ഇടത്തരക്കാരും അതിനു മുകളിലുള്ളവരുമായ മലയാളി മാതാപിതാക്കളെ ഇത്തരത്തിൽ മരവിപ്പിച്ചതിൽ വലിയൊരു പങ്ക് ഇവിടുത്തെ മാധ്യമങ്ങൾക്കുണ്ട്. പ്രത്യേകിച്ച് പ്രമുഖ പത്രങ്ങൾക്ക്. എന്തു പഠിക്കണം എന്താവണം എന്നവർ ക്ലാസെടുക്കും, പക്ഷേ പ്രതിസന്ധികളെ എങ്ങനെ നേരിടണം എന്നവർ പറയില്ല. പോരാട്ടം അവർക്ക് അശ്ലീലപദമാണ്. അത് ചെയ്യുന്നവർ അലവലാതികളും. മുതിർന്ന മാധ്യമപ്രവർത്തകൻ ആർ സുഭാഷ് എഴുതുന്നു
കേരളത്തിലെ സ്വാശ്രയ കോളേജുകളിൽ ആത്മഹത്യചെയ്യുന്ന,ആത്മഹത്യചെയ്യാനുള്ള ധൈര്യംപോലുമില്ലാതെ ജീവച്ഛവങ്ങളായി കഴിയുന്ന അവസ്ഥയിലേക്ക് കുട്ടികളെ എത്തിച്ചതിന്റെ പ്രധാന ഉത്തരവാദിത്തം അവരുടെ രക്ഷിതാക്കളുടേതാണ്. എല്ലാമറിഞ്ഞുകൊണ്ടാണ് അവർ ഈ കുട്ടികളെ കൊല്ലാക്കൊലയ്ക്ക് വിട്ടുകൊടുക്കുന്നത്. എന്തായാലും വേണ്ടില്ല, മകൾ/ മകൻ എഞ്ചിനീയറോ ഡോക്ടറോ ആയാൽ മതി എന്ന ചിന്താഗതിയാണ് അവരിൽ മിക്കവരേയും നയിക്കുന്നത്. സവിശേഷമായൊരു മാനസിക ഘടനയാണിത്.
ലക്ഷ്യത്തിലെത്താൻ ഞങ്ങൾ നിങ്ങളുടെ മക്കളെ ശാസിക്കും, ശിക്ഷിക്കും, അവഹേളിക്കും, നാണംകെടുത്തും, അതിനുപറ്റുമെങ്കിൽ മാത്രം ഇങ്ങോട്ടയച്ചാൽ മതി എന്നു മുൻകൂട്ടി പരസ്യം ചെയത കോഴിക്കോട്ടെ ഒരു കോച്ചിംഗ് സെൻററിലേക്ക് കുട്ടികളുടെ കുത്തൊഴുക്കായിരുന്നു. അവിടേക്ക് കുട്ടികൾ ഓടിക്കയറിയതല്ല, മറിച്ച് അവരെ രക്ഷിതാക്കൾ ആട്ടിക്കയറ്റിയതാണ്.
