മഞ്ഞ സൂര്യന്മാരുടെ ചിരി

മഞ്ഞ സൂര്യന്മാരുടെ ചിരി
Published on

"... എന്നെക്കണ്ടതും കുട്ടികൾ പുറത്തേക്കോടിവന്നു. 'അച്ഛാ.. ഞങ്ങൾക്ക് വേണ്ട ഈ ടീഷർട്ടുകൾ'...

'എന്താ കാര്യം'

അവർ മറുപടി പറയാതെ കരച്ചിൽ തുടർന്നു. കുട്ടികൾക്ക് പിന്നാലെ പുറത്തേക്കു വന്ന മീനാക്ഷിയോട് ഞാൻ വിവരമന്വേഷിച്ചു. 'ഞാൻ അന്നേരമേ പറഞ്ഞില്ലേ. ഇതേ, പന്തുകളിക്കാരുടെ ഉടുപ്പാണ്, ഇത് വേണ്ടാരുന്നെന്ന്.'

'ങ്ങാഹാ.... അതാണോ കാര്യം...!'ഞാൻ കുട്ടികളെ എന്നോട് അണച്ചു പിടിച്ചു നിർത്തി. 'അതിനെന്താ മക്കളെ.. പന്തുകളിക്കാരുടെ ഉടുപ്പെന്നു പറഞ്ഞാ സന്തോഷിക്കുവല്ലേ വേണ്ടത്.'

'വേണ്ട അച്ഛാ. പിള്ളേരെല്ലാം ഞങ്ങളെ കളിയാക്കുവാ.. ഇത് തോറ്റവരുടെ ഉടുപ്പാണെന്നു'

'തോറ്റവരുടെ ഉടുപ്പോ.? എനിക്കൊന്നും മനസിലാകുന്നില്ലല്ലോ മീനാക്ഷി..'

'മനുഷ്യാ, ഇതിനാ പറയുന്നേ ലോകവിവരം വേണമെന്ന്. അന്യനാട്ടിലൊക്കെ എന്ത് നടക്കുന്നൂന്നു ഒന്നറിഞ്ഞേച്ചു വേണം ഇതൊക്കെ വാങ്ങിക്കാൻ... അർജന്റീന ലോകകപ്പിൽ തോറ്റതോടെ ആർക്കും വേണ്ടാതെ കിടന്ന ഈ കുന്തം ആ കച്ചവടക്കാരൻ നിങ്ങളുടെ തലയിൽ കെട്ടിവെച്ചതാ മനുഷ്യാ.. 'മീനാക്ഷി ദേഷ്യത്തോടെ അകത്തക്ക് പോയി.

'അച്ഛാ... ഞങ്ങക്കു വേണ്ട ഈ തോറ്റവരുടെ ഉടുപ്പ്. ഞങ്ങൾക്കച്ചൻ ജയിച്ചവരുടെ ഉടുപ്പ് വാങ്ങിത്തന്നാ മതി.'

ബാങ്കുകാരുടെ അവസാന അവധിയും കഴിഞ്ഞ് ജപ്തി നോട്ടീസും കൈപ്പറ്റി വരുന്ന വരവിലായിരുന്നല്ലോ ഞാൻ.! ഒടുവിൽ വെറുതെ സമാധാനിപ്പിക്കാനെന്നോണം ഞാൻ പറഞ്ഞു:ഇപ്പോഴത്തെ അവസ്ഥയിൽ നമുക്ക് പറ്റിയ ഉടുപ്പ് ഇതുതന്നെയാണ് മക്കളെ...'

...................

ആ ഇരുപ്പിൽ ടീ ഷർട്ടുകൾ കയ്യിലെടുത്തു. വെള്ളയും നീലയും ഇടവിട്ട നീളൻവരകൾ. ലോകം കീഴടക്കാമെന്ന പ്രതീക്ഷയോടെ വന്നു അമ്പേ പരാജയപെട്ടുപോയ അർജന്റീനയുടെ ജേഴ്‌സി. കുട്ടികൾ പറഞ്ഞതാ ശരി.ഇതെനിക്ക് മാത്രം പറ്റിയ ഉടുപ്പാ.. ശരിക്കും തോറ്റുപോയവന്!

