നിലപാടുകളുടെ രാജകുമാരനായിരുന്നു പ്രിയപ്പെട്ട പി.ടി: ടി.സിദ്ദിഖ്

നിലപാടുകളുടെ രാജകുമാരനായിരുന്നു പ്രിയപ്പെട്ട പി.ടി: ടി.സിദ്ദിഖ്
Published on

വല്ലാത്ത ശൂന്യതയാണ് പി.ടി തോമസിന്റെ വിടവാങ്ങലിലൂടെ സംഭവിച്ചിരിക്കുന്നത്. കേരള വിദ്യാര്‍ത്ഥി യൂണിയന്റെ കാലം മുതലുള്ള ദൃഢബന്ധമാണ് പി.ടി തോമസുമായുള്ളത്. പഠിക്കാനും വായിക്കാനും ആത്മവിശ്വാസത്തോടെ വളരാനും, പൊതുപ്രവര്‍ത്തകന്‍ എങ്ങനെ മുന്നോട്ട് പോകണമെന്ന് ഒരു വഴികാട്ടിയെ പോലെ ഉപദേശിക്കാനും തിരുത്താനുമൊക്കെ നേതൃത്വം നല്‍കിയ വൈകാരികമായ അടുപ്പമായിരുന്നു പി.ടി തോമസുമായി ഉണ്ടായിരുന്നത്. വായനയും സാംസ്‌കാരിക പ്രവര്‍ത്തനവും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ പഠിപ്പിക്കുകയും മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്തു.

പരിസ്ഥിതി വിഷയങ്ങളില്‍ വിട്ടുവീഴ്ചയില്ലാതെ നേതൃത്വം കൊടുക്കാന്‍ പി.ടിക്ക് കഴിഞ്ഞു. പി.ടി തോമസിനെ ഒറ്റപ്പെടുത്താന്‍ വലിയ ശ്രമങ്ങള്‍ ഉണ്ടായപ്പോഴും നിലപാടില്‍ വിട്ടുവീഴ്ചയില്ലാതെ കര്‍ക്കശമായി ഉറച്ചു നിന്നു എന്നതാണ് ഇന്നിന്റെ തലമുറയ്ക്ക് പി.ടി നല്‍കുന്ന പ്രധാന സന്ദേശം. നിലപാടുകളുടെ രാജകുമാരനായിരുന്നു പ്രിയപ്പെട്ട പി.ടി തോമസ്.

കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിലൂടെ വളര്‍ന്ന് വന്ന ഞങ്ങളെ പോലുള്ളവരുടെ ഉപദേശകനും മാര്‍ഗദര്‍ശിയുമായിരുന്നു പി.ടി തോമസ്. കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് കാലഘട്ടത്തില്‍ എറണാകുളത്തും കോട്ടയത്തും ഇടുക്കിയിലുമൊക്കെ പരിപാടികള്‍ക്ക് പോകുമ്പോള്‍ തിരിച്ചു പോകാന്‍ കയ്യില്‍ കാശുണ്ടോടാ എന്ന് ചോദിക്കുന്ന നേതാക്കന്‍മാരിലൊരാളായിരുന്നു പി.ടി. തിരിച്ചു പോകാന്‍ കാശ് ചോദിക്കുമ്പോള്‍ കൈയ്യിലുള്ള കാശ് എടുത്ത് തന്ന് ഞങ്ങളെ യാത്രയാക്കിയ പി.ടിയെ ഇപ്പോഴും ഓര്‍ക്കുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ആധികാരികമായി ഒരു വിഷയത്തില്‍ സംസാരിക്കുന്ന ഉജ്ജ്വലനായ നേതാവ്, മാന്യമായ ഭാഷയില്‍ ചാട്ടുളി പോലെയുള്ള വാക്ക് ശരങ്ങള്‍, ചരിത്രപരമായ സംഭവങ്ങളെ കൂട്ടിയിണക്കി ഗൃഹപാഠം ചെയ്ത് സംസാരിക്കുന്ന പി.ടി നിയമസഭയിലെ ഏറ്റവും ജ്വലിക്കുന്ന നക്ഷത്രമായിരുന്നു.

ഈ അവസാന സമ്മേളനത്തില്‍ പി.ടി അവതരിപ്പിച്ച അടിയന്തര പ്രമേയങ്ങളും ഇടപെടലുകളും ചോദ്യങ്ങളും വിസ്മയത്തോടെ അസംബ്ലിക്കകത്ത് കേട്ട് നിന്ന ആളുകളാണ് ഞങ്ങളൊക്കെ. ഒരു കെ.എസ്.യുക്കാരന്റെ വീറും വാശിയും ആത്മവിശ്വാസവും ജീവിതത്തിന്റെ അവസാനം വരെ ചോരാതെ കാത്തു സൂക്ഷിച്ചു എന്നതാണ് പി.ടിയുടെ ഏറ്റവും വലിയ പ്രത്യേകത. പി.ടിയാവാന്‍ പി.ടിക്കെ കഴിയൂ.

നിലപാടുകളിലൂടെ കേരളത്തിലെ വലിയൊരു വിഭാഗം ആളുകളെ കോണ്‍ഗ്രസുമായി ഇണക്കി ചേര്‍ത്തിരുന്നു പി.ടി. ആ വിടവ് വളരെ ഗൗരവമാണ്. അതാണ് ഇന്ന് ഞങ്ങളെ അലട്ടുന്ന വലിയ പ്രശ്‌നം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് മാത്രമല്ല, കേരളത്തിലെ പൊതുസമൂഹത്തിനും പരിസ്ഥിതിക്കുമെല്ലാം ഏറ്റവും ശക്തനും സത്യസന്ധനും ഏറ്റവും ആത്മാര്‍ത്ഥതയുള്ള കര്‍ക്കശക്കാരാനായ പൊതുപ്രവര്‍ത്തകനെ നഷ്ടപ്പെട്ടിരിക്കുന്നു എന്നതാണ് ഈ വിയോഗത്തിന്റെ പാരമ്യത.

Related Stories

No stories found.
logo
The Cue
www.thecue.in