കൊവിഡ് 19: അമേരിക്ക പഠിക്കാത്തതും, ദക്ഷിണ കൊറിയ പഠിപ്പിച്ചതും
സൗത്ത് കൊറിയന്‍ മാതൃകയുടെ അനുരണനങ്ങള്‍ ഇന്ത്യയില്‍ നമുക്ക് കാണാന്‍ കഴിയുന്നത് കേരളത്തിലായിരിക്കും. നിപ്പയുടെ അനുഭവം നമുക്ക് മുന്നിലുണ്ടായിരുന്നത് കൊണ്ട് ആദ്യകേസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ അതിവേഗം പ്രവര്‍ത്തിക്കുവാന്‍ നമുക്ക് കഴിഞ്ഞു. ഇന്ത്യയില്‍ തന്നെ ഏറ്റവുമധികം കോവിഡ് പരിശോധനകള്‍ നടത്തിയത് കേരളമാണ്.മാധ്യമപ്രവര്‍ത്തകന്‍ ടി.അരുണ്‍കുമാര്‍ എഴുതുന്നു
ലോകം മുഴുവന്‍ ഇപ്പോളൊരു ഒരു സൂക്ഷ്മരൂപിയുടെ പിന്നാലെ ഓടിക്കൊണ്ടിരിക്കുകയാണ്. ഏതാണ്ട് മൂന്ന് മാസം മുമ്പ് വരെ അത്തരമൊരു ഓട്ടത്തിന്റെ സാധ്യതയെപ്പറ്റി ലോകത്താരും അത്രകണ്ട് ചിന്തിച്ചിരുന്നില്ല. അപ്പോഴും ലോകത്തും ഇന്ത്യയിലും മറ്റ് പല പ്രശ്നങ്ങളെപ്പറ്റിയും ജനസമൂഹങ്ങള്‍ ആശങ്കാകുലരായിരുന്നു. പക്ഷെ നമുക്ക് വലിയൊരാനുകൂല്യം ഉണ്ടായിരുന്നു. പ്രശ്നങ്ങള്‍ക്ക് പലതരം പരിഹാരങ്ങള്‍ ആലോചിക്കാനും അതിനായി ഒത്തുകൂടാനും കഴിഞ്ഞിരുന്നു. സമരങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നു. ഇന്നിപ്പോള്‍ പ്രകൃതിയില്‍ നിന്ന് മനുഷ്യന്‍ മാത്രമായി ബഹിഷ്‌ക്കരിക്കപ്പെട്ടിരിക്കുന്നു. അനിശ്ചിതത്വത്തിന്റെ ഇത്തിരിയിടങ്ങളില്‍ പ്രത്യാശകള്‍ പങ്കുവച്ച് കൊണ്ട്, കൈയ്യിലെ മൊബൈലുകളിലേക്ക് ചുരുക്കപ്പെട്ട ലോകത്തിലേക്ക് ഇറങ്ങിയും കയറിയും മനുഷ്യന്‍ പറയുന്നു, നാം ഇതും അതിജീവിക്കും എന്ന്. ഒപ്പം പുറത്തുതിമര്‍ക്കുന്ന മനുഷ്യേതരജീവിതങ്ങളിലേക്ക് വിഷാദപൂര്‍വം ഉറ്റുനോക്കിയിരിക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും ലോകം മാറ്റങ്ങളാല്‍ കീഴ്മേല്‍ മറിഞ്ഞത് കഴിഞ്ഞ 25 വര്‍ഷങ്ങളിലാണ്. എങ്കിലും മനുഷ്യന്‍ ഇതുപോലെ സ്വയം ബന്ധിതനായ ചരിത്രം ഈ നൂറ്റാണ്ടിലോ പോയ നൂറ്റാണ്ടിലോ അധികം ഉണ്ടായിട്ടുണ്ടെന്ന് തോന്നുന്നില്ല.
