എസ്.സി-എസ്.ടി ആക്ട് അട്ടിമറിക്കാന്‍ ശ്രമിക്കുന്ന സിവിക് ഒരു സാമൂഹിക കുറ്റവാളിയാണ്

എസ്.സി-എസ്.ടി ആക്ട് അട്ടിമറിക്കാന്‍ ശ്രമിക്കുന്ന സിവിക് ഒരു സാമൂഹിക കുറ്റവാളിയാണ്
Published on
Summary

മറ്റുള്ളവര്‍ കുറ്റം ചെയ്യുമ്പോള്‍ മാത്രം ഉണരുന്ന ധാര്‍മികത ഒരു കുഴപ്പം പിടിച്ച ധാര്‍മികതയാണ്. നമ്മുടെ കാര്യം വരുമ്പോള്‍ എസ്.സി-എസ്.ടി ആക്ട് പോലും അട്ടിമറിച്ച് കൊണ്ട് രക്ഷപ്പെടാം എന്ന് വിചാരിക്കുന്നതില്‍ വലിയ അപകടമുണ്ട്.സാമൂഹിക നിരീക്ഷകനും എഴുത്തുകാരനുമായ സണ്ണി എം കപിക്കാട് എഴുതുന്നു.

സിവിക് ചന്ദ്രന്റെ കേസില്‍ കോടതി തുടക്കം മുതല്‍ സ്ത്രീവിരുദ്ധവും ദലിത് വിരുദ്ധവുമായ പരാമശങ്ങളാണ് നടത്തിയിട്ടുള്ളത്. എസ്.സി എസ് .ടി അട്രോസിറ്റി ആക്ടിന്റെ സാധുതയെ തന്നെ ചോദ്യം ചെയ്യുന്ന രീതിയിലാണത്. ഈ ആക്ട് എന്തിനാണ് ഉണ്ടായതെന്നും എന്താണ് ഉദ്ദേശിക്കുന്നതെന്നും, ഈ ജഡ്ജിയെ സംബന്ധിച്ച് ബാധകമാകാത്ത കാര്യമാണ്. തികച്ചും നിരുത്തരവാദപരമായ പരാമര്‍ശങ്ങളാണ് ആ ജഡ്ജിയില്‍നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ഇന്ത്യന്‍ പീനല്‍ കോഡിന്റെ സ്വാഭാവിക നടപടിക്രമങ്ങള്‍ കൊണ്ട് മാത്രം നീതി ലഭിക്കാന്‍ സാധ്യതയില്ലാത്തൊരു വിഭാഗമാണ് പട്ടിക വിഭാഗങ്ങള്‍, അതാണ് ഈ നിയമത്തിനു പിന്നിലെ യുക്തി.

യഥാര്‍ത്ഥ ജുഡീഷ്യറി സംവിധാനങ്ങളില്‍ ഇത് സാധ്യമാകില്ലായിരിക്കും, പക്ഷെ ജുഡീഷ്യറിക്ക് തന്നെ അപമാനകരമാകുന്ന തരത്തിലാണ് ഈ പ്രതികരണങ്ങള്‍. പുതിയ കാര്യങ്ങള്‍ രണ്ടെണ്ണമാണ്, 'ഒന്ന് ഇവര്‍ ഒരു എസ്.സി എസ്.ടി വിഭാഗത്തില്‍പ്പെട്ട ആളാണെന്നറിഞ്ഞുകൊണ്ടല്ല അത് ചെയ്തത്. അത് കൊണ്ട് അത് എസ്.സി എസ്.ടി അട്രോസിറ്റീസ് ആക്ടില്‍ പെടില്ല. രണ്ടാമത്തേത്, സിവിക് ചന്ദ്രന്‍ സ്വന്തമായി ജാതിയില്ലാത്തൊരാളായതുകൊണ്ട് ജാതിവിവേചനം കാണിക്കാന്‍ സാധ്യതയില്ല' എന്ന നിരീക്ഷണമാണ്. അതായത് എസ്.സി-എസ്.ടി വിഭാഗത്തില്‍പെടുന്ന ആളുകളെ മറ്റേതെങ്കിലും വിഭാഗത്തില്‍പെടുന്ന ആളുകള്‍ അക്രമിക്കുമ്പോള്‍ മാത്രമേ ഈ ആക്ട് ബാധകമാകൂ എന്ന്.