............,..........................,,

കുട്ടികൾക്കുവേണ്ടി വാങ്ങിയ തോറ്റവരുടെ കുപ്പായം ഞാൻ സ്വയം എടുത്തണിഞ്ഞു. എനിക്ക് പാകമാകാത്ത ആ ഇറുക്കിപിടുത്തത്തിനുള്ളിൽ ശരിക്കും ഞാനൊരു കോമാളിയെപോലെ തോന്നിച്ചു. പിന്നെ എന്റെ കുട്ടികൾക്ക് എന്നെങ്കിലുമൊരു ദിവസം വിജയികളുടെ ജേഴ്‌സിയണിയാൻ കഴിയണേ എന്ന പ്രാർത്ഥനയോടെ എന്റെ കുടുംബത്തിനായി കരുതി കൊണ്ടുവന്ന ഫ്യുരിഡാൻ കുപ്പിയുടെ വായിലേക്ക് ഞാൻ തനിയെ നടന്നു."

(അർജന്റീനയുടെ ജേഴ്‌സി- ബെന്യാമിൻ)

ഇരുപത്തിരണ്ടാം മിനുട്ടിൽ വലതു വിങ്ങർ റോഡ്രിഗോ ഡി പോൾ നീട്ടിയ ലോങ്ങ്‌ ബോൾ മുന്നേറ്റക്കാരൻ ഡി മരിയ ഒറ്റക്കാലിൽ അല്പം ഉയർന്നു ചാടി പിടിച്ചെടുത്ത് കാനറികളുടെ ഗോൾ മുഖത്തേക്ക് കടക്കുകയും കാവൽക്കാരൻ ആലിസൻ ബേക്കറെ കബളിപ്പിച്ചുകൊണ്ട് പന്തിനെ കൃത്യമായി 'തൊട്ട്' തലക്ക് മുകളിലൂടെ ചിപ്പ് ചെയ്ത് ഗോൾ വല കുലുക്കുമ്പോൾ അവിശ്വസനീയമായ ഒരു വിറയൽ അർജന്റീന ആരാധകരെ പിടികൂടി കാണും. ഒരിക്കലൊരു ടീമായത് കൊണ്ട് പിന്നീട് ഒരിക്കലും ടീം മാറാനാവാത്ത കളിയിൽ കുടുങ്ങിപ്പോയ കോടിക്കണക്കിനു മനുഷ്യർക്ക് ഉറുഗ്വേ റഫറി എസ്തബൻ ഓസ്റ്റോജിച്ചിൽ നിന്ന് അവസാന വിസിൽ മുഴങ്ങും വരെ ആ വിറയൽ കൂടെ ഉണ്ടായിട്ടുണ്ടാകും. കാലാകാലമായി വിചാരണ നേരിടുന്ന നിരപരാധികളായ കുറ്റാരോപിതർക്കെന്നപോലെ ദുഃഖം സമുദ്രങ്ങൾ താണ്ടിയ മനുഷ്യരോട് കാലം ഒടുവിൽ നീതിമാനാകുന്നു.ഇരുപത്തിയെട്ടു വർഷത്തെ നീണ്ട കാത്തിരിപ്പിനു ശേഷം അർജന്റ്റീനയ്ക്ക് ഒരു അന്താരാഷ്ട്ര ടൂർണമെന്റ് കപ്പ് എന്ന സായൂജ്യം.ഇക്കാലമത്രയും ഏറ്റ പരിഹാസ ശരങ്ങളിൽ നിന്നുള്ള വടുക്കളിൽ നിന്ന് ആയിരം മഞ്ഞ സൂര്യന്മാർ ചിരിക്കുന്നു.

കൊടുംപാതകം ചെയ്ത കുഞ്ഞുങ്ങളുടേത് കുനിഞ്ഞിരുന്ന അയാളുടെ ശിരസ്സ് ഇനി ഉയർത്തി പിടിക്കാം. ഡി മരിയ എന്ന പേരുള്ള ഒരാൾ അയാൾക്ക് ശാപമോക്ഷം നൽകുന്നു.അയാളുടെ പേരിന്റെ മുന്നിൽ മാലാഖ എന്നുള്ളത് യാദൃശ്ചികമാകാൻ സാധ്യതയില്ല.

