ബോബിയടക്കമുള്ള ആ പത്തു മുപ്പത്തഞ്ചു വര്‍ഷത്തെ ചോക്കളേറ്റ് കാമുക വേഷങ്ങളുടെ രാസവിദ്യ എന്തായിരുന്നു?ചലച്ചിത്ര നിരൂപകന്‍ ജി.പി രാമചന്ദ്രന്‍ എഴുതുന്നു
ഋഷി കപൂറിന്റെ മരണത്തോടെ ബോളിവുഡിലെ ചോക്കളേറ്റ് നായകയുഗം അവസാനിക്കണമെന്നില്ല. എന്നാല്‍, ചോക്കളേറ്റ് നായകന്‍ എന്ന പേരില്‍ വിശേഷിപ്പിക്കപ്പെടുന്ന പ്രണയ-കുമാര-കാമുകന്‍ മുഖ്യവേഷത്തില്‍ നടത്തിപ്പോന്നിരുന്ന മരംചുറ്റിപ്രേമവും അതിന്റെ പശ്ചാത്തല ഗാന-നൃത്ത മാധുര്യങ്ങളും കൊണ്ട് ഹിന്ദി മുഖ്യധാരാ സിനിമയുടെ മുതലും ലാഭവും ഒപ്പിച്ചെടുക്കാനാവില്ല എന്ന കാര്യം എഴുപതുകളില്‍ തന്നെ തെളിഞ്ഞതാണ്. അമ്പത്തിയൊന്ന് സിനിമകളിലാണ് ഋഷി കപൂര്‍ ചോക്കളേറ്റ് കാമുകന്‍ അടക്കമുള്ള നായകവേഷം കെട്ടിയത്. ഇതില്‍ നാല്പതെണ്ണവും പൊളിഞ്ഞു പോയി. 1973ല്‍ സര്‍വകാല ഹിറ്റായി മാറിയ ബോബിക്കു ശേഷം ലൈലാ മജ്‌നു, റാഫൂ ചക്കര്‍, സര്‍ഗം, കര്‍സ്, പ്രേംരോഗ്, നഗീന, ഹണിമൂണ്‍, ചാന്ദ്‌നി, ഹീന, ബോല്‍ രാധ ബോല്‍ എന്നീ സിനിമകള്‍ മാത്രമാണ് ഹിറ്റായത്. ഈ വാര്‍പ്പു മാതൃകയില്‍ നിന്ന് മുക്തനാകാന്‍ കഴിയാതെ നട്ടം തിരിയുകയായിരുന്നു താന്‍ എന്ന് ഋഷി കപൂര്‍ തന്നെ പിന്നീട് ഈയവസ്ഥയെക്കുറിച്ച് പ്രതികരിക്കുന്നുണ്ട്. അമ്പത്തൊന്നില്‍ നാല്പതും പൊളിഞ്ഞതോടെ, പ്രതിനായകനായും മറ്റും വ്യത്യസ്ത വേഷങ്ങള്‍ പില്‍ക്കാലത്ത് അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തു. ലവ് ആജ് കല്‍, അഗ്നി പഥ്, മുല്‍ക്കി, സാഗര്‍ തുടങ്ങിയ സിനിമകളില്‍ അദ്ദേഹം ചെയ്ത ഇതരവേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി.
