സെന്റ് റോസല്ല മഠത്തില്‍ സിസ്റ്റര്‍ മേരി എല്‍സീന നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും ക്രൂരപീഡനത്തെക്കുറിച്ചും അറിഞ്ഞാണ് മൈസൂരിലേക്ക് പോയത്. ന്യായത്തിന് വേണ്ടി സഹിക്കേണ്ടിവരുന്നവരുടെ അവസ്ഥ നമുക്ക് മനസിലാകും.
ഞാനവിടെയെത്തുമ്പോള്‍ സിസ്റ്റര്‍ റോസല്ല മഠത്തിന്റെ ഗേറ്റിന് പുറത്ത് നില്‍ക്കുകയാണ്. അവരെ കോണ്‍വെന്റിനുള്ളിലേക്ക് കയറ്റുന്നില്ല. ഗേറ്റ് അകത്ത് നിന്ന് പൂട്ടിയിട്ടുണ്ട്. കോണ്‍വെന്റിനകത്താണ് രണ്ട് പൊലീസുകാര്‍ നില്‍ക്കുന്നത്. പൊലീസ് കുറ്റവാളികള്‍ക്ക് സംരക്ഷണം കൊടുക്കുന്ന രംഗമാണ് അവിടെ കണ്ടത്.
സിസ്റ്ററിന് സംഭവിച്ചത് ഒരു കാലത്തും ഇന്ത്യയില്‍ നടക്കാന്‍ പാടില്ലാത്തതതാണ്. ഒരു സിസ്റ്റര്‍ അവരുടെ ജീവിത കാലം മുഴുവന്‍ സന്യാസസഭയില്‍ സേവനം ചെയ്യുന്നവളാണ്. സാമൂഹിക പ്രവര്‍ത്തനമാണ് സിസ്റ്റര്‍ മേരി എല്‍സീന കൂടുതലും ചെയ്തത്. സംസാരിക്കാന്‍ കഴിയാത്തതും കാത് കേള്‍ക്കാത്തതുമായ കുട്ടികള്‍ക്ക് വേണ്ടിയാണ് സിസ്റ്റര്‍ പ്രവര്‍ത്തിച്ചത്. അവരെയാണ് സിസ്റ്റര്‍ പഠിപ്പിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷവും അങ്ങനെയൊരു സ്ഥാപനത്തിലാണ് സിസ്റ്റര്‍ പ്രവര്‍ത്തിച്ചത്. അവര്‍ ഒരു എച്ച്.എം.ആയിരുന്നു.
അവിടെ ആ കുട്ടികള്‍ നേരിടേണ്ടി വന്ന പ്രശ്‌നങ്ങള്‍ക്കെതിരെയാണ് സിസ്റ്റര്‍ ശബ്ദം ഉയര്‍ത്തിയത്. പ്രൊവിന്‍ഷ്യലിനാണ് സിസ്റ്റര്‍ ആദ്യ പരാതി കൊടുക്കുന്നത് പോലും. കുട്ടികളെ ദേഹോപദ്രവം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ സഹിതമാണ് സിസ്റ്റര്‍ മേരി എല്‍സീന പരാതി കൊടുത്തത്, അവിടെ കുട്ടികള്‍ക്ക് കിട്ടുന്ന ഫണ്ട് പൂര്‍ണമായും അവര്‍ക്ക് തന്നെ ലഭിക്കണമെന്ന് സിസ്റ്റര്‍ ആഗ്രഹിച്ചു, അവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സാഹചര്യം വേണമെന്ന് സിസ്റ്റര്‍ ശഠിച്ചു. അതിന്റെ പേരിലാണ് സിസ്റ്റര്‍ക്ക് ഈ പീഡനങ്ങളൊക്കെ നേരിടേണ്ടി വന്നത്.
