ലക്ഷദ്വീപ് : ജീവിതത്തിന്റെ മുത്തും പവിഴവും

ലക്ഷദ്വീപ് : ജീവിതത്തിന്റെ മുത്തും പവിഴവും
Published on
Summary

ദ്വീപുകാരന്‍ കപ്പല്‍ കയറുന്നത് ദ്വീപിലേക്ക് തന്നെ തിരിച്ചു വരാനായി മാത്രമാണ്. അവിടെയുള്ളത് അവന്റെ വേരുകളാണ്. ഒരു മരവും വേരുകളെ പറിച്ചെറിഞ്ഞ് മാനത്തേക്ക് പറന്നുപൊന്തുന്നില്ല. ഈ സ്വത്വബോധമാണ് മനുഷ്യസംസ്‌ക്കാരത്തിന്റെ വൈവിധ്യങ്ങളെയത്രയും സൃഷ്ടിച്ചിരിക്കുന്നത്. വൈവിധ്യമാണ് സത്യം. അതാണ് സൗന്ദര്യവും. കഥാകൃത്തും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനുമായ ടി.അരുണ്‍കുമാര്‍ എഴുതുന്നു

സംവിധായകന്‍ സച്ചിയോട് അരമണിക്കൂറോളം പത്തുമണി വെയിലില്‍ നിന്ന് കൊണ്ട് മുഖാമുഖം സംസാരിച്ചിട്ടുണ്ട്. അതിന് മുമ്പോ അതിന് ശേഷമോ അയാളോട് സംസാരിച്ചിട്ടേയില്ല. ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്നത് വെയിലിന്റെ മാത്രമല്ല, മണ്ണെണ്ണ മണത്തിന്റെയും മധ്യത്തില്‍ നിന്നായിരുന്നു. അവിടെ നിന്ന് കുറച്ചു മാറി പവിഴപ്പുറ്റുകള്‍ നിറഞ്ഞ കടല്‍ത്തീരം സിയാന്‍ പച്ചയില്‍ ശാന്തമായിക്കിടന്നിരുന്നു. രണ്ട് ദിവസം മുമ്പ് ജലശലഭങ്ങളായ മീനുകളെയത്രയും നോക്കിക്കണ്ട് കൊണ്ട് ഞങ്ങള്‍ മൂന്ന് പേര്‍, കടലില്‍ മുങ്ങാംകുഴിയിട്ട് കിടന്നിരുന്നു. ലക്ഷദ്വീപില്‍ പോകാന്‍ കഴിഞ്ഞത് ഏഴ് വര്‍ഷം മുമ്പാണ്. വെല്ലിംഗ്ടണ്‍ ഐലന്‍ഡില്‍ നിന്ന് എം.വി. കോറല്‍സ് എന്ന കപ്പലില്‍.

നാല് അചേതനവസ്തുക്കള്‍ ലക്ഷദ്വീപില്‍ നിന്ന് ഒപ്പം കൂടിയിരുന്നു. ഒന്ന്, കപ്പല്‍ അടുക്കുന്ന ആ വാര്‍ഫാണ്. അത് നമ്മള്‍ സച്ചിയുടെ അനാര്‍ക്കലി എന്ന സിനിമയുടെ ആദ്യരംഗങ്ങളില്‍ കണ്ടിട്ടുണ്ട്. വൈകുന്നേരങ്ങളില്‍ അവിടെ ബൈക്കിലെത്തി ദ്വീപ് നിവാസികള്‍ ചൂണ്ടയിട്ടിരിക്കാറുണ്ട്. ഓരോ ചൂണ്ടയേറിലും അവര്‍ക്കാകപ്പാടെ ഒരു കൗതുകമേയുള്ളൂ. ചൂരയല്ലാതെ മറ്റെന്തെങ്കിലും കൊത്തുമോ എന്നതാണ് ആ കൗതുകം. ഒരു ദ്വീപിന്റെ അസ്തിത്വത്തില്‍ കടല്‍ എത്രമേല്‍ വലിയൊരു അനിവാര്യതയാണോ അത്രമേല്‍ ദ്വീപിന്റെ ഭക്ഷണസംബന്ധിയായൊരു അനിവാര്യതയും യാഥാര്‍ത്ഥ്യവുമാണ് ചൂര. അവ പച്ചക്കടലില്‍ നിന്നും ചൂണ്ടകളില്‍ ആവര്‍ത്തനവിരസമായി കോര്‍ക്കപ്പെടുന്നു. എന്നിട്ട് ദ്വീപിന്റെ തീന്‍മേശയിലേക്ക് പല രുചികളായി വീണുനിറയുന്നു.