ഹിന്ദി സിനിമയുടെ ആദ്യകാലം മുതല്‍ക്കു തന്നെ സജീവമായുള്ള കപൂര്‍ കുടുംബത്തിലെ മുഖ്യകണ്ണികളിലൊരാളാണ് ഋഷി. പൃഥ്വിരാജ് കപൂറാണ് ഇക്കൂട്ടത്തില്‍ ആദ്യമായി സിനിമയില്‍ പ്രാമുഖ്യം തെളിയിക്കുന്നത്. പൃഥ്വിരാജ് കപൂറില്‍ നിന്ന് ഋഷി കപൂറിലെത്തുന്ന വിനോദവ്യവസായത്തിന്റെ റൂട്ട് മാപ്പ് മനസ്സിലാക്കാന്‍ ഒരെളുപ്പവഴിയുണ്ട്. സാധാരണ രീതിയില്‍ പുരുഷ അഭിനേതാക്കള്‍ എത്ര വയസ്സായാലും ചോക്കളേറ്റ് കാമുകനെ അടക്കം അവതരിപ്പിക്കുകയും, നടികള്‍ പ്രായമാകുകയോ വിവാഹം കഴിക്കുകയോ ചെയ്യുമ്പോള്‍ കൊഴിഞ്ഞു പോകുകയും ചെയ്യുന്ന അതിവിചിത്രമായ ഒരു പുരുഷാധിപത്യവ്യവസ്ഥയാണ് ഹിന്ദി മുതല്‍ മലയാളം വരെയുള്ള വാണിജ്യസിനിമകളുടെ ബലതന്ത്രത്തെ തീരുമാനിക്കുന്നത്. ഈ ബലിഷ്ഠതക്ക് അപവാദം സൃഷ്ടിച്ച അപൂര്‍വം നടികളിലൊരാളാണ് ഹെലന്‍ എന്ന സെക്‌സ് ബോംബ്. ഐറ്റം ഡാന്‍സ് എന്ന പേരില്‍ കൊണ്ടാടപ്പെടുന്ന ഇന്ത്യന്‍ സിനിമയുടെ പ്രത്യേക ഫോര്‍മുല നൂറുകണക്കിന് സിനിമകളില്‍ അവതരിപ്പിച്ച നടിയാണ് ഹെലന്‍. പല പതിറ്റാണ്ടുകള്‍ കടന്ന് ഹെലന്റെ മാദകത്വം ഇന്ത്യന്‍ സിനിമാ പ്രേക്ഷകരെ ത്രസിപ്പിച്ചു പോന്നു. കപൂര്‍ കുടുംബത്തിലെ മൂന്നു തലമുറയില്‍ പെട്ട പുരുഷ നായകന്മാരുടെ ഒപ്പം ഐറ്റം ഡാന്‍സില്‍ പങ്കെടുത്ത് ഹെലന്‍ സൃഷ്ടിച്ച റെക്കോഡ് ഒരേ സമയം പുരുഷാധിപത്യത്തെ ചോദ്യം ചെയ്യുന്നതായി ഭാവിക്കുകയും അതേ സമയം അതിനെ തന്നെ ഉറപ്പിച്ചെടുക്കുകയും ചെയ്തു. ഹരിശ്ചന്ദ്ര താരാമതിയില്‍ പൃഥ്വിരാജ്കപൂറിനോടൊപ്പവും അനാരിയില്‍ രാജ് കപൂറിനോടൊപ്പവും ഫൂല്‍ ഖിലേ ഹെയിന്‍ ഗുല്‍ഷന്‍ ഗുല്‍ഷനില്‍ ഋഷികപൂറിനോടൊപ്പവും ഹെലന്‍ നൃത്തമാടി എന്ന വിചിത്രമായ ആചാരലംഘനം, കപൂര്‍ കുടുംബത്തിലെ താരാധിപത്യത്തുടര്‍ച്ചയുടെ സൂചനയായും എണ്ണാം (ഹെലനെക്കുറിച്ചുള്ള വിശദമായ വായനക്ക് ജെറിപിന്റോയുടെ പുസ്തകം വായിക്കുക/പെന്‍ഗ്വിന്‍ ഇറക്കിയത്).
