പുടിന്‍ നമ്മള്‍ക്കറിയാത്ത ആളല്ല..

പുടിന്‍ നമ്മള്‍ക്കറിയാത്ത ആളല്ല..
Published on
Summary

2014 നവംബര്‍ 12ന് , 'മോദിയെ അറിയാൻ പുടിനെ വായിക്കുക' എന്ന പേരിൽ പ്രസിദ്ധീകരിച്ച ഒരു കുറിപ്പിന്റെ പുനപ്രസിദ്ധീകരണമാണ് ഇത്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനെക്കുറിച്ചുള്ള പുസ്തകത്തിന്റെ വായനാ കുറിപ്പാണ്.എട്ട് വര്‍ഷത്തിനിപ്പുറം വലിയ തോതില്‍ മാറിയ രാഷ്ട്രീയസാഹചര്യമാണ് ലോകത്ത് ഇപ്പോള്‍. എങ്കിലും പുടിന്‍ ലോകരാഷ്ട്രീയത്തിന്റെ കേന്ദ്രസ്ഥാനത്ത് തന്നെ ഇപ്പോഴും. യുക്രെയ്ന്‍ യുദ്ധത്തോടെ ലോകം ഏറ്റവുമേറെ ശ്രദ്ധിക്കുന്ന നേതാവാണ് ഈ ദിവസങ്ങളില്‍ അദ്ദേഹം.ഈ കുറിപ്പ് പുനപ്രസിദ്ധീകരിക്കാനുള്ള സാഹചര്യം അദ്ദേഹത്തിലേക്ക് ഇപ്പോള്‍ വന്ന ഈ ലോകശ്രദ്ധയാണ്.

ഭൂതകാല ജര്‍മ്മനിയുടെ ഹിറ്റ്‌ലറെ അല്ല, ഇന്നത്തെ റഷ്യയിലെ വ്ലാദിമിര്‍ പുടിനെയാണ് നമ്മുടെ നരേന്ദ്രമോദിയോട് ചേര്‍ത്ത് വായിക്കേണ്ടുന്ന ഉദാഹരണം എന്ന തോന്നലുണ്ടാക്കിയ പുസ്തകത്തെക്കുറിച്ചുള്ളൊരു കുറിപ്പാണ് ഇത്.

The Man Without a Face- The Unlikely Rise Of Vladimir Putin എന്നാണ് പുസ്തകത്തിന്റെ പേര്. 2012ല്‍ ഇറങ്ങിയത്. എഴുതിയത് മാഷാ ഗെസ്സന്‍. റഷ്യയിലെ പ്രധാന മാധ്യമപ്രവര്‍ത്തകരിലൊരാളാണ് മാഷാ. റേഡിയോ, ടിവി , പ്രിന്റ് എന്നിവിടങ്ങളിലെല്ലാം കാണാവുന്ന രാജ്യത്തെ പ്രധാന പ്രതിപക്ഷ സ്വരങ്ങളിലൊന്ന്. 2014 മെയ് പതിനാറിന് മുമ്പ്, അതായത് അധികാരത്തിലേക്കുള്ള നരേന്ദ്രമോദിയുടെ വമ്പന്‍ വരവിന് തൊട്ട് മുമ്പാണ് ആദ്യം ഈ പുസ്തകം വായിച്ചത്. ഇപ്പോള്‍ മോദി സര്‍ക്കാരാല്‍ ഭരിക്കപ്പെട്ട്, മോദീപ്രിയരാകാന്‍ വെമ്പുന്ന ആള്‍ക്കൂട്ടത്തിന് നടുവിലിരുന്ന് വീണ്ടും വായിക്കുമ്പോള്‍ മാഷാ ഗെസ്സന്റെ പ്രതിപക്ഷസ്വരത്തിന്റെ കരുത്തിനെക്കുറിച്ചോര്‍ത്ത് അത്ഭുതപ്പെടുന്നു, ആദരവും തോന്നുന്നു.

ആദ്യ അധ്യായമായ 'ദ് ആക്സിഡന്റല്‍ പ്രസിഡന്റില്‍', ആദ്യവരികള്‍ ഇങ്ങനെയാണ്. ''ഇമാജിന്‍ യു ഹാവ് എ കണ്‍ട്രി ആന്‍ഡ് നോ വണ്‍ ടു റണ്‍ ഇറ്റ്. ദിസ് വാസ് ദി പ്രഡിക്കമെന്റ് ദാറ്റ് ബോറിസ് യെല്‍ത്സിന്‍ ആന്‍ഡ് ഹിസ് ഇന്നര്‍ സര്‍ക്ക്ള്‍ തോട്ട് ദേ ഫേസ്ഡ് ഇന്‍ 1999''. പുസ്തകം മുഴുവന്‍ വായിച്ച് തീര്‍ത്ത് തിരിച്ച് വന്ന് ഒന്നു കൂടെ ഈ വരികള്‍ വായിക്കുമ്പോ അതേ നാഥനില്ലാക്കോലത്തിലായിരുന്നല്ലോ മന്‍മോഹന്‍സിംഗ് സര്‍ക്കാരിന്റെ അവസാനകാലത്ത് ഇന്ത്യയുമെന്ന് നിങ്ങള്‍ക്ക് ഉറപ്പായും തോന്നും. ആ നാഥനില്ലാക്കാലത്തെ പോസിറ്റീവായി ഉപയോഗിച്ചാണല്ലോ നരേന്ദ്ര മോദി അധികാരത്തിലെത്തിയത്.

