എന്തുകൊണ്ട് രണ്ടാമതും നിപ്പ?

എന്തുകൊണ്ട് രണ്ടാമതും നിപ്പ?

Published on
Summary

ഇത്രയും അപൂർവ്വമായ ഒരു രോഗത്തെ, ആദ്യരോഗിയിൽ പോലും സംശയിക്കാനും തിരിച്ചറിയാനും കഴിയുന്ന ഒരു ആരോഗ്യശൃംഖലയും നമുക്കുണ്ട്. സർവ്വസജ്ജരായ ആരോഗ്യപ്രവർത്തകരുണ്ട്.

കൊച്ചിയിലെ രോഗിയ്ക്ക് നിപ്പയാണോ എന്നുള്ള സംശയം പ്രചരിച്ചു തുടങ്ങിയപ്പോൾ മുതൽ കേൾക്കുന്ന ചോദ്യമാണിത്. നിപ്പ രണ്ടാമതും വന്നോ?! ഒരിക്കൽ നമ്മൾ തുരത്തിയതല്ലേ, പിന്നെങ്ങനെ വീണ്ടും വന്നു? അങ്ങനെയൊക്കെ വരാമല്ലേ? എന്നിങ്ങനെ ചോദ്യങ്ങൾ നീളുന്നു. കേരളത്തിൽ നിപ്പയിത് രണ്ടാമതാണെന്ന് ആരാ പറഞ്ഞത്? നിപ്പാ അണുബാധ നമ്മൾ കണ്ടെത്തുന്നത് രണ്ടാമതാണെന്നതാണ് വാസ്തവം. കഴിഞ്ഞ വർഷം മെയ് മാസത്തിൽ നമ്മളാദ്യമായി നിപ്പ കണ്ടെത്തി. അതിനർത്ഥം അതാദ്യമായി മലയാളികളെ ബാധിച്ചു എന്നല്ല. കാരണം ഈ വൈറസ് ഇവിടുത്തെ വവ്വാലുകളിൽ പ്രകൃത്യാ ഉള്ളതാണ്. മുമ്പും ഈ വവ്വാലുകളുമായി സമ്പർക്കമുണ്ടായിട്ടുള്ള മനുഷ്യർക്ക് ഈ രോഗം വന്നിട്ടുണ്ടാവാം. മരിച്ചിട്ടുണ്ടാവാം. അതുകൊണ്ട് ഇപ്പോഴത്തെ നിപ്പ രണ്ടാമത്തേതാണോ അതോ പത്താമത്തേതാണോ എന്നൊന്നും പറയാൻ നമുക്ക് സാധിക്കില്ല എന്നതാണ് സത്യം. എന്തുകൊണ്ട് വീണ്ടും വരുന്നു എന്ന് ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നമുക്ക് പരിശോധിക്കാവുന്നതേയുള്ളു. നിപ്പ രോഗത്തിന് കാരണമാകുന്നത് ഒരു വൈറസാണ്. ആ വൈറസിന്റെ സ്വാഭാവിക വാസസ്ഥലം പഴംതീനി വവ്വാലുകളിലാണ്. ടെറോപ്പസ് വിഭാഗത്തിൽപ്പെട്ട ഈ വവ്വാലുകൾ ധാരാളമായി കാണപ്പെടുന്ന രാജ്യങ്ങൾ കാശ്മീർ ഒഴികെയുള്ള ഇന്ത്യ, ബംഗ്ലാദേശ്, മലേഷ്യ, സിംഗപ്പൂർ, പാക്കിസ്ഥാൻ, ഇന്തോനേഷ്യ, ആസ്ട്രേലിയയുടെ വടക്കുകിഴക്ക് പ്രദേശങ്ങൾ തുടങ്ങി ആഫ്രിക്കൻ ഭൂഘണ്ഡത്തിനടുത്ത് മഡഗാസ്കർ വരെ പരന്നു കിടക്കുവാണ്. ഈ വവ്വാലുകളിൽ സ്വാഭാവികമായി ഈ വൈറസ് ഉണ്ടാവും. വവ്വാലുകളുടെ ഉമിനീരിലൂടെയും വിസർജ്യത്തിലൂടെയും വൈറസ് പുറന്തള്ളപ്പെടാം. പക്ഷെ വവ്വാലുകളുടെ പ്രജനനകാലമായ ജനുവരി മുതൽ മെയ് വരെയുള്ള സമയങ്ങളിൽ ഇങ്ങനെ പുറന്തള്ളപ്പെടുന്ന വൈറസിന്റെ അളവിൽ വലിയൊരു ഉയർച്ച ഉണ്ടാവും. കൂടാതെ വവ്വാലുകൾ ഭീഷണി നേരിടുന്ന സമയങ്ങളിലും. ഉദാഹരണത്തിന് അവയുടെ ആവാസവ്യവസ്ഥയിൽ കാട്ടുതീ പോലെയോ, വരൾച്ച പോലെയോ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാവുമ്പോഴും അമിതമായ അളവിൽ വൈറസ് പുറന്തള്ളപ്പെടും. മാത്രമല്ലാ, ഈ വൈറസുകൾക്ക് കാലക്രമേണ ചില ജനിതക വ്യതിയാനങ്ങൾ സംഭവിക്കാറുണ്ട്. അങ്ങനെ ആർക്കും ശല്യമില്ലാതെ സത്സ്വഭാവികളായിരുന്ന വൈറസുകൾ രോഗകാരികളായി മാറുന്ന സാഹചര്യവും ഉണ്ട്. ഈ സമയങ്ങളിൽ ഇവയുമായി സമ്പർക്കത്തിൽ വരുമ്പൊ മനുഷ്യർക്കും മറ്റു ജന്തുക്കൾക്കും നിപ്പ രോഗബാധയുണ്ടാവുന്നു. പറഞ്ഞു വന്നത്, നിപ്പ വൈറസും അതിന്റെ സ്രോതസും കാലങ്ങളായി ഇവിടെയൊക്കെ തന്നെയുണ്ട്.