ശ്രീ 420 എന്ന സിനിമയില്‍ പ്യാര്‍ ഹുവാ ഇഖ് റാര്‍ ഹുവാ ഹയ് എന്ന മഴയത്തെ പ്രണയഗാന ദൃശ്യത്തില്‍ കമിതാക്കള്‍ക്കപ്പുറം നടന്നു പോകുന്ന മൂന്നു കുട്ടികളില്‍ ഏറ്റവും ഇളയതായി മൂന്നു വയസ്സുള്ള ഋഷി കപൂര്‍ ആദ്യമായി വെള്ളിത്തിരയിലെത്തി. ആ ദൃശ്യത്തില്‍ ഓമനത്തമുള്ള കുട്ടി നടത്തത്തിന് പ്രതിഫലമായി നായികയായ നര്‍ഗീസ് (നായകനും ഋഷിയുടെ പിതാവുമായ രാജ്കപൂറിന്റെ നഷ്ടപ്രണയിനിയുമാണ് നര്‍ഗീസ്) അവന് ഒരു ചോക്കളേറ്റ് നല്‍കി വശത്താക്കുകയായിരുന്നുവത്രെ (വിക്കീപ്പീഡിയയില്‍ നിന്നാണ് ഈ കൊച്ചു വര്‍ത്തമാനം ലഭിച്ചത്). അന്ന് സ്വയം നുണഞ്ഞ ഈ ചോക്കളേറ്റിന്റെ മധുരം പിന്നെയും കുറെക്കാലം കുറെയധികം സിനിമകളില്‍ അദ്ദേഹത്തിന് കാണികള്‍ക്കായി പ്രസരിപ്പിക്കേണ്ടിവന്നു. അതിലദ്ദേഹം വിജയിക്കുകയും പരാജയപ്പെടുകയും ചെയ്തു. മേരാ നാം ജോക്കര്‍ എന്ന സിനിമയില്‍ പിതാവ് രാജ് കപൂറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചതിന് 1970ല്‍ ഏറ്റവും നല്ല ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് ഋഷിക്ക് ലഭിച്ചു. എന്നാല്‍, കാര്യങ്ങള്‍ മാറി മറിഞ്ഞത് 1973ലാണ്. ഋഷി കപൂറിന്റെ ആദ്യ നായകവേഷവും ഒരു പക്ഷെ, ചോക്കളേറ്റ് നായക സിനിമകളില്‍ സര്‍വകാല ഹിറ്റുമായി മാറിയ ബോബിയുടെ വിജയം എല്ലാവരെയും വിഭ്രമിപ്പിച്ചു. ചോക്കളേറ്റ് നായകത്വത്തിന്റെ അന്ത്യം കുറിക്കാനായിട്ടു കൂടി അവതരിച്ച രോഷാകുലനായ യുവനായകന്‍ (ആംഗ്രി യങ് ഹീറോ), അമിതാബ് ബച്ചന്‍ അതിനകം തന്നെ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിരുന്നുവെങ്കിലും സഞ്ജീര്‍ പുറത്തിറങ്ങിയതും 1973ലായിരുന്നു. അതൊരു കൈമാറ്റ (ക്രോസ് ഓവര്‍) വര്‍ഷമായിരുന്നുവെന്നു ചുരുക്കം.
