‍ക്കശമായ നിലപാടുകളുമാണ്,മന്ത്രിസഭയെ താങ്ങി നിറുത്തുന്ന ഒരൊറ്റയാള്‍ പോലും കുളത്തുങ്കല്‍ പോത്തന്റെയും കൂട്ടാളികളുടെയും വലയില്‍ വീണു പോകാതെ നോക്കിയതും രണ്ടു വര്‍ഷക്കാലത്തോളം അതിനെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുപോന്നതും.
പ്രക്ഷുബ്ധതയുടെ നാളുകള്‍
'ഇ എം എസ്സും എമ്മെനും 1962വരെയും ഏകോദരസഹോദരങ്ങളെ പോലെയായിരുന്നു 'എന്ന് അവരെ രണ്ടുപേരെയും അടുത്തറിഞ്ഞിരുന്ന പവനന്‍ എഴുതുന്നു. പാര്‍ട്ടിയിലെ ഭിന്നിപ്പിന് കുറച്ചുനാളുകള്‍ക്കു മുമ്പാണ് അവര്‍ തമ്മില്‍ അകന്നത്. എമ്മെന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും പ്രക്ഷുബ്ധമായ കാലഘട്ടമായിരുന്നു,1964ല്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി ഭിന്നിച്ചതിനെ തുടര്‍ന്നുള്ള നാളുകള്‍. അന്ന് പാര്‍ട്ടിയുടെ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗമായിരുന്ന എമ്മെനാണ് പിളര്‍പ്പിന് കാരണക്കാരായ പഴയ സഖാക്കള്‍ക്കെതിരെ,നാടൊട്ടുക്ക് ഓടിനടന്ന്, പ്രസംഗവേദികളില്‍ ഒരു കൊടുങ്കാറ്റുപോലെ ആഞ്ഞടിച്ചത്. പണ്ട് വിമോചനസമരക്കാര്‍ എമ്മെനെ ആക്ഷേപിച്ചു വിളിച്ചിരുന്ന 'യമന്‍' എന്ന പേര് വീണ്ടും ഉയര്‍ന്നുകേട്ടത് ഭിന്നിച്ചുമാറിപ്പോയവരുടെ റാലികളില്‍ നിന്നായിരുന്നു. ഇരു ചേരികളിലായ ഇ.എം.എസും എമ്മെനും പിന്നീട് 1967ല്‍ ഒരു മന്ത്രിസഭ യില്‍ ഒരുമിച്ചുണ്ടായിരുന്നെങ്കിലും സപ്തകക്ഷി മുന്നണിയിലെ രാഷ്ട്രീയ കോളിളക്കങ്ങള്‍ അവരെ വീണ്ടും എതിര്‍ചേരികളിലാക്കി. തന്റെയും ടി വി തോമസിന്റെയും പേരില്‍ അഴിമതി അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രി ഇ.എം.എസിന്റെ മുഖത്തുനോക്കി നിയമസഭാവേദിയില്‍ വെച്ച് വികാരത്തള്ളിച്ച ഒട്ടും മറച്ചു വെക്കാതെ എമ്മെന്‍ പറഞ്ഞു :
'മുപ്പതു കൊല്ലം ഞങ്ങള്‍ ഒന്നിച്ചു പലതും സഹിച്ചു പ്രവര്‍ത്തിച്ചവരാണ്. ഞാന്‍ കള്ളനാണെന്ന് ആ നമ്പൂതിരി സബ്‌ജെക്റ്റീവ് സാറ്റിസ്ഫാക്ഷന്റെ അടിസ്ഥാനത്തില്‍ പറഞ്ഞല്ലോ എന്നാലും എന്റെ നമ്പൂതിരി... '
ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം 1972ല്‍ ഡല്‍ഹിയില്‍ പഠിച്ചിരുന്ന,എമ്മെന്റെ പതിമ്മൂന്നു വയസ്സുകാരനായ മകന്‍ അപ്പു എന്ന നാരായണന്‍ അറിയാതെ ഏതോ മയക്കു മരുന്ന് കഴിച്ച് മരണപ്പെട്ടു. മകന്റെ മൃതദേഹത്തിനരികില്‍ എല്ലാ വികാരങ്ങളും കടിച്ചമര്‍ത്തി കരയാതെപിടിച്ചു നിന്നിരുന്ന എമ്മെന്റെ അരികിലേക്ക് അന്നത്തെ ഏറ്റവും വലിയ രാഷ്ട്രീയ ശത്രുവായ ഇ.എം.എസ് നടന്നുചെന്നപ്പോള്‍ എല്ലാ നിയന്ത്രണങ്ങളും തകര്‍ന്ന് കെട്ടിപ്പിടിച്ചു കരയുന്ന എമ്മെനെയാണ് എല്ലാവരും കണ്ടത്. രാഷ്ട്രീയ ശത്രുതയേക്കാള്‍ എത്രയോ മടങ്ങു വിലയാണ് വ്യക്തിബന്ധങ്ങള്‍ക്ക് ആ വലിയ മനുഷ്യര്‍ നല്‍കിയിരുന്നത്.
