മതരാഷ്ട്രവാദികള്‍ ഹിന്ദു വര്‍ഗീയതയ്ക്ക് ശക്തിപകരുകയാണ്

മതരാഷ്ട്രവാദികള്‍ ഹിന്ദു വര്‍ഗീയതയ്ക്ക് ശക്തിപകരുകയാണ്
Published on

തുടർച്ചയായി ഉണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സുനില്‍ പി ഇളയിടവുമായി സംസാരിച്ച് തയ്യാറാക്കിയത്‌

ആലപ്പുഴയില്‍ മത വർഗ്ഗീയവാദികളും മതഭീകരരും ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയാവിഷ്‌കാരമല്ല. മറിച്ച് അത് ക്രിമിനല്‍ ഗൂഢാലോചനയും സാമൂഹിക വിരുദ്ധമായ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും മാത്രമാണ്. അതിന് രാഷ്ട്രീയമായ ഉള്ളടക്കം നല്‍കുന്നതില്‍ ഒരു കാര്യമില്ല.

സമരമുഖത്തെ സംഘര്‍ഷത്തിലോ പോലീസുമായുള്ള ഏറ്റുമുട്ടലിലോ ആളുകൾക്ക് പരിക്കേല്‍ക്കുന്നതും അപായപ്പെടുന്നതും മറ്റും ചിലപ്പോഴോക്കെ സംഭവിക്കാറുണ്ട്. അത് ജനകീയമായ ഇച്ഛയുടെയും മുന്നേറ്റത്തിന്റെയും ഭാഗമായി സംഭവിക്കുന്നതാണ്. ഇതിന് അതുമായിട്ടൊന്നും ബന്ധമില്ല.

ഇത് വാസ്തവത്തില്‍ കേരളത്തില്‍ നിലനില്‍ക്കുന്ന സാമൂഹിക സ്വസ്ഥതയേയും മതനിരപേക്ഷ അന്തരീക്ഷത്തെയും തകര്‍ക്കുക എന്ന ലക്ഷത്തോടെ വളരെ ആസൂത്രിതമായി മതവര്‍ഗ്ഗീയ - മതഭീകര പ്രസ്ഥാനങ്ങള്‍ നടപ്പിലാക്കുന്ന കൊലപാതകങ്ങളാണ്. അതിനെ ആ രീതിയില്‍ കാണാനും ചെറുക്കാനും നമുക്ക് കഴിയേണ്ടതുണ്ട്.

എസ്.ഡി.പി.ഐയും എന്‍.ഡി.എഫും പോലുള്ള മതഭീകര പ്രസ്ഥാനങ്ങളും ജമായത്ത് ഇസ്ലാമിയെ പോലുള്ള മത രാഷ്ട്ര വാദികളും ഇന്ത്യയില്‍ ചെയ്തു കൊണ്ടിരിക്കുന്ന പ്രധാന ദൗത്യം, മുസ്ലിങ്ങളുടെ അപരവത്കരണത്തിനെതിരെ നിലകൊള്ളുന്നുവെന്ന വ്യാജേന, ഹിന്ദുത്വ വര്‍ഗ്ഗീയതയ്ക്കും സമൂഹത്തിന്റെ വിഭജനത്തിനും കൂടുതല്‍ ശക്തി പകരുകയാണ്.

മുസ്ലിങ്ങള്‍ ചരിത്രപരമായി ഇന്ത്യയില്‍ അപരവത്കരണത്തിന് വിധേയമായിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. പക്ഷേ ആ അപരവത്കണത്തിനുള്ള പരിഹാരം എസ്.ഡി.പി.ഐയും പോപ്പുലര്‍ ഫ്രണ്ടും മറ്റും പോലുള്ള മതഭീകര പ്രസ്ഥാനങ്ങളോ ജമായത്ത് ഇസ്ലാമിയെ പോലുള്ള മത രാഷ്ട്രവാദികളോ ഉയര്‍ത്തുന്ന നിലപാടുകളല്ല. മറിച്ച് സാമൂഹിക ജനാധിപത്യത്തിന്റെ വഴിയിലൂടെ നീങ്ങുക എന്നതാണ്. ഇവര്‍ ചെയ്യുന്നത് അതല്ല.