അർജന്റീന ആരാധകരുടെ സൂപ്പർ ഈഗോ ഇരുപത്തിയൊന്നം നൂറ്റാണ്ടു കണ്ട ഏറ്റവും മികച്ച കളിക്കാരന് അലമാരയിൽ പ്രദർശിപ്പിക്കാൻ ഒരു അന്താരാഷ്ട്ര കപ്പില്ലെന്നതായിരുന്നു. ഈ നൂറ്റാണ്ടിൽ അഞ്ചു തവണ ഫൈനൽ കളിച്ച അതിൽ നാല് ഫൈനലിലും അർജന്റീനയെ തോളിലേറ്റിയ ആ കുറിയ മനുഷ്യൻ ഒരു പക്ഷേ പിൽകാലത്ത് ചരിത്രവിദ്യാർത്ഥികളുടെ മുന്നിൽ നിഷ്കരുണം പോസ്റ്റ്‌ മോർട്ടം ചെയ്യപ്പെട്ടേനെ. സോക്കറിൽ ഏറെ കുറെ എല്ലാം നേടിയ ഒരാൾ രാജ്യത്തിന്റെ ജേഴ്സിയിൽ അണിയുമ്പോൾ മുൾകിരീടം ചൂടിയ പോലെ ചൂളിപോയിരുന്ന, കൊടുംപാതകം ചെയ്ത കുഞ്ഞുങ്ങളുടേത് കുനിഞ്ഞിരുന്ന അയാളുടെ ശിരസ്സ് ഇനി ഉയർത്തി പിടിക്കാം. ഡി മരിയ എന്ന പേരുള്ള ഒരാൾ അയാൾക്ക് ശാപമോക്ഷം നൽകുന്നു.അയാളുടെ പേരിന്റെ മുന്നിൽ മാലാഖ എന്നുള്ളത് യാദൃശ്ചികമാകാൻ സാധ്യതയില്ല.എമിലിയാനോ മാർട്ടിനെസ്,എന്ന മറ്റൊരാൾ ലാ പ്ലാറ്റയിലെ കൂറ്റൻ മഞ്ഞു മലപോലെ നിലകൊള്ളുന്നു. നികോളാസ് ഒട്ടേമിണ്ടി, ക്രിസ്റ്റൻ റോമിറോ എന്നിവർ കൊടുങ്കാറ്റുകളെ നെഞ്ചൂക്ക് കൊണ്ട് തടയുന്നു. ഡി പോൾ എന്നൊരാൾ എതിർ കോട്ടകളിലെ പഴുതുകൾ തേടുന്നു. മറ്റനേകം പേർ കടുത്ത മഞ്ഞുപെയ്തത്തിൽ നിന്നും അയാളുടെ അഭിമാനത്തിന്റെ കോട്ട കാത്തിരിക്കുന്നു.

ദീഗോ അമരാന്റോ മറഡോണ എന്ന മഹാമേരു അയാളുടെ ഇച്ഛാശക്തി കൊണ്ട് ജയിച്ചു കയറിയ സോക്കർ യുദ്ധങ്ങളാണ് മെസ്സിയുടെ ത്രാസിലെ തൂക്കക്കട്ടികൾ എന്ന് തോന്നിയിട്ടുണ്ട്. മൈതാനത്ത് ഗോത്ര നീതി നടപ്പാക്കിയിരുന്ന കാലത്ത് അയാളുടെ മെയിൽ പവർ,അനാർക്കി, ഷോവനിസം, രാഷ്ട്രീയ പ്രതിബദ്ധത,ഫിസിക്ക്.. എല്ലാം ലോകത്തെമ്പാടുമുള്ള മനുഷ്യരെ പിടിച്ചു കുലുക്കിയിട്ടുണ്ട്. നഷ്ടപ്പെടാൻ ഒന്നുമില്ലാത്ത ദീഗോയുടെ എന്ന പോരാളിയുടെ ശരീര ഭാഷ മെസ്സിയിൽ എത്തുമ്പോൾ അക്കാദമി കിഡ്‌ഡിലേക്ക് പരിണമിക്കുന്നു എന്നത് വാസ്തവമാണ്.

