അഖാ‍ഡയിൽ നിന്നും തെരുവിലിറങ്ങുന്ന ​ഗുസ്തി താരങ്ങൾ

അഖാ‍ഡയിൽ നിന്നും തെരുവിലിറങ്ങുന്ന ​ഗുസ്തി താരങ്ങൾ
Published on
Summary

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മൻ കി ബാത്ത്' പ്രോഗ്രാം നൂറ് എപ്പിസോഡുകൾ പിന്നിട്ട അതേ ദിവസം തന്നെ ഇന്ത്യയിലെ ഏറ്റവും മികച്ച ചില കായിക താരങ്ങൾ ഉറക്കെ പറഞ്ഞു, 'മോദിജി, ഞങ്ങളുടെ മൻ കി ബാത്തും കേൾക്കൂ. ഞങ്ങൾക്ക് നീതി തരൂ.' വിപ്ലവകരമായ ആയിരക്കണക്കിന് സമരങ്ങൾക്ക് വേദിയായ ഡൽഹി ജന്തർ മന്ദറിന്റെ വഴിയോരങ്ങളിൽ കിടന്നുറങ്ങുന്നത് മറ്റാരുമല്ല, രണ്ട് ഒളിമ്പിക് മെഡൽ ജേതാക്കളും, ഒരു ലോക ചാമ്പ്യനും ഉൾപ്പെടെ ലോക വേദികളിൽ ഇന്ത്യക്ക് പൊൻതൂവൽ തിളക്കം ചാർത്തി തന്ന ഒരു സംഘം ഗുസ്തി താരങ്ങളാണ്. എൻ.എസ്.യു.ഐ മുൻ നാഷണൽ കോർഡിനേറ്ററും ഡൽഹി സർവകലാശാലയിലെ മുൻ വിദ്യാർത്ഥിനിയും കൂടിയായ സ്നേഹ സാറ ഷാജി എഴുതുന്നു.

'പോഡിയം സേ ഫൂട്ട്പാത്ത് തക്. ആധി രാത് ഖുലേ ആസ്മാൻ കെ നീച്ചേ ന്യായ് കെ ആസ് മെ.'

(പോഡിയത്തിൽ നിന്ന് നടുറോഡിലേക്ക്.. അർദ്ധരാത്രിയിൽ, തുറന്ന ആകാശത്തിനു കീഴിൽ, നീതി കിട്ടുമെന്ന പ്രതീക്ഷയോടെ)

റോഡരികിൽ കിടന്നുറങ്ങുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചു കൊണ്ട്, വിനേഷ് ഫോഗട്ട് കുറിച്ച വരികളാണിത്. വിപ്ലവകരമായ ആയിരക്കണക്കിന് സമരങ്ങൾക്ക് വേദിയായ ഡൽഹി ജന്തർ മന്ദറിന്റെ വഴിയോരങ്ങളിൽ കിടന്നുറങ്ങുന്നത് മറ്റാരുമല്ല, രണ്ട് ഒളിമ്പിക് മെഡൽ ജേതാക്കളും, ഒരു ലോക ചാമ്പ്യനും ഉൾപ്പെടെ ലോക വേദികളിൽ ഇന്ത്യക്ക് പൊൻതൂവൽ തിളക്കം ചാർത്തി തന്ന ഒരു സംഘം ഗുസ്തി താരങ്ങളാണ്. കഴിഞ്ഞ ഒരു മാസക്കാലമായി തലസ്ഥാന നഗരിയിൽ, കൊടും ചൂടിലും ഇവർക്ക് ഊണും ഉറക്കവും വഴിയോരത്താണ്. ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ സിങ് രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ന്യൂഡൽഹിയിലെ ജന്തർ മന്ദറിൽ ഇവർ സമരം ചെയ്യുന്നത്. ലൈംഗിക ചൂഷണം ആരോപിച്ച് ഏഴ് ഗുസ്തി താരങ്ങളാണ് ഇയാൾക്കെതിരെ ഡൽഹി പോലീസിൽ പരാതി നൽകിയത്. അവരിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണ്. പക്ഷേ ഈ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിക്കാത്ത സാഹചര്യത്തിലാണ് ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് അഖാഡയിൽ നിന്നും തെരുവിൽ ഇറങ്ങേണ്ട അവസ്ഥ വന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഡൽഹി പൊലീസ്‌ ഒരു നടപടിയും കൈക്കൊള്ളാൻ തയ്യാറാകാതിരുന്നപ്പോൾ ഏഴ്‌ ഗുസ്‌തി താരങ്ങൾ പരമോന്നത കോടതിയെ സമീപിക്കുകയും ചീഫ്‌ ജസ്റ്റിസ്‌ ചന്ദ്രചൂഡിന്റെ ബെഞ്ച്‌ ഈ കേസ്‌ ഉടൻ പരിഗണിക്കുകയും ചെയ്‌തു. വിഷയം അതീവ ഗൗരവമുള്ളതാണെന്ന്‌ അഭിപ്രായപ്പെട്ട സുപ്രീംകോടതി, ഡൽഹി പൊലീസിന്‌ നോട്ടീസ്‌ അയച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ രണ്ട്‌ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഡൽഹി പൊലീസ്‌ തയ്യാറായത്‌. കോടതി പറഞ്ഞാലേ ലൈംഗികാതിക്രമ കേസുകളിൽ പോലും പൊലീസ്‌ നടപടി സ്വീകരിക്കൂ എന്ന അവസ്ഥ ഉണ്ടാകുന്നത് ഇന്ത്യയെ പോലെ ഒരു ജനാധിപത്യ രാജ്യത്തിൽ ആണെന്നുള്ളത് തികച്ചും ലജ്ജാകരമാണ്.

