chatGPT കാലം; പണികളും പണി വരുന്ന വഴികളും

chatGPT കാലം; പണികളും പണി വരുന്ന വഴികളും
Published on
Summary

സ്വന്തമായി ഒരു കാറു പോലുമില്ലാത്ത ഊബർ (uber) രാജ്യത്തെ പ്രമുഖ ടാക്സി സർവീസ് ആയി മാറിയതും ഒരു റസ്റ്റോറൻറ് പോലും സ്വന്തമായി നടത്താതെ സൊമാറ്റോ (zomatto) രാജ്യത്തെയാകെ ഭക്ഷണവിതരണ ഭീമനായതും സ്വന്തമായി കെട്ടിടങ്ങൾ കെട്ടിപൊക്കാതെ oyo നും trivago ക്കുമൊക്കെ നൂറുകണക്കിന് ഹോട്ടലുകൾ ഉണ്ടാക്കുകയുമൊക്കെ ചെയ്തത് പ്ലാറ്റ്ഫോം ബിസിനസ് മോഡൽ എന്ന ആശയത്തിലൂടെയാണ്. ഒറ്റ ചെറുകിട വിൽപ്പന ശാലയും ഇല്ലാതെ ആമസോണിനെയും ഫ്ലിപ്കാർട്ടുനെയുമൊക്കെ നമ്പർ വൺ റീടെയിലർമാർ ആക്കിയതും ഇതേ രീതിശാസ്ത്രം തന്നെ. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ച് ഉപഭോക്താവിന്റെ താല്പര്യങ്ങളും സൗകര്യങ്ങളും എത്രത്തോളം മനസ്സിലാക്കി പെരുമാറാൻ കഴിയുന്നു എന്നുള്ളടത്താണ് ഇത്തരം പ്ലാറ്റ്ഫോമുകളുടെ വിജയപരാജയങ്ങൾ നിർണയിക്കപ്പെടുന്നത്.

'നിങ്ങൾക്ക് ആർട്ടിഫിഷൽ ഇൻറലിജൻസ് (നിർമ്മിത ബുദ്ധി) സിസ്റ്റങ്ങളോട് ഇംഗ്ലീഷിൽ സംവേദിക്കാൻ കഴിയുമോ? വരൂ നമുക്ക് പ്രോംറ്റ് എൻജിനീയറിങ്ങ് ചെയ്യാം'. ടെക്നോളജി ലോകത്തെ ഏറ്റവും പുതിയ ജോലി സാധ്യത സിലിക്കൺവാലി മുതൽ നമ്മുടെ നാട്ടിലെ ഐടി പാർക്കുകളിൽ വരെ തരംഗം സൃഷ്ടിക്കുകയാണ്. പ്രോംറ്റ് എൻജിനീയർമാരേ തിരയുകയാണ് ടെക്കി ലോകം.

ചാറ്റ്ജിപിടി, ഗൂഗിൾ ബാർക്ക്, തുടങ്ങിയ ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (GAI) സംവിധാനങ്ങൾ കാര്യക്ഷമമായി ഉപയോഗിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ വികസിപ്പിക്കുന്നതിനും അതിനെ തുടർച്ചയായി മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനുള്ള പുതിയൊരു തൊഴിൽ മേഖലയാണ് പ്രോംറ്റ് എഞ്ചിനീയറിംഗ്.

