സിനിമയില്‍ സൂഫി ബാക്കിവെച്ചത്

സിനിമയില്‍ സൂഫി ബാക്കിവെച്ചത്
Published on
Summary

ഇനിയുമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കെ പെട്ടെന്ന് മാഞ്ഞുപോയ സൂഫിയുടെ കഥാപാത്രം പോലെതന്നെയാണ് ഒരു സിനിമയുടെ എഴുത്ത് മുഴുവനാക്കാതെ ഷാനവാസും പോയത്.

'സൂഫിയും സുജാതയും' സിനിമയിലെ ഇടയ്ക്കിടെ ഓര്‍മയില്‍ വരുന്ന ഒന്നുണ്ട്. സൂഫിയുടെ മരണശേഷവും സുജാത മുറുകെപ്പിടിക്കുന്ന ദസ്‌വി. വിയോഗത്തിന് ശേഷവും സൂഫിയുടെ സാന്നിധ്യത്തെ അടയാളപ്പെടുത്തുന്ന വസ്തുവാണത്. ചില വിയോഗങ്ങളെ നമുക്ക് അംഗീകരിക്കാനാകില്ല. അവരുടെ സാന്നിധ്യം അത്രത്തോളം പ്രിയപ്പെട്ടതായതുകൊണ്ടാണത്. അങ്ങനെയുള്ളവരുടെ വിയോഗത്തില്‍, (സുജാതയെപ്പോലെതന്നെ) വിലപിക്കാനുമാകില്ല. അവര്‍ അവശേഷിപ്പിച്ചുപോയവയെ വീണ്ടും വീണ്ടും ആവേശത്തോടെ ചേര്‍ത്തുപിടിക്കാനാണ് ശ്രമിക്കുക. നാലു ദിവസം മുമ്പ്, സംവിധായകന്‍ നരണിപ്പുഴ ഷാനവാസിന് ഹൃദയാഘാതമുണ്ടായെന്നും ഗുരുതരമായതിനാല്‍ കോയമ്പത്തൂരിലേക്ക് കൊണ്ടുപോയെന്നും കേട്ടപ്പോള്‍ അത്തരമൊരു വികാരമാണ് തോന്നിയത്. 'ഒന്നും സംഭവിക്കില്ല, സുഖമായി തിരിച്ചുവരും' എന്ന്. ബുധനാഴ്ച 'മസ്തിഷ്‌ക മരണം സംഭവിച്ചു' എന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴും രക്ഷപ്പെട്ടുവരും എന്നാണ് കരുതിയിരുന്നത്.

ഷാനവാസ് നരണിപ്പുഴ
ഷാനവാസ് നരണിപ്പുഴ

'കരി' എന്ന ആദ്യചിത്രം തന്നെ ഫെസ്റ്റിവല്‍ പ്രേക്ഷകര്‍ക്കിടയില്‍ മികച്ച പ്രതികരണം ഉണ്ടാക്കിയിരുന്നെങ്കിലും 'സൂഫിയും സുജാതയുമായിരിക്കും സാധാരണ സിനിമാപ്രേമികളുടെ ഹൃദയത്തില്‍ ഷാനവാസിന് ഇടംനേടിക്കൊടുത്തത്. സൂഫിയുടെ വിജയം, കൈയൊതുക്കമുള്ള, ആശ്രയിക്കാവുന്ന സംവിധായകനായി അദ്ദേഹത്തെ മാറ്റിയിരുന്നു. ഒ.ടി.ടി റിലീസ് കഴിഞ്ഞപ്പോള്‍ തന്നെ മൂന്നാമത്തെ സിനിമയ്ക്കായി നിര്‍മാതാവ് വിജയ് ബാബുവിനോട് കരാര്‍ സമ്മതിച്ചു. 'ഇനിയൊരു കഥ കൈയിലുണ്ടോ?' എന്ന് ചോദിച്ച നിര്‍മാതാവിനോട് വളരെ അമൂര്‍ത്തമായ ഒരാശയമാണ് പറഞ്ഞത്. എന്നാല്‍ അത് കേട്ടയുടന്‍ 'ഇത് നമ്മള്‍ ചെയ്യുന്നു. അഡ്വാന്‍സ് അടുത്തദിവസം' എന്ന് വിജയ്ബാബു സമ്മതിച്ചുവെന്നാണ് പറഞ്ഞുകേട്ടത്. മൂന്നാമത്തെ എന്തായിരിക്കുമെന്ന ആകാംക്ഷയും ഉണ്ടായിരുന്നു. അതിന്റെ എഴുത്ത് നടക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ വേര്‍പാട്.