ഒരു മാസത്തെ പോരാട്ടവീഥി

ഈ കായിക താരങ്ങൾ, ഈ പരാതി ഉയർത്തിയത്‌ ഇപ്പോഴല്ല. അവർ ജനുവരിയിൽത്തന്നെ പരാതിപ്പെട്ടിരുന്നു. എന്നാൽ, ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റിനെതിരെ ഒരുനടപടിയും സ്വീകരിക്കാൻ കായികമന്ത്രാലയം തയ്യാറായില്ല. ഇതേത്തുടർന്നാണ്‌ അവർ ജനുവരിയിൽ ജന്തർ മന്ദറിൽ ധർണയിരിക്കാൻ തയ്യാറായത്‌. പോഷ്‌ ആക്ട്‌ (പ്രൊട്ടക്ഷൻ ഓഫ് വിമൻ ഫ്രം സെക്ഷ്വൽ ഹരാസ്മെൻ്റ് ആക്ട് - പ്രവൃത്തിസ്ഥലത്തെ ലൈംഗികാതിക്രമം തടയുന്ന നിയമം) അനുസരിച്ച്‌ കുറ്റം ആരോപിക്കപ്പെട്ടയാളെ ഔദ്യോഗിക സ്ഥാനങ്ങളിൽനിന്നും ഉടൻ നീക്കം ചെയ്യേണ്ടതാണ്‌. എന്നാൽ, ഇവിടെ അതുണ്ടായില്ല. സ്വാഭാവികമായും പ്രതിഷേധം കടുത്തു. ഈ ഘട്ടത്തിലാണ്‌ അന്വേഷണം നടത്തുന്നതിന്‌ ഒരു സമിതിയെ വയ്‌ക്കാൻ സർക്കാർ തയ്യാറായത്‌. ഒരു മാസത്തിനകം റിപ്പോർട്ട്‌ സമർപ്പിക്കാനാണ്‌ ആവശ്യപ്പെട്ടതെങ്കിലും, മേരി കോം അധ്യക്ഷയായ ഈ സമിതി മൂന്നു മാസങ്ങൾക്ക് ശേഷമാണ് റിപ്പോർട്ട്‌ സമർപ്പിക്കുന്നത്. അത് മാത്രമല്ല, പരാതിക്കാർക്കുപോലും ഈ റിപ്പോർട്ട്‌ നൽകാൻ അധികൃതർ തയ്യാറായതുമില്ല. നടപടി ക്രമങ്ങളിൽ ചില വൈകല്യം ഉണ്ടായതല്ലാതെ ലൈംഗികാതിക്രമമൊന്നും ഉണ്ടായിട്ടില്ലെന്നാണ്‌ കമ്മിറ്റി കണ്ടെത്തിയത്‌ എന്നാണ്‌ അധികൃതരുടെ ഭാഷ്യം. റിപ്പോർട്ടിന്റെ കോപ്പി പോലും പരാതിക്കാർക്ക്‌ നൽകാത്തത് തീർത്തും ജനാധിപത്യവിരുദ്ധമായ നടപടിയാണ്‌.

