ശശി തരൂര്‍ ഇനി എന്ത് ചെയ്യും ?


ശശി തരൂര്‍
ശശി തരൂര്‍
Published on
Summary

അവസരങ്ങള്‍ ഉരുത്തിരിഞ്ഞ് വരുമ്പോള്‍ അത് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന വിധം 'പൊസിഷന്‍' ചെയ്യുക എന്നതാണ് ദീര്‍ഘവീക്ഷണമുള്ള രാഷ്ട്രീയക്കാര്‍ ചെയ്യുന്നത്. ചരിത്രത്തില്‍ അഗാധമായ അവഗാഹമുള്ള ശശി തരൂരിനെ ഇതൊന്നും ആരും പറഞ്ഞ് പഠിപ്പിക്കേണ്ട കാര്യമില്ല.

കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ശശി തരൂര്‍ സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നത് ദേശീയ തലത്തില്‍ വാര്‍ത്താ പ്രാധാന്യം നേടിയിരിക്കുകയാണ്. മത്സരത്തിനുള്ള ഉദ്ദ്യേശ്യം പരസ്യമാക്കുക വഴി അദ്ദേഹം എന്താണ് ലക്ഷ്യമാക്കുന്നത്, മത്സരിച്ചാല്‍ അതിന്റെ ഫലം എന്തായിരിക്കും, അദ്ദേഹം മത്സരിച്ചാല്‍ അതിനോട് നെഹ്രു-ഗാന്ധി കുടുംബത്തിന്റെ പ്രതികരണം എന്തായിരിക്കും, കോണ്‍ഗ്രസില്‍ ശശി തരൂരിന്റെ ഭാവി എന്താണ്, കോണ്‍ഗ്രസിന് പുറത്തുള്ള രാഷ്ട്രീയ സാധ്യതകളെ കുറിച്ച് തരൂര്‍ ആരായുന്നുണ്ടോ, തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ചയാകുന്നുണ്ട്. ആത്യന്തികമായി അദ്ദേഹം മത്സരിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

മത്സര സന്നദ്ധത വ്യക്തമാക്കുക വഴി എന്താണ് ശശി തരൂര്‍ ലക്ഷ്യം വെക്കുന്നത് എന്നതാണ് ആദ്യത്തെ ചോദ്യം. സ്വന്തം പ്രസക്തി തെളിയിക്കുകയും അത് നിലനിര്‍ത്തുകയും ചെയ്യുക എന്നതാണ് ഏതൊരു രാഷ്ട്രീയ നേതാവിന്റെയും പ്രഥമ ലക്ഷ്യം. ആ അര്‍ത്ഥത്തില്‍ ശശി തരൂര്‍ തന്റെ ആദ്യത്തെ ലക്ഷ്യം നേടിയിരിക്കുന്നു. തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വം ദേശീയ തലത്തില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. ദേശീയ മാധ്യമങ്ങളില്‍ അദ്ദേഹം സജീവ സാന്നിധ്യമായിരിക്കുന്നു. കോണ്‍ഗ്രസില്‍ ഇന്ന് നേതൃത്വപരമായ ഒരു ശൂന്യത അനുഭവപ്പെടുന്നുണ്ട് എന്നത് പൊതുവെ വിലയിരുത്തപ്പെടുന്ന ഒരു വസ്തുതയാണ്. ആ ശൂന്യത നികത്താന്‍ പ്രാപ്തനാണെന്ന് പൊതു സമൂഹം വിലയിരുത്തുന്ന ഒരു നേതാവാണ് ശശി തരൂര്‍. ആ വിശ്വാസം വീണ്ടും ചര്‍ച്ചയാക്കുകയും ഊട്ടിയുറപ്പിക്കുകയും വഴി തന്റെ പ്രസക്തി വീണ്ടും സജീവമാക്കുകയാണ് തരൂരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് എന്ന് വിലയിരുത്താം.


ശശി തരൂര്‍
ശശി തരൂര്‍

2024 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ ലക്ഷ്യമാക്കിയുള്ള ചില നീക്കങ്ങള്‍ അദ്ദേഹത്തിന്റെ മനസിലുണ്ടാകാം. ആത്യന്തികമായി തന്റെ നിയോജക മണ്ഡലം സുരക്ഷിതമായി സംരക്ഷിച്ചാല്‍ മാത്രമേ രാഷ്ട്രീയത്തില്‍ നിലനില്‍പ്പുള്ളു എന്ന് ബുദ്ധിമാനായ തരൂരിന് നന്നായറിയാം. പതിമൂന്ന് വര്‍ഷമായി അദ്ദേഹം മണ്ഡലത്തെ ഭംഗിയായി പരിപാലിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ബി.ജെ.പി യില്‍ നിന്ന് ശക്തമായ മത്സരമാണ് അദ്ദേഹം നേരിട്ടത്. ദേശീയ തലത്തില്‍ തന്റെ രാഷ്ട്രീയ ഔന്നത്യം ഉയര്‍ത്തുന്നത് മണ്ഡലത്തിലെ തന്റെ സ്വീകാര്യത വര്‍ധിപ്പിക്കും എന്ന് അദ്ദേഹത്തിന് ബോധ്യമുണ്ട്. കോണ്‍ഗ്രസിന് എത്ര ക്ഷീണം സംഭവിച്ചാലും അത് ദേശീയ പ്രസ്ഥാനത്തിന്റെ പൈതൃകമുള്ള പാര്‍ട്ടിയാണ്. അതിന്റെ പ്രസിഡന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന തന്റെ മുന്നില്‍ എതിര്‍ സ്ഥാനാര്‍ത്ഥികള്‍ ദുര്‍ബലരായി വിലയിരുത്തപ്പെടും എന്ന് തരൂര്‍ കണക്കുകൂട്ടുന്നു.