കെജിബി എന്ന ചാരസംഘടനയിലെ ഉദ്യോഗസ്ഥരിലൊരാള്‍ മാത്രമായിരുന്ന വ്ലാദിമിര്‍ വ്ലാദിമിരോവിച്ച് പുടിന്‍ എന്നയാള്‍ ആ വലിയ രാജ്യത്തിന്റെ ഭരണത്തലപ്പത്ത് എത്തിയ വഴികളോട് എത്രയോ സമാനമായതാണ് ആത്യന്തികമായി ഒരു ആര്‍എസ്എസുകാരന് മാത്രമായ നരേന്ദ്ര മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയാകാന്‍ താണ്ടിയ വഴികളെന്ന് ചിന്തിക്കാതിരിക്കില്ല.

റഷ്യയെ ഭാവിയിലേക്ക് നയിക്കാനുള്ള കരുത്തനും ചെറുപ്പക്കാരനുമായ ആണ്‍നേതാവ് എന്ന ഇമേജ് വെച്ചാണ് പുടിന്‍ പ്രതിപക്ഷ സ്വരങ്ങളെ അമര്‍ത്തിയടപ്പിച്ച് ഇപ്പോഴും തുടരുന്നത്.അതോട് താരതമ്യപ്പെടുത്തിയാല്‍ ഈ നാടിന്റെയും ഭാവിയെക്കുറിച്ചുള്ള ഉദാഹരണങ്ങള്‍ ആവോളമുണ്ട് മാഷയുടെ പുസ്തകത്തില്‍.

കമ്യൂണിസ്റ്റ് ഭരണകാലത്തിന്റെ, സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം വന്‍പ്രതീക്ഷയുടെ ഭാരവുമായി വന്ന ബോറിസ് യെല്‍ത്സിന്‍ ഭരണകൂടം ആ നാടിന് ഒന്നും നല്‍കിയിരുന്നില്ല. ജനാധിപത്യം വന്നത് സാധാരണക്കാര്‍ക്ക് ഒരു ഗുണവുമുണ്ടാക്കിയില്ല. ഒലിഗാര്‍ക്കുകള്‍ വളര്‍ന്നു. നേട്ടമുണ്ടാക്കാവുന്ന എല്ലാ മേഖലകളിലും പുത്തന്‍ സാമ്പത്തിക വര്‍ഗം നിലയുറപ്പിച്ചു. വലിയ തോതില്‍ വികസനമുണ്ടായി, പക്ഷെ പണക്കാര്‍ക്ക് മാത്രം. പത്ത് വര്‍ഷത്തെ യെല്‍ത്സിന്‍ ഭരണകൂടത്തിന്റെ അവസാന കാലമാകുമ്പോഴേക്ക് ഉള്ളില്‍ തിളയ്ക്കുന്ന രോഷവുമായാണ് താന്‍ ഭരിക്കുന്ന ജനത പുലരുന്നത് എന്ന് യെല്‍ത്സിന് തന്നെ അറിയാമായിരുന്നു. ഒപ്പം അദ്ദേഹത്തിനൊപ്പം നിന്ന് ഭരണത്തെ നിയന്ത്രിക്കുന്ന 'ഫാമിലി' എന്ന് മാഷ വിശേഷിപ്പിക്കുന്ന ചെറിയ കൂട്ടത്തിനും. ആ ജനരോഷത്തിനൊപ്പം നില്‍ക്കുന്ന പ്രതിപക്ഷ കക്ഷികളില്‍ ആര്‍ക്കെങ്കിലുമാണ് അടുത്ത ഭരണച്ചുമതല കിട്ടുന്നതെങ്കില്‍, അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും താന്‍ വിചാരണ നേരിടേണ്ടി വരുമെന്ന ഭയം കൂടെയുണ്ടായിരുന്നു യെല്‍ത്സിന്. അത് കൊണ്ട് അങ്ങനെ ശത്രുവല്ലാത്ത, തങ്ങള്‍ക്ക് അപകടമൊന്നുമുണ്ടാക്കാത്ത ഒരാളെ വേണമായിരുന്നു അവര്‍ക്ക് പിന്തുടര്‍ച്ചക്കാരനായിട്ട് .അങ്ങനെയാണ്, അത് വരെ ആര്‍ക്കുമറിയില്ലാതിരുന്ന വ്ലാദിമിര്‍ വ്ലാദിമിറോവിച്ച് പുടിന്റെ പേര് യെല്‍ത്സിന് മുന്നില്‍ ബോറിസ് ബെറെസോവ്സ്‌കി അവതരിപ്പിക്കുന്നത്.