People's Archive of Rural India

മാസ് എന്നൊരു സംഭവമുണ്ട്. അത് ലക്ഷദ്വീപിന്റെ ഒരു തനത് തീറ്റസൂത്രമാണ്. സംഗതി ചൂര തന്നെ. നല്ല മുഴുത്ത ചൂരക്കഷണങ്ങള്‍ വെട്ടിയൊരുക്കി, സവിശേഷമായി ഉണക്കിയെടുക്കുന്നതാണ് മാസ്. കൈയ്യിലേക്കെടുത്തു തന്നാല്‍ ഈട്ടിക്കഷണമെന്ന് തോന്നും. ഉണക്കമീനാണെന്നറിയുമ്പോള്‍ അമ്പരക്കും. മാസിന്റെ ഗതകാലമീന്‍ജീവിതത്തെ നമുക്ക് എങ്ങനെ വേണമെങ്കിലും വീണ്ടെടുക്കാം. കറിയായോ, ഫ്രൈആയോ എങ്ങനെ വേണമെങ്കിലും. അതിന് പക്ഷേ കടലിന്റെ ഓര്‍മകളെ തിരിച്ചു കൊടുക്കണം എന്നേയുള്ളൂ. നിസാരമാണത്, ഒരു ചട്ടി വെള്ളത്തില്‍ ഒരു രാത്രി മുഴുവന്‍ 'മാസ് ' മുക്കിയിട്ടാല്‍ മതി.

ലക്ഷദ്വീപസമൂഹത്തില്‍ ഒരുപാട് ദ്വീപുകള്‍ ഉണ്ട്. അഗത്തി, കവരത്തി, കല്‍പ്പേനി, മിനിക്കോയി തുടങ്ങി. ഇവിടെ പലയിടങ്ങളിലും വാര്‍ഫുകള്‍ ഉണ്ടാവണം എന്നൊന്നുമില്ല. കല്‍പേനിയില്‍ കപ്പലടുത്തത് പുറംകടലിലാണ്. സര്‍ക്കസുകാരുടെ മെയ് വഴക്കത്തോടെ കയറില്‍ പിടിച്ച് സ്ത്രീകളും പുരുഷന്‍മാരും പഴഞ്ചന്‍ തോണിയില്‍ നിന്ന് കപ്പലിന്റെ ഉള്ളിലേക്ക് നൂണുകയറുന്നു.

രണ്ടാമത്തെ ഓര്‍മ കടല്‍പ്പാലമാണ്. വാര്‍ഫില്‍ നിന്ന് തുടങ്ങി ദ്വീപിലേക്ക് നീളുന്ന പാലം. അതിനിരുവശത്തും കടലാണ്. അതത്ര ശാന്തമല്ല. കുറുകെ നാട്ടിയൊരധിനിവേശത്തോടെന്ന പോലെ കടല്‍ പാലങ്ങളുടെ സ്തംഭങ്ങള്‍ക്ക് മേല്‍ തലതല്ലിക്കൊണ്ടിരിക്കുന്നു.

ദ്വീപിലെ ജയില്‍ ഒരു കാലത്തും മറന്നുപോവില്ലെന്നുറപ്പുള്ളൊരു കാഴ്ചയാണ്. ഒരു ജയിലിന് പ്രവര്‍ത്തിക്കാന്‍ ആവശ്യം വേണ്ടതെന്താണോ അത് നല്‍കാന്‍ ദ്വീപ് നിവാസികള്‍ തയ്യാറായിരുന്നില്ല.