2019 ഡിസംബര്‍ 31 എന്ന ദിവസത്തിന് വരാന്‍ പോകുന്ന മനുഷ്യചരിത്രത്തില്‍ ഇനി മുതല്‍ അതിനിര്‍ണായകപ്രാധാന്യം ഉണ്ടാവും. ഒരു മഹാമാരിക്കെതിരെ പോരാടി ജയിച്ചതിന്റെ അനുഭവചരിത്രമെഴുതുമ്പോള്‍, ആ ചരിത്രം തലമുറകളിലേക്ക് പടരുമ്പോള്‍ ഈ ദിനം മറക്കാന്‍ കഴിയില്ല. അന്നാണ് ചൈനീസ് ആരോഗ്യവിഭാഗം അധി: കൃതര്‍ അസാധാരണമായ ഒരു തരം ന്യൂമോണിയ ബാധിച്ച 41 രോഗികളെപ്പറ്റി ലോകാരോഗ്യസംഘടനയെ അറിയിക്കുന്നത്. അവിടെ നിന്നാണ് കോവിഡ്-19 എന്ന രോഗാണുവുമായുള്ള, നമ്മള്‍ മേല്‍സൂചിപ്പിച്ച ഓട്ടം തുടങ്ങുന്നത്. നിലവില്‍ നാം ഓടിക്കൊണ്ടിരിക്കുന്നു. പല കടമ്പകള്‍ നാം ചാടിക്കടന്നു കഴിഞ്ഞു. ഓരോ നിമിഷവും പുതിയത് വന്നു കൊണ്ടിരിക്കുന്നു. എത്രദൂരം ഓടേണ്ടിവരുമെന്നോ, എന്നാണ് ഇത് അവസാനിക്കുന്നതെന്നോ നമുക്കിപ്പോള്‍ തീര്‍ത്തു പറയാന്‍ കഴിയാത്ത അവസ്ഥയാണ്. എങ്കിലും കോവിഡ്-19 ലോകത്തിന്റെ പൊതുവായ ചില സ്വഭാവങ്ങളെ മാറ്റി വരച്ചു കഴിഞ്ഞു. അതില്‍ അവസാനത്തേതാണ് അമേരിക്ക ദക്ഷിണകൊറിയയോട് ആരോഗ്യമേഖലയില്‍ കൈത്താങ്ങ് അഭ്യര്‍ത്ഥിച്ച സംഭവം.
അമേരിക്ക വിവിധ മേഖലകളില്‍ സ്വയം പര്യാപ്തമാണെന്ന ഒരു ചിത്രമാണ് നിലവില്‍ ലോകത്തുള്ളത്. കഴിഞ്ഞ ദിവസം ലോകം കണ്ടതില്‍ വച്ച് ഏറ്റവും വലിയൊരു ആഭ്യന്തരസഹായനിധി അവര്‍ ജനങ്ങള്‍ക്കായി അവതരിപ്പിക്കുകയും ചെയ്തിരുന്നു. കോവിഡ് വാക്സിന്‍ പരീക്ഷണം നേരിട്ട് മനുഷ്യരില്‍ നടത്തിയ ആദ്യരാജ്യങ്ങളിലൊന്നാണ് അമേരിക്കയെന്നതും നമുക്കറിയാം. എങ്കിലും അമേരിക്കയില്‍ കോവിഡ് ബാധിതരുടെ സംഖ്യ വളരെ വലുതാണ്. രോഗവ്യാപനത്തോതും കൂടുതലാണ്. എങ്കിലും നിര്‍ണായകമായ ചോദ്യം ഇതാണ് : എന്തിന് സൗത്ത് കൊറിയയോട് അമേരിക്ക സഹായം ആവശ്യപ്പെടണം?. അതിനുള്ള ഉത്തരം വളരെ ലളിതമാണ്. ലോകത്ത് കൊവിഡ് -19നെ ഫലപ്രദമായി ചെറുത്ത നിന്ന രാജ്യങ്ങളിലൊന്ന് സൗത്ത് കൊറിയ ആണ്. മറ്റൊന്ന് തായ്‌വാനും. സ്വാഭാവികമായും കോവിഡ് പ്രതിരോധത്തില്‍ സൗത്ത് കൊറിയ ഒരു വിജയിച്ച മാതൃകയാണ്. വിജയിച്ച മാതൃകകള്‍ക്ക് വിശ്വാസ്യത കൂടും. ഇനി നമ്മള്‍ ചോദിക്കുക : എന്തായിരുന്നു കോവിഡിനെതിരെയുള്ള സൗത്ത് കൊറിയയുടെ വിജയിച്ച മാതൃക? എന്തായിരുന്നു അതിന്റെ സവിശേഷതകള്‍ ?നമുക്ക് പരിശോധിക്കാം.