<div class="paragraphs"><p></p></div>

ബോറിസ് യെത്സന്‍ ( മുന്‍ റഷ്യന്‍ പ്രസിഡന്റ് )

ബോറിസ് ബെറെസോവ്സ്‌കി. കമ്മ്യൂണിസത്തിന്റെ തകര്‍ച്ചയുടെയും ജനാധിപത്യ സര്‍ക്കാരിന്റെ വരവിന്റെയും ഗുണം ആവോളം കിട്ടിയ സന്പന്നരിലൊരാള്. മാഷാ ഗെസ്സന്‍ ഫാമിലി എന്ന് വിളിക്കുന്ന യെല്‍ത്സിന്റെ രാഷ്ട്രീയ ഉപശാലയിലെ പ്രധാനാംഗം. അവസാനകാലത്ത് പുടിന്റെ കടുത്ത വിമര്‍ശകനായി. പുടിനെ വിമര്‍ശിക്കാന്‍ കിട്ടിയ ഒരവസരവും ഒഴിവാക്കിയില്ല. വധശ്രമങ്ങള്‍ ശ്രമകരമായി അതിജീവിച്ചു. നിരവധി കേസുകള്‍ നേരിട്ട് രാജ്യഭ്രഷ്ടനായി കഴിഞ്ഞ വര്‍ഷം ലണ്ടനില്‍ വെച്ചാണ് മരിച്ചത്.

അവനവന്റെ രാഷ്ട്രീയസ്വാധീനത്തെക്കുറിച്ച് അമിതമായ അവകാശ വാദങ്ങളുള്ള എല്ലാ പണക്കാരെയും പോലെ വിഡ്ഢിത്തം നിറഞ്ഞ കണക്കുകൂട്ടലുകള്‍ നടത്തിയ ഒരാള്‍ എന്നാണ് മാഷ ബെറെസോവ്സ്‌കിയെ വിശേഷിപ്പിക്കുന്നത്. അയാളുമായി നടത്തിയ അഭിമുഖങ്ങളില്‍ നിന്ന് കൂടെയാണ് മാഷ പുടിന്റെ രാഷ്ട്രീയോദയത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചത്. രാഷ്ട്രീയത്തിലേക്ക് പുടിനെ ക്ഷണിക്കുന്നത് ബെറെസോവ്സ്‌കി ആണ്. കുറഞ്ഞ കാലം കൊണ്ട് തന്റെ പ്രചാരണതന്ത്രങ്ങളിലൂടെ പുടിനെ ജനപ്രിയനാക്കുന്നതും ബെറസോവ്സ്‌കി തന്നെ. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട, എല്ലാ വീടുകളിലുമെത്തുന്ന ടെലിവിഷന്‍ നെറ്റ്‌വര്‍ക് ആയ ചാനല്‍ വണ്‍ ബെറസോവ്സ്‌കിയുടെതാണ്.

ബോറിസ് ബെറെസോവ്സ്‌കി

ഗുജറാത്ത് കലാപത്തിന്റെ ചീത്തപ്പേര് പേറിയിരുന്ന നരേന്ദ്ര മോദീശരീരത്തെ ചെറുപ്പക്കാരനായ വികാസ് പുരുഷന്‍ എന്നതിലേക്ക് എങ്ങനെയാണോ നമ്മുടെ മാധ്യമങ്ങള്‍ പരിവര്‍ത്തിപ്പിച്ചത് അതേ തന്ത്രങ്ങളിലൂടെ പുടിന്‍ നല്ല ഇമേജിനുടമയായി. അധികമാരും കേട്ട പേര് പോലുമല്ലായിരുന്നു റഷ്യയില്‍ പുടിന്റേത്. അത് കൊണ്ട് താരതമ്യേന എളുപ്പമായിരുന്നു ബെറസോവ്സ്‌കിയുടെ വാര്‍ത്താ മാധ്യമങ്ങള്‍ക്ക്. ഇവിടെ ചീത്തപ്പേരുള്ള ഒരാളെയായിരുന്നു അലക്കി വെളുപ്പിച്ചെടുക്കേണ്ടതെങ്കില്‍ അവിടെ ആ പൊതു മണ്ഡലത്തിലെ അപരിചിതത്വം പുടിന് കാര്യങ്ങളെ എളുപ്പമാക്കി.

