ആത്മഹത്യാ മുനമ്പില്‍ നിന്ന് കേരളത്തെ തിരിച്ചെടുക്കണം, ജീനയുടെ രക്തസാക്ഷിത്വം വെറുതെയാവരുത്

ആത്മഹത്യാ മുനമ്പില്‍ നിന്ന് കേരളത്തെ തിരിച്ചെടുക്കണം, ജീനയുടെ രക്തസാക്ഷിത്വം വെറുതെയാവരുത്
Published on

ജീനാമോള്‍ ജോസഫ് എന്ന 26 വയസ്സുള്ള പെണ്‍കുട്ടിയെ എനിക്ക് പരിചയം ഉണ്ടായിരുന്നില്ല . നിങ്ങള്‍ക്കും ഉണ്ടാവില്ല .ഇനി ആര്‍ക്കും അവളെ പരിചയപ്പെടാനും കഴിയില്ല . കാരണം അവളിന്ന് ജീവിച്ചിരിപ്പില്ല ഇക്കഴിഞ്ഞ വ്യാഴാഴ്ച ആലപ്പുഴ കാവാലത്തെ സ്വന്തം വീടിന്റെ കിടപ്പ് മുറിയില്‍ അവള്‍ തൂങ്ങി മരിച്ചു . അവളുടെ മരണവും അധികം ആരും അറിഞ്ഞില്ല .ഒട്ടും സംഭവബഹുലമല്ലാതെ അവള്‍ ജീവിച്ചു ,മരിച്ചു . മാധ്യമങ്ങളില്‍ ഒരു പ്രാദേശിക പേജില്‍ ഒതുങ്ങിയ ഒരു 'നിസ്സാര'ആത്മഹത്യ.

കര്‍ഷക ആത്മഹത്യ എന്ന വാക്ക് ഭാഷയിലേക്ക് സംഭാവന ചെയ്തത് പി സായ്നാഥാണ്. അഥവാ കര്‍ഷക ആത്മഹത്യ എന്ന രാഷ്ട്രീയ യാഥാര്‍ഥ്യത്തെ സമൂഹത്തിന് മുന്നിലേക്ക് കൊണ്ട് വന്നത് അദ്ദേഹമാണ് . ഒരു പക്ഷെ ഈ കൊറോണക്കാലത്തിന് ശേഷം അത്തരത്തിലുള്ള പല പുതിയ പ്രയോഗങ്ങളും ഭാഷയിലേക്ക് കടന്ന് വരും. അതില്‍ പ്രധാനപ്പെട്ട ഒന്നായിരിക്കും ടെക്കി സൂയിസൈഡ്.

വിപ്രോയിലെ ജീവനക്കാരിയായിരുന്നു കാവാലം പഞ്ചായത്തില്‍ പുത്തന്‍പറമ്പില്‍ ജീനാമോള്‍ . മരണത്തിന്റെ തലേന്ന് ജീനയെ കമ്പനി പിരിച്ചു വിട്ടു. ആ വിഷമത്തില്‍ ജീന ജീവിതം അവസാനിപ്പിച്ചു . 116 / 2020 എന്ന നമ്പറില്‍ കൈനാടി പോലീസ് സ്റ്റേഷനില്‍ രേഖപ്പെടുത്തിയ എഫ് ഐ ആറില്‍ കുറിച്ചിട്ടുണ്ട് ജീനയുടെ മരണകാരണം . ജോലി നഷ്ടപ്പെട്ട മനോവിഷമത്തില്‍ ആത്മഹത്യ ചെയ്തു .സ്റ്റേഷന്‍ ഓഫിസറോട് സംസാരിച്ചപ്പോള്‍ അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചു.

ജീനയുടെ വഴി തെരഞ്ഞെടുക്കുന്ന അവസ്ഥ ഉണ്ടായിക്കൂടാ. ഈ ആത്മഹത്യാ മുനമ്പില്‍ നിന്ന് കേരളത്തെ തിരിച്ചെടുക്കണം .ട്രേഡ് യൂണിയനുകള്‍ ഇടപെടണം . സര്‍ക്കാര്‍ ഇടപെടണം. ജീനയുടെ രക്തസാക്ഷിത്വം വെറുതെയാവരുത് .

ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്യുന്ന ഒരു സുഹൃത്താണ് ഈ ഒറ്റ കോളം വാര്‍ത്ത ശ്രദ്ധയില്‍ പെടുത്തിയത് . കൂടുതല്‍ അന്വേഷണത്തില്‍ മനസ്സിലായ മറ്റ് ചില കാര്യങ്ങള്‍ . ലോക്ക് ഡൌണ്‍ കാലത്ത് കൂട്ടപ്പിരിച്ചു വിടല്‍ നടത്തിയതിന് പൂനയില്‍ വിപ്രൊക്കെതിരെ ലേബര്‍ കമ്മീഷണര്‍ നോട്ടീസ് അയച്ചിട്ടുണ്ട് .(ബെഞ്ചിങ് എന്നാണ് ഓമനപ്പേര്. ലേ ഓഫ് എന്ന് വിളിക്കില്ല ) മഹാരാഷ്ട്രയിലെ IT ജീവനക്കാരുടെ സംഘടനയായ നാഷണല്‍ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി എംപ്ലോയീസ് സെനറ്റിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ലേബര്‍ കമ്മീഷണറുടെ നടപടി . ലോക്ക് ഡൌണ്‍ സാഹചര്യം പറഞ്ഞ് ജീവനക്കാരെ ലേ ഓഫ് ചെയ്യരുതെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ മാര്‍ച്ച് 31 ന് ഓര്‍ഡര്‍ പുറപ്പെടുവിച്ചിട്ടുണ്ട് .ഈ സര്‍ക്കാര്‍ ഉത്തരവ് നില നില്‍ക്കെയാണ് വിപ്രോ പൂനെ ഓഫിസില്‍ കൂട്ടപിരിച്ചു വിടല്‍ നടത്തിയതെന്ന് ആരോപിച്ചാണ് NITES ലേബര്‍ കമ്മീഷണര്‍ക്ക് പരാതി കൊടുത്തത്.കേരളത്തില്‍ രേഖാമൂലം ഉത്തരവ് ഇല്ലെങ്കിലും ലോക്ക് ഡൌണ്‍ സാഹചര്യം പറഞ്ഞ് ജീവനക്കാരെ പിരിച്ചു വിടരുതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ഒന്നിലധികം പ്രാവശ്യം പറഞ്ഞിരുന്നു.

വിപ്രോയുടെ ഓഫീസില്‍ ബന്ധപ്പെട്ടിരുന്നു .പതിവ് പോലെ അവര്‍ ഒന്നും പറയാന്‍ തയ്യാറായില്ല. HR മാനേജരെയാണ് വിളിച്ചത് .അയാള്‍ക്ക് ഒന്നും പറയാനുള്ള അധികാരം ഇല്ലത്രെ .അത് കുഴപ്പമില്ലെന്നും അധികാരപ്പെട്ടവരുടെ നമ്പര്‍ തന്നാല്‍ മതിയെന്നും പറഞ്ഞിട്ട് അയാള്‍ അതിന് തയ്യാറായില്ല. ആലപ്പുഴയിലെ മന്ത്രി എന്ന നിലയില്‍ ഡോ.ടി.എം തോമസ് ഐസക്കിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട് അദ്ദേഹം അന്വേഷിക്കാമെന്ന് അറിയിച്ചിട്ടുണ്ട് .

ഒരാളെ പിരിച്ചു വിട്ടതായി ഫോണില്‍ വിളിച്ച് അറിയിക്കുന്നത് എവിടുത്തെ നിയമമാണ് ? പിരിച്ചു വിടാനായി ഇനിയും കുറെ പേരുടെ ലിസ്റ്റ് ഇവര്‍ തയ്യാറാക്കി ക്കഴിഞ്ഞു എന്നാണ് അറിഞ്ഞത് .വിപ്രോ മാത്രമല്ല ,ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് നിരവധി കമ്പനികള്‍ ഈ സാഹചര്യം മുതലെടുത്ത് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിടാന്‍ ഒരുങ്ങുന്നു എന്നാണ് അന്വേഷണത്തില്‍ മനസ്സിലായത്. കൊച്ചിയിലെ ഒരു മള്‍ട്ടി നാഷണല്‍ പെട്രോളിയം കമ്പനി 75 ജീവനക്കാരോട് മെയ് 15 നുള്ളില്‍ പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടതായി അറിയുന്നു .ഇത് പോലെ പല കമ്പനികളും ശമ്പളം വെട്ടിക്കുറക്കുകയും കൂട്ടപ്പിരിച്ചു വിടല്‍ നടത്തുകയും ചെയ്യുകയാണ്.

വലിയ തുക വിദ്യാഭ്യാസ വായ്പ എടുത്തു പഠിച്ചവര്‍, കുടുംബത്തില്‍ ഒരാള്‍ക്ക് മാത്രം ജോലി ഉള്ളവര്‍ അങ്ങനെ ജീവിതം വഴിമുട്ടി പോകാവുന്ന എത്രയെത്ര മനുഷ്യര്‍ .അവരില്‍ പലരും ജീനയുടെ വഴി തെരഞ്ഞെടുക്കുന്ന അവസ്ഥ ഉണ്ടായിക്കൂടാ. ഈ ആത്മഹത്യാ മുനമ്പില്‍ നിന്ന് കേരളത്തെ തിരിച്ചെടുക്കണം .ട്രേഡ് യൂണിയനുകള്‍ ഇടപെടണം . സര്‍ക്കാര്‍ ഇടപെടണം. ജീനയുടെ രക്തസാക്ഷിത്വം വെറുതെയാവരുത് .

Related Stories

No stories found.
logo
The Cue
www.thecue.in