എമ്മെന്റെ അടുത്ത ബന്ധുവായ സുഗതകുമാരി ടീച്ചര്‍ ആ ദിവസം ഓര്‍ക്കുന്നത് ഇങ്ങനെയാണ്. 'ആ ദുര്‍ദിനം മനസ്സിലിന്നും കരി പിടിച്ചു നില്‍ക്കുന്നു. ശര്‍മ്മാജിയും മറ്റും കൊണ്ടുവരുന്ന മകനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ ചെന്നു നില്‍ക്കുന്ന ആ അച്ഛന്റെ പ്രതിമ പോലെയുള്ള നില്‍പ്പ്. കരയാതെ, തളരാതെ, നിശ്ചലനായി നിന്ന് ഏകപുത്രനെ അവന്റെ അമ്മയുടെ അടുത്തേക്ക് ഏറ്റുവാങ്ങി കൂട്ടിക്കൊണ്ടു വരുന്ന വരവും 'മോനേ 'എന്ന് ഒറ്റവിളി ഉറക്കെ വിളിച്ചുകൊണ്ട് ഇരുകയ്യും നീട്ടിക്കൊണ്ട് ആ അമ്മ ഓടി ചെല്ലുന്നതും കണ്ണീരില്‍ മുങ്ങി കണ്ടു നിന്നവളാണ് ഞാന്‍. '
ജനമനസ്സു കണ്ട മന്ത്രി,എം പി
അന്ന് എമ്മെന്‍ മന്ത്രിയായിരുന്നു. അച്യുതമേനോന്‍ മന്ത്രിസഭയിലെ ഏറ്റവും പ്രഗത്ഭനായ, കേരളത്തിന് വെളിച്ചം നല്‍കിയ ഇടുക്കി ജലവൈദ്യുത പദ്ധതിയും കീഴാളമനുഷ്യര്‍ക്ക് മഴയും വെയിലുമേല്‍ക്കാതെ കയറി കിടക്കാനിടം നല്‍കിയ ലക്ഷം വീട് പദ്ധതിയും ഒക്കെ നടപ്പാക്കിയ മന്ത്രി. അടിയന്തിരാവസ്ഥക്ക് ശേഷമുള്ള തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം പാര്‍ലമെന്റ് സീറ്റില്‍ വിജയിച്ച എമ്മെന്‍ ലോക്‌സഭയില്‍ ഏഴംഗ സി.പി.ഐ ഗ്രൂപ്പിന്റെ നേതാവായി.അന്ന് വര്‍ഗീയ ശക്തികള്‍ക്ക് മേല്‍ക്കോയ്മയുണ്ടായിരുന്ന ജനതാമന്ത്രിസഭയുടെ കീഴില്‍, ഉത്തരേന്ത്യയിലുടനീളം ആര്‍ എസ് എസിന്റെ ഗൂണ്ടകളും പോലീസും ചേര്‍ന്ന് ദളിതരെ ക്രൂരമായി വേട്ടയാടിയപ്പോള്‍ അതിനെതിരെ എമ്മെന്‍ രംഗത്തിറങ്ങി. എഴുപതാം വയസിന്റെ ശാരീരികാവശതകളൊന്നും തീരെ വകവെക്കാതെ ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചു. ആ ഐതിഹാസിക യാത്ര സമാപിച്ചത് ബോട്ട് ക്ലബ്ബ് മൈതാനത്ത് എമ്മെന്‍ നടത്തിയ നിരാഹാരസത്യഗ്രഹത്തോടെയാണ്. അടിയന്തിരാവസ്ഥയെ പിന്തുണച്ചതിന്റെ പേരില്‍ രാഷ്ട്രീയമായ വലിയ തിരിച്ചടി നേരിട്ടുകൊണ്ടിരുന്ന സി.