നാം നേരത്തേ ഒരു തീയതി പറഞ്ഞു: 2019 ഡിസംബര്‍ 31. അന്ന് കോവിഡ് ഈ ലോകത്തോട് ചെയ്യാന്‍ പോവുന്നത് എന്താണ് എന്നതിനെപ്പറ്റി ലോകാരോഗ്യസംഘടനയ്ക്കുള്‍പ്പെടെ വലിയ ധാരണയൊന്നും ഉണ്ടായിരുന്നില്ല. സാര്‍സ് ഉള്‍പ്പെടെയുള്ള പാന്‍ഡമിക്കുകകളെ അതിജീവിച്ച ചരിത്രം ലോകത്തിന് ഉണ്ടായിരുന്നു താനും. എന്നാല്‍ ഈ ചരിത്രബോധമാണ് സൗത്ത് കൊറിയയെ ഇന്നേ വരെ രക്ഷിച്ചു നിര്‍ത്തുന്നതും. ചരിത്രത്തില്‍ നിന്ന് പഠിക്കാത്തവന്‍ വിഡ്ഡിയാണ് എന്നാണല്ലോ.ലോകം അതിന്റെതായ അല്ലറ ചില്ലറ പരിപാടികളില്‍ മുഴുകിയിരുന്നപ്പോള്‍, അതായത് ട്രമ്പ് വ്യാപാരയുദ്ധ തന്ത്രങ്ങളിലും മോദി സി.എ.എ- എന്‍.പി.ആര്‍ പരിപാടികളിലുമൊക്കെ മുഴുകിയിരുന്നപ്പോള്‍ ലോകത്ത് ഒരു വൈറസ് പിടിമുറുക്കുകയായിരുന്നു. എന്നാല്‍ വൈറസിനെപ്പറ്റി ലോകാരോഗ്യസംഘടനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്റെ കൃത്യം പതിനേഴാമത്തെ ദിവസം, 2020 ജനുവരി 16ന് സൗത്ത് കൊറിയന്‍ ബയോടെക്നോളജി എക്സിക്യൂട്ടീവ് ച്വാന്‍ ജോങ്ങ്-യൂണ്‍ തൊട്ടയല്‍പ്പക്കമായ ചൈനയില്‍ സംഭവിക്കുന്നതിന്റെ അപകടം എന്താണെന്ന് മണത്തു. സൗത്ത് കൊറിയയെ അതെന്തായാലും ഗുണപരമായി ബാധിക്കില്ല എന്നും അയാള്‍ക്കുറപ്പായിരുന്നു. സാര്‍സിന്റെ അനുഭവം അവര്‍ക്ക് മുന്നിലുണ്ടായിരുന്നു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ അവരുടെ ടീം കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്നതിനുള്ള മെഡിക്കല്‍ കിറ്റുകള്‍ രൂപകല്‍പന ചെയ്ത് ഉത്പ്പാദനം ആരംഭിച്ചു. ഈ കിറ്റുകള്‍ക്ക് ലോകവ്യാപകമായി വലിയ ആവശ്യകതയാണ് ഇപ്പോഴുള്ളത്. ട്രമ്പും ഇന്ന് സൗത്ത് കൊറിയയോട് ആവശ്യപ്പെട്ടിരിക്കുന്നത് ഈ കിറ്റുകള്‍ വന്‍തോതില്‍ യു.എസിലേക്ക് ഇറക്കുമതി ചെയ്യണം എന്നാണ്.