ഇതേത്തുടർന്നാണ്‌ ഗുസ്‌തി താരങ്ങൾ ഏപ്രിൽ 23ന് ജന്തർ മന്ദറിൽ സമരം ആരംഭിക്കുന്നതും, ഡൽഹി പൊലീസ്‌ സ്‌റ്റേഷനിൽ ബ്രിജ്‌ ഭൂഷണെതിരെ രേഖാമൂലം പരാതി നൽകുന്നതും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഡൽഹി പൊലീസ്‌ ഒരു നടപടിയും കൈക്കൊള്ളാൻ തയ്യാറായില്ല. അവസാനം ഏഴ്‌ ഗുസ്‌തി താരങ്ങൾ പരമോന്നത കോടതിയെ സമീപിക്കുകയും ചീഫ്‌ ജസ്റ്റിസ്‌ ചന്ദ്രചൂഡിന്റെ ബെഞ്ച്‌ ഈ കേസ്‌ ഉടൻ പരിഗണിക്കുകയും ചെയ്‌തു. വിഷയം അതീവ ഗൗരവമുള്ളതാണെന്ന്‌ അഭിപ്രായപ്പെട്ട സുപ്രീംകോടതി, ഡൽഹി പൊലീസിന്‌ നോട്ടീസ്‌ അയച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ രണ്ട്‌ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഡൽഹി പൊലീസ്‌ തയ്യാറായത്‌. കോടതി പറഞ്ഞാലേ ലൈംഗികാതിക്രമ കേസുകളിൽ പോലും പൊലീസ്‌ നടപടി സ്വീകരിക്കൂ എന്ന അവസ്ഥ ഉണ്ടാകുന്നത് ഇന്ത്യയെ പോലെ ഒരു ജനാധിപത്യ രാജ്യത്തിൽ ആണെന്നുള്ളത് തികച്ചും ലജ്ജാകരമായ ഒരു വസ്തുതയാണ്.

കുറ്റാരോപിതന് കുട പിടിച്ചെത്തിയത് ഒട്ടനവധി പേരാണ്. അതിൽ ഇന്ത്യൻ ഒളിംപിക്‌ അസോസിയേഷൻ അധ്യക്ഷയായ മുൻ വനിതാ കായിക താരം മുതൽ സമരം ചെയ്യുന്ന താരങ്ങൾക്കെതിരെ വിദ്വേഷ പ്രചരണത്തിന്റെ പുകമറ സൃഷ്‌ടിച്ച മാധ്യമങ്ങൾ വരെ ഉൾപ്പെടുന്നു. സർക്കാരിനെതിരായ ഏത് പ്രതിഷേധവും അതിനീചമായി അടിച്ചമർത്തപ്പെടുന്ന ഇടമായി ഇന്ന് നമ്മുടെ രാജ്യം മാറിയിരിക്കുന്നു. കൃഷിക്കാർ, വിദ്യാർത്ഥികൾ, ന്യൂനപക്ഷങ്ങൾ, അല്ലെങ്കിൽ സമൂഹത്തിലെ മറ്റേത് വിഭാഗമോ ആകട്ടെ, അവരുടെ അവകാശങ്ങൾക്കായി നിലകൊള്ളുകയാണെങ്കിൽ, സർക്കാരും ചില മുൻനിര മാധ്യമങ്ങളും അവരെ വേട്ടയാടുന്നത് ഇന്ത്യയിൽ ഇന്ന് പതിവ് കാഴ്ചയായി മാറിയിരിക്കുന്നു.