ശശി തരൂര്‍
ശശി തരൂര്‍

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള കുറേയേറെ നീക്കങ്ങള്‍ സമീപകാലത്ത് ശശി തരൂര്‍ നടത്തുന്നുണ്ട്. അടുത്തവട്ടവും തന്റെ പ്രധാന എതിരാളി ബി.ജെ.പി യില്‍ നിന്നായിരിക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ട്. കേരളത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികള്‍ അദ്ദേഹത്തിന് ഇനി വലിയ വെല്ലുവിളിയാകാനിടയില്ലാത്തതിനാല്‍ വിദേശകാര്യ മന്ത്രി ജയശങ്കറിനെ പോലെ ദേശീയ പ്രൊഫൈലുള്ള ആരെങ്കിലും സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യത പോലുമുണ്ട്. അതേസമയം തരൂരിന്റെ വ്യക്തിത്വവുമായി താരതമ്യം ചെയ്യാന്‍ കഴിയുന്ന ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുക എന്നത് ഇടതുപക്ഷ മുന്നണിക്ക് ദുഷ്‌കരമാകും. അവരുടെ സ്ഥാനാര്‍ത്ഥി ദുര്‍ബലമാകുമ്പോള്‍ ഇടതുപക്ഷത്തിന്റെ വോട്ടുകള്‍ തന്നിലേക്ക് ആകര്‍ഷിക്കുക എന്നത് തരൂരിന്റെ ലക്ഷ്യമാണ്. അതിനു വേണ്ടി ഇടതുപക്ഷ വോട്ടര്‍മാര്‍ക്ക് കൂടുതല്‍ സ്വീകാര്യമാകുന്ന നിലപാടുകളാണ് അദ്ദേഹം സമീപ കാലത്തായി എടുക്കുന്നത്. സില്‍വര്‍ ലൈന്‍ വിഷയത്തില്‍ ഉള്‍പ്പടെ പല കാര്യങ്ങളിലും അദ്ദേഹത്തിന്റ സംസ്ഥാന സര്‍ക്കാരിന് അനുകൂലമായ നിലപാടുകള്‍ക്ക് പിന്നിലെ ചേതോവികാരം അതാണ്.

അദ്ദേഹം മത്സരിച്ചാല്‍ അതിനോട് നെഹ്രു-ഗാന്ധി കുടുംബത്തിന്റെ പ്രതികരണം എന്തായിരിക്കും എന്നതാണ് അടുത്ത ചോദ്യം. എന്തായാലും ശശി തരൂര്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയാവാനിടയില്ല. കോണ്‍ഗ്രസിന്റെ ദീര്‍ഘകാല ചരിത്രത്തില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിച്ചവര്‍ക്ക് പിന്നീട് പാര്‍ട്ടിയില്‍ പ്രാമുഖ്യം നേടാന്‍ കഴിഞ്ഞിട്ടില്ല. ഗാന്ധിജി നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിച്ച് വിജയിച്ച സുഭാഷ് ചന്ദ്രബോസിന് താമസിയാതെ സ്ഥാനം ഉപേക്ഷിച്ച് പാര്‍ട്ടിക്ക് പുറത്ത് പോവേണ്ടിവന്നു. സമീപ കാലത്ത് സോണിയ ഗാന്ധിക്ക് എതിരെ മത്സരിച്ച ജിതേന്ദ്ര പ്രസാദിന് പിന്നീട് രാഷ്ട്രീയ വിസ്മൃതിയായിരുന്നു വിധിക്കപ്പെട്ടത്. മത്സരിച്ചാല്‍ തരൂരിന് വിജയ സാധ്യത വിരളമാണ്. തങ്ങളുടെ താല്‍പര്യങ്ങള്‍ക്കെതിരെ മത്സരിച്ചാല്‍ അദ്ദേഹത്തോട് നെഹ്രു കുടുംബം ശത്രുതാപരമായ നിലപാടെടുക്കുമോ എന്നതാണ് പ്രധാനം. അങ്ങനെയൊരു സമീപനമുണ്ടാകുന്ന സാഹചര്യത്തില്‍ തരൂര്‍ കോണ്‍ഗ്രസിന് പുറത്ത് തന്റെ രാഷ്ട്രീയ സാധ്യത ആരായുമോ എന്നതാണ് പ്രസക്തമായ വിഷയം.