അവരെ മാനസികമായി ഉപദ്രവിക്കാന്‍ കഴിയുന്നതിന്റെ പരമാവധി കോണ്‍വെന്റില്‍ വച്ച് തന്നെ ഉപദ്രവിച്ചു. ഒറ്റപ്പെടുത്തി. സാധാരണ കോണ്‍വെന്റുകളില്‍ സിസ്റ്റര്‍മാര്‍ക്ക് ഡ്യൂട്ടി വിഭജിച്ച് നല്‍കും. സിസ്റ്റര്‍ എല്‍സീന വിദ്യാഭ്യാസ യോഗ്യതയുള്ളയാണ്. അവര്‍ ഹെഡ് മിസ്ട്രസ് ആയിരുന്നു. അവര്‍ക്ക് അധ്യാപക ജോലി നല്‍കിയില്ല എന്ന് മാത്രമല്ല, എല്ലാ പണികളില്‍ നിന്നും മാറ്റി നിര്‍ത്തി. സിസ്റ്റര്‍ നീതിക്ക് വേണ്ടി ഉറച്ചു നില്‍ക്കുമെന്ന് ഉറപ്പുള്ളതുകൊണ്ട് അവരെ മാനസിക രോഗിയാക്കാനുള്ള ശ്രമമായിരുന്നു നടന്നെതന്ന് തന്നെയാണ് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നത്.
സിസ്റ്ററിനെ പിടിച്ച് വലിച്ച്, കൈയ്യിലും കാലിലും കയറിട്ട് കെട്ടി വണ്ടിയിലേക്ക് വലിച്ച് കയറ്റുകയായിരുന്നു. കൂട്ടത്തിലൊരാള്‍ സിസ്റ്ററിനെ അടിച്ചു അവര്‍ നിലത്ത് വീണു. രക്ഷിക്കണേ എന്ന് പറഞ്ഞ് സിസ്റ്റര്‍ നിലവിളിക്കുകയായിരുന്നു.
മെയ് 31ാം തീയ്യതി ചാപ്പലില്‍ പ്രാര്‍ത്ഥന നടക്കുന്നതിനിടെയാണ് സിസ്റ്ററിനെ അവര്‍ പിടിച്ചുകൊണ്ടു പോകുന്നത്. സിസ്റ്ററിനോട് ഗസ്റ്റ് വന്നിട്ടുണ്ടുണ്ടെന്നും പുറത്തേക്ക് വരാനുമാണ് പറഞ്ഞത്. ഒറ്റപ്പെട്ട് ജീവിക്കുന്നതിനിടയില്‍ ഗസ്റ്റ് വന്നിട്ടുണ്ട് എന്നറിഞ്ഞതുകൊണ്ട് വലിയ സന്തോഷത്തിലാണ് പുറത്തേക്ക് പോയതെന്നാണ് സിസ്റ്റര്‍ എന്നോട് പറഞ്ഞത്.
പുറത്ത ഭീമാകാരന്മാരായ മൂന്ന് പുരുഷന്മാര്‍ കാത്ത് നില്‍ക്കുന്നതാണ് സിസ്റ്റര്‍ കണ്ടത്. അവര്‍ സിസ്റ്ററിനെ പിടിച്ച് വലിച്ച്, കൈയ്യിലും കാലിലും കയറിട്ട് കെട്ടി വണ്ടിയിലേക്ക് വലിച്ച് കയറ്റുകയായിരുന്നു. കൂട്ടത്തിലൊരാള്‍ സിസ്റ്ററിനെ അടിച്ചു അവര്‍ നിലത്ത് വീണു. രക്ഷിക്കണേ എന്ന് പറഞ്ഞ് സിസ്റ്റര്‍ നിലവിളിക്കുകയായിരുന്നു. പക്ഷേ ആരും തിരിഞ്ഞ് നോക്കയില്ല. പ്രൊവിന്‍ഷ്യലിന്റെ മുഖത്തേക്ക് സിസ്റ്ററിന്റെ തല പിടിച്ചൊടിച്ച് വെക്കുകയാണ് ചെയ്തത്. ഗുണ്ടകളെ പോലെയാണ് സിസ്റ്ററോട് അവര്‍ പെരുമാറിയത്. അവര്‍ സിസ്റ്ററിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ച് വാങ്ങി, ഒരു മൃഗത്തെയെന്നപോലെയാണ് അവര്‍ സിസ്റ്റര്‍ മേരി എല്‍സീനയെ വണ്ടിയിലേക്ക് വലിച്ചിഴച്ച് കയറ്റിയത്. സിസ്റ്റര്‍ അത്രയധികം കരഞ്ഞിട്ടും നിലവിളിച്ചിട്ടും ആരും തിരിഞ്ഞ് നോക്കിയതുപോലുമില്ല.