ദീഗോ അമരാന്റോ മറഡോണ എന്ന മഹാമേരു അയാളുടെ ഇച്ഛാശക്തി കൊണ്ട് ജയിച്ചു കയറിയ സോക്കർ യുദ്ധങ്ങളാണ് മെസ്സിയുടെ ത്രാസിലെ തൂക്കക്കട്ടികൾ എന്ന് തോന്നിയിട്ടുണ്ട്.

ഈ കോപ്പയിലെ ഏറ്റവും ശ്രദ്ദേയമായ ഒരു കാര്യം മെസ്സി അയാളുടെ ഉളുപ്പിനെ കുടഞ്ഞെറിയുന്നു എന്നതാണ്. ഒരു സംഘത്തെ നയിക്കുന്ന നേതാവ് എന്ന നിലയിൽ സോക്കറിന്റെ ഞരമ്പിലുള്ള 'anger' അയാളിൽ നിന്നും പുറത്ത് ചാടാൻ തുടങ്ങിയിരിക്കുന്നു. സഹകളിക്കാർ ഫൗളിന് ഇരയാകുമ്പൾ, അർഹതപെട്ട ഫ്രീകിക്കോ, കോർണറോ, പെനാൾട്ടിയോ നേടിയെടുക്കാൻ റെഫറിയോട് തർക്കിക്കുന്ന, എതിർ കളിക്കാരോട് കയർത്തു സംസാരിക്കാനും മടിക്കാത്ത, സഹകളിക്കാരെ അസ്സിസ്റ്റ്‌ ചെയ്തും മോറലിയും ബൂസ്റ്റ് ചെയ്യുന്ന യുദ്ദുൽസുകനായ ഒരു പുതിയ മെസ്സി കരിയറിന്റെ അവസാന പാദത്തിൽ മൂർച്ച കൂടി വരുന്നത് കാണുന്നു.അതുകൊണ്ടാണ് അയാൾക്ക് കപ്പിത്താൻ എന്ന വീര ശൂരത്തത്തിലേക്കും അന്താരാഷ്ട്ര കപ്പെന്ന നേട്ടത്തിലേക്കും സമ്മർദ്ദങ്ങളുടെ അമിത ഭാരങ്ങൾ കൊഴിച്ചിട്ട് അടുത്തെത്താനായത്.

ഈ കോപയിലെ ഓരോ ഗോൾ ആഘോഷത്തിലും അയാളുടെ ശരീര ഭാഷ അതായിരുന്നു. ഏറ്റവും ഒടുവിൽ കൊളമ്പിയയുടെ പരുക്കൻ കളിയിൽ കാൽകുഴയിൽ നിന്ന് രക്തം വാർന്നിട്ടും അതൊന്നും കൂസാതെ കളി തുടരുന്ന മനോഭാവം. കൊളമ്പിയക്കെതിരായ ഷൂട്ട്‌ ഔട്ടിൽ ഓരോ ഗോൾ സ്കോർ ചെയ്യുമ്പോഴും മാർട്ടിനസ് ഓരോ ഷോട്ടും തട്ടിയകറ്റുമ്പോഴും അയാളിൽ ഉണരുന്ന മെയിൽ പവർ ഇത്രയും കാലം അയാളിൽ നിന്ന് അർജന്റീന ആരാധകർ പ്രതീക്ഷിച്ചത് ഇതൊക്കെ തന്നെയാണ്.ഇവിടം വരെ എത്താൻ അയാൾക്ക് സ്വന്തം കരിയർ ബാലികഴിപ്പിക്കേണ്ടി വന്നു എന്നതും യാഥാർഥ്യം.ഒരു കപ്പിന് വേണ്ടി ഞാനെന്റെ ആറു സുവർണ ബൂട്ടുകളും നൽകാൻ തയ്യാറാണ് എന്ന യുദ്ധ പ്രഖ്യാപനം നടത്തിയ മെസ്സിക്ക് അതില്ലാതെ തന്നെ കോപ്പ നേടാൻ പറ്റിയിരിക്കുന്നു.