ഇവിടെ സിവിക് ചന്ദ്രന്‍ ജാതിയില്ലെന്ന് സ്വയം പ്രഖ്യാപിച്ചിട്ടുള്ളതുകൊണ്ടും ആ പെണ്‍കുട്ടിയുടെ ജാതി അയാള്‍ക്ക് അറിയാത്തതുകൊണ്ടും എസ്.സി-എസ്.ടി ആക്ട് ബാധകമാകില്ലെന്നുള്ളതാണ് ജഡ്ജിയുടെ കണ്ടുപിടുത്തം. ഈ ആക്ട് എന്തിനാണ് ഉണ്ടായതെന്ന കാര്യമാണ് നമുക്ക് ബോധ്യപ്പെടേണ്ട കാര്യം. അതായത് ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും ബാധകമാകുന്ന ഒരു പീനല്‍ കോഡ് ഇവിടെയുണ്ട്. ഇന്ത്യയില്‍ ആര് കുറ്റം ചെയ്താലും ശിക്ഷിക്കാന്‍ അതില്‍ നിയമം ഉണ്ടായിരിക്കെ എസ്.സി-എസ്.ടി അട്രോസിറ്റീസ് ആക്ട് എന്ന കൂട്ടിച്ചേര്‍ക്കല്‍ എന്തിനായിരുന്നു എന്നാണ് മനസിലാക്കേണ്ടത്. അതായത് ഇന്ത്യന്‍ പീനല്‍ കോഡിന്റെ സ്വാഭാവിക നടപടിക്രമങ്ങള്‍ കൊണ്ട് മാത്രം നീതി ലഭിക്കാന്‍ സാധ്യതയില്ലാത്തൊരു വിഭാഗമാണ് പട്ടിക വിഭാഗങ്ങള്‍, അതാണ് ഈ നിയമത്തിനു പിന്നിലെ യുക്തി.

എസ്.എസ്.എല്‍.സി ബുക്കില്‍ ജാതിയില്ല എന്നെഴുതിയതുകൊണ്ട് ജാതി ചൂഷണങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ എനിക്ക് ബാധകമല്ല എന്ന് ഇന്ത്യയിലെ ഒരു നിയമത്തിലും പറയുന്നില്ല.

ഒന്നാമത്തെ കാര്യം ഇവര്‍ ദുര്‍ബല വിഭാഗമാണ് എന്നുള്ളതാണ്, സ്വാധീനശേഷിയുള്ള വിഭാഗമല്ല. അതുകൊണ്ട് പ്രതി അധികാര സ്ഥാനങ്ങളെ സ്വാധീനിച്ച് അയാള്‍ക്കനുകൂലമായി കേസുമാറ്റിമറിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. രണ്ട്, ജാതിയുമായി ബന്ധപ്പെട്ട് സമൂഹം പുലര്‍ത്തുന്ന മുന്‍ വിധികള്‍ കാരണം, പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ അതിക്രമത്തിന് വിധേയമായാലും അവര്‍ക്ക് അനുകൂലമായൊരു പൊതുജനാഭിപ്രായം ഉണ്ടാകാന്‍ നസാധ്യത കുറവാണ്. അതുകൊണ്ട് തന്നെ ഇത്തരം വിഷയങ്ങള്‍ക്ക് പ്രത്യേകമായൊരു നിയമ പരിരക്ഷ കിട്ടിയാല്‍ മാത്രമേ അവര്‍ക്ക് നീതിയിലേക്ക് എത്താന്‍ പറ്റൂ എന്നതാണ് ഈ ആക്ടിന്റെ ഉള്ളടക്കം.

പീഡനത്തിന് വിധേയമാകുന്ന ആള്‍ ഈ വിഭാഗത്തില്‍ പെടുന്ന ആളാവണം എന്നും, പ്രതിസ്ഥാനത്തുള്ളയാള്‍ ഈ വിഭാഗത്തിന് പുറത്തുള്ള ആളായിരിക്കണം എന്നും ആക്ടില്‍ പറയുന്നുണ്ട്. എന്റെ എസ്.എസ്.എല്‍.സി ബുക്കില്‍ ജാതിയില്ല എന്നെഴുതിയതുകൊണ്ട് ജാതി ചൂഷണങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ എനിക്ക് ബാധകമല്ല എന്ന് ഇന്ത്യയിലെ ഒരു നിയമത്തിലും പറയുന്നില്ല. ഇത് തീര്‍ത്തും വ്യാജമായ, തെറ്റായ, ദളിത് വിരുദ്ധമായ കാര്യമാണ്. ആ കുട്ടി ദളിത് വിഭാഗത്തില്‍ പെടുന്നയാളാണെന്ന് സിവിക് ചന്ദ്രന്‍ അറിയണമെന്ന് നിയമത്തിലെവിടെയും പറയുന്നില്ല.

ഇത്തരമൊരു ചൂഷണം നടക്കുന്നിടത്ത് പട്ടിക ജാതി പട്ടിക വര്‍ഗ്ഗ ആക്ടിന്റെ പരിരക്ഷ കൂടി ആ കുട്ടിക്ക് ലഭിക്കേണ്ടതുണ്ട്. അത് മാറ്റി വെക്കാന്‍ തീരുമാനിക്കുന്നിടത്ത് ഈ ജഡ്ജ്‌മെന്റ് തീര്‍ത്തും സവര്‍ണ്ണ പുരുഷ ബോധത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് മനസിലാക്കാം.

