മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ മാതൃഭൂമി ന്യൂസിലെ അവതാരക ശ്രീജ ശ്യാം പ്രതികരിക്കുന്നു
മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെ ഉയരുന്ന വിമര്‍ശനത്തെ എങ്ങനെ കാണുന്നു, ഇത്തരം വിമര്‍ശനം ആവശ്യമാണോ
മാധ്യമപ്രവര്‍ത്തകര്‍ ഒരിക്കലും വിമര്‍ശനത്തിന് അതീതരാണെന്ന് തോന്നല്‍ ഇല്ല. മലയാള ദൃശ്യമാധ്യമപ്രവര്‍ത്തനം അതിന്റെ ഇരുപതുകളിലാണ്. ചിലത് പത്ത് വയസ്സിന്റെ ചുറ്റുവട്ടത്തിലാണ് ഉള്ളത്. അതിന്റെ പക്വതയില്ലായ്മ ഒരുപാട് മലയാളത്തിലെ ദൃശ്യമാധ്യമപ്രവര്‍ത്തനത്തിന് ഉണ്ട്. ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുമ്പോളാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രതികരിക്കേണ്ടി വരുന്നത്. ഏറ്റവും ഒടുവില്‍ സംഭവിച്ച കാര്യം പറഞ്ഞാല്‍, ഒരു അവതാരക വാര്‍ത്ത വായിച്ചു കൊണ്ടിരിക്കുമ്പോള്‍ അവര്‍ക്ക് ഒരു നാക്കുപിഴ സംഭവിച്ചു. ഇതിനെ വളരെ ബോധപൂര്‍വ്വം സര്‍ക്കാരിനെതിരെ പ്രചരണം നടത്തുന്നതിനായി പറഞ്ഞതാണെന്ന് പ്രചരിപ്പിക്കുമ്പോള്‍ അതിനെതിരെ പ്രതികരിക്കാതിരിക്കാനാവില്ല. കാരണം നമ്മളൊക്കെ ആ ജോലി ചെയ്യുന്നതാണ്. നാക്കുപിഴ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്നതാണ്. ആരും കമ്പ്യൂട്ടറല്ല. സാധാരണ മനുഷ്യരാണ്. തെറ്റ് വരാതിരിക്കാന്‍ നൂറു ശതമാനം ശ്രമിക്കും. മനുഷ്യ സഹജമായ തെറ്റുകളെ പോലും ഗൂഢാലോചന എന്ന നിലയില്‍ പ്രചരിപ്പിക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ പ്രതികരിക്കേണ്ടി വരും. കേരളത്തിലെ ദൃശ്യമാധ്യമ സംസ്‌കാരം ഇനിയും ഒരുപാട് പക്വത കൈവരിക്കേണ്ടതുണ്ട്. തെറ്റുകള്‍ സംഭവിക്കാറുണ്ട്. തെറ്റായ വാര്‍ത്തകള്‍ കൊടുക്കാറുണ്ട്. ഒരു പത്രത്തിന് വാര്‍ത്ത കൈകാര്യം ചെയ്യാന്‍ കിട്ടുന്ന സമയം ചാനലിന് കിട്ടുന്നില്ല. ഇന്ത്യയില്‍ തന്നെ കൂടുതല്‍ ചാനലുകളുള്ള സംസ്ഥാനമാണ് കേരളം. മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് കൂടി പ്രവര്‍ത്തിക്കുന്ന മേഖലയാണ്. അതിന്റെ മത്സരം നല്ലവണ്ണമുണ്ട്. അതിന്റെ ഭാഗമായി തെറ്റുകളുണ്ടാകുന്നുണ്ട്. അതിനെ ഞാന്‍ ഒരിക്കലും ന്യായീകരിക്കില്ല.