ഈ ടൂർണമെന്റിലെ ഫേവറൈറ്റുകളായ ബ്രസീലിനു മുന്നിൽ എമിലിയാനോ മാർട്ടിനെസും ഒട്ടേമിണ്ടിയും മലപോലെ ഉറച്ചു നിന്നു എന്നതാണ് കളിയുടെ ഫലം. ഗോൾ നേടിയ ശേഷം അർജന്റീന ഫോർമേഷൻ മാറ്റും എന്ന് കളിക്ക് മുന്നേ വെളിവാക്കപ്പെട്ട കാര്യമാണ്. ആ നിലയിൽ അവസാന നിമിഷങ്ങളിൽ അർജന്റീന നടത്തിയ സബ്സ്റ്റിട്യൂഷനുകൾ അവരുടെ പ്രീ മാച്ച് ഗെയിം പ്ലാനിനെ സാധൂകരിക്കുന്നു.നിലവിൽ അർജന്റീന ടീമിലുള്ള ബാലാരിഷ്ഠിത മാറ്റിയെടുത്താൽ നല്ലൊരു ടീമിനെ അടുത്ത ഖത്തർ ലോകകപ്പിനായി ഒരുക്കാനാവും.മെസ്സിയും ഡി മരിയയും അഗുരോയും ഒട്ടേമിണ്ടിയും അവരുടെ അവസാന ലാപ്പിൽ ഓടുമ്പോൾ അർജന്റീന നിരയിലെ പുതുമുഖങ്ങൾക്ക് ഭാവിയിലേക്ക് കരുതാനുള്ള അനുഭവമായിരിക്കും കോപ്പ.

എന്നിരുന്നാലും കളിയുടെ അവസാന നിമിഷം വരെ അർജന്റ്റീനയുടെ മേൽ മാനസികാധിപത്യം നേടാൻ ബ്രസീലിനായിട്ടുണ്ട്. നായകന്മാരുടെ കളിയിൽ മെസ്സി മങ്ങിയപ്പോൾ നെയ്മർ പതിവിന് വിപരീതമായി ഉജ്ജ്വലമായ മുഹൂർത്തങ്ങൾ സമ്മാനിച്ചു. ബ്രസീലിന്റെ തനത് ഫുട്ബോൾ ശൈലി യായ ജിങ്ക യുടെ ചില മിന്നലാട്ടങ്ങൾ അയാൾ കാഴ്ചവെച്ചെങ്കിലും അർജന്റീനക്ക് അയാളുടെ കാര്യത്തിൽ വ്യക്തമായ പ്ലാൻ ഉണ്ടായിരുന്നു. നെയ്മർ-പക്ക്വിറ്റ് കൂട്ടുകെട്ടിനെ തടയിട്ട അർജന്റീനയെ കബളിപ്പിക്കാൻ ഫിർമിനോയെ ആദ്യമേ ഉൾപെടുത്തിയിരുന്നെങ്കിൽ കളിയുടെ ഗതി മാറിയേനെ. നയിച്ച നെയ്മറിനും സംഘവും റീചാർളിസാനിലൂടെ സമനില ഗോൾ അടിച്ചെങ്കിലും റെഫറി ഓഫ്‌ സൈഡ് വിധിച്ചു.നെയ്മറിന്റെ കണ്ണീർ വീണ മാറക്കാന അതിന്റെ ദുരന്തപൂർണമായ ഇന്നലെകളെ ആവർത്തിച്ചു.സോക്കർ ദേശീയതയിൽ ജീവിച്ചു മരിക്കുന്ന ഒരു രാഷ്ട്രത്തിൽ ആ സ്റ്റേഡിയത്തിന്റെ ഭാവി പോലും അനിശ്ചിതത്വത്തിലാണ്.