കഴിഞ്ഞ ഒരു മാസമായി വിവിധ ഘട്ടങ്ങളിലൂടെയാണ് ഈ സമരം കടന്നു പോകുന്നത്. ലോകകായിക വേദികളിൽ ഈ രാജ്യത്തിന്റെ അഭിമാനം ഉയർത്തി പിടിച്ച കായിക താരങ്ങളെ ലാത്തി ചാർജിലൂടെ ഡൽഹി പോലീസ് കയ്യേറ്റം ചെയ്യുന്നതിൽ തുടങ്ങി, തങ്ങളുടെ തൊഴിലിൽ ഏർപ്പെട്ടിരുന്ന മാധ്യമപ്രവർത്തകരെ സമര വേദിയിൽ നിന്ന് അറസ്റ്റ് ചെയ്ത് നീക്കം ചെയ്യുന്നതുൾപ്പെടെ പല പ്രവർത്തികൾക്കും നമ്മൾ സാക്ഷ്യം വഹിച്ചു.

കായിക താരങ്ങൾ ആഗ്രഹിച്ച പിന്തുണ സർക്കാരിൽ നിന്നു ലഭിച്ചില്ല എന്ന് മാത്രമല്ല, കുറ്റാരോപിതനെ സംരക്ഷിക്കുന്നതിലാണ് സർക്കാർ താല്പര്യം പ്രകടിപ്പിച്ചത്. കുറ്റാരോപിതന് കുട പിടിച്ചെത്തിയത് ഒട്ടനവധി പേരാണ്. അതിൽ ഇന്ത്യൻ ഒളിംപിക്‌ അസോസിയേഷൻ അധ്യക്ഷയായ മുൻ വനിതാ കായിക താരം മുതൽ സമരം ചെയ്യുന്ന താരങ്ങൾക്കെതിരെ വിദ്വേഷ പ്രചരണത്തിന്റെ പുകമറ സൃഷ്‌ടിച്ച മാധ്യമങ്ങൾ വരെ ഉൾപ്പെടുന്നു. സർക്കാരിനെതിരായ ഏത് പ്രതിഷേധവും അതിനീചമായി അടിച്ചമർത്തപ്പെടുന്ന ഇടമായി ഇന്ന് നമ്മുടെ രാജ്യം മാറിയിരിക്കുന്നു. കൃഷിക്കാർ, വിദ്യാർത്ഥികൾ, ന്യൂനപക്ഷങ്ങൾ, അല്ലെങ്കിൽ സമൂഹത്തിലെ മറ്റേത് വിഭാഗമോ ആകട്ടെ, അവരുടെ അവകാശങ്ങൾക്കായി നിലകൊള്ളുകയാണെങ്കിൽ, സർക്കാരും ചില മുൻനിര മാധ്യമങ്ങളും അവരെ വേട്ടയാടുന്നത് ഇന്ത്യയിൽ ഇന്ന് പതിവ് കാഴ്ചയായി മാറിയിരിക്കുന്നു. അപ്പോഴും പ്രതീക്ഷയാകുന്നത് വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ പോരാടുന്ന ഈ രാജ്യത്തെ ഒരുപറ്റം മനുഷ്യരാണ്. ഡൽഹി സർവകലാശാല, ജവഹർലാൽ നെഹ്‌റു സർവകലാശാല തുടങ്ങി ഡൽഹിയിലെ മുൻനിര സർവകലാശാലകളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഗുസ്തി താരങ്ങൾക്ക് പിന്തുണ അറിയിച്ചു കൊണ്ട് സമരവേദിയിലേക്ക് മാർച്ചുകൾ നയിച്ചു. കർഷകർ, മറ്റ് ഇന്ത്യൻ കായികതാരങ്ങൾ, ഹരിയാനയിലെ ഖാപ് പഞ്ചായത്തുകൾ, രാഷ്ട്രീയ നേതാക്കൾ തുടങ്ങി നിരവധി പേരാണ് ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി മുന്നിലെത്തിയത്.