മത്സരത്തിന്റെ ഭാഗമായുള്ള തെറ്റുകള്‍ തിരുത്തേണ്ടതാണ്. അതിനുള്ള ശ്രമം എവിടെ നിന്ന് ശ്രമം തുടങ്ങണമെന്ന് ആലോചിക്കണം. ഏറ്റവും ആദ്യം കൊടുക്കാനുള്ള ശ്രമത്തില്‍ വാര്‍ത്ത സ്ഥിരീകരിക്കാന്‍ സമയം കിട്ടാതാവുമ്പോള്‍ അബദ്ധം സംഭവിക്കും. തെറ്റ് വരാത്ത ചാനലുകള്‍ എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്ന എന്‍ഡിടിവിയോ ബിബിസിയുമൊക്കെയാണ്. രൂപീകരണത്തിന്റെ എത്രാമത്തെ ദശാബ്ദത്തിലാണ് അവ നില്‍ക്കുന്നതെന്ന് കൂടി ആലോചിക്കണം. ഇവിടെയും അത്തരം മാറ്റം ഉണ്ടാകും. പത്ത് വര്‍ഷം മുമ്പ് വാര്‍ത്ത നല്‍കുന്ന രീതിയല്ല ഇപ്പോള്‍ ഉള്ളത്. മാറിയിട്ടുണ്ട്. ക്രോസ് ചെക്കിംഗ് ഓരോ നിമിഷവും സംഭവിക്കുന്നു. സോഷ്യല്‍ മീഡിയയുടെ സൂക്ഷമ പരിശോധന സെക്കന്റിലും നടക്കുന്നു. അതിനനുസരിച്ചുള്ള ജാഗ്രത ഉണ്ടാകുന്നുണ്ട്. ടിക്കറില്‍ തെറ്റ് പോകുമ്പോള്‍ ഇത് ഇപ്പോള്‍ ഫേസ്ബുക്കില്‍ വരും എന്ന് പേടിച്ച് കുറെ കൂടി ശ്രദ്ധ കൊടുക്കുന്നുണ്ട്. വാര്‍ത്തകള്‍ സ്ഥിരീകരിച്ചതിന് ശേഷം കൊടുക്കാനും തെറ്റുകള്‍ സംഭവിക്കാതിരിക്കാനും ഉള്ള സംവിധാനം ഉണ്ടാകുമെന്നാണ് കരുതുന്നത്. ആവര്‍ത്തിച്ച് പറയുന്നു തെറ്റുകള്‍ വരുന്നതിനെ ന്യായീകരിക്കുന്നില്ല, മനുഷ്യ സഹജമായ തെറ്റുകളായാണ് ഞാന്‍ അതിനെ കാണുന്നത്.
അഞ്ച് മിനിറ്റ് വൈകിയാലും ശരിയായ വാര്‍ത്ത നല്‍കണമെന്നാണ് നിലപാട്.
വനിതാ അവതാരകര്‍ കൂടുതലായി ഓഡിറ്റ് ചെയ്യപ്പെടുന്നതായി തോന്നിയിട്ടുണ്ട്
വനിതകള്‍ കൂടുതലായി ഓഡിറ്റ് ചെയ്യപ്പെടുന്നതായി തോന്നിയിട്ടില്ല. പക്ഷേ വനിതകളെ ഓഡിറ്റ് ചെയ്യുന്ന രീതിയോട് വിയോജിപ്പുണ്ട്. നമ്മള്‍ സമൂഹത്തിലേക്ക് വാര്‍ത്ത കൊടുക്കുന്ന, നേരിട്ട് സംവദിക്കുന്ന ആളുകളാണ്. വനിതാ അവതാരകര്‍ രാഷ്്ട്രീയം പറഞ്ഞാല്‍ അവരെ ഓഡിറ്റ് ചെയ്യുന്ന രീതിയോട് വിയോജിപ്പുണ്ട്. ഓഡിറ്റ് ചെയ്യാം. എന്നാല്‍ സ്വഭാവം, മൊറാലിറ്റി, കുടുംബജീവിതം