എൻറെ മകൾ എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുമ്പോൾ ഒറ്റത്തവണമാത്രമേ പി.ടി.എ മീറ്റിംഗിൽ പങ്കെടുക്കാൻ പറ്റിയുള്ളു. പിന്നെ ആ വഴിക്ക് വരരുതെന്ന് അവൾ തന്നെ നിർബന്ധം പിടിച്ചു.സഹപാഠികളുടേയും അവരുടെ രക്ഷിതാക്കളുടേയും അപമാനവും കുത്തുവാക്കുകളും സഹിക്കാൻ വയ്യത്രേ. 2011 ലാണ്. അത് സ്വാശ്രയകോളേജു പോലും അല്ല. മൂന്നാറിൽ കണ്ടിന്യൂയിംഗ് എഡൂക്കേഷനു കീഴിലുള്ള സർക്കാർ കോളേജ്.പകുതി മെറിറ്റ്, പകുതി സ്വാശ്രയം. പക്ഷേ കെട്ടിലും മട്ടിലും പൂർണ സ്വാശ്രയം. പി.ടി.എ യോഗവും അതേ പടി.അതിലെ പ്രധാന ചർച്ച കുട്ടികൾ കമ്പ്യൂട്ടറും മൊബൈൽഫോണും ക്ലാസില്ലാത്ത സമയത്ത് ഉപയോഗിക്കുന്നത് സംബന്ധിച്ചായിരുന്നു. വഴിതെറ്റിപ്പോകാനുള്ള പ്രധാനമാർഗമായി അധ്യാപകരും രക്ഷിതാക്കളും ഇതിനെക്കണ്ടു. എങ്ങനെ പ്രതിരോധിക്കാമെന്ന ചിന്തയായിരുന്നു മുഖ്യവിഷയം. പല തോന്യാസങ്ങളും വിരൽപ്പുറത്താണത്രേ. എഞ്ചിനീയറിംഗ് സ്റ്റുഡൻസിനെക്കുറിച്ചാണ് ഈ പറയുന്നത് എന്നോർക്കണം..സഹിക്കവയ്യാതായപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ മക്കളെ വിശ്വാസമില്ലേ എന്നു ചോദിക്കേണ്ടി വന്നു. കുട്ടികൾ കയ്യടിച്ചെങ്കിലും ബാക്കിവിഭാഗം ഒറ്റക്കെട്ടായിരുന്നു. അതിനെ തുടർന്നാണ് ബാൻ വന്നത്.
ഞാനന്നു ശ്രദ്ധിച്ചത് രക്ഷിതാക്കളെയാണ്. തങ്ങളുടെ ചിറകിൻകീഴിൽ നിന്നു പോവാനവസരം കിട്ടിയാൽ ഉടൻ തെമ്മാടിത്തം കാണിക്കാൻ റെഡിയായിരിക്കുന്ന ഒരു കൂട്ടരായാണ് അവർ സ്വന്തം മക്കളെ കാണുന്നത്. കാലമിത്ര കഴിഞ്ഞിട്ടും അതിലൊരുമാറ്റവും വന്നിട്ടില്ല. അത്തരക്കാർക്ക് മനോവിഷമമില്ലാതെ കുട്ടികളെ കൊണ്ടുപോയി ഏൽപ്പിക്കാൻ പറ്റിയ ഇടങ്ങളാണ് നമ്മുടെ സ്വകാര്യ എഞ്ചിനീയറിംഗ് / മെഡിക്കൽ കോളേജുകൾ. അത് കന്യാസ്ത്രീകളോ അച്ചൻമാരോ സനാതന അമ്മമാരോ മൊയില്യാക്കൻമാരോ നടത്തുന്നതായാൽ മതി. പൂർണ വിശ്വാസമാണ്. അവിടൊന്നും ഒരു തോന്യാസവും നടക്കില്ല. ചാഞ്ചല്യം കാട്ടുന്നവരെ ഇത്തിരി കൈകാര്യം ചെയ്താലും ഒരു പ്രശ്നവുമില്ല. അവിടങ്ങളിൽ എത്ര മരണം ഉണ്ടായാലും ഇക്കൂട്ടർക്ക് ഒരു പ്രശ്നവും ഇല്ല. ആത്യന്തിക വിശകലനത്തിൽ അതു കുട്ടികളുടെ പോരായ്മയായിത്തന്നെ വരും.