ഗുജറാത്തിലേത് പോലുള്ള കലാപങ്ങള്‍, മാഷ വിവരിക്കുന്ന സംഭവങ്ങളില്‍ മോദീ - പുടിന് താരതമ്യപഠനങ്ങള്‍ക്ക് ബലം നല്‍കുന്നതായി അവയുമുണ്ട്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ട് മുമ്പ് മോസ്‌കോ അടക്കമുള്ളയിടങ്ങളില്‍ തുടര്‍ച്ചയായി നടന്ന സ്ഫോടനങ്ങളെക്കുറിച്ച് എഴുതുന്നുണ്ട്, മാഷ. 1999 ഓഗസ്റ്റ് 31 തൊട്ട് മൂന്നാഴ്ചയ്ക്കകം ആറ് സ്ഫോടനങ്ങളുണ്ടായി. ചെച്നിയയിലെ മുസ്ലീം തീവ്രവാദികള്‍ നടത്തിയത് എന്ന് ഭരണകൂടത്തിനാല്‍ വിവരിക്കപ്പെട്ട ആ സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ എഫ് എസ് ബി തന്നെയായിരുന്നു എന്ന് തെളിവുകളോടെ പറയുന്നു അവര്‍. - എഫ് എസ് ബി എന്നാല് കെജിബിയുടെ പുതിയ രൂപം. അന്ന് പുടിനാണ് ഈ രഹസ്യപ്പോലീസ് സംഘത്തിന്റെ തലവന്.

രാജ്യവിരുദ്ധരായ ഒരു കൂട്ടം അപരര്‍ രാജ്യത്തിനകത്തുണ്ടെന്ന് സ്ഥാപിക്കുക, അവര്‍ അപകടകാരികളാണ് എന്ന് നാട്ടുകാരോട് പറയുക, ഭയവിഹ്വലരായ ജനതയെ സംരക്ഷിക്കാന്‍ കരുത്തനായ നായകന്‍ വേണമെന്ന് സ്ഥാപിച്ചെടുക്കുക. നമുക്ക് കൂടെ അറിയാവുന്ന ഈ രാഷ്ട്രീയപ്രക്രിയയുടെ പ്രയോഗത്തിന്റെ ഭാഗമായിരുന്നു റഷ്യയില്‍ നടന്നത് എന്ന് മാഷ പറയുമ്പോള്‍ കാര്യങ്ങള്‍ക്ക് വ്യക്തതയുണ്ട്.പുടിന്റെ ആദ്യ ടെലിവിഷന്‍ അപ്പിയറന്‍സ് ഈ ദിവസങ്ങളില്‍ തന്നെയായിരുന്നു. രാജ്യത്തെ അപകടപ്പെടുത്താന്‍ നോക്കുന്നവരെ വെറുതെവിടില്ലെന്ന് അദ്ദേഹം പ്രസംഗിച്ചു. മാഷ ആ വാക്കുകള്‍ എടുത്തെഴുതുന്നു. ഇവിടെ , നമ്മുടെ തെരഞ്ഞെടുപ്പ് കാലത്ത് എത്ര തവണയാണ് ഇത്തരം സംരക്ഷകപ്രസ്താവനകള്‍ നരേന്ദ്രമോദിയില്‍ നിന്ന് കേട്ടത് എന്ന് മാഷയെ വായിക്കുമ്പോള്‍ ഓര്ക്കുന്നതില്‍ അത്ഭുതമുണ്ടോ ?

സംഗതികള്‍ പെര്‍ഫക്ട് ആയി നീങ്ങിയെന്നാണ് ബെറസോവ്സ്‌കി പിന്നീട് മാഷയോട് പറഞ്ഞത്. മാധ്യമങ്ങളിലൂടെ പുടിന്റെ ഇമേജ് മേക്കിംഗ് അതിഗംഭീരമായി തന്നെ നടന്നു. മൂന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ കൊണ്ട്പുടിന്റെ ജീവിതത്തെക്കുറിച്ച് എഴുതാനേല്‍പ്പിച്ച്, സിന്റിക്കേറ്റ് ചെയ്യിച്ചു. അവരിലൊരു മാധ്യമപ്രവര്‍ത്തകയുമായി നേരിട്ട് സംസാരിച്ചതിനെക്കുറിച്ചും മാഷ പുസ്തകത്തില്‍ എഴുതുന്നുണ്ട്.