എന്നിവയെ ഏതെങ്കിലും തൊഴുത്തില്‍ കൊണ്ടുപോയി കെട്ടിയിട്ട് വിചാരണ ചെയ്യുകയാണ്. രാഷ്ട്രീയം പറയുമ്പോളാണ് ഈ രീതിയില്‍ വിചാരണ ചെയ്യപ്പെടുന്നത്. രാഷ്ട്രീയ ചര്‍ച്ചകള്‍ അധികം ചെയ്യാത്തത് കൊണ്ട് ഞാന്‍ ഇത്തരം ഓഡിറ്റിംഗിന് അധികം വിധേയയയാട്ടില്ല. സോഷ്യല്‍ മീഡിയിയിലും അധികം രാഷ്ട്രീയം പറയാത്തത് കൊണ്ട് വലിയ വിമര്‍ശനം നേരിടേണ്ടി വന്നിട്ടില്ല. രാഷ്ട്രീയ സൂചനകളുള്ള പോസ്റ്റുകള്‍ ഇട്ടാല്‍ അപ്പോള്‍ വിമര്‍ശനത്തിന്റെ സ്വഭാവം മാറിയിട്ടുണ്ട്. കുടുംബത്തോടോ സ്ഥാപനത്തോടോ ചേര്‍ത്താവും വിമര്‍ശനം. ഒരു വ്യക്തി എന്നനിലയില്‍ അഭിപ്രായം പറയാന്‍ യോഗ്യതയില്ല എന്നാണ് ഇവര്‍ കരുതുന്നത്. സ്ഥാപനത്തിന്റെയോ ഭര്‍ത്താവിന്റെയോ സ്വാധീനത്തോടെയാണ് എന്ന തെറ്റിദ്ധരിച്ചുള്ള വിമര്‍ശനങ്ങളാണ് വരുന്നത്. എന്റെ കാര്യത്തില്‍ മാത്രമല്ല അഭിപ്രായം പറയുന്ന എല്ലാ സ്ത്രീകളുടെയും അനുഭവം അങ്ങനെയാണ്. മറുഭാഗത്ത് ഇടതോ വലതോ നടുക്കെന്നോ വ്യത്യാസമില്ലാതെ സ്വഭാവം, കുടുംബം, വൈവാഹിക ജീവിതം എന്നിവയൊക്കെ അന്വേഷിക്കും. പറയുന്ന വാക്കുകളെയും രാഷ്ട്രീയത്തെയും വ്യക്തിയെയും ഓഡിറ്റ് ചെയ്യാം.
തൊഴിലിടത്തിലെ ലിംഗസമത്വം ന്യൂസ് റൂമുകളില്‍ എങ്ങനെയാണ്? വനിതാ മാധ്യമപ്രവര്‍ത്തകയ്ക്ക് വെല്ലുവിളികള്‍ കൂടുതലുണ്ടോ
13 വര്‍ഷമായി ജോലി ചെയ്യുന്നു. ആദ്യകാലങ്ങളില്‍ കരുതിയത് സമത്വ പ്രശ്‌നമില്ലെന്നാണ് കരുതിയത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ജോലിക്ക് പോകുന്നുണ്ട്. ഷിഫ്റ്റില്‍ ഒരു സ്ത്രീ മാത്രമായും ജോലി ചെയ്തിട്ടുണ്ടാകും. സ്ത്രീയായിട്ട് ആരും മാറ്റി നിര്‍ത്തുകയോ വേറിട്ട് കാണുകയോ ചെയ്തിട്ടില്ല എന്നൊക്കെയാണ് കരുതിയിരുന്നത്. എന്നാല്‍ ജോലിയുടെ വിതരണ സ്വഭാവം നോക്കുമ്പോള്‍, വാര്‍ത്തകളെ ഏല്‍പ്പിച്ച് കൊടുക്കുന്നത് കാണുമ്പോള്‍ വിവേചനം ഇപ്പോഴും നിലനില്‍ക്കുന്നതായി തോന്നുന്നുണ്ട്. എത്ര സ്ത്രീകള്‍ക്ക് നമ്മുടെ ചാനലുകളുടെ തലപ്പത്തേക്ക് എത്താന്‍ കഴിഞ്ഞുവെന്ന ഒറ്റചോദ്യം മതി ലിംഗസമത്വം