കൗതുകകരമായ മറ്റൊരു കാര്യം എന്തെന്നാൽ മറ്റ് സാങ്കേതികവിദ്യകൾ വന്നപ്പോൾ ഏതൊക്കെ തൊഴിൽ നഷ്ടപ്പെടും എന്ന് പഠനങ്ങൾ ഉണ്ടായെങ്കിൽ ഇവിടെ അതുപോലും വേണ്ട എന്നുള്ളതാണ്. ജനറേറ്റീവ് AI കളോട് നിങ്ങൾ നഷ്ടപ്പെടുത്താനും സൃഷ്ടിക്കാനും പോകുന്ന തൊഴിലുകൾ ഏതെന്ന് നേരിട്ട് ചോദിക്കാൻ കഴിയും. ChatGPT യോട് ഞാൻ ഈ ചോദ്യം ചോദിച്ചപ്പോൾ ഒരു പട്ടിക തന്ന്, ഇവരുടെയൊക്കെ ജോലിയിൽ ഞാൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്ന് സൂചിപ്പിക്കുന്നുണ്ട്. എങ്കിലും ഭയപ്പെടേണ്ട ഞാൻ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ഇന്നലെവരെ കണ്ടുകൊണ്ടിരുന്ന തൊഴിൽ മേഖലകൾ അപ്രസക്തമാവുകയും പുതിയ തൊഴിലുകളും തൊഴിലിടങ്ങളും ക്രമേണ ഉയർന്നു വരികയും ചെയ്യുന്നത് ചരിത്രത്തിൽ ആവർത്തിച്ചു വന്ന പ്രക്രിയയാണെന്ന് കാണാം. നേരത്തെ സമയമെടുത്ത് നടന്നിരുന്നതാണെങ്കിൽ ഇപ്പോൾ അതിൻറെ വേഗത പ്രതീക്ഷകൾക്കും അപ്പുറമായി എന്നുള്ളതാണ് യാഥാർത്ഥ്യം. ടെലിഫോൺ കോയിൻ ബോക്സുകളും, ഫിലിം അധിഷ്ഠിത ക്യാമറകളും, ഇൻറർനെറ്റ് കഫേകളും, റീചാർജ് ഷോപ്പുകളുമൊക്കെ നാട്ടിൽ വലിയ തരംഗം സൃഷ്ടിച്ചതും പിന്നീട് മങ്ങി പഴഞ്ചൻമാരാവുന്നതും നേരിട്ട് കണ്ടവരാണ് നമ്മൾ. കമ്പ്യൂട്ടർ പ്രോഗ്രാമുകൾ തൊഴിൽ സാധ്യതകൾ ഇല്ലാതാക്കുമോ എന്ന് ചർച്ച ചെയ്തിടത്ത് നിന്ന് കമ്പ്യൂട്ടർ പ്രോഗ്രാമർമാരുടെ തൊഴിൽ ആശങ്കയിലാണ് എന്നു പറയുന്നിടത്തേക്ക് വിരലിലെണ്ണാവുന്ന വർഷങ്ങളേ വേണ്ടി വന്നുള്ളൂ.

മനുഷ്യന്റെ സാമൂഹിക ജീവിത രൂപീകരണം, വ്യവസായ വിപ്ലവം, ലോകമഹായുദ്ധങ്ങൾ, സേവനാധിഷ്ഠിത വ്യവസായങ്ങളുടെയും ഇൻറർനെറ്റിന്റെയും കടന്നുവരവുകൾ തുടങ്ങി ഒടുവിൽ കോവിഡ് സൃഷ്ടിച്ച സാഹചര്യങ്ങൾവരെ വിവിധ ഘട്ടങ്ങളിൽ തൊഴിൽ മേഖലകളിലും തൊഴിലിടങ്ങളിലും കാതലായ മാറ്റങ്ങളും പുനസംഘടനകളും സൃഷ്ടിച്ചിട്ടുണ്ട്. യന്ത്രവൽക്കരണവും സാങ്കേതികവിദ്യയുമൊക്കെ മനുഷ്യന്റെ ആയാസങ്ങളെ പരമാവധി കുറച്ചുകൊണ്ടു വരുന്നതിനുള്ള ശാസ്ത്രീയമായ അന്വേഷണങ്ങളുടെ ഫലമാണെന്ന് അവതരിപ്പിക്കുമ്പോഴും അതിലേക്കുള്ള പ്രേരണയേയും വഴികളേയും വേഗതയേയുമൊക്കെ നിർണയിച്ചത് ലാഭത്തിൽ മാത്രം അധിഷ്ഠിതമായ നിലനിൽക്കുന്ന മുതലാളിത്ത താല്പര്യങ്ങളാണെന്നും ചേർത്തു വായിക്കണം.