വ്ലാദിമിര്‍ പുടിന്‍

2000 മാര്‍ച്ച് 26നായിരുന്നു വ്ലാദിമിര്‍ പുടിന്‍ റഷ്യന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വോട്ടെടുപ്പ്. തലേ മാസം, ഫെബ്രുവരിയില്‍ അദ്ദേഹത്തിന്റെ ജീവചരിത്ര പുസ്തകം ഇറങ്ങി. നാട്ടുകാര്‍ക്ക് ഭാവി ഭരണാധികാരിയെ പരിചയപ്പെടുത്താന്‍. ദി ഓട്ടോബയോഗ്രാഫി ഓഫ് എ തഗ് എന്ന മൂന്നാമധ്യായത്തില്‍ ഇമേജ് മേക്കിംഗിന്റെ ഭാഗമായ ആ ജീവചരിത്രത്തെക്കുറിച്ച് മാഷ പറയുന്നു. ബെറസോവ്സ്‌കി ഏല്‍പ്പിച്ച ആളുകള്‍ മൂന്നാഴ്ച കൊണ്ടാണ് പുടിന്റെ ജീവിത കഥയെഴുതിയത്. കുറഞ്ഞ ആളുകളില്‍ നിന്ന് മാത്രമെടുത്ത വിവരങ്ങള്‍ വെച്ചെന്ന് മാഷ പറയുന്നു. പുസ്തകത്തിന് വേണ്ടി വിവരങ്ങള്‍ നല്‍കിയവരില്‍ പ്രധാനി പുടിന്‍ തന്നെ. ചെറുപ്പം മുതല്‍ ധീരനും, മുതിര്‍ന്ന കുട്ടികളോട് പോലും തല്ലി ജയിക്കുന്നവനുമായ കരുത്തനെന്നൊക്കെയാണ് ചിത്രീകരണം. ഇവിടെ ഇന്ത്യയില്‍, തെരഞ്ഞെടുപ്പ്കാലത്ത് വന്ന ബാല്‍ നരേന്ദ്ര കോമിക്കുകളില്ലേ അത് പോലെയെന്ന് ഓര്‍ത്താല്‍ മതി.

<div class="paragraphs"><p></p></div>

ബാല്‍ നരേന്ദ്ര കോമിക്കില്‍ നിന്ന്

മറ്റ് കുട്ടികള്‍ കോസ്മോനട്ടുകളാകാന്‍ കൊതിച്ച ആ കാലത്തിരുന്ന് കെജി ബി ഉദ്യോഗസ്ഥനായി രാജ്യത്തെ സേവിക്കാന്‍ കൊതിച്ച സാഹസികാഭിമുഖ്യമുള്ളവനും വ്യത്യസ്തനുമായ കൗമാരക്കാരന്‍. അതി ഗംഭീരനായ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍. അഴിമതിവിരുദ്ധന്‍.ശാരീരികമായും കരുത്തന്‍. അങ്ങനെയങ്ങനെ വാഴ്ത്തുകളുടെ ഘോഷയാത്രയുമായി ഇറങ്ങിയ ഓരോ പീസ് എഴുത്തും നിരാശരായ റഷ്യന്‍ ജനതയ്ക്ക് നല്ല ഭാവിയെക്കുറിച്ച് ശുഭാപ്തിവിശ്വാസം നല്‍കുന്നതായി. കരുത്തനെങ്കിലും ജനാധിപത്യസംരക്ഷകനായ നേതാവ് എന്നതായിരുന്നു പുടിനെപറ്റി അത് സൃഷ്ടിക്കാന്‍ ശ്രമിച്ച ഇമേജ്. എന്നാല്‍ ഇപ്പോള്‍ പുടിന്‍ ഇരുമ്പ് മനസ്സുള്ള ഏകാധിപതിയാണ്. പുടിനെ സൃഷ്ടിക്കാന്‍ ഇറങ്ങിയവര്‍- ബെറസോവ്സ്‌കിഅടക്കമുള്ളവര്‍ കരുതിയത് പോലല്ല അയാള്‍ പില്‍ക്കാലത്ത് വളര്‍ന്നത് എന്ന് മാഷാ ഗെസ്സന്‍ പറയുന്നു.

പുടിനെ ഞങ്ങള്‍ സൃഷ്ടിക്കുകയാണ് എന്ന് അഹങ്കരിച്ചവര്‍ക്ക് സത്യത്തില്‍ തന്ത്രശാലിയായ ആ രാഷ്ട്രീയക്കാരനെ മനസ്സിലായിരുന്നില്ല എന്ന് മാഷ വിവരിക്കുന്നു. അയാള്‍ അയാളുടെ സൃഷ്ടാക്കളെക്കാളും വളര്‍ന്നു.