ഉണ്ടെന്ന് വാദത്തെ പൊളിച്ചു കളയാന്‍. സജീവമായി നില്‍ക്കുന്ന മലയാള ദൃശ്യമാധ്യമരംഗത്ത് എത്ര സ്ത്രീകളെ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന സ്‌പേസില്‍ കൊണ്ടു നിര്‍ത്തുന്നു എന്ന് നോക്കിയാല്‍ മതി. സ്ത്രീകളെ ചില വിഷയങ്ങള്‍ ഏല്‍പ്പിച്ച് അത് നിങ്ങള്‍ക്ക് നന്നായി കൈകാര്യം ചെയ്യാനാവുമെന്ന് വിശ്വസിപ്പിക്കും. സ്ത്രീയും പുരുഷനും കരിയറില്‍ നൂറ് മീറ്റര്‍ ഓടുമ്പോള്‍ സ്ത്രീകള്‍ക്ക് അതിനിടെ കുറെ ഹാര്‍ഡില്‍സ് ചാടി കടന്ന് വേണം പുരുഷന്‍ നില്‍ക്കുന്നിടത്ത് എത്താന്‍. ഇപ്പോള്‍ ചാനലുകളുടെ തലപ്പത്തിനിരിക്കുന്ന സ്ത്രീകളെല്ലാം ഇങ്ങനെ ഹാര്‍ഡില്‍സ് ചാടി കടന്നവരാണ്. അവര്‍ക്ക് ആ ചാട്ടത്തിന് സിസ്റ്റത്തിന്റെ പിന്തുണ വേണം. അതിനെ ആനുകൂല്യമായി കാണരുത്. അവകാശമാണത്. കാരണം ഒരു പുരുഷന്റെ 35മത്തെ വയസ്സില്‍ അയാള്‍ സ്ഥാപനത്തിന്റെ മുകളിലത്തെ നിലയില്‍ നില്‍ക്കുന്നുണ്ടെങ്കില്‍ സ്ത്രീ ഒരുപാട് ഘട്ടങ്ങള്‍ കഴിഞ്ഞാണ് ആ സ്ഥാനത്തേക്ക് എത്തുന്നത്. ആ പരിഗണന ന്യൂസ് റൂമുകളില്‍ സ്ത്രീകള്‍ക്ക് എത്രത്തോളം കിട്ടുന്നുണ്ട്. ഉദാഹരണത്തിന് ഗര്‍ഭിണിയായ പെണ്‍കുട്ടിക്ക് നല്‍കുന്നതിനെയെല്ലാം ആനുകൂല്യമായി കാണേണ്ടതില്ല. പ്രസവത്തിന് ശേഷം തിരിച്ചു വരുമ്പോള്‍ എവിടെ നിന്നാണോ ഇറങ്ങിയത് അവിടെ തന്നെ തിരിച്ചു കയറണം. അത്രത്തോളം സമത്വം ഇല്ല എന്നാണ് തോന്നുന്നത്. കുട്ടികളെ വളര്‍ത്തുക എന്നത് സാമൂഹ്യപരമായി സ്ത്രീകളുടെ പ്രധാന ഉത്തരവാദിത്വമായി കാണുന്നു. അവരുടെതായ ഒരുപാട് മാനസിക ബുദ്ധിമുട്ടുകളിലൂടെ കടന്ന് പോകുന്നുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ സ്ത്രീയെ കൂടെ നിര്‍ത്തി കൊണ്ടു പോകുകയെന്നത് പരിഷ്‌കൃത സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. അതൊക്കെ പരിശോധിക്കുമ്പോള്‍ വലിയ തോതില്‍ നമ്മള്‍ പുരോഗമിച്ചിട്ടില്ല. താരതമ്യേന തുല്യ ഇടമുള്ളത് ഇവിടെയാണെന്ന് നമുക്ക് വാദിക്കാം. എങ്കിലും പോരായ്മകള്‍ ചൂണ്ടിക്കാണിക്കാതിരിക്കാനാവില്ല.