ഓരോ തൊഴിൽ മേഖലകൾ സൃഷ്ടിക്കപ്പെടുമ്പോഴും അതിനൊപ്പം തന്നെ ചില തൊഴിൽ മേഖലകൾ ഇല്ലാതാകുന്നുമുണ്ട്. ഇത് ആനുപാതികമായാണോ സംഭവിക്കുന്നത് എന്നുള്ളതും പുതുതായി തൊഴിൽ ലഭിക്കുന്നതിൽ നഷ്ടപ്പെടുന്ന വിഭാഗങ്ങളുണ്ടോ എന്നുള്ളതും നിരന്തര രാഷ്ട്രീയ പരിശോധനകൾക്ക് വിധേയമാക്കപ്പെടേണ്ടതും അഭിമുഖീകരിക്കപ്പെടേണ്ടതുമാണ്.

ഗിഗ് (gig) ഇക്കോണമി സൃഷ്ടിച്ച ബിസിനസ് മാതൃകകളും തൊഴിലുകളും

പരമ്പരാഗത മുഴുവൻ സമയ തൊഴിലിനുപകരം ഹൃസ്വകാല കരാറുകളോ ഫ്രീലാൻസ് ജോലികളോ മുഖേനയുള്ള തൊഴിൽ വിപണിയെയാണ് ഗിഗ് എക്കണോമി സൂചിപ്പിക്കുന്നത്. ഒരു യാത്രാ സേവനത്തിനായി ഡ്രൈവിംഗ്, അല്ലെങ്കിൽ ഒരു ക്ലയന്റിനായി ഗ്രാഫിക് ഡിസൈൻ പ്രോജക്റ്റ് പൂർത്തിയാക്കുന്നത് പോലുള്ള താൽക്കാലിക അല്ലെങ്കിൽ പ്രോജക്റ്റ് അധിഷ്ഠിത അസൈൻമെന്റുകൾ പോലെയുള്ള ജോലികൾ ഇതിൽ ഉൾപ്പെടുന്നു. ഗിഗ് സമ്പദ്‌വ്യവസ്ഥയിലെ തൊഴിലാളികൾ സാധാരണയായി ജീവനക്കാരേക്കാൾ സ്വതന്ത്ര കരാറുകാരായി പ്രവർത്തിക്കുന്നു, അവരുടെ സ്വന്തം നികുതികൾക്കും ആനുകൂല്യങ്ങൾക്കും മറ്റ് ചെലവുകൾക്കും അവർ മാത്രമാകും ഉത്തരവാദികൾ.

ആദ്യകാലങ്ങളിൽ ഇൻറർനെറ്റ് ആശയവിനിമയത്തിനും വിവരങ്ങൾ പങ്കിടുന്നതിനുള്ള ഇടമായിരുന്നുവെങ്കിൽ സാവധാനം അത് ഒരു ‘മാർക്കറ്റ് പ്ലെയിസായി’ മാറുകയായിരുന്നു. ഇലക്ട്രോണിക് വ്യാപാരമായിരുന്നു അതിന്റെ ആദ്യ രൂപമെങ്കിലും ഗിഗ് ഇക്കോണമിയിൽ അധിഷ്ഠിതമായ പ്ലാറ്റ്ഫോം ബിസിനസ് മോഡലുകളാണ് ഇന്ന് മാർക്കറ്റിന്റെ ഭീമമായ ഭാഗവും കയ്യടക്കി വെച്ചിരിക്കുന്നത്.