ഹൈന്ദവ വർഗ്ഗീയ രാഷ്ട്രീയം എങ്ങനെയാണോ വര്‍ഗ്ഗീയതയും ഭീകരതയും ഈ രാജ്യത്ത് അടിച്ചേല്‍പ്പിക്കുന്നത് അതേ വഴിയിലൂടെ സഞ്ചരിച്ച് സമൂഹത്തെ കൂടുതല്‍ വിഭജിക്കാനാണ് ഇവരും ശ്രമിക്കുന്നത്. ഫലത്തില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന് കൂടുതല്‍ ശക്തി പകരുക മാത്രമാണ് ഇവരുടെ പ്രവര്‍ത്തനത്തിലൂടെ നടക്കുന്നത്. ഹൈന്ദവ മത വര്‍ഗ്ഗീയതയ്‌ക്കോ മത രാഷ്ട്രവാദത്തിനോ എതിരായ പ്രതിരോധം ന്യൂനപക്ഷങ്ങളുടെ ഭാഗത്ത് നിന്നുള്ള മത ഭീകരതയല്ല. അങ്ങനെയാണെന്ന് വരുത്തി തീര്‍ക്കാനുള്ള എല്ലാ ശ്രമവും ഹീനമാണ്, ചെറുക്കപ്പെടേണ്ടതാണ്.

കൊലപാതകത്തെ ന്യായീകരിക്കുന്നത് പോലെ തന്നെ ഹീനമായ കാര്യമാണ് കൊല ചെയ്യപ്പെട്ടതിനെ ആഘോഷമായി കൊണ്ടാടുന്നതും. ഒരു കൊലപാതകവും ആഘോഷമായി കണ്ടുകൂടാത്തതാണ്. അങ്ങനെയുണ്ടാവുന്നത് ജനാധിപത്യ പ്രക്രിയയിലെ വിള്ളലുകളായിട്ടാണ് നമ്മള്‍ മനസിലാക്കേണ്ടത്. ഭീകരതയുടെ മനോഭാവമാണത്. ഇതിന്റെ പിന്നിലുള്ള പ്രധാന താല്‍പര്യം നമ്മുടെ സമൂഹത്തെ കൂടുതല്‍ വിഭജിക്കുകയും വെട്ടിപ്പിളര്‍ക്കുകയും ചെയ്ത് അതുവഴി തങ്ങള്‍ ഉയര്‍ത്തുന്ന വിഭാഗീയ - അക്രമ രാഷ്ട്രീയത്തിന്റെ പ്രസക്തി ഉറപ്പിച്ചെടുക്കുകയും ചെയ്യുക എന്നതാണ്.

സമൂഹത്തെ തകര്‍ത്ത് തങ്ങളുടെ രാഷ്ട്രീയത്തെ കൂടുതല്‍ ശക്തിപ്പെടുത്തുക എന്നത്. സമൂഹത്തിന്റെ പൊതുവായ ജനാധിപത്യ ഉള്ളടക്കത്തെ കഴിയുന്നത്ര ശിഥിലീകരിച്ച് തങ്ങളുടെ വര്‍ഗ്ഗീയമായ താല്‍പര്യങ്ങളെയും മതരാഷ്ട്ര വാദത്തെയും ശക്തിപ്പെടുത്തുക എന്ന ഒരു കാഴ്ചപ്പാടാണ് ഇതിലുള്ളത്.

എസ്.ഡി.പി.ഐയും പോപ്പുലര്‍ ഫ്രണ്ടും എന്‍.ഡി.എഫും ജമായത്ത് ഇസ്ലാമിയും മറ്റും സമൂഹത്തിന്റെ ജനാധിപത്യ പ്രക്രിയയെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുകയാണ്. അത് ഒരുതരത്തിലും പ്രതിരോധാത്മകമല്ല. അങ്ങനെയാണെന്ന പരിവേഷം ഉണ്ടാക്കി സൈദ്ധാന്തികമായ ആശയങ്ങള്‍ ചമയ്ക്കാനുള്ള ശ്രമങ്ങള്‍ അവര്‍ നടത്തുന്നുണ്ട്.

വാസ്തവത്തില്‍ നമ്മള്‍ ഉറച്ച് നിന്ന് പറയേണ്ട ഒരു കാര്യം ഇന്ത്യയിലെ മുസ്ലിങ്ങള്‍ നേരിടുന്ന അപരവത്കരണത്തിനുള്ള മറുപടി ജനാധിപത്യത്തിന്റെ വഴിയിലേക്ക് കൂടുതല്‍ ചേര്‍ന്ന് നിന്നു കൊണ്ടുള്ള വിപുലമായ പ്രതിരോധമാണ് എന്നതാണ്.

അല്ലാതെ മതരാഷ്ട്രവാദവും മതഭീകരതയും അല്ല. അതിനെ ചെറുക്കാന്‍ കേരളത്തിലെ മുഴുവന്‍ ജനാധിപത്യവാദികളും ഒരുമിച്ച് അണിനിരക്കുകയാണ് വേണ്ടത്. മതഭീകരതയെ പിന്തുണയ്ക്കുന്ന ഒരു ശബ്ദവും ഉയര്‍ന്ന് വിധത്തിലുള്ള ജനാധിപത്യ പ്രതിരോധം ഈ സന്ദര്‍ഭത്തില്‍ ഉണ്ടാകേണ്ടതാണ്.

Related Stories

No stories found.
logo
The Cue
www.thecue.in