സ്ത്രീകളെ ചില ബീറ്റുകളിലേക്ക് ഒതുക്കുന്നായി പത്രങ്ങളില്‍ ജോലി ചെയ്തിരുന്നവര്‍ പറയാറുണ്ടായിരുന്നു. അതിനെ കുറെയൊക്കെ ഇല്ലാതാക്കിയത് ചാനലുകളാണ്. അതിനൊരു തുടര്‍ച്ചയുണ്ടോ
വിസ്മയിപ്പിച്ച ചില പെണ്‍കുട്ടികളുണ്ട്. ഏത് വലിയ ദുരന്തമുണ്ടാകുമ്പോഴും ഒറ്റയ്ക്ക് കൈകാര്യം ചെയ്തവര്‍. 30കളില്‍ പോലും പ്രായമെത്താത്തവരായിരുന്നു. അവരതിനെ നന്നായി കൈകാര്യം ചെയ്തു. ഒറ്റയ്ക്കുള്ള ബ്യൂറോകളില്‍ രാഷ്ട്രീയവും ചെയ്യും. അങ്ങനെ ചെയ്യുമ്പോഴും തിരുവനന്തപുരത്തോ ഡല്‍ഹിയിലോ എത്ര പെണ്‍കുട്ടികള്‍ക്ക് ഗൗരവത്തില്‍ ഇത് ചെയ്യാന്‍ അവസരമുണ്ട്. എണ്ണിയെടുത്ത് പറയാവുന്നത്ര കുറവാണ്. ആരോഗ്യം, പരിസ്ഥിതി, സാംസ്‌കാരികം എന്നിവയൊക്കെയാണ് കൈകാര്യം ചെയ്യുന്നത്. ഇതിനെ മറികടന്ന് പോയവര്‍ മാത്രമാണ് ഇപ്പോഴും അവിടെ നില്‍ക്കുന്നത്. പുതിയ തലമുറയില്‍ എത്ര പേരെ മുഖമായി ഉയര്‍ത്തിക്കാട്ടാനുണ്ട്. സിന്ധു സൂര്യകുമാറോ വിധു വിന്‍സന്റോ ശ്രീദേവി പിള്ളയോ പോലെ എടുത്തു പറയാന്‍ ആരുണ്ട്. അന്ന് അവരുടെ ചീഫുമാര്‍ കൊടുത്ത അവസരങ്ങള്‍ കൂടിയാണ് ഇതിന് കാരണം. പിന്നീട് വന്നവര്‍ സുരക്ഷിതമായ ഇടങ്ങള്‍ തിരഞ്ഞെടുത്തു എന്നാണ് എനിക്ക് തോന്നുന്നത്. പ്രകൃതി ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ ഒരു പെണ്‍കുട്ടി പോകുമ്പോള്‍ ബ്യൂറോ ചീഫിന് അവളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ടി വരും. ആണ്‍കുട്ടിയെ വിടുമ്പോള്‍ ആ പ്രശ്‌നമില്ല. സാമൂഹ്യമായ ചുറ്റുപാടില്‍ സ്ത്രീക്കുള്ള വെല്ലുവിളികളെ പ്രശ്‌നമായി കണ്ടുകൊണ്ട് മാറ്റി നിര്‍ത്തുകയാണ് പലപ്പോഴും ഉണ്ടായിട്ടുള്ളത്. ഇന്ത്യാവിഷന്‍ ചാനലിന്റെ തുടക്കത്തില്‍ പെണ്‍കുട്ടികള്‍ക്ക് കിട്ടിയത് പോലെ അവസരം എത്ര പേര്‍ക്ക് കിട്ടുന്നുണ്ട്. അതിന് തുടര്‍ച്ചയില്ല എന്നാണ് എനിക്ക് തോന്നുന്നത്.