കോപ്പ കഴിയുമ്പോൾ ഫുട്ബോളിന്റെ ട്രാൻസ്ഫർ മാർക്കറ്റ് ഉണരുന്നു. ലേറ്റിനമേരിക്കയിലെ പുതിയ പ്രതിഭാശാലികളെ അന്വേഷിച്ചു ധനമൂലധനത്തിന്റെ ദല്ലാളർ ഓഫറുകൾ നിരത്താൻ തുടങ്ങി. മികച്ചവയെ ചെറി പിക് ചെയ്യുന്ന ധനമൂലധനം യൂറോപ്പിന് വേണ്ടവരെ തിരഞ്ഞു പിടിച്ചു ലാറ്റിൻ ഫുട്ബോളിനെ അന്ധകാരത്തിൽ തള്ളും എന്നതാണ് സോക്കറിന്റെ ഇതപര്യന്ത ചരിത്രം. മൂന്നാം ലോകത്തിന്റെ സോക്കറിനെ വാണിജ്യ ടാക്ടിസ് കൊണ്ട് മറികടക്കുന്ന യൂറോപ്യൻ ഫുട്ബോൾ വ്യവസായത്തിനു കളിക്കാരുടെ കളിയഴക് മാത്രം മതി. അതിനായി പാസ്പോർട്ട്‌ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള പ്രലോഭനങ്ങൾ ഉണ്ടാകും. അർജന്റീന നിരയിൽ റിവർ പ്ലേറ്റിനു കളിക്കുന്ന മുണ്ടിയാൽ ഒഴികെ ബാക്കി യുള്ളവരെല്ലാം യൂറോപ്യൻ ലീഗിൽ കളിക്കുന്നവരാണ് എന്നത് യഥാർഥ്യം. ബ്രസീലിന്റെ അവസ്ഥയും വ്യസ്ത്യതമല്ല. യൂറോപ്പിന്റെ വേഗതയെ തനത് ശൈലി കൊണ്ടാണ് ഇരുപതാം നൂറ്റാണ്ടിലെ ലാറ്റിൻ രാജ്യങ്ങൾ നേരിട്ടത്. യൂറോപ്യൻ രാജ്യങ്ങളിൽ പ്രൊഫഷണൽ സോക്കർ കളിക്കുന്ന ലാറ്റിമേരിക്കൻ കളിക്കാർക്ക് അവരുടെ തനത് ശൈലി കൈമോശം വന്നിരിക്കുന്നു. കോപയിലെ പല മത്സരങ്ങളും യൂറോയിലെ മത്സരങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ ശരാശരി മാത്രമാകുന്നു. കഴിഞ്ഞ പത്തൊമ്പത് വർഷമായി യൂറോപ്പിതര രാജ്യം ലോകകപ്പ് നേടിയിട്ടില്ല എന്ന് കൂടി ആലോചിക്കണം. നിലവിൽ കോപ്പ ഫൈനൽ കളിച്ച ഇരു ടീമുകളും ഇന്നത്തെ യൂറോ ടീമുകളുമായി മാറ്റുരച്ചാൽ അതിന്റെ വസ്തുത പിടികിട്ടും. സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ അസ്ഥിരത അഴിമതി ആട്ടിമറികൾ തുടങ്ങിയ അവസ്ഥകളിലൂടെ ലാറ്റിമേരിക്കൻ രാജ്യങ്ങൾ പിന്നോട്ട് പോകുമ്പോൾ അവരുടെ ദേശീയതയുടെ കൂടെ ഒട്ടിച്ചേർന്ന ഇരട്ട സഹോദരർ ആയ തുകൽ പന്ത് കളിയും ലോക ഭൂപടത്തിൽ മായ്ഞ്ഞു ഇല്ലാതാകുന്നു. മറുവശത്ത് യൂറോപ്യൻ ശൈലി എളുപ്പത്തിൽ ലോകത്തിനു സ്വീകര്യമാകുന്നു. കുടിയേറ്റ വിരുദ്ധ മുതൽ കണ്ണിനു കുളിർമായുള്ള സ്പീഡി ഫുട്ബോളും ലോകത്ത് അടിച്ചേൽപ്പിക്കുന്നു ധനമൂലധനം. വരുമാനം,ടൂർണമെന്റിന്റെ പ്ലാൻ, ടെലിവിഷൻ സംപ്രേക്ഷണം എന്നിവയിൽ കൂടുതൽ വിശാലമായി ഇൻവെന്റെഡ് ആയ ഒരു മാസ്റ്റർ പ്ലാൻ യൂറോപ്യൻ ഫുട്ബോൾ മുന്നോട്ട് വെക്കുന്നു. എന്നാൽ ലാറ്റിനമേരിക്കൻ സോക്കറിനെ നയിക്കുന്ന CONMEBOL പലപ്പോഴും തീരുമാനങ്ങളിലെ അസ്ഥിരത, സോക്കറിനെ വികസിപ്പിക്കാനുള്ള മാസ്റ്റർ പ്ലാൻ ഇല്ലായ്മ, അഴിമതി എന്നിവയിലൂടെ ലാറ്റിൻ സോക്കറിനെ യൂറോപ്പിന് ഒറ്റുകൊടുക്കുന്നു. ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷന്റെ എതിർപ്പിനെ അവഗണിച്ചാണ് ബ്രസീൽ കോപ്പ 21ന് വേദിയായത് ബ്രസീലിലെ ജൈറോ ബോൾസോനാരോ സർക്കാരിന്റെ പരാജയം മറച്ചു പിടിക്കാനായിരുന്നു എന്നത് ഏറെ ചർച്ചയായതാണ്.