സത്യത്തില്‍ ബോബിയടക്കമുള്ള ആ പത്തു മുപ്പത്തഞ്ചു വര്‍ഷത്തെ ചോക്കളേറ്റ് കാമുക വേഷങ്ങളുടെ രാസവിദ്യ എന്തായിരുന്നു? തീര്‍ച്ചയായും, ഉര്‍ദു സാഹിത്യത്തിന്റെ ഭാഷാമാധുര്യമുള്ള ഗാനങ്ങളും സൈഗാളും റഫിയും തലത്ത് മെഹ്മൂദും കിശോറും മന്നാഡേയും ലതയും ആശയുമെല്ലാമടങ്ങുന്നവരുടെ ആലാപനങ്ങളും മരം ചുറ്റി പ്രണയങ്ങളും മൃദു ലൈംഗികതയും ആ ചോക്കളേറ്റ് മാധുര്യത്തിന്റെ ജനപ്രിയതയെ നിര്‍ണയിച്ച ഘടകങ്ങളായിരുന്നുവെന്നതില്‍ തര്‍ക്കമില്ല. ശ്രീ 420, മേരാ നാം ജോക്കര്‍, ആവാര മുതല്‍ ബോബി വരെയുള്ള സിനിമകളില്‍ രാജ് കപൂര്‍ പല നിലക്കും നിറ സാന്നിദ്ധ്യമായിരുന്നു. ബോബിയുടെ സംവിധായകന്‍ രാജ് കപൂറാണ്. ഇതിനിടയില്‍ ഷമ്മി കപൂറും ശശി കപൂറും അവതരിപ്പിച്ച നിരവധി ചോക്കളേറ്റ് നായകത്വങ്ങള്‍ കടന്നു പോയി. എന്നാല്‍, രാജ് കപൂര്‍ എന്ന പൊതുഘടകം മാത്രമല്ല ബോബിയില്‍ ചെന്നു നില്‍ക്കുന്നത് എന്നത് പരാമര്‍ശിക്കാതെ വയ്യ. ഖ്വാജാ അഹമ്മദ് അബ്ബാസ് എന്ന കെ എ അബ്ബാസ് എന്ന പേരാണിവിടെ ഏറ്റവും സുപ്രധാനമായി നില്‍ക്കുന്നത്.
ഇന്ത്യന്‍ ജനാധിപത്യ സംസ്‌ക്കാര നിര്‍മ്മാണ പ്രക്രിയക്ക് ശൈഥില്യം സമ്മാനിച്ചു കൊണ്ട് കടന്നു വന്ന അടിയന്തിരാവസ്ഥക്ക് ജനപ്രിയ സാധൂകരണം ചമച്ച രോഷാകുലനായ യുവനായകനെ ഈ ചോക്കളേറ്റ് കാമുകത്വത്തിനു മേല്‍ പ്രതിഷ്ഠിക്കുന്നതിലൂടെ രാഷ്ട്ര നിര്‍മ്മാണത്തിന്റെ റൂട്ട് മാപ്പും ഗതി തിരിഞ്ഞു പോയി എന്നതാണ് വാസ്തവം
കെ എ അബ്ബാസ് എന്ന സര്‍ഗാത്മക വ്യക്തിത്വത്തെ നിര്‍ധാരണം ചെയ്യുമ്പോള്‍; ആധുനിക ഇന്ത്യന്‍ രാഷ്ട്ര നിര്‍മ്മാണം എന്ന നെഹ്‌റുവിയന്‍ പദ്ധതിയുടെ അപരമായ ജനപ്രിയ വിനോദ മുഖമാണത് എന്നു തെളിഞ്ഞു വരും. വിശാലമായ ഉര്‍ദു സാഹിത്യ/ഗാന പാരമ്പര്യം, കമ്യൂണിസ്റ്റ് പാര്‍ടിയോട് ആഭിമുഖ്യമുള്ള ഇന്ത്യന്‍ പീപ്പിള്‍ തിയേറ്റര്‍ അസോസിയേഷന്റേ(ഇപ്റ്റ)തടക്കമുള്ള ഉജ്വലമായ നാടക ചരിത്രം, മദര്‍ ഇന്ത്യയില്‍ തുടങ്ങിയ ഹിന്ദി വാണിജ്യ സിനിമയുടെ വിജയഫോര്‍മുലകള്‍, ധാരാളമായുള്ള അതിന്റെ ഇസ്ലാമിക വേരുകളും അഭയങ്ങളും എന്നിവയെല്ലാം ചേര്‍ന്നാണ് ആ ചോക്കളേറ്റ് പ്രണയ നായകത്വത്തെ നിര്‍മ്മിച്ചെടുത്തത് എന്നതാണ് വാസ്തവം. ഇന്ത്യന്‍ ജനാധിപത്യ സംസ്‌ക്കാര നിര്‍മ്മാണ പ്രക്രിയക്ക് ശൈഥില്യം സമ്മാനിച്ചു കൊണ്ട് കടന്നു വന്ന അടിയന്തിരാവസ്ഥക്ക് ജനപ്രിയ സാധൂകരണം ചമച്ച രോഷാകുലനായ യുവനായകനെ ഈ ചോക്കളേറ്റ് കാമുകത്വത്തിനു മേല്‍ പ്രതിഷ്ഠിക്കുന്നതിലൂടെ രാഷ്ട്ര നിര്‍മ്മാണത്തിന്റെ റൂട്ട് മാപ്പും ഗതി തിരിഞ്ഞു പോയി എന്നതാണ് വാസ്തവം.