പുരോഗമനപരമായ കുറെ മുന്നേറ്റങ്ങള്‍ കേരളത്തിലുണ്ടായി. ആര്‍ത്തവസമരം, ചുംബന സമരം തുടങ്ങി സൂക്ഷ്മരാഷ്ട്രീയത്തിലൂന്നിയ ഫാസിസ്റ്റ് വിരുദ്ധ മുന്നേറ്റങ്ങളുണ്ടായി, ന്യൂസ് ചാനലുകള്‍ ഇത്തരം മുന്നേറ്റങ്ങളെ കൃത്യമായി പരിഗണിച്ചിട്ടുണ്ടെന്ന് തോന്നിയിട്ടുണ്ടോ
സമൂഹത്തിലെ ഭൂരിഭാഗം പേരും എങ്ങോട്ട് ചായുന്നോ ആ ഭാഗത്തേക്ക് ചായാനാണ് മലയാളത്തിലെ ചാനലുകള്‍ ശ്രമിച്ചിട്ടുള്ളത്. കാരണം നേരത്തെ പറഞ്ഞത് പോലെ മാര്‍ക്ക്റ്റ് കേന്ദ്രീകരിച്ചുള്ള ഇന്‍ഡസ്്ട്രി ആയത് കൊണ്ട് ഓരോ സമയത്തേയും ചെറിയ നിലപാടുകള്‍ പോലും റേറ്റിഗിനെ ബാധിക്കുന്നുണ്ട്. ഉദാഹരണത്തിന് ശബരിമലയിലെ സ്ത്രീ പ്രവേശനത്തിലെ വിധിയെ തുടര്‍ന്ന് റേറ്റിംഗ് ചാര്‍ട്ടില്‍ അതുവരെ ഉണ്ടാകാതിരുന്ന ചാനല്‍ എല്ലാത്തിനെയും മറികടന്ന് മുന്നോട്ട് വന്ന് രണ്ടാം സ്ഥാനത്ത് വന്നു. ഒന്നാം സ്ഥാനത്തുള്ള ചാനലിന് വെല്ലുവിളി ഉയര്‍ത്തി. ആ സമയത്ത് അവരെടുത്ത നിലപാടാണ് മുന്നിലെത്താന്‍ കാരണം. നെഗറ്റീവണോ പോസിറ്റീവണോയെന്ന് ഞാന്‍ പറയുന്നില്ല. ഇതൊരു സൂചനയായി എടുത്തു കൊണ്ട് സമൂഹത്തിലെ ഭൂരിഭാഗവും എന്താണോ ചിന്തിക്കുന്നതെന്ന് നമ്മള്‍ കരുതുന്ന അങ്ങോട്ട് ചാഞ്ഞ് നില്‍ക്കാനാണ് മുഖ്യധാര ചാനലുകള്‍ ശ്രമിക്കുന്നത്. ശബരിമലയില്‍ പുരോഗമനപരമായ നിലപാടെടുത്ത ഒരു ചാനലിന് പിന്നീട് അയവു വരുത്തേണ്ടി വന്നത്. ജനങ്ങള്‍ ഇങ്ങനെയാണ് ചിന്തിക്കുന്നതെന്നാണ് നമുക്ക് ലഭിക്കുന്ന മാര്‍ക്കറ്റ് റിപ്പോര്‍ട്ട്. മാര്‍ക്കറ്റ് റിപ്പോര്‍ട്ടിനൊപ്പമാണ് മുഖ്യധാര ചാനലുകളുടെ നിലപാട്. അതിന്റെ പ്രതിഫലനമാണ് ഇത്തരം വിഷയങ്ങളിലെടുക്കുന്ന നിലപാട്. ഇതിനിടെയും സോഷ്യര്‍ മീഡിയയുടെ ഇടപെടല്‍ പ്രധാനമാണ്. ഇഐഎ വന്നപ്പോള്‍ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനെ കുറിച്ച് സംസാരിച്ചിരുന്നില്ല. മറ്റ് സംസ്ഥാനങ്ങളിലെ പ്രതിഷേധം ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയിലെ ചെറുപ്പക്കാര്‍ ഇത് വാര്‍ത്തായാവാത്തതെന്താണെന്ന് നമ്മളോട് ചോദിച്ചു കൊണ്ടിരിക്കുന്നത്. ഇത് ചാനല്‍ മേധാവികളുടെ ശ്രദ്ധയില്‍ കൊണ്ടു വരികയും ചെയ്യും. സോഷ്യല്‍ മീഡിയ പോലെ ബദല്‍ പ്ലാറ്റ്‌ഫോമുകള്‍ നമ്മളെ പല വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ നിര്‍ബന്ധിതരാക്കുന്നുണ്ട്. മാര്‍ക്കറ്റ് യാഥാര്‍ത്ഥ്യമായി നില്‍ക്കുമ്പോഴും ജനങ്ങള്‍ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്ന വിഷയങ്ങളിലേക്ക് ചര്‍ച്ച കൊണ്ടുപോകാന്‍ നിര്‍ബന്ധിതരാകുന്നുണ്ട്. അല്ലാത്ത സമയങ്ങളില്‍ പുരോഗമന ആശയങ്ങള്‍ ഉയര്‍ന്ന് വരുമ്പോഴും നമ്മുടെ മുന്നിലുള്ള റിയാലിറ്റി മാര്‍ക്കറ്റ് തന്നെയാണ്.