ഇനി നമുക്ക് മറ്റൊരു ചോദ്യം ചോദിക്കാം. രോഗം നിര്‍ണയിക്കുന്ന കിറ്റുകള്‍ എങ്ങനെയാണ് രോഗവ്യാപനം തടയുക എന്നതാണ് ആ ചോദ്യം. അതിന് നമ്മള്‍ കോവിഡ് -19ന്റെ മരണനിരക്കിനെപ്പറ്റി അറിയേണ്ടതുണ്ട്. ശരിക്കും കേരളം കഴിഞ്ഞ വര്‍ഷം അതിജീവിച്ച നിപ്പയുടെയോ, ആഫ്രിക്ക നേരിട്ട എബോളയുടേയോ, സാര്‍സ്, എച്ച് വണ്‍ എന്‍ വണ്‍ എന്നീ രോഗങ്ങളുടെയോ മരണനിരക്ക് കോവിഡ്-19ന് ഇല്ല. എന്നാല്‍ ഇതിന്റെ വ്യാപനനിരക്ക് വളരെക്കൂടുതലാണ്. രോഗലക്ഷണങ്ങള്‍ ഒരാളില്‍ പ്രകടമാവുന്നതിന് മുമ്പ് തന്നെ അയാള്‍ രോഗവാഹകനായും മാറുന്നുണ്ട്. അപ്പോള്‍ പരമാവധി രോഗികളെ കണ്ടെത്തുകയാണ് ആദ്യം വേണ്ടത്. രോഗികളെ കണ്ടെത്തിയാലേ അടുത്ത മാര്‍ഗ്ഗമായ ഐസൊലേഷനിലെ ചികിത്സ പ്രായോഗികമാക്കാന്‍ കഴിയൂ. രോഗികളെ കൂടുതലായി കണ്ടെത്തുന്നതിലൂടെയേ അവരുമായി ഇടപഴകിയവരെ കണ്ടെത്തി രോഗവ്യാപനമുള്‍പ്പെടെ പരമാവധി തടയാനും കഴിയൂ. അപ്പോള്‍ കൂടുതല്‍ കോവിഡ് ടെസ്റ്റുകള്‍ എന്നത് കോവിഡിനെതിരെയുള്ള യുദ്ധത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്ന് കാണാന്‍ കഴിയും. കൂടുതല്‍ കോവിഡ് ടെസ്റ്റുകള്‍ എന്നുപറയുമ്പോള്‍ കൂടുതല്‍ വിശ്വസനീയമായ കോവിഡ് പരിശോധനാകിറ്റുകള്‍ എന്ന് കൂടി അര്‍ത്ഥമുണ്ടല്ലോ. അപ്പോഴാണ് നമ്മള്‍ നേരത്തേ പറഞ്ഞ സൗത്ത് കൊറിയന്‍ കിറ്റുകള്‍ രംഗത്ത് വരുന്നത്. അവരത് വളരെ നേരത്തേ തന്നെ ഉത്പ്പാദിപ്പിച്ചു തുടങ്ങിയതിന്റെ നേട്ടം നമുക്കിപ്പോള്‍ സങ്കല്‍പ്പിക്കാനാവുന്നതിലും വലുതാണ്. അമേരിക്ക സൗത്ത് കൊറിയന്‍ സഹായം തേടിയതില്‍ നമുക്കിപ്പോള്‍ വലിയ അത്ഭുതം തോന്നേണ്ടതില്ല തന്നെ.