പി.ഐയെ സംബന്ധിച്ചിടത്തോളം, ജനമദ്ധ്യത്തിലേക്കുള്ള ഗംഭീരമായ തിരിച്ചുവരവായിരുന്നു ചരിത്രവിജയം കണ്ട എമ്മെന്റെ സമരം.
1978 ല്‍ പഞ്ചാബിലെ ഭട്ടിണ്ടായില്‍ ചേര്‍ന്ന സി പി ഐ യുടെ പതിനൊന്നാം കോണ്‍ഗ്രസ്സില്‍ വെച്ച്, അതുവരെ തുടര്‍ന്നുപോന്നിരുന്ന ചില അടവുനയങ്ങളിലെ പിശകുകള്‍ തിരുത്തിക്കൊണ്ട്, പുതിയൊരു ഇടതുപക്ഷ ജനാധിപത്യമുന്നണി കെട്ടിപ്പടുക്കുന്ന നിലപാട് കൈക്കൊള്ളുന്നതിലേക്ക് പാര്‍ട്ടിയെ നയിച്ചതിനു പിന്നിലെ ചാലകശക്തികളില്‍ പ്രധാനി എമ്മെനായിരുന്നു.
1979 ലെ സെപ്റ്റംബര്‍ മാസത്തില്‍ തിരുവനന്തപുരത്ത് എ കെ ജി സെന്ററിന് പുറകിലുള്ള ഹസ്സന്‍ മരയ്ക്കാര്‍ ഹാളില്‍ ചേര്‍ന്ന ഒരു വലിയ രാഷ്ട്രീയ യോഗം ഞാനോര്‍ക്കുന്നു. അതുവരെ ആജന്മശത്രുക്കളെ പോലെ പരസ്പരം വൈരാഗ്യബുദ്ധിയോടെ പോരാടിയിരുന്ന,രണ്ടു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും നേതാക്കള്‍ - പഴയ ആത്മസഖാക്കളായ ഇ എം എസ് നമ്പൂതിരി പ്പാടും എം എന്‍ ഗോവിന്ദന്‍ നായരും ആണ് അന്നവിടെ സംസാരിച്ചത്. കോണ്‍ഗ്ര സിനും ജനതാപാര്‍ട്ടിക്കും ബദലായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഒരു ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപീകരിക്കുന്നതിനെ കുറിച്ചുള്ള അവരുടെ വാക്കുകള്‍,നിറഞ്ഞു കവിഞ്ഞ ഹാളില്‍ ഇടം കിട്ടാതെ ആ പരിസരപ്രദേശമാകെ തിങ്ങി നിറഞ്ഞ ജനക്കൂട്ടത്തിന്റെ ഇടയില്‍ നിന്നുകൊണ്ട് അത്യാവേശത്തോടെയാണ് അന്ന് വിദ്യാര്‍ത്ഥി പ്രവര്‍ത്തകരായ ഞങ്ങള്‍ കേട്ടത്.