യു പിയിലെ ഗോണ്ടയിൽ നിന്നുള്ള ബ്രിജ് ഭൂഷൺ സിങ് യുപി കൺട്രോൾ ഓഫ് ഗൂണ്ടാസ് ആക്റ്റ്, ഗ്യാങ്സ്റ്റേഴ്സ് ആക്റ്റ് എന്നിവ പ്രകാരം കേസുകൾ നേരിടുന്ന വ്യക്തിയാണ്. 2022ലെ യുപി തെരഞ്ഞെടുപ്പ് സമയത്താണ് എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് ക്യാമറയ്ക്ക് മുന്നിൽ തന്റെ ജീവിതത്തിൽ താൻ ഒരു കൊലപാതകം നടത്തിയിട്ടുണ്ട് എന്ന് ധൈര്യത്തോടെ ഇദ്ദേഹം പ്രഖ്യാപിക്കുന്നത്. 1992 ൽ അയോധ്യയിൽ ബാബറി മസ്ജിദ് പൊളിച്ചുമാറ്റാൻ കാരണമായ, എൽ കെ അഡ്വാനിയുടെ രഥയാത്രയുടെ മുൻനിര നായകനായിരുന്നു ഇദ്ദേഹം.

സർക്കാരിന്റെ മൗനവ്രതം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മൻ കി ബാത്ത്' പ്രോഗ്രാം നൂറ് എപ്പിസോഡുകൾ പിന്നിട്ട അതേ ദിവസം തന്നെ ഇന്ത്യയിലെ ഏറ്റവും മികച്ച ചില കായിക താരങ്ങൾ ഉറക്കെ പറഞ്ഞു, 'മോദിജി, ഞങ്ങളുടെ മൻ കി ബാത്തും കേൾക്കൂ. ഞങ്ങൾക്ക് നീതി തരൂ.'

ഉത്തർപ്രദേശിലെ കൈസർഗഞ്ചിൽ നിന്നു ആറ് തവണയായി പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗമാണ് ബ്രിജ് ഭൂഷൺ ശരൺ സിംഗ്. വളരെ ഗുരുതര ആരോപണങ്ങൾ നേരിടുന്ന ഇയാൾ ഒരു ക്രിമിനൽ രാഷ്ട്രീയ കരിയറിന്റെ ഉടമയാണ്. 2021ൽ നടന്ന ഒരു ഗുസ്തി ടൂർണമെന്റിൽ, ക്യാമറയ്ക്ക് മുന്നിൽ എല്ലാവരും നോക്കി നിൽക്കെ ഇയാൾ ഒരു ഗുസ്തി താരത്തെ മുഖത്തടിച്ച സംഭവം ഉണ്ടായിരുന്നു. ഐപിസിയുടെ പല വിഭാഗങ്ങളിലുമായി 38 കേസുകൾ ഇദ്ദേഹം അഭിമുഖീകരിക്കുന്നു. മോഷണം, കലാപം, കൊലപാതകം, ഭീഷണിപ്പെടുത്തൽ, തട്ടിക്കൊണ്ടുപോകൽ, കൊലപാതക ശ്രമം എന്നിവ ഈ കേസുകളിൽ ഉൾപ്പെടുന്നു. യു പിയിലെ ഗോണ്ടയിൽ നിന്നുള്ള അദ്ദേഹം യുപി കൺട്രോൾ ഓഫ് ഗൂണ്ടാസ് ആക്റ്റ്, ഗ്യാങ്സ്റ്റേഴ്സ് ആക്റ്റ് എന്നിവ പ്രകാരം കേസുകൾ നേരിടുന്ന വ്യക്തിയാണ്. 2022ലെ യുപി തെരഞ്ഞെടുപ്പ് സമയത്താണ് എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് ക്യാമറയ്ക്ക് മുന്നിൽ തന്റെ ജീവിതത്തിൽ താൻ ഒരു കൊലപാതകം നടത്തിയിട്ടുണ്ട് എന്ന് ധൈര്യത്തോടെ ഇദ്ദേഹം പ്രഖ്യാപിക്കുന്നത്. 1992 ൽ അയോധ്യയിൽ ബാബറി മസ്ജിദ് പൊളിച്ചുമാറ്റാൻ കാരണമായ, എൽ കെ അഡ്വാനിയുടെ രഥയാത്രയുടെ മുൻനിര നായകനായിരുന്നു ഇദ്ദേഹം.