നിപ്പ വൈറസും അതിന്റെ സ്രോതസും കാലങ്ങളായി ഇവിടെയൊക്കെ തന്നെയുണ്ട്.

കാലാവസ്ഥയിലും വവ്വാലിന്റെ ജീവിതചക്രത്തിലും വരുന്ന മാറ്റങ്ങൾ കൂടുതൽ വൈറസിനെ പുറന്തള്ളുന്നതും നിർഭാഗ്യവശാൽ ഏതെങ്കിലും വിധത്തിൽ - നേരിട്ടോ അല്ലാതെയോ - അതുമായി ബന്ധപ്പെടേണ്ടി വരുന്നതും ആൾക്കാർക്ക് രോഗം ഉണ്ടാവാൻ കാരണമാകുകയും ചെയ്യുന്നു. എന്നുവച്ചാൽ നമ്മളെല്ലാം നിപ്പ വരാൻ വളരെ സാധ്യതയുള്ള ഭൂപ്രദേശത്ത് താമസിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഇനിയും ഈ രോഗം വരാം. മൂന്നാമതോ പത്താമതോ പ്രാവശ്യം വരാൻ ഇനിയും സാധ്യതയുണ്ട്. ചിലപ്പോൾ കുറേ കാലത്തേക്ക് രോഗം വന്നില്ലാന്നും വരാം. പക്ഷെ വരാനുള്ള സാധ്യത എപ്പോഴും ഇവിടെ നിലനിൽക്കുന്നുണ്ട് എന്നതാണ് സത്യം. അതിനെ തടയാനാവില്ല. വവ്വാലുകളെ പൂർണമായി നശിപ്പിച്ച് രോഗം വരുന്നത് തടയാനും സാധിക്കില്ല. അങ്ങനെ ശ്രമിക്കുന്നത് പോലും ചിലപ്പോൾ വലിയൊരു ഔട്ട് ബ്രേക്കിന് കാരണമാവും. പക്ഷെ നമ്മളതിൽ ഭയക്കാൻ മാത്രമൊന്നുമില്ല. കാരണം നിപ്പ ഒരുപാട് നാളുകൾ ഇങ്ങനെ പടർന്നുകൊണ്ടേയിരിക്കുന്ന രോഗമല്ല. ഒരു ഔട്ട് ബ്രേക്ക് തുടങ്ങി കുറച്ചുനാളുകൾക്കകം സ്വയം അത് നിയന്ത്രിക്കപ്പെടുന്നതായാണ് കണ്ടിട്ടുള്ളത്. മാത്രമല്ല, ഇപ്പോൾ നിപ്പയെ എങ്ങനെ കൃത്യമായി പ്രതിരോധിക്കണമെന്നും നമുക്കറിയാം

ഇത്രയും അപൂർവ്വമായ ഒരു രോഗത്തെ, ആദ്യരോഗിയിൽ പോലും സംശയിക്കാനും തിരിച്ചറിയാനും കഴിയുന്ന ഒരു ആരോഗ്യശൃംഖലയും നമുക്കുണ്ട്. സർവ്വസജ്ജരായ ആരോഗ്യപ്രവർത്തകരുണ്ട്. സർക്കാരുണ്ട്. അതിനാൽ, രണ്ടാമതെന്നല്ല, നൂറാമത് വന്നാലും നമ്മളതിനെ നേരിടും. ഒട്ടും ഭീതി വേണ്ടാ

logo
The Cue
www.thecue.in