എമ്മെന്‍ തിരുവനന്തപുരത്തിന്റെ എം പി ആയിരിക്കുമ്പോഴാണ് അനുജന്‍ എം എന്‍ രാമചന്ദ്രന്‍ നായര്‍ തന്റെ ചെറിയൊരു കടം പെരുകി, അതു വീട്ടാനായി ഒരു ബാങ്ക് ലോണിന് വേണ്ടി ശ്രമിച്ചു പരാജയപ്പെട്ടപ്പോള്‍ സ്വയം ജീവനൊടുക്കിയത്. ആത്മാഭിമാനത്തിന് ക്ഷതമേറ്റപ്പോള്‍ ആത്മഹത്യയിലഭയം തേടിയ സഹോദരന്റെ മൃതദേഹത്തിനരികില്‍ നിസ്സഹായനായി നില്‍ക്കുന്ന എമ്മെന്റെ രൂപം ഇന്നുമോര്‍മ്മയിലുണ്ട്. അടുത്ത തിരഞ്ഞെടുപ്പില്‍ വലതുപക്ഷം ഇറക്കിക്കളിച്ച കുല്‍സിതമായ ജാതിരാഷ്ട്രീയക്കാര്‍ഡിനോട് എമ്മെന്‍ അടിയറവ് പറഞ്ഞു. പക്ഷെ അപ്പോഴേക്കും ദേവകിക്ക് സര്‍ദാര്‍ കെ എം പണിക്കര്‍ നല്‍കിയ തോട്ടപ്പള്ളിയിലെ വിശാലമായ തെങ്ങിന്‍തോപ്പും, തിരുവനന്തപുരത്തു പ്ലാമൂട്ടില്‍ പണിയിച്ചു കൊടുത്ത വീടുമൊക്കെ നഷ്ടപ്പെട്ടിരുന്നു. സിറ്റി ബസിലും ട്രയിനിലെ സെക്കന്റ് ക്ലാസ് കംപാര്‍ട്‌മെന്റിലും ഓട്ടോ റിക്ഷയിലുമൊക്കെ യാത്ര ചെയ്യുന്ന ഒരു മുന്‍ മന്ത്രിയെ ഇന്നത്തെ കേരളത്തിന് ഒരിക്കലും പരിചയം ഉണ്ടാകാന്‍ വഴിയില്ല.
ചരിത്രത്തിന്റെ ക്രൂരമായ വളച്ചൊടിക്കല്‍
ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പാണ്, ഒരു പ്രമുഖ വാരികയില്‍, പ്രശസ്തരായ രണ്ട് എഴുത്തുകാര്‍ ചേര്‍ന്ന് എമ്മെനെ തേജോവധം ചെയ്യാന്‍ ഒരുമ്പെട്ടത്. തങ്ങളുടെ ചില ആരാദ്ധ്യപുരുഷന്മാരെ മഹാത്മാക്കളായി ഉയര്‍ത്തിക്കാട്ടുന്നതിനു വേണ്ടി ദുരാരോപണങ്ങളും ഇല്ലാക്കഥകളും ചമച്ച് എമ്മെന്റെ യശസ്സിന്റെ മേല്‍ 'ഇരിക്കപ്പിണ്ഡം' വെക്കാനാണ് ഇടതുപക്ഷ വിശ്വാസികളെന്നു സ്വയം വിശേഷിപ്പിക്കുന്ന ആ മഹാസാഹിത്യ കാരന്മാര്‍ തുനിഞ്ഞത്. ദേവകി പണിക്കരായിരുന്നു അവരുടെ കഥകളിലെ പ്രതിനായിക. ചരിത്രത്തിന്റെ ഏറ്റവും ഹീനവും നികൃഷ്ടവുമായ ആ അപനിര്‍മ്മാണത്തിനെതിരെ, ആരുടെയും പ്രേരണ കൂടാതെ തന്നെ ഒ.എന്‍.വിയും സുഗതകുമാരിയുമടക്കം എമ്മെനെ സ്നേഹിക്കുന്ന ഒരുപാടു പേര്‍ മുന്നിട്ടിറങ്ങി. എമ്മെന്‍ കുടുംബ ട്രസ്റ്റിന്റെ രൂപീകരണവും, പട്ടം ജംക്ഷനില്‍ എമ്മെന്റെ അര്‍ദ്ധകായ പ്രതിമ സ്ഥാപിക്കപ്പെട്ടതുമെല്ലാം അന്നത്തെ ആവേശകരമായ ആ മുന്നേറ്റത്തിന്റെ പരിണിത ഫലങ്ങളായിരുന്നു.