അതിലൊരാള്‍ സമീപത്തു തന്നെയുള്ള കോണ്‍വെന്റിലെ സിസ്റ്റേഴ്‌സിന്റെ ഡ്രൈവറാണെന്നാണ് സിസ്റ്റര്‍ എന്നോട് പറഞ്ഞത്. മറ്റ് രണ്ട് പേര്‍ മെന്റല്‍ ഹോസ്പിറ്റലിലെ ജീവനക്കാരും. പ്രാര്‍ത്ഥനാമുറിക്ക് മുന്നില്‍വെച്ചാണ് ഇവര്‍ ബലമായി സിസ്റ്ററിനെ പിടിച്ചുകെട്ടി കൊണ്ടു പോയത്. സിസ്റ്ററുടെ അനുവാദം പോലുമില്ലാതെ കൂട്ടത്തിലൊരാള്‍ അവര്‍ക്ക് എന്തോ ഇഞ്ചക്ഷന്‍ നല്‍കി. വണ്ടിയില്‍വെച്ചും വളരെ മോശമായാണ് അവര്‍ പെരുമാറിയതെന്നും ലൈംഗികമായി ഉപദ്രവിച്ചുമെന്നാണ് സിസ്റ്റര്‍ പറഞ്ഞത്.
ഹോസ്പിറ്റലില്‍ വെച്ച് സിസ്റ്ററിന്റെ സഭാ വസ്ത്രവും അവര്‍ എടുത്തു കൊണ്ടു പോയി. മുകളിലത്തെ നിലയിലാണ് അവര്‍ സിസ്റ്ററിനെ കൊണ്ടു പോയത്. മാനസികാരോഗ്യ ആശുപത്രിയിലുള്ളവരും അവരോട് മോശമായാണ് പെരുമാറിയത്. ഈ വിവരങ്ങളൊക്കെ തന്നെ ഒരു പക്ഷേ ആരും അറിയുമായിരുന്നില്ല. സിസ്റ്ററിന്റെ വീട്ടുകാര്‍ അവരെ അന്വേഷിച്ച് പോയത് കൊണ്ടുമാത്രമാണ് ഇക്കാര്യങ്ങളെല്ലാം പുറത്തേക്ക് വരുന്നത് പോലും.
രണ്ട് ദിവസമായിട്ടും സിസ്റ്റര്‍ എല്‍സീനയെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാത്തതിനാല്‍ വീട്ടുകാര്‍ വന്ന് സിസ്റ്ററെ അന്വേഷിക്കുകയായിരുന്നു. അപ്പോള്‍ വളരെ നിസാരമായ തലവേദനയോ മറ്റോ എന്നാണ് കോണ്‍വെന്റില്‍ നിന്ന് പറഞ്ഞ മറുപടി. പതിനാല് ദിവസം കഴിഞ്ഞ് മാത്രമേ സിസ്റ്ററിനെ കാണാന്‍ സാധിക്കൂ എന്നും വീട്ടുകാരോട് പറഞ്ഞു. ഇത് വിശ്വസിക്കാതെ അവര്‍ ആശുപത്രിക്ക് മുന്നില്‍ കാത്തിരുന്നു, പരാതിപ്പെട്ടു.
ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നത് സിസ്റ്ററിനെ ഒരു മാനസിക രോഗിയാക്കി പുറത്ത് കൊണ്ടുവരാനായിരുന്നു ഇവരുടെ ശ്രമം എന്നാണ്. അങ്ങനെയെങ്കില്‍ പരാതിപ്പെട്ടാലും ഒന്നു ചെയ്യാനാകില്ലല്ലോ. വളരെ വ്യക്തതയോടെ കൃത്യമായ തെളിവുകളോടെയാണ് സിസ്റ്റര്‍ എല്ലാ കാര്യങ്ങളും പറയുന്നത്. കുട്ടികളുടെ കാതില്‍ നുള്ളി ചോര വരുന്നതിന്റെ ഫോട്ടോയൊക്കെ ഞാനും കണ്ടതാണ്. ആശുപത്രിയില്‍ നിന്ന് രണ്ടാമത്തെ ദിവസം മാത്രമാണ് സിസ്റ്ററിന് പുറത്ത് വരാന്‍ സാധിക്കുന്നത്. തുടര്‍ന്ന് തീരെ വയ്യാത്തതുകൊണ്ട് സിസ്റ്ററിന് മറ്റൊരു ആശുപത്രിയില്‍ അഡ്മിറ്റാകേണ്ടിയും വന്നു. അത്രയ്ക്ക് അവശയായിരുന്നു അവരെന്നാണ് എനിക്ക് മനസിലാക്കാന്‍ സാധിച്ചത്.