ഒരു കുറ്റകൃത്യത്തില്‍ നിന്ന് പുറത്തുകടക്കാന്‍ ഇന്ത്യയില്‍ കോടിക്കണക്കിന് ആളുകള്‍ക്ക് അഭയമായിട്ടുള്ള എസ്.സി എസ്.ടി അട്രോസിറ്റീസ് ആക്ട് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്.

മറ്റൊരു പ്രധാനപ്പെട്ട കാര്യം, സിവിക് ചന്ദ്രന്‍ കഴിഞ്ഞ പത്ത് നാല്‍പ്പത് വര്‍ഷങ്ങളായി കേരളത്തിന്റെ മുഖ്യധാരയിലുള്ള മനുഷ്യനാണ്, എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. കുറെ പേരെങ്കിലും അത് അംഗീകരിക്കുന്നുണ്ട്. മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ആളാണ്. ഒരു പ്രസിദ്ധീകരണത്തിന്റെ പത്രാധിപരാണ്, ഇയാള്‍ ഇപ്പോള്‍ ഒരു കുറ്റകൃത്യത്തിലേര്‍പ്പെട്ടിരിക്കുകയാണ്.

ഇയാള്‍ ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറി എന്നതിനപ്പുറം അയാള്‍ ഒരു സാമൂഹിക കുറ്റകൃത്യത്തിലേര്‍പ്പെട്ടിരിക്കുന്നു. എന്നുവച്ചാല്‍ ഇയാള്‍ ഒരു കുറ്റകൃത്യത്തില്‍ നിന്ന് പുറത്തുകടക്കാന്‍ ഇന്ത്യയില്‍ കോടിക്കണക്കിന് ആളുകള്‍ക്ക് അഭയമായിട്ടുള്ള എസ്.സി എസ്.ടി അട്രോസിറ്റീസ് ആക്ട് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. അതൊരു സോഷ്യല്‍ ക്രൈമാണ്. അയാളൊരു സാമൂഹിക കുറ്റവാളിയാണ്. അത്തരം ശ്രമങ്ങളില്‍ നിന്ന് അയാള്‍ പിന്‍മാറേണ്ടതാണ്.

മേല്‍ക്കോടതിയില്‍ പോകുമെന്ന് ആ കുട്ടി പറഞ്ഞിട്ടുണ്ട്, അവിടെ നിന്ന് ഉചിതമായൊരു വ്യാഖ്യാനം ഇതില്‍ ഉണ്ടാകുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. സിവിക് ചന്ദ്രന്റെ ധാര്‍മിക ബോധത്തിന്റെ പ്രശ്‌നം കൊണ്ടാണ് അയാള്‍ ഇത്തരം ശ്രമങ്ങള്‍ നടത്തുന്നത്. മറ്റുള്ളവര്‍ കുറ്റം ചെയ്യുമ്പോള്‍ മാത്രം ഉണരുന്ന ധാര്‍മികത ഒരു കുഴപ്പം പിടിച്ച ധാര്‍മികതയാണ്. നമ്മുടെ കാര്യം വരുമ്പോള്‍ എസ്.സി-എസ്.ടി ആക്ട് പോലും അട്ടിമറിച്ച് കൊണ്ട് രക്ഷപ്പെടാം എന്ന് വിചാരിക്കുന്നതില്‍ വലിയ അപകടമുണ്ട്.

ഇയാള്‍ക്ക് സമൂഹത്തില്‍ പ്രത്യേകിച്ച് എന്തെങ്കിലും ഇമേജ് ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല, കേരളീയ സമൂഹത്തെ ഏതെങ്കിലും തരത്തില്‍ സ്വാധീനിച്ച നിര്‍ണ്ണായകമായ അഭിപ്രായ രൂപീകരണമോ, സമര ഇടപെടലുകളോ ഈ മനുഷ്യന്റെ ഭാഗത്ത് നിന്ന് ഞാന്‍ കണ്ടിട്ടില്ല. നിര്‍മ്മിച്ചെടുത്ത ഒരു മധ്യവര്‍ഗ്ഗ ആക്ടിവിസ്‌റ് ഇമേജ് ആണ് സിവിക് ചന്ദ്രന്റേത്. വലിയ ആളാണെന്ന് ഒരുപാട് കാലം തോന്നുകയും പിന്നീട് മോശപ്പെട്ട ആളായി മാറുന്നതുമെല്ലാം ഇപ്പോള്‍ സ്വാഭാവികമാണ്.

എസ്.സി-എസ്.ടി ആക്ട് അട്ടിമറിക്കാന്‍ ശ്രമിക്കുന്ന സിവിക് ഒരു സാമൂഹിക കുറ്റവാളിയാണ്
എന്ത് തെളിയിക്കാനാണ് സിവിക് ചന്ദ്രൻ ആ ഫോട്ടോകൾ ഹാജരാക്കിയത്?

Related Stories

No stories found.
logo
The Cue
www.thecue.in