പാലം കടന്ന് ദ്വീപിന്റെ മണലിനെത്തൊട്ടാല്‍ നിങ്ങള്‍ക്ക് വേണമെങ്കില്‍ അരികത്ത് ഉയര്‍ന്നുനില്‍ക്കുന്ന വാച്ച്ടവറിനെയും കടല്‍പ്പാലത്തെയും ചേര്‍ത്തൊരു മട്ടകോണ്‍ വരയ്ക്കാം. ഗോവണി ചുറ്റിച്ചുറ്റി ടവറിന് മുകളിലെത്താന്‍ സമയമെടുക്കും. അവിടെ എത്തിക്കഴിയുമ്പോള്‍ ഇതേവരെ കണ്ടിട്ടില്ലാത്തൊരു കടല്‍ക്കാഴ്ച നിങ്ങള്‍ക്ക് കാണാനാവും. താഴെ കടലിന്റെ അനന്തത. മുകളില്‍ ആകാശത്തിന്റെയും. ഇതിനിടയിലെ ലിംബോയില്‍ കുരുങ്ങിനിന്ന് നിങ്ങള്‍ ഒരു കാഴ്ച കാണുകയല്ല. ഒരു കാഴ്ചയെ, ഒരവസ്ഥയായി അനുഭവിക്കുകയാണ്. കാണുന്ന കോണുകള്‍ക്കനുസരിച്ച് കാഴ്ചയുടെ അനുഭവം മാറുമെന്ന് നിങ്ങള്‍ പഠിക്കുന്നു. ആ പാഠം നിങ്ങളെയും കൊണ്ട് ഗോവണി ചുറ്റി തിരിച്ചിറങ്ങുന്നു. ഈ വാച്ച് ടവറാണ് ദ്വീപിന്റെ മൂന്നാം ഓര്‍മ.

ദ്വീപിലെ റോഡുകള്‍ സിമന്റ് ചെയ്തവയാണ്. തിരയില്‍ നിന്ന് തുടങ്ങി തിരയില്‍ ഒടുങ്ങുന്ന റോഡുകള്‍. അങ്ങനെയൊക്കെ നോക്കുമ്പോള്‍ ദ്വീപ് പല വിചിത്രഭാവനകളും നമുക്ക് തുറന്ന് തരും. കടലില്‍ പൊന്തിക്കിടക്കുന്ന ഒരു കിനാവള്ളിയോ, നക്ഷത്രമത്സ്യമോ ആണ് ദ്വീപെന്ന് പറയാം.

അനാര്‍ക്കലിയുടെ ചിത്രീകരണം ദ്വീപില്‍ നടക്കുന്നത് കൊണ്ട് രാത്രിവൈകിയിട്ടും ഒരു മുറി തരപ്പെട്ടില്ല. വെല്ലിംഗ്ടണ്‍ ഐലന്റില്‍ നിന്ന് കപ്പല്‍കയറുമ്പോള്‍ പരിചയപ്പെട്ട ദ്വീപുകാരനായ ഒരു റസാക്കുണ്ട്. അയാള്‍ എം.വി.കോറല്‍സിലെ സീമാനാണ്. കവരത്തിക്കാരന്‍. ഞങ്ങള്‍ക്കൊപ്പം കപ്പലിറങ്ങിയ റസാക്ക് ദ്വീപിലെ വീട്ടിലേക്ക് പോയി. ഇനി കുറച്ചു ദിവസം റസാക്കിന് അവധിയാണ്. ദ്വീപ് ഇരുളുകയും കടലൊരു ശബ്ദസാന്നിധ്യമായി മാറുകയും ചെയ്തപ്പോള്‍ വഴിവക്കില്‍ കുത്തിയിരുന്ന് റസാക്കിനെ വിളിച്ചു.