ശശി തരൂര്‍
ശശി തരൂര്‍

ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരം നിഷേധ രൂപത്തിലാണ് എന്നാണ് എന്റെ വിശ്വാസം. ഒന്നാമതായി അദ്ദേഹം ഒരു റിബല്‍ സ്ഥാനാര്‍ത്ഥിയല്ല. രാഹുല്‍ ഗാന്ധി മത്സരിച്ചാല്‍ താന്‍ മത്സര രംഗത്തുണ്ടാകില്ല എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. മാത്രവുമല്ല സോണിയ ഗാന്ധിയെ കണ്ട് മത്സരത്തോട് അവരുടെ സമീപനം മനസിലാക്കിയ ശേഷമാണ് തരൂര്‍ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നത്. മനീഷ് തിവാരിയെ പോലെയുള്ളവര്‍ ഉയര്‍ത്തുന്ന നെഹ്രു-ഗാന്ധി കുടുംബ വിരുദ്ധ നിലപാടല്ല തന്റേതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് പുകച്ച് പുറത്തു ചാടിച്ചാലല്ലാതെ കോണ്‍ഗ്രസ് വിട്ടുപോകുന്ന കാര്യം അദ്ദേഹം ആലോചിക്കാനിടയില്ല.

ദീര്‍ഘകാലമായി നിലനിര്‍ത്തുന്ന പ്രത്യയശാസ്ത്ര വിശ്വാസങ്ങള്‍ വേഗം കയ്യൊഴിയാന്‍ കഴിയുന്ന വ്യക്തിത്വമല്ല ശശി തരൂരിന്റേത്. എന്നും ലിബറല്‍ ജനാധിപത്യ മൂല്യങ്ങളുടെ വക്താവായാണ് അദ്ദേഹം നിലകൊണ്ടിട്ടുള്ളത്. അദ്ദേഹത്തിന് ബി.ജെ.പി യെയോ ബി.ജെ.പിക്ക് അദ്ദേഹത്തെയോ ഉള്‍ക്കൊള്ളാന്‍ എളുപ്പമാവില്ല. മാത്രവുമല്ല തന്റെ നിയോജക മണ്ഡലത്തിന്റെ മുഴുവന്‍ ന്യൂനപക്ഷ വോട്ടുകളും തനിക്കെതിരാകുന്ന ഒരു തീരുമാനം അദ്ദേഹം എടുക്കാനിടയില്ല. ദേശീയ രാഷ്ട്രീയത്തില്‍ പ്രസക്തി നഷ്ടപ്പെട്ട ഇടതുപക്ഷത്തില്‍ അദ്ദേഹം ഒരു രാഷ്ട്രീയ സാധ്യതയും കാണുന്നുണ്ടാവില്ല. ആളും അര്‍ത്ഥവും വേണ്ടുവോളം ഉണ്ടായിട്ടും കേരളത്തില്‍ ബി.ജെ.പിക്ക് കഴിയാതെ പോയത് എ.എ.പിയെ കൊണ്ട് കഴിയുമെന്ന് വിശ്വസിക്കാന്‍ മാത്രം രാഷ്ട്രീയ വിഡ്ഡിയല്ല ശശി തരൂര്‍.


ശശി തരൂര്‍
ശശി തരൂര്‍

രാഷ്ടീയത്തെ പ്രായോഗികമായും അക്കാഡമിക്കായും സമീപിക്കുന്നയാള്‍ എന്നതാണ് ശശി തരൂരിന്റെ നേട്ടം. രാഷ്ട്രീയത്തില്‍ വിശ്വാസ്യത നിലനിര്‍ത്താന്‍ ക്ഷമയോടു കൂടിയുള്ള കാത്തിരിപ്പും നിലപാടുകളിലെ സ്ഥിരതയും ആവശ്യമാണ് എന്ന് അദ്ദേഹത്തിന് ബോധ്യമുണ്ട്. ഏത് എടുത്തു ചാട്ടവും വലിയ പരിക്കുകള്‍ ഏല്‍പ്പിക്കും. അവസരങ്ങള്‍ ഉരുത്തിരിഞ്ഞ് വരുമ്പോള്‍ അത് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന വിധം 'പൊസിഷന്‍' ചെയ്യുക എന്നതാണ് ദീര്‍ഘവീക്ഷണമുള്ള രാഷ്ട്രീയക്കാര്‍ ചെയ്യുന്നത്. ചരിത്രത്തില്‍ അഗാധമായ അവഗാഹമുള്ള ശശി തരൂരിനെ ഇതൊന്നും ആരും പറഞ്ഞ് പഠിപ്പിക്കേണ്ട കാര്യമില്ല.

Related Stories

No stories found.
logo
The Cue
www.thecue.in