ഇനി നമുക്ക് സൗത്ത് കൊറിയ നടത്തിയ മറ്റ് നീക്കങ്ങള്‍ എന്താണെന്ന് നോക്കാം. ലോകത്ത് ഏറ്റവുമധികം കോവിഡ് പരിശോധനകള്‍ നടത്തിയ രാജ്യം തന്നെ സൗത്ത് കൊറിയ ആണ്. അതിനായി രാജ്യമെമ്പാടും സഞ്ചരിക്കുന്ന പരിശോധനാകേന്ദ്രങ്ങള്‍ അവര്‍ വിന്യസിച്ചു. പരിശോധനകള്‍ മുഴുവന്‍ സൗജന്യമായിരുന്നു. രാജ്യത്തെ കോവിഡ് ബാധിതനാവാന്‍ നേരിയ സാധ്യത മാത്രം ഉണ്ടായിരുന്ന പൗരന്‍മാരെക്കൂടി അവര്‍ പരിശോധിച്ചു.
ഒപ്പം മറ്റൊന്നുകൂടി അവര്‍ ചെയ്തു. രോഗവ്യാപനത്തെ പിന്‍തുടര്‍ന്ന് പിടിക്കാന്‍ തീരുമാനമെടുത്തു. ഫെബ്രുവരിയില്‍ രോഗബാധിതരായ പൗരന്‍മാരുടെ മൊബൈല്‍ -സാമ്പത്തികക്രയവിക്രയ ( ക്രഡിറ്റ് -ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍കള്‍ ഉള്‍പ്പെടെ ) ഡാറ്റ മുഴുവനായി ശേഖരിക്കുകയും അതുപയോഗിച്ച് വൈറസിന്റെ യാത്രാപഥങ്ങള്‍ ട്രാക്ക് ചെയ്യുകയും ചെയ്തു.ഇതിനിടയില്‍ തന്നെ രോഗികള്‍ക്കും രോഗം സ്ഥിരീകരിക്കാതെ നിരീക്ഷണത്തില്‍ കഴിയുന്ന പൗരന്‍മാര്‍ക്കും ഐസൊലേഷനില്‍ കഴിയുന്നവര്‍ക്കും ഒക്കെയായി അടിസ്ഥാനജീവിതച്ചെലവുകള്‍ കണക്കാക്കിയുള്ള സാമ്പത്തികപാക്കേജുകളും രാജ്യം പ്രഖ്യാപിച്ചു. ഇതുവഴിയൊക്കെ കോവിഡ് വ്യാപനവും മരണങ്ങളും വന്‍തോതില്‍ സൗത്ത് കൊറിയ തടഞ്ഞു നിര്‍ത്തി. ഇപ്പോഴും ആ പോരാട്ടം തുടരുകയാണ്. ഇതിനിടയിലും യു.എ.ഇയിലേക്ക് മാത്രം 51000 കോവിഡ് പരിശോധനാകിറ്റുകള്‍ അവര്‍ കയറ്റി അയച്ചിട്ടുമുണ്ട്.
നിലവില്‍ 0.07 മാത്രമാണ് സൗത്ത് കൊറിയയിലെ കോവിഡ് മരണനിരക്ക് എന്നറിയുക. ഇത് വ്യാപനത്തിന്റെ കണക്ക് വച്ചു നോക്കുമ്പോള്‍ ലോകത്തില്‍ തന്നെ ഏറ്റവും കുറഞ്ഞ ശരാശരിയാണ്. ചൈനയില്‍ ഇത് 3.98 ആണ്. ഇറ്റലിയില്‍ 7.94 ആണ്. അമേരിക്കയിലാവട്ടെ 1.68 ആണ്. ഇതെഴുതുമ്പോള്‍ ആകെ 9137 കേസുകളിലായി 131 മരണങ്ങളാണ് സൗത്ത് കൊറിയയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രോഗപ്രഭവകേന്ദ്രത്തിനടുത്തായിട്ടും, സിയോള്‍ നഗരം ലോകത്തിലെ ഹോട്ട് പോയിന്റുകളില്‍ ഒന്നായിട്ടും ഫലപ്രദമായി രോഗത്തെ പ്രതിരോധിച്ചു നിര്‍ത്തുന്നതില്‍ സൗത്ത് കൊറിയ വിജയിച്ചു. മുന്‍കാലഅനുഭവങ്ങളില്‍ നിന്ന് പാഠം പഠിച്ചതും, അതിവേഗ ഇടപെടലും, ദീര്‍ഘവീക്ഷണത്തില്‍ നിന്നുളവായ മുന്നൊരുക്കവുമാണ് അവരെ തുണച്ചത്.