റസാക്കിന്റെ അനുജന്‍, എപ്പോഴും ചിരിക്കുന്ന മുഖമുള്ളൊരു മിടുക്കന്‍ പയ്യന്‍ മോട്ടോര്‍സൈക്കിളുമായി വന്നു. അവന്‍ ദ്വീപിലൊരു ഐസ്‌ക്രീം ഷോപ്പും മറ്റ് അല്ലറചില്ലറ ഏര്‍പ്പാടുകളുമായൊക്കെ കഴിയുകയാണ്. ഒരിക്കലും മറക്കരുതാത്ത നിന്റെ പേര്, ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം ഞാന്‍ മറന്നുപോയിരിക്കുന്നു. എങ്കിലും സ്‌നേഹത്തിന്റെ ആ വലിയ വേലിയേറ്റങ്ങളെല്ലാം ഇന്നും മനസ്സില്‍ ഇരമ്പിയാര്‍ത്തു തന്നെ നില്‍ക്കുകയും ചെയ്തു.

റസാക്കിന്റെ വീട്ടിലെ മുകളിലെ നില ഞങ്ങള്‍ക്കായി ഒഴിഞ്ഞു തന്നു. റസാക്കിന്റെ ബാപ്പയും ഉമ്മയും പെങ്ങളും ചേര്‍ന്ന് ഞങ്ങളെ ഊട്ടി. കോഴിയും, ചൂരയും, മാസും തീന്‍മേശയില്‍ ദ്വീപിന്റെ ഉപചാരവാക്കുകള്‍ എഴുതി. പത്തിരിയും പേരറിയാപ്പലഹാരങ്ങളും നാവില്‍ ആ ക്‌ളീഷേഡായ പഴഞ്ചന്‍ കപ്പലിനെത്തന്നെ വീണ്ടും ഓടിച്ചു. റസാക്കിന്റെ ബാപ്പ സംസാരിച്ചു കൊണ്ടേയിരുന്നു. രാത്രി വൈകി ദ്വീപിനെ ഉറ്റുനോക്കിയിരുന്ന് എപ്പഴോ ഉറങ്ങിപ്പോയതും, റസാക്കിന്റെ ബാപ്പ മുറിയിലേക്ക് വഴികാട്ടിയതും ഓര്‍ക്കുന്നു.

People's Archive of Rural India
ഒരുകൂട്ടം സാധാരണ മനുഷ്യരുടെ മേല്‍ ഏകാധിപതിയെപ്പോലെ വാഴാന്‍ ഒരാള്‍ക്ക് അവസരം ലഭിക്കുമ്പോള്‍, അധികാരം അതിന്റെ നഗ്നനൃത്തത്തിനുള്ള അരങ്ങ് തേടുമ്പോള്‍ ഉണ്ടാകുന്ന അസ്വ്യാരസ്യങ്ങള്‍, ഉരസലുകള്‍. അന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിലേക്ക് എന്തോ കാര്യത്തിനായി മാര്‍ച്ച് നടത്താന്‍ പോവുന്നു എന്ന് കേട്ടതും ഓര്‍ക്കുന്നു. അത് സംബന്ധിച്ച നോട്ടീസുകള്‍ ഒട്ടിച്ചിരുന്നതും കണ്ടിരുന്നു.

ഇട്ടാവട്ടം പോലൊരു ദ്വീപില്‍ ചുറ്റിക്കറങ്ങി ജീവിക്കുന്നതില്‍ എന്താണ് ആനന്ദകരമായുള്ളത് ? വിദ്യയും വിത്തവും ആരോഗ്യവുമെല്ലാം ഇന്ത്യന്‍ ഉപഭൂഖണ്ഡവുമായി ബന്ധപ്പെട്ടു കിടക്കവേ ഈ ദ്വീപുകളില്‍ ഇങ്ങനെ കഴിഞ്ഞു കൂടുന്നതില്‍ എന്താണ് കാര്യം ? ഇതൊക്കെ നമ്മുടെ ചോദ്യങ്ങളായിരിക്കാം. പക്ഷെ ദ്വീപുകാരന്‍ കപ്പല്‍ കയറുന്നത് ദ്വീപിലേക്ക് തന്നെ തിരിച്ചു വരാനായി മാത്രമാണ്. അവിടെയുള്ളത് അവന്റെ വേരുകളാണ്. ഒരു മരവും വേരുകളെ പറിച്ചെറിഞ്ഞ് മാനത്തേക്ക് പറന്നുപൊന്തുന്നില്ല. ഈ സ്വത്വബോധമാണ് മനുഷ്യസംസ്‌ക്കാരത്തിന്റെ വൈവിധ്യങ്ങളെയത്രയും സൃഷ്ടിച്ചിരിക്കുന്നത്. വൈവിധ്യമാണ് സത്യം. അതാണ് സൗന്ദര്യവും.