ഹം തും ഏക് കമ്‌രേ മേ ബന്ധ് ഹൂം എന്ന പ്രസിദ്ധമായ ലോക്ക് ഡൗണ്‍ ഗാനത്തിലൂടെ സകലരുടെ മനസ്സിലും തങ്ങി നില്‍ക്കുന്ന ആ ആണ്‍നോട്ട പ്രണയ പ്രതീതികളുടെ ചമത്ക്കാരത്തെ ഈ 'പുറം' രാഷ്ട്രീയ വിചിന്തനങ്ങളുടെ പരുക്കന്‍ ക്ലാസുകള്‍ കൊണ്ട് ഇന്നൊരു ദിവസത്തേക്കെക്കെങ്കിലും ഉടയ്ക്കുന്നില്ല. ഊട്ടിയില്‍ തുടങ്ങി കശ്മീരും കടന്ന് സ്വിറ്റ് സര്‍ലാണ്ടിലെത്തിയ ആ മരം ചുറ്റലുകളും കിടപ്പറയിലെ സദാചാര 'ധ്വംസന'-ങ്ങളും 'ഭീതി'കളും ഇന്റര്‍നെറ്റ് കണ്ടുപിടിക്കപ്പെട്ടില്ലില്ലാത്ത കാലത്തെ കാഴ്ചാ വിസ്മയങ്ങളുമായിരുന്നു. രണ്‍ബീര്‍ കപൂര്‍ (മകന്‍), കരിശ്മ കപൂര്‍, കരീനാ കപൂര്‍ (മരുമക്കള്‍) എന്നിങ്ങനെ ബോളിവുഡ്ഡിന്റെ പുതുകാല ജനപ്രിയ താരങ്ങളായും ഈ കുടുംബത്താരതുടര്‍ച്ച നമ്മെ പിന്തുടര്‍ന്നു കൊണ്ടിരിക്കുന്നു. എന്നാല്‍, അബ്ബാസിലൂടെയും ജാവേദ് അഖ്തറിലൂടെയും തുടര്‍ന്നു പോന്ന പുരോഗമന സാഹിത്യ/ഉര്‍ദു പാരമ്പര്യം ബോളിവുഡ്ഡില്‍ നിന്ന് സമ്പൂര്‍ണമായി തുടച്ചു നീക്കപ്പെടുന്ന കാലം വിദൂരമല്ല.
ചോക്കളേറ്റ് നായകത്വത്തെ നിർമ്മിച്ചത് കേവലം ചലച്ചിത്ര വാണിജ്യത്തിന്റെ ഫോർമുലകൾ കൊണ്ട് മാത്രമായിരുന്നില്ല എന്നതിന്റെ തെളിവാണ്, സവർണ ഫാസിസം രാഷ്ട്രത്തെ പിടിമുറുക്കുന്ന നിർണായക ഘട്ടത്തിൽ, ഞാനൊരു ബീഫ് കഴിക്കുന്ന ഹിന്ദുവാണ് എന്ന നാനാർത്ഥവും ബഹുസ്വരതയുമുള്ള പ്രസ്താവന ഋഷികപൂർ നടത്തിയതെന്ന കാര്യവും നാം വിസ്മരിക്കരുത്.