സൗത്ത് കൊറിയന്‍ മാതൃകയുടെ അനുരണനങ്ങള്‍ ഇന്ത്യയില്‍ നമുക്ക് കാണാന്‍ കഴിയുന്നത് കേരളത്തിലായിരിക്കും. നിപ്പയുടെ അനുഭവം നമുക്ക് മുന്നിലുണ്ടായിരുന്നത് കൊണ്ട് ആദ്യകേസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ അതിവേഗം പ്രവര്‍ത്തിക്കുവാന്‍ നമുക്ക് കഴിഞ്ഞു. ഇന്ത്യയില്‍ തന്നെ ഏറ്റവുമധികം കോവിഡ് പരിശോധനകള്‍ നടത്തിയത് കേരളമാണ്. പോസിറ്റീവ് ആയവരുടെ കോണ്‍ടാക്ടുകള്‍ നമ്മള്‍ പിന്‍തുടര്‍ന്ന് പിടിച്ചു. കൂടുതല്‍ പരിശോധനകള്‍ എന്നത് കോവിഡ് പ്രതിരോധനത്തിന്റെ മര്‍മ്മമാണെന്ന് നാം തെളിയിച്ചു കൊണ്ടിരിക്കുന്നു. അതുകൊണ്ട് തന്നെ സാമൂഹികഅകലം പാലിക്കല്‍ വഴി വരും ദിവസങ്ങളില്‍ രോഗവ്യാപനനിരക്ക് കുറയ്ക്കാന്‍ നമുക്ക് കഴിയുമെന്ന് പ്രതീക്ഷിക്കാം. ഒപ്പം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള സാമൂഹികമായ കരുതല്‍ പദ്ധതികളും വരുന്നുണ്ട്.
എന്തായാലും മനുഷ്യന്റെ പരിണാമചരിത്രമറിയുന്നവര്‍ക്കറിയാം ഇതൊരു പുതിയ വെല്ലുവിളിയല്ലെന്ന്. നിരവധി വൈറല്‍ രോഗങ്ങളെ കീഴടക്കിയാണ് മനുഷ്യന്‍ ഇതുവരെ എത്തിയത്. പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കുക വഴി രോഗവ്യാപനത്തോത് കുറയ്ക്കുകയാണ് നമുക്ക് മുന്നിലെ ആദ്യവെല്ലുവിളി. വാക്സിനോ ഒരു ട്രീറ്റ്മെന്റ് പ്രോട്ടോക്കോളോ ലോകം കണ്ടെത്തുന്നവരെ ഒരു കോവിഡ് പെരുമാറ്റച്ചട്ടം നമുക്ക് ചിലപ്പോള്‍ സാമൂഹികജീവിതത്തില്‍ പാലിക്കേണ്ടി വരും. എങ്കിലും വ്യാപനം കുറയുന്ന പക്ഷം പേടിക്കാനില്ല. കാരണം കോവിഡിന്റെ രോഗവിമുക്തിനിരക്ക് വളരെക്കൂടുതലാണ് എന്നത് തന്നെ. എന്തായാലും മനുഷ്യന്‍ അതിജീവിക്കും. പക്ഷെ ലോകചരിത്രം കോവിഡിന് മുമ്പും ശേഷവും എന്ന് രണ്ടായി വിഭജിക്കപ്പെടാന്‍ സാധ്യതയുണ്ട്.