ബെറസോവ്സ്‌കി അടക്കമുള്ളവരെ അയാള്‍ അടിച്ചോടിച്ചു. രാജ്യത്തെ മൊത്തം മാധ്യമ മേഖലയെ പുടിന്‍ സ്വന്തം കൈപ്പിടിയിലാക്കി. തനിക്ക് വഴങ്ങി നില്‍ക്കുന്നവര്‍ മാത്രമായ മുതലാളിമാരെ വളരാന്‍ അനുവദിച്ചു. പുടിനെ സമനായി കണ്ട് പെരുമാറിയ പല വ്യവസായികളുടെയും ദുരൂഹ മരണം, കൊലപാതകങ്ങളായിരുന്നുവെന്ന് മാഷ തെളിവുകള്‍ നിരത്തി വിവരിക്കുമ്പോള്‍ രാഷ്ട്രീയ പുസ്തകം എന്ന നിലയില്‍ നിന്ന് മാറി നാടകീയ മുഹൂര്‍ത്തങ്ങളുള്ള ഫിക്ഷന്‍ പുസ്തകം എന്ന തോന്നലുണ്ടാക്കും 'ദ് മാന്‍ വിത്തൗട്ട് എ ഫെയ്സ്'.

ഞങ്ങളാണ് നരേന്ദ്രമോദിക്ക് വഴിയൊരുക്കിയത് എന്നഹങ്കരിക്കുന്ന ഇന്ത്യയിലെ മാധ്യമങ്ങള്‍ക്ക് എന്താണിപ്പോള്‍ പ്രധാനമന്ത്രി നല്‍കുന്നത് എന്ന് ഓര്‍ക്കാവുന്നതാണ് ഇവിടെ. പ്രധാനമന്ത്രിയുടെ വിദേശയാത്രകളിലടക്കം മുന്‍കാലങ്ങളില്‍ തടസ്സം ഇല്ലാതിരുന്ന പലയിടങ്ങളും അവര്‍ക്കിപ്പോള്‍ നിരോധിത മേഖലകളാണ്. പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കുന്നതല്ലാത്ത ഒരു ചിത്രം പോലും അച്ചടിക്കാന്‍ അവര്‍ക്കാവുകയില്ല. എനിക്കുറപ്പാണ് തിരക്ക് പിടിച്ച് ജോലി ചെയ്യുന്നയാളായിട്ടും നരേന്ദ്രമോദി ക്ഷീണത്തോടെയിരിക്കുന്ന ഒറ്റചിത്രം അഞ്ച് വര്‍ഷത്തേക്ക് ഇന്ത്യന്‍ ജനത കാണാന്‍ പോകുന്നില്ല.

മാഷാ ഗെസ്സന്റെ പുസ്തകത്തിലെ ഏഴാമധ്യായത്തിന്റെ പേര് ദ് ഡേ ദ് മീഡിയാ ഡൈഡ്. മാധ്യമങ്ങളുടെ മരണം രേഖപ്പെടുത്തപ്പെട്ടതെന്ന് പറയുന്ന വോട്ടെടുപ്പ് ദിവസമായ 2000 മാര്‍ച്ച് 26ന് ചെച്നിയയില്‍ ആയിരുന്നു അവര്‍. ഇതിനകം അതികായനെന്നും ഭാവി ഭരണാധികാരിയെന്നും ആവര്‍ത്തിച്ച് പറഞ്ഞുറപ്പിക്കപ്പെട്ട പുടിനെതിരെ കരുത്തരായ സ്ഥാനാര്‍ഥികളാരും മത്സരരംഗത്തുണ്ടായിരുന്നില്ല. എന്ന് മാത്രമല്ല റഷ്യന്‍ ഭരണകൂടത്തോട് എതിര്‍പ്പുള്ള ചെചന്‍കാരുള്‍പ്പെടെയുള്ളവര്‍ പുടിന് തന്നെ വോട്ട് ചെയ്തുവെന്ന് അവരെ ഉദ്ധരിച്ച് മാഷ എഴുതുന്നു. മെയ് ഏഴാം തീയതി പുടിന്‍ പ്രസിഡന്റായി.

<div class="paragraphs"><p></p></div>

മാഷാ ഗെസ്സന്‍

കുര്‍സ്‌ക് മുങ്ങിക്കപ്പല്‍ ദുരന്തത്തോടുള്ള പ്രതികരണമാണ് പുടിന്‍ എത്തരത്തിലുള്ള ഭരണത്തലവനാണ് എന്നതിന് ആദ്യ തെളിവായതെന്ന് മാഷ എഴുതുന്നു. 118 നാവികരുമായാണ് കുര്‍സ്‌ക് തകര്‍ന്ന് മുങ്ങിയത്. രക്ഷപ്പെടുത്താന്‍ കഴിയുമായിരുന്നിട്ടും, 9 ദിവസം നാവികരുടെ കുടുംബങ്ങളും, രാജ്യമൊന്നാകെയും അതിനായി അലമുറയിട്ടെങ്കിലും സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. പത്താം ദിവസമാണ് കപ്പല്‍ പുറത്തെത്തിക്കാനായത്. പത്ത് ദിവസം ഓരോ നിമിഷവും ടെലിവിഷന് മുന്നിലായിരുന്നു രാജ്യം മുഴുവന്‍. ഏറ്റവും ഒടുവിലത്തെ വിവരങ്ങളുമറിഞ്ഞ്. സ്വാഭാവികമായും സര്‍ക്കാരിന്റെ നിസ്സംഗതയില്‍ രോഷം പൂണ്ട്. ദിവസങ്ങള്‍ക്ക് ശേഷം കൊല്ലപ്പെട്ട നാവികരുടെ കുടുംബങ്ങള്‍ക്ക് മുന്നില്‍ രോഷപ്രകടനങ്ങള്‍ക്ക് ചെവി കൊടുക്കേണ്ടി വന്നു പുടിന്. സ്വാഭാവികമാകാന്‍ ശ്രമിച്ചുവെങ്കിലും അരഗന്റ് ആയ ശരീരഭാഷ പുടിനറിയാതെ പുറത്ത് വന്നുവെന്നും മാഷ എഴുതുന്നു.