1984 നവംബറില്‍ എമ്മെന്‍ വിട വാങ്ങി. മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞ് 2020 ന്റെ തുടക്കത്തില്‍ ദേവകി ഗോവിന്ദന്‍ നായരും. എമ്മെന്റെ കാലശേഷം തൊണ്ണൂറ്റിയഞ്ചാം വയസില്‍ മരിക്കുന്നതുവരെ ഡല്‍ഹിയില്‍, മകള്‍ അംബികയോടൊപ്പമായിരുന്നു അവരുടെ താമസം. പത്രങ്ങളും പുസ്തകങ്ങളുമായിട്ടായിരുന്നു അവരുടെ പ്രധാന കൂട്ട്. ഇന്ത്യയ്ക്കകത്തും പുറത്തും നടക്കുന്ന ഓരോ സംഭവത്തെ കുറിച്ചും അവര്‍ ശ്രദ്ധാലുവായിരുന്നുവെന്ന്, സുപ്രീംകോടതി യിലെ അഭിഭാഷകയായ മകള്‍ അംബിക ഓര്‍ക്കുന്നു.
'ഇടതുപക്ഷ ത്തിന്റെ തുടര്‍ച്ചയായ പരാജയത്തിലും വലതുപക്ഷ ത്തിന്റെ ഭയാനകമായ വളര്‍ച്ചയിലും അമ്മയ്ക്ക് കടുത്ത നിരാശയുണ്ടായിരുന്നു. എങ്കിലും ഇടതുപക്ഷത്തിന്റെ ശക്തിയിലുള്ള വിശ്വാസം എപ്പോഴും സൂക്ഷിച്ചിരുന്നു.അവസാനശ്വാസം വരേക്കും ഇടതുപക്ഷ വിശ്വസിയായിരുന്നു.'
രാഷ്ട്രീയ ചരിത്രത്തിലെ അപൂര്‍വ പ്രണയകഥ
കേരളത്തിലെ പത്ര - ദൃശ്യ മാധ്യമങ്ങള്‍ കടുത്ത ചായക്കൂട്ടില്‍ വരച്ചു വെച്ച മറ്റു ചില രാഷ്ട്രീയ പ്രണയവിവാഹങ്ങള്‍ പോലെ എമ്മെന്റെയും ദേവകിയുടെയും കഥ ഒരിക്കലും കൊണ്ടാടപ്പെട്ടില്ല. തീയേറ്ററില്‍ തകര്‍ത്തോടാനും, കാണികള്‍ക്ക് കരയാനും കയ്യടിക്കാനും പാകത്തിലുള്ള ചേരുവകള്‍ ചേര്‍ത്തുണ്ടാക്കിയ തിരക്കഥയുടെയും സിനിമയുടെയും രൂപത്തില്‍,അതൊരിക്കലും പൊതുജനമദ്ധ്യത്തിലെത്തിയുമില്ല. കേരളത്തിന്റെ രാഷ്ട്രീയ ആകാശത്തില്‍ കാറും കോളും കൊടുങ്കാറ്റും സൃഷ്ടിച്ച ഒരു ദുരന്തനാടകമായി ആ ദാമ്പത്യം മാറാത്തതു കൊണ്ടാകാം,മാദ്ധ്യമങ്ങള്‍ അവരെ വെറുതെ വിട്ടത്. എന്നാല്‍ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഒരു വേറിട്ട അദ്ധ്യായമായി ആ അപൂര്‍വ പ്രണയകഥ തിളങ്ങി നില്‍ക്കുന്നു.