പൊലീസ് സ്റ്റേഷനില്‍ സിസ്റ്ററിനൊപ്പം ഞാനും പോയിരുന്നു. ഇതൊക്കെ വളരെ നിസാരമായാണ് അവര്‍ കണ്ടത്. ഇതൊക്കെ കോണ്‍വെന്റിന് ഉള്ളിലെ വിഷയമല്ലേ എന്നായിരുന്നു പ്രതികരണം. പരസ്യമായി ഇത്രയുമൊരു അനീതി ഒരു സിസ്റ്റര്‍ നേരിട്ടിട്ടും കേസ് പോലും എടുക്കാത്ത സ്ഥിതി എങ്ങനെയാണ് ഉണ്ടാകുന്നത്.
ഈ വിഷയത്തില്‍ സര്‍ക്കാരോ മനുഷ്യാവകാശ പ്രവര്‍ത്തകരോ ഇടപെടേണ്ടതാണ്. കര്‍ണാടക സര്‍ക്കാരോ കേരള സര്‍ക്കാരോ ഇത് വരെ വിഷയത്തില്‍ ഒരു പ്രതികരണവും നടത്തിയിട്ടില്ല. ഈ കോണ്‍വെന്റിലെ 90 ശതമാനം സിസ്റ്റര്‍മാരും മലയാളികളാണ്. കോണ്‍വെന്റിനുള്ളില്‍ ജീവിക്കുന്നവര്‍ പേടിച്ചിട്ട് സംസാരിക്കില്ലെന്ന് കരുതാം. പക്ഷേ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് സംസാരിക്കാമല്ലോ. അത്ര വലിയ പ്രയാസത്തിലൂടെയാണ് സിസ്റ്റര്‍ കടന്നു പോകുന്നത്.
കോണ്‍വെന്റിനകം ഒരു രഹസ്യ അറയാണ്. അവിടെ പുറത്ത് നിന്ന് ആരെയും പ്രവേശിപ്പിക്കില്ല. അകത്ത് നടക്കുന്നത് ആരും അറിയുകയുമില്ല. ഞാന്‍ വലിയ പ്രയാസം അനുഭവിച്ചിരുന്നു. പക്ഷേ എന്റെ കോണ്‍വെന്റിന് മതിലുകള്‍ ഇല്ലായിരുന്നു, എനിക്ക് എവിടെ വേണമെങ്കിലും ഓടി രക്ഷപ്പെടാമായിരുന്നു. പക്ഷേ അത് പോലെയല്ല, ഈ സിസ്റ്ററിന്റെ കാര്യം ഇവര്‍ മതിലുകള്‍ കൊണ്ട് ചുറ്റപ്പെട്ട ഇടത്താണ് ജീവിക്കുന്നത്. അവിടെ അവര്‍ എങ്ങോട്ട് ഓടും. അവര്‍ക്ക് സുരക്ഷ വേണം.
ഒരു മനുഷ്യ സ്ത്രീ ഇത്രയധികം പ്രയാസം നേരിടുമ്പോഴും എന്തുകൊണ്ട് പുറത്ത് നിന്ന് പ്രതിഷേധം ഉണ്ടാകുന്നില്ല എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. കോണ്‍വെന്റില്‍ അവര്‍ വളര്‍ത്തുന്ന പട്ടികളോട് പോലും ഒരു കന്യാസ്ത്രീയോട് പെരുമാറുന്ന വിധത്തില്‍ പെരുമാറില്ല. ഇപ്പോള്‍ സിസ്റ്റര്‍ മേരി എല്‍സീനയ്ക്ക് ജീവിക്കാന്‍ സ്ഥലമില്ല, വസ്ത്രം പോലും കൊടുക്കാതെ, മുറിയില്‍ കയറി ഒരു സാധനം പോലും എടുക്കാന്‍ സമ്മതിക്കാതെ അവരെ റോസല്ല കോണ്‍വെന്റില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ്.