സ്വന്തമായി ഒരു കാറു പോലുമില്ലാത്ത ഊബർ (uber) രാജ്യത്തെ പ്രമുഖ ടാക്സി സർവീസ് ആയി മാറിയതും ഒരു റസ്റ്റോറൻറ് പോലും സ്വന്തമായി നടത്താതെ സൊമാറ്റോ (zomatto) രാജ്യത്തെയാകെ ഭക്ഷണവിതരണ ഭീമനായതും സ്വന്തമായി കെട്ടിടങ്ങൾ കെട്ടിപൊക്കാതെ oyo നും trivago ക്കുമൊക്കെ നൂറുകണക്കിന് ഹോട്ടലുകൾ ഉണ്ടാക്കുകയുമൊക്കെ ചെയ്തത് പ്ലാറ്റ്ഫോം ബിസിനസ് മോഡൽ എന്ന ആശയത്തിലൂടെയാണ്. ഒറ്റ ചെറുകിട വിൽപ്പന ശാലയും ഇല്ലാതെ ആമസോണിനെയും ഫ്ലിപ്കാർട്ടുനെയുമൊക്കെ നമ്പർ വൺ റീടെയിലർമാർ ആക്കിയതും ഇതേ രീതിശാസ്ത്രം തന്നെ. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ച് ഉപഭോക്താവിന്റെ താല്പര്യങ്ങളും സൗകര്യങ്ങളും എത്രത്തോളം മനസ്സിലാക്കി പെരുമാറാൻ കഴിയുന്നു എന്നുള്ളടത്താണ് ഇത്തരം പ്ലാറ്റ്ഫോമുകളുടെ വിജയപരാജയങ്ങൾ നിർണയിക്കപ്പെടുന്നത്.

പുതിയൊരു തൊഴിൽ സംസ്കാരമാണ് ഇത്തരം പ്ലാറ്റ്ഫോം ബിസിനസ് മോഡലുകൾ നാട്ടിൽ സൃഷ്ടിച്ചത്. കയ്യിൽ ഒരു കാറുണ്ടെങ്കിൽ ലളിതമായ നടപടിക്രമങ്ങളിലൂടെ ഊബർ ഡ്രൈവർ ആകാം. സ്വന്തമായി ബൈക്ക് ഉണ്ടെങ്കിൽ zomato ഡെലിവറി ഏജൻ്റാകാം. മറ്റു ജോലിയുള്ളവർ ഒഴിവുസമയങ്ങളിൽ ഇത്തരം പ്ലാറ്റ്ഫോമുകളുടെ ജോലികൾ ഏറ്റെടുക്കുന്നതും പ്രോത്സാഹിപ്പിക്കപ്പെട്ടു. സൗകര്യാർത്ഥം സമയം ക്രമീകരിക്കാം, കൂടുതൽ ജോലി കൂടുതൽ വേതനം, ലളിതമായ പ്രവേശന നടപടികൾ തുടങ്ങി ജോലിയിൽ തൻ്റെ ജോലി സ്വയം കണ്ട്രോൾ ചെയ്യാം എന്ന സൗകര്യം വരെ ഇത്തരം ജോലികളുടെ ഗുണമായ ആളുകൾ കണ്ടു തുടങ്ങി. എന്നാൽ ജോലി സ്ഥിരത ഇല്ലായ്മയും കടുത്ത മത്സരവുമുൾപ്പെടെയുള്ള ദൂഷ്യഫലങ്ങളും തൊഴിൽ പ്രശ്നങ്ങളായി നിലനിൽക്കുന്നുണ്ട്.

എന്നാൽ മറുവശത്ത് നൂതന ആശയങ്ങൾ ഉണ്ടെങ്കിൽ ഭീമമായ ഇൻവെസ്റ്റ്മെൻറ് ഒന്നുമില്ലാതെ നിങ്ങൾക്ക് വലിയൊരു ബിസിനസ് നെറ്റ്‌വർക്ക് മേധാവിയായി മാറാമെന്ന വലിയ സാധ്യതയും യുവതലമുറക്ക് ഇത്തരം പ്ലാറ്റ്ഫോമുകളുടെ ആശയം തുറന്നു വയ്ക്കുന്നുണ്ട്.