അധികാരികളാൽ വഞ്ചിക്കപ്പെട്ടതായി മനസിലാക്കിയതിനാലാണ് ഏപ്രിൽ 23ന് ഗുസ്തിക്കാർ പ്രതിഷേധം പുനരാരംഭിച്ചത്. ഏപ്രിൽ 28ന് രണ്ട് വ്യത്യസ്ത എഫ് ഐ ആറുകൾ അദ്ദേഹത്തിനെതിരെ രജിസ്റ്റർ ചെയ്തു, ഇവയിലൊന്ന് പോക്സോ നിയമപ്രകാരമുള്ള ഗുരുതരമായ കുറ്റമായിട്ടുപോലും, സിംഗ് ഇപ്പോഴും സ്വതന്ത്രനാണ്. ഡൽഹി പോലീസ് ഇതുവരെ ഒരു ഔദ്യോഗിക അറിയിപ്പ് പോലും ഇദ്ദേഹത്തിന് നൽകിയിട്ടില്ല. അതേ സമയം ഗവണ്മെന്റ് ഇക്കാര്യത്തിൽ പാലിക്കുന്ന നിശബ്ദത വലിയ ആശങ്ക ഉളവാക്കുന്നതാണ്. മെയ്‌ 23ന് സമരം ഒരു മാസം പൂർത്തിയാക്കിയ ദിനത്തിൽ ഗുസ്തി താരങ്ങൾക്ക് പിന്തുണയേകി ഇന്ത്യ ഗേറ്റിനു മുന്നിൽ ജനസാഗരമലയടിച്ചു.

പൊതുജന പിന്തുണ മാനിച്ചു ഗുസ്തി താരങ്ങൾ ആദ്യ ഘട്ടം വിജയം നേടിയതായി കണക്കാക്കാമെങ്കിലും, ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യുന്നതുവരെ തങ്ങൾ സംതൃപ്തരാകില്ലെന്ന് താരങ്ങൾ അഭിപ്രായപെട്ടു. യാതൊരു കായിക പശ്ചാത്തലവുമില്ലാത്ത രാഷ്ട്രീയക്കാരെ കായിക ഫെഡറേഷനുകളുടെ തലപ്പത്തു അലങ്കാര വസ്തുവാക്കി വയ്ക്കുന്നത് കൊണ്ട് അവിടെ ഉയർച്ച ഉണ്ടാകുന്നില്ല എന്ന് മാത്രമല്ല, അതി രൂക്ഷമായ ഇത്തരം പ്രശ്നങ്ങളിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. ഇത്രയധികം ക്രിമിനൽ പശ്ചാത്തലമുള്ള ഈ വ്യക്തി വർഷങ്ങളായി അധ്യക്ഷ പദവിയിൽ ഇരുന്നു കൊണ്ട്, ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ തന്റെയും കുടുംബത്തിന്റെയും കുത്തകയാക്കി മാറ്റിയിരിക്കുന്നു. ബ്രിജ് ഭൂഷനെ പോലെയുള്ള, ഉത്തരേന്ത്യയിൽ 'ബാഹുബലി' കളായി അറിയപ്പെടുന്ന, കൊള്ളയും കൊലപാതകവും കൈതൊഴിലാക്കിയ രാഷ്ട്രീയക്കാർ, കായിക ഫെഡറേഷനുകൾ വിജയകരമായി നയിക്കും എന്ന ഇന്ത്യൻ കായിക സമിതിയുടെ സിദ്ധാന്തം തെറ്റാണെന്ന് പലയാവർത്തി തെളിയിക്കപ്പെട്ടിട്ടുണ്ട്.

ഒരു മുൻ അത്ലീറ്റ് എന്ന നിലയിൽ സ്പോർട്സ് ഫെഡറേഷന്റെയും കൗൺസിലുകളുടേയും ഉള്ളിൽ നടക്കുന്ന നെറികെട്ട രാഷ്ട്രീയം നേരിട്ട് അനുഭവിച്ചറിയാൻ എനിക്ക് സാധിച്ചിട്ടുണ്ട്. സംവിധാനത്തിലെ പോരായ്മകളിലേക്ക് വിരൽ ചൂണ്ടുന്ന കായിക താരങ്ങൾക്ക് ഓരോ തവണയും നേരിടേണ്ടി വരുന്ന പീഡനം ചെറുതല്ല. അത് കൊണ്ട് തന്നെ ഇത് പറയാതിരിക്കാൻ കഴിയില്ല; സ്വന്തം കരിയർ പോലും പ്രതിസന്ധിയിൽ വച്ചുകൊണ്ട് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI)ക്ക് എതിരെയും, ഫെഡറേഷന് എതിരെയും, ചൂഷണം ചെയ്യുന്ന ചില കോച്ചുകൾക്ക് എതിരെയും ശബ്ദം ഉയർത്താൻ ധൈര്യം കാണിച്ച, വർഷങ്ങളായി നടന്നു വരുന്ന ചൂഷണത്തെ പുറം ലോകത്തേക്ക് കൊണ്ട് വന്ന, ഈ ചുണക്കുട്ടികൾക്ക് ഒരു ബിഗ് സല്യൂട്ട്.