പിറ്റേന്ന് ഞങ്ങള്‍ക്ക് ഒരു ലോഡ്ജ് മുറി തരപ്പെട്ടു. റസാക്കിന്റെ അനുജന്‍ അവന്റെ മോട്ടോര്‍സൈക്കിള്‍ ഞങ്ങള്‍ക്ക് തന്നു. ഞാനും സുഹൃത്ത് ബിജീഷ്ബാലനും ദ്വീപ് മുഴുവന്‍ ചുറ്റിക്കറങ്ങിക്കൊണ്ടേയിരുന്നു. അങ്ങനെയാണ് ദ്വീപിലെ ജയില്‍ കാണുന്നത്. അഡ്മിനിസ്‌ട്രേഷന്റെ ഓഫീസും അഡ്മിനിസ്‌ട്രേറ്ററുടെ ഔദ്യോഗികവസതിയും കാണുന്നത്. വൈകുന്നേരം ചൂടാറിയ കടലില്‍, അവന്‍ കൊണ്ടുവന്ന ജലക്കണ്ണാടിയും ശ്വാസക്കുഴലും ധരിച്ചു പവിഴപ്പുറ്റുകളിലേക്ക് ആഴ്ന്നു. ഓരോ കണ്‍ചിമ്മലും ഓരോ പുത്തന്‍ സ്‌നാപ്പുകളാവുന്നു. ആയിരം വര്‍ണ്ണങ്ങളില്‍ മീനുകള്‍, ജലജീവികള്‍, നക്ഷത്രമത്സ്യങ്ങള്‍. ഇടയ്ക്ക് പാളിപ്പോയൊരു കടലാമ.

ദ്വീപിലെ ജയില്‍ ഒരു കാലത്തും മറന്നുപോവില്ലെന്നുറപ്പുള്ളൊരു കാഴ്ചയാണ്. ഒരു ജയിലിന് പ്രവര്‍ത്തിക്കാന്‍ ആവശ്യം വേണ്ടതെന്താണോ അത് നല്‍കാന്‍ ദ്വീപ് നിവാസികള്‍ തയ്യാറായിരുന്നില്ല. അത് കുറ്റവാളികളെ ആയിരുന്നു. ദ്വീപില്‍ ക്രൈം നടക്കുന്നില്ല. പൂജ്യമാണ് അന്നത്തെ കുറ്റകൃത്യനിരക്ക്. അത് കൊണ്ട് ജയില്‍ പൂട്ടിയിട്ടിരിക്കുന്നു. എന്ന് മാത്രമല്ല, ആ വലിയ താഴ് തുരുമ്പിച്ചും തുടങ്ങിയിരുന്നു. ജയിലിനെ തികച്ചും അനാവശ്യമായൊരു സാമൂഹികസ്ഥാപനമാക്കി പരിഹസിച്ചു കളയാന്‍ ഒരു കൂട്ടം മനുഷ്യര്‍ക്ക് കഴിയുമെന്ന് തെളിയിച്ചവരാണ് ദ്വീപുകാര്‍. അവരെ ഇന്ന് നമ്മള്‍ ഗുണ്ടാആക്ട് കൊണ്ട് നേരിടുന്നു.