ഇടത്തരക്കാരും അതിനു മുകളിലുള്ളവരുമായ മലയാളി മാതാപിതാക്കളെ ഇത്തരത്തിൽ മരവിപ്പിച്ചതിൽ വലിയൊരു പങ്ക് ഇവിടുത്തെ മാധ്യമങ്ങൾക്കുണ്ട്
കുട്ടികൾക്കു വേണ്ടിയാണ് ജീവിക്കുന്നതെന്ന് നാഴികയ്ക്ക് നാൽപ്പതുവട്ടം പറയുന്നവർ. അതൊട്ടും പൊള്ളയല്ലതാനും. അവർക്ക് വേറൊരു ലക്ഷ്യവുമില്ല. പക്ഷെ അത് മേല്പറഞ്ഞ രീതിയിലാണ്. ഇടത്തരക്കാരും അതിനു മുകളിലുള്ളവരുമായ മലയാളി മാതാപിതാക്കളെ ഇത്തരത്തിൽ മരവിപ്പിച്ചതിൽ വലിയൊരു പങ്ക് ഇവിടുത്തെ മാധ്യമങ്ങൾക്കുണ്ട്. പ്രത്യേകിച്ച് പ്രമുഖ പത്രങ്ങൾക്ക്. മലയാള മനോരമയും മാതൃഭൂമിയും അടക്കമുള്ള പത്രങ്ങൾ, കഴിഞ്ഞ കാൽ നൂറ്റാണ്ടുകാലമായി രംഗത്തുളള ചാനലുകൾ.ഒക്കെയും ഇക്കാര്യത്തിൽ പ്രതികളാണ്. എന്തു പഠിക്കണം എന്താവണം എന്നതിൽ ക്ലാസെടുക്കും, പക്ഷേ പ്രതിസന്ധികളെ എങ്ങനെ നേരിടണം എന്നവർ പറയില്ല. പോരാട്ടം അവർക്ക് അശ്ലീലപദമാണ്. അതു ചെയ്യുന്നവർ അലവലാതികളും. കലാലയങ്ങളിൽ നിന്ന് സംഘടനാ പ്രവർത്തനത്തെ ഇല്ലാതാക്കാൻ മലയാള മനോരമ ഒഴുക്കിയത്രയും വിയർപ്പ് മറ്റാരും ഒഴുക്കിയിട്ടുണ്ടാവില്ല. അവർ ശങ്കരച്ചേട്ടനും ബാലജനസഖ്യവുമായി മുന്നേറവേ ഏറ്റവും അധികം വാർത്ത കൊടുത്തത് എസ്എഫ്ഐക്ക് എതിരെയാണ്. സി.പി.എമ്മിനെക്കാൾ അവർ എസ്എഫ്ഐയെ ഭയപ്പെട്ടു. നശിപ്പിക്കാൻ തീവ്രശ്രമം നടത്തി.
അമൽ ജ്യോതിയിൽ അവസാനം ബാക്കിയായ കുട്ടികളുടെ സ്വരത്തിലും ആത്മാർഥതയുടെ ചൂരും ചൂടും ബാക്കിയുണ്ടായിരുന്നു. അനുഭവങ്ങളാണ് അവരെക്കൊണ്ട് പ്രതികരിപ്പിക്കുന്നത്. ഏതന്ധകാരത്തേയും മുറിച്ചുകടക്കാൻ ഈ കുട്ടികൾക്കാവും
പുതിയ തലമുറ പഴയകെട്ടുപാടൊന്നുമില്ലാതെ വളർന്നുവരുന്ന കിണാശേരിയാണ് മനോരമാദികൾ സ്വപ്നം കാണുന്നത്. അതിനെ തച്ചുതകർക്കാനുള്ള ത്രാണി നമുക്കുണ്ടോ എന്ന ആശങ്ക പുതുവിപ്ലവകാരികളിൽ കലശലാണുതാനും. അതുകൊണ്ട് വോട്ടുകൊണ്ടും കാശുകൊണ്ടും കേളിപ്പെട്ടവരുടെ ഉമ്മറത്ത് വലിയ കളി വേണ്ട എന്നുതന്നെയാവും അവർ കണക്കാക്കുന്നത്.ആത്മഹത്യാ കാമ്പസുകളിൽ പോലീസിനും ഫയർഫോഴ്സിനും പിന്നാലെ മാത്രം അവരെത്തുന്നതും അതുകൊണ്ടാവും.
കുട്ടികൾ നിഷ്ക്കളങ്കരാണ്. വലിയവായിൽ അവർ പ്രതികരിക്കുന്നത് അതുകൊണ്ടാണ്. അമൽ ജ്യോതിയിൽ അവസാനം ബാക്കിയായ കുട്ടികളുടെ സ്വരത്തിലും ആത്മാർഥതയുടെ ചൂരും ചൂടും ബാക്കിയുണ്ടായിരുന്നു. അനുഭവങ്ങളാണ് അവരെക്കൊണ്ട് പ്രതികരിപ്പിക്കുന്നത്. ഏതന്ധകാരത്തേയും മുറിച്ചുകടക്കാൻ ഈ കുട്ടികൾക്കാവും.