പുടിന്‍ നമ്മള്‍ക്കറിയാത്ത ആളല്ല..
ഹോളിവുഡിനെ വെല്ലുന്ന മോഡേണ്‍ റഷ്യന്‍ യുദ്ധസിനിമകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

കുര്‍സ്‌ക് ദുരന്തത്തിന് മൂന്ന് ആഴ്ചകള്‍ക്ക് ശേഷം ബെറസോവ്സ്‌കിയുടെ ചാനല്‍ വണില്‍ തന്നെ പ്രത്യക്ഷപ്പെട്ട ഒരു വിമര്‍ശപരിപാടിയാണ് പുടിനെ ഏറ്റവുമേറെ ഹിംസിച്ചത്. അദ്ദേഹത്തിന്റെ ഇമേജ് മേക്കിംഗ് പരിപാടികളില്‍ പലതും അവതരിപ്പിച്ച സെര്‍ജി ഡോറെങ്കോ എന്ന അവതാരകന്‍ തന്നെയാണ് അതികഠിനമായ തോതില്‍ അദ്ദേഹത്തെ വിമര്‍ശിച്ചത്. ഒരു സ്‌കൂള്‍ കുട്ടിയെപ്പോലെ ബാലിശമായാണ് പുടിന് പെരുമാറുന്നതെന്ന് സെര്‍ജി ഡോറെങ്കോ വിമര്‍ശിച്ചു. ആറ് ദിവസത്തിന് ശേഷം സി എന് എന്നിന്റെ ലാറിം കിംഗ്‌സ് ലൈവില് അടുത്ത വന്‍ അടിയുണ്ടായി. എന്താണ് സംഭവിച്ചത് എന്ന ലാറി കിംഗിന്റെ ചോദ്യത്തിന് പുടിന്റെ പെട്ടെന്നുള്ള ഉത്തരം ഇതായിരുന്നു. ഇറ്റ് സാങ്ക് . അത്ര തന്നെ എന്ന് നിസ്സാരമായിട്ട്. 118 പൗരര്‍ കൊല്ലപ്പെട്ട ദാരുണസംഭവത്തെ ഇത്ര നിസ്സംഗമായി കാണുന്ന ഭരണകര്‍ത്താവിന് എന്താണ് ഉണ്ടാവുക... ജനം അതി രൂക്ഷമായി പുടിനെ വിമര്‍ശിച്ചു. മാഷ എഴുതുന്നു. പുടിന് പുറത്തെ ലോകം മാറിയത് മനസ്സിലായി. ടെലിവിഷന്, ശൂന്യതയില് നിന്ന് അയാളെ പ്രസിഡന്റായി പരിവര്‍ത്തിപ്പിച്ച അതേ ടെലിവിഷന്‍ തന്റെ അന്തകനാകാമെന്ന് പുടിന് മനസ്സിലായി.

പുടിന്‍ കുര്‍സ്‌ക് ദുരന്തത്തിനിരയാക്കപ്പെട്ടവരുടെ ബന്ധുക്കളെ കാണുന്നു

പിന്നീട് ഇന്നേ വരെ റഷ്യയില് സ്വതന്ത്രമാധ്യമപ്രവര്‍ത്തനം ഉണ്ടായിട്ടില്ല. മാധ്യമങ്ങളെ മാത്രമല്ല, നീതിന്യായവ്യവസ്ഥയെയും പുടിന് തനിക്കനുകൂലമായി പരിവര്‍ത്തിപ്പിച്ചു. മോദീവിമര്‍ശപക്ഷത്ത് നിന്ന് നോക്കുന്നവര്ക്ക് പുടിന് അവിടെ ചെയ്തത് പോലെ തന്നെയുള്ള സൂക്ഷ്മ ഇടപെടലുകള്‍ ഈ മേഖലയിലും ഉണ്ടാകുന്നത് കാണാവുന്നതാണ്.