( ലക്ഷദ്വീപുകളില്‍ കുറ്റകൃത്യങ്ങള്‍ അണ്ടര്‍ റിപ്പോര്‍ട്ടിംഗ് ആണെന്ന് ചില ദേശീയ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അങ്ങനെയാണെങ്കില്‍പ്പോലും അതൊരു വലിയ വ്യത്യാസം ഉണ്ടാക്കുമെന്ന് കരുതുന്നില്ല. ചരിത്രപരമായിത്തന്നെ ദ്വീപില്‍ ഗുരുതരകുറ്റകൃത്യങ്ങള്‍ കുറവാണെന്ന് വാദത്തിനാണ് മേല്‍ക്കൈ )

ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പും ദ്വീപ് നിവാസികളും അഡ്മിനിസ്‌ട്രേഷനും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതായി പറഞ്ഞുകേട്ട ഓര്‍മയുണ്ട്. അതുപക്ഷെ ഇത്ര കണ്ട് വഷളായിരുന്നില്ല. ഒരുകൂട്ടം സാധാരണ മനുഷ്യരുടെ മേല്‍ ഏകാധിപതിയെപ്പോലെ വാഴാന്‍ ഒരാള്‍ക്ക് അവസരം ലഭിക്കുമ്പോള്‍, അധികാരം അതിന്റെ നഗ്നനൃത്തത്തിനുള്ള അരങ്ങ് തേടുമ്പോള്‍ ഉണ്ടാകുന്ന അസ്വ്യാരസ്യങ്ങള്‍, ഉരസലുകള്‍. അന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിലേക്ക് എന്തോ കാര്യത്തിനായി മാര്‍ച്ച് നടത്താന്‍ പോവുന്നു എന്ന് കേട്ടതും ഓര്‍ക്കുന്നു. അത് സംബന്ധിച്ച നോട്ടീസുകള്‍ ഒട്ടിച്ചിരുന്നതും കണ്ടിരുന്നു.

ലക്ഷദ്വീപിന്റെ അടിസ്ഥാനപ്രശ്‌നം അതിന്റെ 'കള്‍ച്ചറല്‍ കണക്ട് ' ആണ്. അതാകട്ടെ, കേരളവുമായി സുദൃഡമായി ബന്ധിപ്പിക്കപ്പെട്ടതാണ് താനും. ഒരു കേരളീയന് അനായാസം മനസ്സിലാക്കാന്‍ കഴിയുന്ന മലയാളമാണ് ദ്വീപുകാരന്റെ ഭാഷ. അവന്റെ സാംസ്‌ക്കാരികസവിശേഷതകളും അങ്ങനെയൊക്കെ തന്നെ. അത് കണക്കിലെടുത്ത് ഭരണാധികാരികളെയും ഉദ്യോഗസ്ഥരെയും നിയമിക്കണമെന്ന് പറയുന്നില്ല. പക്ഷെ, സുഗമമായ ഭരണം ആണ് അധികാരസ്ഥാനത്തിരിക്കുന്നവരുടെ ലക്ഷ്യമെങ്കില്‍ ആ കണക്ഷന്‍ ചരിത്രപരവും സാംസ്്ക്കാരികവുമായ ഒരു യാഥാര്‍ത്ഥ്യമാണെന്ന് നസ്സിലാക്കണം. അവരോട് അധികാരത്തിന്റെ ഭാഷയിലല്ലാതെ, മനുഷ്യത്വത്തിന്റെ ഭാഷയില്‍ ഇടപെടാന്‍ ശീലിക്കണം.