ഓട്ടോമേഷൻ സിസ്റ്റങ്ങൾ മുതൽ റോബോട്ടിക്സ് വരെ

നേരത്തെ മനുഷ്യർ ചെയ്തിരുന്ന ജോലികൾ യന്ത്രങ്ങൾ, സോഫ്‌റ്റ്‌വെയറുകൾ മറ്റ് നൂതന സാങ്കേതികവിദ്യകൾ തുടങ്ങിയവ ഉപയോഗിച്ച് ചെയ്യുന്നതിനെയാണ് ഓട്ടോമേഷൻ എന്ന് പറയുന്നത്. കൃഷി, ഉത്പന്ന നിർമ്മാണം, സേവന മേഖല, സാമ്പത്തിക രംഗം തുടങ്ങിയ നിരവധി മേഖലകകളിൽ ഓട്ടോമേഷൻ സജീവമായി നടപ്പിലാക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ ജീവിച്ചു പോകുന്നത്. കുറഞ്ഞ വൈദഗ്ത്യം ആവശ്യമുള്ളതും പതിവായി ആവർത്തിക്കുന്ന സ്വഭാവമുള്ള ജോലികളും ഓട്ടോമേഷൻ അതിവേഗം ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്. അതിവൈദഗ്ധ്യം ആവശ്യമുള്ള റോബോട്ടിക്സ് എൻജിനീയർ, ടെക്നീഷ്യൻ, സോഫ്റ്റ്‌വെയർ ഡെവലപ്പർ, പ്രോഗ്രാമർ, സൈബർ സെക്യൂരിറ്റി സ്പെഷ്യലിസ്റ്റുകൾ, ടെക്നിക്കൽ റൈറ്റേഴ്സ് തുടങ്ങിയ അവസരങ്ങളാണ് ഓട്ടോമേഷൻ തൊഴിൽ മാർക്കറ്റിൽ സൃഷ്ടിക്കുന്നത്. ഓട്ടോമേഷനിലൂടെ ഉൽപാദന വിതരണ വേഗത വർദ്ധിക്കുന്നത് കൊണ്ട് തന്നെ സെയിൽസ് & മാർക്കറ്റിംഗ് പ്രൊഫഷണൽസ്, പ്രോഡക്റ്റ്-പ്രോജക്ട് മാനേജേഴ്സ് തുടങ്ങിയ തസ്തികകളിലെ തൊഴിലവസങ്ങൾ വർദ്ധിക്കും. ഇത്തരത്തിൽ നഷ്ടപ്പെടുന്ന തൊഴിലുകളും പുതിയ അവസരങ്ങളുടെ എണ്ണവും ആനുപാതികമല്ല എന്നാണ് ലോകത്തിലെ വിവിധ അനുഭവങ്ങൾ നമുക്ക് മുന്നിൽ തെളിയിക്കുന്നത്. അതുകൊണ്ടുതന്നെ തൊഴിൽ മേഖലയിൽ 'സ്കിൽഡ് പ്രൊഫഷണലുകൾക്കുള്ള' മത്സരമാണ് നമ്മുടെ പുതു തലമുറയെ കാത്തിരിക്കുന്നത്.

ഒരു പ്രത്യേക പ്രോസസിനെ യന്ത്രവൽക്കരിക്കുന്നതാണ് ഓട്ടോമേഷനെങ്കിൽ വ്യത്യസ്ത സാഹചര്യങ്ങൾ സ്മാർട്ടായി കൈകാര്യം ചെയ്യുന്ന റോബോട്ടുകളാണ് തൊഴിൽ മേഖലയിലെ മറ്റൊരു വെല്ലുവിളി. നിശ്ചിത ജോലികൾ പിഴവില്ലാതെ ചെയ്യുന്ന റോബോട്ടുകൾ ഓട്ടോമേഷൻ സിസ്റ്റങ്ങളുടെ ഭാഗമായി വ്യാപകമായി ഉപയോഗിക്കുന്നുണ്ടെങ്കിലും വ്യത്യസ്ത സാഹചര്യങ്ങളെ ഉൾക്കൊണ്ട് പ്രവർത്തിപ്പിക്കുന്ന റോബോട്ടുകൾ നമ്മുടെ തൊഴിലിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വീടുകളിലും സജീവമായി മനുഷ്യൻറെ സന്തതസഹചാരിയാവുന്ന കാലം അതിവിദൂരമല്ല. കൊഞ്ചിച്ചോമനിക്കാൻ വളർത്തുമൃഗമായും അടുക്കളക്കാരി ‘കൂകി’യായും കിടപ്പുരോഗികളെ മാറ്റിക്കിടത്തി സഹായിക്കുന്ന കരടിക്കുട്ടനായുമൊക്കെ റോബോട്ടുകളും അണിയറയിൽ ഒരുങ്ങിയിരിക്കുകയാണ്. ഈ വർഷം അവസാനത്തോടെ റോബോട്ടിക്‌സ് വിപണി 7.26 ബില്യൺ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അടിമുടി മാറുന്ന തൊഴിലിടം എന്ന സങ്കല്പം