സിനിമ എന്നതിനപ്പുറം, മതത്തെയും വിശ്വാസത്തെയും അതിന്റെ പ്രയോഗത്തെയും കുറിച്ച് സൗന്ദര്യാത്മക ദര്‍ശനം 'സൂഫിയും സുജാതയും' പങ്കുവെക്കുന്നുണ്ട്. മതത്തിലായാലും രാഷ്ട്രീയത്തിലായാലും ഈ സൗന്ദര്യാത്മകത പലപ്പോഴും നഷ്ടപ്പെട്ടുപോകുന്നുവെന്ന് തോന്നാറുണ്ട്. അങ്ങനെവരുമ്പോഴാണ് രാഷ്ട്രീയം 'വൃത്തികേടും' മതം 'അശ്ലീല'വുമായി മാറുന്നത്.
'സൂഫിയും സുജാതയും
'സൂഫിയും സുജാതയും

സുജാതയുടെ ദസ്‌വി പോലെ ഷാനവാസ് കൈമാറിയ ഓര്‍മവസ്തുവായിരിക്കണം 'സൂഫിയും സുജാതയും'. ചില സിനിമകള്‍ വര്‍ത്തമാനത്തിന്റേതും ചിലത് ഭാവിയിലേക്കുള്ളതുമാണ്. സൂഫി രണ്ടാമത്തെ ഗണത്തില്‍പെട്ടതാണ്. ഓരോ കാഴ്ചയിലും പുതുതായെന്തെങ്കിലും പറയുകയോ എന്തെങ്കിലും തേടാന്‍ നമ്മളെ പ്രേരിപ്പിക്കുകയോ ചെയ്യും. സിനിമ മനുഷ്യര്‍ ജീവിക്കുന്ന ഇടമാണ്. ജീവിക്കേണ്ട ഇടത്തെക്കുറിച്ചുള്ള ഭാവനയുമാണത്. സൂഫിയിലെ മുല്ലബസാര്‍ ഒരു സങ്കല്‍പദേശം ആണ്. പലഭാഷകളും പല സംസ്‌കാരങ്ങളും ഉള്ള ഇടമാണ്. ഇന്ത്യയിലെവിടെയും ആകാം ഇതെന്ന് തോന്നണം എന്നാണ് ഷാനവാസ് അതെകുറിച്ച് പറഞ്ഞത്. സിനിമയിലെ ദേശഭാവനകള്‍ക്ക് സാമൂഹ്യയാഥാര്‍ഥ്യങ്ങളെ രൂപപ്പെടുന്നതില്‍ പ്രധാനപങ്കുണ്ട്. വീണ്ടും വീണ്ടും കാണുന്തോറും അത് പുതിയ കാഴ്ചകളെയും കാഴ്ചപ്പാടുകളെയും ഉത്പാദിപ്പിച്ചുകൊണ്ടിരിക്കും. അതാണ് നരണിപ്പുഴ ഷാനവാസ് എന്ന ചലച്ചിത്രകാരനെ വ്യത്യസ്തനാക്കുന്നത്.

സിനിമ എന്നതിനപ്പുറം, മതത്തെയും വിശ്വാസത്തെയും അതിന്റെ പ്രയോഗത്തെയും കുറിച്ച് സൗന്ദര്യാത്മക ദര്‍ശനം 'സൂഫിയും സുജാതയും' പങ്കുവെക്കുന്നുണ്ട്. മതത്തിലായാലും രാഷ്ട്രീയത്തിലായാലും ഈ സൗന്ദര്യാത്മകത പലപ്പോഴും നഷ്ടപ്പെട്ടുപോകുന്നുവെന്ന് തോന്നാറുണ്ട്. അങ്ങനെവരുമ്പോഴാണ് രാഷ്ട്രീയം 'വൃത്തികേടും' മതം 'അശ്ലീല'വുമായി മാറുന്നത്. 'ഇത് നമ്മുടേതാണ്, അത് നമ്മുടേതല്ല, അത് അവരുടേതാണ്' എന്നിങ്ങനെ സമുദായങ്ങള്‍ മതത്തെ വേലികെട്ടി പരിമിതപ്പെടുത്തുന്നവര്‍ക്കിടയിലാണ് വിശ്വാസത്തിന്റെ സൗന്ദര്യാത്മകതയെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പ്രധാനമായി മാറുന്നത്. സൗന്ദര്യാത്മകതയിലുള്ള ഈ ഊന്നല്‍, മതത്തെ കുറിച്ചുള്ള സങ്കല്‍പങ്ങളെ വിശാലവും ഉദാരവുമാക്കുകയും അതിരുകളെ അപ്രസക്തമാക്കുകയും ചെയ്യും. മതവിശ്വാസം അതിന്റെ സീമകള്‍ കടന്നും യാത്രചെയ്യും. അതാണ് ഷാനവാസ് സിനിമയിലൂടെ പങ്കുവെച്ചത്. സൂഫിസത്തെക്കുറിച്ച് പറഞ്ഞതും ഈയൊരു തലത്തില്‍ നിന്നാണ്-അവനവനെക്കുറിച്ച് പൂര്‍ണമായി മനസിലാക്കാന്‍ ശ്രമിക്കുന്ന എല്ലാവരിലും ഒരു സൂഫിയുണ്ട്. ഷാനവാസിന്റെ മേഖല സിനിമയായിരുന്നു. സിനിമയുടെ ഇടങ്ങളില്‍ നിറഞ്ഞുനില്‍ക്കേണ്ട പ്രകൃതിയെക്കുറിച്ചും ജീവജാലങ്ങളെക്കുറിച്ചും വസ്തുക്കളെക്കുറിച്ചും എല്ലാം ആത്മീയത കലര്‍ന്ന ഇഷ്ടങ്ങളും നിഷ്ഠകളുമുണ്ടായിരുന്നു. അതിന്റെ സാക്ഷാത്കാരത്തിനായി ചില ദൃശ്യങ്ങള്‍ ദിവസങ്ങളോളം ചിത്രീകരിക്കേണ്ടിവന്നു. സൗന്ദര്യത്തിലുള്ള ഊന്നല്‍കൊണ്ടാണ് ശവപ്പറമ്പ് എന്നോ ഖബര്‍സ്ഥാന്‍ എന്നോ പറയുന്നതിന് പകരം അദ്ദേഹം മൈലാഞ്ചിക്കാട് എന്ന് വിശേഷിപ്പിച്ചത്. ഈ സൗന്ദര്യതലത്തെ കണ്ടെത്തുമ്പോഴാണ് വിശ്വാസിയുടെ അനുഭവങ്ങള്‍ കൂടുതല്‍ സമ്പുഷ്ടമാകുന്നത്.