മിനിക്കോയ് ദ്വീപുകള്‍ക്ക് സമീപം തീവ്രവാദപ്രവര്‍ത്തനം, മയക്കുമരുന്ന്- ആയുധക്കടത്ത് എന്നിവയുടെ അടിസ്ഥാനത്തിലാണ് പുതിയ സുരക്ഷാതീരുമാനങ്ങള്‍ എന്നാണ് ഔദ്യോഗികവിശദീകരണം. 3,000 കോടിയുടെ മയക്ക് മരുന്ന് ശ്രീലങ്കന്‍ ബോട്ടില്‍ നിന്ന് പിടിച്ചെടുത്തത് ഒപ്പം അഞ്ച് എ.കെ.ഫോട്ടിസെവന്‍ റൈഫിളുകളും. ഇതൊരു ചെറിയ കാര്യമല്ലെന്നിരിക്കെ തന്നെ ഇവിടെ അധികാരികള്‍ ചേയ്യേണ്ടത് എന്താണ് ? ഒരു ജനതയെ മുഴുവന്‍ ശത്രപക്ഷത്തോ സംശയത്തിന്റെ മുള്‍മുനയിലോ നിര്‍ത്തി എത്രനാള്‍ മുന്നോട്ട് പോകാനാവും ? സത്യത്തില്‍ ജനങ്ങളുടെ പങ്കാളിത്തത്തോട് കൂടി, ഇന്‍ലാന്‍ഡ് സുരക്ഷാക്രമീകരണങ്ങള്‍ മെച്ചപ്പെടുത്തുകയാണ് ചെയ്യേണ്ടത്. ദ്വീപുനിവാസികളുടെ നിരന്തരപങ്കാളിത്തം ഓരോ തീരുമാനങ്ങളിലും ഉറപ്പുവരുത്താന്‍ അഡ്മിനിസ്ട്രഷന് ആയാല്‍, ഇരുകൂട്ടര്‍ക്കും പരസ്പരം വിശ്വാസത്തിലെടുക്കാന്‍ കഴിയും. അത് കാര്യങ്ങളില്‍ ഒരു വലിയ മാറ്റം കൊണ്ടുവരും.

കാരണം, ബഹുഭൂരിപക്ഷം വരുന്ന ദ്വീപുനിവാസികളുടെ ക്ഷേമത്തിനായാണ് അധികൃതര്‍ പ്രവര്‍ത്തിക്കേണ്ടതെന്നത് തന്നെ. ഒപ്പം കടലിലെ സുരക്ഷാക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യാം. നമ്മുടെ നേവിയേയോ, കോസ്റ്റ് ഗാര്‍ഡിനെയോ ആരും വില കുറച്ചു കാണുന്നുമില്ലല്ലോ.

ഉദാഹരണത്തിന് നാളെ കൊച്ചിയുടെ തീരത്ത് ഒരു ബോട്ടില്‍ കുറച്ച് അജ്ഞാതമനുഷ്യര്‍ ആയുധങ്ങളുമായി എത്തിയെന്നറിഞ്ഞാല്‍ കൊച്ചിക്കാരെ മുഴുവന്‍ ശത്രുപക്ഷത്ത് നിറുത്തിയോ അവരുടെ സൈ്വര്യജീവിതം തകിടം മറിച്ചോ അല്ലല്ലോ ഇതുമായി ബന്ധപ്പെട്ട അന്വേഷണം മുന്നോട്ട് നീങ്ങുക. അതിനീ രാജ്യത്ത് വ്യവസ്ഥാപിതമായ സംവിധാനങ്ങളും പ്രോട്ടോകോളുകളും നിലവിലുണ്ട്. ഇനി അങ്ങനെയല്ല, മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍ അതിന്റെ താല്‍പര്യങ്ങളില്‍ ചിലത് സ്ഥാപിതമാണെന്ന് ജനം വിലയിരുത്തും. അതൊരു ഭരണകൂടത്തിന്റെ വിശ്വാസ്യതയ്ക്ക് കളങ്കമേല്‍പ്പിക്കും.

ലക്ഷദ്വീപ് : ജീവിതത്തിന്റെ മുത്തും പവിഴവും
അഡ്മിനിസ്ട്രേറ്ററുടെ ഹിന്ദുത്വ അജണ്ടയിൽ ശ്വാസം മുട്ടി ലക്ഷദ്വീപ്; മോദിയുടെ വിശ്വസ്തൻ ഒരു ജനതയോട് ചെയ്യുന്നത്
People's Archive of Rural India