1984 നവംബര്‍ 27 ന് എമ്മെന്‍ യാത്രയായ ദിവസത്തെ ഹൃദയസ്പര്‍ശിയായ ചില നിമിഷങ്ങള്‍,എമ്മെന്റെ പ്രിയപ്പെട്ട കൊച്ചുഗോപിപ്പിള്ള എന്ന ആര്‍ ഗോപിനാഥന്‍ നായര്‍ രേഖപ്പെടുത്തിയത് പങ്കുവെച്ചുകൊണ്ട്,കുറച്ചധികം നീണ്ടുപോയ ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ.
'എമ്മെന്റെ അന്ത്യയാത്ര വലിയ ചുടുകാട്ടില്‍ അവസാനിച്ചപ്പോള്‍ അന്നു രാത്രി പന്ത്രണ്ട് മണി കഴിഞ്ഞിരിക്കണം. തുടര്‍ന്നു നടന്ന അനുശോചനയോഗവും കഴിഞ്ഞ് മൃതദേഹം ചിതയില്‍ വെച്ചു... വികാരം വിതുമ്പിയ ഏതാനും വാക്കുകള്‍ പറഞ്ഞൊപ്പിച്ച ശേഷം പ്ലാറ്റ്ഫാറത്തില്‍ നിന്ന് തപ്പിത്തടഞ്ഞിറങ്ങി വന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റാചാര്യനായ സഖാവ് എന്‍ സി ശേഖര്‍. എന്നെക്കണ്ട് അടുത്തേക്കു വന്ന അദ്ദേഹം ചോദിച്ചു.
'ദേവകി എവിടെ?'
രോഗിയായി അങ്ങു വടക്ക് കണ്ണൂര്‍ കഴിയുന്ന ആ പഴയകാല സഖാവ് എമ്മെനെ അവസാനമായി ഒന്നു കാണാന്‍ ആലപ്പുഴയില്‍ പാഞ്ഞെത്തിയതാണ്. സഖാവിനെയും കൂട്ടി ഞാന്‍ ചുടുകാടിന്റെ തെക്കുഭാഗത്തായി പാര്‍ക്ക് ചെയ്തിരുന്ന ആ കാറിനടുത്തേക്ക് ചെന്നു. ഏത് മാതൃഹൃദയങ്ങളെയും തകര്‍ക്കുന്ന തീരാദുഃഖങ്ങളും പേറി,എമ്മെന്റെ സുഖസൗകര്യങ്ങളെ മാത്രം കരുതി ജീവിച്ച,എമ്മെനെ സ്‌നേഹിക്കാന്‍ മാത്രം പഠിച്ച,ആ കൊച്ചു വലിയ സ്ത്രീ,മകളോടൊപ്പം അതിനുള്ളിരുന്നു കരയുകയായിരുന്നു. അങ്ങു ദൂരെ ചിതയിലെ തീ ആളിപ്പടരുന്നതും നോക്കി. എമ്മെന്റെ ആ പഴയകാല സുഹൃത്തിനെ കണ്ടപ്പോള്‍ അവര്‍ വാവിട്ടു കരഞ്ഞുപോയി. ആ കാറില്‍ പിടിച്ചുനിന്നുകൊണ്ട് ഒരു കൊച്ചുകുട്ടിയെപ്പോലെ സഖാവ് എന്‍ സി യും കരഞ്ഞു. എല്ലാം കടിച്ചമര്‍ത്തി, കരയാനുള്ള ശേഷിയും നശിച്ച ഞാന്‍ ഒരു വലിയ മനുഷ്യന്റെ അന്ത്യം കുറിക്കുന്ന ആ തീനാളങ്ങള്‍നോക്കിനിന്നു.