'നിഷ്പക്ഷത പീഡകനെ സഹായിക്കുന്നു, ഒരിക്കലും ഇരയെയല്ല. നിശബ്ദത പീഡിപ്പിക്കുന്നവനെ പ്രോത്സാഹിപ്പിക്കുന്നു, പീഡിപ്പിക്കപ്പെടുന്നവനെയല്ല. സ്നേഹത്തിന്റെ വിപരീതം വെറുപ്പല്ല, നിസ്സംഗതയാണ്.'

ഇരയെ ഏറ്റവും വേദനിപ്പിക്കുന്നത് അടിച്ചമർത്തുന്നയാളുടെ ക്രൂരത മാത്രമല്ല, കാഴ്ചക്കാരന്റെ നിശബ്ദതയും കൂടിയാണ്. അത് കൊണ്ട് തന്നെ ഈ പോരാട്ടത്തിൽ സാക്ഷി മാലിക്കിനൊപ്പം, വിനേഷ് ഫോഗട്ടിനൊപ്പം, അൻഷു മാലിക്കിനൊപ്പം, ബജ്രംഗ് പൂനിയക്കൊപ്പം, പീഡനം അനുഭവിക്കുന്ന ഓരോ കായിക താരങ്ങൾക്കുമൊപ്പം നിൽക്കേണ്ടത് വളരെ നിർണായകമാണ്. അശോകചക്ര ത്രിവർണപതാക ലോകവേദികളിൽ ഉയർത്തി പിടിച്ചപ്പോൾ നമ്മൾ അവരെയോർത്ത് എത്രത്തോളം അഭിമാനിച്ചുവോ, അത്രത്തോളം തന്നെ ഇപ്പോഴും അഭിമാനിക്കണം. ഗുസ്തിയരങ്ങിൽ എതിരാളിയെ മലർത്തിയടിക്കാൻ നമ്മൾ അവരെ എത്രത്തോളം കൈ കൊട്ടി പ്രോത്സാഹിപ്പിച്ചുവോ, അതേ പ്രോത്സാഹനം ഇപ്പോഴും നൽകണം. അവരുടെ സ്ഥാനം വഴിയോരങ്ങളിൽ അല്ല, അക്കാടകളിൽ ആണ്. അരങ്ങിൽ ഗുസ്തി കളിച്ചവർക്ക് ഇന്ന് റോഡിലിറങ്ങി പോലീസുമായി ഗുസ്തി ചെയ്യേണ്ട അവസ്ഥ വന്നിട്ടുണ്ടെങ്കിൽ അതിന് കാരണക്കാർ ഈ സർക്കാർ തന്നെയാണ്. ഇന്ത്യയുടെ അഭിമാനപുത്രിമാരുടെ കണ്ണീർ കണ്ടില്ലെന്നു നടിക്കുന്ന കായിക മന്ത്രാലയത്തിനും, ഈ സർക്കാരിനും, ഉറച്ച മറുപടി നൽകാൻ ഈ പോരാട്ടത്തിന് സാധിക്കട്ടെ. ഇന്ത്യൻ കായികരംഗത്തും, ഇന്ത്യൻ സമൂഹത്തിലും ലൈംഗിക പീഡനത്തിനോ ഭീഷണിപ്പെടുത്തലുകൾക്കോ സ്ഥാനമില്ലെന്ന ശക്തമായ സന്ദേശം എല്ലാവരിലും എത്തിക്കാൻ അവരുടെ വിജയത്തിന് സാധിക്കും. ആ വിജയം ഉറപ്പാക്കാൻ നമുക്കും ഈ പോരാട്ടത്തിൽ പങ്കാളികളാകാം.

Related Stories

No stories found.
logo
The Cue
www.thecue.in