കവരത്തിദ്വീപിന്റെ കിഴക്ക് ഭാഗത്തൊരിടത്ത് മണലിലുറച്ചുപോയൊരു കപ്പല്‍ കിടപ്പുണ്ട്. അതൊരു കാഴ്ചയാണ്. ഒരുപാട് മനുഷ്യരെ മറുതീരം കാട്ടിയൊരു ജലയയാനം എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടു കിടക്കുന്നു. മണലിലുറച്ചതോടെ, അതിനതിന്റെ അര്‍ത്ഥം നഷ്ടപ്പെട്ടു. അത് കപ്പല്‍ അല്ലാതായി മാറി. ദ്വീപുനിവാസികള്‍ക്ക് അതിലുള്ള കൗതുകം നഷ്ടമായിരിക്കണം. അതുകൊണ്ട് അവര്‍ക്കതിപ്പോളൊരു കാഴ്ചയും അല്ലാതായി മാറിയിരിക്കുന്നു. സായാഹ്നം കപ്പലിന്റെ ദ്രവിച്ച വടിവുകള്‍ കടന്ന് മഞ്ഞയിലും ചുവപ്പിലും സമീപത്തെ കാടിനെ തിളക്കമുള്ളതാക്കുന്നു. കറുത്ത മണ്ണായിരുന്നു അവിടെയെങ്ങും. ഭൂമിയുടെ പഴുപ്പ് പോലെ അതവിടമാകെ മൂടിക്കിടക്കുന്നു.

അഞ്ച് ദിവസം കഴിഞ്ഞ് ഞങ്ങള്‍ തിരിച്ചുവന്നത് വെല്ലിങ്ങ്ടണ്‍ ഐലന്‍ഡിലേക്ക് ആയിരുന്നില്ല. ബേപ്പൂരേക്ക് ആയിരുന്നു. കപ്പല്‍ കയറിയത് പുറം കടലില്‍ നിന്നും. ആടിയുലയുന്ന വഞ്ചിയില്‍ നിന്ന് കപ്പലിലേക്ക് കയറിപ്പറ്റാന്‍ ശ്രമിക്കവേ, ഇരുയാനങ്ങള്‍ക്കുമിടയിലുള്ള വിടവില്‍ കടല്‍ മെര്‍ക്കുറിക്കഷണം പോലെ കിടന്നുലയുന്നത് കാണാമായിരുന്നു. അങ്ങോട്ട് പോകുമ്പോള്‍ ഉണ്ടായിരുന്ന ഒന്ന് എന്റെ കൈയ്യില്‍ നിന്ന് നഷ്ടപ്പെട്ടു പോയിരുന്നു. അത് യാത്രയ്ക്ക് ഒന്ന് രണ്ട് ദിവസം മുമ്പ് വാങ്ങിച്ച ഒരു പുത്തന്‍ സ്മാര്‍ട്ട് ഫോണ്‍ ആയിരുന്നു. ആവേശത്തള്ളിച്ചയില്‍ , ഷോര്‍ട്ട്‌സിന്റെ പോക്കറ്റില്‍ അതുമിട്ടാണ് കടലിലേക്കെടുത്തു ചാടിയത്. ഉപ്പുവെള്ളം കുടിച്ചു ചത്തവനെ കടലുതന്നെ കൊണ്ട് പോയി. എന്നാല്‍ അങ്ങോട്ടു പോയപ്പോള്‍ ഇല്ലാതിരുന്ന ഒന്ന് എന്റെ ബാഗിലും മറ്റൊന്ന് എന്റെ മനസ്സിലും ഉണ്ടായിരുന്നു.

യാത്ര പറയാന്‍ ചെന്നപ്പോള്‍ റസാക്കിന്റെ ഉമ്മ ഒരു തടിക്കഷണം പൊതിഞ്ഞുനീട്ടി. എന്താണെന്ന് ചോദിക്കവേ, അവര്‍ പറഞ്ഞു : ഇത് ഈ കടലിന്റെ ഒരു കഷണമാണ്.

അത് മാസ് ആല്ലാതെ മറ്റൊന്നുമായിരുന്നില്ല. ഇനി മനസ്സിലുണ്ടായിരുന്നതോ, അത് സചേതനമായിരുന്നു- ദ്വീപിലെ മനുഷ്യര്‍. വെയിലില്‍ അടിത്തട്ടു കാട്ടുന്ന ദ്വീപിന്റെ കടല് പോലെ സുതാര്യരായ മനുഷ്യര്‍; പവിഴദ്വീപുകള്‍.

Related Stories

No stories found.
logo
The Cue
www.thecue.in