ജനാധിപത്യം എന്ന ഏര്‍പ്പാട് ഇപ്പോള്‍ റഷ്യയില്‍ ഇല്ല എന്ന് മാഷ. എതിര്‍ ശബ്ദങ്ങള് ഉയരാന്‍ ഭയപ്പെടുന്ന ഭീതിതമായ സാഹചര്യം നാട്ടില്‍ ഉണ്ടാക്കി വെച്ചിട്ടുണ്ട്. പുടിന്റെ ഭരണത്തില്‍ അങ്ങേയറ്റം അതൃപ്തിയുണ്ട് സാധാരണക്കാര്‍ക്കിടയിലടക്കം എല്ലാ മേഖലകളിലും. ഭീതിയും അധികാരവും പരത്തി രാജ്യത്തിന്റെ മേലുള്ള പുടിന്റെ പിടി അയഞ്ഞേക്കാം. എന്നാല്‍ അതെളുപ്പമല്ല എന്ന് മാഷ തന്നെ സമ്മതിക്കുന്നു. വിമര്‍ശനങ്ങള്‍ ഉള്ളവര്‍ക്ക് ഒന്നിച്ച് നില്‍ക്കുക എളുപ്പമേയല്ല എന്നതിന് അവര്‍ നിരവധി ഉദാഹരണങ്ങള്‍ നിരത്തുന്നു. കമ്മ്യൂണിസ്റ്റ് കാലത്ത് ഉണ്ടായിരുന്നത്ര പോലും പൊതുമണ്ഡലം നിലനില്‍ക്കുന്നില്ല റഷ്യയില്‍. സോഷ്യല്‍ മീഡിയകള്‍ അടക്കമുള്ളവയെ ഉപയോഗിച്ച് എതിരഭിപ്രായങ്ങളെ ഒന്നിച്ച് പ്രകടിപ്പിക്കാനുള്ള അത്തരം പൊതുമണ്ഡലങ്ങളെ സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ ഭരണകൂടം നിരന്തരം പൊളിച്ച് കളയുന്നുമുണ്ട്. എന്നാല്‍ ആത്യന്തികമായി വിജയം ഉണ്ടാകും, പുടിന് ഇനി അധികകാലം വാഴില്ല എന്ന ശുഭാപ്തി വിശ്വാസം തന്നെയാണ് അവര്‍ പുസ്തകത്തിന്റെ അവസാനവും പ്രകടിപ്പിക്കുന്നത്.

മാഷാ ഗെസ്സന് വ്‌ലാദിമിര് വ്‌ലാദിമിറോവിച്ച് പുടിനെക്കുറിച്ചാണ് എഴുതിയത്. നരേന്ദ്ര മോദിയെക്കുറിച്ചും, അദ്ദേഹത്തിന്റെ കീഴിലെ ഇന്ത്യയെക്കുറിച്ചും ഉള്ള പ്രവചനങ്ങള്‍ കൂടിയാണവ എന്ന് ഒരാള്‍ വായിച്ചാല്‍ അത് അതിവായനയാവില്ല. റഷ്യയല്ല ഇന്ത്യ എന്നതിനാലാണ് ശുഭാപ്തിവിശ്വാസം ബാക്കിയാവുന്നത്. ഭരണകൂടത്തിന് അത്ര എളുപ്പത്തില്‍ ഭയപ്പെടുത്തി ഫ്രീസ് ചെയ്യാവുന്ന പൊതുമണ്ഡലമല്ല ഇവിടെ ഇപ്പോഴുമുള്ളത്.

നരേന്ദ്ര മോദി വ്‌ലാഡിമര്‍ പുടിനൊപ്പം

ഏകാധിപതികള്‍ക്ക് ഒരുപാട് കാലത്തെ വാഴ്ച ഇവിടെ സാധ്യമാവില്ല എന്ന് തന്നെ കരുതാവുന്നതുമാണ്. എങ്കിലും ശ്രദ്ധിക്കേണ്ടതുണ്ട്. പാടുപെട്ട് ഇമേജ് ഉണ്ടാക്കി, അത് കഷ്ടപ്പെട്ട് നിലനിര്‍ത്തി അധികാരത്തില്‍ തുടരുന്ന പിന്തിരിപ്പന്‍ രാഷ്ട്രീയ ഉള്ളടക്കമുള്ള ഒറ്റവ്യക്തികള്, ഏകാധിപതികള്‍ സമൂഹശരീരത്തിന് എത്ര കാലത്തോളം എവ്വിധമുള്ള ദോഷങ്ങളാണ് ഉണ്ടാക്കുക എന്നതിനുള്ള തെളിവുകളാണ് മാഷാ ഗെസ്സന് തരുന്നത്. അവര്‍ പറയുന്നതിനെ വിശ്വസിക്കുന്നുവെങ്കില്‍ അതെക്കുറിച്ച് ജാഗരൂകരായിരിക്കാനും ഒരാള്‍ക്ക് ബാധ്യതയുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in