മൂന്നാം ലോക രാജ്യമായ ബ്രസീൽ കോവിഡിൽ യു എസ് ന് പിറകിൽ ഏറ്റവും മരണം നടന്ന ഇടമാണ്.ഇപ്പോഴും കൊറോണ വൈറസ് മൂലം ആളുകൾക്ക് ജീവനും ജീവനോപാധിയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.എന്നാൽ കഴിഞ്ഞ വർഷം മനുഷ്യർ തെരുവുകളിൽ ഇയാം പാറ്റകളെ പോലെ മരിച്ചു വീണ ഇറ്റലി ഉൾപ്പെടെയുള്ള രാജ്യങ്ങൾ യൂറോ കപ്പിന് ആതിഥ്യം വഹിക്കുന്നു. പരിമിതമാണെങ്കിലും കാണികളുള്ള സ്റ്റേഡിയങ്ങളിൽ കളി നടക്കുന്നു.കോവിഡ് എന്ന മഹാമാരിയെ യൂറോപ്പ് അതിജീവിക്കുമ്പോൾ മൂന്നാം ലോക രാജ്യങ്ങൾ കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാനാറിയാതെ വിറങ്ങലിച്ചു നിൽക്കുന്നു.യൂറോപ്പ് സോക്കറിനു വേണ്ടി രാജ്യങ്ങളുടെ അതിർത്തി തുറക്കുമ്പോൾ അവരുട വിപണി കൂടി തുറക്കുകയാണ്.

ബ്രസീലിൽ കോപ്പ അമേരിക്ക നടക്കുമ്പോൾ ആളൊഴിഞ്ഞ സ്റ്റേഡിയങ്ങളിൽ ശ്മശാന മൂകത.മത്സരങ്ങൾ കാണുമ്പോൾ ആലോചിച്ചതാണ് കോപ്പ അമേരിക്ക ആർക്കുവേണ്ടിയാണു നടത്തുന്നതെന്ന്?

ഇന്നലെ ഒറ്റരാത്രി കൊണ്ട് ലാറ്റിൻ സോക്കർ പ്രേക്ഷകരുടെ കാര്യത്തിൽ യൂറോയുടെ അപ്രമാദിത്വം തകർത്തു കളയുകയുണ്ടായി.

യൂറോപ്യൻ ഫുട്ബോൾ വിപണിയിൽ നിക്ഷേപം നടത്തുന്ന ആഗോള മൂലധന ശക്തികളുടെ മുന്നിൽ മൂന്നാം ലോകത്തിന്റെ ഫുട്ബോൾ കീഴടങ്ങില്ല എന്ന സന്ദേശം കൂടി അർജന്റീന-ബ്രസീൽ ഫൈനലിൽ ഉള്ളടങ്ങിയിട്ടുണ്ട്.യൂറോപ്പിനെതിരെയിട്ടുള്ള ഈ ബാലബലം വെറും കളി മാത്രമല്ല മൂന്നാം ലോകത്തിന്റെ നിലനിൽപിനെ ബാധിക്കുന്നതും നവ കോളനിവൽക്കരണത്തിനെതിരായ ചെറുത്ത് നിൽപ്പും കൂടിയാണ്.

യൂറോപ്പിതര മൂന്നാം ലോകത്ത് നിന്ന് 2022ൽ ഒരു ലോക ചാമ്പ്യൻ ഉണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്.

മഞ്ഞ സൂര്യന്മാരുടെ ചിരി
മെസ്സിയുടെ ചിറകിലേറി അര്‍ജന്റീന
മഞ്ഞ സൂര്യന്മാരുടെ ചിരി
മറാക്കാന മറക്കാതെ ബ്രസീൽ

Related Stories

No stories found.
logo
The Cue
www.thecue.in