'സൂഫിയും സുജാതയും
'സൂഫിയും സുജാതയും

ഹൃദ്യമായ കുറെ കാര്യങ്ങള്‍ പങ്കുവെച്ച്, ഇനിയുമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കെ പെട്ടെന്ന് മാഞ്ഞുപോയ സൂഫിയുടെ കഥാപാത്രം പോലെതന്നെയാണ് ഒരു സിനിമയുടെ എഴുത്ത് മുഴുവനാക്കാതെ ഷാനവാസും പോയത്. 'സൂഫിയും സുജാതയും' ഇറങ്ങിയ സമയത്ത് അതേക്കുറിച്ച് ഒരു സുഹൃത്തിനോട് സംസാരിക്കുന്നതിനിടെ, ഒരു വിലയിരുത്തലുണ്ടായി. പ്രായോഗികതലത്തില്‍ നമ്മുടെ നാട്ടില്‍ കാണുന്ന സൂഫിസവും സിനിമയിലെ സൂഫിസവും തമ്മില്‍ ഏറെ അന്തരമുണ്ടാകും. അതുപോലെ തന്നെ ആഗോളതലത്തില്‍ കൊണ്ടാടപ്പെടുന്ന സൂഫി സംസ്‌കാരവുമായും അത് വ്യത്യാസപ്പെട്ടിരിക്കും. സിനിമ എന്ന മാധ്യമത്തിന്റെ സ്വഭാവമനുസരിച്ച് പലതരത്തിലുള്ള മാറ്റങ്ങള്‍ അതിന് സംഭവിക്കുന്നുണ്ട്. അതിനെ വേണമെങ്കില്‍ സിനിമാ സൂഫിസം എന്നോ സിനി-സൂഫിസം എന്നോ വിളിക്കാം. സൂഫി, സൂഫി അനുഭവം, സൂഫി സൗന്ദര്യാത്മകത എന്നിവയെ സിനിമയുടെ കേന്ദ്രപ്രമേയമാക്കുമ്പോള്‍, ഉണ്ടാകുന്ന സാംസ്‌കാരിക രാഷ്ട്രീയത്തിന്റെ പ്രാധാന്യം നാം എത്രത്തോളം തിരിച്ചറിഞ്ഞു എന്ന കാര്യത്തില്‍ സംശയമുണ്ട്. അതുകൊണ്ടാണ് വരാനിരിക്കുന്ന രാഷ്ട്രീയത്തിന്റെ സാംസ്‌കാരികധാരകള്‍ സൂഫിയും സുജാതയും എന്ന ചിത്രത്തില്‍ സജീവമായി നില്‍ക്കുന്നുണ്ടെന്ന് പറയുന്നത്. ഷാനവാസിന്റെ അഭാവത്തിലും ആ സിനിമ പങ്കുവെക്കുന്ന ലോകബോധം വികസിച്ചുവന്നേക്കാം. അനുഭവപരമായി പലതലങ്ങളില്‍, കൈവിടാനാകാത്തവിധം ചേര്‍ന്നുനില്‍ക്കുന്നുണ്ട് 'സൂഫിയും സുജാതയും' എന്ന സിനിമ. അതുകൊണ്ടാണ്, ഒരുസിനിമയ്ക്ക് അപ്പുറത്തും ഇപ്പുറത്തും നിന്ന് സംവദിക്കുന്ന രണ്ടുപേരിലൊരാളായി ഷാനവാസ് ജീവിച്ചിരിക്കുമെന്ന് തോന്നുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in