ഓഫീസ്, കമ്പനി, ജോലിസ്ഥലം തുടങ്ങിയ വാക്കുകൾ കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ നേരത്തെ വന്നിരുന്ന മുറികളുടെയും കെട്ടിടങ്ങളുടെയുമൊക്കെ ചിത്രങ്ങൾ കോവിഡിന് ശേഷം അടിമുടി മാറി. ഭൗതിക ഇടം എന്നതിനപ്പുറം നമ്മളെവിടെ നിന്നാണോ തൊഴിൽ ചെയ്യുന്നത് അത് നമ്മുടെ തൊഴിലിടമാക്കി മാറ്റി തരാൻ സാങ്കേതിക വിപ്ലവത്തിന് കഴിഞ്ഞിട്ടുണ്ട്.

റിമോട്ട് വർക്കിംഗ്, വർക്ക് ഫ്രം ഹോം, വർക്ക് നിയർ ഹോം തുടങ്ങിയ തൊഴിൽ രീതികളുമായി നമ്മുടെ നാട്ടിൻപുറങ്ങൾ എത്ര പെട്ടെന്നാണ് പരിചിതമായത്!. നമ്മുടെ നാട്ടിൻപുറങ്ങളിലെ ചെറുപ്പക്കാർ വീട്ടിലെ മുറിയിലിരുന്ന് അമേരിക്കയിലെയും യൂറോപ്പിലെയും വൻകിട കമ്പനികൾക്ക് വേണ്ടി ജോലി ചെയ്യുകയാണ്. നമ്മുടെ സർക്കാർ കോളേജുകളിലെ കുട്ടികൾ അന്താരാഷ്ട്ര സർവകലാശാലകളിൽ നിന്ന് ഇവിടെയിരുന്ന് കോഴ്സുകൾ ചെയ്യുകയാണ്; അവിടുത്തെ വലിയ പ്രൊഫസർമാർക്കൊപ്പം ഗവേഷണം നടത്തുകയാണ്. നല്ല ഇൻറർനെറ്റ് കണക്ഷനുള്ള ചായക്കടകൾ പോലും ബിസിനസ് സ്റ്റാർട്ടപ്പ് സ്പേസുകളാണ്.

ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (GAI) തരംഗമാകുമ്പോൾ

മനുഷ്യൻ അവൻറെ ബുദ്ധിയും വിവേകവും ഉപയോഗിച്ച് ചെയ്തുകൊണ്ടിരുന്ന തൊഴിൽ മേഖലകളിലേക്ക് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ പോവുകയാണ് ജനറേറ്റീവ് എഐ (GAI) അടിസ്ഥാനപ്പെടുത്തിയുള്ള സിസ്റ്റങ്ങൾ. ചാറ്റ് ജിപിടി പോലെയുള്ള ജനറേറ്റീവ് ആർട്ടിഫിഷൽ ഇൻറലിജൻസ് അൽഗോരിതങ്ങൾ പുതിയ ഓഡിയോ, ഇമേജ്, ടെക്സ്റ്റ്, കോഡ്, സിമുലേഷനുകൾ വീഡിയോകൾ തുടങ്ങി വിവിധ തരം പുതിയ ഉള്ളടക്കങ്ങൾ സൃഷ്ടിക്കാൻ പ്രാപ്തിയുള്ളതാണ്. മനുഷ്യന്റെ സർഗ്ഗാത്മകതയും ഉൽപാദനക്ഷമതയും പതിന്മടങ്ങു വർധിപ്പിക്കാൻ GAI കൾക്ക് കഴിയും. കൗതുകകരമായ മറ്റൊരു കാര്യം എന്തെന്നാൽ മറ്റ് സാങ്കേതികവിദ്യകൾ വന്നപ്പോൾ ഏതൊക്കെ തൊഴിൽ നഷ്ടപ്പെടും എന്ന് പഠനങ്ങൾ ഉണ്ടായെങ്കിൽ ഇവിടെ അതുപോലും വേണ്ട എന്നുള്ളതാണ്.

ജനറേറ്റീവ് AI കളോട് നിങ്ങൾ നഷ്ടപ്പെടുത്താനും സൃഷ്ടിക്കാനും പോകുന്ന തൊഴിലുകൾ ഏതെന്ന് നേരിട്ട് ചോദിക്കാൻ കഴിയും. ChatGPT യോട് ഞാൻ ഈ ചോദ്യം ചോദിച്ചപ്പോൾ ഉള്ളടക്ക രചയിതാക്കൾ ബ്ലോഗർമാർ, സോഷ്യൽ മീഡിയ മാനേജർമാർ, സാങ്കേതിക എഴുത്തുകാർ, കോപ്പി എഡിറ്റർമാർ, വിവർത്തകർ, കസ്റ്റമർ കെയർ എക്സിക്യൂട്ടീവുകൾ, ചാറ്റ്ബോട്ട് ഡെവലപ്പർമാർ തുടങ്ങി ഒരു പട്ടിക തന്ന്, ഇവരുടെയൊക്കെ ജോലിയിൽ ഞാൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്ന് ഇപ്പോഴേ സൂചിപ്പിക്കുന്നുണ്ട്. എങ്കിലും ഭയപ്പെടേണ്ട ഞാൻ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട്.

chatGPT യുടെ കാഴ്ചപ്പാട് ശരിയാകുമോ ഇല്ലയോ എന്ന് കാത്തിരുന്നു കാണേണ്ടതാണ്. എന്നാൽ GAl ലോകത്തിൻറെ വിദ്യാഭ്യാസം, തൊഴിൽ, വ്യവസായം, ആരോഗ്യമുൾപ്പെടെയുള്ള വിവിധ മേഖലകളിൽ ഭാവിയിൽ കാതലായ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. വിദ്യാസമ്പന്നരായാൽപോരാ സ്കിൽഡ് പ്രൊഫഷണൽസിനെയാണ് ഞങ്ങൾക്കാവശ്യമെന്ന് തൊഴിൽ മേഖല യുവാക്കളോട് അവർത്തിച്ചുകൊണ്ടിരിക്കുകയാണ്. മുന്നോട്ടുള്ള പാതയിൽ നമ്മുടെ നാട്ടിലെ യുവതലമുറയ്ക്ക് ഭാഷാപരമായും, വിവരങ്ങളുടേയോ സൗകര്യങ്ങളുടെയോ കുറവുമൂലവും സൃഷ്ടിക്കപ്പെടുന്ന പിന്നോക്കാവസ്ഥ മറികടന്ന് ലോകത്തിന്റെ പുതിയ സാധ്യതകൾ തേടാൻ ഇത്തരം സാങ്കേതിക വിദ്യകൾ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നതിനുള്ള അന്വേഷണം നടക്കേണ്ടത് പുതിയ കാലത്തിൻ്റെ ആവിശ്യവും; അതിലുപരി നമുക്ക് മുന്നിലുള്ള അവസരവുമാണ്.

(ലേഖകൻ കണ്ണൂർ യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറാണ്)

Related Stories

No stories found.
logo
The Cue
www.thecue.in